} -->

ഇഖ്‌വാനുൽ മുസ്‌ലിമൂൻ ആരുടെ സൃഷ്ടി?

ഇഖ്‌വാനുൽ മുസ്‌ലിമൂൻ ആരുടെ സൃഷ്ടി?


- സി. എ. ആർ

ഇഖ്‌വാനുൽ മുസ്‌ലിമൂൻ അഥവാ മുസ്‌ലിം ബ്രദർ ഹുഡ് പാശ്ചാത്യ രക്ഷാകർതൃത്വത്തിൽ ഉടലെടുത്ത ഖവാരിജി ചിന്ത പേറുന്ന തീവ്ര സംഘമാണെന്നും അത് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നില്ലെന്നുമുള്ള സഊദി ഉന്നത പണ്ഡിത സഭയുടെ പ്രസ്താവന പലരെയും വിറളി

പിടിപ്പിച്ചിരിക്കുകയാണ്. ഇഖ്‌വാന്റെ തനിനിറം തിരിച്ചറിയാതെ, സഊദി ഭരണകൂടവും പണ്ഡിതന്മാരും ഇഖ്‌വാൻ അനുകൂല നിലപാടുകൾ സ്വീകരിച്ചതിനെ എടുത്തു കാട്ടിയാണ് പലരും പ്രസ്തുത പ്രസ്താവനയുടെ സാംഗത്യം ചോദ്യം ചെയ്യുന്നത്. ഇഖ്‌വാൻ പദ്ധതികളെ കലവറയില്ലാതെ പിന്തുണച്ച ഒരു ഭൂതകാല ചരിത്രം സഊദിക്കുണ്ടെന്ന വസ്തുത നിസ്തർക്കമാണ്. സഊദിയുടെ ചിലവിൽ പാശ്ചാത്യ രാജ്യങ്ങളിൽ, നിർമിക്കപ്പെട്ട ഇസ്‌ലാമിക സെന്ററുകൾ എല്ലാം ഇഖ്‌വാൻ അധീനതയിലാണെന്നതും യാഥാർത്ഥ്യമാണ്. സഊദി മതപ്രബോധകരായി വിദേശ രാജ്യങ്ങളിലേക്ക് അയച്ചവർ ബഹുഭൂരിപക്ഷവും ഇഖ്‌വാൻ ചിന്താധാരയുടെ വക്താക്കളായിരുന്നു, ഇത്തരത്തിൽ സഊദി നിയോഗിച്ച മലയാളികളായ പ്രബോധകരാണ് ടി.കെ. ഇബ്രാഹീം, അഹ്മദ് കുട്ടി, ഒ.പി. അബ്ദുസ്സലാം, അബ്ദുറഹ്മാൻ തദ്ദവായ്, സഈദ് മരക്കാർ തുടങ്ങിയവർ. സഊദി യൂണിവേഴ്സിറ്റികളിൽ പഠിച്ച ഇവരെല്ലാം ഇഖ്‌‌വാന്റെ ഇന്ത്യൻ പതിപ്പായ ജമാഅത്തെ ഇസ്‌ലാമിയുടെ വക്താക്കളാണെന്നതിൽ സംശയമില്ല. ഇന്ത്യയിൽ സഊദി അറേബ്യയുടെ സാമ്പത്തിക സഹായം ഏറ്റവും കൂടുതൽ ലഭിച്ചതും മറ്റാർക്കുമല്ല, കേരളത്തിലെ അവരുടെ ഇസ്‌ലാമിക സർവകലാശാലയുടെ കെട്ടിടം വരെ സഊദി രാജാവിന്റെ ഔദാര്യമാണെന്നായിരുന്നു ജമാഅത്തിന്റെ അറബി പത്രമായ അൽജാമിഅയിൽ അബ്ദുല്ല രാജാവിന്റെ ഫോട്ടോ സഹിതം, പ്രസിദ്ധം ചെയ്തത്. ചോറ് റിയാദിൽ നിന്നാണെങ്കിലും കൂറ് പുലർത്തിയിരുന്നത് ടെഹ്റാനോടായിരുന്നുവെന്ന് മാത്രം. ഇഖ്‌വാൻ രക്ഷാകർതൃത്വത്തിൽ സഊദി ഫണ്ടിംഗോടു കൂടി നടന്ന വലിയ സംരംഭങ്ങളായിരുന്നു റാബിഥ്വയും (മുസ്‌ലിം വേൾഡ് ലീഗ്) ഫൈസൽ ബാങ്കും. ഇപ്പോൾ, ഉന്നത പണ്ഡിതസഭയിലുള്ള ഡോ. തുർക്കി റാബിഥ്വയുടെ തലപ്പത്തിരുന്നപ്പോൾ സഊദി ഫണ്ട് മുഴുവൻ ഒഴുകിയത് ഇഖ്‌വാൻ കേന്ദ്രങ്ങളിലേക്കായിരുന്നുവെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഇഖ്‌വാൻ സംഘടനയുടെ പാശ്ചാത്യ ലോകത്തെ വക്താവായിരുന്ന കമാൽ ഹൽബാവിയായിരുന്നു ഒരു കാലത്ത് സഊദി അറേബ്യയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഉപദേഷ്ടാവ്. സഊദിയുടെ ചിലവിൽ ആഗോള മുസ്‌ലിം യുവതയെ ഇഖ്‌വാനിസത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ സ്ഥാപിക്കപ്പെട്ട ലോക മുസ്‌ലിം യുവജന കൂട്ടായ്മ (വമി)യുടെ സ്ഥാപകാംഗവും എക്സിക്യൂട്ടീവ് ഡയറക്ടറും ഇദ്ദേഹമായിരുന്നു.

"ഞങ്ങൾ (ഇഖ്‌വാൻ) ഇമാം ഹസനുൽ ബന്നയിൽ നിന്നും മൗദൂദിയിൽ നിന്നും ഇമാം ഖുമൈനിയിൽ നിന്നും ആദർശങ്ങൾ ഉൾകൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന് ടെഹ്റാനിൽ ഖാംനഇ സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിച്ച കക്ഷിയാണിദ്ദേഹം. മദീന യൂണിവേഴ്സിറ്റിയടക്കം സഊദി സർവകലാശാലകൾ ഇഖ്‌വാന്റെ നിയന്ത്രണത്തിലായിരുന്നു. സിറിയ, ഇറാഖ്, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട ഇഖ്‌വാൻ പണ്ഡിതന്മാരും ബുദ്ധിജീവികളും സഊദി സർവകലാശാലകളിൽ അടിഞ്ഞുകൂടി, അവിടെ അറബി വിരുദ്ധ ദേശ വിരുദ്ധ തീവ്ര ചിന്തകൾക്ക് അവർ വിത്തിട്ടു. രാജ്യം അപകടത്തിലായതറിഞ്ഞ സഊദി വളരെ വൈകിയാണെങ്കിലും ഇഖ്‌വാനെ തള്ളി പറയാൻ തയ്യാറായിരിക്കുകയാണ്. ഹുസൈൻ കമാലുദ്ദീൻ, അബ്ദുർറഹ്മാൻ ബർ, മുഹമ്മദ് ഹിലാൽ, ലാശീൻ അബൂശനബ്, മുഹമ്മദ് ഖുതുബ്, മുഹമ്മദുൽ ഗസാലി, അബ്ദുൽ ഫതാഹ്, അബൂഗുദ്ധ, സയ്യിദ് സാബിഖ്, അഹ്മദ് ഹസൻ അൽഖൗലി, മുഹമ്മദ് റഅ്ഫത് സഈദ്, മുഹമ്മദ് മഹ്മൂദ് സവ്വാഫ് (മുൻ റാബിഥ തലവൻ), അബ്ദുല്ല അൽവാൻ, സഈദ് ഹവ്വ, മുഹമ്മദ് അമീൻ മിസ്‌രി, അബ്ദുല്ല അസ്സാം, അബ്ദുല്ല അൽഅഖീൽ (മുൻ റാബിഥ്വ സെക്രട്ടറി), മന്നാഅ് അൽഖത്താൻ, മുഹമ്മദ് സുറൂർ തുടങ്ങിയവർ. ആദ്യ തലമുറയിൽപെട്ട സഊദി സർവകലാശാലകളിലെ ഇഖ്‌വാൻ അധ്യാപകരിൽ ചിലരത്രെ. മൗദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും കൃതികൾ സ്കൂളുകളിലടക്കം പാഠപുസ്തകമായിരുന്നു. സോവിയറ്റ് അധിനിവേശത്തെ ചെറുക്കാൻ ഹജ്ജ് വേളകളിൽ പോലും സയ്യിദ് ഖുതുബിന്റെ കൃതികളായിരുന്നു വിതരണം ചെയ്തിരുന്നത്. 1950 കളിൽ ആരംഭിച്ച വിദ്യാഭ്യാസ രംഗത്തെ ഇഖ്‌വാൻ അധിനിവേശം സർവകലാശാലകളിൽ പഠിച്ചിറങ്ങിയവരെ ഇഖ്‌വാനി ചിന്തകളിലേക്ക് ആകർഷിച്ചതിൽ അത്ഭുതപ്പെടേണ്ടതില്ല, മൂന്ന് തലമുറകൾ ഇഖ്‌വാനി ചിന്തകൾ പേറിയാണ് സഊദി യുവത കടന്നുപോയത്. 1961ൽ അൽ അസ്ഹറിന്ന് ബദലായി ആരംഭിച്ച മദീന യൂണിവേഴ്സിറ്റിയുടെ പിന്നിൽ പ്രവർത്തിച്ച തലച്ചോറുകൾ ഇഖ്‌വാനികളായിരുന്നു. പിന്നീട് കിങ് അബ്ദുൽ അസീസ് സർവകലാശാലയും ഉമ്മുൽ ഖുറാ സർവകലാശാലയും അവരുടെ കൈപിടിയിൽ വന്നു. മദീന യൂണിവേഴ്സിറ്റിയിൽ ഇഖ്‌വാനികളായിരുന്ന മുഹമ്മദ് അൽ മജ്ദൂബ്, അലി ജരീശ തുടങ്ങിയവർ ഉന്നതങ്ങളിൽ പ്രവർത്തിച്ചപ്പോൾ ഉമ്മുൽ ഖുറയിൽ സയ്യിദ് സാബിഖ്, മുഹമ്മദ് ഖുതുബ്, മുഹമ്മദുൽ ഗസാലി എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു. ശൈഖ് അൽബാനിയെ പോലുള്ള സലഫി പണ്ഡിതന്മാർക്ക് പരിമിതമായ സ്വാതന്ത്ര്യം മാത്രമാണുണ്ടായിരുന്നത്. റിയാദിലെ ഇമാം മുഹമ്മദ് സർവകലാശാലയിൽ മന്നാഉൽ ഖത്താൻ, മുഹമ്മദ് റാവി, അബ്ദുൽ ഫതാഹ്, അബൂഗുദ്ധ, അബുൽ ഫത്ഹു ബയാനൂനി, അബ്ദുൽ മുഹ്സിൻ അത്തുർക്കി തുടങ്ങിയവരുടെ നിയന്ത്രണത്തിലായിരുന്നു.

സൗദി പണ്ഡിതന്മാർക്ക് ഇവരുടെ അടവ് നയം തിരിച്ചറിയാൻ സാധിച്ചില്ല. സാധിച്ച അപൂർവ്വം ചിലരെ ഇവർ തീവ്രവാദികളെന്നും ഭിന്നിപ്പുകാരെന്നും മുദ്രകുത്തി അക്രമിച്ചു അതേ സമയം  , ഇഖ്‌വാൻ പണ്ഡിതന്മാർ സഊദി സർവകലാശാലകളിലെ വിദ്യാർത്ഥികളെ ഇഖ്‌വാൻ വൽക്കരിക്കുന്ന തിരക്കിലായിരുന്നു. അന്നത്തെ അവരുടെ വിദ്യാർത്ഥികളായിരുന്ന സൽമാനുൽ ഔദാസിഫർ അൽ ഹവാലി, ആഇളുൽ ഖർനി തുടങ്ങിയവർ പിന്നീട് രാജ്യത്തിനു ഭീഷണിയായി വളർന്ന ഇഖ്‌വാൻ തലമുറയുടെ പ്രതിനിധികളത്രെ, സഊദിയുടെ മില്ല്യൺ കണക്കിന് ഫണ്ട് വാങ്ങി പാക്കിസ്ഥാനിലെ ജമാഅത്ത് ചിന്തകൻ കലീം സിദ്ധീഖിയെ പോലുള്ളവർ, ഇറാൻ വിപ്ലവാശയങ്ങൾ പ്രചരിപ്പിക്കുന്ന ഇസ്‌ലാമിക സെന്ററുകൾ വരെ ബ്രിട്ടനിൽ പണിയുകയുണ്ടായി!

എല്ലാം കൈവിട്ടശേഷം നേരം വെളുത്ത സഊദി അധികൃതർ, ഹസനുൽ ബന്ന, സയ്യിദ് ഖുതുബ്, മൗദൂദി ഖർദാവി, അബ്ദുൽ ഖാദർ ഔദ, മുസ്തഫുസിബാഈ എന്നിവരുടെ കൃതികൾ സഊദി ലൈബ്രറികളിൽ നിന്ന് പിൻവലിക്കുന്ന തിരക്കിലാണ്. (ഇസ്‌ലാമിക തീവ്രവാദ ചിന്തയുടെ മാസ്റ്റർ പീസായ സയ്യിദ് ഖുതുബിന്റെ "വഴിയടയാളങ്ങളു"ടെ മലയാളത്തിലുള്ള കോപ്പികൾ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ലൈബ്രറിയിൽ നിന്നടക്കം കളവ് പോയത് ഓർക്കുമ്പോൾ, വ്യസനവും തമാശയും തോന്നുന്നു!) അമേരിക്കയുടെയും ബ്രിട്ടന്റെയും താൽപര്യങ്ങൾക്കനുസരിച്ച് കലവറയില്ലാതെ ഇഖ്‌വാനിസത്തെ സഹായിച്ച സഊദിക്ക് അതിന്റെ വിധിയെ പഴിച്ച് കഴിയുകയേ നിർവ്വാഹമുള്ളൂ.

ഹസനുൽ ബന്നയുടെ കാലത്ത് തന്നെ തുടക്കം കുറിച്ച നിഗൂഢ പദ്ധതികളുടെ സുദീർഘമായ ചരിത്രമുണ്ട് ഇഖ്‌വാന്. സ്ഥാപകന് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഇഖ്‌വാൻ ചരിത്ര രേഖകൾ തെളിയിക്കുന്നുണ്ട്. ബ്രിട്ടീഷ് എഴുത്തുകാരൻ മാർക്ക് കീർട്ട്സ് 1940 കളിൽ ബ്രിട്ടൻ ഇഖ്‌വാന് ഫണ്ട് നൽകിയത് വ്യക്തമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈജിപ്തിലെയും മറ്റ് അറബ് രാഷ്ട്രങ്ങളിലെയും ദേശീയ കക്ഷികളെ തകർക്കാനായിരുന്നു ബ്രിട്ടനും അമേരിക്കയും ഇഖ്‌വാനെ കൂട്ടുപിടിച്ചത്. ജമാൽ അബ്ദുന്നാസിറിന്റെ സോവിയറ്റ് ആഭിമുഖ്യമായിരുന്നു ഇതിന് പ്രധാന കാരണം.

അറബ് ഭരണകൂടങ്ങൾക്കെതിരെ കലാപം നടത്തിയതിന് മാതൃരാജ്യങ്ങളിൽ നിന്ന് പുറത്തായ മുഴുവൻ ഇഖ്‌വാൻ നേതാക്കൾക്കും ലണ്ടൻ അഭയം നൽകിയത് എന്തിനായിരുന്നു? എഴുപതുകൾ മുതൽ ആഗോള ഇഖ്‌വാന്റെ കേന്ദ്ര ആസ്ഥാനം ലണ്ടനിലാകാൻ കാരണമെന്ത്? ഇരുപത്തൊന്ന് വർഷങ്ങൾ ലണ്ടനിലിരുന്നായിരുന്നു റാഷിദ് ഗനൂഷി തുനീസ്യയിലെ ഭരണകൂട വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഇസ്‌ലാമിന്റെ പേരിൽ അധികാരം പിടിച്ചടക്കിയ തുനീഷ്യ ഇന്ന് ഇസ്‌ലാമിക വിരുദ്ധമായ പല പരിഷ്കാരങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇഖ്‌വാന് ഭൂരിപക്ഷമുള്ള പാർലമെന്റ് സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുകയും അനന്തരാവകാശ നിയമത്തിൽ സ്ത്രീ പുരുഷ തുല്യാവകാശം നടപ്പാക്കുകയും ചെയ്തു.

രഹസ്യസ്വഭാവം ഒഴിവാക്കപ്പെട്ട രേഖകൾ പരിശോധിച്ചാണ് കേർട്ട്സ് ബ്രിട്ടീഷ് ഇഖ്‌വാൻ ബന്ധത്തിന്റെ ചുരുളുകൾ അഴിക്കുന്നത്. രണ്ടാം ലോക യുദ്ധത്തിന്റെ തുടക്കത്തിലേ ഈ അവിശുദ്ധ കൂട്ടുകെട്ടിന് തുടക്കം കുറിച്ചിരുന്നു. "ഇസ്‌ലാമാണ് പരിഹാരം", "ഖുർആൻ നമ്മുടെ ഭരണഘടന" തുടങ്ങിയ സുന്ദര മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് അറബ് രാഷ്ട്രങ്ങളുടെ ഭരണം പിടിച്ചടക്കാൻ സാമ്രാജ്യത്വ ശക്തികളുടെ സഹായത്തോടെ ഇഖ്‌വാൻ ശ്രമിച്ചത്. ഈജിപ്തിനെ മധ്യ പൗരസ്ത്യ ദേശത്തെ അച്ചുതണ്ട് ശക്തിയായാണ് ബ്രിട്ടൻ കണക്കാക്കുന്നത്. ബ്രിട്ടന്റെ ഏറ്റവും വലിയ സൈനിക കേന്ദ്രം സൂയസിലായിരുന്നു. ഫലസ്തീൻ പ്രശ്നത്തിൽ ബ്രിട്ടന്റെ നിലപാടുകൾക്കെതിരെ ശബ്ദിച്ച ഇഖ്‌വാൻ അതിനെ ശത്രുരാജ്യമായി മുദ്രകുത്തി ഫലസ്തീൻ മുഫ്തിയായിരുന്ന അമീനുൽ ഹുസൈനി ഇഖ്‌വാനിയായിരുന്നുവെന്നോർക്കുക. (ഇയാൾ ഹിറ്റലറുടെയും മുസ്സോളിനിയുടെയും അടുത്ത സുഹൃത്തായിരുന്നു). ദുരൂഹതകൾ നിറഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഇഖ്‌വാനെ അടിച്ചമർത്താൻ തുടക്കത്തിൽ ശ്രമിച്ച ബ്രിട്ടൻ, ബ്രിട്ടീഷ് അനുകൂലിയായിരുന്ന ഫാറൂഖ് രാജാവ് ഇഖ്‌വാനുമായി സഖ്യം ചേർന്നതോടെ നിലപാട് മാറ്റുകയാണുണ്ടായത്. 1940 കളോടെ ബ്രിട്ടൻ ഇഖ്‌വാന് ഫണ്ട് നൽകാൻ തുടങ്ങി. ദേശീയ കക്ഷികളായ വഫ്ദ് പാർട്ടിയെപ്പോലുള്ള ദേശീയ കക്ഷികളുമായി സഖ്യം ചേരുന്നതിലും ഭേദം, ഇഖ്‌വാനുമായി സഹകരിക്കുന്നതാണെന്ന് ഫാറൂഖ് രാജാവ് മനസ്സിലാക്കി. 1942ലെ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടും ഇതിനനുകൂലമായിരുന്നു. അന്നു മുതൽ ബ്രിട്ടീഷ് രാജകൊട്ടാരത്തിന്റെ തണലിൽ ഇഖ്‌വാൻ തങ്ങളുടെ പദ്ധതികൾ ലോകത്തുടനീളം അഭംഗുരം തുടർന്നു കൊണ്ടിരിക്കുകയാണ്.

ജമാൽ അബ്ദുന്നാസറിന്റെ ഭരണകൂടത്തെ താഴെയിറക്കാൻ ബ്രിട്ടൻ ഇഖ്‌വാന് ഫണ്ട് നൽകിയതായി കേർട്ട്സ് ആരോപിക്കുന്നുണ്ട്. അൻവർ സാദാത്ത് തന്റെ ഭരണസ്ഥിരതക്കായി ഇഖ്‌വാനെ ഉപയോഗിച്ചു. ഇഖ്‌വാനെ നന്നായി ഉപയോഗിക്കാവുന്ന ആയുധമായി ബ്രിട്ടൻ പരിഗണിച്ചുപോന്നു. സിറിയയിലെ ദേശീയ സർക്കാറുകളെ അട്ടിമറിക്കാനും ജമാൽ അബ്ദുന്നാസിറിനെ വധിക്കാനും ബ്രിട്ടൻ ഇഖ്‌വാനെ സഹായിച്ചുവെന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നുണ്ട്. ജമാൽ അബ്ദുന്നാസിറിന് ശേഷം അധികാരം ഇഖ്‌വാന്റെ കൈകളിൽ വരുമെന്നായിരുന്നു ബ്രിട്ടന്റെ കണക്കുകൂട്ടൽ. ബ്രിട്ടീഷ് എമ്പസിയിലെ ഉന്നത ഉദ്യോഗസ്ഥൻ ട്രഫോർ ഇവാൻസ് ഇഖ്‌വാൻ നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. സ്ഥിതിഗതികൾ തങ്ങൾക്കനുകൂലമായിരിക്കുമെന്ന് അയാൾ ബ്രിട്ടീഷ് അധികൃതരെ ധരിപ്പിച്ചു. മധ്യ പൗരസ്ത്യ ദേശത്ത് ശക്തമായ ഒരു രാഷ്ട്രീയ ശക്തി രൂപപ്പെടുന്നതിന്റെ അപകടം മണത്തറിഞ്ഞ ബ്രിട്ടൻ, ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തിന്റെ ഭാഗമായാണ് അറബ് ദേശീയ ശക്തികളെ ക്ഷയിപ്പിക്കുവാൻ ഇഖ്‌വാനെ കൂട്ടുപിടിച്ചത്. അറബ് ദേശീയവാദികൾ ജമാൽ അബ്ദുന്നാസിറിനെ നേതാവാക്കി മേഖലയെ ഒറ്റ ശക്തിക്കു കീഴിൽ കൊണ്ടുവരുമെന്ന ഭീതിയായിരുന്നു ബ്രിട്ടനെ ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. ഈജിപ്ഷ്യൻ ജനതക്കെതിരെ മനശാസ്ത്ര യുദ്ധം നടത്താൻ ബ്രിട്ടൻ ഇഖ്‌വാനെ ഉപയോഗപ്പെടുത്തിയിരുന്നതായി BBC പ്രക്ഷേപണം ചെയ്ത ചില പരിപാടികളിൽ കുറ്റസമ്മതം നടത്തിയിരുന്നു. സാമ്രാജ്യത്വ ശക്തികളുടെ സഹായത്തോടെ ഇഖ്‌വാൻ ലോകതലത്തിൽ നടപ്പാക്കിയ പല പദ്ധതികളെ കുറിച്ചു അൽ ജസീറ പ്രക്ഷേപണം ചെയ്ത "കാലത്തിന്റെ സാക്ഷി" എന്ന പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് യൂസുഫ് നദയെപ്പോലുള്ള ആഗോള ഇഖ്‌വാൻ നേതാക്കൾ പല സത്യങ്ങളും വിളിച്ചു പറഞ്ഞതുമാണ്. ഖുമൈനിയുടെ പാരീസ് വാസകാലത്ത് തന്നെ ഇഖ്‌വാൻ നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചു ചർച്ച നടത്തിയ കാര്യം നദാ തുറന്നു പറഞ്ഞിട്ടുണ്ട്. അറബ് ലോകത്തെ തങ്ങളുടെ അജണ്ടകൾ നടപ്പാക്കാൻ അമേരിക്ക ഇഖ്‌വാനെ ഉപയോഗിച്ചു. വളരെ ആസൂത്രണത്തോടു കൂടി ഫ്രിമേസണറി ചിട്ടയോടു കൂടി സംഘടിപ്പിക്കപ്പെട്ട ഒരു പ്രസ്ഥാനമാണ് ഇഖ്‌വാനെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞു. തങ്ങളുടെ അജണ്ട നടപ്പാക്കാൻ CIA ഹസനുൽ ബന്നയുടെ മരുമകൻ സഈദ് റമളാനെ ശട്ടം കെട്ടി. അമേരിക്കൻ പ്രസിഡണ്ടിനെ വൈറ്റ് ഹൗസിൽ പോയി കൂടിക്കാഴ്ച നടത്താൻ മാത്രം സ്വാതന്ത്രംയ അദ്ദേഹത്തിനുണ്ടായിരുന്നു. ജനീവ ആസ്ഥാനമായി അദ്ദേഹം തന്റെ രഹസ്യപ്രവർത്തനം തുടർന്നു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് സഊദി റാബിഥ്വ രൂപീകരിച്ചത്. രാഷ്ട്രത്തലവന്മാരുടെ നിലവാരത്തിൽ ജീവിച്ച അദ്ദേഹത്തിന്റെ പുത്രനാണ് വിവാദപുരുഷനായ ഫ്രഞ്ച് ബുദ്ധിജീവി താരീഖ് റമദാൻ. അഞ്ച് സ്ത്രീകൾ തനിക്കെതിരിൽ ഉന്നയിച്ച ലൈംഗിക പീഡനകേസിൽ നിയമനടപടികൾ നേരിട്ടു കൊണ്ടിരിക്കുകയാണദ്ദേഹം. ഇദ്ദേഹത്തിന് മില്ല്യൺ കണക്കിന് ഡോളറുകളാണ്.ഒരു കൊച്ചു അറബ് രാഷ്ട്രം യൂറോപ്പിൽ ഇഖ്‌വാൻ അജണ്ടകൾ നടപ്പിലാക്കുവാനായി നൽകിയത് എല്ലാം പുറത്തു വന്നിട്ടുണ്ട്. കേരളത്തിൽ മാധ്യമവും പ്രബോധനവും ചർച്ചയാക്കാത്തത് കൊണ്ട് മലയാളികൾ ഇതൊന്നും അറിഞ്ഞില്ലെന്ന് മാത്രം.

സോവിയറ്റ് യൂണിയനെതിരിൽ നടത്തിയ ശീത സമരങ്ങളിലും അഫ്ഗാൻ ജിഹാദിലും അമേരിക്ക ഇഖ്‌വാനികളെ നന്നായി ഉപയോഗപ്പെടുത്തി. സഊദിയുടെ ഫണ്ടും ഇഖ്‌വാൻ മിഷനറിയുമാണ് അമേരിക്ക ഉപയോഗപ്പെടുത്തിയത്. അഫ്ഗാൻ യുദ്ധ സങ്കേതത്തിൽ നിന്ന് പരിജയപ്പെട്ട സഊദി യുവാവ് ബിൻലാദനെ തീവ്ര ചിന്താഗതിയിലേക്കാകർഷിച്ചതും അൽഖാഇദ രൂപീകരിക്കാൻ പ്രേരിപ്പിച്ചതും. സഊദി യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്ന, ജോർദ്ദാനിലെ ഇഖ്‌വാൻ തലവനായിരുന്ന അബ്ദുല്ല അസ്സാമായിരുന്നു.

ഇഖ്‌വാനും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗവും തമ്മിലുള്ള ധാരണകൾ


ഈജിപ്തിൽ വിദേശീയാധിപത്യത്തിനെതിരിൽ പോരാടുന്ന സ്വാതന്ത്ര രാഷ്ട്രത്തിനായി പ്രവർത്തിക്കുക. ദേശീയ കക്ഷികളെ പ്രതിരോധിക്കുക.

ഈജിപ്തിലെ വിദേശ എമ്പസികൾ, സൈനിക കേന്ദ്രങ്ങൾ എന്നിവയുടെ വിവരങ്ങൾ ശേഖരിക്കാൻ, ഒരു രഹസ്യവിംഗ് രൂപീകരിക്കാൻ ഇഖ്‌വാനെ ചുമതലപ്പെടുത്തുകയും ഇഖ്‌വാൻ വീക്ഷണത്തിനെതിരിൽ നിലകൊള്ളുന്ന രാഷ്ട്രീയ നേതാക്കളെ വകവരുത്താനും പദ്ധതികൾ തയ്യാറാക്കി.

വ്യവസായ വാണിജ്യ മേഖലയിലും തൊഴിൽ സ്ഥാപനങ്ങളിലും ഇടപെടുക, ഉന്നത സർക്കാർ തസ്തികകളിൽ നുഴഞ്ഞു കയറുക, തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് സർക്കാർ മിഷനറിയെ ചലിപ്പിക്കുക എന്നിവയായിരുന്നു അവർ തമ്മിലുള്ള പ്രധാന ധാരണകൾ.

വളരെ വൈകി മാത്രം അപകടം തിരിച്ചറിഞ്ഞ സഊദി ഇപ്പോൾ, ഇഖ്‌വാൻ പേരുകൾ മുറിച്ചു മാറ്റാനുള്ള ശ്രമത്തിലാണ്. മത വിദ്യാഭ്യാസ, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ ആഴത്തിൽ വേരൂന്നിയ, മൂന്ന് തലമുറകളെ അഗാധമായി സ്വാധീനിച്ച ഒരു രഹസ്യാത്മക സംഘടനയുടെ വേരറുക്കുക പ്രയാസകരമായ ദൗത്യമായിരിക്കും. ഈജിപ്തിനെ പോലെ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകാൻ സഊദിക്കാവുമോ എന്നത് കാത്തിരുന്ന് കാണാം.

അവലംബം


1. Secret Affiars Britians's Collusion with Radical Islam              Mark Kurits

2.Devils Game - Robert Dreyfus

3 comments:

Nks said...

ഇതിന്റെ ലേഖകൻ ആരാണ്?
എന്തെല്ലാം മണ്ടത്തരങ്ങൾ ആണ് എഴുതി വിടുന്നത്!
(സാധാരണ ഗതിയിൽ) ഒരു ഇസ്ലാമിക നവജാഗരണ മുന്നേറ്റത്തിന്റെ രൂപീകരണ സമയം അത് മുന്നോട്ടു വെക്കുന്ന പോയിന്റുകൾ എത്ര മഹത്തരമാണ്. കാലാന്തരത്തിൽ അല്ലേ വഴി തെറ്റുന്നത്. ലേഖന് ഇത്തരം സാധാരണ കാര്യങ്ങൾ പോലും അറിയില്ലേ.വെറുതെ കാടടച്ച് വെടി വെക്കരുത്.

Nks said...

ഇതിന്റെ ലേഖകൻ ആരാണ്?
എന്തെല്ലാം മണ്ടത്തരങ്ങൾ ആണ് എഴുതി വിടുന്നത്!
(സാധാരണ ഗതിയിൽ) ഒരു ഇസ്ലാമിക നവജാഗരണ മുന്നേറ്റത്തിന്റെ രൂപീകരണ സമയം അത് മുന്നോട്ടു വെക്കുന്ന പോയിന്റുകൾ എത്ര മഹത്തരമാണ്. കാലാന്തരത്തിൽ അല്ലേ വഴി തെറ്റുന്നത്. ലേഖന് ഇത്തരം സാധാരണ കാര്യങ്ങൾ പോലും അറിയില്ലേ.വെറുതെ കാടടച്ച് വെടി വെക്കരുത്.

Hafeed nadwi said...

ഇതാരെഴുതിയതായാലും ജഹ്‌ലു മുറക്കബിന്റെ മാരകേ വേർഷൻ എന്നേ പറയുന്നുള്ളൂ

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal