} -->

ശൈഖ് ജീലാനി (റ) : അഹ്‌ലുസ്സുന്നയുടെ നായകന്‍....

സുല്‍താനുല്‍ ഔലിയ ഉമ്മ വഴിക്കും ഉപ്പ വഴിക്കും സയ്യിദ് ആണ്. (“സയ്യിദ് അവര്‍ തായും ബാവയും ആണോവര്‍”- തായ്= മാതാവ്; മറ്റു പദങ്ങള്‍: തായ് വേര് , താവഴി) ഹസനിയാണ്, ഹുസൈനിയാണ്.. ഖുതുബാണ്.. എന്നിട്ടും അദ്ദേഹത്തെ ആദരിക്കാനോ പ്രകീര്‍ത്തിക്കാനോ അഹ്ലുല്ബൈത്ത് മഖ്ബറകളെ ഹറമുകള്‍ പോലെ പരിഗണിക്കുന്നവരായിട്ടുപോലും അവരുടെ മഖ്ബറ സന്ദര്‍ശിക്കാന്‍ പോലുമോ ശിയാക്കള്‍ തയ്യാറല്ല.. കാരണം ഒന്ന് മാത്രം, അദ്ദേഹം വലിയൊരു ‘അപരാധം’ ചെയ്തുപോയി; സുന്നിയായിപ്പോയി! അദ്ദേഹത്തിന്‍റെ ആളുകള്‍ എന്ന് പറഞ്ഞുനടക്കുന്ന സൂപ്പി സുന്നിയല്ല, ഖുമൈനികളെ തലോടുന്ന അഴകൊഴമ്പന്‍ സുന്നിയുമല്ല, ആദര്‍ശബോധമുള്ള ഒറിജിനല്‍ സുന്നി.. റാഫിദികളെയും ശിയാക്കളെയും കശക്കിഎറിഞ്ഞ വിട്ടുവീഴ്ചയില്ലാത്ത സുന്നി..


ഋജുവായ സുന്നി പാതയില്‍ നിന്നും ദൂരെത്തെറിച്ചു പോയ എഴുപതിലേറെ വരുന്ന അവിവേക സംഘങ്ങളെ ഓരോരുത്തരെയും മഹാഗുരു തന്‍റെ ഗുന്‍യത്തു താലിബീന്‍ എന്ന കിത്താബില്‍ തൊട്ടുകാണിച്ചുതരുന്നുണ്ട്. അവരെ ഒമ്പത് കേറ്റഗറിയാക്കിയിരിക്കുന്നു. ഖവാരിജ്, ശീഅ:, മുഅതസില:, മുര്‍ജിഅ:, മുശബ്ബിഹ:, ജഹ്മിയ്യ:, ളിരാറിയ്യ, നജ്ജാരിയ്യ, കിലാബിയ്യ. മോക്ഷം പ്രാപിക്കുന്ന നിലപാട് അഹ്ലുസ്സുന്ന മാത്രം..

ശിഈ / റാഫിദീ ഉപഗ്രൂപുകളെ സവിസ്തരം പരിചയപ്പെടുത്തുന്ന സയ്യിദ് ജീലാനി റ രാഫിദികളുടെ പൊതുവായ ലക്ഷണക്കേടുകള്‍ വിവരിക്കുന്നുണ്ട്.

നബി സ്വ യ്ക്കു ശേഷമുള്ള സമുദായ നേതൃത്വം ആരായിരിക്കണമെന്നു അവിടുന്ന് വ്യക്തമായി നിര്‍ദ്ദേശിച്ചിരിക്കുന്നു; ‘ഇമാമുകള്‍’ എന്ന് വിളിക്കുന്ന അവര്‍ എല്ലാവരും ബോധപൂര്‍വമുള്ള തെറ്റുകള്‍, മറവിമൂലം സംഭവിക്കുന്ന പിഴവുകള്‍, അബദ്ധവശാല്‍ സംഭവിക്കുന്ന അരുതായ്മകള്‍ തുടങ്ങിയ ആപത്തുകളില്‍ നിന്നെല്ലാം ജന്മനാ സുരക്ഷിതരാകുന്നു; മറ്റെല്ലാ സ്വഹാബികളെക്കാളും അലിയാര്‍ തങ്ങളാകുന്നു ഏറ്റവും ഉയര്‍ന്ന മഹത്ത്വം ലഭിച്ചവര്‍; ആദ്യത്തെ ഇമാമായി അലി റ നെ വാഴിക്കാത്ത സ്വഹാബികള്‍ ആറു പേരൊഴിച്ച് സകലരും മുര്‍ത്തദദായിരിക്കുന്നു; മരണപ്പെട്ട സകല മനുഷ്യരെയും വിചാരണ നാളിനു മുമ്പേ ഭൂമിയില്‍ പുനര്‍ജനിപ്പിക്കുന്നതാണ്; അലിയാര്‍ തങ്ങള്‍ക്ക് ഭൂമിയിലും ദീനിലും ഉണ്ടായതും ഉണ്ടാകാന്‍ പോകുന്നതുമായ- ചരല്‍ക്കല്ലുകളുടെയും മഴ ത്തുള്ളി കളുടെയും വൃക്ഷ ഇലകളുടെയും എണ്ണം പോലും- വിശദമായും കൃത്യമായും അറിയാം; അമ്പിയാക്കളെ പ്പോലെ ഇമാമുകള്‍ക്കും മുഅജിസത്ത് വെളിപ്പെടുന്നതാണ്.. തുടങ്ങിയ ഭീകര വിശ്വാസങ്ങളാണ് റാഫിദികള്‍ പൊതുവേ വെച്ചു പുലര്‍ത്തുന്നത്..

ജീലാനി തങ്ങള്‍ വിവരണം അവസാനിപ്പിച്ചുകൊണ്ട് രേഖപ്പെടുത്തുന്നു: “ റാഫിദീ ധാരകളെ ജൂതായിസത്തോട് സദൃശപ്പെടുത്തപ്പെട്ടിരിക്കുന്നു. മഹാജ്ഞാനി ശുഅബി റഹി പറഞ്ഞു : റാഫിദികളോട് കാണിക്കുന്ന സ്നേഹം ജൂതരോടുള്ള സ്നേഹമാണ്; ജൂതര്‍ വാദിച്ചു: ദാവൂദ് കുടുംബത്തിനല്ലാതെ മത നേതൃത്വം അനുയോജ്യമാകില്ല; റാഫിദികള്‍ വാദിച്ചു: അലി യുടെ പുത്രന്മാര്‍ക്കല്ലാതെ ഇമാം പദവി ശരിയാകില്ല. ജൂതര്‍ പറഞ്ഞു: നാടുനീളെ നാശം വിതക്കുന്ന ദജ്ജാല്‍ പുറത്തുവരുന്നതു വരെ ജിഹാദ് പാടില്ല; റാഫിദികള്‍ പറഞ്ഞു: മഹ്ദി പുറപ്പെടുന്നതു വരെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് പാടില്ല. ജൂതന്മാര്‍ മഗ്രിബ് നിസ്കാരം നക്ഷത്രങ്ങള്‍ ആകാശത്തില്‍ നിറയുന്ന സമയത്തേക്ക് വൈകിച്ചു, അതു തന്നെയാണ് റാഫിദികളുടെ പതിവ്. ജൂതര്‍ ഖിബ്ലയില്‍ നിന്നും അല്‍പം തെന്നി നില്‍ക്കുന്നു, റാഫിദികളുടെ രീതിയും അതാണ്... ജൂതര്‍ മുസ്ലിമിന്‍റെ രക്തം ചിന്തല്‍ അനുവദനീയമായി കാണുന്നു; റാഫിദികളുടെ നിലപാടും അതു തന്നെ. സ്ത്രീകള്‍ക്ക് ഇദ്ദ വേണ്ടെന്ന് ജൂതരെപ്പോലെ റാഫിദികളും വാദിക്കുന്നു. മുത്തലാഖ് കൊണ്ട് സമ്പൂര്‍ണ്ണ ത്വലാഖ് സംഭവിക്കില്ലെന്ന ജൂത നിലപാട് തന്നെയാണ് റാഫിദികളുടെത്. ജൂതര്‍ അവരുടെ വേദം തിരുത്തി; റാഫിദികള്‍ വിശുദ്ധ ഖുറാനും തിരുത്തിയിരിക്കുന്നു. അവര്‍ പറയുന്നു, ഖുര്‍ആന്‍ പുതുക്കാവുന്നതും പുനക്രമീകരണം ചെയ്യാവുന്നതും പലതും മറച്ചു വെക്കാവുന്നതും നബി സ്വ യില്‍ നിന്നും കേട്ടതില്‍ നിന്നും വ്യത്യസ്തമായി ഓതാവുന്നതും ഏറ്റുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതും ആകുന്നുവെന്ന്! ജൂതര്‍ക്ക് ജിബ്രീല്‍ അലൈഹി സ്സലാമിനോട് വിദ്വേഷമാണ്, മലക്കുകളില്‍ ജിബ്രീല്‍ ഞങ്ങളുടെ ശത്രുവാണ് എന്നവര്‍ പറയും; ഇപ്രകാരം റാഫിദികളില്‍ ഒരു സംഘം പറയുന്നു, ജിബ്രീലിനു ആളെപ്പിഴച്ചു മുഹമ്മദ്‌ നബിക്ക് വഹ്യ്യ് കൊണ്ടുകൊടുത്തതാണെന്ന്! അവരെല്ലാം കള്ളമാണ് പുലമ്പുന്നത്. അവര്‍ക്ക് അന്ത്യനാള്‍ വരെ നാശം!”

വളരെ ചിന്തനീയമായ വരികളാണ് ജീലാനി തങ്ങള്‍ നമുക്ക് ഉദ്ധരിച്ചു തന്നിരിക്കുന്നത്. ശിയാക്കളുടെ ഇസ്‌ലാം കാര്യത്തില്‍ പരപ്രധാനമാണ് ഇമാമത്ത്. ഇമാം നബിയെക്കാളും ഉന്നതന്‍ ആണെന്ന് അവര്‍ വിശ്വസിക്കുന്നു. മറ്റൊരു പ്രാധാന സംഗതിയാണ് അവര്‍ക്ക് ജിഹാദ്. ചില ജിഹാദ് മോഹികള്‍ ഇത് കണ്ട് ശിഈ ദര്‍ശനങ്ങളോട് അടുപ്പം പുലര്‍ത്തുന്നുണ്ട്. മേല്‍ ഉദ്ധരണിയില്‍ മഹ്ദി വരുന്നത് വരെയും ജിഹാദ് പാടില്ലാ എന്ന അവരുടെ വിശ്വാസത്തെ തുറന്നു കാണിക്കുന്നുണ്ടല്ലോ. ഇത് തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും? സംശയിക്കാം. ആ സംശയം തീര്‍ക്കുന്ന പരാമര്‍ശമാണ് പിന്നീട് അതില്‍ പറയുന്നത്- മുസ്ലിംകളുടെ രക്തം ചിന്തല്‍ ഹലാല്‍!! അതായത്, ശിയാക്കളുടെ ജിഹാദ്, ഇസ്ലാമില്‍ നിര്‍ദ്ദേശിക്കുന്ന ജിഹാദ് അല്ല. അതിന് സമയം ആയിട്ടില്ലത്രേ. മഹ്ദി ഇമാം രംഗത്തുവന്ന ശേഷം അദ്ദേഹതോടോപ്പമാണ് അത് നിര്‍വഹിക്കുക. പിന്നെ, സുപ്രധാന കര്‍മമായി ഇപ്പോള്‍ പഠിപ്പിക്കുന്ന ‘റെഡ് ശീഇസം’ എന്ന ജിഹാദ് ആരോടാണ്? അത് മുസ്ലിംകളോടാകുന്നു!! ശിയാക്കള്‍ ആവിര്‍ഭാവ കാലം മുതല്‍ മുസ്ലിംകളോട് മാത്രമേ ജിഹാദ് നടത്തിയിട്ടുള്ളൂ. നേര്‍ക്കുനേര്‍ സാധിക്കാത്തിടത്ത് മറ്റു ശത്രുക്കളുടെ കൂടെ നിന്നും അവരെ സഹായിച്ചും അവര്‍ക്ക് ഒറ്റുകൊടുത്തും ആവര്‍ ആ ദൗത്യം ഇറാന്‍ വരുന്നതുവരേയും തുടര്‍ന്നു. ഇറാനിലെ ശിയാ രാഷ്ട്രം സ്ഥാപിത മായ ശേഷം, ഇന്നേവരെയും മുസ്ലിം രാജ്യങ്ങളെ നശിപ്പിക്കാനുള്ള രാഷ്ട്രീയ – സൈനിക കാര് നീക്കങ്ങളില്‍ ഇറാന്‍ ഒളിഞ്ഞും തെളിഞ്ഞും പങ്കെടുത്തു. ഇപ്പോള്‍ യമനിലും സിറിയയിലും ഇറാഖിലും ലബനാനിലും അറബ് രാജ്യങ്ങളില്‍ പൊതുവെയും അപ്പണി തുടരുന്നു. ഇയ്യാവശ്യാര്‍ത്ഥം ഏതു ചെകുത്താനുമായും അവര്‍ കൂട്ടുകൂടും. അവരുടെ പാരമ്പര്യം അതാണ്‌. മുസ്ലിംകളുടെ രക്തം കുടിക്കാനുള്ള ശിയാക്കളുടെ ദാഹം ചരിത്രത്തിലെ ഭീകരാനുഭവങ്ങളാണ്.

അല്ലാമാ അബ്ദുല്‍ അസീസ്‌ ദഹ്ലവി റഹി അക്കാര്യം സവിസ്തരം വിവരിക്കുന്നുണ്ട്.
“ചരിത്ര നിരീക്ഷകര്‍ ഒരുപോലെ സ്ഥിരീകരിക്കുന്നു: ശീഈകളില്‍ പെട്ട ഒരൊറ്റ ഗ്രൂപും ഇസ്ലാമിന്‍റെ വ്യാപനത്തിന് വേണ്ടിയുള്ള ജിഹാദ് ചെയ്തിട്ടില്ല. (മുസ്ലിംകളെ നശിപ്പിക്കാനായിരുന്നു അവരുടെ സായുധ മുന്നേറ്റങ്ങള്‍ അഖിലവും.) സത്യനിഷേധികളില്‍ നിന്നും ‘ഒരു പഞ്ചായത്ത്’ പോലും അവര്‍ പിടിച്ചെടുത്തിട്ടില്ല. അങ്ങനെ ഒരു ദേശവും ദാറുല്‍ ഇസ്ലാം ആക്കിയിട്ടില്ല. എന്നല്ല, ശീഈകളില്‍ ഒട്ടുമിക്ക ഗ്രൂപുകളും നിഷേധികളോട് ‘എണ്ണപൂശിയ’ നിലപാട് സ്വീകരിക്കുകയും അവരുമായി കലര്‍ന്നിടപെടുകയും ചെയ്തു. വിശിഷ്യാ, ഈജിപ്തിന്റെയും ശാമിന്റെയും അധികാരത്തില്‍ ശീഈകള്‍ ഉണ്ടായിരുന്ന കാലത്ത് ഫ്രഞ്ചുകാരായ നിഷേധികളുമായി അവര്‍ ,, അവര്‍ ദീന്‍ വിറ്റ് ദുന്‍യാവു വാങ്ങി. ഇസ്ലാമിക രാജ്യങ്ങളെ നിഷേധി രാജ്യങ്ങളാക്കി.... അതിനാല്‍ തന്നെ , ഈ നശിച്ച കക്ഷികള്‍ ഏതൊരു നാട്ടിലും വ്യാപിചില്ലയോ ആ നാടും നാട്ടുകാരും രക്ഷപ്പെട്ടു..അവര്‍ അന്തസ്സും പ്രതാപവും ഉള്ളവരായി നിലനില്‍ക്കും. ശീഈകള്‍ കുടിയേരുന്നതിനു മുമ്പുള്ള ഇന്ത്യന്‍ മുസ്ലിംകളുടെയും റോം, തുര്‍കിസ്താന്‍, തൌറാന്‍ നടുകളുടെയും സ്ഥിതി എന്നപോലെ. ഇന്നാട്ടിലെ സുല്ത്വാന്മാരും വസിക്കുന്നവരും സമ്പൂര്‍ണ്ണ ഇസ്സത്തിലും ജയത്തിലും സമാധാനത്തിലും ആശ്വാസത്തിലും ആയിരുന്നു. എന്നല്ല, മിക്ക മുസ്ലിം രാജ്യങ്ങളും അങ്ങനെയാണ്. എന്നാല്‍, നാശം പിടിച്ച ഈ കക്ഷികള്‍ പരന്ന നാടുണ്ടല്ലോ, അവിടെ ഫിത്നയും ഫസാദും ആപത്തും നിന്ദ്യതയും വര്‍ദ്ധിക്കുന്നു. രാജ്യം തന്നെ നഷ്ടപ്പെടാന്‍ കാരണമായി വര്‍ത്തിക്കുന്ന കാപട്യം ഏറുന്നു. ഫസാദിന്റെ പേമാരി ആകാശത്ത് നിന്നും വര്ഷിക്കുന്നപോലെ. പിന്നെ അന്നാട് നന്നാകാന്‍ വലിയ പ്രയാസമായിരിക്കും. ഇറാന്‍, ഹൈദരാബാദ്, ഹിന്ദ്‌ എന്നീ നാടുകളുടെ സ്ഥിതി അതാണ്. ആലോചിക്കുന്നവര്‍ക്ക് ഇത് മനസ്സിലാകും. മുന്നേ പറഞ്ഞ ഭരണ ദേശങ്ങള്‍ക്ക് പുറമേ അറബ് , ശാം, തൌറാന്‍, തുര്‍കിസ്താന്‍ പ്രദേശങ്ങളും താരതമ്യം ചെയ്തു നോക്കൂ.. ശിഈകള്‍ ഭരിച്ച ഏതൊരു ഭൂഭാഗവും തുടര്‍ന്ന് ഭരിക്കുക ഉറപ്പായും കുഫ്ഫാറുകള്‍ ആയിരിക്കും. അതാണ്‌ ചരിത്രത്തിലെ പലതവണ ആവര്‍ത്തിച്ച അനുഭവം. കുഫ്ഫാര്‍ ഭരണത്തിന്‍റെ പൈലറ്റ്‌ സേനയെന്നപോലെയാണ് ഇവര്‍ വര്‍ത്തിക്കാരുള്ളത്. കാരണം, അവര്‍ കുഫ്ഫാരുകളുടെ പ്രതിനിധികള്‍ ആണ്. മുന്നണി സേനയാണ്. വലിയ ഭരണത്തിന്‍റെ ആമുഖ ഭരണമാണ്. നോക്കൂ, ബംഗാള്‍, ഹൈദരാബാദ്, ബൂറബ്, ഡല്‍ഹി.. അതിന്‍റെ പരിസര പ്രദേശങ്ങള്‍..അതുപോലെ ലാഹോര്‍, പഞ്ചാബ്.. താര്‍ത്തരികള്‍ക്ക് മുമ്പ് ഇറാഖിലും ബാഗ്ദാദിലും ഹില്ലയിലും കര്ഖ് ദേശത്തും ഖരാമിത്വികളും ഇസ്മാഈലികളും മായിരുന്നു... ” (തുഹ്ഫ)

ഇക്കാലമത്രയും കൂടെ നിന്നവര്‍ക്കുപോലും ഇറാന്‍റെ ശിയാ സാമ്രാജ്യ സ്വപനം ബോധ്യമായി വരുന്നുണ്ടെന്നു മനസ്സിലാകുന്നു. ഇറാനെ മാതൃകാ രാഷ്ട്രമായും റെഡ് ശിഈ’സത്തിന്റെ ശക്തനായ വക്താവായിരുന്ന അലി ശരീഅത്തിയെ ആദര്‍ശ പുരുഷനായും കൊണ്ടാടിയിരുന്ന തേജസ്സ്‌ പ്രസിദ്ധീകരണങ്ങള്‍ ചില സത്യങ്ങള്‍ തിരിച്ചറിയുന്നത് ശുഭോദര്‍ക്കമായ കാര്യമാണ്. പുതിയ ലക്കം തേജസ്‌ ദ്വൈവാരികയില്‍ ‘സിറിയന്‍ വംശ ഹത്യയുടെ പിന്നാമ്പുറം’ വിവരിക്കവേ, ഡോ സി കെ അബ്ദുള്ള എഴുതുന്നു:

“ ശിയാ സാമ്രാജ്യം: സിറിയയിലെ സ്വേച്ചാധിപത്യത്തെ പിടിച്ചു നിര്‍ത്താന്‍ ആരാണ് യുദ്ധം ചെയ്യുന്നതെന്ന് വ്യക്തമാണ്. പ്രദേശത്ത് ശിയാ രാഷ്ട്രീയ സ്വാധീനമുറപ്പിക്കാന്‍ വിഭാഗീയതയുടെ ലേബലുകളോട്ടിച്ച യുദ്ധത്തേരുകള്‍ ഒരുക്കിയിരിക്കയാണ് ഇസ്ലാമിക വിപ്ലവത്തിലൂടെ സ്ഥാപിതമായ ഇറാന്‍... വിമത വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ ഭൂരിപക്ഷമായ സുന്നി വിഭാഗത്തിനു നേരെ യുള്ള ആക്രമമാണ് ഇറാന്‍, ഇറാഖ്, ലബനോന്‍, അഫ്ഘാനിസ്ഥാന്‍, പാകിസ്താന്‍ പ്രദേശങ്ങളില്‍ നിന്നു വന്ന ശിയാ സായുധ സംഘങ്ങള്‍.”

ലേഖകന്‍ തുടരുന്നു: “ ശിയാ വിഭാഗീയതക്ക് നേതൃത്വം കൊടുക്കുന്നവര്‍ അവരില്‍ ഊട്ടിവളര്‍ത്തുന്നത് പ്രതികാര മനശാസ്ത്രവും വിശാല ശിയാ സാമ്രാജ്യത്തിനുള്ള പിടിച്ചടക്കല്‍ ആവേശവും മാത്രമാണ്. അഹ്ലുസ്സുന്ന (സുന്നികള്‍) എന്നറിയപ്പെടുന്ന ഇതര മുസ്ലിം സമൂഹം മൊത്തത്തില്‍ അവരുടെ പ്രതികാരത്തിനു പാത്രമാണ്. വളചൊടിക്കപ്പെടുകയും വികൃതമാക്കപ്പെടുകയും ചെയ്ത ആല് ബൈത്തിന്‍റെ പതന കഥയില്‍ നിന്നു പ്രതികാരാവേഷം പൂണ്ട്, ഹുസൈന്‍റെ രക്തത്തിന് പകരം ചോദിക്കുവാന്‍ ( എട്ടാം നൂറ്റാണ്ടില്‍ അമവി കാലത്ത് നടന്ന കര്‍ബല സംഭവം) എന്നു പറഞ്ഞാണ് സിറിയയിലും ഇറാഖിലും നടക്കുന്ന എല്ലാ ശിയാ സായുധ സംഘങ്ങള്‍ പ്രചോദിക്കപ്പെടുന്നത്. പുരുഷന്മാരെ വധിച്ചും സ്ത്രീകളെ മാന ഭംഗപ്പെടുത്തിയും കുട്ടികളെ കൊന്നു വിനോദിച്ചുകൊണ്ടുമാണ് ശിയാ സാമ്രാജ്യത്തിനു വേണ്ടിയുള്ള ഈ സാഹസങ്ങള്‍”

ലോക ഇസ്ലാമിക ശത്രുക്കളുമായുള്ള ശിഈ കൂട്ടുകെട്ടിനെക്കുറിച്ച് ലേഖകന്‍ സൂചിപ്പിക്കുന്നു: “ഇറാഖില്‍ നിന്നുള്ള ശിയാ സംഘങ്ങള്‍ക്ക് ബശ്ശാറുല്‍ അസദിനുവേണ്ടി യുദ്ധം ചെയ്യാന്‍ അമേരിക പരിശീലനം നല്‍കിയതായുള്ള വാര്‍ത്തകളില്‍ അത്ഭുതമൊന്നുമില്ല. ഇറാഖ് അധിനിവേശം ആസൂത്രണം ചെയ്തതുമുതല്‍ അമേരികയും ഇറാനും തമ്മിലുള്ള രഹസ്യ സഹകരണം ആണവ കരാര്‍ യാഥാര്‍ത്ഥ്യമായതോടെ കൂടുതല്‍ ശക്തമായിട്ടുണ്ട്. ഇറാന്‍ ആര്‍ത്തിവെയ്ക്കുന്ന അറബ് പ്രദേശങ്ങള്‍ ഒരു പരിധിവരെ അനുവദിച്ചു കൊടുക്കുന്നതില്‍ അമേരിക്കക്ക് കുഴപ്പമൊന്നുമില്ല. മാത്രമല്ല, അറബ് ഭരണാധികാരികളുടെ പിടിയില്‍ നിന്ന് വഴുതി സ്വന്തം വഴിയേ നീങ്ങാന്‍ സാധ്യതയുള്ള സലഫി- സുന്നി വിഭാഗങ്ങളെക്കാള്‍ അമേരിക്കക്ക് കൂടുതല്‍ വഴങ്ങുക ശിയാ സംഘങ്ങള്‍ തന്നെയാണ്”.. (തേജസ്‌ 2017 JAN 1-15)

ശിയാക്കള്‍ പ്രചരിപ്പിക്കുന്ന കൃത്രിമ ചരിത്രങ്ങളെ പൊളിക്കുന്ന സൂചനകളും ജീലാനി തങ്ങളുടെ വരികളില്‍ കാണാം. അപ്രകാരം തന്നെ, മുഹറം പത്ത് ഹുസൈന്‍ തങ്ങള്‍ വധിക്കപ്പെട്ട ദിനമാകയാല്‍ ആ ദിവസം ആശുറാ നോമ്പ് അനുഷ്ഠിക്കുന്നത് ശരിയല്ലെന്ന് വാദിക്കുകയും നോമ്പനുഷ്ടിക്കുന്നവരെ ആക്ഷേപിക്കുകയും ചെയ്യുന്ന ചിലരെ ഷെയ്ഖ്‌ ജീലാനി റഹി തിരുത്തുന്നു.


“ഹുസൈന്‍ തങ്ങളുടെ നഷ്ടം മുഴുവന്‍ മനുഷ്യര്‍ക്കും ബാധിച്ച മുസ്വീബത്ത് ആയി കാണണം; അതിനാല്‍, അന്ന് നിങ്ങള്‍ സന്തോഷത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും ദിവസമാക്കുകയാണോ? അന്ന് ആശ്രിതര്‍ക്ക് ഭക്ഷണം നന്നായി നല്‍കണമെന്നും കൂടുതല്‍ ചെലവു ചെയ്യണമെന്നും ദരിദ്ര ദുര്‍ബല ജനങ്ങള്‍ക്ക്‌ ദാനം ചെയ്യണമെന്നും ആണോ നിങ്ങള്‍ പറയുന്നത്? തീര്‍ച്ചയായും ഹുസൈന്‍ തങ്ങളോടുള്ള മറ്റു മുസ്ലിം സമാജത്തിന്‍റെ കടപ്പാട് ഇതല്ലട്ടോ”, എന്നാണവര്‍ വികാരപൂര്‍വം ചോദിക്കുന്നതും പറയുന്നതും.

ഈ വാദമാണ് സത്യധാരയിലൂടെയും കൊച്ചിയിലെ സഖലൈന്‍ ഫൌണ്ടേഷന്‍ പൊന്നാനിയില്‍ സംഘടിപ്പിച്ച പ്രഭാഷണത്തിലും സി ഹംസ ഉന്നയിച്ചത്. അദ്ദേഹം എഴുതുന്നു: “ അഹ്ലുല്‍ ബൈത്തിനോടുള്ള സമീപനത്തില്‍ കേരളമെന്ന ഭൂമികയിലെ ആദ്യകാല സമീപനത്തോടും പാരമ്പര്യത്തോടും(?!) പരിപൂര്‍ണ്ണമായി ഞാന്‍ ഒട്ടിചേരുന്നു. അതില്‍ നിന്നും അകലാന്‍ എനിക്കാവില്ല. ഉദാഹരണം മുഹറം മാസം. അതിലെ പത്തുവരെ നമുക്ക് സന്തോഷമുള്ള യാതൊന്നും ചെയ്യേണ്ടെന്നും ചെയ്യാറ്ണ്ടായിരുന്നില്ല എന്നുമായിരുന്നു കേരളത്തിന്‍റെ സ്ഥിതി. ആ മനസ്ഥിതി കേരളത്തിലെ സുന്നികള്‍ക്ക് പോലും മാറുന്നുണ്ട്. അതെനിക്ക് മാറില്ല. എനിക്ക് അഹ്ലുബൈത്തുമായി അത്രമാത്രം അടുപ്പവും സംപര്‍ക്കവുമുണ്ട്. നമ്മെ നിലനില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തമായ ഘടകമാണത്. അതിനാല്‍ കര്ബും ബലാഉം ചേര്‍ന്ന കര്‍ബലാ സംഭവം അത്ര നിസ്സാരമായ ഒന്നായി ഞാന്‍ കാണില്ല. അത് ആഹ്ലുല്ബൈത്തിനെ നശിപ്പിക്കാന്‍ വേണ്ടി ആവിഷ്കരിച്ച സംഭവമായിരുന്നു. അവരെ ഉന്മൂലനം ചെയ്ത് ഹസ്രത് ഇമാം ഹുസൈനെ റ അത്രയും നീചമായി വധിച്ച ആ സംഭവത്തോടുള്ള സമീപനം, മുഹറം പത്തുവരെ ഫിഖ് ഹ് അനുസരിച്ച് കര്‍മങ്ങളും നല്ല കാര്യങ്ങളും ശരിയാവുകയില്ല എന്നല്ല, മറിച്ച് സന്തോഷമുള്ളതൊന്നും നമുക്ക് ചെയ്യാനാകില്ല എന്നതാണ്. അത്രമാത്രം വേദനാ ജനകവും തിരു നബി തീരെ ഇഷ്ടപ്പെടാത്തതുമാണത്. നമ്മുടെ വാപ്പ മരിച്ചതിനോടടുത്ത ദിനങ്ങളില്‍ നാം കല്യാണം നടത്തുമോ? സല്‍ക്കാരം വെക്കുമോ? അഹ്ലുല്‍ ബൈത്തിനോട് സ്നേഹമുള്ള ആര്‍ക്കും ഈ ദിനങ്ങളില്‍ ഇതായിരിക്കും അവസ്ഥ. അതിനെനിക്ക് അതിശക്തമായ ന്യായങ്ങളുമുന്ദ്. ഈ അടുപ്പം നമ്മുടെ പൂര്‍വ്വികരില്‍ അങ്ങേയറ്റം ഉണ്ടായിരുന്നിട്ടുണ്ട്.” (സത്യധാര, 2015 DEC 1-15) നേരത്തെ ശൈഖ് ജീലാനി തങ്ങള്‍ ഉദ്ധരിച്ച ശിഈ വികാരമാണ് ഹംസ സുന്നികളില്‍ ചെലുത്താന്‍ ശ്രമിച്ചത്.

എന്നാല്‍, ഹസനിയും ഹുസൈനിയുമായ ശൈഖ് ജീലാനി തങ്ങള്‍ അവരുടെ ഈ കപട അഹ്ലുല്‍ ബൈത്ത് സ്നേഹത്തെ തിരുത്തിക്കൊണ്ട് മതത്തിന്‍റെ ശരിയായ നിലപാട് അവരെ പഠിപ്പിച്ചു:

"ഇയാള്‍ക്ക് പിഴച്ചുപോയി. ഇയാളുടെവികാരവഴി വൃത്തികെട്ടതും നാശകരവും അവാസ്തവവുമാണ്. കാരണം, അല്ലാഹു തആലാ തന്‍റെ പ്രവാചകന്‍ മുഹമ്മദ്‌ സ്വ യുടെ അരുമ ദൗഹിത്രന്‍ ഹുസൈന്‍ തങ്ങള്‍ക്ക് ശഹാദത്ത് എന്ന ഉത്തമ പദവി നല്‍കാന്‍ തെരഞ്ഞെടുത്തത് അവന്‍റെ അടുക്കല്‍ ഏറ്റവും മഹത്തരമായ ഒരു ദിനത്തെയാണ്‌. ആ ദിവസത്തിന്റെ പുണ്യം വഴി ഹുസൈന്‍ തങ്ങള്‍ക്ക് നേരത്തെയുള്ളതിനേക്കാള്‍ ആദരവും സ്ഥാനവും വര്‍ദ്ധിപ്പിക്കാനായിരുന്നു അത്. രക്തസാക്ഷിത്തം നല്‍കുക വഴി സച്ചരിതരായ ഖലീഫമാരുടെ അത്യുന്നത സ്ഥാനത്ത് ഹുസൈന്‍ തങ്ങളെ എത്തിക്കുക എന്ന ലക്ഷ്യവും അതിനുണ്ട്. ഹുസൈന്‍ തങ്ങള്‍ മരണപ്പെട്ട ദിവസം ‘മുസ്വീബത്ത്’ ഉണ്ടായ ദിനമായി ആചരിക്കാമെന്ന്ണ്ടെങ്കില്‍ അങ്ങനെയൊരു ദുഃഖ ദിനത്തിന് കൂടുതല്‍ അനുയോജ്യമാവുക തിങ്കളാഴ്ച ദിനമാണ്. കാരണം, ആ ദിവസമല്ലേ മുഹമ്മദ്‌ നബി സ്വ വഫാത്തായത്. അബൂബകര്‍ റ വും മരണപ്പെട്ടത് തിങ്കളാഴ്ച തന്നെ. ആഇശ റ യില്‍ നിന്നും ഹിശാം ബ്നു ഉര്‍വ റ നിവേദനം. ഏതു ദിവസമാണ് നബി സ്വ വഹാത്തായത്?’ ആഇശ റ പറഞ്ഞു: ‘തിങ്കളാഴ്ച’ . അപ്പോള്‍ അബൂബകര്‍ റ പ്രതിവചിച്ചു:’ ആ ദിവസം മരിക്കാന്‍ ഞാനും ആഗ്രഹിക്കുന്നു’ . അദ്ദേഹം തിങ്കളാഴ്ച തന്നെയാണ് മരിച്ചത്. മുഹമ്മദ്‌ നബി സ്വ യുടെയും അബൂബകര്‍ റ ന്‍റെയും വിയോഗം മറ്റാരേക്കാളും വലിയ ഗൌരവമേറിയ വിയോഗമാണ്‌. തിങ്കളാഴ്ചയുടെ മഹത്ത്വവും ആ ദിവസത്തെ നോമ്പിന്‍റെ പുണ്യവും മുസ്ലിം ഉമ്മത്ത് ഏകകണ്ഠം സമ്മതിച്ച സംഗതിയാണ്. ആ ദിവസം പുണ്യഅമലുകള്‍ പ്രത്യേകമായി പരിഗണിക്കപ്പെടുന്നു. സല്‍കര്‍മ്മങ്ങള്‍ സ്വീകരിച്ചു ഉയര്‍ത്തപ്പെടുന്നു. അതുപോലെയാണ് ആശൂറാ ദിനം. അത് ദുരന്ത ദിനമായി ആചരിക്കേണ്ട ദിനമല്ല തന്നെ. നാം പറഞ്ഞ യാഥാര്‍ഥ്യം പരിഗണിച്ചാല്‍, ആശൂറാ ദിനം ദുഃഖ ദിനം ആക്കുന്നതിനേക്കാള്‍ ഏറ്റവും ഉചിതം സന്തോഷ- ആഹ്ലാദ ദിനം ആക്കുന്നത് തന്നെയാണ്. അന്നാണ് ഒട്ടേറെ പ്രവാചകന്മാരെ അവരുടെ ശത്രുക്കളില്‍ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയത്. ഫിര്‍ഔന്‍, അവന്‍റെ അനുയായികള്‍ തുടങ്ങിയ ധാരാളം പ്രമുഖ ശത്രുക്കളെ അല്ലാഹു നശിപ്പിച്ചതും ആശൂറാ ദിനത്തിലാണ്. ആകാശവും ഭൂമിയും മഹത്തായ പല വസ്തുക്കളും അല്ലാഹു ആവിഷ്കരിച്ചതും അന്ന് തന്നെ. ആദം അ നെ യും മറ്റും പടച്ചത് അന്നല്ലേ. അന്നേ ദിനം വ്രതമനുഷ്ടിക്കുന്നവന്നു അത്യുദാരമായ പ്രതിഫലം കരുതി വെച്ചിരിക്കുന്നു. അബദ്ധപാപങ്ങള്‍ ആശൂറാ വ്രതം കാരണമായി പരിഹരിക്കുന്നു, തെറ്റുകള്‍ മായ്ക്കപ്പെടുന്നു. ഇക്കാരണങ്ങളാല്‍, രണ്ടു പെരുന്നാള്‍ , വെള്ളിയാഴ്ച, അറഫ തുടങ്ങിയ സന്തോഷ ദിനങ്ങളുടെ സ്ഥാനത്ത് ആശൂറാ ദിനത്തെ കണ്ട് ആ ദിവസവും സന്തോഷ – ആഹ്ലാദ ദിനമായി ആചരിക്കുകയാണ് വേണ്ടത്. ഇനി, ഏതെങ്കിലും അര്‍ത്ഥത്തില്‍ ആശൂറാ ദിനം ദുഃഖ ദിനമായി ആചരിക്കണമായിരുന്നെങ്കില്‍ സ്വഹാബത്തും താബിഉകളും അത് ചെയ്തു മാതൃക യാകുമായിരുന്നു. കാരണം, അവരാണ് ആ ദുരന്ത സംഭവത്തോട്/ ഹുസൈന്‍ തങ്ങളോട് കൂടുതല്‍ അരികത്തുണ്ടായിരുന്നവര്‍; അതിന് ഏറെ സവിശേഷമായവര്‍. അവരില്‍ നിന്നും നമുക്ക് കിട്ടിയ അറിവ്, ആശൂറാ ദിനത്തില്‍ ഭാര്യസന്താനങ്ങള്‍ക്കും ആശ്രിത ജനങ്ങള്‍ക്കും വിശാല ഭക്ഷണം നല്‍കാനും വ്രതം അനുഷ്ടിക്കാനുമാണ്. (അലിയാര്‍ തങ്ങളുടെ അരുമ ശിഷ്യന്‍, ഹസന്‍ ഹുസൈന്‍ തങ്ങന്മാരുടെ സഹപാഠിയും കൂട്ടുകാരനുമായ) ഹസനുല്‍ ബസ്വരി റഹി യില്‍ നിന്നും വന്നിട്ടുള്ള പ്രസ്താവന അതില്‍ പെട്ടതാണ്. അദ്ദേഹം പറഞ്ഞു: “ ആശൂറാ ദിനത്തിലെ വ്രതം ഫര്‍ളിനോടടുത്ത സുന്നതാകുന്നു”. അലി റ വും ആശൂറാ വ്രതം അനുഷ്ഠിക്കാന്‍ കല്‍പിച്ചിരുന്നു. (ഭാവി കാര്യങ്ങള്‍ കൂടി അറിയുന്ന ആളാണല്ലോ അവര്‍ക്ക് അലിയാര്‍!)..” ആശൂറാ രാവിനെ ആര്‍ സല്‍കര്‍മങ്ങള്‍ കൊണ്ട് ഹയാത്താക്കുന്നുവോ അല്ലാഹു അവനുദ്ദേശിക്കുന്ന അനുഗ്രങ്ങള്‍ നല്‍കി അവനെയും ഹയാത്താക്കും” എന്ന തിരുമൊഴിയും നമുക്ക് ലഭിച്ചിട്ടുണ്ട്. ഇത് അയാളുടെ വാദങ്ങള്‍ പൊളിയാണെന്ന് തെളിയുന്നു..” (ഗുന്‍യ)

ശൈഖ് ജീലാനി തങ്ങള്‍ അഹ്ലുസ്സുന്നയുടെ ശക്തനായ വക്താവാകുന്നു. അദ്ദേഹത്തെ ആത്മീയഗുരുവായി സ്വീകരിച്ചവരാണ് കേരള മുസ്ലിംകള്‍. ജീലാനി തങ്ങളുടെ വഴിയിലുറച്ചു നിന്ന് നമുക്ക് റാഫിദീ നുഴഞ്ഞു കയറ്റത്തെ ചെറുക്കാം..

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal