} -->

ഇറാൻ വിപ്ലവം ഇസ്ലാമിനോട് ചെയ്തത്

ഇറാൻ വിപ്ലവം ഇസ്ലാമിനോട് ചെയ്തത്

അബ്ദുറഹ്‌മാൻ ആദൃശേരി

സഫവി ഭീകരതയുടെ ചരിത്രം

പത്താം നൂറ്റാണ്ട് വരെ ഇറാൻ ഒരു സുന്നി രാഷ്ട്രമായിരുന്നു. മുഫസിറുകൾ, മുഹദ്ദിസുകൾ, ചരിത്രകാരന്മാർ തുടങ്ങി ആയിരക്കണക്കിന് പണ്ഡിതന്മാരെ സംഭാവന ചെയ്ത ഭൂപ്രദേശമാണത്. ആറ് പ്രമുഖ ഹദീസ് ഗ്രന്ഥങ്ങൾ സമാഹരിച്ചവർ ഇറാനികളോ പരിസരവാസികളോ ആണ്. പിന്നീട് അഉ 1502ൽ സഫവികൾ അധികാരത്തിൽ വന്നതോടെ, ആ രാഷ്ട്രം ശീഇവൽകരിക്കപ്പെട്ടു. ഓഷ്ട്രിയൻ രാജാവിന്റെ അംബാസഡർ ഫെർഡിനന്റ് ഇതേക്കുറിച്ച് പറഞ്ഞത് ഇറാൻ സഫവികൾ കീഴടക്കിയില്ലായിരുന്നുവെങ്കിൽ ഞങ്ങൾ യൂറോപ്യർ ഇന്ന് അൾജീരിയക്കാരെ പോലെ ഖുർആൻ പാരായണം ചെയ്തു കഴിയുമായിരുന്നു എന്നാണ്. യൂറോപ്പിലേക്ക് ഉസ്മാനികൾ നടത്തിയ ജൈത്രയാത്രയെ തടസ്സപ്പെടുത്തിയത് സഫവികളായിരുന്നുവല്ലോ? സഫവികളുടെ കൂട്ടക്കുരുതിയെ ഭയന്ന് സുന്നികൾ ഇറാന്റെ അതിർത്തി പ്രദേശങ്ങളിലേക്ക് ചേക്കേറി. ബലൂച്, തുർക്കുമാൻ കുർദ്ദ്, അറബ് അർമൻ വംശജരിൽ ഭൂരിപക്ഷവും ഇന്നും സുന്നികളാണ്.
ഇമാം മുഹമ്മദ് ബ്‌നു ഹസൻ, ഇമാം റാസി, ഗസാലി, അബ്ദുൽഖാദിർ ജീലാനി, നസാഇ, ത്വബരി തുടങ്ങിയ എണ്ണമറ്റ പണ്ഡിതപ്രതിഭകൾക്ക് ജന്മം നൽകിയ ഈ നാട്, മജൂസി പാരമ്പര്യം പേറുന്ന ശീഇസത്തിന്റെ കേന്ദ്രഭൂമിയായി പരിണമിച്ചതിന്റെ ചരിത്രം നാം അറിയേണ്ടതുണ്ട്.
മുസ്ലിം സമൂഹം കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകൾക്കിടയിൽ നേരിട്ട കൊടിയ ദുരന്തങ്ങളിൽ ഒന്നാണ് ഇറാന്റെ സുന്നി പൈതൃകം തകർത്തെറിഞ്ഞു അധികാരത്തിലേറിയ സഫവികൾ നടത്തിയ തേർവാഴ്കൾ. പണ്ഡിതന്മാരും സാധാരണക്കാരുമായ നിസ്സഹായരായ ജനതയെ ഉന്മൂലനം ചെയ്ത ആ കഥ നാം അറിയേണ്ടതുണ്ട്. കാരണം സുന്ദരമായ വേഷവിധാനങ്ങൾ ധരിച്ച്, ആവേശം കൊള്ളിക്കുന്ന സാമ്രാജ്യത്വ വിരുദധ മുദ്രാവാക്യങ്ങൾ മുഴക്കി മുസ്ലിം ബഹുജനത്തെ കയ്യിലെടുക്കുന്ന ശീഈ ഭീകരതയുടെ യാഥാർത്ഥ്യം ഇന്നും മുസ്ലിം ബഹുജനങ്ങൾക്ക് അജ്ഞാതമാണ്. സമുദായ ശത്രുക്കളെ കൂട്ടുപിടിച്ച് അഹ്‌ലുസ്സുന്നയെ തുടച്ചു നീക്കുവാനുള്ള ഗൂഢപദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കി കൊണ്ടിരിക്കുകയാണവർ. വിപ്ലവ വീര്യവും സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളും വെറും കപടനാടകങ്ങളാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
സഫവി ഭരണ സ്ഥാപകൻ ശാഹ് ഇസ്മായിൽ, രക്തക്കൊതിയനും സുന്നി ഉന്മൂലനത്തിന് നേതൃത്വം നൽകിയ ക്രൂരനുമായിരുന്നു. സുന്നി പണ്ഡിതന്മാരുടെ കബറിടങ്ങൾ മാന്തി അസ്ഥികൾ അഗ്നിക്കിരയാക്കുക അദ്ദേഹത്തിന്റെ വിനോദമായിരുന്നു. 1502ൽ ശാഹ് അബ്ദുൽ അസീസ് അധികാരം പിടിച്ചടക്കിയത് മുതൽ 1724 വരെ ഇറാനിൽ സഫവികളുടെ കിരാത ഭരണം നിലനിന്നു. തന്റെ പിതാമഹനും ശാഫിഇ മദ്ഹബുകാരനുമായിരുന്ന സഫിയുദ്ദീൻ ഇർ ദബീലി എന്ന സൂഫിയിലേക്ക് ചേർത്തിയാണ് ഇവർ സഫവികൾ എന്ന പേരിൽ അറിയപ്പെട്ടത്. പിന്നീട് ശീഇസം സ്വീകരിച്ച ഇയാൾ സൂഫി ശീഈ സമീകരണത്തിന് യത്‌നിക്കുകയുണ്ടായി. പേർഷ്യയിൽ ധാരാളം അനുയായികളെ ലഭിച്ചതോടെ, അവരിലൂടെ തന്റെ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കുവാൻ സാധിച്ചു. തന്റെ പിൻമുറക്കാരായ സദ്‌റുദ്ദീൻ, ഇബ്രാഹിം എന്നിവർ പിതാവിന്റെ വഴിപിഴച്ച ആശയങ്ങളുടെ പ്രചാരണം ഏറ്റെടുത്തു. പിന്നീട് പൗത്രൻ ജുനൈദിന്റെ കാലത്ത് ആത്മീയ സരണി എന്നതിൽ കവിഞ്ഞ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുവാൻ തുടങ്ങി. ശേഷം ജുനൈദിന്റെ പൗത്രൻ ശാഹ് ഇസ്മായിൽ, ദശലക്ഷക്കണക്കിന് സുന്നികളെ കൂട്ടക്കൊല ചെയ്ത് അവരുടെ കബന്ധങ്ങൾക്ക് മീതെ പേർഷ്യൻ ദേശീയതയിലധിഷ്ഠിതമായ സഫവി ഭരണകൂടത്തിന് അസ്ഥിവാരമിട്ടു. ത്വരീഖത്തിന്റെ ആത്മീയ വഴിയിൽ തുടങ്ങി തീവ്ര ശിയാ ഭീകരതയിലൂന്നിയ അധികാര രാഷ്ട്രീയത്തിലെത്തിച്ചേർന്ന സഫവികളുടെ ചരിത്രം പഠനവിധേയമാക്കേണ്ടതുണ്ട്.
ആഭ്യന്തര സംഘർഷങ്ങൾക്കിടയിൽ പെട്ട് നട്ടം തിരിഞ്ഞ പേർഷ്യൻ ഭരണാധികാരികളെ തോൽപ്പിക്കാൻ ശാഹ് ഇസ്മായിലിന് ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല. തബ്‌രീസ് നഗരം പിടിച്ചടക്കിയ അവർ അതിനെ തങ്ങളുടെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ഒരു ദിവസം ഒരു ലക്ഷത്തി നാൽപ്പതിനായിരം സുന്നികളെ തബ്‌രീസിൽ മാത്രം കൂട്ടക്കൊലക്ക് വിധേയമാക്കിയതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുകയുണ്ടായി. പ്രഫസർ 'നിക്കി കെഡ്ഡി'യെ പോലുള്ള ഇറാൻ ചരിത്രഗവേഷകർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ ഇക്കാര്യം പറയുന്നത് കാണാം.
ഭരണകൂടം സ്ഥാപിക്കപ്പെട്ടതു മുതൽ, ഭൂരിപക്ഷ പൗരന്മാരായ സുന്നികളെ ഉന്മൂലനം ചെയ്യുന്നതിലാണ് ശാഹ് അബ്ദുൽ അസീസ് പ്രധാനമായും ശ്രദ്ധിച്ചത്. തന്റെ സൈനികർ ഓരോ വീട്ടിലും ചെന്ന് അവർ സുന്നികളാണെന്ന് തിരിച്ചറിഞ്ഞാൽ ആ വീട് അഗ്നിക്കിരയാക്കുകയായിരുന്നു. അങ്ങനെയാണ് ഇറാൻ ശീഈ രാഷ്ട്രമായി മാറിയത്. വിജയശ്രീലാളിതനായി തബ്‌രീസിലെത്തിയ ശാഹ് ഇസ്മായിൽ, പ്രധാന പള്ളിയിൽ തന്റെ സൈന്യത്തെ വിന്യസിച്ച് രാഷ്ട്രം ശിയാവൽക്കരിക്കപ്പെട്ടതായി പ്രഖ്യാപിക്കുകയാണുണ്ടായത്. പ്രഥമ മൂന്ന് ഖലീഫമാർക്കെതിരെ ശാപ പ്രാർത്ഥന നടത്താൻ വിസമ്മതിച്ചവരെ പള്ളിയിൽ വെച്ച് തന്നെ വാളിനിരയാക്കി. സുന്നി പണ്ഡിതന്മാരെയും നേതാക്കളെയും അയാൾ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി. ഖുലഫാഉറാശിദിനെതിരിൽ ശാപ പ്രാർത്ഥന നടത്താൻ അവരെ നിർബന്ധിക്കുകയും വിസമ്മതിക്കുന്നവരെ തൽക്ഷണം കൊലപ്പെടുത്തുകയുമായിരുന്നു അയാളുടെ രീതി. അങ്ങനെ സുന്നികൾക്ക് തങ്ങളുടെ ആശയ സംരക്ഷകരായ പണ്ഡിതന്മാർ നഷ്ടപ്പെട്ടതോടെ ജനതയെ നിഷ്പ്രയാസം ശീഈവൽക്കരിക്കുവാൻ അയാൾക്ക് സാധിച്ചു.
1507ൽ ഇറാഖിൽ അതിക്രമിച്ചു കടന്ന ശാഹ് ഇസ്മായിൽ അവിടെ ഭീകര താണ്ഡവമാടി. കണ്ണിൽ കണ്ടവരെയെല്ലാം വെട്ടിവീഴ്ത്തി. താർത്താരികളുടെ ഭീകരതാണ്ഡവത്തെ അനുസ്മരിപ്പിക്കുന്ന മനുഷ്യ കശാപ്പിന് ഇറാഖിന്റെ മണ്ണ് വീണ്ടും സാക്ഷിയായി. സുന്നി പണ്ഡിതന്മാരെയും ഗുരുക്കന്മാരെയും തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി ഇമാം അബൂ ഹനീഫ(റ) അബ്ദുൽ ഖാദിർ ജീലാനി എന്നിവരുടെ കബറിടങ്ങൾ മാന്തുകയും തെമ്മാടികളെ ആ വിശുദ്ധ ഖബറിടങ്ങളിൽ ചെന്ന് മൂത്രമൊഴിക്കാൻ ഏർപ്പാടാക്കുകയും ചെയ്തു. സുന്നികൾക്കെതിരെ സഫവി ഭീകരർ നടത്തിയ ക്രൂരതകൾ, ഉസ്മാനി ഖലീഫമാരെ അവരോട് ഏറ്റുമുട്ടുവാൻ പ്രേരിപ്പിച്ചു. ഉസ്മാനികളെ നശിപ്പിക്കുവാൻ സഹായം അഭ്യർത്ഥിച്ചു കൊണ്ട് സഫവികൾ, പോർച്ചുഗൽ, സ്‌പെയിൻ, ഗ്രീസ് തുടങ്ങിയ പാശ്ചാത്യ രാഷ്ട്രങ്ങളെ സമീപിച്ചു. മുസ്ലിം രാജ്യങ്ങളിൽ അഴിഞ്ഞാടാൻ ഇതവർക്ക് അവസരമൊരുക്കി. സഫവി രാജാവിന്റെ മാതാവ് അർമേനിയൻ വംശജയും മാതാ മഹി കാതരീന എന്ന ഗ്രീക്ക് വംശജയായ ക്രൈസ്തവ വിശ്വാസിയുമായിരുന്നു. സുന്നികളെ വിശേഷിച്ച്, ഉസ്മാനികളെ നശിപ്പിക്കുവാൻ പാശ്ചാത്യ കുരിശു യുദ്ധ ശക്തികളുമായി അവർ സഖ്യത്തിലേർപ്പെട്ടു. പൊതുജനങ്ങളെ ശീഇസത്തിലേക്ക് പരിവർത്തിപ്പിക്കാനായി പലതരം പീഢനമുറകൾ നടപ്പാക്കി. ജീവനും സമ്പത്തും ഭവനങ്ങളും ചുട്ടുചാമ്പലാക്കി. വസ്തുവഹകൾ തകർക്കുകയും ക്രൂരപീഡനമുറകളും കളവും കവർച്ചയും വ്യാപകമായി യുവതി യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും ഗർഭിണികളുടെ വയർ പിളർത്തുകയും കബന്ധങ്ങൾ അഗ്നിക്കിരയാക്കുകയുമൊക്കെ പതിവ് സംഭവങ്ങളായിരുന്നു.
പള്ളികളും മദ്രസകളും ചരിത്രസ്മാരകങ്ങളും തകർത്തു തരിപ്പണമാക്കിയ സഫവികൾ ദിവസങ്ങൾ കൊണ്ട് ഉസ്ഫഹാൻവാസികളെ പൂർണമായും തുടച്ചുനീക്കി. അവരുടെ കൃഷിയിടങ്ങളും സമ്പത്തുകളും കൊള്ളയടിക്കുകയും ഭവനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ''കാസറൂൻ'' വാസികളെ ഒന്നടങ്കം കൊന്നൊടുക്കുന്നതിന് പട്ടണം തകർക്കുവാൻ, ശാഹ് ഇസ്മായിൽ ആഹ്വാനം ചെയ്തു. 'ദൈവ നിഷേധി'കളുടെ മുഴുവൻ പള്ളികളും മദ്രസകളും തകർക്കാൻ അയാൾ ഉത്തരവിട്ടു. ജീവനും കൊണ്ട് നാടുവിട്ടവർ മാത്രം രക്ഷപ്പെട്ടു.
ലക്ഷക്കണക്കിന് കുർദ്ദുകളെ കൂട്ടക്കുരുതി ചെയ്ത സഫവികൾ. ഉസ്മാനികളെ തകർക്കുവാൻ എല്ലാ തന്ത്രവും പയറ്റി. തുർക്കിയിൽ വംശീയ കലാപമുണ്ടാക്കിയത് കാരണം തുർക്കി സൈന്യം യൂറോപ്പിൽ നിന്ന് പിൻവാങ്ങാൻ നിർബന്ധിതരായി. ശാഹ് ഇസ്മായിൽ നടത്തിയ ഒരു ഗൂഢാലോചനയുടെ ഫലമായി രണ്ട് വർഷം നീണ്ടുനിന്ന ഒരു കലാപത്തിന്റെ ഫലമായി ധാരാളം തുർക്കി സൈനികരും പൊതുജനങ്ങളും കൊല്ലപ്പെടുകയുണ്ടായി. സഫവികൾ ഉസ്മാനി ഖിലാഫത്തിനെതിരിൽ നിരന്തരം അഭ്യന്തര കലാപം അഴിച്ചുവിട്ടതിനാൽ യൂറോപ്പിൽ പോരാടിക്കൊണ്ടിരിക്കുന്ന സൈന്യത്തെ തിരിച്ചുവിളിക്കാൻ സുൽത്താൻ സലീം ഒന്നാമൻ നിർബന്ധിതനായി. എന്നാൽ സഫവികൾക്കെതിരെ താൻ നടത്തിയ ജാൻദിറാൻ യുദ്ധത്തിൽ (1514) സഫവികൾക്ക് കനത്ത പ്രഹരമേൽപ്പിക്കാൻ സാധിച്ചു. ഉസ്മാനികളെ തകർക്കാൻ മുസ്ലിം പ്രദേശങ്ങൾ നശിപ്പിക്കാനും സഫവികൾ പോർച്ചുഗീസുകാരുമായി കൈകോർത്തു. അത് 1507-ൽ മുസ്‌ലിം രാജ്യങ്ങളിലേക്ക് കടന്നുവരാൻ പോർച്ചുഗീസുകാർക്ക് പ്രചോദനമായി. പോർച്ചുഗീസ് നാവികൻ അൽഫോൻസോ അൽ ബുക്കർക്ക് (കോഴിക്കോട്ടെ മിസ്‌കാൽ പള്ളി തീവെച്ച് നശിപ്പിച്ചതും ഗോവയിൽ പള്ളിക്ക്  തീവെച്ച് രണ്ടായിരം മുസ്ലിംകളെ കൊലപ്പെടുത്തിയതും ഇദ്ദേഹമാണ്). പൗരസ്ത്യ മുസ്ലിം സമൂഹത്തെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ അറബ് മുസ്ലിം രാഷ്ട്രങ്ങൾ ലക്ഷ്യം വെച്ചു വന്ന ഇദ്ദേഹത്തിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് സഫവികളായിരുന്നു. ഉസ്മാനി ഖിലാഫത്തിനെയും ഈജിപ്തിലെ സുൽത്താന്മാരെയും തകർക്കാൻ അവർ രഹസ്യധാരണയിൽ ഏർപ്പെട്ടു. മക്ക പിടിച്ചെടുക്കാൻ സഹായം അഭ്യർത്ഥിച്ചു കൊണ്ട് ശാഹ് ഇസ്മായിൽ പോർച്ചുഗീസ് രാജാവ് മാനുവൽ മൂന്നാമന് കത്തെഴുതുകയുണ്ടായി. ''ക്രൈസ്തവരോടുള്ള താങ്കളുടെ ആദരവിനെ വിലമതിക്കുകയും തുർക്കികളെ തകർക്കാൻ താങ്കൾക്ക് സൈന്യവും ആയുധവും നാവികരെയും നൽകാനും അറബികളെ ആക്രമിച്ച് മക്ക പിടിച്ചടക്കാൻ താൽപര്യമുണ്ടെങ്കിൽ അറബിക്കടലിലോ ഏദനിലോ ഖതീഫിലോ ബഹ്‌റൈനിലോ ബസറയിലോ വന്നു സഹായിക്കാൻ സന്നദ്ധരാണ്'' എന്ന് അറിയിച്ചുകൊണ്ട് പോർച്ചുഗീസ് നാവികത്തലവൻ അൽബുക്കർക്ക് ശാഹ് ഇസ്മായിലിന് കത്തെഴുതുകയുണ്ടായി. കഅ്ബ പിടിച്ചെടുക്കുവാനുള്ള അവരുടെ പദ്ധതി അല്ലാഹു തകർത്തു കളഞ്ഞു. സഫവികൾ അധികാരത്തിൽ വരുന്നതിന് മുമ്പ് തൊണ്ണൂർ ശതമാനം മുസ്ലിംകളും ശാഫിഇ മദ്ഹബ് പിന്തുടരുന്ന സുന്നികളായിരുന്നു. അധികാരമുപയോഗിച്ച് സ്വന്തം ജനതയെ അരിഞ്ഞുവീഴ്ത്തിയ ശാഹ് ഇസ്മായിൽ ചരിത്രത്തിൽ തുല്യതയില്ലാത്ത നരാധമനായിരുന്നു. തന്നെ സമീപിക്കുമ്പോൾ തന്റെ സൈനികർ തനിക്ക് സാഷ്ടാംഗം നമിക്കണമെന്ന് അയാൾ ഉത്തരവിട്ടു. പത്ത് ലക്ഷത്തിൽപരം സുന്നികളെ അയാൾ കൊലപ്പെടുത്തി. അവരുടെ സമ്പത്ത് കവർന്നെടുക്കുകയും സ്ത്രീകളെ മാനഭംഗത്തിനിരയാക്കുകയും ചെയ്തു. സഫവികളുടെ തേർവാഴ്ചയെക്കുറിച്ചറിഞ്ഞ സുൽത്താൻ സലീം ഒന്നാമൻ 1514ൽ ഒരു സൈന്യത്തെ പറഞ്ഞയച്ചു ബഗ്ദാദ് ആ കാപാലികരിൽ നിന്നും മോചിപ്പിച്ചു ബഗ്ദാദിൽ നിന്ന് തോറ്റോടിയ അവർ പോർച്ചുഗീസുകാരുമായി സഖ്യത്തിലേർപ്പെട്ടു, എന്നാൽ ഉസ്മാനികൾ അവരുടെ പദ്ധതികൾ തകർത്തുകളഞ്ഞു. 1523ൽ ശാഹ് ഇസ്മായിൽ മൃതിയടഞ്ഞതിനെ തുടർന്ന് തന്റെ മകൻ തഹ്‌മാശിബ് ഭരണം ഏറ്റെടുത്തു. അയാൾ ഉസ്മാനികൾക്കെതിരിൽ ഹംഗറി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളുമായി സഖ്യത്തിലേർപ്പെട്ടു. ശാഹ് അബ്ബാസിന്റെ കാലത്ത് ബ്രിട്ടനുമായി ചങ്ങാത്തത്തിലേർപ്പെട്ടു മുസ്ലിം രാഷ്ട്രങ്ങൾക്കെതിരെ തിരിഞ്ഞു. കുർദു വംശജരായ പതിനായിരത്തിൽ പരം സുന്നികളെ കൊന്നൊടുക്കുകയും ബാക്കിയുള്ളവരെ നാട്ടിൽ നിന്ന് തുരത്തുകയും ചെയ്തു. ഹജ്ജ് യാത്രക്ക് വിലക്കേർപ്പെടുത്തിയ ഇയാൾ മശ്ഹദിലെ ഇമാം രിളായുടെ കബറിടത്തിലേക്ക് പുണ്യയാത്ര പോവാൻ ജനങ്ങളെ നിർബന്ധിച്ചു. യൂറോപ്യൻ ക്രൈസ്തവർക്ക് ചർച്ചുകൾ നിർമിച്ചു കൊടുക്കുകയും നികുതിയിൽ നിന്ന് ഒഴിവാക്കി കൊടുക്കുകയും ചെയ്ത ഇയാൾ അവരുടെ ആഘോഷങ്ങളിൽ ഉത്സാഹപൂർവ്വം പങ്കെടുക്കുകയും അവരോടൊപ്പം മദ്യസേവ നടത്തുകയും ചെയ്തു. ഇറാഖ് ആക്രമിച്ച ശാഹ് അബ്ബാസ് ബഗ്ദാദ്, മൗസിൽ, കിർകൂക് തുടങ്ങിയ പട്ടണങ്ങൾ പിടിച്ചടക്കി. ശീഇസം സ്വീകരിക്കാൻ വിസമ്മതിച്ചവരെ കൊന്നൊടുക്കി. ഇമാം അബൂഹനീഫ, അബ്ദുൽ ഖാദിർ ജീലാനി എന്നിവരുടെ കബറിടങ്ങൾ വീണ്ടും തകർക്കപ്പെട്ടു. സുന്നി പാഠശാലകൾ കുതിരപ്പന്തികളാക്കി മാറ്റി. മഹാരഥന്മാരായ ഇമാമുകളുടെ കബറുകൾ മാന്തി അസ്ഥികൾ ചുട്ടുചാമ്പലാക്കി. ഇങ്ങനെ നിരന്തരമായി തുടർന്നുവന്ന ഉന്മൂലനത്തിലൂടെയാണ് ഇറാൻ ഒരു ശിയാ രാഷ്ട്രമായി പരിവർത്തിക്കപ്പെട്ടത്. 221 വർഷത്തെ കിരാതഭരണത്തിന് ശേഷം 1722ൽ ആ സാമ്രാജ്യത്തിന്റെ അന്ത്യം കുറിക്കപ്പെട്ടു. പിന്നീട് 1979 ഖുമൈനിയുടെ നേതൃത്വത്തിൽ രണ്ടാം സഫവി ഭരണകൂടം നിലവിൽ വരുന്നത് വരെ ഷാഹിൻശമാരുടെ കുടുംബവാഴ്ചയായിരുന്നു ഇറാനിൽ അധികാരം നടത്തിയത്. മതവിരുദ്ധ ഏകാധിപതികളായിരുന്നവരാണെങ്കിലും ശിയാ പാരമ്പര്യം പേറുന്നവരായിരുന്നു അവർ. എന്നാൽ സുന്നികളോട് കടുത്ത വിവേചനം പുലർത്തിയിരുന്നില്ല. 

=ഖുമൈനിയും ഇറാൻ വിപ്ലവവും വിലായത്തുൽ ഫഖീഹും=

പിന്നീട് 1979ൽ ജനകീയ വിപ്ലവാനന്തരം ഖുമൈനിയുടെ നേതൃത്വത്തിലുള്ള രണ്ടാം സഫവി ഭരണകൂടം നിലവിൽ വന്നു ഇത്. ലോകത്താകമാനം ഇറാൻ വിപ്ലവം കയറ്റി അയക്കാനും ഇറാനിലെ സുന്നികളെ അടിച്ചമർത്താനും അയൽ രാഷ്ട്രങ്ങളുടെ സമാധാനജീവിതം തകർക്കാനും ഹേതുവായി.

തങ്ങളുടെ ഇമാമുകൾക്ക് മലക്കുകൾ പ്രവാചകന്മാർ എന്നിവരുടെതിൽ കവിഞ്ഞ മഹത്വമുണ്ടെന്നാണ് ഇവർ വിശ്വസിക്കുന്നത്. അല്ലാഹു ഇമാമുകളെ സൃഷ്ടിക്കുകയും പിന്നെ മനുഷ്യരുടെ മുഴുവൻ ഉത്തരവാദിത്തങ്ങളും അവരെ ചുമതലപ്പെടുത്തി എന്നാണ് ശിയാവിശ്വാസം പ്രാപഞ്ചിക അധികാരവ്യവസ്ഥ. (അൽവിലായത്തു തക്‌വീനിയ) എന്ന പ്രയോഗം കൊണ്ട് ഖുമൈനി അർത്ഥമാക്കുന്നത് ഇതാണ്. തങ്ങളുടെ അപ്രത്യക്ഷനായ പന്ത്രണ്ടാമത്തെ ഇമാമിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന ഫഖീഹിന്റെ ഭരണത്തിനെയാണ് വിലായതുൽ ഫഖീഹ് എന്ന സംജ്ഞ കൊണ്ട് ശിയാക്കൾ അർത്ഥമാക്കുന്നത് ഈ ആശയത്തിന് സൈദ്ധാന്തിക മാനങ്ങൾ നൽകി ഖുമൈനി വികസിപ്പിക്കുകയുണ്ടായി. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവും മറ്റാരുമായിരുന്നില്ല ദൈവിക ഭരണത്തിന്റെ പേര് പറഞ്ഞു ജനതയുടെ സ്വാതന്ത്ര്യം കവർന്ന് അവരെ അടക്കി ഭരിക്കാനും ഇതരരാഷ്ട്രങ്ങളിൽ അരാചകത്വം വിതറി അവരുടെ സമാധാനം തകർക്കുവാനും ഇത് അവസരം നൽകി.
1979ൽ ഖുമൈനിയുടെ നേതൃത്വത്തിൽ നടന്ന വിപ്ലവത്തിൽ സുന്നികളും പങ്കെടുത്തിരുന്നു. സുന്നി പണ്ഡിതൻ അഹ്മദ് മുഫ്തി സാദയെപോലുള്ളവർ ഖുമൈനിക്ക് പിന്തുണ നൽകി. വിപ്ലവാനന്തരം രൂപീകരിക്കപ്പെടുന്ന ഭരണകൂടത്തിൽ സുന്നികൾക്ക് തുല്യപദവികൾ ലഭിക്കുമെന്ന് ഖുമൈനി അവരെ ബോധ്യപ്പെടുത്തി. ശാഹ് പഹ്‌ലവിക്കെതിരിൽ നടന്ന വിപ്ലവത്തിൽ സുന്നികൾ സജീവമായി പങ്കെടുത്തു. ഖുമൈനി പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തെ വരവേൽക്കാൻ എത്തിയവരിൽ സാദയുമുണ്ടായിരുന്നു. വിപ്ലവത്തിന്റെ വിജയം ആഘോഷിച്ച വേളയിൽ ഖുമൈനിയുടെ തൊട്ടുപിറകിലായി ജനങ്ങളെ അഭിസംബോധനം ചെയ്തത് അദ്ദേഹമായിരുന്നു. ഭരണഘടനാ നിർമ്മാണ സമിതിയിൽ അംഗമായിരുന്ന അദ്ദേഹം രാഷ്ട്രത്തിന്റെ ഔദ്യോഗിക മതം 'ഇസ്‌നാ അസ്‌രി' ശീഇസത്തിലധിഷ്ഠിതമായ ഇസ്ലാമാണെന്ന ഭരണഘടനാ നിർദ്ദേശത്തെ എതിർത്തതിനെ തുടർന്ന് ഒറ്റുകാരനായി മുദ്ര കുത്തി പത്ത് വർഷത്തോളം കൽതുറുങ്കിലടച്ചു അവസാനം ദാരുണമായ അന്ത്യത്തിന് വിധേയനായി പിന്നീട് ധാരാളം സുന്നി പണ്ഡിതന്മാരെയും ഖുമൈനി തുറുങ്കിലടക്കുകയും പിന്നീട് തൂക്കിലേറ്റുകയുമുണ്ടായി. രാജ്യദ്രോഹകുറ്റം ചുമത്തി സുന്നി യുവാക്കളെ തിരഞ്ഞുപിടിച്ച് ജയിലിലടക്കുകയും പിന്നീട് തൂക്കിലേറ്റുകയും ചെയ്യുക സ്ഥിരം പരിപാടിയായി. 1988ൽ മാത്രം ഇങ്ങനെ 30,000 ചെറുപ്പക്കാരെ കഴുമരത്തിലേറ്റുകയുണ്ടായി. കൂടാതെ ശാഹ് ഭരണകാലത്തെ സർക്കാർ ഉദ്യോഗസ്ഥന്മാരും സുന്നികളെ മുഴുവനും ഉന്മൂലനം ചെയ്യുകയുണ്ടായി. അതിർത്തി പ്രദേശങ്ങളിൽ കഴിയുന്ന കുർദ്ദ്, താജിക്, ബചൂച്, തുർക്കുമാൻ അർമൻ, അറബ് വംശത്തിൽ പെട്ടവരാണ് സുന്നികളിൽ ഭൂരിഭാഗവും.
ഭൂമിയിൽ അല്ലാഹുവിന്റെ പ്രതിനിധിയായ അപ്രത്യക്ഷനായ പന്ത്രണ്ടാമത്തെ ഇമാമിന്റെ പ്രതിനിധിയായ ഫഖീഹായി സ്വയം അവതരിച്ച ഖുമൈനി തന്റെ ഭരണത്തിലൂടെ ഭൂമിയിൽ ദൈവികഭരണം സ്ഥാപിക്കുകയും ജനങ്ങൾക്കിടയിൽ നീതി നടപ്പാക്കുകയും ദുർബല ജനവിഭാഗത്തെ വിമോചിപ്പിക്കുകയും അഹങ്കാരികളായ മർദ്ദക ഭരണകൂടങ്ങളിൽ നിന്ന് ലോകത്തെ സംരക്ഷിക്കുകയുമൊക്കെയാണ് വിലായതുൽ ഫഖീഹീന്റെ ദൗത്യം എന്നായിരുന്നു അവകാശപ്പെട്ടത്. ഇറാനിൽ നിലവിൽ വന്ന സ്വർഗ്ഗീയ ഭരണം ഇന്തോനേഷ്യ മുതൽ മൊറോക്കോ വരെയുള്ള മുസ്ലിം രാഷ്ട്രങ്ങളിൽ നടപ്പിൽ വരുത്തുകയായിരുന്നു ഖുമൈനിയും പിൻഗാമികളും കണ്ട സ്വപ്‌നം. ദൈവിക ഭരണം നടപ്പിലാക്കാൻ നിയുക്തരായതു കൊണ്ട് ലോകം മുഴുവൻ തങ്ങളുടെ ഹിതത്തിനു കീഴിലാകണമെന്ന് ഖുമൈനിയും പിൻഗാമി ഖാംനഇയും മോഹിച്ചു. അല്ലാഹുവിന്റെ പ്രതിനിധിയായ അദൃശ്യനായ ഇമാമിന്റെ ഭൂമിയിലെ പ്രതിനിധികളായ അവർ ആഗോള വിലായത് വാഗ്ദാനം ചെയ്യുന്ന സ്വർഗലോകത്തെ കുറിച്ച് സന്തോഷ വാർത്തയറിയിച്ചു പ്രാപഞ്ചിക അധികാര വ്യവസ്ഥ (അൽഖിലാഫത്തുൽ കൗനിയ) എന്ന സിദ്ധാന്തമാണവരുടെ ചാലകശക്തി. വിശ്വാസത്തിന്റെ അനിവാര്യ ഘടകമായതിനാൽ അതിനെ നിരാകരിക്കൽ ദൈവനിഷേധമാണ്. അതുകൊണ്ട് തന്നെ വിലായതുൽ ഫഖീഹിന് കീഴിൽ ജീവിക്കുന്നവർക്ക് യാതൊരു വിധ അവകാശങ്ങളും ഇല്ലെങ്കിലും ധാരാളം ബാധ്യതകളും ചോദ്യം ചെയ്യാതെ അനുസരിക്കേണ്ട കടമകളുമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നവനും അനുസരിക്കാത്തവനും കൽതുറുങ്കുകളും കഴുമരങ്ങളുമായിരിക്കും പ്രതിഫലം. കഴിഞ്ഞ 37 വർഷത്തെ ഇറാനിയൻ അനുഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നതും മറ്റൊന്നല്ല. പ്രജകൾക്കുമേൽ, തങ്ങളുടെ ദൈവികാധിപത്യം നടപ്പാക്കകുയും അവരുടെ അവകാശങ്ങൾ കവർന്നെടുക്കുകയും വിപ്ലവം കയറ്റി അയച്ച് സമീപ അയൽരാഷ്ട്രങ്ങളിലും വിദൂര മുസ്ലിം രാഷ്ട്രങ്ങളിലും തങ്ങളുടെ മാതൃകാ ഐഡിയോളജി അടിച്ചേൽപ്പിക്കുവാനുള്ള ഒരു പദ്ധതി എന്നതാണ് വിലായത്തുൽ ഫഖീഹിന്റെ നിർവചനം. ആദ്യത്തെ ഇറാൻ ഇറാഖ് യുദ്ധത്തിലും 2003ലെ ഇറാഖ് യുദ്ധത്തിലും ഇറാൻ അജണ്ട മറനീക്കി പുറത്തുവന്നു. ലബനാനിലും യമനിലും സിറിയയിലും ഇറാഖിലും രക്തപ്പുഴകളൊഴുക്കിയും നരകങ്ങൾ പണിതും അവർ അത് ലോകത്തെ ബോധ്യപ്പെടുത്തി, ഇറാനകത്ത് അഹ്‌വാസിലും, അബാദാൻ, മഹ്മർറ തുടങ്ങിയ പ്രദേശങ്ങളിൽ പതിനായിരങ്ങളെ വെടിയുണ്ടകൾ കൊണ്ടും കഴുമരത്തിലേറ്റിയും യമപുരിക്കയച്ചു. വിപ്ലവകാരികൾ, കുട്ടികൾ, കവികൾ സാഹിത്യകാരന്മാർ സ്ത്രീകൾ തുടങ്ങി എതിർ ശബ്ദം മുഴക്കിയവർ ഒന്നു ദൈവത്തിന്റെ പ്രതിനിധിയുടെ വാൾതലപ്പിൽ നിന്നും രക്ഷപ്പെട്ടില്ല.
ഇറാൻ ഭരണഘടനയുടെ ആർട്ടിക്കിൾ രണ്ടിൽ വിലായതുൽ ഫഖീഹിന്റെ ദൈവിക പ്രതിനിധാനത്തെ കുറിച്ച് ഊന്നിപ്പറയുന്നുണ്ട്. നിരുപാധിക പ്രമാണം ദൈവത്തിന്റെ പ്രതിനിധി അല്ലാഹുവിന്റെ ഏക ഉത്തരാധികാരി, ദൈവിക ഗുണമുള്ള ഭരണാധികാരി എന്നൊക്കെയാണ് വലിയ്യുൽ ഫഖീഹിനെ വിശേഷിപ്പിക്കുന്നത്. അയാളുടെ അഭിപ്രായങ്ങൾക്ക് ദൈവിക സംരക്ഷണവും തന്റെ ഗവേഷണങ്ങൾ ദൃഢബോധ്യങ്ങളും വിധികൾ സമ്പൂർണമാണെന്നുമൊക്കെയാണ് ഭരണഘടന ഉദ്‌ബോധിപ്പിക്കുന്നത്.
ഭരണസഭയുടെ 57, 107, 112 അനുഛേദപ്രകാരം ലജിസ്ലേറ്റർ, ജുഡീഷ്യറി, മജിസ്‌ട്രേറ്റ് എന്നിവയുടെ പരമാധികാരിയും സൈന്യത്തിന്റെ തലവൻ. ഭരണവ്യവസ്ഥയെ പിരിച്ചുവിടാൻ അധികാരമുള്ള ഏത് കോടതി വിധിയും റദ്ദ് ചെയ്യാൻ അധികാരമുള്ള, ആരെയും വിചാരണ ചെയ്യാൻ അവകാശമുള്ള എല്ലാ അധികാരങ്ങൾക്കും നിയമവ്യവസ്ഥകൾക്കും അതീതനായ സൂപ്പർ പവറാണ് ഇദ്ദേഹം.
കാലഘട്ടത്തിന്റെയും ദീനിന്റെയും ഇമാമായ ഇദ്ദേഹത്തിന്റെ ചൊൽപ്പടികളിലാണ് മത രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക രംഗങ്ങളെല്ലാം. അയാളുടെ അധികാരത്തിന് അതിരുകളില്ല. ദൈവത്തിന്റെ പ്രതിനിധിയായതു കൊണ്ട് ആർക്കും ചോദ്യം ചെയ്യാനുമാവില്ല. ദൈവിക രാഷ്ട്രീയ വ്യവസ്ഥയായതു കൊണ്ട് പൗരോഹിത്യ അധികാര വർഗത്തിന്റെ താൽപര്യങ്ങളെ മാത്രം സംരക്ഷിക്കുന്നതായിരിക്കും അത്.
വലിയ്യുൽ ഫഖീഹിന്റെ ദൈവിക പ്രഭാവം പ്രചരിപ്പിച്ച് ലോകം മുഴുവൻ കീഴടക്കാൻ കൊതിക്കുന്ന ഒരു ഭരണവർഗമാണ് വിപ്ലവാനന്തരം ഇറാനിൽ അധികാരത്തിലേറിയത്. വിലായത് ദൈവിക പ്രമാണവും അതിന്റെ കൽപനകൾ നടപ്പാക്കേണ്ടതുമാണ്. അതിന്റെ വഴികാട്ടി (മുർശിദ്) ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധിയാണ് ജനങ്ങളുടെ നായകൻ മാത്രമല്ല. ദൈവിക പ്രഭാവമുള്ള അധികാരവ്യവസ്ഥ മാനവിക തലത്തിനപ്പുറമുള്ള പ്രാപഞ്ചിക അധികാരവ്യവസ്ഥയുടെ ഭാഗമാണ്. അതുകൊണ്ട് യുക്തിക്കോ ശാസ്ത്രീയതക്കോ ജനാഭിപ്രായങ്ങൾക്കോ ഇവിടെ യാതൊരു സ്ഥാനവുമില്ല.
1980 മുതൽ എട്ട് വർഷങ്ങൾ നീണ്ട ഇറാൻ ഇറാഖ് യുദ്ധം അയൽരാഷ്ട്രം പിടിച്ചെടുക്കാനുള്ള തങ്ങളുടെ ഐഡിയോളജിയുടെ ഭാഗമായി നടന്നതായിരുന്നു. തങ്ങളുടെ രക്തക്കൊതിയന്മാരായ സൈന്യങ്ങൾക്ക് ഇറാഖ്, സിറിയ, ലബനാൻ, ബഹ്‌റൈൻ, യമൻ എന്നീ രാഷ്ട്രങ്ങളിലേക്ക് കടന്നുചെന്ന് മേഖലയിൽ ടെഹ്‌റാന്റെ മേധാവിത്വം ഉറപ്പിക്കുവാൻ ഇതുമുഖേന സാധിച്ചു. 2011 വരെ അയൽരാഷ്ട്രങ്ങൾക്കെതിരിൽ നിഴൽ യുദ്ധം നടത്തിയ ഇറാൻ, അതു മുതൽ മറനീക്കി പുറത്തുവന്നു. തുനീഷ്യയിലെയും ഈജിപ്തിലെയും ജനകീയ മുന്നേറ്റങ്ങളെ ഇസ്ലാമിക നവജാഗരണമെന്ന പേരിൽ വിലായതുൽ ഫഖീഹിന്റെ ഐഡിയോളജിക്കനുകൂലമാക്കി മാറ്റുവാൻ ശ്രമിച്ചു. ടുനീഷ്യൻ തലസ്ഥാനത്തും കൈറോ തെരുവിലും നടക്കുന്നത് ഇറാൻ വിപ്ലവത്തിന്റെ അലയൊലികളാണെന്ന് പ്രചരിപ്പിക്കുകയുണ്ടായി. സിറിയയിൽ തീവ്ര ശിയാവിശ്വാസിയായ ഏകാധിപതി ബശ്ശാറിനെതിരെ ജനകീയ വിപ്ലവം പൊട്ടിപുറപ്പെട്ടപ്പോൾ ആ ക്രൂരനെ താങ്ങിനിർത്താൻ ഇറാൻ തങ്ങളുടെ മുഴുവൻ സംവിധാനവും ഉപയോഗപ്പെടുത്തി ജനതയെ കൊന്നൊടുക്കി. ഇറാൻ നാഷണൽ ഗാർഡിലെ ലക്ഷത്തിൽപരം സൈനികർക്ക് പുറമെ 'ഫൈലഖുൽ ഖുദ്‌സ്,' ലബനാനിലെ ശീഈ സായുധസംഘമായ ഹിസ്ബുല്ല, യമനിലെ ശിയാ കലാപകാരികളായ, ഹുഥിപോരാളികൾ, കൂടാതെ അഫ്ഗാൻ, ഇറാഖ്, പാക്കിസ്ഥാൻ തുടങ്ങിയ രാഷ്ട്രങ്ങളിലെ എണ്ണമറ്റ ശിയാ മിലിറ്റന്റുകളെ ആയുധവും അർത്ഥവും കൊടുത്തു. സിറിയയിൽ ജനങ്ങളെ അടിച്ചമർത്തുവാൻ ഉപയോഗിച്ചു. എന്നിട്ടും ജനകീയ സമരം ശക്തിപ്പെട്ടപ്പോൾ, റഷ്യയെ പണം കൊടുത്തു ബോംബ് വർഷിപ്പിച്ചു സിറിയക്കാരെ, ഉന്മൂലനം ചെയ്തു. രണ്ടായിരത്തിൽപരം പുതിയ ആയുധങ്ങളാണ് റഷ്യ ആ നിരായുധരായ സമൂഹത്തിന് മേൽ പരീക്ഷിച്ചത്. പത്ത് ലക്ഷം പേരെ കൊല്ലുകയും ഒന്നരകോടി ജനത അഭയാർത്ഥികളായി തീരുകയും ചെയ്തു. അയ്യായിരത്തിൽപരം സുന്നി മസ്ജിദുകൾ ബോംബിട്ടു തകർക്കപ്പെട്ടു. ഖാലിദ് ഇബ്‌നുൽ വലീദ്, ഇമാം നവവി എന്നിവരുടെ ഖബറിടങ്ങൾ ബോംബിട്ടു തകർക്കുകയുണ്ടായി.
2012ൽ ഇറാഖികൾ ശിയാ ഭരണാധികാരി നൂരി മാലികിയുടെ സുന്നി ഉന്മൂലനത്തിനെതിരിൽ സുന്നികൾ നടത്തിയ സമാധആനപരമായ ജനകീയ ധർണകൾക്കെതിരെയും ഇതേ രീതിയിൽ കൂട്ടക്കുരുതിയിലൂടെ പ്രതികാരം വീട്ടി, സുന്നികളെ നശിപ്പിക്കുവാൻ, ഇറാഖിലെ, മൗസിലിലും സിറിയയിലെ റഖയിലും ഹിംസയും ഐഎസ് തീവ്രവാദികളെ രംഗത്തിറക്കി. അവരെ തുരത്താനെന്ന പേരിൽ ബോംബ് വർഷം നടത്തി സുന്നികളെ തുടച്ചുനീക്കി. സുന്നികളെ നശിപ്പിക്കുവാൻ ഇറാനാണ് സിറിയയിൽ ഐഎസ് തീവ്രവാദികളെ ഇറക്കിയതെന്ന് ആരോപിച്ചത് സിറിയയുടെ മുൻ ഉപപ്രധാനമന്ത്രിയായിരുന്നു. ഇറാഖിലെ അൻബാർ, ഫലൂജ, ഹുവൈജ, മഹ്മൂദിയ, ബഗ്ദാദ്, കൂട്ടക്കൊലകളിൽ മേൽപറഞ്ഞ രാഷ്ട്രങ്ങളിലെ ശിയാ പോരാളികൾക്ക് പുറമെ, ഇന്ത്യയിൽ നിന്നുള്ള ശിയാ ഭീകരരും പങ്കെടുക്കുകയുണ്ടായി. ഏറ്റവും കൂടുതൽ ശിയാവിശ്വാസികൾ താമസിക്കുന്ന രാഷ്ട്രമാണ് ഇന്ത്യയെന്ന കാര്യം നാം ഓർക്കണം. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള ശിയാ കൂലിപട്ടാളത്തിന്റെ കൂടെ, ഔദ്യോഗിക സൈന്യവും ചേർന്നാണ് സുന്നി ഉന്മൂലനത്തിന് നേതൃത്വം നൽകിയത്. എല്ലാ കാര്യങ്ങളുടെയും ചുക്കാൻ പിടിച്ചത് ഇറാനിലെ, ആത്മീയനേതാവ് നേരിട്ടയച്ച ഫൈലഖുൽ ഖുദ്‌സിന്റെ തലവൻ ജനറൽ ഖാസിം സുലൈമാനി. ഹലബും ദയാലിയും ദൈർസൂറും റഖയും കിഴക്കൻ ഗൂഥയും ഹിംസും, എല്ലാ പ്രേതനഗരങ്ങളാക്കി, ദൈവിക ഭരണകൂടം, ഇറാഖിലും സിറിയയിലും ഇരുപത് ലക്ഷത്തിൽപരം സുന്നികളെ ഉന്മൂലനം നടത്തി. മാലികി, ബഗ്ഗാർ, ഖാംനഉ, പുട്ടിൻ കൂട്ടുകെട്ടിന്റെ നരമേധങ്ങൾ അമേരിക്കൻ പ്രസിഡണ്ട് ഒബാമ കൈയും കെട്ടി നോക്കിനിന്നു പ്രോത്സാഹിപ്പിച്ചു. അങ്ങനെ, ലോകത്തിലെ ഏക ശിയാ രാഷ്ട്രമായിരുന്ന ഇറാന്റെ വിദേശകാര്യമന്ത്രി മുഹമ്മദ് അബ്തഹി സിറിയയും ഇറാഖും ലബനാനും യമനും തങ്ങൾ പിടിച്ചടക്കിയിരിക്കുന്നുവെന്ന് ഇറാൻ പാർലമെന്റിൽ പ്രഖ്യാപിച്ചു. 
ലോകത്തെ നന്നാക്കാൻ ദൈവം തിരഞ്ഞെടുത്തവരാണ് തങ്ങളെന്ന ഭാവമാണ് ഖാംനഇയുടെ വാക്കുകൾ ശ്രദ്ധിച്ചാൽ മനസ്സിലാവുക.
നന്മ പ്രചരിപ്പിക്കുക, ലോകത്തു നിന്ന് തിന്മകൾ നിർമ്മാർജ്ജനം ചെയ്യുക എന്നിവയാണ് വിശുദ്ധരായ ഇറാൻ ജനതയുടെ ദൈവദത്ത ചുമതലകൾ. എന്നാൽ എല്ലാ വൈവിധ്യങ്ങളെയും നിരാകരിക്കുന്ന ഈ വ്യവസ്ഥക്ക് എങ്ങനെ ലോകത്തെ ദുരിതങ്ങളിൽ നിന്ന് രക്ഷിക്കാനാവും.
വിദേശ രാഷ്ട്രങ്ങളുടെ സാമാധാനം തകർക്കുവാൻ വേണ്ടി വിപ്ലവം കയറ്റിയയക്കാനുപയോഗിക്കുന്നതിന് ചിലവിടുന്ന തുകയുടെ പകുതി ചിലവഴിക്കുകയാണെങ്കിൽ ഇറാനിൽ ഒരാളും പട്ടിണി കിടക്കേണ്ടി വരില്ലായിരുന്നു. പെട്രോളും ഗ്യാസും കയറ്റുമതി ചെയ്യുന്നതിൽ ലോകത്ത് രണ്ടാം സ്ഥാനത്തിരിക്കുന്ന രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ അയൽരാജ്യങ്ങളുടെയും മുസ്ലിം രാജ്യങ്ങളുടെ സമാധാനം തകർക്കുവാനും വിപ്ലവം കയറ്റുമതി ചെയ്യാനുമാണ് ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ട് തന്റെ ജനസംഖ്യയുടെ പകുതിയലധികവും കടുത്ത ദാരിദ്ര്യത്തിൽ കഴിയുകയാണ് കഴിഞ്ഞ വർഷം രാജ്യത്തിന്റെ മുഴുവൻ നഗരങ്ങളിലും വിലായതുൽ ഫഖീഹിനെതിരിൽ ജനലക്ഷങ്ങൾ തെരുവിലിറങ്ങിയിരുന്നു ഖാംനഇയുടെയും റൂഹാനിയുടെയും കട്ടൗട്ടുകൾ അഗ്നിക്കിരയാക്കി പ്രതിഷേധിച്ചത് മാധ്യമങ്ങളിൽ നാം കണ്ടതാണ്.
ശിയാ വിശ്വാസപ്രകാരം ഇമാമിനെ നിശ്ചയിക്കുന്നത് അല്ലാഹുവാണ്. ഇമാം ചുമതലപ്പെടുത്തിയ ഫഖീഹിനെ ചോദ്യം ചെയ്യാതെ അനുസരിക്കണം. കാരണം അദ്ദേഹത്തെ നിരാകരിക്കാൻ അല്ലാഹുവിനെ ധിക്കരിക്കലാണ്. ഇത് ലോകത്തെ ഏത് രാഷ്ട്രത്തിൽ ജീവിക്കുന്ന മുസ്ലിംകൾക്കും ബാധ്യതയാണെന്നാണ് നജാദിന്റെ ഉപദേഷ്ടാവായി. മുഹമ്മദ് തഖി മിസ്ബാഹി സൈദി തന്റെ ജുമുഅ ഖുതുബയിൽ പറഞ്ഞത്. ലോകം മുഴുവൻ പിടിച്ചടക്കാൻ അല്ലാഹു തങ്ങളെ ചുമതലപ്പെടുത്തിയത് കൊണ്ട് പ്രസ്തുത ബാധ്യതയിൽ നിന്ന് മാറിനിൽക്കാനാവില്ലല്ലോ? അതിനാൽ പുറത്ത് നിന്ന് സായുധ സമരം പ്രയാസകരമായതുകൊണ്ട് മർദ്ദക ഭരണകൂടങ്ങളെ (സുന്നി രാഷ്ട്രങ്ങൾ) അതിന്റെ ഉള്ളിൽ പ്രവർത്തിക്കുന്ന തങ്ങളുടെ കുഴലൂത്തുകാരെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്താനും അരാചകത്വം സൃഷ്ടിച്ച് ഭരണകൂടങ്ങളെ തകർക്കാനുമുള്ള ശ്രമങ്ങൾ നടത്തേണ്ടതാണ്. ഇതാണ് ഇറാഖിൽ വിജയിച്ചതും യമനിലും കുവൈത്തിലും ബഹ്‌റൈനിലും പരീക്ഷിച്ചു കൊണ്ടിരിക്കുന്നതും. ഇറാഖിലെ ഹിസ്ബുദ്ദുഅ്‌വ എന്ന ശീഈ കക്ഷിയുടെ കീഴിൽ ഇറാൻ വിധേയത്വമുള്ള 'ഖത്തുൽ ഇമാം' എന്ന പേരിലുള്ള രഹസ്യ പോരാളി ഗ്രൂപ്പാണ് ഇറാഖിൽ ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഇറാഖിലെ ഇഖ്‌വാനി കക്ഷിയായ അൻഹിസബുൽ ഇസ്ലാമി ശീയാ കക്ഷിയായ ഹിസ്ബുദ്ദുഅ്‌വയുമായി സഹകരിച്ച് മത്സരിച്ച തെരഞ്ഞെടുപ്പിലാണ് നൂരി മാലികി അമേരിക്കൻ സഹായത്തോടെ അധികാരത്തിലേറിയത്. നൂരി മാലികി പത്ത് ലക്ഷത്തിലധികം സുന്നികളെ ഇറാൻ ഭീകരഗ്രൂപ്പുകളുടെ സഹായത്തോടെ കൊന്നൊടുക്കി ഇസ്ലാമിപക്ഷ പാർട്ടിയുടെ നേതാവും വൈസ് പ്രസിഡണ്ടുമായി താരിഖുൽ ഹാഷിമിക്ക് സുന്നിയായതിന്റെ പേരിൽ ജീവൻ രക്ഷാർത്ഥം തുർക്കിയിൽ അഭയം തേടേണ്ടിവന്നു.
വിലായതുൽ ഫഖീഹിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവർക്ക് രണ്ട് വഴികൾ തിരഞ്ഞെടുക്കാം. ഒന്നുകിൽ തൂക്കുകയർ അല്ലെങ്കിൽ ആജീവനാന്ത ജയിൽ ജീവിതം. ജനസംഖ്യയുടെ ഏകദേശം 30% വരുന്ന സുന്നി സമൂഹം കടുത്ത പീഡനങ്ങൾക്കും വിവേചനങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. കുർദ്ദിസ്ഥാൻ, ബലൂചിസ്ഥാൻ, ഖൂസിസ്ഥാൻ, അഹ്‌വാസ് എന്നീ പ്രവിശ്യകളിൽ സുന്നികൾ ഭൂരിപക്ഷമാണെങ്കിൽ പടിഞ്ഞാറൻ മേഖലകളിൽ സുന്നികൾ ന്യൂനപക്ഷങ്ങളാണ് പൊതുജീവിതത്തിലും രാഷ്ട്രീയ മേഖലകളിലും സുന്നികൾ കടുത്ത അവഗണനയാണ് നേരിടുന്നത്. സുന്നികൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ വരെ, പ്രാദേശിക ഭരണ സംവിധാനങ്ങൾക്ക് നേതൃത്വം നൽകാൻ അവർക്ക് അധികാരമില്ല. ടെഹ്‌റാനിൽ സുന്നികൾക്ക് ഒരു മസ്ജിദ് നിർമ്മിക്കാൻ പോലും അവകാശമില്ല. അവിടെയുണ്ടായിരുന്ന ഏക പ്രാർത്ഥനാ ഹാൾ രണ്ടു വർഷങ്ങൾക്ക് മുമ്പ് അധികാരികൾ തകർത്തു കളഞ്ഞു. മുപ്പത് ശതമാനം സുന്നികൾ വസിക്കുന്ന കിർമാൻ, ഇസ്ഫഹാൻ, യസ്ദ് തുടങ്ങിയ പ്രവിശ്യകളിലും ഇത് തന്നെയാണവസ്ഥ. സുന്നികൾക്കെതിരിലുള്ള വിവേചനം ഇറാൻ ഭരണഘടനയിൽ തന്നെ, വിഭാവനം ചെയ്യുന്നുണ്ട്. ഭരണഘടനയുടെ 107, 115, 121, 61 എന്നീ അനുഛേദങ്ങൾ പരമോന്നത ഭരണനേതൃത്വം നീതിന്യായം സത്യപ്രതിജ്ഞ ചെയ്തു നിയമിക്കേണ്ട അധികാരങ്ങൾ തുടങ്ങിയവ ഇമാമീ ശിയാക്കളല്ലാത്തവർക്ക് വിലക്കേർപ്പെടുത്തുന്നു.
ഭരണഘടനയുടെ രണ്ടാം ഖണ്ഡികയിൽ ഭരണസംവിധാന ഇമാമി, ഗവേഷണ രീതിയിൽ അധിഷ്ഠിതമാണെന്ന് അർത്ഥശങ്കക്കിടമില്ലാതെ പ്രഖ്യാപിക്കുന്നു.
അൽ മുസ്തഫാ സർവ്വകലാശാലയുടെ അക്കാദമിക് കൗൺസിൽ മെമ്പർ നാസർ റഫീഇ ഈയിടെ സുന്നി ജനസംഖ്യയിലുണ്ടാവുന്ന വർദ്ധനവിനെ സംബന്ധിച്ച് ആശങ്കപ്പെടുകയുണ്ടായി. ഇത് വളരെ അപകടകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഈ പ്രവണതയെ പ്രതിരോധിക്കാൻ ഖാംനഇ തന്നെ നേരിട്ടു ഇടപെടുകയും സുന്നി പ്രവിശ്യകളിൽ വിശിഷ്യാ യു.എ.ഇ.യിൽ നിന്ന് പിടിച്ചെടുത്ത അബൂമൂസാ തനബുൽ കുബ്‌റ, ത്വനബു സുഗ്‌റ ദ്വീപുകളിൽ ശിയാ ജനസംഖ്യ വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്തു.
സുന്നികളെ പ്രകോപിപ്പിക്കുവാൻ സർക്കാർ നേരിട്ടു തന്നെ ഉമറി(റ)ന്റെ വധം, (ഈദുസഹ്‌റ) എന്ന പേരിൽ ആഘോഷിക്കുന്നുണ്ട്. ഉമർ(റ)യുടെ ഘാതകൻ അബൂ ലുഅ്‌ലയുടെ ഒരു കൃത്രിമ ശവകുടീരം സഫവികളുടെ കാലത്ത് നിർമ്മിച്ചിട്ടുണ്ട്. ശിയാക്കളുടെ പുണ്യതീർത്ഥാടന കേന്ദ്രമാണിത്.
അബ്ദുൽ മാലിക് രീഗി, ഹിശാം അസീസി, സഈദ് തുർകുമൻ, ഹമിദ് അഹ്മദി, ഹാദി ഹുസൈനി, ശഹ്‌റാം അഹ്മദി തുടങ്ങിയവർ ഭീകരതയാരോപിച്ച് കഴിഞ്ഞ വർഷങ്ങളിൽ തൂക്കിലേറ്റപ്പെട്ട സുന്നി പണ്ഡിതരും പ്രമുഖരാണ്.
സുന്നികൾ നേരിടുന്ന പീഡനം വിശിഷ്യാ സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യകളിലെ സുന്നി സമൂഹം കടുത്ത പീഢനങ്ങൾക്കിരയായി ഹ്യൂമൻ റൈറ്റ് വാച്ച് 2005ൽ പുറത്തിറക്കിയ അവരുടെ റിപ്പോർട്ടിൽ ഉദ്ധരിക്കുകയുണ്ടായി. സുന്നികൾക്ക് ജനസംഖ്യനുപാതികമായി ലഭിക്കേണ്ടതിന്റെ പകുതി പോലും പ്രാതിനിധ്യം പാർലമെന്റില്ല, 280 അംഗങ്ങളെ ശൂറ കൗൺസിലിന്റെ 20 പേർ മാത്രമാണ്. ജനസംഖ്യയുടെ മുപ്പത് ശതമാനത്തെ പ്രതിനിധീകരിക്കുന്ന സുന്നികളുടെ പ്രാതിനിധ്യം.
ബലൂചി വംശജരായ ധാരാളം സുന്നികൾക്ക് പൗരത്വം നിഷേധിച്ചു നാട്ടിൽ നിന്ന് പുറത്താക്കി. സുന്നി പണ്ഡിതന്മാരുടെ പാസ്‌പോർട്ട് കണ്ട് കെട്ടുകയും വിദേശയാത്ര തടയുകയും ചെയ്തു സുന്നികൾ അധിവസിക്കുന്ന മേഖലകളിൽ അവരുടെ പ്രാദശിക ഭാഷകൾക്കും അറബി ഭാഷക്കും വിലക്കേർപ്പെടുത്തുകയാണ്.
ഇറാനിൽ സുന്നികൾ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളെ കുറിച്ചുള്ള രേഖകൾ ഈയിടെ വിക്കിലീക്‌സ് പുറത്തുവിടുകയുണ്ടായി. ഖുമൈനിക്കൊപ്പം വിപ്ലവത്തിന് നേതൃത്വം നൽകിയ സുന്നി നേതാവ്, അഹ്മദ് മുഫ്തിസാദ നേരിട്ട ക്രൂരത നാം സൂചിപ്പിക്കുകയുണ്ടായി. സുന്നി പണ്ഡിതനും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന അഹ്മദ് കിസറവി, നടുറോഡിൽ ശിയാ ഭീകരനായ നവാബ് സഫവിയുടെ തോക്കിനിരയായി. ഔദ്യോഗികവും അല്ലാത്തതുമായ ചാനലുകളിൽ നിരന്തരമായി സ്വഹാബികളെയും ഉമ്മഹാതുൽ മുഅ്മിനീങ്ങളെയും ഭർത്സിക്കുകയും അതേസമയം തങ്ങൾ സ്വഹാബികളെ അപമാനിക്കില്ലെന്ന് ഖാംനഉ പ്രസ്താവനയിറക്കുകയും ചെയ്യുന്ന സുന്നികളുടെ എല്ലാ അവകാശങ്ങളും ധ്വംസിക്കുമ്പോൾ തുറന്ന, ശിയാവിശ്വാസികളല്ലാത്തവർക്ക് എല്ലാ സ്വാതന്ത്ര്യവും അവകാശങ്ങളും നൽകുമെന്ന ഭരണഘടനയിലെ കപടപാതകം കാണിച്ച് പുറത്തുള്ളവരെ വിഡ്ഢികളാക്കാൻ സാധിക്കുന്നു. കാപട്യം അടിസ്ഥാന പ്രമാണമാക്കിയവർക്ക് ഏതു കുതന്ത്രവും ഒപ്പിക്കാവുന്നതാണല്ലോ? ലൈസൻസ് ഇല്ലെന്ന കാരണം പറഞ്ഞാണ് സുന്നികളുടെ മദ്രസകളും മസ്ജിദുകളും പൊളിച്ചുമാറ്റുന്നത്, ഇതേ പ്രമാണമാണല്ലോ സയണിസ്റ്റുകൾ ഫലസ്തീനിലും പയറ്റുന്നത്. സുന്നി ഭൂരിപക്ഷ മേഖലകളിൽ മറ്റു പ്രദേശങ്ങളിൽ നിന്ന് ശിയാക്കളെ കൊണ്ടുവന്ന് കുടിയിരുത്തുന്നു. ഇസ്രായീൽ ഫലസ്തീൻ അധിനിവേശത്തിന് ഉപയോഗിക്കുന്ന അതേ തന്ത്രം!
പ്രധാന പട്ടണങ്ങളിൽ ഒന്നും മുപ്പതു ശതമാനമുള്ള സുന്നികൾക്ക് ഒരു പള്ളി പോലും നിർമ്മിക്കാൻ അനുവദിക്കാതിരിക്കുമ്പോൾ ഒരു ശതമാനം മാത്രമുള്ള ജൂതന്മാർക്ക് 250ൽപരം സിനഗോഗുകളുണ്ട് ഇറാനിൽ. പത്ത് ലക്ഷം ജനസംഖ്യയുള്ള സുന്നികൾക്ക് ഒരു മസ്ജിദ് പോലുമില്ലാത്ത ഏക രാഷ്ട്രതലസ്ഥാനം ടെഹ്‌റാനാണ്. എന്നാൽ, കേവലം ഇരുപത്തി അയ്യായിരം ജൂതന്മാർ മാത്രമുള്ള അവിടെ എഴുപത്തിയാറ് സിനഗോഗുകളുണ്ട്. പാക്കിസ്ഥാൻ എംബസി സ്‌കൂളിൽ സുന്നികൾ നടത്തിയിരുന്ന ജുമുഅയും രണ്ട് വർഷം മുമ്പ് അധികൃതർ നിരോധിച്ചു.
സുന്നികൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പീഡനത്തിന് 37 വർഷം പിന്നിട്ടിട്ടും അറുതിയില്ലെന്ന് സാഹ്ദാനിലെ സുന്നി ഇമാം ശൈഖ് അബ്ദുൽ ഹമീദ് പരിഭവപ്പെട്ടത് ഈയിടെയായിരുന്നു. സുന്നികളുടെ പള്ളികളും മദ്രസകളും നിരന്തര നിരീക്ഷണത്തിലാണ്. എന്നാൽ ദേശീയ രഹസ്യാന്വേഷണ വകുപ്പിൽ ശിയാ പണ്ഡിതരുടെ സാന്നിധ്യം ശ്രദ്ധേയമാണ്. അറബി സംസാരിക്കുന്ന മേഖലകളിൽ തങ്ങളുടെ മക്കൾ അറബി പേരുകൾ വിളിക്കാൻ സ്വാതന്ത്ര്യമില്ല. അബൂബക്കർ, ഉമർ എന്നീ പേരുകളുള്ളവർ സ്വന്തം പേരുകൾ മറച്ചുവെക്കാതെ ടെഹ്‌റാനിൽ ജീവിക്കാനാവില്ല!

ഖുത്തഖംസീനിയ്യ ശിയാ പ്രചരണത്തിനുള്ള ഗൂഢ പദ്ധതി

ഇറാൻ അധികൃതർ അതീവ രഹസ്യമായി പ്രവിശ്യാ ഭരണാധികാരികൾക്ക് അയച്ചുകൊടുത്ത ഈ രഹസ്യ രേഖ ഇറാനിലെ അഹ്#ലുസ്സുന്ന പ്രവാസികളുടെ ലണ്ടൻ ഓഫീസ് പ്രസിദ്ധീകരിച്ചതാണ് സയണിസ്റ്റു പ്രോട്ടോകോൾ പോലെ ഇറാനിലെ സുന്നി പ്രദേശങ്ങളെയും സമീപരാജ്യങ്ങളെയും ശിയാവൽക്കരിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രഹസ്യരേഖ പുറത്തിറങ്ങിയത്. വിപ്ലവം കയറ്റി അയക്കുന്നത് തങ്ങൾക്ക് അനുഗുണമല്ലാതെ വന്നപ്പോഴാണ് ശിയാവൽക്കരണത്തിന്റെ ഈ പുതിയ പദ്ധതിക്ക് അധികൃതർ ഒരുമ്പെട്ടതെന്ന് വേണം കരുതാൻ. രഹസ്യരേഖയിലെ ചില ആശയങ്ങൾ ചുവടെ:
''സമീപ മുസ്‌ലിം രാഷ്ട്രങ്ങളിലേക്ക് വിപ്ലവം കയറ്റി അയക്കുന്നതിൽ നാം പരാജയപ്പെട്ടാൽ പാശ്ചാത്യസംസ്‌കാരവുമായി കൂടിക്കലർന്ന ആ രാജ്യങ്ങളിലെ സംസ്‌കൃതി നമ്മെ ആക്രമിച്ചു കീഴടക്കാൻ സാധ്യതയുണ്ട്. അതിനെ പ്രതിരോധിക്കാൻ വിപ്ലവം കയറ്റുമതി ചെയ്യൽ അനിവാര്യമാണ്. എന്നാൽ നിലവിലുള്ള ആഗോള സാഹചര്യങ്ങളും ചട്ടങ്ങളും പരിഗണിക്കുമ്പോൾ പ്രസ്തുത ദൗത്യം അതീവ സങ്കീർണ്ണവും വിനാശകരവുമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്താൻ ഇടവരുത്തുകയും ചെയ്യും.
അതിനാൽ മൂന്ന് ഘട്ടങ്ങളിലായി ഉന്നത വ്യക്തികൾ ചർച്ച ചെയ്തു ഏകദേശം ഐക്യകണ്‌ഠേന തീരുമാനിച്ച അൻപതു വർഷ പദ്ധതിയാണിത്. പത്ത് വർഷങ്ങൾ വീതമുള്ള അഞ്ച് ഘട്ടങ്ങളായാണ് ഇതിലെ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തേണ്ടത്. അയൽ രാഷ്ട്രങ്ങളിലേക്ക് വിപ്ലവം കയറ്റി അയച്ച് ആദ്യമായി ഇസ്#ലാമിനെ ഏക ശിലാത്മകമാക്കേണ്ടതുണ്ട്. കാരണം സുന്നി പൈതൃകത്തിലൂന്നിയ വഹാബി ഭരണാധികാരികളിൽ നിന്നും നാം നേരിട്ടു കൊണ്ടിരിക്കുന്ന ഭീഷണി കിഴക്കു നിന്നും പടിഞ്ഞാറു നിന്നും നാം അഭിമുഖീകരിക്കുന്ന ഭീഷണിയേക്കാൾ ഗുരുതരമാണ്. എന്തെന്നാൽ വഹാബികളും അഹ്‌ലുസ്സുന്നയും നമ്മുടെ ആശയത്തിന്റെ ബദ്ധവൈരികളും വിലായതുൽ ഫഖീഹീന്റെയും ഇമാമുകളുടെയും നിതാന്ത ശത്രുക്കളുമാണ്. ആയതിനാൽ ഇറാനിലെ സുന്നി മേഖലകളിൽ നമ്മുടെ സ്വാധീനം ശക്തിപ്പെടുത്തേണ്ടതുണ്ട്. വിശിഷ്യാ അതിർത്തി പ്രദേശത്തെ പട്ടണങ്ങളിൽ നമ്മുടെ പള്ളികളുടെയും ഹുസൈനിയകളുടെയും എണ്ണം വർധിപ്പിക്കുകയും നമ്മുടെ ആഘോഷങ്ങൾ മുമ്പത്തെതിലും കൊഴുപ്പു കൂട്ടുകയും വേണം. തൊണ്ണൂറും നൂറും ശതമാനം സുന്നികൾ അധിവസിക്കുന്ന പ്രദേശങ്ങളിലേക്ക് ഗ്രാമങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നും ശിയാക്കളെ കൊണ്ടു പോയി കുടിയിരുത്തുവാൻ അവസരമൊരുക്കണം. അവർ അവിടെ കച്ചവടം ചെയ്തും ജോലിയിലേർപ്പെട്ടും സ്ഥിരതാമസക്കാരായി മാറണം. ഭരണകൂടവും സർക്കാർ വകുപ്പുകളും അവർക്ക് വേണ്ട പരിരക്ഷ നൽകേണ്ടതുണ്ട്. മുൻ താമസക്കാരായ സുന്നികളിൽ നിന്ന് ക്രമേണ അവർക്ക് വേണ്ട സൗകര്യങ്ങൾ പിടിച്ചെടുത്ത് നൽകേണ്ടതാണ്.
രാഷ്ട്രത്തിന്റെ അസ്ഥിവാരം ശക്തിപ്പെടുത്താൻ ശക്തമായ ഭരണസംവിധാനവും നല്ല പാണ്ഡിത്യവും ഗവേഷണ ത്വരയുമുള്ള ശാസ്ത്രജ്ഞരും മൂലധനശക്തികളിൽ കേന്ദ്രീകൃതമായ സാമ്പത്തികാഭിവൃദ്ധിയും അനിവാര്യമാണ്. നമ്മുടെ അയൽപക്കത്തുള്ള ശത്രു (സുന്നി) രാജ്യങ്ങളിലെ പണ്ഡിതന്മാരെയും ഭരണാധികാരികളെയും തമ്മിൽ തെറ്റിക്കുകയും മൂലധനശക്തികളെ ശിഥിലമാക്കാനും സാധിച്ചാൽ അവരെ നമ്മുടെ രാഷ്ട്രത്തിലേക്ക് ആകർഷിക്കാനാവും. പ്രസ്തുത മൂന്ന് ഘടകങ്ങളും ഇല്ലാതാക്കാൻ കഴിയുന്നതോടെ നാം നമ്മുടെ ദൗത്യത്തിൽ ശ്രദ്ധേയമായ വിജയം കൈവരിച്ചുവെന്ന് കണക്കാക്കാം. പ്രസ്തുത രാഷ്ട്രങ്ങളിലെ 70% 80% വരുന്ന ബാക്കിയുള്ള ജനത അധികാരശക്തികളോട് വിധേയത്വം പുലർത്തുന്നവരും തങ്ങളുടെ ജീവിത സൗകര്യങ്ങളിൽ മാത്രം കണ്ണുനട്ട് കഴിയുന്നവരുമായിരിക്കും. അതുകൊണ്ടവർ എപ്പോഴും അധികാരത്തിലിരിക്കുന്നവരെ പിന്തുണക്കുന്നവരായിരിക്കും നമ്മുടെ അയൽപക്കത്തുള്ള വഹാബികളായ അഹ്‌ലുസ്സുന്നയിൽപെട്ടവരാണ് ഇറാഖ് പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ തെക്കൻ മേഖലയിലെ ദ്വീപ് സമൂഹങ്ങൾ എന്നിവ ഈ പ്രദേശത്തിന് വലിയ ചരിത്രപ്രാധാന്യമുണ്ട് എണ്ണ ലഭ്യത കാരണം ഭൂഗോളത്തിലെ കണ്ഠനാളമാണിത്. എണ്ണസമ്പത്ത് കാരണം ഈ മേഖലയിലെ ഭരണാധികാരികൾ വലിയ ജീവിത സൗകര്യം ആസ്വദിക്കുന്നു. ഈ മേഖലയിലേക്കുള്ള ഇറാൻ കുടിയേറ്റത്തെ പറ്റി പറഞ്ഞ ശേഷം അതിസമ്പന്നതയുടെ പരിണിതിയെന്നോണം അധാർമ്മികവും സുഖലോലുപതയിലധിഷ്ഠിതമായ ജീവിതം നയിക്കുന്ന അറബ് മേഖലയെ വിലയിരുത്തുന്നു. - ഈ മേഖലയിൽ ആധിപത്യമുറപ്പിക്കാൻ കഴിഞ്ഞാൽ ലോകത്തിന്റെ പകുതിയോളം കീഴ്‌പ്പെടുത്തിയതിന് തുല്യമായിരിക്കും. അമ്പത് വർഷ പദ്ധതി വിജയിപ്പിക്കാൻ ഈ മേഖലയിലെ രാഷ്ട്രങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കണം. പരസ്പര ബഹുമാനവും സഹകരണവും ഊട്ടിയുറപ്പിക്കണം സദ്ദാമാനന്തര ഇറാഖുമായി വരെ നമ്മുടെ ബന്ധം മെച്ചപ്പെടുത്തണം. കാരണം ഒരു ശത്രുവിനെ വീഴ്ത്തുന്നത് ആയിരം മിത്രങ്ങളെ വീഴ്ത്തുന്നതിലും പ്രധാനമാണ്.
പ്രസ്തുത രാജ്യങ്ങളുമായി സാംസ്‌കാരിക സാമൂഹിക സാമ്പത്തികബന്ധം ശക്തിപ്പെട്ടാൽ ഇറാനിൽ നിന്ന് അങ്ങോട്ടു ഊർജിതമായ കുടിയേറ്റം സംഭവിക്കും. പ്രസ്തുത പ്രവാസികളുടെ കൂട്ടത്തിൽ ധാരാളം ചാരന്മാരെയും നമുക്ക് നിയോഗിക്കാനാവും. അവർ നമ്മുടെ ഭരണകൂടത്തിന്റെ ഏജന്റുമാരായി വർത്തിക്കും.
അമ്പതു വർഷക്കാലം ഒരു ദീർഘമായ കാലയളവല്ല. നമ്മുടെ വിപ്ലവം വിജയിക്കാൻ ഇരുപത് വർഷം നീണ്ടുനിൽക്കുന്ന പദ്ധതികളാവിഷ്‌കരിക്കേണ്ടതുണ്ട്. പ്രസ്തുത രാഷ്ട്രങ്ങളിലെ സർക്കാർ സംവിധാനങ്ങളിൽ ഇന്ന് കാണുന്ന നമ്മുടെ സ്വാധീനം ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടുണ്ടായതല്ല. അവിടെയൊന്നും ഒരു മന്ത്രിയോ ഭരണമേധാവിയോ പോയിട്ടു നമുക്ക് ഒരു സർക്കാർ ഉദ്യോഗസ്ഥൻ പോലുമുണ്ടായിരുന്നില്ല. (ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ പോലുള്ള രാഷ്ട്രങ്ങൾ ഉദാഹരണം). കാരണം വഹാബികളും ശാഫിഉകളും ഹനഫികളും മാലികികളും ഹമ്പലികളും നമ്മെ മുർതദ്ദുകളായാണ് ഗണിച്ചിരുന്നത്. ഇന്ന് നാം അനുഭവിക്കുന്ന ഈ ജീവിതം നമ്മുടെ പൂർവ്വികരുടെ പരിശ്രമങ്ങളുടെയും ചിന്തകളുടെയും ഫലമായി ഉണ്ടായതാണ് നാം അവശേഷിക്കില്ലെങ്കിലും നമ്മുടെ മദ്ഹബും വിപ്ലവവും നിലനിൽക്കും. ആളും അർത്ഥവും ബലി നൽകി മാത്രമല്ല നമുക്ക് നമ്മുടെ മദ്ഹബിനോടുള്ള ബാധ്യത നിറവേറ്റാൻ സാധിക്കുക. മറിച്ച് പദ്ധതികൾ ആസൂത്രണം ചെയ്തും നല്ല ഗൃഹപാഠം ചെയ്തും വരുന്ന അഞ്ഞൂറ് വർഷത്തേക്കുള്ള ആസൂത്രണങ്ങൾ നടത്തിയും മുന്നോട്ടു പോകേണ്ടതുണ്ട്. മുസ്ലിം നാമധാരി (സുന്നികൾ)കളായ പിശാചുക്കളാൽ ദശലക്ഷക്കണക്കിന് രക്തസാക്ഷികളുടെ പിൻമുറക്കാരാണ് നാം! അവരുടെ രക്തം പ്രവാചകന്റെ വിയോഗം മുതൽ ചരിത്രഗതിയിലൂടെ ചാലിട്ടൊഴുകി കൊണ്ടിരിക്കുകയാണ്. മുസ്ലിമെന്ന് അവകാശപ്പെുന്ന എല്ലാവരും അലിയ്യിലും അഹ്#ലുബൈത്തിലും വിശ്വസിക്കുന്നത് വരെ തങ്ങളുടെ പൂർവ്വികരുടെ തെറ്റുകൾ ഏറ്റുപറഞ്ഞ് ശീഇസത്തെ ഇസ്ലാമിന്റെ യഥാർത്ഥ അനന്തരാവകാശിയായി അംഗീകരിക്കാത്ത കാലത്തോളം ആ രക്തം ഉണങ്ങുകയില്ല. 

ഗൂഢ പദ്ധതിയുടെ അഞ്ച് ഘട്ടങ്ങൾ

ബഹ്‌റൈൻ, ഇറാഖ്, തുർക്കി, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നമ്മുടെ മദ്ഹബ് പ്രചരിപ്പിക്കുന്നതിൽ യാതൊരു പ്രശ്‌നവുമില്ല. ആദ്യഘട്ടത്തിൽ ഈ രാഷ്ട്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. മറ്റു രാഷ്ട്രങ്ങളിലുള്ള നമ്മുടെ ഏജന്റുമാരായവർ മൂന്ന് കാര്യം ശ്രദ്ധിക്കണം. ഈ രാഷ്ട്രങ്ങളിൽ ഭൂമി, ഫഌറ്റ്, വീടുകൾ എന്നിവ വാങ്ങുകയും അവിടെയുള്ള നമ്മുടെ ആളുകൾക്ക് ജീവിതസൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയും ജനസംഖ്യ വർദ്ധനവിന് സഹായകമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വേണം. ഭരണ നിർവഹണ രംഗങ്ങളിൽ ഉയർന്ന സ്വാധീനമുള്ള പ്രമുഖർ, പ്രശസ്തർ, ഉദ്യോഗസ്ഥർ, മൂലധന ശക്തികൾ എന്നിവരുമായ ഊഷ്മള സൗഹൃദം ഊട്ടിയുറപ്പിക്കുക, ഈ നാടുകളിൽ നിർമ്മാണ ഘട്ടത്തിലുള്ള ധാരാളം ജനവാസ പദ്ധിതകൾ നടപ്പിലായി കൊണ്ടിരിക്കുന്നുണ്ട്. ചെറിയ പട്ടണങ്ങൾ, ഗ്രാമങ്ങൾ, ഹൗസിംഗ് കോളനികൾ, എന്നിവയെല്ലാം വലിയ തോതിൽ നിർമ്മാണത്തിലുണ്ട്. നാം നിയോഗിച്ച നമ്മുടെ ഏജന്റുമാർ അവ പരമാവധി വാങ്ങി കൂട്ടുകയും അത് പട്ടണങ്ങളിൽ താമസിക്കുന്ന വ്യക്തികൾക്ക് വിൽപന നടത്തി ക്രമേണ പട്ടണങ്ങൾ അവരിൽ നിന്ന് മുക്തമാക്കണം. പ്രസ്തുത നാടുകളിലെ നിയമങ്ങളെയും ഉദ്യോഗസ്ഥരെയും ആദരിക്കാൻ ശിയാക്കളെ പ്രേരിപ്പിക്കുകയും അങ്ങനെ ശിയാ ആഘോഷങ്ങൾ നടത്താൻ അനുമതി സമ്പാദിക്കുകയും വേണം. ക്രമേണ പള്ളികളും ഹുസൈനിയകളും നിർമിക്കാൻ ലൈസൻസ് നേടണം. വലിയ ജനസാന്ദ്രതയുള്ള പട്ടണങ്ങളിൽ വൈകാരിക വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കണം. സൗഹൃദങ്ങളും പാരിതോഷികങ്ങളും ഉപയോഗിച്ച് തങ്ങൾ താമസിക്കുന്ന രാഷ്ട്രങ്ങളിൽ പൗരത്വം സംഘടിപ്പിക്കാൻ ഈ ഘട്ടത്തിൽ ശ്രമിക്കുകയും സർക്കാർ സർവീസുകൾ വിശിഷ്യാ സൈനികരംഗത്ത് ജോലി സമ്പാദിക്കാൻ യുവാക്കളെ പ്രേരിപ്പിക്കണം. ആദ്യത്തെ പത്ത് വർഷം പകുതി പിന്നിടുമ്പോൾ, നേരിട്ടല്ലാതെ എന്നാൽ അതീവ രഹസ്യമായി ആ നാടുകളിൽ നടക്കുന്ന ഇസ്ലാം വിരുദ്ധമായ സാമൂഹ്യ തിന്മകൾക്കെതിരിൽ സുന്നി വഹാബി പണ്ഡിതന്മാരെ ഇളക്കിവിടണം. മറ്റു രാജ്യങ്ങളിലെ മത നേതൃത്വങ്ങളുടെയും സുന്നി പണ്ഡിതന്മാരുടെയും പേരിൽ തിന്മകളെ വിമർശിച്ചു കൊണ്ടുള്ള ലഘു പ്രസിദ്ധീകരണങ്ങൾ അച്ചടിച്ചു പ്രചരിപ്പിക്കണം. ഇത് വലിയൊരു വിഭാഗം ജനങ്ങൾ ഭരണകൂടത്തിനെതിരിൽ തിരിയാൻ കാരണമാകും സ്വാഭാവികമായും. പ്രസ്തുത മത മേധാവികളും സുന്നി പണ്ഡിതന്മാരും പിടിക്കപ്പെടും തങ്ങളുടെ പേരിൽ പ്രചരിപ്പിക്കപ്പെട്ടത് അവർ നിഷേധിക്കുകയും ചെയ്യും. എന്നാൽ മതബോധമുള്ളവർ പ്രസ്തുത പ്രസിദ്ധീകരണങ്ങളെ ന്യായീകരിക്കാൻ രംഗത്തു വരും. സംശയാസ്പദമായ വ്യക്തിത്വങ്ങളെയും ഉദ്യോഗസ്ഥരെയും പിരിച്ചുവിടാനോ മാറ്റിനിർത്താനോ സാധ്യതയുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ മതബോധമുള്ളവരെക്കുറിച്ച് ഭരണാധികാരികൾക്കിടയിൽ സംശയവും തെറ്റിദ്ധാരണയും പരത്തും. പിന്നീടവർ പള്ളികൾ പണിയാനും മത പ്രചരണ പ്രവർത്തനങ്ങൾക്കും താൽപര്യം കാണിക്കില്ല. എല്ലാതരത്തിലും മത അഭിസംബോധനങ്ങളും സുന്നി ആഘോഷ ചടങ്ങുകളും തങ്ങളുടെ ഭരണ സംവിധാനത്തിന് ഭീഷണിയാണെന്നവർ ഗണിക്കും. ഇത് പണ്ഡിതന്മാർക്കും ഭരണാധികാരികൾക്കുമിടയിൽ വെറുപ്പും വിദ്വേഷവും വർദ്ധിപ്പിക്കുകയും അങ്ങനെ വഹാബികൾക്കും സുന്നികൾക്കും രാഷ്ട്രത്തിനകത്തും പുറത്തുമുള്ള തങ്ങളുടെ സ്വാധീനങ്ങളും പദവികളും നഷ്ടപ്പെടും.
മൂന്നാം ഘട്ടം: രാജ്യത്തെ ഉദ്യോഗസ്ഥ പ്രമുഖരും മൂലധനശക്തികളുമായി നമ്മുടെ ആളുകൾക്ക് ഉറച്ച ബന്ധം സ്ഥാപിക്കുകയും അവരിൽ പലരും ഭരണ നിർവ്വഹണ രംഗത്തും പ്രതിരോധ രംഗത്തും കയറിക്കൂടുകയും എന്നാൽ അവർ മത കാര്യങ്ങളിൽ ഇടപെടാതെ കഴിയുകയും ചെയ്യുമ്പോൾ ഭരണാധികാരികൾക്ക് അവരിൽ വിശ്വാസം വർദ്ധിക്കും, സുന്നി പണ്ഡിതന്മാരും ഭരണാധികാരികളും തമ്മിൽ ബന്ധം വഷളായ ഘട്ടത്തിൽ നമ്മുടെ പണ്ഡിതന്മാർ രംഗത്തു വന്നു ഭരണാധികാരികൾക്ക് വിധേയത്വം പ്രകടിപ്പിക്കണം. രാജ്യത്തിന് ഭീഷണി സൃഷ്ടിക്കാത്ത ഒരു മത വീക്ഷണമായി ശീഇസത്തെ അവതരിപ്പിച്ച് ഭരണാധികാരികളുടെ പ്രീതി നേടാൻ കഴിഞ്ഞാൽ, അവരെ സർക്കാർ മേഖലയിൽ നിയോഗിക്കാൻ സാധ്യതയുണ്ട്.
ഈ ഘട്ടത്തിൽ നമ്മുടെ രാജ്യത്തെ (ഇറാൻ) സമ്പദ് വ്യവസ്ഥ മെച്ചപ്പെടുകയും വാണിജ്യ ഗതാഗതരംഗം പുരോഗതി പ്രാപിക്കുകയും ചെയ്യുമ്പോൾ, അയൽരാഷ്ട്രങ്ങളുടെ (അറബ് രാഷ്ട്രങ്ങൾ സമ്പദ് വ്യവസ്ഥയെ തകർക്കാനുള്ള പദ്ധതികൾ നാം ആവിഷ്‌കരിക്കും. സാമ്പത്തിക സ്ഥിരതയും സുരക്ഷിതത്വവും ലാഭവും കൊതിക്കുന്ന മൂലധന ശക്തികൾ അവരുടെ ആസ്ഥി നമ്മുടെ രാജ്യത്തേക്ക് മാറ്റുമെന്നതിൽ സംശയമില്ല. സാമ്പത്തിക ബാങ്കിംഗ് രംഗത്ത് മറ്റുള്ളവർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുമ്പോൾ നമ്മുടെ പൗരന്മാർക്ക് തങ്ങളുടെ രാജ്യത്ത് നിക്ഷേപം നടത്താൻ സൗകര്യം ചെയ്യുകയും അവരെ അങ്ങോട്ട് സ്വാഗതം ചെയ്യുമെന്നതിലും യാതൊരു സംശയമില്ല.
നാലാം ഘട്ടം: പണ്ഡിതന്മാരും ഭരണാധികാരികളും തമ്മിൽ സംഘർഷം നിലനിൽക്കുന്ന, കച്ചവടക്കാർ ഭീമമായ നഷ്ടം കാരണം നാടുവിടാനൊരുങ്ങുന്ന, ഭയാശങ്കയിലകപ്പെട്ട ജനങ്ങൾ, കിട്ടിയ തുകക്ക് തങ്ങളുടെ വസ്തുവഹകൾ വിറ്റ്, സുരക്ഷിത ഇടങ്ങൾ തേടി നാടുവിടാനൊരുങ്ങുന്ന അവസ്ഥ പല രാഷ്ട്രങ്ങളിലും സംജാതമാകും. അതീവ സങ്കീർണമായ ഈ സാഹചര്യത്തിൽ നമ്മുടെ ഏജന്റുമാരെ മാത്രമായിരിക്കും ഭരണാധികാരികൾ പരിഗണിക്കുക. അവർ ഉണർന്നു പ്രവർത്തിക്കുകയാണെങ്കിൽ, ആ രാജ്യങ്ങളുടെ സിവിൽ സർവീസിലും സൈനിക പ്രതിരോധ രംഗത്തും ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കാനും ഭരണസിരാകേന്ദ്രങ്ങളുമായുള്ള അകലം കുറക്കാനും അവർക്കാകും. ഇത്തരുണത്തിൽ ഭരണകൂടങ്ങളുടെ വിശ്വസ്തരെ വഞ്ചകരായി മുദ്രകുത്താനും അങ്ങനെ അവർ അലങ്കരിക്കുന്ന ഉയർന്ന തസ്തികകളിൽ നിന്നും പിരിച്ചുവിട്ടു പ്രസ്തുത പദവികളിൽ നമ്മുടെ ആളുകളെ നിയമിക്കാനും നമുക്കാവും. ഇതുകൊണ്ട് നമുക്ക് രണ്ട് നേട്ടങ്ങൾ കൈവരിക്കാനാവും. ഒന്ന്, മുമ്പത്തേതിലും കൂടുതലായ ഭരണാധികാരികളുമായി അടുത്തിടപെടാനും അവരുടെ വിശ്വാസ്യതയാർജിക്കാനുമാവും. രണ്ട്. ഭരണ തലങ്ങളിൽ ശിയാക്കളുടെ സ്വാധീനം വർദ്ധിക്കും തോറും ഭരണകൂടത്തോടുള്ള സുന്നികളുടെ വെറുപ്പ് വർധിക്കും. തദ്വാരാ അവർ സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്യും. ആ ഘട്ടത്തിൽ നമ്മുടെ ആളുകൾ ഭരണാധികാരികൾക്കൊപ്പം നിന്ന്, ജനങ്ങളോട് ശാന്തരാകാൻ ആഹ്വാനം ചെയ്യണം. സർക്കാർ വിരുദ്ധർ നാടുവിടാനൊരുങ്ങുമ്പോൾ അവരുടെ വസ്തുവഹകൾ സ്വന്തമാക്കാനും നോക്കണം.
അഞ്ചാം ഘട്ടത്തിൽ, സ്വാഭാവികമായും സാഹചര്യം വിപ്ലവത്തിന് അനുകൂലമായിരിക്കും. കാരണം ശാന്തിയും സമാധാനവും സുരക്ഷിതത്വവും നഷ്ടപ്പെട്ട അവസ്ഥയിൽ ഭരണകൂട കൊടുങ്കാറ്റിൽ പെട്ട് മുങ്ങാൻ പോകുന്ന കപ്പൽ പോലെയായിരിക്കും ജീവൻ രക്ഷിക്കാനുള്ള ഏത് നിർദേശവും സ്വീകരിക്കുന്ന പരുവത്തിലായിരിക്കും അവർ.
ഈ ഘട്ടത്തിൽ രാഷ്ട്രത്തിന്റെ കടിഞ്ഞാൺ നിയന്ത്രിക്കാനും പ്രശ്‌നങ്ങൾ നിരീക്ഷിക്കാനും ഒരു ജനകീയ സഭ രൂപീകരിക്കാൻ ഉന്നത വ്യക്തിത്വങ്ങളെ ഉപയോഗിച്ച് സർക്കാരിന് മുമ്പിൽ നിർദ്ദേശം സമർപ്പിക്കണം. തീർച്ചയായും അവർ അത് സ്വീകരിക്കും. പ്രസ്തുത സമിതിയിൽ അധികപേരും നമ്മുടെ ആളുകളായിരിക്കും. കച്ചവടക്കാരും സുന്നി പണ്ഡിതന്മാരും സർക്കാർ  സേവകന്മാരും നാടുവിടാൻ ഇത് കാരണമാകും. അങ്ങനെ യുദ്ധങ്ങളും രക്തചൊരിച്ചിലുകളും കൂടാതെ പല അയൽ രാഷ്ട്രങ്ങളിലേക്കും വിപ്ലവം കയറ്റി അയക്കാൻ നമുക്ക് സാധിക്കും.
പദ്ധതിയുടെ ഈ അവസാനഘട്ടം വിജയിച്ചില്ലെങ്കിൽ ജനകീയ കലാപങ്ങൾ ഇളക്കിവിട്ടു അധികാരം പിടിച്ചെടുക്കാൻ നമുക്ക് സാധിക്കും. ആരെയെങ്കിലും അധികാര സോപാനത്തിലെത്തിക്കുകയല്ല നമ്മുടെ ലക്ഷ്യം. പ്രത്യുത അല്ലാഹുവിനോടും മതത്തോടും മദ്ഹബിനോടുമുള്ള ബാധ്യത നിർവഹണമാണ് നമ്മുടെ ലക്ഷ്യം. അതിന് വിപ്ലവം കയറ്റി അയക്കണം. അപ്പോൾ മഹ്ദിയുടെ ആഗമനം വരെ ഈ മതത്തിന്റെ പതാക മുഴുവൻ ലോകത്തും ഉയർത്തുവാനും, ലോകത്ത് ഇസ്ലാമിന്റെയും ഗീഉസതിന്റെയും പ്രകാശം പരത്താനും നമുക്കാവും.''
മുസ്ലിം ലോകത്ത് കലാപം വിതച്ച് അവ പിടിച്ചടക്കി വിശാല ഇറാൻ സാമ്രാജ്യം സ്ഥാപിക്കുവാൻ ആസൂത്രണം ചെയ്ത പല രഹസ്യരേഖകളിൽ ഒന്ന് മാത്രമാണ് മേൽ സൂചിപ്പിച്ചത്. അറബ് രാഷ്ട്രങ്ങളിൽ നടക്കുന്ന പല സംഭവങ്ങളും വിപ്ലവങ്ങളും ഇതിനെ എത്രമാത്രം ശരി വെക്കുന്നുണ്ടെന്ന് കാര്യം വായനക്കാരുടെ ചിന്തക്ക് വിടുന്നു.

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal