} -->

ഇറാൻ ഇസ്റയേൽ അമേരിക്കൻ രഹസ്യ ബാന്ധവം

"വഞ്ചനാത്മക കൂട്ടുകെട്ട്,. ഇറാൻ ഇസ്റയേലി അമേരിക്കൻ രഹസ്യ ബന്ധങ്ങൾ" ഏതെങ്കിലും ഗൂഢാലോചനാ സിദ്ധാന്തക്കാരനായ അറബി എഴുത്ത് കാരന്റെ ഭ്രാന്തൻ ജല്പനങ്ങളല്ല; പ്രത്യുത ഏതെങ്കിലും 'വഹാബി'കൾ എഴുതിയ പുസ്തകത്തിന്റെ തലക്കെട്ടുമല്ല മേലുദ്ധരിച്ച ശീർഷകം. അമേരിക്കയിലെ ജോൺ ഹോപ്‌കിൻസ് സർവ്വകലാശാലയിലെ ഇന്റർ നാഷണൽ റിലേഷൻസ് വിഭാഗത്തിലെ അദ്ധ്യാപകനും ഇറാനി വംശജനും പാഴ്‌സി വിശ്വാസിയുമായ ട്രിറ്റാ പാർസി എഴുതിയ ഗവേഷണ പഠനമാണിത്.
ഇന്റർ നാഷണൽ റിലേഷനിലും സാമ്പത്തിശാസ്ത്രത്തിലും ബിരുദാനന്തര ബിരുദ ധാരിയായ പാർസി ഇറാൻ ഇസ്റയേലി ബന്ധങ്ങളെക്കുറച്ച് നടത്തിയ ഗവേഷണ പ്രബന്ധത്തിന് ജോൺ ഹോപ്‌കിൻസ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇറാൻ ഇസ്റയേൽ അമേരിക്കൻ ബന്ധങ്ങളുടെ സൂക്ഷ്‌മമായ വിശദാംശങ്ങൾ ആദ്യമായി അനാവരണം ചെയ്യുന്ന ഗ്രന്ഥമെന്ന നിലയിൽ  ഏറെ സവിശേഷത അർഹിക്കുന്ന ഗ്രന്ഥമാണിത്.

മാധ്യമങ്ങളിലും പൊതു വേദികളിലും നടത്തുന്ന പോർവിളികൾക്കും ആക്രോശങ്ങൾക്കും വിരുദ്ധമായി തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ അണിയറക്കു പിന്നിൽ ഈ രാഷ്ട്രങ്ങൾ നടത്തിയ രഹസ്യ ഇടപാടുകളും ബാന്ധവങ്ങളും അതിനു പ്രയോഗിച്ച തന്ത്രങ്ങളും വഴികളും ഈ പുസ്തകത്തിൽ സൂക്ഷമമായി അവലോകനം ചെയ്യുന്നു.
അമേരിക്കൻ വിദേശ നയത്തിൽ പ്രാവിണ്യമുള്ള ഒരാളുടെ പഠനമെന്ന നിലയിൽ ഈ ഗ്രന്ഥത്തിന്റെ ആധികാരികതയിൽ സംശയിക്കേണ്ട കാര്യമില്ല, അമേരിക്കൻ സർക്കാറിനു മേൽ ഇറാൻ താല്പര്യങ്ങൾക്ക് വേണ്ടി വാദിക്കാൻ സ്ഥാപിതമായ അമേരിക്കൻ ഇറാനിയൻ കൗൺസിലിന്റെ ചെയർമാൻ കൂടിയാണ് ഗ്രന്ഥകർത്താവ്. അമേരിക്കൻ വിദേശ നയങ്ങളെക്കുറിച്ച്  വൈദഗ്ദ്യമുള്ളത് പോലെ മധ്യ പൗരസ്ത്യ ദേശത്തെക്കുറിച്ചും ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട് ഇദ്ദേഹം. അമേരിക്കക്കു പുറമെ ഇറാൻ ഇസ്റായേൽ എന്നീ രാഷ്ട്രങ്ങളുടെ പോളിസി മേക്കറാകാൻ സാധിച്ച ഏക അമേരിക്കൻ എഴുത്തുകാരനാണിദ്ദേഹം.
ഇറാനും ഇസ്റയേലും അമേരിക്കയും തമ്മിൽ കഴിഞ്ഞ അൻപത് വർഷക്കാലത്തെ ബന്ധങ്ങളും അത് അമേരിക്കയുടെ വിദേശ നയത്തിൽ ചെലുത്തിയ സ്വാധീനവും മധ്യ-പൗരസ്ത്യ ദേശത്തെക്കുറിച്ചുള്ള അവരുടെ നിലപാടുകളിൽ വരുത്തിയ മാറ്റവും പ്രതിപാദിക്കുന്ന ഈ പുസ്തകം രചിച്ചത് ഈ മൂന്ന് രാഷ്ട്രങ്ങളിലേയും 130ൽ പരം നയതന്ത്ര വിദഗ്‌ദരുമായും പോളിസി മേക്കർമാരായ ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ അഭിമുഖ സംഭാഷണങ്ങളുടെ വെളിച്ചത്തിലാണ്. കൂടാതെ ഈ രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട നയതന്ത്ര രേഖകളും പ്രമാണങ്ങളും അപഗ്രഥന പഠനങ്ങളും ഇതിന്റെ രചനക്ക് വേണ്ടി പ്രയോചനപ്പെടുത്തിയിട്ടുണ്ട്.
പരസ്യമായി പോർവിളികളും ആക്രോശങ്ങളും നടത്തുമ്പോൾ തന്നെ തങ്ങളുടെ പൊതു താല്പര്യങ്ങൾ സംരക്ഷിക്കാൻ ഈ രാഷ്ട്രങ്ങൾ നടത്തുന്ന രഹസ്യ ഇടപാടുകളുടെ ചുരുളഴിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിട്ടുണ്ട്. ഈ രാഷ്ട്രങ്ങൾ മാധ്യമങ്ങളിലൂടെ നടത്തുന്ന ആക്രോശങ്ങളും പോർവിളികളും അവരുടെ നയതന്ത്രബന്ധങ്ങളുടെ വെളിച്ചത്തിൽ പഠന വിധേയമാക്കുന്ന ലേഖകൻ അവർ തമ്മിലുള്ള പ്രശ്നങ്ങൾ കേവലം നയപരമാണെന്നും ആദർശപരമല്ലെന്നും വ്യക്തമാക്കുന്നത് കാണാം. ഈ മൂന്ന് രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ അവരുടെ പൊതു താല്പര്യങ്ങളുടെയും മധ്യ-പൗരസ്ത്യദേശത്തിനു മേലുള്ള മേൽകോയ്‌മയുടെയും- ജിയോ സ്ട്രാറ്റർജി-യുടെയും അടിസ്ഥാനത്തിലാണെന്ന് ചുരുക്കം.
മധ്യ-പൗരസ്ത്യ ദേശത്ത് അറബികളെക്കാൾ ശക്തിയും മേധാവിത്വവും തങ്ങൾക്കാണെന്നാണ് ഇറാനും ഇസ്റായേലും വിശ്വസിക്കുന്നത്. ഈ വിഷയത്തിലുള്ള തർക്കം മാത്രമാണവർ തമ്മിലുള്ളത്. മധ്യ-പൗരസ്ത്യ ദേശത്തിന്റെ പൊതു സ്വഭാവത്തിൽ നിന്ന് വ്യത്യസ്തമായി വിശ്വാസം, സംസ്കാരം, ഭാഷ, രാഷ്ട്രീയം എന്നീ മേഖലകളിൽ വേറിട്ട് നിൽക്കുന്ന അസ്ഥിത്വമാണ് ഇറാനും ഇസ്റായേലിനും ഉള്ളത്. ഇവർ തമ്മിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് മേഖലയുടെ മേധാവിത്വം ആർക്കാണ് എന്ന കാര്യത്തിൽ മാത്രമാണ്. അറബികൾ ഇസ്റായീലുമായി സമാധാന ഉടമ്പടിയിൽ ഏർപെടുന്നത് ഇറാൻ ഭയക്കുന്നത് പോലെ ഇസ്റായീലിനെതിരെ അറബികളും ഇറാനും തമ്മിൽ ഇസ്‌ലാമിക സഖ്യം ഉണ്ടാക്കുന്നതിനെ ഇസ്റയേലും ഭയക്കുന്നു. ഇരു രാഷ്ട്രങ്ങളുടെയും പൊതു താല്പര്യങ്ങൾ സംരക്ഷിക്കാൻ ഇറാനും ഇസ്റയേലും വിവിധ യൂറോപ്യൻ തലസ്ഥാനങ്ങളിൽ വെച്ച് നടത്തിയ രഹസ്യ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. 2003ൽ ഏഥൻസിൽ വെച്ച് നടന്ന ഇറാൻ ഇസ്റയേൽ ചർച്ച ഇതിൽ എടുത്ത് പറയേണ്ട ഒന്നാണ്.
ധാരാളം രഹസ്യ രേഖളും പ്രമാണങ്ങളും ലേഖകൻ ഈ ഗ്രന്ഥത്തിൽ എടുത്തുദ്ധരിക്കുന്നുണ്ട്.
2002 അമേരിക്ക ഇറാഖിനെ ആക്രമിച്ചപ്പോൾ യു.എസ് ഭരണകൂടത്തിന്റെ പ്രീതിയാർജ്ജിക്കാൻ യോജിച്ച അവസരമാണെന്ന് മനസ്സിലാക്കിയ ഇറാൻ അമേരിക്കൻ അധിനിവേശത്തിനു വേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുത്തു. (ശിയാ പുരോഹിതന്മാരായ സിസ്താനിയും മുഖ്‌തദ സദറും അമേരിക്കൻ അധിനിവേശത്തെ പിന്തുണക്കാൻ ശിയാക്കളോട് ആഹ്വാനം ചെയ്തത് ഓർക്കുക) അമേരിക്ക ആവശ്യപ്പെട്ടതെല്ലാം ഇറാൻ നിറവേറ്റുകയും ചെയ്തു. ഈ സമയത്ത് ഇറാൻ, അമേരിക്കൻ സർക്കാരിനു മുമ്പിൽ വലിയ ഒരു ഇടപാടിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുകയുണ്ടായി. ഇറാൻ സമർപ്പിച്ച ആ രഹസ്യ ഉടമ്പടിയിൽ, ഇറാൻ അമേരിക്കൻ ആണവ ഉടമ്പടി, അൽഖ്വായ്‌ദ വേട്ട, ഭീകരതയും മേഖയുടെ സമാധാനവും, സാമ്പത്തിക സഹകരണം തുടങ്ങിയ പല നിർദേശങ്ങളും അടങ്ങിയിരുന്നതായി പുസ്തകം സൂചിപ്പിക്കുന്നു. ഇത് ഒരു ഇറാൻ വിരുദ്ധ ഗ്രന്ഥമല്ല. ലേഖകൻ പാർസി അമേരിക്കൻ ഭരണകൂടത്തിനുമേൽ ഇറാനുവേണ്ടി സമ്മർദ്ധം ചൊലുത്തുന്ന നയതന്ത്ര പ്രതിനിധിയാണ്. അമേരിക്കയിലെ ഇറാനിയൻ ലോബിയുടെ തലവനും അമേരിക്കൻ ഇറാൻ സഹകരണ കൗൺസിലിന്റെ ചെയർമാനുമാണ്. ഇറാനും ഇസ്റായേലും അമേരിക്കയും പരസ്പരം ശത്രുക്കളല്ല, മിത്രങ്ങളാണെന്ന് സമർത്ഥിക്കുന്ന ഗ്രന്ഥം അതേകുറിച്ചുള്ള ചില തെളിവുകളും അവർ തമ്മിൽ നടന്ന രഹസ്യ ഇടപാടുകളും എടുത്ത് പറഞ്ഞുവെന്ന് മാത്രം.
PDF

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal