} -->

ഹിന്ദുത്വവാദികളുടെ ഖുർആൻ വിമർശനങ്ങളും വസ്തുതയും (രണ്ട്)

ഹിന്ദുത്വവാദികളുടെ ഖുർആൻ വിമർശനങ്ങളും വസ്തുതയും (രണ്ട്) 

- മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി

സൂക്തം എട്ട് (അത്തഹ്‌രീം 9)

 يَا أَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنَافِقِينَ وَاغْلُظْ عَلَيْهِمْ ۚ وَمَأْوَاهُمْ جَهَنَّمُ ۖ وَبِئْسَ الْمَصِيرُ 
"നബിയേ, സത്യനിഷേധികളോടും കപടവിശ്വാസികളോടും നിങ്ങൾ സമരം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം നരകമാകുന്നു. ചെന്നു ചേരേണ്ട സ്ഥലം എത്ര ചീത്ത."
ഈ സൂക്തത്തെ സംബന്ധിച്ചുള്ള ആക്ഷേപം, ജിഹാദ് എന്ന പദം ഉപയോഗിച്ചതാണ്. ജിഹാദിനെ കുറിച്ചുള്ള ഇസ്ലാമിന്റെ വീക്ഷണം

അറിയേണ്ടവർ മനസ്സിലാക്കേണ്ട കാര്യം എപ്പോഴും യുദ്ധം എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്ന പദമല്ല ഇതെന്നാണ്. പോരാട്ടം എന്നർത്ഥത്തിൽ പ്രയോഗിക്കപ്പെടുന്ന പദമാണ് "ഖിത്താൽ". സംഘ്പരിവാരവും മറ്റുള്ളവരും ഉന്നയിക്കുന്ന മറ്റൊരാരോപണം ഒരു പ്രവാചകന് എങ്ങനെ യുദ്ധത്തിൽ പങ്കെടുക്കാനാവും എന്നതാണ്. എന്നാൽ ഒരു പ്രവാചകനോ സാധാരണക്കാരനോ ആവട്ടെ, മറ്റൊരാൾ തന്നെ ഒരു ഏറ്റുമുട്ടലിന് നിർബന്ധിച്ചാൽ എന്താണ് ചെയ്യേണ്ടത്? എന്നതാണ് ഇതു കേൾക്കുമ്പോൾ മനസ്സിലേക്കോടിയെത്തുന്ന ചോദ്യം. സാമൂഹ്യ സാഹചര്യങ്ങൾ ദുഷിപപിക്കാൻ ശ്രമിക്കുന്ന ശത്രുക്കളോട് യുദ്ധം ചെയ്യാൻ നിർബന്ധിതമായ സാഹചര്യത്തിൽ വിശേഷിച്ചും, ശത്രുക്കളോട് കണിശത പുലർത്തുകയല്ലാതെ മറ്റെന്തു മാർഗമാണ് നബി സ്വീകരിക്കുക.
ഇസ്ലാമിക ഭരണത്തിനു കീഴിൽ ജീവിക്കുന്ന എല്ലാ അമുസ്ലിംകളും ഒരു പോലെയല്ല. സംരക്ഷിതരായ ദിമ്മികളും കരാറിലേർപ്പെട്ടവരും ഭരണകൂടത്തിന്റെ സുരക്ഷക്കു കീഴിൽ ജീവിക്കുന്നവരും സമ്പത്തും ശരീരവും കൈയ്യേറ്റം ചെയ്യപ്പെടാൻ പാടില്ലാത്തവരുമാണ്. മറ്റൊരു വിഭാഗം മുസ്ലിംകളോട് ഏറ്റുമുട്ടുന്ന വിഭാഗമാണ്. അവരോടാണ് അല്ലാഹു യുദ്ധം ചെയ്യാൻ കൽപിച്ചത്. മേൽപറയപ്പെട്ട സൂക്തങ്ങൾ ഈ വിഭാഗവുമായി ബന്ധപ്പെട്ടതാണ്.

സൂക്തം ഒമ്പത് (അൽ അൻഫാൽ 69)

 فَكُلُوا مِمَّا غَنِمْتُمْ حَلَالًا طَيِّبًا ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ 

"എന്നാൽ യുദ്ധത്തിനിടയിൽ നിങ്ങൾ നേടിയെടുത്തതിൽ നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങൾ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും കരുണാനിധിയുമാണ്."

സൂക്തം പത്ത് (അൽ ഫത്ഹ് 20)

وَعَدَكُمُ اللَّهُ مَغَانِمَ كَثِيرَةً تَأْخُذُونَهَا فَعَجَّلَ لَكُمْ هَٰذِهِ وَكَفَّ أَيْدِيَ النَّاسِ عَنكُمْ وَلِتَكُونَ آيَةً لِّلْمُؤْمِنِينَ وَيَهْدِيَكُمْ صِرَاطًا مُّسْتَقِيمًا
"നിങ്ങൾക്ക് പിടിച്ചെടുക്കാവുന്ന ധാരാളം സമരാർജിത സ്വത്തുക്കൾ അല്ലാഹു നിങ്ങൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാൽ ഇത് (ഖൈബറിലെ സമരാർജിത സ്വത്ത്) അവൻ നിങ്ങൾക്ക് നേരത്തെ തന്നെ നൽകിയിരിക്കുന്നു."
ഈ രണ്ട് സൂക്തങ്ങളും യുദ്ധത്തിൽ ശത്രുപക്ഷത്തു നിന്നും ലഭിക്കുന്ന സമ്പത്തിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. അമുസ്ലിംകളിൽ നിന്ന് കവർന്നെടുക്കുന്ന ധനം എന്നാണ് സമരാർജിത സമ്പത്ത് (ഗനീമത്ത്)നെ വിശ്വഹിന്ദു പരിഷത്ത് പരിഭാഷപ്പെടുത്തിയത്. ഇസ്ലാം മുസ്ലിംകളെ അമുസ്ലിംകളുടെ സമ്പത്ത് കവർന്നെടുക്കാൻ നിരുപാധികം അംഗീകാരം നൽകിയിരിക്കുന്നുവെന്നാണ് ഈ സംഘടന പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇത് തനി കുപ്രചരണമാണ്, ഈ സൂക്തം കേവലം അമുസ്ലിംകളെ കുറിച്ചല്ല. മുസ്ലിംകളോട് യുദ്ധം ചെയ്യുന്നവരെ കുറിച്ച് മാത്രമാണ്. മുസ്ലിംകൾ ശത്രുക്കളുടെ മേൽ വിജയം വരിക്കുകയും അവരെ കീഴ്പ്പെടുത്തുകയും ചെയ്താൽ അവരുടെ സമ്പത്ത് സമരാർജിത സമ്പത്തായി ഗണിക്കപ്പെടും. ഇങ്ങനെ ലഭിക്കുന്ന ധനത്തിനാണ് അറബി ഭാഷയിൽ ഗനീമത്ത് എന്ന് പറയുന്നത്. കവർച്ച ചെയ്ത് ലഭിക്കുന്ന ധനത്തിന് ഗനീമത്തെന്ന് പറയാൻ പാടില്ല. യുദ്ധവേളയിലോ വിജയവേളയിലോ സസ്യങ്ങളും കൃഷിസ്ഥലങ്ങളും നശിപ്പിക്കരുതെന്ന് ഇസ്ലാം ശക്തമായി അനുശാസിച്ചിട്ടുണ്ട്. ഒരു യുദ്ധത്തിൽ ചിലർ ഒരാടിനെ കവർന്നെടുത്ത് പാകം ചെയ്യാൻ വേണ്ടി അതിനെ കശാപ്പു ചെയ്തതറിഞ്ഞപ്പോൾ നബി(സ) കഠിനമായി കോപിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
യുദ്ധക്കളത്തിൽ നിന്ന് വ്യക്തികൾ ശേഖരിക്കുന്നതല്ല സമരാർജിത സമ്പത്ത് ഭരണകൂടമാണ് അത് വിതരണം ചെയ്യുന്നത്, മുസ്ലിംകളും അല്ലാത്തവരുമായ പൊതുജനത്തിന്റെ ക്ഷേമത്തിനായി അതിന്റെ അഞ്ചിൽ ഒരു ഭാഗം സർക്കാർ ഖജനാവിലേക്ക് മാറ്റും. ബാക്കി നാല് ഭാഗം സൈനികർക്ക് വീതിച്ച് നൽകും. ചില ഘട്ടങ്ങളിൽ പൊതുജനാവശ്യത്തിനായി അതിൽ നിന്ന് ഭരണകൂടം ചിലവഴിക്കുകയും ചെയ്യും.
ചുരുക്കത്തിൽ ഒരാളുടെ വിഹിതമായി വരുന്നതേ അയാളുടെ ധനമാവുകയുള്ളൂ. കാര്യം ഇതാണെങ്കിൽ അമുസ്ലിംകളുടെ സമ്പത്തെല്ലാം ഇസ്ലാമിൽ യുദ്ധമുതലാണെന്ന് നമുക്കെങ്ങനെ പറയാൻ കഴിയും. തന്റെ കൈയിൽ പെട്ടതെല്ലാം സൈനികർക്ക് സ്വന്തമാക്കാനാവില്ല. അത് ശേഖരിച്ച് സർക്കാറാണ് ഓരോരുത്തർക്കും അർഹമായത് വീതിച്ചു നൽകുക. ശത്രുക്കളിൽ നിന്നും ലഭിക്കുന്ന സമ്പത്ത് വിജയിച്ചവർ എടുക്കുന്ന സമ്പ്രദായം എല്ലാ ലോക സമൂഹങ്ങളിലും നിലനിന്നിരുന്നു. ഇസ്ലാമിന്റെ മുമ്പ്, അറബികളുടെ സമീപപ്രദേശങ്ങൾ അന്നത്തെ വൻ ശക്തികളായിരുന്ന പേർഷ്യയും റോമും കീഴടക്കിയിരുന്നു. ജയിച്ചടക്കപ്പെട്ടവരുടെ സമ്പത്ത് അവരുടെ ഉടമസ്ഥതയിലായിരുന്നു. യഹൂദികളും റോമക്കാരും തോറയിലെ നിയമങ്ങളനുസരിച്ചായിരുന്നു അങ്ങനെ ചെയ്തിരുന്നത്. സമരാർജിത സമ്പത്തിനെ കുറിച്ച് പഴയ നിയമ പുസ്തകം പറയുന്നത് കാണുക: "നിങ്ങൾ ഒരു നഗരം കീഴടക്കാൻ ഒരുങ്ങുമ്പോൾ, അവരെ സന്ധിക്ക് ക്ഷണിക്കുക. അവർ സന്ധിക്ക് തയ്യാറാവുകയും നിങ്ങൾക്ക് കീഴടങ്ങുകയും ചെയ്താൽ ആ നാട്ടിൽ കഴിയുന്ന മുഴുവൻ സമൂഹവും നിങ്ങളുടെ അടിമകളായിത്തീരും, അവർ സന്ധി ചെയ്യാൻ കൂട്ടാക്കാതെ നിങ്ങളോട് യുദ്ധം ചെയ്യുകയാണെങ്കിൽ അവരെ ഉപരോധിക്കുക. നിങ്ങളുടെ നാഥൻ അവരെ നിങ്ങളുടെ കൈകളിൽ പെടുത്തിയാൽ അവരുടെ മുഴുവൻ പുരുഷന്മാരെയും വാളിനിരയാക്കുക. സ്ത്രീകൾ, കുട്ടികൾ, നാൽക്കാലികൾ തുടങ്ങി കവർന്നെടുക്കാൻ കഴിയുന്നതെല്ലാം നിങ്ങൾ സ്വന്തമാക്കുക, നിങ്ങളുടെ നാഥൻ നിങ്ങൾക്ക് സമ്മാനിച്ച നിങ്ങളുടെ ശത്രുക്കളുടെ ധനം കൊണ്ട് സുഖിക്കുക." (ആവർത്തന പുസ്തകം 20: 11-14).
പഴയ നിയമത്തിൽ ഇത്തരത്തിലുള്ള കൊള്ളയുടെയും കവർച്ചയുടെയും വിശദാംശങ്ങൾ വിശിഷ്യാ സംഖ്യാ പുസ്തകത്തിലും ആവർത്തന പുസ്തകത്തിലും നമുക്ക് ധാരാളമായി കാണാനാവും. ഋഗ്വേദം പോലുള്ള ഹൈന്ദവ വേദഗ്രന്ഥങ്ങളിൽ ഇതുപോലെയുള്ള വളറെയേറെ പ്രസ്താവനകൾ കാണാം. ഋഗ്വേദം പറയുന്നത് കാണുക: "അഗ്നീ, നിന്നെ ആരാധിക്കുന്നവർക്ക് ആഹാരം നൽകിയാലും സമ്പന്നർക്ക് ദീർഘായുസ്സ് നൽകി അനുഗ്രഹിച്ചാലും." (1: 74: 5-9)
യജുർവേദം പറയുന്നത് കാണുക: "അഗ്നി ദേവീ നീ ഞങ്ങൾക്ക് താമസിക്കാൻ വിശാലമായ വീടും ആനന്ദവും സന്തോഷവും നൽകേണമേ, ഞങ്ങൾക്ക് സമരാർജിത സമ്പത്ത് ലഭിക്കാൻ ഞങ്ങളുടെ ശത്രുക്കളെ ആട്ടിയോടിച്ചാലും." (യജുർവേദ 8: 44)
സാമവേദം ഇങ്ങനെ പറയുന്നു: "ധീരന്മാരായ പോരാളികളെ, തന്റെ മക്കളോടൊപ്പം ആയിരക്കണക്കിന് യുദ്ധമുതൽ കവർന്നെടുക്കുക." (2: 2: 12: 3)
അഥർവ്വവേദത്തിൽ പറയുന്നു: "ശത്രുക്കളുടെ കരങ്ങൾ ശൂന്യമാകട്ടെ. അവരുടെ അവയവങ്ങൾ തളർത്താൻ നമുക്ക് അനുഗ്രഹം ലഭിക്കട്ടെ. മഹത്വപൂർണനായ ഇന്ദ്രാ! സൈനികരുടെ നായകനേ, അവരുടെ സമ്പത്ത് നൂറ് രൂപത്തിൽ ഓഹരി വെച്ചെടുക്കാൻ ഞങ്ങളെ തുണച്ചാലും." (അഥർവ്വവേദം 6: 67: 3)
ഹിന്ദു ഭരണ വ്യവസ്ഥയുടെ ആധാരശിലയും അവരുടെ നിയമഗ്രന്ഥവുമായ മനുസ്മൃതി പറയുന്നു: വിജയശ്രീലാളിതനായ ജേതാവ്, മഞ്ചൽ, ആനകൾ, ധനം, നാൽക്കാലികൾ, സ്ത്രീ, പഞ്ചസാര, ഉപ്പ്, ചെമ്പ് തുടങ്ങിയ എല്ലാ വസ്തുക്കളുടെയും ഉടമയായിരിക്കും.

സൂക്തം പതിനൊന്ന് (അത്തൗബ 29)

قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا الْكِتَابَ حَتَّىٰ يُعْطُوا الْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ
"വേദം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങൾ യുദ്ധം ചെയ്തു കൊള്ളുക. അവർ കീഴടങ്ങി കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ."
ഹൈന്ദവ തീവ്രവാദ സംഘടനകൾ ഈ സൂക്തത്തെ പരിഭാഷപ്പെടുത്തിയത്, അവർ തങ്ങളുടെ കൈ കൊണ്ട് കരം കൊടുക്കാൻ ആരംഭിക്കുന്നത് വരെ, അവരോട് പോരാടുകയും അവരെ വധിക്കുകയും ചെയ്യുക എന്നാണ്. ജേതാക്കളുടെ മേധാവിത്വത്തിന് വഴങ്ങുന്നത് വരെ എന്നാണ് യഥാർത്ഥത്തിൽ ഇവിടെ ഉദ്ദേശിക്കുന്നത്. കീഴടക്കപ്പെട്ടവൻ തങ്ങൾ ജേതാക്കളുടെ പ്രജകളാണെന്ന് സമ്മതിക്കണമെന്നർത്ഥം. കീഴടക്കപ്പെട്ട രാജ്യങ്ങൾ ആയുധം വെച്ചതിന് ശേഷം തോൽവി സമ്മതിക്കുന്നത് അടുത്ത കാലത്തും നിലവിലുള്ള രീതിയായിരുന്നു. കൊച്ചാക്കലോ കുറച്ച് കാണിക്കലോ അല്ല ഇതുകൊണ്ടുള്ള ഉദ്ദേശ്യം. ഹിന്ദുത്വവാദികൾ മേൽ സൂക്തത്തിന് നൽകിയ വ്യാഖ്യാനം സത്യത്തിന് നിരക്കാത്തതാണ്. ഇസ്ലാമിക ഭരണകൂടങ്ങൾ അമുസ്ലിംകളിൽ നിന്നും അവരുടെ സ്വത്തിന്റെയും ജീവന്റെയും സംരക്ഷണത്തിനു പകരമായി സ്വീകരിക്കുന്ന പ്രത്യേക കരമാണ് ജിസ്‌യ എന്നതുകൊണ്ടുള്ള വിവക്ഷ. തങ്ങളുടെ അവരുടെ സമ്പത്തിൽ നിന്ന് നിശ്ചിത ശതമാനം സക്കാത്ത് പൊതുഖജനാവിലേക്ക് നൽകാൻ മുസ്ലിംകൾക്ക് നിർബന്ധമാണ്. ഇത് നാടിന്റെ വികസനത്തിന് ഉപയോഗിക്കുന്നതുപോലെ ജിസ്‌യയും ഉപയോഗിക്കപ്പെടും. അമുസ്ലിംകളോട് സക്കാത്ത് വാങ്ങൽ അവരുടെ മതസ്വാതന്ത്ര്യത്തോടുള്ള കയ്യേറ്റമായതിനാൽ അവരുടെ സംരക്ഷണം ഏറ്റെടുത്ത ഭരണകൂടം അവരുടെ പക്കൽ നിന്ന് ജിസ്‌യ ഈടാക്കുന്നു. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, രോഗികൾ, പുരോഹിതർ, പാതിരിമാർ എന്നിവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത് ഇതൊരു മത നികുതിയല്ല എന്നതിനെയാണ് കാണിക്കുന്നത്.
ഇബ്നു തൈമിയ(റ) പറയുന്നു. രാഷ്ട്രവും അവരും തമ്മിലുള്ള ഉടമ്പടി പാലിക്കുകയാണ് ജിസ്‌യ നൽകുന്നതിലൂടെ നിർവ്വഹിക്കപ്പെടുന്നത്. വ്യക്തിയുടെ കഴിവനുസരിച്ച് മാത്രമാണ് ജിസ്‌യ സ്വീകരിച്ചിരുന്നത്. ബാഹ്യവും ആന്തരികവുമായ മുഴുവൻ അപകടങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിനു പകരമായി ചെറിയ ഒരു തുക ഈടാക്കുന്നതിൽ എന്തൊരു അനീതിയാണുള്ളത്. ജിസ്‌യ നൽകിയ ഏതെങ്കിലും ജനത അതിന്റെ പേരിൽ പരാതിപ്പെട്ട സംഭവം ചരിത്രത്തിൽ കാണുകയില്ല. 

സൂക്തം പന്ത്രണ്ട് (അത്തൗബ 26)

ثُمَّ أَنزَلَ اللَّهُ سَكِينَتَهُ عَلَىٰ رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَنزَلَ جُنُودًا لَّمْ تَرَوْهَا وَعَذَّبَ الَّذِينَ كَفَرُوا ۚ وَذَٰلِكَ جَزَاءُ الْكَافِرِينَ
"സത്യവിശ്വാസികളേ, ബഹുദൈവ വിശ്വാസികൾ അശുദ്ധർ തന്നെയാകുന്നു."
വിശ്വഹിന്ദു പരിഷത്തുകാർ പരിഭാഷപ്പെടുത്തിയതു പോലെ വിഗ്രഹങ്ങളെ ആരാധിക്കുന്നവർ മാത്രമല്ല ബഹുദൈവ വിശ്വാസികൾ എന്നതു കൊണ്ടുള്ള വിവക്ഷ. മറിച്ച് ഏകനായ അല്ലാഹുവിന്റെ സത്തയിലും ഗുണങ്ങളിലും പങ്കുചേർക്കുന്ന എല്ലാവരും ഇതിൽ പെടും. വിഗ്രഹാരാധകനും നബിമാരെ അല്ലാഹുവിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നവരും മഹാന്മാർക്ക് അല്ലാഹുവിന്റെ കഴിവുകൾ വകവെച്ചു കൊടുക്കുന്നവരുമെല്ലാം ഇതിന്റെ പരിധിയിൽ വരും. മാത്രമല്ല, ശാരീരികമായ അശുദ്ധിയല്ല ഇവിടെ ഉദ്ദേശ്യം. നബി(സ) സത്യനിഷേധികളെയും ബഹുദൈവ വിശ്വാസികളെയും സൽക്കരിക്കുകയും അവരുടെ ആതിഥ്യം സ്വീകരിക്കുകയും അവരെ മദീനയിലെ പള്ളിയിൽ സ്വീകരിക്കുകയും തന്റെ വിരിപ്പിൽ സ്വീകരിച്ചിരുത്തുകയും അതിൽ ഉറങ്ങാൻ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അവിശ്വാസി ജൈവപരമായി അശുദ്ധനല്ലെന്നതിന് ഇത് തെളിവാണ്. അശുദ്ധി കൊണ്ടുള്ള വിവക്ഷ വിശ്വാസത്തിലും ചിന്തയിലുമുള്ള അശുദ്ധിയെയാണിവിടെ സൂചിപ്പിക്കുന്നത്.
ഇനി താഴ്ന്ന ജാതിയിൽപെട്ടവരോടുള്ള ഹൈന്ദവ വീക്ഷണം എന്താണെന്നു നോക്കാം. ഇന്ത്യയുടെ അടിസ്ഥാന ജനതയിൽ പെട്ടവരാണിവർ. ആര്യന്മാരുടെ മതം അനുഷ്ഠിക്കാൻ കൂട്ടാക്കാത്ത ഇവരെ ദസ്യുക്കൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഋഗ്വേദം അവരെക്കുറിച്ച് പറയുന്നത് കാണുക: "നമ്മുടെ പരിസരത്ത് ഒരു മതവും സ്വീകരിക്കാത്ത ദസ്യുക്കൾ (താഴ്ന്നവർ) ജീവിക്കുന്നു. അവർ മനുഷ്യത്വത്തിന് പുറത്തുള്ളവരും ബുദ്ധിയില്ലാത്തവരുമാണ്." (10:" 22: 2: 8)
മറ്റൊരിടത്ത് പറയുന്നത് കാണുക: "ധൈര്യവും സ്ഥൈര്യവുമുള്ളവനേ (ആര്യന്മാർ) നീ യുദ്ധത്തിൽ കാളകളെ പോലെ അണപ്പല്ലുകളുള്ള ദസ്യുക്കളെ പരാജയപ്പെടുത്തിയിരിക്കുന്നു." (അതേ പുസ്തകം. 7: 49: 4)
"നീ നിന്റെ ആയുധങ്ങൾ കൊണ്ട് മൂക്കു ചപ്പിയ ദസ്യുക്കളെ കൊലപ്പെടുത്തണം." (അതേ പുസ്തകം 4: 49: 7).
അപമാനത്തിന്റെയും അപഹാസത്തിന്റെയും പദങ്ങളാണ് താഴ്ന്ന ജാതിക്കെതിരിൽ പ്രയോഗിച്ചിരിക്കുന്നത്. കറുത്ത ജീവി ചണ്ടാളൻ തുടങ്ങി ആര്യമതത്തോട് വിയോജിക്കുന്നവരെ അശുദ്ധർ എന്നൊക്കെ വിളിക്കുന്നത് കാണാം.

സൂക്തം പതിമൂന്ന് (അന്നിസാഅ് 101)

 وَإِذَا ضَرَبْتُمْ فِي الْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا مِنَ الصَّلَاةِ إِنْ خِفْتُمْ أَن يَفْتِنَكُمُ الَّذِينَ كَفَرُوا ۚ إِنَّ الْكَافِرِينَ كَانُوا لَكُمْ عَدُوًّا مُّبِينًا
"സത്യനിഷേധികൾ നിങ്ങൾക്ക് പ്രത്യക്ഷ ശത്രുക്കളായിരിക്കുന്നു."

സൂക്തം പതിനാല് (അൽമാഇദ 51)

۞ يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ
"സത്യവിശ്വാസികളേ, യഹൂദന്മാരെയും ക്രൈസ്തവരെയും നിങ്ങൾ ആത്മ മിത്രങ്ങളാക്കരുത്. അവർ പരസ്പരം മിത്രങ്ങളാകുന്നു. നിങ്ങളിൽ നിന്ന് ആരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിച്ചാൽ അവൻ അവരിൽ പെട്ടവനാണ്. അല്ലാഹു അക്രമകാരികളെ നേർമാർഗത്തിലാക്കുകയില്ല."

സൂക്തം പതിനഞ്ച് (അൽമാഇദ 57)

 يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الَّذِينَ اتَّخَذُوا دِينَكُمْ هُزُوًا وَلَعِبًا مِّنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ وَالْكُفَّارَ أَوْلِيَاءَ ۚ وَاتَّقُوا اللَّهَ إِن كُنتُم مُّؤْمِنِينَ
സത്യവിശ്വാസികളേ, തങ്ങളുടെ മതത്തെ കളിതമാശയാക്കിയ നിങ്ങൾക്ക് മുമ്പ് വേദം ലഭിക്കപ്പെട്ടവരെയും സത്യനിഷേധികളെയും ആത്മമിത്രങ്ങളാക്കരുത്, നിങ്ങൾ വിശ്വസിച്ചവരാണെങ്കിൽ അല്ലാഹുവിനെ സൂക്ഷിക്കുക.

സൂക്തം പതിനാറ് (അത്തൗബ 23)

يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا آبَاءَكُمْ وَإِخْوَانَكُمْ أَوْلِيَاءَ إِنِ اسْتَحَبُّوا الْكُفْرَ عَلَى الْإِيمَانِ ۚ وَمَن يَتَوَلَّهُم مِّنكُمْ فَأُولَٰئِكَ هُمُ الظَّالِمُونَ
"സത്യവിശ്വാസികളേ, നിങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും വിശ്വാസത്തേക്കാൾ സത്യനിഷേധത്തെ തൃപ്തിപ്പെടുത്തുന്നവരാണെങ്കിൽ അവരെ നിങ്ങൾ ആത്മമിത്രങ്ങളാക്കരുത്. നിങ്ങളിൽ നിന്ന് അവരെ നിങ്ങൾ രക്ഷാകർത്താക്കളായി സ്വീകരിക്കരുത്. അവർ അക്രമകാരികൾ തന്നെയാകുന്നു."
ഇവിടെ പ്രതിപാദിക്കപ്പെട്ട സൂക്തങ്ങളിൽ ഒന്നാമത്തെ സൂക്തം (അന്നിസാഅ് 101) തങ്ങളുടെ പെരുമാറ്റത്തിലൂടെ മുസ്ലിംകളുടെ ഏറ്റവും വലിയ ശത്രുക്കളാണെന്ന് തെളിയിച്ച മക്കയിലെ സത്യനിഷേധികളെ കുറിച്ചാണ്. ഒരു ഘട്ടത്തിലും മുസ്ലിംകൾ വഞ്ചിതരാകാതിരിക്കണമെങ്കിൽ അവർക്കെതിരെ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമായിരുന്നു. ഈ സൂക്തം മക്കയിലെ ബഹുദൈവ വിശ്വാസികളെ സംബന്ധിച്ച് മാത്രമായി അവതരിച്ചതാണെന്നതിന് വ്യക്തമായ തെളിവുണ്ട്, ഭയപ്പാടിന്റെ ഘട്ടത്തിൽ നിർവ്വഹിക്കുന്ന നമസ്കാരത്തിന്റെ രൂപങ്ങൾ ഉൾക്കൊള്ളുന്നതാണ് അതിന് ശേഷമുള്ള സൂക്തത്തിന്റെ ഉള്ളടക്കം. അഥവാ ഇരുസൈന്യങ്ങളും അഭിമുഖമായി നിന്ന് യുദ്ധം ചെയ്യുന്ന ഘട്ടത്തിൽ മുസ്ലിംകൾ എങ്ങനെയാണ് നമസ്കരിക്കേണ്ടത് എന്നീ കാര്യങ്ങളാണ് ഇതിൽ വിശദീകരിക്കുന്നത്. മക്കയിലെ അവിശ്വാസികൾ അടിച്ചേൽപ്പിച്ച യുദ്ധങ്ങളെ നിരന്തരമായി മുസ്ലിംകൾ അഭിമുഖീകരിക്കേണ്ടി വന്ന കാര്യം സുവിദിതമാണല്ലോ? ഈ സാഹചര്യം പരിഗണിക്കുമ്പോൾ ഈ സൂക്തം മുഴുവൻ അമുസ്ലിംകളെയും സംബന്ധിച്ചുള്ളതാണെന്ന ധാരണയെ നിരാകരിക്കുന്നു, നബി(സ) മറ്റു മതവിശ്വാസികളോട് സ്വീകരിച്ച സമീപനമാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്, മദീനയിലെ യഹൂദികളോടും നജ്രാനിലെ ക്രൈസ്തവരോടും അദ്ദേഹം ഉടമ്പടിയിലേർപ്പെട്ടു. മുസ്ലിംകളോടും ക്രൈസ്തവരോടും സൗഹൃദം പുലർത്തിയിരുന്ന ഖുസാഅ ഗോത്രത്തോടും നബി(സ) നബിയിലേർപ്പെട്ടു.
സത്യനിഷേധികളോട് സന്ധിയിലേർപ്പെടുന്നത് നിരുപാധികം നിഷിദ്ധമായിരുന്നുവെങ്കിൽ നബി(സ) ഇസ്ലാം ആശ്ലേഷിക്കാത്ത ഗോത്രങ്ങളുമായി സഖ്യത്തിലേർപ്പെടില്ലായിരുന്നു.
പതിനാലും പതിനഞ്ചും സൂക്തങ്ങളുടെ പശ്ചാത്തലത്തിൽ പറയുകയാണെങ്കിൽ മുസ്ലിംകൾ ജൂതന്മാരോട് നിരന്തരം സന്ധിയിലേർപ്പെടുകയും അവരത് ലംഘിക്കുകയും പതിവായിരുന്നു. അവസാനം മക്കയിലെ അവിശ്വാസികളുമായി ചേർന്ന് ഖന്തക്ക് യുദ്ധത്തിലൂടെ മുസ്ലിംകളുടെ വേരറുക്കാനും അവർ ശ്രമിക്കുകയുണ്ടായി. ജൂതന്മാർ യേശു ജാരസന്തതിയാണെന്ന് ആരോപിക്കുകയും മർയമിനെതിരിൽ വ്യാജാരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. യേശുവിന് ജന്മം നൽകിയതിന് അവർ മറിയമിനെ ശപിക്കാറുണ്ടായിരുന്നു. അതുകൊണ്ട് ഖുർആൻ അദ്ദേഹത്തിന്റെ നുബുവ്വത്തിനെ ശക്തമായി സ്ഥാപിക്കുകയും തനിക്കും തന്റെ മാതാവിനുമെതിരിൽ ഉന്നയിക്കപ്പെട്ട മുഴുവൻ ആരോപണശരങ്ങളുടെയും മുനയൊടിക്കുകയും ചെയ്തു. എന്നാൽ ക്രൈസ്തവർ ഇസ്ലാമിന്റെ ക്ഷണം സ്വീകരിക്കാതെ തങ്ങളുടെ പ്രവാചകനെ ചീത്ത വിളിച്ചിരുന്ന ജൂതന്മാരോട് സഹവസിക്കുകയും മുസ്ലിംകളുടെ ക്രിയാത്മകമായ സമീപനത്തിനു നേരെ കണ്ണടക്കുകയും ചെയ്യുകയായിരുന്നു. മക്കയിലെ സത്യനിഷേധികളും മദീനയിലെ ജൂതരും ക്രൈസ്തവരും അവർക്കിടയിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതോടൊപ്പം മുസ്ലിംകൾക്കെതിരിൽ ഗൂഢപദ്ധതികൾ ആവിഷ്കരിക്കുന്നതിൽ ഒരു മെയ്യായി പ്രവർത്തിച്ചു. മുസ്ലിംകളോടുള്ള നിഷേധാത്മക സമീപനം കാരണം വിശ്വാസികൾക്ക് നഷ്ടം സംഭവിക്കാതിരിക്കാനാണ് ക്രൈസ്തവരെ ആത്മ മിത്രങ്ങളാക്കുന്നതിനെ ഇസ്ലാം അതിന്റെ അനുയായികളോടു വിലക്കിയത്. ക്രൈസ്തവരോടും യഹൂദരോടും നിസ്കരിക്കുവാനും കൽപിച്ചു. ഇതേ സൂറയിലെ ഇരുപത്തിനാലാമത്തെ സൂക്തം നോക്കിയാൽ ഇക്കാര്യം ഗ്രഹിക്കാവുന്നതാണ്.
പതിനാറാമത്തെ സൂക്തം മുസ്ലിംകളെ അഭിസംബോധനം ചെയ്തു പറയുന്നത് വിശ്വാസത്തിലും ആദർശത്തിലുമുള്ള ബന്ധമാണ് രക്തബന്ധത്തേക്കാളും കുലബന്ധത്തെക്കാളും മഹത്തരമായതെന്നാണ് ഉണർത്തുന്നത്. അഥവാ, ഒരാൾ ഇസ്ലാം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരങ്ങളും പൂർവ്വികരും സത്യനിഷേധികളാണെങ്കിൽ സത്യമാർഗത്തിൽ നിന്ന് അയാളുടെ ബന്ധുക്കൾ തന്നെ തടയരുത്. കാരണം സത്യവും ധർമവും തമ്മിൽ പോരാട്ടത്തിലേർപ്പെടുമ്പോൾ സത്യത്തിനും ധർമ്മത്തിനുമാണ് തന്റെ ബന്ധുക്കളെക്കാൾ പ്രാധാന്യം നൽകേണ്ടത്. താൻ സത്യമാണെന്ന് വിശ്വസിക്കുന്ന മൂല്യങ്ങൾക്ക് മറ്റെല്ലാ ബന്ധങ്ങളെക്കാളുമുപരിയായി മുൻഗണന നൽകേണ്ടത് ഏതൊരു സമൂഹത്തിന്റെയും ബാധ്യതയും ഉയർന്ന സാംസ്കാരിക നിലവാരത്തിന്റെയും ലക്ഷണമാണ് ഈ സൂക്തം, ഒരിക്കലും മുസ്ലിംകൾ തങ്ങളുടെ ബന്ധുക്കളെയും മറ്റുള്ളവരെയും വെറുക്കാനും അവരോടു മോശമായി പെരുമാറാനും കൽപിക്കുന്നില്ല. അതെങ്ങനെ സാധിക്കും. ഏത് ഘട്ടത്തിലും അവരോട് നന്മയിൽ വർത്തിക്കാനാണ് നബി(സ) കൽപിച്ചത്. അദ്ദേഹം തന്നെ രോഗികളായ അമുസ്ലിംകളെ സന്ദർശിക്കുകയും ക്ഷാമ ഘട്ടത്തിൽ മക്കാവാസികൾക്ക് സഹായഹസ്തം നീട്ടുകയും ചെയ്തിട്ടുണ്ട്. ഇത് മാത്രമല്ല ഉമർ ഖത്താബ്(റ) തന്റെ പട്ടുവസ്ത്രം തന്റെ ബന്ധുവായ ബഹുദൈവ വിശ്വാസിക്ക് കൊടുത്തയച്ച സംഭവം ഉണ്ടായിട്ടുണ്ട്. ഇസ്ലാമിൽ അടിയുറച്ച് നിന്ന് ഇസ്ലാമായ നിന്റെ പേരിൽ തങ്ങളോട് കോപിക്കുകയും ആഹാരപാനീയങ്ങൾ ഒഴിവാക്കുകയും ചെയ്ത മാതാക്കളോട് നന്നായി വർത്തിക്കാൻ നബി(സ) തന്നെ തന്റെ അനുയായികളെ ഗുണദോഷിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ അധ്യാപനങ്ങൾ അമുസ്ലിംകളെ മോശമായി കാണുന്നതും വെറുപ്പും വിദ്വേഷവും ജനിപ്പിക്കുന്നതുമായിരുന്നുവെങ്കിൽ അവർ ഒരിക്കലും തങ്ങളുടെ ബന്ധുക്കളായ അവിശ്വാസികളോട് നല്ല നിലയിൽ വർത്തിക്കുമായിരുന്നില്ല.
മേൽ പറയപ്പെട്ട സൂക്തങ്ങൾ മുസ്ലിംകളും അവിശ്വാസികളും തമ്മിൽ സംഘർഷം നിലനിന്നിരുന്ന ഘട്ടത്തിൽ അവതരിച്ചതായിരുന്നുവെന്ന് മനസ്സിലാക്കിയാൽ ഇതിന്റെ ഉള്ളടക്കം ഗ്രഹിക്കാൻ പ്രയാസമുണ്ടാവില്ല. ഇസ്ലാം മറ്റുള്ളവരുമായി എല്ലാ നിലക്കുമുള്ള ബന്ധങ്ങളും തടയുന്നുവെന്ന് ധരിക്കരുത്. മറിച്ച് തങ്ങളുടെ സാംസ്കാരിക മൂല്യങ്ങൾ കളഞ്ഞു കുളിക്കാൻ കാരണമാകുന്ന ബന്ധങ്ങൾ നിലനിർത്തുന്നതിനെ മാത്രമേ അത് വിലക്കുന്നുള്ളൂ. ഇസ്ലാമികേതര സംസ്കാരങ്ങളിലും ചിന്തകളിലും ആകൃഷ്ടരാകാൻ ഇടവരുത്തുന്ന ബന്ധങ്ങൾക്ക് അത് വിലക്കേർപ്പെടുത്തുന്നു മുസ്ലിംകൾക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തിൽ ശത്രുക്കൾക്ക് അവരുടെ രഹസ്യങ്ങൾ വെളിപ്പെടുത്താനിട വരുത്തുന്നതുമായ ബന്ധങ്ങൾ അത് അനുവദിക്കുന്നില്ല. തങ്ങളുടെ സാംസ്കാരിക പൈതൃകം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാനാഗ്രഹിക്കുന്ന ഏതൊരു സമൂഹവും ഇത്തരം നടപടികളെ നിരാകരിക്കുമെന്ന് തോന്നുന്നില്ല. പരിഷ്കൃത സമൂഹത്തിൽ ഓരോരുത്തരും തങ്ങളുടെ സാംസ്കാരിക വ്യക്തിത്വം കാത്തുസൂക്ഷിച്ചു ജീവിക്കുന്ന നമ്മുടെ കാലത്ത് ഇക്കാര്യം ഗ്രഹിക്കാൻ പ്രയാസമുണ്ടാവേണ്ട കാര്യമില്ല.

സൂക്തം പതിനേഴ് (അത്തൗബ 37)

إِنَّمَا النَّسِيءُ زِيَادَةٌ فِي الْكُفْرِ ۖ يُضَلُّ بِهِ الَّذِينَ كَفَرُوا يُحِلُّونَهُ عَامًا وَيُحَرِّمُونَهُ عَامًا لِّيُوَاطِئُوا عِدَّةَ مَا حَرَّمَ اللَّهُ فَيُحِلُّوا مَا حَرَّمَ اللَّهُ ۚ زُيِّنَ لَهُمْ سُوءُ أَعْمَالِهِمْ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ
"തീർച്ചയായും സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേർമാർഗത്തിലാക്കുകയില്ല."
ഇതൊരു സൂക്തത്തന്റെ അവസാന ഭാഗമാണ്. മുഴുവൻ സൂക്തത്തിന്റെയും പരിഭാഷ വായിച്ചാൽ തെറ്റിദ്ധാരണ ഒഴിവാകും. മാസങ്ങൾ അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചതു മുതൽ പന്ത്രണ്ട് മാസങ്ങളാണുള്ളതെന്ന് ഇതിൽ പറയുന്നു. അഥവാ ഭൂമി സൂര്യന് ചുറ്റും കറക്കം പൂർത്തിയാക്കുന്നത് പന്ത്രണ്ട് മാസങ്ങൾ കൊണ്ടാണെന്നർത്ഥം. അതിൽപെട്ട നാല് മാസങ്ങൾ പവിത്രങ്ങളാണ്. ഇബ്രാഹീം നബിയുടെ കാലം തൊട്ടേ അതിന്റെ പവിത്രത അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇക്കാലത്ത് അറേബ്യൻ ഉപദ്വീപിൽ യുദ്ധങ്ങൾ നിരുപാധികം വിലക്കപ്പെട്ടതായിരുന്നു. ജനങ്ങൾക്കിടയിൽ വലിയ പ്രാധാന്യമുണ്ടായിരുന്ന ഈ നാല് മാസങ്ങൾ യുദ്ധം വിലക്കിയിരുന്ന ഒരു നിയമാധിഷ്ഠിത ഭരണകൂടം അറേബ്യയിലുണ്ടായിരുന്നില്ല. റജബ്, ദുൽഖഅദ്, ദുൽഹിജ്ജ, മുഹറം തുടങ്ങിയ ഈ മാസങ്ങളിൽ അവർ യാത്രകൾ പതിവാക്കിയിരുന്നു. എന്നാൽ ചിലപ്പോൾ തന്നിഷ്ടപ്രകാരം ഒരു മാസത്തിന്റെ പവിത്രത എടുത്തു കളയുന്ന സ്വഭാവം അവർക്കുണ്ടായിരുന്നു. ഉദാഹരണത്തിന് ഈ വർഷം ദുൽഖഅദ് പവിത്രമാസമായിരിക്കില്ലെന്ന് അവർ തീരുമാനിക്കും. അതിനുപകരം അവർ സഫർ മാസമോ, മറ്റോ പവിത്രതയുള്ളതായി കണക്കാക്കും.
പവിത്രമായ നാല് മാസങ്ങളിൽ ഏതെങ്കിലുമൊന്ന് യുദ്ധത്തിന് സൗകര്യപ്രദമാക്കുമ്പോഴാണ് അവർ ഇങ്ങനെ ചെയ്യാറുള്ളത്. ചിലപ്പോൾ അവർ പന്ത്രണ്ട് മാസത്തിലേക്ക് ഒന്നുകൂടി ചേർത്ത് വർഷത്തിൽ പതിമൂന്ന് മാസങ്ങളും മറ്റു ചിലപ്പോൾ ഒരു മാസം കുറച്ച് വർഷം പതിനൊന്ന് മാസമായുമെല്ലാം ആചരിക്കാറുണ്ട്. മക്കയിൽ നിലവിലുണ്ടായിരുന്ന ഈ പ്രവണതയെ അപലപിച്ചു കൊണ്ടാണ് ഖുർആൻ ഇങ്ങനെ പറഞ്ഞത്. "വിലക്കപ്പെട്ട മാസം പുറകോട്ടു മാറ്റുക എന്നത് സത്യനിഷേധത്തിന്റെ വർധനവ് തന്നെയായിരുന്നു. സത്യനിഷേധികൾ അതുമൂലം തെറ്റിലേക്ക് നയിക്കപ്പെടുന്നു. ഒരു കൊല്ലമവരത് അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയത് ഏതോ അത് അനുവദനീയമാക്കുവാൻ വേണ്ടിയാണ് അവരത് ചെയ്യുന്നത്. അവരുടെ ദുഷ്പ്രവർത്തികൾ അവർക്ക് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേർവഴിയിലാക്കുകയില്ല." (തൗബ 37)
ജനങ്ങൾ കരുതിക്കൂട്ടി മേൽപറയപ്പെട്ട പാതകം ചെയ്തതു കൊണ്ട് പ്രസ്തുത ദുരാചാരത്തെ ഇസ്ലാം ഈ സൂക്തത്തിലൂടെ റദ്ദ് ചെയ്യുകയാണുണ്ടായത്. സാധുജനങ്ങളെ അവർ ഇത്തരത്തിൽ വിഡ്ഢികളാക്കുകയായിരുന്നു. വർഷം തീരുന്നതിന് ഒരു മാസമോ രണ്ടു മാസമോ പറഞ്ഞ് അവർ ആളുകളിൽ നിന്ന് പലിശ വാങ്ങുകയും വർഷത്തിന് ശേഷം ഒന്നോ രണ്ടോ മാസത്തേക്ക് അധികമായി തൊഴിലാളികളെ ഉപയോഗപ്പെടുത്തുകയും ചെയ്യുമായിരുന്നു. അധികം വരുന്ന മാസത്തെ കൂലി കൊടുക്കാതെയായിരുന്നു അത്. ഈ വർഷം പതിമൂന്ന് മാസമാണെന്നും അല്ലെങ്കിൽ പതിനാല് മാസമാണെന്നും പറഞ്ഞാണ് അങ്ങനെ ചെയ്തിരുന്നത്. മക്കാവാസികളുടെ പ്രസ്തുത കുറ്റകൃത്യത്തിലേക്കാണ് ഖുർആൻ വിരൽ ചൂണ്ടുന്നത്. കുറ്റത്തിൽ ഉറച്ച് നിൽക്കുന്നത് കൊണ്ട് അവർ ഒരിക്കലും സന്മാർഗ്ഗം പ്രാപിക്കില്ലെന്ന് ഓർമ്മപ്പെടുത്തുകയാണ് ഇവിടെ ഖുർആൻ, സത്യനിഷേധികളിൽപ്പെട്ട ഒരു വിഭാഗത്തിന്റെ മാത്രം പ്രവർത്തിയെയാണ് ഖുർആൻ ഇവിടെ കൈകാര്യം ചെയ്യുന്നത്. എല്ലാവരുടെയും സന്മാർഗം ദർശനം കാംക്ഷിക്കുന്നത് കൊണ്ടാണിത് ജനങ്ങൾക്ക് സന്മാർഗമായി അവതരിച്ച ഗ്രന്ഥമെന്നാണ് ഖുർആൻ സ്വയം പരിചയപ്പെടുത്തിയത്. ജനങ്ങളെ സത്യത്തിലേക്കും നീതിയിലേക്കും ക്ഷണിക്കാൻ മുസ്ലിം സമുദായത്തോട് കൽപിക്കപ്പെട്ടിട്ടുണ്ട്. സത്യനിഷേധികൾ ഒരിക്കലും സന്മാർഗം പ്രാപിക്കില്ലെന്ന വീക്ഷണമാണ് ഖുർആൻ പുലർത്തുന്നതെങ്കിൽ അത് വിശ്വാസികളോട് മനുഷ്യരെ നേർമാർഗത്തിലേക്ക് ക്ഷണിക്കാൻ കൽപിക്കുകയോ ജനങ്ങളെ നന്മയിലേക്ക് ക്ഷണിക്കാനും തിന്മയിൽ നിന്ന് തടയാനും അവരെ നിയോഗിക്കുകയും െചയ്യുമായിരുന്നില്ല.

സൂക്തം പതിനെട്ട് (അൽമാഇദ 14)

وَمِنَ الَّذِينَ قَالُوا إِنَّا نَصَارَىٰ أَخَذْنَا مِيثَاقَهُمْ فَنَسُوا حَظًّا مِّمَّا ذُكِّرُوا بِهِ فَأَغْرَيْنَا بَيْنَهُمُ الْعَدَاوَةَ وَالْبَغْضَاءَ إِلَىٰ يَوْمِ الْقِيَامَةِ ۚ وَسَوْفَ يُنَبِّئُهُمُ اللَّهُ بِمَا كَانُوا يَصْنَعُونَ
"അതിനാൽ അവർക്കിടയിൽ ഉയിർത്തെഴുന്നേൽപ്പ് നാൾ വരെയും ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു. അവരുടെ ചെയ്തികളെക്കുറിച്ച് പിന്നീട് അല്ലാഹു അവരെ അറിയിക്കുന്നതാണ്."
ഇത് ഒരു സൂക്തത്തിന്റെ അവസാന ഭാഗമാണ്. സൂക്തത്തിന്റെ പൂർണരൂപം ഇങ്ങനെ:
"ഞങ്ങൾ ക്രിസ്ത്യാനികളാണെന്ന് പറഞ്ഞവരിൽ നിന്ന് നാം കരാറ് വാങ്ങുകയുണ്ടായി. എന്നിട്ട് അവർക്ക് ഉൽബോധനം നൽകപ്പെട്ടതിൽ നിന്ന് ഒരു ഭാഗം അവർ മറന്നു കളഞ്ഞു. അതിനാൽ അവർക്കിടയിൽ ഉയിർത്തെഴുന്നേൽപിന്റെ നാൾ വരേക്കും ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു. അവർ ചെയ്തു കൊണ്ടിരിക്കുന്നതിനെ പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ പറഞ്ഞറിയിക്കുന്നതാണ്."
ഈ സൂക്തത്തിൽ നാം ശ്രദ്ധിക്കേണ്ട ചില പ്രധാന സംഗതികളുണ്ട്. 
ഒന്ന്: ഈ സൂക്തം അഭിസംബോധനം ചെയ്യുന്നത് തങ്ങൾ ക്രിസ്ത്യാനികളാണെന്ന് പറയുന്നവരെയാണ്. പലതും ധരിച്ചു വെച്ചതുപോലെ മുഴുവൻ അമുസ്ലിംകളെയുമല്ല.
രണ്ട്: ഈസാ നബി ക്രിസ്ത്യാനികളുമായി നടത്തിയ ഒരു ഉടമ്പടിയെക്കുറിച്ച് ഖുർആൻ നമ്മെ ബോധ്യപ്പെടുത്തുന്നു. തനിക്ക് ശേഷം നിയോഗിക്കപ്പെടുന്ന അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് നബിയെ കുറിച്ച് വിശ്വസിക്കണമെന്നതായിരുന്നു പ്രസ്തുത ഉടമ്പടി. എന്നാൽ അവർ ആ വാഗ്ദാനം ലംഘിക്കുകയായിരുന്നു. പൗലോസ് രംഗത്തുവന്നു യേശുവിന്റെ അധ്യാപനങ്ങൾ അട്ടിമറിച്ചപ്പോൾ, അവർ ആ ഉടമ്പടിയെ മറന്നുകളഞ്ഞു. ക്രിസ്തുവിന്റെ മതത്തിൽ അദ്ദേഹം സ്വന്തമായി പലതും കൂട്ടിച്ചേർത്തു എങ്കിലും മുഹമ്മദ് നബിയുടെ നുബുവ്വത്തിനെക്കുറിച്ച് സൂചിപ്പിക്കുന്ന പരാമർശങ്ങൾ ബൈബിളിൽ നിന്ന് പൂർണമായും തുടച്ചുനീക്കപ്പെട്ടില്ല. അതേക്കുറിച്ച് ഈസാ നബി നടത്തിയ രണ്ട് പ്രസ്താവനകൾ ഇവിടെ ഉദ്ധരിക്കാം.
1. നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ നിങ്ങൾ എന്റെ ഉപദേശമനുസരിച്ച് പ്രവർത്തിക്കുക. നിങ്ങൾക്കൊപ്പം എന്നുമുണ്ടാവുന്ന ഒരു സഹായിയെ നിങ്ങൾക്ക് നൽകാൻ ഞാൻ പിതാവിനോട് അപേക്ഷിക്കാം. (യോഹന്നാൻ 14: 15-16)
2. ഞാൻ ഇക്കാര്യം നിങ്ങളോട് പറഞ്ഞപ്പോൾ നിങ്ങളുടെ ഹൃദയങ്ങൾ ദുഃഖത്താൽ നിറഞ്ഞു. എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു. ഞാൻ പോകുന്നതാണ് നിങ്ങൾക്ക് നല്ലത് ഞാൻ പോയില്ലെങ്കിൽ നിങ്ങൾക്ക് സഹായി വരില്ല. ഞാൻ പോയാൽ ഞാൻ അവനെ നിങ്ങളിലേക്ക് അയക്കും.
ഈസാ നബിക്ക് ശേഷം മുഹമ്മദ് നബി(സ) അല്ലാതെ മറ്റൊരാളും നുബുവ്വത്തുമായി നിയോഗിക്കപ്പെട്ടിട്ടില്ലെന്നത് സുവിദിതമാണ്. ഖുർആൻ അദ്ദേഹത്തെ അവസാന പ്രവാചകനായി വിശേഷിപ്പിച്ചു. കാരണം ഇനിയൊരിക്കലും പ്രവാചക ലബ്ധിയുമായി മറ്റൊരാൾ ആഗതനാവില്ല. അതിനാൽ, ഈസയാണോ അതല്ല തന്റെ വിരോധികളാണോ സത്യവാന്മാർ എന്ന് ഇതിനാൽ ബോധ്യപ്പെട്ടു. ആരാണ് കുറ്റവാളികൾ ഈസയുടെയും ബൈബിളിന്റെയും അധ്യാപനങ്ങളുടെ വെളിച്ചത്തിൽ ഇക്കാര്യം അവർ അംഗീകരിക്കേണ്ടതായിരുന്നു. എന്നാൽ അതിന് പകരം തങ്ങളുടെ ഉടമ്പടികൾ ലംഘിക്കുകയായിരുന്നു.

സൂക്തം പത്തൊമ്പത് (അന്നിസാഅ് 56)

 إِنَّ الَّذِينَ كَفَرُوا بِآيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ ۗ إِنَّ اللَّهَ كَانَ عَزِيزًا حَكِيمًا
"തീർച്ചയായും നമ്മുടെ തെളിവുകൾ നിഷേധിച്ചവരെ നാം നരകത്തിൽ പ്രവേശിപ്പിക്കുന്നതാണ്, അവരുടെ തൊലികൾ വെന്തുപോകുമ്പോഴെല്ലാം അവർക്ക് നാം വേറെ തൊലികൾ മാറ്റിക്കൊടുക്കുന്നതാണ്. അവർ ശിക്ഷ ആസ്വദിക്കാൻ വേണ്ടിയാണത്. തീർച്ചയായും അല്ലാഹു പ്രതാപവാനും യുക്തിവാനുമാണ്."

സൂക്തം ഇരുപത് (അത്തൗബ 68)

وَعَدَ اللَّهُ الْمُنَافِقِينَ وَالْمُنَافِقَاتِ وَالْكُفَّارَ نَارَ جَهَنَّمَ خَالِدِينَ فِيهَا ۚ هِيَ حَسْبُهُمْ ۚ وَلَعَنَهُمُ اللَّهُ ۖ وَلَهُمْ عَذَابٌ مُّقِيمٌ
"കപടവിശ്വാസികൾക്കും കപടവിശ്വാസിനികൾക്കും സത്യനിഷേധികൾക്കും അല്ലാഹു നരകാഗ്നി വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതിൽ നിത്യവാസികളായിരിക്കും. അവർക്കതു മതി അവരെ അല്ലാഹു ശപിക്കുകയും ചെയ്തിരിക്കുന്നു. അവർക്ക് സ്ഥിരമായ ശിക്ഷ ഉണ്ടായിരിക്കുന്നതാണ്."

സൂക്തം ഇരുപത്തിഒന്ന് (അൽ അമ്പിയാഅ് 98)

إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ اللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ
"തീർച്ചയായും നിങ്ങളും അല്ലാഹുവിനു പുറമെ നിങ്ങൾ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു നിങ്ങൾ അതിലേക്കു വന്നുചേരുക തന്നെ ചെയ്യും."

സൂക്തം ഇരുപത്തി രണ്ട് (ഫുസ്സിലത്ത് 27)

فَلَنُذِيقَنَّ الَّذِينَ كَفَرُوا عَذَابًا شَدِيدًا وَلَنَجْزِيَنَّهُمْ أَسْوَأَ الَّذِي كَانُوا يَعْمَلُونَ
"എന്നാൽ സത്യനിഷേധികൾക്ക് നാം കഠിനമായ ശിക്ഷ ആസ്വദിപ്പിക്കുക തന്നെ ചെയ്യും. അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിൽ അതിനീചമായതിനുള്ള ശിക്ഷ നാം അവർക്ക് നൽകുക തന്നെ ചെയ്യും."

സൂക്തം ഇരുപത്തിമൂന്ന് (ഫുസ്സിലത്ത് 28)

ذَٰلِكَ جَزَاءُ أَعْدَاءِ اللَّهِ النَّارُ ۖ لَهُمْ فِيهَا دَارُ الْخُلْدِ ۖ جَزَاءً بِمَا كَانُوا بِآيَاتِنَا يَجْحَدُونَ
"അതത്രെ അല്ലാഹുവിന്റെ ശത്രുക്കൾക്കുള്ള പ്രതിഫലമായ നരകം. അവർക്ക് അവിടെയാണ് സ്ഥിരവാസത്തിനുള്ള വസതി. നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചു കളഞ്ഞതിനുള്ള പ്രതിഫലമത്രെ അത്."

സൂക്തം ഇരുപത്തിനാല് (അസ്സജദ 22)

وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَا ۚ إِنَّا مِنَ الْمُجْرِمِينَ مُنتَقِمُونَ
"തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെ പറ്റി ഉൽബോധന നൽകപ്പെട്ടിട്ടുണ്ട്. അവയിൽ നിന്നു തിരിഞ്ഞു കളഞ്ഞവനെക്കാൾ അക്രമിയായി ആരുണ്ട്. തീർച്ചയായും അത്തരം കുറ്റവാളികളെ നാം ശിക്ഷിക്കുക തന്നെ ചെയ്യും."
മേൽ പ്രസ്താവിക്കപ്പെട്ട സൂക്തങ്ങളിൽ അല്ലാഹുവിനെ നിഷേധിക്കുകയും അവന്റെ കൽപനകൾ ധിക്കരിക്കുകയും അവരല്ലാത്തവരുടെ മുമ്പിൽ പ്രണമിക്കുകയും ചെയ്യുന്നവർക്കുള്ള കഠിനശിക്ഷകളെ കുറിച്ചുള്ള വിശദീകരണമാണ്. ഇതാണ് വിശ്വഹിന്ദു പരിഷത്തുകാരെ അലോസരപ്പെടുത്തുന്നത്. ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല, കാരണം ഏതൊരു ഭരണകൂടവും അതിന്റെ അധികാരപരിധി എത്രയാണെങ്കിലും അതിന്റെ നിയമവ്യവസ്ഥ അംഗീകരിക്കാത്തവരെ ശിക്ഷിക്കുന്നതാണ്. ഇത്തരത്തിൽ ആശങ്കപ്പെടുന്ന ഈ കക്ഷികൾ തന്നെ ധാരാളം സ്ത്രീ പുരുഷന്മാരെയും കുഞ്ഞുങ്ങളെയും കഠിനമായി പീഡിപ്പിക്കുകയും ജീവനോടെ കത്തിച്ചു കളഞ്ഞവരുമാണ്, തങ്ങളുടെ മതവിശ്വാസം സ്വീകരിക്കാത്തതിന്റെ പേരിലാണവർ അവരെ ക്രൂരമായി കൊലപ്പെടുത്തിയത്. അല്ലാഹുവിന്റെ ഏകത്വത്തിൽ പങ്ക് ചേർത്തും ആളുകളെ ഉപദ്രവിച്ചും കഴിയുന്നവരെ ആരും ശിക്ഷിക്കരുതെന്നവർ മോഹിക്കുന്നു. അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമല്ലെന്നവർ ധരിക്കുന്നു. കുറ്റവാളികളെ ശിക്ഷിക്കാൻ അവന് കഴിയില്ലെന്നാണവർ വിചാരിക്കുന്നത്. ഇത് ദൈവിക പ്രകൃതിയുടെ നിയമവ്യവസ്ഥക്ക് നിരക്കുന്നതാണോ? ദൈവിക നിയമങ്ങളുടെ സവിശേഷത, അത് സമ്പൂർണ നീതി നടപ്പാക്കുമെന്നതാണ്. സജ്ജനങ്ങൾക്ക് പ്രതിഫലം നൽകുകയും കുറ്റവാളികൾക്ക് ശിക്ഷ നൽകുകയും ചെയ്യും. ലോകത്തിലെ എല്ലാ മതങ്ങളും ദൈവിക പ്രതിഫലത്തിലും ശിക്ഷയിലും വിശ്വസിക്കുന്നവരാണ്. ദൈവിക ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സൽകർമ്മങ്ങളനുഷ്ഠിക്കാൻ അവ മനുഷ്യരെ ഉദ്ബോധിപ്പിക്കുന്നു.
ഹിന്ദുമതവും ചില കർമങ്ങൾക്ക് സ്വർഗവും മറ്റു ചിലതിന് നരകശിക്ഷയും മുന്നറിയിപ്പ് നൽകുന്നു. ഇത്തരം മുന്നറിയിപ്പുകളും താക്കീതുകളും എന്തിനെയാണ് സൂചിപ്പിക്കുന്നത്. "കൗരവരോട് പോരാടുക നിനക്ക് സ്വർഗവാതിലുകൾ തുറക്കപ്പെടം" എന്ന് പറഞ്ഞ് കൃഷ്ണൻ അർജുനനെ യുദ്ധത്തിന് പ്രേരിപ്പിച്ചത് എന്തിനായിരുന്നു? "ബ്രാഹ്മണൻ താഴ്ന്ന ജാതിയിൽപെട്ട യുവതിയെ തന്റെ കട്ടിലിൽ ഇരുത്തിയാൽ നരകത്തിൽ പ്രവേശിക്കുന്നതാണ്" എന്ന് മനുശാസ്ത്രി പറഞ്ഞതെന്തിനാണ്. ഈ സ്വർഗവും നരകവും പ്രതിഫലവും ശിക്ഷയും പ്രകടിപ്പിക്കാനല്ലേ അവ ഉപയോഗിച്ചത്.
സൽകർമ്മങ്ങൾ ചെയ്തില്ലെങ്കിൽ നായയുടെയും പന്നിയുടെയും രൂപത്തിൽ മനുഷ്യജന്മം ആവർത്തിച്ചു കൊണ്ടിരിക്കുമെന്ന അവതാര സിദ്ധാന്തത്തിൽ ഹിന്ദുക്കൾ വിശ്വസിക്കുന്നതെന്തു കൊണ്ടാണ്. മതവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ദൈവിക ശിക്ഷയല്ലേ ഇതും?
അപ്പോൾ മേൽ പ്രസ്താവിക്കപ്പെട്ട ഖുർആൻ സൂക്തങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല എന്ന് മനസ്സിലായി, കാരണം പാപികൾക്കെതിരിൽ ശിക്ഷാ നടപടികൾ സ്വീകരിക്കുക എന്നത് അല്ലാഹുവിന്റെ നീതിക്ക് നിരക്കാത്തതാണ്, എല്ലാ വിശ്വാസ സംഹിതകളെയും ഭഗവത് ഗീത ഒരു പോലെയാണ് കാണുന്നതെങ്കിൽ, "നീ വിരോധികളെ നശിപ്പിക്കുക" എന്ന് അത് പ്രഖ്യാപിക്കുമായിരുന്നില്ല.
അല്ലാഹുവിന്റെ നീതിക്ക് കാത്തിരിക്കാതെ ഇസ്ലാമിന്റെ വിരോധികൾക്കെതിരിൽ ശിക്ഷാ നടപടികളെടുക്കുവാൻ മുസ്ലിംകളെ പ്രേരിപ്പിക്കുന്നതാണ് ഈ സൂക്തങ്ങളെങ്കിൽ പല പ്രശ്നങ്ങൾക്കും അത് വഴിവെക്കുന്നതാണ്. എന്നാൽ അതല്ല വസ്തുത. ഖുർആൻ ഒരു മാനദണ്ഡം വെക്കുന്നുണ്ട്. അഥവാ ഇഹലോകത്ത് എല്ലാവരും തന്റെ ചിന്താശേഷിക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നതാണത്, മുസ്ലിംകൾ മറ്റു ജനവിഭാഗങ്ങൾക്ക് മേൽ അധികാരം പുലർത്തുന്നവരല്ല എന്നാണ് ഖുർആൻ പ്രവാചകനോട് ആഹ്വാനം ചെയ്യുന്നത്.
ഇത് ഇഹലോകത്തെ അവസ്ഥ, പരലോകത്താകട്ടെ വിശ്വാസിയും അവിശ്വാസിയുമായ ഓരോ വ്യക്തിയെയും ഇഹലോകത്ത് വെച്ച് ചെയ്ത ദുഷ്ചെയ്തിയുടെ പേരിൽ അല്ലാഹു ശിക്ഷിക്കുന്നതാണ്. കുറ്റവാളികളെ നരകത്തിൽ വെച്ച് ശിക്ഷിക്കുന്നതിനെ കുറിച്ച് ഖുർആനിൽ പല സ്ഥലത്തും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഈ ലോകത്ത് ധാരാളം അതിക്രമകാരികളും മർദ്ദകരും സ്വൈരവിഹാരം നടത്തുന്നുണ്ട്, അവർക്കെതിരിൽ ശിക്ഷാ നടപടികൾ കൈകൊള്ളുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെടുന്നത് കൊണ്ടാണത്. പൗരന്മാർക്കിടയിൽ നടപ്പാക്കുന്നതിൽ ഇത്തരം സർക്കാറുകൾ വീഴ്ച വരുത്തുന്നു ശക്തൻ രക്ഷപ്പെടുന്നു എന്നതാണ് ഭൗതിക ലോകത്തെ നിയമവ്യവസ്ഥ. ശക്തിയാണ് ശരി എന്ന ഇംഗ്ലീഷ് പഴമൊഴിക്ക് നിദാനം ഇതാണ്, എന്നാൽ ഇത് പരലോകത്ത് നടക്കില്ല. മർദ്ദിതർക്ക് നീതി ഉറപ്പ് വരുത്തുന്ന ദൈവിക നീതിയിൽ പ്രതീക്ഷ ഇല്ലായിരുന്നുവെങ്കിൽ ഇഹലോക ജീവിതം അർത്ഥശൂന്യമായി അവർക്ക് അനുഭവപ്പെടുമായിരുന്നു. 

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal