} -->

മൗദൂദിക്കും മത യുക്തിവാദത്തിനുമെതിരെ ദയൂബന്ദിന്റെ പോരാട്ടം

മൗദൂദിക്കും മത യുക്തിവാദത്തിനുമെതിരെ ദയൂബന്ദിന്റെ പോരാട്ടം


മുഹമ്മദ് സാജിദ് ഖാസിമി

(മുദർരിസ്, ദാറുൽ ഉലൂം ദയൂബന്ദ്)

പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പ് വൈജ്ഞാനിക രംഗത്തും വ്യവസായ രംഗത്തും വലിയ കുതിപ്പുകൾക്ക് സാക്ഷ്യം വഹിച്ചു. ഇത് രാഷ്ട്രീയ സാമൂഹിക സാമ്പത്തിക രംഗത്ത് ക്രിയാത്മകമായ ഫലങ്ങൾ ഉളവാക്കിയെങ്കിലും മറുഭാഗത്ത് മതമേഖലയിൽ വലിയ കോളിളക്കങ്ങളുണ്ടാക്കാൻ ഇടയായി. ക്രൈസ്തവ വിശ്വാസത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടതായിരുന്നു പ്രസ്തുത വിപ്ലവം. കാരണം വൈജ്ഞാനിക പുരോഗതിക്കു മുമ്പിൽ കീറാമുട്ടിയായിരുന്നു പ്രസ്തുത വിശ്വാസ സംഹിത. അതിനാൽ വിപ്ലവകാരികൾ മതത്തെ തങ്ങളുടെ ജീവസ്സുറ്റ സാമൂഹ്യജീവിത മണ്ഡലങ്ങളുടെ പടിക്ക് പുറത്ത് നിർത്തി. വ്യക്തിജീവിതത്തിലും ചർച്ചുകൾക്കകത്തും മാത്രം മതത്തെ പരിമിതപ്പെടുത്തി. ജീവിതത്തിന്റെ മറ്റു ഭാഗങ്ങളിൽ മതേതരത്വവും ധൈഷണികതയും എടുത്തുപയോഗിച്ചു. പിന്നീട്, പ്രസ്തുത വൈജ്ഞാനിക വിപ്ലവം അതിന്റെ മുഴുവൻ നന്മ തിന്മകളോടെ, സാമ്രാജ്യത്വ ശക്തികളുടെ കരങ്ങളിലൂടെ മുസ്ലിം രാഷ്ട്രങ്ങളിലുമെത്തി, അതിന്റെ പ്രഭയിൽ ഒരു വിഭാഗം മുസ്ലിംകൾ അത്ഭുത സ്തബ്ധരായി. മതേതരത്വവും, യുക്തിചിന്തയും പ്രചരിപ്പിക്കാൻ അവർ അരയും തലയും മുറുക്കി രംഗത്ത് വരികയുണ്ടായി. യൂറോപ്പിലെ വിപ്ലവകാരികൾ ക്രൈസ്തവതയോടു പുലർത്തിയ നിലപാടായിരുന്നു. അവർക്ക് ഇസ്ലാമിനോടുണ്ടായിരുന്നത്.

ഇസ്ലാമിനെ ബൗദ്ധികമായി വ്യാഖ്യാനിച്ച് തങ്ങളുടെ വീക്ഷണത്തിൽ യുക്തിക്ക് നിരക്കാത്ത പ്രമാണങ്ങൾ
(ഖുർആൻ - ഹദീസ്) ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു വിഭാഗം യുക്തിചിന്തക്കാർ മുസ്ലിം സമൂഹത്തിൽ ഉത്ഭവിച്ചത്. മലക്കുകൾ, വഹ്‌യ്, സ്വർഗ - നരകങ്ങൾ, ഖബറിലെ ശിക്ഷകൾ, പ്രവാചകന്മാരുടെ മുഅ്ജിസത്തുകൾ തുടങ്ങിയ കാര്യങ്ങൾ അവർ നിഷേധിച്ചു. ഇവർ യുക്തിചിന്തകർ എന്നും നവ മുഅ്തസിലികൾ എന്നും അറിയപ്പെട്ടു.

ശാഹ് വലിയുല്ലാ ദഹ്‌ലവി (മരണം ഹി. 1176) വരാനിരിക്കുന്ന മത യുക്തിവാദത്തെ കുറിച്ച് ദീർഘദർശനം നടത്തുകയും ഇസ്ലാമിക ശരീഅത്തിനെ യുക്തിയുടെ വീക്ഷണത്തിൽ അവതരിപ്പിക്കുന്ന തന്റെ അതുല്യഗ്രന്ഥം 'ഹുജ്ജത്തുല്ലാഹിൽ ബാലിഗഃ' രചിക്കുകയും ചെയ്തു. പിന്നീട് തന്റെ ചിന്താധാരയിൽ പെട്ട പണ്ഡിതന്മാർ ഈ പ്രസ്ഥാനവുമായി മുന്നോട്ടു പോയി. ഇമാം മുഹമ്മദ് ഇബ്ൻഖാസിം നാനൂതവി രംഗത്തുവുന്നു. തെളിമയാർന്ന, ധിഷണാപരമായ പല ഗ്രന്ഥങ്ങളും രചിക്കുകയുണ്ടായി. പിന്നീട് ഇസ്ലാമിനെ ബൗദ്ധികമായി സമർത്ഥിക്കുന്ന രചനകളുമായി അല്ലാഹാ ശബീർ അഹ്മദ് ഉസ്മാനി, ശൈഖ് അശ്റഫ് അലി ഥാനവി, മുഹമ്മദ് ത്വയ്യിബ് ഖാസിമി എന്നിവർ രംഗത്ത് വരികയുണ്ടായി.

ഇന്ത്യയിൽ രംഗത്ത് വന്ന യുക്തിചിന്തകരിൽ പ്രധാനിയാണ് അലിഗഡ് മുസ്ലിം സർവകലാശാലയുടെ സ്ഥാപകൻ, സർ സയ്യിദ് അഹ്മദ് ഖാൻ (മരണം 1898). മലക്കുകൾ, സ്വർഗ നരകങ്ങൾ, മുഅ്ജിസത്തുകൾ എന്നിവ നിഷേധിക്കുകയും ഇസ്മായിലി, ശീഇകളെ പോലെ വളച്ചൊടിച്ചും ദുർവ്യാഖ്യാനിച്ചും ഖുർആനിന് അദ്ദേഹം ഒരു വ്യാഖ്യാനം ചമക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ചില വികലവാദങ്ങൾക്ക് ഇമാം നാനൂതവി, തന്റെ തസ്ഫിയ്യത്തുൽ അഖാഇദ് എന്ന ഗ്രന്ഥത്തിൽ മറുപടി പറയുകയുണ്ടായി. ഫഖ്റുൽ ഹസൻ ഗംഹോഹി, തന്റെ ചില രചനകളിലും മുഫ്തി തഖിഉസമാനി തന്റെ 'ഉലൂമുൽ ഖുർആൻ' എന്ന ഗ്രന്ഥത്തിലും അദ്ദേഹത്തിന്റെ വ്യതിയാന ചിന്തകളെ ഖണ്ഡിക്കുകയുണ്ടായി. യുക്തിചിന്ത, മത യുക്തിവാദം, മത വിമർശനം എന്നീ മേഖലകളിൽ ഇരുപതാം നൂറ്റാണ്ടിൽ രംഗത്തു വന്ന ചിന്തകനാണ് ഉനായത്തുല്ല മശ്‌രിഖി (മരണം 1963). തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഖാക്സാർ എന്ന പേരിൽ ഒരു പ്രസ്ഥാനം അദ്ദേഹം രൂപീകരിച്ചു. തന്റെ ചിന്തയിലുള്ള ഇസ്ലാമിന് മേധാവിത്തം ലഭിക്കാനും അവ പ്രചരിപ്പിക്കാനുമായി അൽ ഇസ്‌ലാഹ് എന്ന പേരിൽ ഒരു പത്രം അദ്ദേഹം പുറത്തിറക്കി. അറബിയിലും ഉർദുവിലും ധാരാളം ഗ്രന്ഥങ്ങളും രചിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ചിന്തകൾ ഇങ്ങനെ സംഗ്രഹിക്കാം?

1. വിശ്വാസത്തിന് യാതൊരു പ്രസക്തിയുമില്ല, ആർക്കും തങ്ങൾക്കിഷ്ടമുള്ളത് വിശ്വസിക്കാം. അത് ഒരാളുടെ ഇസ്ലാമിനെ ബാധിക്കില്ല.

2. ശഹാദത്ത് കലിമ, മതത്തെ അംഗീകരിക്കുക എന്നിവക്ക് യാതൊരു പ്രാധാന്യവുമില്ല.

3. നമസ്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് തുടങ്ങിയവയല്ല ഇബാദത്ത് കൊണ്ടുള്ള വിവക്ഷ, അതിന്റെ ആത്മാവാണ് പ്രധാനം. ഭൂമിയിലെ അധികാരവും ശക്തിയും മേധാവിത്തവുമാണ് അതിന്റെ വിവക്ഷ.

4. ഭൂമിയിൽ അധികാരവും മേധാവിത്തവും ലഭിക്കാൻ സമരം ചെയ്യാത്തവന് ഈമാനും ഇസ്ലാമും നമസ്കാരവും നോമ്പുമില്ല.

5. ഈമാൻ, ഇസ്ലാം, തൗഹീദ്, ഇബാദത്ത് എന്ന ഭൗതിക ലോകത്ത് അധികാരവും ശക്തിയും മേധാവിത്തവും ലഭിക്കാനുള്ള ഒരു കർമ്മത്തിന്റെ പേരാണ്.

6. ആർക്ക് ഈ ലോകത്ത് ശക്തിയും അധികാരവും മേധാവിത്തവും ലഭിച്ചുവോ അവർക്ക് പരലോകത്ത് സ്വർഗം ലഭിക്കുന്നതാണ്. ഇഹലോകത്ത് ഇവ നിഷേധിക്കപ്പെട്ടവന് പരലോകം തടയപ്പെടും.

7. ഇസ്ലാം മാത്രമല്ല മോക്ഷത്തിന്റെ മതം, പ്രത്യുത ഏത് മതമനുസരിച്ച് പ്രവർത്തിക്കുന്നവനും പരലോകത്ത് സ്വർഗം ലഭിക്കും.

8. ക്രൈസ്തവരായ യൂറോപ്യൻ സമൂഹം വിശ്വാസികളും സജ്ജനങ്ങളും പുണ്യപുരുഷന്മാരുമാണ്. അവർ സ്വർഗാവകാശികളാണ്.

9. പരകോടി വിഗ്രഹങ്ങളെ ആരാധിക്കുന്നവർ ഏകദൈവ വിശ്വാസികളും സത്യവാന്മാരുമാണ്.

10. വർത്തമാനകാല മുസ്ലിംകൾ സൈനിക സജ്ജീകരണം നടത്താത്തത് കൊണ്ട് അവർ നരകാവകാശികളായ മുശ്‌രിക്കുകളാകുന്നു.

11. ഹനഫികളും ശാഫിഇകളും മറ്റു അനുകർത്താക്കളും എല്ലാം നരകാവകാശികളാണ്.

12. മുസ്ലിം സമൂഹം ആദ്യത്തെ മുപ്പത് വർഷം ശരിയായ ഇസ്ലാമിൽ നിലകൊണ്ടു. പിന്നീട് വലിയൊരു വിഭാഗം ഇസ്ലാമിൽ നിന്ന് പുറത്തുപോയി. ഖുർആൻ അവരുടെ മനസ്സിൽ നിന്നും മാഞ്ഞുപോയി. മശ്‌രിഖിയുടെ ചിന്തകൾ മുസ്ലിംകൾക്കിടയിൽ പ്രചരിച്ചപ്പോൾ സംശയനിവാരണം തേടി കൊണ്ട് ദാറുൽ ഉലൂമിലേക്ക് ധാരാളം എഴുത്തുകൾ വരുകയുണ്ടായി.

അപ്പോൾ മുഫ്തി മുഹമ്മദ് ശഫീ ഉസ്മാനി തന്റെ വീക്ഷണങ്ങളെയും നിലപാടുകളെയും കുറിച്ച് അന്വേഷിച്ചു കൊണ്ട് ഒരു എഴുത്ത് അയച്ചു. അവർ തമ്മിൽ ധാരാളം എഴുത്തുകുത്തുകൾ നടന്നെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. കാരണം ഉസ്മാനിയുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ സംശയനിവാരണത്തിന് തന്റെ പത്രവും പ്രസിദ്ധീകരണങ്ങളും നോക്കാൻ നിർദ്ദേശിക്കുകയാണദ്ദേഹം ചെയ്തത്.

മുഫ്തി ഉസ്മാനി സാഹിബ്, മശ്‌രിഖിയുടെ ഗ്രന്ഥങ്ങൾ പഠനവിധേയമാക്കി വ്യക്തമായ മത നിഷേധവും യുക്തിവാദവും പ്രസരിപ്പിക്കുന്ന അതിലെ ആശയങ്ങൾ സമാഹരിച്ചു. ഇസ്ലാമിക വീക്ഷണത്തിൽ അദ്ദേഹത്തിന്റെ ചിന്തകളെയും വീക്ഷണങ്ങളെയും പ്രതിപാദിച്ചു കൊണ്ട് ഒരു ഗ്രന്ഥം രചിച്ചു. 'ഖാക് സാർ ഫിത്‌ന' എന്ന പേരിൽ ബഹാഉൽ ഹഖ് ഖാസിമിയും പിന്നീട് ഒരു ഗ്രന്ഥരചന നടത്തുകയുണ്ടായി. മശ്‌രിഖിയുടെ വിശ്വാസദർശനങ്ങളെ കുറിച്ചും തന്റെ പ്രസ്ഥാനത്തെക്കുറിച്ചും അന്വേഷിച്ചുകൊണ്ട് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മുഫ്തി കിഫായത്തുല്ല ദഹ്‌ലവിക്ക് ധാരാളം എഴുത്തുകൾ ലഭിച്ചു. ഇത്തരം ചിന്തകൾ വെച്ച് പുലർത്തുന്നവരും അവരുടെ കക്ഷിയിൽ ചേരുന്നവരും ഇസ്ലാമിന്റെ കടുത്ത ശത്രുക്കളാണെന്ന് അദ്ദേഹം വിധി പ്രസ്താവിച്ചു.

ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു മത യുക്തിവാദിയാണ് ഗുലാം അഹ്മദ് പർവേസ് (1985) പ്രമാണങ്ങളെ അടർത്തിയെടുത്ത് ദുർവ്യാഖ്യാനിക്കുന്നതിലും മതനിഷേധവും യുക്തിവാദവും പ്രചരിപ്പിക്കുന്നതിലും അദ്ദേഹം ഒരുപടി മുന്നിലായിരുന്നു. മആരിഫുൽ ഖുർആൻ, ഇസ്ലാമീനിസാം, മഖാമി ഹദീസ് തുടങ്ങിയ വിവിധങ്ങളായ രചനകളിലൂടെ തന്റെ ആശയങ്ങൾ അദ്ദേഹം പ്രചരിപ്പിച്ചു. തന്റെ ആശയങ്ങളുടെ രത്നചുരുക്കം ഇങ്ങനെ ഗ്രഹിക്കാം.

1. ഖുർആനിൽ പ്രതിപാദിക്കപ്പെട്ട സ്വദഖ, അനന്തരാവകാശ നിയമങ്ങൾ പോലുള്ള ധനവിനിമയ നിയമങ്ങൾ, താൽക്കാലിക നിയമങ്ങളും ക്രമപ്രവൃദ്ധമായി വികാസം പ്രാപിക്കുന്നതുമാണ്. അത് വികസിച്ച് നിളാ മേറുബൂബിയ്യ എന്ന ഒരു സ്വതന്ത്ര തലത്തിൽ എത്തിച്ചേരുന്നതാണ്. അതോടെ നിലവിലുള്ള നിയമങ്ങൾ ദുർബലപ്പെടുന്നതാണ്.

2. നബിയും അനുചരന്മാരും ഖുർആനിൽ നിന്ന് നിർധാരണം ചെയ്തെടുത്ത നിയമസംഹിതകളാണ് ശരീഅത്ത്, ശേഷം തുടർന്നുവരുന്ന ഒരു കേന്ദ്രീകൃത ഗവൺമെന്റിന് കീഴിലുള്ള ആലോചനാ സമിതിക്ക് ഖുർആനിൽ നിന്നും നിയമങ്ങൾ നിർധാരണം ചെയ്തെടുക്കാവുന്നതാണ്. അത്തരം വിധികളായിരിക്കും ആ കാലത്തെ ശരീഅത്ത്, തങ്ങൾക്ക് മുമ്പുള്ള കാലത്തെ നിയമങ്ങൾ അനുസരിക്കേണ്ട ബാധ്യത അവർക്കില്ല. ഇത് ഏതെങ്കിലും ഒരു മേഖലയിൽ മാത്രം പരിമിതമല്ല. പ്രത്യുത ആരാധനകൾ, ഇടപാടുകൾ, സംസ്കാരം തുടങ്ങിയ എല്ലാ മേഖലകൾക്കും ഇത് ബാധകമാണ്. ഖുർആൻ, ആരാധനാക്രമങ്ങളുടെ വിശദാംശങ്ങൾ പറയാതിരിക്കാൻ ഇതാണ് കാരണം.

3. വിശുദ്ധ ഖുർആനിൽ നിന്നും അല്ലാഹുവിനെ അനുസരിക്കുക. നിങ്ങൾ റസൂലിനെ അനുസരിക്കുക, നിങ്ങളുടെ കൈകാര്യകർത്താക്കളെയും അനുസരിക്കുക എന്ന വചനത്തിലെ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക എന്നതിന്റെ താൽപര്യം സമുദായ നേതൃത്വത്തെ അഥവാ ഭരണ കേന്ദ്രത്തെ അനുസരിക്കുക എന്നതാണെന്നും അധികാരസ്ഥന്മാർ എന്നതിന്റെ താൽപര്യം അതിന്റെ കീഴിലുള്ള സംഘടനകളെയാണെന്നും അദ്ദേഹം വ്യാഖ്യാനിച്ചു. കേന്ദ്രഭരണമാണ് സ്വതന്ത്രമായി നിയമനിർമാണം നടത്തേണ്ടത്. അല്ലാഹുവിനെ അനുസരിക്കുക എന്നതിന്റെ താൽപര്യം അവന്റെ ഗ്രന്ഥത്തെ അനുസരിക്കലല്ല. റസൂലിനെ അനുസരിക്കുക എന്നാൽ നബിയുടെ സുന്നത്ത് അനുസരിക്കലുമല്ല. റസൂലിന് ശേഷം നിലവിൽ വന്ന ഏതൊരു കേന്ദ്രീകൃത സർക്കാരിനും റസൂലിന്റെ പദവിയാണുള്ളത്. അപ്പോൾ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക എന്നതിന്റെ വിവക്ഷ പ്രസ്തുത സർക്കാറിനെ അനുസരിക്കുക എന്നാണ്. തന്റെ കാലത്തെ കേന്ദ്രീകൃത സർക്കാരിന്റെ തലവനും നേതാവുമെന്ന നിലയിലാണ് റസൂലിനെ ആളുകൾ അനുസരിച്ചത്. അഥവാ കേന്ദ്ര ഭരണകൂടത്തെയാണ് അവർ അനുസരിച്ചത്.

4. റസൂൽ അനുസരിക്കപ്പെടാൻ യോഗ്യനല്ലെന്ന് വിശുദ്ധ ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹത്തെ അനുസരിക്കണമെന്ന് അവരോട് കൽപിക്കേണ്ട ബാധ്യതയും അതിനില്ല. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകയെന്നാൽ ഖുർആനിന്റെ മാത്രം വിധികൾ നടപ്പാക്കുന്ന മതത്തിന്റെ കേന്ദ്ര സംവിധാനത്തെ അനുസരിക്കുക എന്നാണ്.

5. മലക്കുകൾ എന്നാൽ വസ്തുക്കളിൽ കുടികൊള്ളുന്ന ശക്തികളാണ്. അതിനെ വിശ്വസിക്കുക എന്നാൽ മനുഷ്യൻ ആ ശക്തികളെ കീഴടക്കുക എന്നാണ്. മലക്കുകൾ ആദമിനെ നമിച്ചു. എന്നാൽ മനുഷ്യൻ പ്രസ്തുത ശക്തികളെ കീഴ്പ്പെടുത്തുക എന്നാണ്. ആദം എന്നാൽ ഒരു പ്രത്യേക വ്യക്തിയല്ല. പ്രത്യുത മനുഷ്യൻ എന്നാണതിന്റെ വിവക്ഷ. മനുഷ്യവർഗത്തിലെ സ്ത്രീ പുരുഷന്മാരെ സൂചിപ്പിക്കാനാണ് ആദം, ഹവ്വ എന്നീ സംജ്ഞകൾ കൊണ്ടർത്ഥമാക്കുന്നത്. അവരുടെ കഥ മനുഷ്യന്റെ കൂടിച്ചേരലിന്റെ കഥയുടെ ചിത്രീകരണമാണ്.

6. സ്വർഗ നരകങ്ങൾ എന്നാൽ പ്രത്യേക സ്ഥലങ്ങളല്ല. അത് മനുഷ്യന്റെ അവസ്ഥാന്തരങ്ങളാണ്.

7. മുസ്ലിംകൾ അനുഷ്ഠിക്കുന്ന നമസ്കാരം, അവർ മജൂസികളിൽ നിന്നും സ്വീകരിച്ചതാണ്. ഖുർആൻ പറഞ്ഞ സ്വലാത്ത് കൊണ്ടുള്ള വിവക്ഷ അതല്ല, ഖുർആൻ കൽപിച്ചത് നമസ്കാരം നിലനിർത്താനാണ് വ്യവസ്ഥിതിയുടെ താൽപര്യപ്രകാരം വ്യക്തിസംരക്ഷണത്തിന്റെ തത്വങ്ങൾ നടപ്പാക്കുകയാണ് അതുകൊണ്ടുള്ള വിവക്ഷ.

8. റസൂലിന്റെ പ്രതിനിധിയായി വരുന്നവർക്ക് അതത് കാലത്തെ താൽപര്യത്തിനനുസരിച്ച് നമസ്കാരത്തിന്റെ രൂപത്തിൽ മാറ്റം വരുത്താവുന്നതാണ്.

9. സർക്കാർ നടത്തുന്ന ഏത് ധനശേഖരണവും സക്കാത്താണ്. ഇസ്ലാമിക ഭരണകൂടം നിലവിലില്ലെങ്കിൽ സക്കാത്ത് നിർബന്ധമല്ല. ഫിത്റ് സകാത്ത് പോലുള്ളവ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ നടത്തുന്ന താൽക്കാലിക ധനശേഖരണങ്ങളാണ്.

10. ഖുർആനിൽ പ്രഭാത നമസ്കാരവും രാത്രി നമസ്കാരവും മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. പ്രവാചകന്റെ കാലത്ത് ഈ രണ്ട് സമയത്ത് മാത്രമാണ് ജനങ്ങൾ ഒരുമിച്ചു കൂടിയതായി സ്ഥിരപ്പെട്ടിട്ടുള്ളത്.

11. ഹജ്ജ് ഒരു പ്രത്യേക ആരാധനയല്ല. അതൊരു ആഗോള സമ്മേളനമാണ് തന്റെ 'മആരിഫുൽ ഖുർആൻ' എന്ന ഗ്രന്ഥത്തിൽ ഹജ്ജിനെ ആരാധനയിൽ ഉൾപ്പെടുത്തിയതിനെ അദ്ദേഹം പരിഹസിക്കുന്നത് കാണാം.

12. പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണത്തിനാണ് ഹജ്ജിൽ മൃഗബലി നടപ്പാക്കിയത്. മറ്റു വേളയിൽ അത് ആരാധനയല്ല.

13. ഖുർആൻ അല്ലാത്ത മറ്റൊരു മുഅ്ജിസത്തും നബിയിൽ നിന്ന് ഉണ്ടായിട്ടില്ല.

14. ഇന്ന് മുസ്ലിംകൾക്കിടയിൽ പ്രചാരത്തിലുള്ള ഇസ്ലാം മതം ഖുർആൻ പറഞ്ഞ മതമല്ല. അത് യഹൂദ ആചാരങ്ങളും പ്ലാറ്റോണിസം, ക്രൈസ്തവ ആത്മീയത, മജൂസി മതം എന്നിവയുടെ സംയുക്തകമാണ്.

15. ഇസ്ലാമിനെതിരിൽ നടന്ന ആദ്യത്തെ കുതന്ത്രമാണ് ഹദീസ് നിവേദനങ്ങളുടെ ക്രോഡീകരണം. ഇതു മുഖേന ഖുർആൻ കൂടാതെ മറ്റൊരു വഹ്‌യുണ്ടെന്ന് വിശ്വാസം മുസ്ലിംകൾക്കിടയിൽ പ്രചരിച്ചു. പാരായണം ചെയ്യപ്പെടാത്ത വഹ്‌യുകൾ വ്യാജവും കെട്ടിച്ചമച്ചതുമാണ്.

16. സഹീഹുൽ ബുഖാരി, സഹീഹു മുസ്ലിം, മുസ്നദ് അഹ്മദ് സുനനു അബീ ദാവൂദ്, തിർമുദി, നസാഇ, ബൈഹഖി തുടങ്ങിയ അവർക്ക് സ്വീകാര്യമായ ഗ്രന്ഥങ്ങളാണ് മത കാര്യങ്ങളിൽ ഇവ പരിഗണനീയമായി കണക്കാക്കപ്പെടുന്ന കാലമത്രയും ഇസ്ലാമിക സമൂഹത്തിന് അവരുടെ പതിതാവസ്ഥയിൽ നിന്ന് മോചനമില്ല. ഇസ്ലാമിനോട് പ്രതികാരം ചെയ്യാൻ അനറബികൾ ഒപ്പിച്ച കുതന്ത്രങ്ങളാണിവ.

ഇതുപോലുള്ള ധാരാളം അഭിപ്രായങ്ങളും ആശയങ്ങളും തന്റെ ഗ്രന്ഥങ്ങളിലും ലേഖനങ്ങളിലും പത്രത്തിലും ചിതറിക്കിടക്കുന്നുണ്ട്. ഇതിന്റെ വെളിച്ചത്തിൽ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും വ്യത്യസ്ത ധാരകളിലുള്ള പണ്ഡിതന്മാർ അദ്ദേഹത്തെ മതനിന്ദകനും ദൈവനിഷേധിയുമായി പ്രഖ്യാപിച്ചു. ദാറുൽ ഉലൂമിലെ അധ്യാപകരും മുഫ്തിമാരുമായ എട്ടു പണ്ഡിതന്മാർ, ഒപ്പുവെച്ച ഒരു ഫത്‌വയിലൂടെ അദ്ദേഹം കാഫിറാണെന്ന് പ്രഖ്യാപിച്ചു. ഈ ഫത്‌വകൾ എല്ലാം ശേഖരിച്ചു ഒരു ഗ്രന്ഥം തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി.

ഹദീസ് നിഷേധികൾ

ഇരുപതാം നൂറ്റാണ്ടിൽ ഉടലെടുത്ത ഇസ്ലാം വിരുദ്ധധാരയിൽ പ്രധാനമാണ് ഹദീസ് നിഷേധ പ്രസ്ഥാനങ്ങൾ. ഹദീസിന്റെ പ്രാമാണികതയും ഇസ്ലാമിക നിയമ നിർമാണ സ്രോതസ്സെന്ന അതിന്റെ സ്ഥാനവും പരിഗണനയും നിഷേധിക്കുന്നവരാണവർ. ഈ വീക്ഷണ ഗതിക്കാർ തങ്ങളുടെ പിഴച്ച വാദങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി ഒപ്പിക്കുന്ന കുതന്ത്രമാണ് തങ്ങൾ അഹ്‌ലുൽ ഖുർആൻകാരാണെന്ന അവകാശവാദം.

ഈ വീക്ഷണത്തിന്റെ വക്താക്കൾ ഒരു പറ്റം സർവതന്ത്ര സ്വതന്ത്രവാദികളാണ്. ഇസ്ലാമിനെ ജീവിതവുമായി ബന്ധമില്ലാത്ത ഒരു താത്വിക മതമായി അവതരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. പല വിധികളും സംക്ഷിപ്തമായാണ് ഖുർആനിൽ പറഞ്ഞിട്ടുള്ളത് എന്ന കാര്യത്തിൽ സംശയമില്ല. അതിന്റെ വിശദാംശങ്ങൾ ഹദീസുകളിലാണുള്ളത് കാരണം ഖുർആൻ സംക്ഷിപ്തമായി അവതരിപ്പിച്ചത് വിശദീകരിച്ചു കൊടുക്കാനുള്ള ബാധ്യത നബി തിരുമേനിക്കാണ്. തങ്ങൾക്കവതരിപ്പിച്ചതിനെ താങ്കൾ അവർക്ക് വിശദീകരിച്ചു കൊടുക്കാനാണ് ഈ ഖുർആനിനെ നാം നിങ്ങൾക്ക് അവതരിപ്പിച്ചത്. (ഖുർആൻ)

ഈ സർവതന്ത്ര സ്വതന്ത്രവാദികൾ തങ്ങളുടെ ഇച്ഛക്കനുസരിച്ച് ജീവിക്കാനും അനുഷ്ഠാനരംഗത്ത് ഇസ്ലാമിന്റെ നിയമങ്ങളിൽ നിന്ന് മോചനം നേടാനും ദേഹത്തിന്റെ താൽപര്യങ്ങളെ പ്രീണിപ്പിച്ചു ജീവിക്കാനും ഹദീസിന്റെ പ്രാമാണികത തള്ളിക്കളയേണ്ടത് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ അവർ ഹദീസിനെ നിഷേധിക്കുകയും അഹ്‌ലുൽ ഖുർആൻകാരെന്ന് സ്വയം വിശേഷിപ്പിച്ച പൊതുജനങ്ങളിൽ നിന്ന് തങ്ങളുടെ മത വിരുദ്ധ ദൈവനിഷേധ മുഖം മറച്ചു പിടിക്കുകയും ചെയ്തു. അഹ്‌ലുൽ ഖുർആൻ എന്ന സുന്ദരനാമത്തിൽ വഞ്ചിതരായ ചില നിഷ്കളങ്കരായ പൊതുജനങ്ങളിൽ ചിലർ അവരുടെ കെണിയിൽ അകപ്പെടുകയും ചെയ്തു.

ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ഹദീസ് നിഷേധ ചിന്തയുടെ പ്രമുഖ വക്താക്കളാണ് അബ്ദുല്ല ജക്റാൽവി (1930) അസ്‌ലം ജയരാജ്പൂരി (1882-1956) തുടങ്ങിയവർ. ഓറിയന്റലിസ്റ്റുകളെ പോലെ ഹദീസിന്റെ മഹത്തായ ജ്ഞാന പൈതൃകത്തിൽ സംശയം ജനിപ്പിക്കുകയും മതത്തെ സംരക്ഷിച്ചു യാതൊരു ഉപേക്ഷയുമില്ലാതെ അത് തലമുറകൾക്ക് കൈമാറ്റം ചെയ്ത സഹാബികളുടെയും പൂർവികരായ സജ്ജനങ്ങളുടെയും മഹത്തായ പരിശ്രമങ്ങളെയും ത്യാഗങ്ങളെയും അവർ നിഷേധിക്കുകയും ചെയ്തു.

ഈ വിധ്വംസക നീക്കങ്ങൾ ശ്രദ്ധയിൽപെട്ട ദാറുൽ ഉലൂമിലെ ഗുരുക്കന്മാർ ചരിത്രപരമായും വൈജ്ഞാനികമായും അവയെ ഖണ്ഡിക്കുകയും അവർ ഖുർആൻ അംഗീകരിക്കുന്നവരോ ജീവിതത്തിൽ പുലർത്തുന്നവരോ അല്ലെന്നും ഇസ്ലാമിക സമൂഹത്തിൽ ഓറിയന്റലിസ്റ്റുകളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന അവരുടെ ശിഷ്യന്മാരാണിവരെന്നും അവരെ ഉണർത്തി.

ശൈഖ് ഹബീബ് റഹ്മാൻ, അഅ്സമി, മുഹമ്മദ് തയ്യിബ് ഖാസിമി, മനാസിർ അഹ്സൻ കീലാനി, ശൈഖ് മുഹമ്മദ് യൂസുഫ് ലുധിയാൻവി, ശൈഖ് വലിഹസൻ തോംഗി, ശൈഖ് മുഹമ്മദ് ശഫീ ഉസ്മാനി, മുഹമ്മദ് തഖീ ഉസ്മാനി എന്നിവർ അവർക്ക് മറുപടി നൽകിയവരിൽ ചിലരാണ്.

ഉസ്താദ് മൗദൂദിയുടെ വ്യതിയാനങ്ങളും വികലവാദങ്ങളും

ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന ദശകങ്ങളിൽ ഇന്ത്യയിൽ ചില മത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉടലെടുത്തു. മറ്റു ചിലർ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ആഹ്വാനം ചെയ്തു. ആളുകൾ അവർക്ക് ചെവി കൊടുത്തു. ഈ വാദം ഉന്നയിച്ചു ജനശ്രദ്ധ ആകർഷിച്ച ഒരു പ്രസ്ഥാനമാണ് അബുൽ അഅ്‌ലാ മൗദൂദിയുടെ പ്രസ്ഥാനം ശക്തമായ ശൈലിയുടെയും ഒഴുക്കുള്ള തൂലികയുടെയും ഉടമയായ അദ്ദേഹം തന്റെ രചനാപാടവം തന്റെ ആശയങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനുപയോഗിച്ചു. അവരുടെ ശ്രദ്ധയാകർഷിക്കാൻ തനിക്ക് കഴിഞ്ഞു. തന്റെ ചിന്തയിലേക്കാകൃഷ്ടരായവരിൽ പണ്ഡിതന്മാരും പൊതുജനങ്ങളുമുണ്ടായിരുന്നു. അത് 1941-ൽ ജമാഅത്തെ ഇസ്ലാമി എന്ന സംഘടന സ്ഥാപിക്കുന്നതിൽ കലാശിച്ചു.

1903-ൽ മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് മൗദൂദി ജനിച്ചത്. ശൈഖ് മുഈനുദ്ദീൻ ചിശ്തി (1142-1236)യിൽ ചെന്ന് ചേരുന്ന മതനിഷ്ടയുള്ള ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ഔറംഗാബാദിൽ വക്കീലായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. വീട്ടിൽ നിന്ന് പ്രാഥമിക അറബി ഗ്രന്ഥങ്ങൾ പഠിച്ചു. സെക്കന്ററിയിലെത്തിയപ്പോൾ പ്രാഥമിക മത പഠനത്തോടൊപ്പം, ഭൗതിക വിദ്യാഭ്യാസവും നേടാൻ ഹൈദരാബാദിലെ ഒരു കലാലയത്തിൽ ചേർന്നുവെങ്കിലും ഭോപ്പാലിൽ വക്കീൽ ജോലിയിലേർപ്പെട്ടിരുന്ന പിതാവിന് തളർവാതം പിടിപെട്ടതിനാൽ അത് തുടരാനായില്ല. നാലു വർഷത്തിന് ശേഷം പിതാവ് മരണപ്പെടുകയാണുണ്ടായത്.

പഠനം നിർത്തുവാൻ നിർബന്ധിതനായ അദ്ദേഹ ഉപജീവനത്തിനായി ജോലിയിലേർപ്പെട്ടു. ദൽഹി വാസക്കാലത്ത് അറബിയും ഇംഗ്ലീഷും പഠിക്കാൻ ശ്രമിച്ചു. അതിൽ സാമാന്യ ജ്ഞാനം നേടി. അവ രണ്ടും ഗ്രഹിക്കാൻ സാധിച്ചിരുന്നുവെങ്കിലും സംസാരിക്കാനോ പ്രസംഗിക്കാനോ എഴുതാനോ സാധിച്ചിരുന്നില്ല. എന്നാൽ ഉർദുവിൽ ഉയർന്ന ആവിഷ്ക്കാര ശേഷിയുള്ള ഒഴുക്കുള്ള ഒരു തൂലികയുടെ ഉടമയായ സാഹിത്യകാരനായിരുന്നു അദ്ദേഹം. മനസ്സുകളെ ഹഠാദാകർഷിച്ചിരുന്ന മാസ്മരിക ശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം.

ഇസ്ലാമിക വിജ്ഞാനീയങ്ങൾ ഗുരുക്കന്മാരിൽ നിന്ന് ലഭിക്കാത്തത് കൊണ്ടും സ്വയം പഠിച്ചതു കൊണ്ടും അതിൽ വളരെ പരിമിതമായ അറിവു മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. കഴിവുറ്റ ഗുരുക്കന്മാരിൽ നിന്നും സമർത്ഥരായ അധ്യാപകരിൽ നിന്നും പഠിച്ചവരെ പോലെ വൈജ്ഞാനിക മികവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. തന്റെ പഠനം പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഉപജീവനമാർഗം കണ്ടെത്താൻ നിർബന്ധിതനായ അദ്ദേഹം അതിന് ഏത് മാർഗം തിരഞ്ഞെടുക്കണമെന്നറിയാതെ അന്ധാളിച്ചു. ആവിഷ്ക്കാര ശേഷിയും മികവുറ്റ രചനാ പാടവവും അല്ലാഹു കനിഞ്ഞരുളിയതിനാൽ തന്റെ ഉപജീവനോപാധിയായ തൂലികയെ അദ്ദേഹം ഉപയോഗപ്പെടുത്തി. വിവിധ പത്ര പ്രസിദ്ധീകരണങ്ങളിൽ ലേഖകനായും എഡിറ്ററായും അദ്ദേഹം ജോലി ചെയ്തു. 1933-ൽ 'തർജുമാനുൽ ഖുർആൻ' എന്ന പേരിൽ ഒരു മാസികക്ക് തുടക്കം കുറിക്കുകയുണ്ടായി. പത്രപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നതിനിടയിൽ നിയാസ് ഫത്ഹ്പൂരി എന്ന ദൈവനിഷേധിയായ പ്രമുഖ എഴുത്തുകാരന്റെ കൂടെ പ്രവർത്തിക്കുകയുണ്ടായി. സ്വർഗ നരകങ്ങളെ പരിഹസിച്ചിരുന്ന പ്രസ്തുത എഴുത്തുകാരന്റെ സൗഹൃദം അദ്ദേഹത്തെ സ്വാധീനിക്കുകയുണ്ടായി. അയാൾ ഇതു കാരണം, ദൈവ നിഷേധിയായി മാറിയെന്ന് പണ്ഡിതന്മാർ ഫത്‌വ നൽകുകയുണ്ടായി, പശ്ചാത്തപിച്ചു മടങ്ങിയ അദ്ദേഹം കാലത്തിനു ശേഷം വീണ്ടും മതനിരാസം സ്വീകരിക്കുകയും പ്രകടമായ ദൈവ നിഷേധത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യുകയാണുണ്ടായത്.

ഒഴുക്കുള്ള സാഹിതീയ ശൈലിയിൽ ഇസ്ലാമിക വിഷയങ്ങളിൽ മൗദൂദിയുടെ ചില ലേഖനങ്ങൾ പുറത്തിറങ്ങിയപ്പോൾ ആളുകൾ അതിൽ ആകൃഷ്ടരാവുകയും തന്റെ രചനാ മികവിനെ പ്രശംസിക്കുകയും ചെയ്തു. പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ മനാസിർ അഹ്സൻ കീലാനി, സയ്യിദ് സുലൈമാൻ നദ്‌വി, അബ്ദുൽ മാജിദ് ദർയാബാദി തുടങ്ങിയവർ അദ്ദേഹത്തിന്റെ രചനകളിൽ മതിപ്പ് രേഖപ്പെടുത്തുകയും പ്രശംസാ വചനങ്ങൾ ചൊരിയുകയും ചെയ്തവരാണ്. അതോടെ തന്റെ ലേഖനങ്ങളും പഠനങ്ങളും വായിക്കാൻ യുവാക്കൾ മത്സരിക്കുകയും അദ്ദേഹത്തിന്റെ സാമർത്ഥ്യത്തിനും രചനാമികവിനും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തതോടെ രാജ്യത്താകമാനം അദ്ദേഹത്തിന്റെ പേര് പുകൾ പെറ്റതായി മാറി.

ജമാഅത്തെ ഇസ്ലാമി രൂപീകരണം

രാജ്യത്താകമാനം തന്റെ യശസ്സ് ഉയരുകയും നാട്ടിൽ തന്റെ ആശയങ്ങളിൽ ആകൃഷ്ടരായവർ വർധിക്കുകയും െചയ്തപ്പോൾ 'ജമാഅത്തെ ഇസ്ലാമി' എന്ന പേരിൽ അദ്ദേഹം ഒരു സംഘടന രൂപീകരിച്ചു. തന്റെ കൂട്ടുകാരായ മുഹമ്മദ് മൻസൂർ നുഅ്മാനി, അബുൽ ഹസൻ അലി നദ്‌വി, മസ്ഊദ് ആലം നദ്‌വി, അമീൻ അഹ്സൻ ഇസ്‌ലാഹി എന്നിവരുടെ സഹകരണത്തോടെ 1941 ലായിരുന്നു സംഘടന രൂപീകരിച്ചത്. ഭൂമിയിൽ ദൈവിക ഭരണകൂടം സ്ഥാപിക്കുക, പരലോകത്ത് അല്ലാഹുവിന്റെ തൃപ്തി നേടുക എന്നതായിരുന്നു സംഘടനയുടെ സ്ഥാപിതലക്ഷ്യം.

വ്യതിയാനങ്ങളും വികലവാദങ്ങളും

പണ്ഡിതന്മാരും മഹത്തുക്കളും അദ്ദേഹത്തിന്റെ എഴുത്തുകളിലും ഗ്രന്ഥങ്ങളിലും അടങ്ങിയ വ്യതിചലനത്തെക്കുറിച്ചും വികല ചിന്തകളെക്കുറിച്ചും ബോധവാന്മാ രായിരുന്നു. പിന്നീട് ജമാഅത്തിന്റെ ഭരണഘടന പുറത്തിറങ്ങുകയുണ്ടായി. അതിന്റെ ആറാം ഖണ്ഡികയിൽ അല്ലാഹുവും റസൂലും ഒഴികെ ആരും സത്യത്തിന്റെ അളവുകോലല്ലെന്നും നിരൂപണത്തിന് അതീതരോ അനുസരണത്തിന് അർഹരോ അല്ലെന്നും പ്രസ്താവിക്കുകയുണ്ടായി. സഹാബികളുടെ ആസാറുകൾ, ഇജ്മാഅ് മുൻഗാമികളായ പ്രവാചകന്മാരുടെ മാതൃകകൾ എന്നിവയെല്ലാം അദ്ദേഹം നിരാകരിക്കുകയുണ്ടായി.

മേൽ തത്വത്തിന്റെ അടിസ്ഥാനത്തിൽ സഹാബികളുടെ ഐക്യകണ്ഠേനയുള്ള അഭിപ്രായത്തെയും അവരുടെ വാക്കുകളെയും തെളിവിന് അവലംബിക്കുന്നതും അദ്ദേഹം എതിർത്തു. ശുദ്ധമായ ഇസ്ലാമിക വ്യവസ്ഥിതി സ്ഥാപിക്കുന്നതിൽ അവർ പരാജയപ്പെട്ടു. നബിയുടെ മാർഗത്തിൽ അവർ നിലകൊണ്ടില്ല. അവരിൽ ജാഹിലിയ്യ കാലത്തെ കുഴപ്പങ്ങൾ അവരിലുണ്ടായിരുന്നു. ഉസ്മാൻ(റ) വലിയ പാതകങ്ങൾ ചെയ്തു. മുആവിയ(റ)ന്റെ ജീവിതത്തിലും പെരുമാറ്റത്തിലും ജാഹിലിയ്യാ ശേഷിപ്പുകൾ നിലനിന്നിരുന്നു. അംറുബിൻ ആസും(റ) അബൂമൂസ അൽ അശ്അരി(റ)യും മതത്തിന്റെ സംസ്ഥാപനത്തെക്കാൾ തങ്ങളുടെ താൽപര്യങ്ങൾക്കാണ് മുൻഗണന നൽകിയത് തുടങ്ങിയ ആക്ഷേപങ്ങൾ അദ്ദേഹം എയ്തുവിട്ടു. മാത്രമല്ല അല്ലാഹുവിന്റെ ദൂതന്മാരുടെ മഹത്വങ്ങൾക്ക് നിരക്കാത്ത തരത്തിലുള്ള ആക്ഷേപങ്ങൾ നടത്തുകയുണ്ടായി. പാപസുരക്ഷിതത്വം അവരുടെ അസ്ഥിത്വത്തിന്റെ അനിവാര്യതയല്ലെന്നും അല്ലാഹു നുബുവ്വത്തിന്റെ ബാധ്യതകൾ നിർവഹിക്കാൻ വേണ്ടി വീഴ്ചകളിൽ നിന്നും തെറ്റുകളിൽ നിന്നും അവരെ സംരക്ഷിക്കുക മാത്രമാണെന്നും, ഇത് അല്ലാഹു അവരിൽ നിന്ന് എടുത്ത് നീക്കുന്ന മാത്രയിൽ തെറ്റുകുറ്റങ്ങൾ ചെയ്യുന്നതിൽ അവരും സാധാരണ ജനങ്ങളെ പോലെയായി മാറുമെന്നും, അല്ലാഹുവിന്റെ മഹത്തായ ആസൂത്രണം കൊണ്ട് അവരിൽ നിന്ന് ചില തെറ്റുകൾ സംഭവിക്കാൻ വേണ്ടി അല്ലാഹു ഈ സവിശേഷതയെ എടുത്തു മാറ്റുന്നതാണ്. അവർ ആരാധ്യരല്ലെന്നും മനുഷ്യന്മാരാണെന്ന് ബോധ്യപ്പെടുത്താനാണ് അല്ലാഹു അങ്ങനെ ചെയ്യുന്നത്.

മറ്റൊരിടത്ത് അദ്ദേഹം പറയുന്നു. പ്രവാചകന്മാർ മനസിന്റെ ഉപദ്രവത്തിൽ നിന്നും സുരക്ഷിതരല്ല. ദാവൂദ് നബി തെറ്റ് സംഭവിച്ചവനായിരുന്നു. നുബുവ്വത്തിന്റെ ബാധ്യത നിർവഹിക്കുന്നതിൽ യൂനുസ് നബിക്ക് െതറ്റ് സംഭവിച്ചു. മൂസാനബി ധൃതി കൂട്ടിയിരുന്നു. അത്യാഗ്രഹം പിടിപെട്ടതിനാൽ ആദം നബി പാപത്തിന്റെ കുഴിയിൽ പതിച്ചു.

അല്ലാഹു, റബ്ബ്, ദീൻ, ഇബാദത്ത് തുടങ്ങിയ മത സംജ്ഞകളുടെ അർത്ഥം ഉമ്മത്തിന് അജ്ഞാതമായിരുന്നു. അതിന്റെ യഥാർത്ഥ ഉദ്ദേശ്യത്തിൽ നിന്നും കാലാന്തരത്തിൽ മാറ്റം വരുകയാണുണ്ടായതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഖുർആനിലെ നാല് അടിസ്ഥാന പ്രയോഗങ്ങളാണ് ഇലാഹ്, റബ്ബ്, ദീൻ, ഇബാദത്ത് എന്നിവയെന്നും അദ്ദേഹം തന്റെ 'ഖുർആനിലെ നാല് സാങ്കേതിക പദങ്ങൾ' എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണാം. ഈ നാല് പദങ്ങൾ ഗ്രഹിച്ചവന് ഖുർആൻ മനസിലാകും. അത് മനസ്സിലാകാത്തവന് ഖുർആനും തൗഹീദും ശിർക്കും മനസ്സിലാകില്ല. ആരാധന അല്ലാഹുവിന് മാത്രമാണെന്നും മനസ്സിലാകില്ല. ഈ നാല് പദങ്ങൾ വ്യക്തമായി ഗ്രഹിക്കാത്തവന് വിശ്വാസിയാണെങ്കിലും ഖുർആൻ ഗ്രഹിക്കാൻ സാധിക്കില്ല. അവൻ വിശ്വാസിയാണെങ്കിൽ പോലും അവൻ വിശ്വാസരംഗത്തും കർമരംഗത്തും അപൂർണനായിരിക്കും. പ്രസ്തുത സാങ്കേതിക ശബ്ദങ്ങളുടെ അർത്ഥങ്ങൾ അതിന്റെ അവതരണ കാലത്തുണ്ടായിരുന്നതിൽ നിന്നും മാറ്റം സംഭവിച്ചു. വിശാലമായ അതിന്റെ അർത്ഥതലങ്ങൾ തുടങ്ങിയതും അവ്യക്തവുമായ തലങ്ങളിലേക്ക് ചുരുങ്ങിപ്പോയി. അത് രണ്ട് കാരണങ്ങൾ കൊണ്ടായിരുന്നു.

ഒന്ന്: അറബി ഭാഷാ അഭിരുചിയിലുണ്ടായ കുറവ്.

രണ്ട്: ഇസ്ലാമിൽ ജീവിച്ച മുസ്ലിംകൾക്ക് ഖുർആൻ അവതരിച്ച കാലത്ത് നിഷേധികളുടെ കാര്യത്തിൽ പ്രയോഗിക്കപ്പെട്ട അവയുടെ അർത്ഥം അജ്ഞാതമായിരുന്നു. അതിനാൽ ഭാഷാപുടുക്കൾക്കും ഖുർആൻ വ്യാഖ്യാതാക്കൾക്കും നബിയുടെ കാലത്ത് പ്രയോഗത്തിലുണ്ടായിരുന്ന അവയുടെ അർത്ഥം അജ്ഞാതമായിരുന്നു. മുസ്ലിംകൾ മനസ്സിലാക്കിയത് തന്നെയായിരുന്നു ഇവരും മനസ്സിലാക്കിയത്. ഇവയുടെ അർത്ഥം ഗ്രഹിക്കാത്തതിനാൽ ജനങ്ങൾക്ക് മതത്തിന്റെ നാലിൽ മൂന്ന് ഭാഗവും അജ്ഞാതമായി. മാത്രമല്ല മതത്തിന്റെ കാതൽ അവർക്ക് നഷ്ടമായി. അതിനാൽ അവരുടെ വിശ്വാസത്തിലും കർമങ്ങളിലും കുറവുകൾ ദർശിക്കാനാവും. ശരീഅത്തുകളുടെ അടിസ്ഥാന ലക്ഷ്യം ദൈവരാഷ്ട്രം സ്ഥാപിക്കലാണെന്ന വാദമാണ് അദ്ദേഹത്തിന് സംഭവിച്ച ഗുരുതരമായ വീഴ്ച. മാർഗത്തെ ലക്ഷ്യമായും ലക്ഷ്യത്തെ മാർഗമായും അദ്ദേഹം അട്ടിമറിച്ചു. നമസ്കാരം നിർവ്വഹിക്കുന്നതു കൊണ്ട് അർത്ഥമാക്കുന്ന ലക്ഷ്യം അദ്ദേഹത്തിന്റെ വീക്ഷണപ്രകാരം സൈനിക പരിശീലനം നേടലാണ്. സകാത്തിന്റെ ലക്ഷ്യം നികുതി ശേഖരണവും നോമ്പിന്റെ ലക്ഷ്യം സൈനികരെ തയ്യാറാക്കലുമാണ്. ഹജ്ജിന്റെ ലക്ഷ്യം ലോക സമ്മേളനമാണ്. ഇസ്ലാമിന്റെ നാല് സ്തംഭങ്ങൾ പരിശീലനക്കളരികളാണ്. ഇതിൽ നിന്നും അദ്ദേഹം മനസ്സിലാക്കിയത് ദൈവിക ഭരണം സ്ഥാപിക്കാൻ കഴിയാത്ത മുസ്ലിംകൾ പരാജയപ്പെട്ട മുസ്ലിംകളാണെന്നും അതിന് കഴിയാതെ വന്ന പ്രവാചകന്മാർ പരാജയപ്പെട്ട പ്രവാചകന്മാരാണെന്നുമാണ്.

അദ്ദേഹം പറയുന്നു: നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് പോലെ അല്ലാഹു ഇസ്ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളായി നിശ്ചയിച്ച്, നിങ്ങളുടെ മേൽ നിർബന്ധ ബാധ്യതയാക്കിയ ആരാധനകൾ, മറ്റു മതങ്ങളിലെ ആരാധനകൾ പോലെയല്ല. അത് നിങ്ങൾ അനുഷ്ഠിക്കുന്നത് കൊണ്ട് മാത്രം നിങ്ങളുടെ ഉത്തരവാദിത്വം തീരുകയും അല്ലാഹു നിങ്ങളെ തൃപ്തിപ്പെടുകയുമില്ല. പ്രത്യുത ഈ ആരാധനകൾ മഹത്തായ ഒരു ലക്ഷ്യം നേടുവാനുള്ള തയ്യാറാക്കലാണ്. അഥവാ അതിന്റെ പിന്നിലുള്ള ലക്ഷ്യം മനുഷ്യനെ മനുഷ്യന്റെ ആധിപത്യത്തിൽ നിന്ന് മോചിപ്പിച്ച് ഏകനായ അല്ലാഹുവിന്റെ അധികാരത്തിന് കീഴ്പ്പെടുത്തലാണ്. ഇതിന് വേണ്ടി സമ്പൂർണമായി സമർപ്പിക്കുന്നതിനാണ് ജിഹാദ് എന്ന് പറയുന്നത്. നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവയെല്ലാം പ്രസ്തുത ലക്ഷ്യസാക്ഷാൽക്കാരത്തിനായുള്ള ഒരുക്കലുകൾ മാത്രമാണ്.

അദ്ദേഹം തുടർന്ന് പറയുന്നു: ദീനിന്റെ യഥാർത്ഥ ലക്ഷ്യം നല്ല ഭരണമാണ്. ഈ ലക്ഷ്യത്തെ അവഗണിച്ചു കൊണ്ട് അല്ലാഹുവിന്റെ പ്രീതി നേടാൻ സാധ്യമല്ലെന്ന് അദ്ദേഹം പറയുന്നു. ഈ ലക്ഷ്യം നേടാൻ സാമൂഹിക ശക്തി ആവശ്യമാണ്. അതിൽ വീഴ്ച വരുത്തുന്നത് വലിയ പാതകമാണ്. തൗഹീദ് അംഗീകരിച്ചത് കൊണ്ടും നമസ്കാരം കൊണ്ടുമൊന്നും ആ വീഴ്ചയെ മായ്ച്ചു കളയാനാകില്ല.

അദ്ദേഹം പറയുന്നു: ഉസ്മാൻ(റ) നബി(സ) മക്കാ വിജയവേളയിൽ വെറുതെ വിട്ടവർക്ക് അധികാരത്തിലും നേതൃത്വത്തിലും ഉന്നത പദവികൾ നൽകി, ഇവർ മക്കാ വിജയത്തിന് ശേഷമാണ് ഇസ്ലാം സ്വീകരിച്ചത്. ഇവർ ഭരണ നിർവ്വണരംഗത്ത് പ്രഗത്ഭരായിരുന്നുവെങ്കിലും മതരംഗത്ത് അങ്ങനെയായിരുന്നില്ല. സാംസ്കാരിക നേതൃത്വത്തിന് യോഗ്യരല്ലാത്തതിനാൽ അവർ അതിന് അർഹരായിരുന്നില്ല. അവർ പ്രവാചകന്റെ ദീർഘകാലത്തെ സഹവാസം കൊണ്ട് സംസ്കരിക്കപ്പെട്ടവരായിരുന്നില്ല അതിനാൽ ജാഹിലിയ്യാ ശേഷിപ്പുകൾ അവശേഷിച്ചിരുന്നു. ഇക്കാര്യം തന്റെ 'ഖിലാഫത്തും രാജവാഴ്ചയും' എന്ന ഗ്രന്ഥത്തിലും മറ്റു പല ഗ്രന്ഥങ്ങളിലും ലേഖനങ്ങളിലും പ്രസിദ്ധീകരണത്തിലും പല രീതിയിലായി വ്യക്തമാക്കിയിട്ടുണ്ട്.

'തഫ്ഹീമുൽ ഖുർആൻ' എന്ന പേരിൽ തന്റെ വാദങ്ങൾ സ്ഥാപിക്കാൻ അദ്ദേഹം ഒരു ഖുർആൻ വ്യാഖ്യാനം രചിച്ചു. ഖുർആൻ ഗ്രഹിക്കാൻ ഭാഷയും ബുദ്ധിയും മാത്രം മതിയെന്നും ഖുർആൻ വാഖ്യാനിക്കാൻ ഈ തഫ്സീറുകളുടെ ഒന്നും ആവശ്യമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഹദീസുകൾ ആളുകൾ ആളുകളിൽ നിന്ന് ഉദ്ധരിച്ചതാണ്. തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് നിവേദകരിൽ നിന്ന് പിന്നീട് വന്നവർ ഉദ്ധരിക്കുകയായിരുന്നു. അവരെയും അവർ അംഗീകരിച്ചതും തള്ളിക്കളഞ്ഞതുമായ ഹദീസുകളും വിശ്വസിക്കാൻ കഴിയില്ല. സഹീഹുൽ ബുഖാരിയിൽ കേടുള്ള ഹദീസുകളുണ്ട്. ഹദീസുകളിൽ പറയപ്പെട്ടതുപോലെ ഒന്നിലധികം ആകാശങ്ങൾ ജൂതന്മാരുടെ തലക്കുമീതെ തൂർ പർവ്വതം ഉയർത്തിയ സംഭവം, സ്വർഗത്തിലെ ദൃഷ്ടികൾ താഴ്ത്തിയ ഹൂറികൾ, എന്നിവയെല്ലാം അദ്ദേഹം നിഷേധിച്ചു. സ്വർഗപ്രവേശനത്തിന് അർഹത നേടാത്ത വിശ്വാസികളുടെയും നിഷേധികളുടെയും പെൺമക്കളാകാം സ്വർഗത്തിലെ ഹൂറികൾ എന്നദ്ദേഹം അവകാശപ്പെട്ടു. അനസ്(റ) ഉദ്ധരിച്ച നബിക്ക് നൽകപ്പെട്ട ശക്തിയെ കുറിച്ചുള്ള സഹീഹായ ഹദീസ് അബദ്ധമാണെന്ന് അദ്ദേഹം വാദിച്ചു. ഇങ്ങനെ തന്റെ രോഗാതുരമായ ഗ്രാഹ്യതക്കനുസരിച്ച് സഹീഹായ ഹദീസുകളെ അദ്ദേഹം തള്ളിക്കളയുകയുണ്ടായി.

മൗദൂദി ചിന്തകളുടെ ഖണ്ഡനം

ഉസ്താദ് മൗദൂദിയുടെ ഗ്രന്ഥങ്ങളെ നീതിപൂർവ്വം നിരൂപണം ചെയ്യുന്നവന് തന്റെ ചിന്തകളിലും അഭിപ്രായങ്ങളിലും മുഅ്തസിലി, ഖവാരിജി, ശീഈ ചിന്തകളുടെ പ്രതിധ്വനികൾ ദർശിക്കാം. മുഅ്തസിലികളെ പോലെ പ്രമാണങ്ങൾക്കെതിരിൽ ധിഷണക്കു പ്രാധാന്യം നൽകുകയും ഖവാരിജുകളെ പോലെ അധികാരം സ്ഥാപിക്കാൻ ദീനിന്റെ പരമലക്ഷ്യമായി കാണുകയും ശിയാക്കളെ പോലെ സഹാബികൾക്കെതിരെ ആക്ഷേപം ചൊരിയുന്നതും കാണാം.

പ്രമുഖ മുഹദ്ദിസ് അല്ലാമാ മുഹമ്മദ് യൂസുഫ് ബിന്നൂരി(റ) പറയുന്നു. ഇദ്ദേഹം വക്രതയുള്ളവനും, വഴിപിഴച്ചവനും, വഴി പിഴപ്പിക്കുന്നവനുമാണെന്ന് പൊതുജന സമക്ഷം തുറന്നു പറയേണ്ട അവസ്ഥയാണുള്ളത്. തന്റെ ഗ്രന്ഥങ്ങളിലും ലേഖനങ്ങളിലും പല വിധത്തിലുള്ള കുഴപ്പങ്ങളുമുണ്ട്. അതിൽ ചിലത് കാരണം ഫാസിഖാവുമെങ്കിൽ മറ്റു ചിലത് കൊണ്ട് മുബ്തദിഉം മറ്റു ചിലത് കാരണം ദൈവനിഷേധിയുമായി തീരുന്നതാണ്. വേറെ ചിലതിനെക്കുറിച്ച് അദ്ദേഹത്തിന് മൗനം പാലിക്കേണ്ടി വന്നു. മതത്തെക്കുറിച്ചുള്ള അജ്ഞതയും വിശ്വാസത്തെക്കുറിച്ചുള്ള മൗഢ്യവും തന്റെ രചനയിലുള്ള വൈരുധ്യവും സച്ചരിതരായ പൂർവ്വഗാമികളെ ഒന്നും തിരിയാത്തവരായി ചിത്രീകരിക്കുന്നതും അവർക്കെതിരിൽ നടത്തുന്ന ആക്രമണങ്ങളും കാണിക്കുന്നത് ഇദ്ദേഹത്തിന്റെ പ്രകൃതത്തിലടങ്ങിയ അസഹനീയമായ അഹന്തയും ഗർവ്വും തന്നെ.

മൗദൂദിയുടെ ചിന്തകളിലെ വൈരുദ്ധ്യങ്ങളും വ്യതിയാനങ്ങളും കാരണമായി ജമാഅത്ത് രൂപീകരണത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖരായ അബുൽ ഹസൻ നദ്‌വിയും, മുഹമ്മദ് മൻസൂർ നുഅ്മാനിയും ആറ് മാസത്തിനകം സംഘടന വിട്ടു. അൽപകാലത്തിനുശേഷം അമീൻ അഹ്സൻ ഇസ്ലാഹിയും സംഘടന വിട്ടു. മസ്ഊദ് ആലം നദ്‌വി അധികം വൈകാതെ മരണപ്പെടുകയും ചെയ്തു. മൗദൂദി ചിന്തകൾക്ക് ആദ്യമായി ഖണ്ഡനം എഴുതിയത് മനാസിർ അഹ്സൻ കീലാനിയായിരുന്നു. അദ്ദേഹം 'സിദ്ഖ് ജദീദ്' എന്ന പത്രത്തിൽ 'നവ ഖവാരിജുകൾ' എന്ന പേരിൽ ഒരു ലേഖനമെഴുതി. പിന്നീട് സിദ്ഖിന്റെ പത്രാധിപർ (അബ്ദുൽ മാജിദ് ദർയാസാദി) വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ഒരു ഖണ്ഡനം എഴുതുകയുണ്ടായി. പിന്നീട് സയ്യിദ് സുലൈമാൻ നദ്‌വി, ശൈഖ് ഹുസൈൻ അഹ്മദ് മദനി (സദർ മുദർരിസ് ദാറുൽ ഉലൂം) എന്നിവരും മൗദൂദിക്ക് മറുപടികളെഴുതി. മൗലാനാ മദനി ജമാഅത്തിന്റെ ഭരണഘടന അപഗ്രഥന വിധേയമാക്കി അതിലെ വികലവാദങ്ങളും വ്യതിയാനങ്ങളും പ്രവാചകന്മാരുടെയും സഹാബികളുടെയും മഹത്വത്തെ ചവിട്ടി മെതിക്കുന്നതുമെല്ലാം അദ്ദേഹം തുറന്നുകാട്ടി.

ദാറുൽ ഉലൂം ദയൂബന്ദ് മുൻ പ്രിൻസിപ്പൾ മൗലാനാ മുഹമ്മദ് ത്വയ്യിബ് സാഹിബ്, ശൈഖ് മുഹമ്മദ് സകരിയ്യ കാന്ദഹ്‌ലവി, അല്ലാമാ മുഹമ്മദ് യൂസുഫ് ബിന്നൂരി, മുഫ്തി മുഹമ്മദ് ളഫീദുദ്ദീൻ മിഫ്താഹി തുടങ്ങിയവർ അദ്ദേഹത്തിന്റെ പിഴവാദങ്ങൾക്ക് മറുപടി നൽകിയവരിൽ പ്രമുഖരാണ്.

അദ്ദേഹത്തിന്റെ ആശയങ്ങളെ വിമർശിച്ചു കൊണ്ട് ദാറുൽ ഉലൂമിലെ പണ്ഡിതന്മാരും ഉസ്താദുമാരും നാൽപതോളം വിമർശന ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ജമാഅത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ദാറുൽ ഉലൂം ഫത്‌വ നൽകിയിട്ടുണ്ട്. അതിൽ സഹകരിക്കുന്നത് കൊടിയ വിഷമാണെന്നും പിഴച്ചു പോവാതിരിക്കാൻ മുസ്ലിംകൾ അതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അതിന്റെ ഉപദ്രവം ഉപകാരത്തെക്കാൾ വലുതാണെന്നും അതിനാൽ അതിനോടു സഹകരിക്കുന്നത് മതപരമായി അനുവദനീയമല്ലെന്നും അവരുടെ പ്രചാരണ പ്രസിദ്ധീകരണങ്ങളിലൂടെ അതിനെ പിന്തുണക്കുകയോ സഹായിക്കുകയോ ചെയ്യുന്നവർ കുറ്റക്കാരും നന്മയിലേക്കല്ല പാപത്തിലേക്കാണവർ ക്ഷണിക്കുന്നതെന്നും അവരിൽ പെട്ടവർ ഇമാമായി നമസ്കരിക്കുന്ന പള്ളികളിൽ നമസ്കരിക്കുന്നത് കറാഹത്താണെന്നും ഫത്‌വയിൽ ചൂണ്ടിക്കാട്ടി.

(അവലംബം: അദ്ദാഈ മാസിക ദാറുൽ ഉലൂം ദയൂബന്ദ്, ആഗസ്ത് 2016, വാള്യം 9-10, ലക്കം 40)

അവലംബം ബലാഗ് മാസിക് ജൂലൈ 2020

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal