} -->

ഭാരതീയ സൂഫിസത്തിലെ ഹൈന്ദവ സ്വാധീനങ്ങൾ

ഭാരതീയ സൂഫിസത്തിലെ ഹൈന്ദവ സ്വാധീനങ്ങൾ

അബ്ദുർറഹ്മാൻ ആദൃശ്ശേരി
മതത്തിനകത്ത് രൂപപ്പെട്ട യുക്തിചിന്ത, ദൈവശാസ്ത്രം, സൂഫിസം എന്നീ ചിന്താധാരകൾ താബിഉകളുടെ കാലത്ത് ഇസ്ലാമിക സമൂഹം നേരിട്ട വിപത്തുകളായിരുന്നു. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ക്വുർആനും സുന്നത്തും അവതരിപ്പിച്ച മാർഗ്ഗദർശനവും നിയമസംഹിതകളും കൊണ്ട് തൃപ്തിപ്പെടാത്തവർ ഇതിൽ ആകൃഷ്ടരായി. ശരീഅത്ത് അനുശാസിക്കുന്ന ഭൗതിക വിരക്തി(സുഹ്ദ്)ക്കപ്പുറം, കൈ്രസ്തവ-ഹൈന്ദവ-പേർഷ്യൻ ചിന്തകളിലെ സന്യാസ മൂല്യങ്ങളെ വാരിപ്പുണരാൻ സൂഫികൾ ധൃഷ്ടരായി. ഗ്രീക്ക് തത്വശാസ്ത്രം, വേദോപനിഷത്തുകളിലും ബൗദ്ധ തത്വങ്ങളിലുമുള്ള ഭാരതീയ ദർശനം, യോഗദർശനം, ഇഖ്വാനുസ്സ്വഫയുടെ മതവിരുദ്ധ തത്വശാസ്ത്ര ദർശനം, സൗരാഷ്ട്ര ചിന്തകൾ എന്നിവയിലെല്ലാം ആകൃഷ്ടരായി വഴിയറിയാതെ അവർ നട്ടം തിരിഞ്ഞു.
പിന്നീട്, സൂഫിസം ഇസ്ലാമിനകത്തെ മറ്റൊരു സ്വതന്ത്ര മതമായി വളർന്നു. അതിന് സ്വന്തമായി പ്രമാണങ്ങളും ആചാര്യൻമാരും സിദ്ധാന്തങ്ങളും സാങ്കേതിക ശബ്ദങ്ങളും നിലവിൽ വരികയും, സമുദായത്തിനുള്ളിൽ വലിയ വലിയ സ്വാധീനം കൈവരികയും ചെയ്തു. ഒരു ഭാഗത്ത് വലിയ സ്വീകാര്യത നേടിയപ്പോൾ പണ്ഡിതൻമാരുടെ ഭാഗത്ത് നിന്ന് എതിർപ്പുകളും നേരിടേണ്ടി വന്നു. പിൽക്കാലത്ത് ശക്തമായ സൂഫീ സ്വാധീനത്തിന് അടിപ്പെട്ട പണ്ഡിതൻമാർ മദ്ഹബുകൾക്കിടയിൽ ആധിപത്യം നേടിയപ്പോൾ സൂഫിസത്തിന് സാർവ്വത്രികമായ അംഗീകാരം നേടാൻ സാധിച്ചു.


ഇന്ന് ഇസ്ലാം വിരുദ്ധ ശക്തികൾ വിശ്വാസികളെ ഇസ്ലാമിൽ നിന്ന് അടർത്തി മാറ്റാനും, സർവ്വമത സത്യവാദം പോലുള്ള ആശയങ്ങൾ പ്രചരിപ്പിക്കാനും ആഗോളതലത്തിൽ വലിയ പദ്ധതികൾ ആവിഷ്കരിച്ച് പ്രവർത്തിക്കുന്നുണ്ട്. പാശ്ചാത്യ ശക്തികൾ മുസ്ലിംകൾക്കിടയിൽ വിശ്വാസഭംഗം പ്രചരിപ്പിക്കാൻ കലവറയില്ലാതെ സൂഫീ ഗുരുക്കൾക്ക് സമ്പത്ത് വാരിക്കോരി നൽകുന്നത് കാണാം. ആഗോള വേദികളിലെ സ്ഥിരം സാന്നിദ്ധ്യങ്ങളായി പല സൂഫീ ഗുരുക്കളും പ്രത്യക്ഷപ്പെടുന്നുണ്ട്. സൂഫീ സംഗീതവും നൃത്തങ്ങളും നമ്മുടെ കലാ സാഹിത്യരംഗം കയ്യടക്കിക്കൊണ്ടിരിക്കുന്ന കാഴ്ച്ച കേരളത്തിൽ പോലും ദൃശ്യമാണ്. ഒാരോ മുക്കിലും മൂലയിലും സൂഫീ ആശ്രമങ്ങളും പുതിയ ത്വരീക്വതുകളും ശൈഖുമാരും പൊട്ടി മുളക്കുന്നത് കാണാം.
സൂഫീ സാഹിത്യങ്ങൾ സാഹിത്യരംഗം കയ്യടക്കിക്കൊണ്ടിരിക്കുന്ന ദേശീയ-അന്തർദേശീയ തലങ്ങളിൽ സൂഫീ സമ്മേളനങ്ങൾ നടത്താൻ ഭരണകൂടങ്ങൾ മത്സരിക്കുന്നു. ഇന്നത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സൂഫിസത്തിന് മാത്രമേ സാധിക്കൂ (മതത്തിന് സാധിക്കില്ലെന്ന ധ്വനി) എന്ന രീതിയിൽ പ്രചാരവേലകൾ കൊഴുക്കുന്നു. ഹല്ലാജ്, ഇബ്നു അറബി, ഇബ്നു ഫാരിദ്, ഇബ്നു സബ്ഇൗൻ, തലിമസാന, റൂമി തുടങ്ങിയവരും, ചിഫ്തി, നിസാമുദ്ദീൻ ഒൗലിയ, ബാബാ ഫരീദ് തുടങ്ങിയവരൊക്കെ ദേശീയ തലത്തിലും സെമിനാറുകളിലും ചർച്ചകളിലും സജീവ സാന്നിദ്ധ്യമാകുന്നു. സൂഫിസത്തെ നിരാകരിക്കുന്നവൻ ലോകത്തിന് ആപത്താണ് എന്ന തരത്തിൽ ആഗോള-ദേശീയ-പ്രാദേശിക പത്രമാധ്യമങ്ങളിൽ പ്രചാരം കൊഴുക്കുന്നു. ഇസ്ലാമിനെ റാഡിക്കൽ ഇസ്ലാം, മോഡറേറ്റ് ഇസ്ലാം എന്നിങ്ങനെ വിഭജിച്ച് സൂഫിസത്തെ നിരാകരിക്കുന്ന റാഡിക്കൽ ഇസ്ലാമിനെ ആടിനെ പട്ടിയെന്നും പേപ്പട്ടിയെന്നും വിളിച്ച് തല്ലിക്കൊല്ലുന്നത് പോലെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും മുദ്ര കുത്തി ഒതുക്കിക്കളയാൻ ശ്രമിക്കുന്നു. പാക്കിസ്ഥാനിൽ കാലപ്പഴക്കം കാരണം തകർന്ന് പോയ ദർഗകൾ നവീകരിക്കാൻ അമേരിക്ക ലക്ഷക്കണക്കിന് ഡോളറുകൾ നൽകിയ വാർത്ത ഏതാനും വർഷം മുമ്പ് കുവൈറ്റിലെ "അൽ മുജ്തമഅ്' വാരിക റിപ്പോർട്ട് ചെയ്തിരുന്നു.
നമ്മുടെ കൊച്ചു കേരളത്തിൽ പോലും ദൈവനിഷേധികളും ഇസ്ലാം വിരോധികളും സർവ്വമത സത്യവാദികളും ലിബറുകളും സെക്യുലറിസ്റ്റുകളും സൂഫിസത്തിന്റെ പ്രചാരകരായി രംഗത്തുണ്ട്. സെക്യുലർ സൂഫികൾ വരെ കേരളത്തിൽ സജീവമാണ്. വളരെ പ്രശസ്തമായ സൂഫീ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സൂഫീ ത്വരീക്വതുകളും ആശ്രമങ്ങളും ഖാൻഗാഹുകളും ശവകുടീരങ്ങളും ഇന്ത്യയിലുണ്ട്. അറ്റമില്ലാത്ത വിശ്വാസ വൈകല്യങ്ങളുടെയും അധാർമ്മിക പ്രവണതകളുടെയും കേന്ദ്രങ്ങളാണ് പല ദർഗ്ഗകളും. സാമൂഹിക ദ്രോഹികൾക്ക് നിർഭയരായി സൈ്വരവിഹാരം നടത്താനും തിൻമകളിലേർപ്പെടാനും സാധിക്കുന്ന ചുറ്റുപാടുകളാണിവിടെ.
സുൽത്താൻമാരുടെ കാലത്ത് മദ്ധ്യേഷ്യയിൽ നിന്നും ഇറാനിൽ നിന്നുമാണ് ഇന്ത്യയിൽ സൂഫികളെത്തിയത്. രാജ്യത്തിന്റെ ഒാരോ പ്രദേശങ്ങളും ഭൂമിയുടെ ആത്മീയ അവകാശികൾ എന്ന പേരിൽ ഒാരോ സൂഫികളും വീതിച്ചെടുത്തു.
സൂഫിസം ഇന്ത്യയിൽ പ്രചരിച്ചതോടെ, ഹൈന്ദവ സന്യാസികളും ആശയവിനിമയങ്ങൾ നടത്തുകയും പ്രാദേശിക സമൂഹങ്ങളുടെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും അവരെ സ്വാധീനിക്കുകയും ചെയ്തു. ഇന്ത്യക്കാർ അവരിലും ആകൃഷ്ടരായി. സംസ്കൃത ഭാഷയിലുള്ള ഹൈന്ദവ ദാർശനിക ഗ്രന്ഥങ്ങൾ പേർഷ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത് കാരണം, ചിന്താസാംസ്കാരിക രംഗത്ത് ഹൈന്ദവ-സൂഫീ സമന്വയം സൂഫിസത്തെ ഇസ്ലാമിക-പേർഷ്യൻ-ഹൈന്ദവ-ബൗദ്ധ ദർശനങ്ങളുടെ സമന്വയ ഭൂമികയാക്കി മാറ്റി. മുസ്ലിം സമൂഹത്തിൽ സൂഫികൾക്ക് വലിയ സ്വാധീനമുണ്ടായിരുന്നതിനാൽ ദേശീയമായ പല തരം ആചാരാനുഷ്ഠാനങ്ങൾ മുസ്ലിം ജീവിതത്തിന്റെ ഭാഗമായി മാറി. അജ്മീർ, ഡൽഹി, ഉത്തർ പ്രദേശങ്ങളിലെ വിവിധ പ്രദേശങ്ങളിലുള്ള ദർഗ്ഗകളിലേക്ക് രാജ്യത്തിനകത്തും പുറത്തു നിന്നും ഉദ്ദിഷ്ട ലക്ഷ്യപ്രാപ്തിക്കായി തീർത്ഥാടകർ പ്രവഹിച്ചു. ഹൈന്ദവ രീതിയിലുള്ള പുഷ്പാർച്ചനയും തൊട്ടു മുത്തലും നമിക്കലും ദർഗകളിൽ സാർവത്രികമാണ്. സൂഫീ വിശുദ്ധൻമാരെ ആരാധ്യരാക്കി, വിളിച്ച് പ്രാർത്ഥിക്കുന്ന സൂഫീ സംഗീത (ഖവാലി) സദസ്സുകളും രക്ഷാബന്ധൻ, കാവി വസ്ത്രം ധരിക്കൽ തുടങ്ങിയ പലതും ഇത്തരം കേന്ദ്രങ്ങളിൽ ദർശിക്കാനാകും. സൂഫീ ദർഗകളോടനുബന്ധിച്ച് നടത്തപ്പെടുന്ന ആത്മീയ ചികിത്സാ കേന്ദ്രങ്ങൾ ലൈംഗിക ചൂഷണങ്ങളുടെയും മയക്കുമരുന്ന് വിതരണത്തിന്റെയും കേന്ദ്രങ്ങളാണ്. വിശുദ്ധ ക്വുർആനിനും പ്രവാചക ചര്യക്കും നിരക്കാത്ത, അതിശയോക്തികൾ നിറഞ്ഞ കള്ളക്കഥകൾ കുത്തി നിറച്ച "കറാമത്തുകൾ' പ്രചരിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങൾ വ്യാപകമായി ഇത്തരം കേന്ദ്രങ്ങൾ പടച്ചു വിടുന്നു.
സിദ്ധൻമാർ മരിച്ചവരെ ജീവിപ്പിച്ചതിന്റെയും, മുങ്ങുന്ന കപ്പലിനെ രക്ഷിച്ചതിന്റെയും, വലിയ ദുരന്തങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയതിന്റെയും, ഒരേ സമയം വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന്റെയും, ചത്ത ശരീരത്തിൽ ജീവൻ നൽകിയതിന്റെയും അതിശയപ്പിക്കുന്ന കഥകൾ ഇത്തരം പ്രസിദ്ധീകരണങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത് കാണാം.
വ്യത്യസ്ത ധാരകളിൽ പെട്ട സൂഫികൾ ഇന്ത്യയിലെത്തിയപ്പോൾ ഒാരോരുത്തരും തങ്ങളുടെ ത്വരീക്വതുകളിൽ ആളുകളെ ചേർക്കാൻ പലതരം തന്ത്രങ്ങളുപയോഗിച്ച് മത്സരിക്കുകയുണ്ടായി. പ്രാദേശിക വാസികളുടെ ആചാരാനുഷ്ഠാനങ്ങളുമായി ഇഴുകിച്ചേർന്ന് ആളുകളെ തങ്ങളിലേക്കാഘർഷിച്ചു.
പ്രശസ്ത ചരിത്രകാരനും അലിഗർ മുസ്ലിം സർവ്വകലാശാലയുടെ മേധാവിയുമായിരുന്ന പ്രൊ: കെ എ നിസാമി പറയുന്നത് കാണുക. ""ഇന്ത്യൻ അവസ്ഥകളും ഇന്ത്യക്കാരുടെ മതവീക്ഷണങ്ങളും താൽപര്യങ്ങളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സാധിച്ചതാണ് ചിഫ്തീ ത്വരീക്വതിന് ഇന്ത്യയിൽ വലിയ ജന സ്വാധീനം ലഭിക്കാനും വിജയിക്കാനും സാധിച്ചത്. ത്വരീക്വതിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ശൈഖിന് സുജൂദ് ചെയ്യുക, സന്ദർശകർക്ക് ജലം നൽകുക, കമണ്ഡലു വിതരണം, തല മുണ്ഡനം ചെയ്യുക, വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള സംഗീതം, സൂഫീ ത്വരീക്വതിൽ പ്രവേശിച്ചവർക്ക് ശിരസ്സിൽ അണിയാനുള്ള വളയം, പാന പാത്രം തുടങ്ങിയ ഹൈന്ദവ-ബൗദ്ധ പൈതൃകം പേറുന്ന ആചാരങ്ങൾ അവർക്കുണ്ടായിരുന്നു.nizami khalq ahmed; some aspects of eligion and po-itcs in indian during 13 th centuryp 178
ഇന്ത്യയിലെ സൂഫികൾ ഹിന്ദു യോഗികളുമായി ആശയവിനിമയം നടത്താറുണ്ടായിരുന്നു. സൂഫികളുടെ സ്വാധീനഫലമായി ആളുകൾ ഇസ്ലാം സ്വീകരിക്കുന്നതിൽ ആശങ്കാകുലരായ യോഗികൾ ഇസ്ലാമിക മുന്നേറ്റത്തെ തടയിടാൻ ഹൈന്ദവ ധർമ്മ പ്രചാരണം സജീവമാക്കി. ഇസ്ലാമിൽ പ്രവേശിച്ച പലർക്കും തങ്ങളുടെ പൂർവ്വിക പൈതൃകത്തെ പൂർണ്ണമായും ഒഴിവാക്കാൻ സാധിച്ചില്ല. പുതിയ മതത്തോടൊപ്പം പഴയ ആചാരാനുഷ്ഠാനത്തെ പിന്തുടരുന്ന രീതിയാണ് പലരും സ്വീകരിച്ചത്. അങ്ങനെ ഹിന്ദു-മുസ്ലിം വിശ്വാസാചാരങ്ങൾ കൂടിക്കലർന്ന ഒരു പുതിയ മതം രൂപപ്പെട്ടു. മുസ്ലിംകൾ കൂടുതലായി വസിച്ചിരുന്ന ബംഗാളിലാണ് ഇത് കൂടുതൽ ശക്തിപ്പെട്ടത്. ഇക്കാലത്ത് ഭാരതീയ ദർശനങ്ങൾ അറബിയിലേക്കും പേർഷ്യനിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.
വിഷ്ണുവിനെ ആരാധിക്കുന്നവർ കൂടുതലുള്ള ബംഗാളിൽ വൈഷ്ണവ സാഹിത്യ കൃതികൾക്ക് സുൽത്താൻ ഹുസൈൻ ഷാ (1493-1519) വലിയ പ്രചാരം നൽകി. തന്റെ ശ്രമഫലമായി രാമായണവും മഹാഭാരതവും സംസ്കൃതത്തിൽ നിന്ന് ബംഗാളീ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. സത്യപീർ, മണിക്പീർ, കാലുഗാസി, ബരാഖാൻ തുടങ്ങിയ സിദ്ധൻമാരെ ഹിന്ദുക്കളും ആരാധിക്കാൻ തുടങ്ങിയതായി നൂറുർറഹ്മാൻ രേഖപ്പെടുത്തിയിട്ടുണ്ട്. (nuru rahman md sha; hindu muslim relations in mughal bengal. page 54)
മദ്ധ്യകാലത്ത് ബംഗാളിലെ മുസ്ലിംകൾ സർവ്വദേവനായ മാനസയെ വണങ്ങിയിരുന്നു. മീൻ പിടുത്തക്കാരായ ഇവർ കാട്ടിൽ പോകുമ്പോവും മത്സ്യബന്ധനത്തിന് പോകുമ്പോഴും ബാബാ ഖളീറിനോടും ബെൻ ബീവിയോടും പ്രാർത്ഥിച്ച് കൊണ്ടാണ് ഇപ്പോഴും പുറത്തിറങ്ങാറുള്ളത്. 19-ാം നൂറ്റാണ്ടിലെ സൂഫികൾ പല വിഭാഗങ്ങളായി മാറുകയും വ്യത്യസ്ത ഹൈന്ദവ ആചാരാനുഷ്ഠാനങ്ങൾ പുലർത്തുകയും ചെയ്തിരുന്നതായി അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. അർജ്ജുൻ ഷാഹി, ബേനവാസ്, ജലാലിയ, മദാരിയ്യ എന്നിവ ഇക്കാലത്തെ പ്രധാന സൂഫീ വിഭാഗങ്ങളായിരുന്നു. സഹാജിയ്യ വിഭാഗം സ്ത്രീകളുടെ വേഷം ധരിച്ച് ശൈഖിന്റെ മുമ്പിൽ പാട്ട് പാടി നൃത്തം വെക്കുന്നവരായിരുന്നു.
മുഗൾ ചക്രവർത്തി അക്ബറിന്റെ കാലത്ത് ഹൈന്ദവ പുനരുത്ഥാന പ്രവർത്തനങ്ങൾ ശക്തിപ്പെട്ടു. ഹൈന്ദവ മത സാംസ്കാരിക ഗ്രന്ഥങ്ങളായ രാമായണം, മഹാഭാരതം, പതഞ്ജലി യോഗ തുടങ്ങിയ അമ്പതോളം സംസ്കൃത ഗ്രന്ഥങ്ങൾ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. മുസ്ലിം സൂഫികൾക്കിടയിൽ ഹൈന്ദവ സന്യാസ ദർശനങ്ങൾ വലിയ തോതിൽ പ്രചരിക്കാൻ ഇത് കാരണമായി. വിശ്വാസം പോലെ അവിശ്വാസവും മോക്ഷത്തിന്റേ മാർഗ്ഗമായി അംഗീകരിക്കപ്പെട്ടു. എന്നാൽ, വഴിവിട്ട ഇത്തം ചിന്താവ്യതിയാനങ്ങളെ ശൈഖ് അഹ്മദ് സർഹിന്ദി ശക്തമായി എതിരിട്ടു. പക്ഷെ, അക്കാലത്തെ ഭൂരിപക്ഷ സൂഫികളും അദ്ദേഹത്തിന്റെ നിലപാടിനോട് യോജിച്ചില്ല. അവർ ഗോവധ നിരോധനം നടപ്പാക്കാനും അത് ചെയ്യുന്നവർക്ക് ശിക്ഷ നടപ്പാക്കാനും ഉദ്യമിച്ചു. പതിമൂന്നാം നൂറ്റാണ്ടിൽ ഖാളി റുമാനുദ്ദീൻ സമർഖന്ദി, ഹംയോഗയിലെ അമൃത്കാണ്ഡം "ഹൗഇൗമാഉൽ ഹയാത്' എന്ന പേരിൽ അറബിയിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി. സൂഫീ വൃത്തങ്ങളിൽ ഇതിന് വമ്പിച്ച പ്രചാരം ലഭിക്കുകയുണ്ടായി.
മനുഷ്യ ശരീരത്തിൽ ശിവ-ശക്തി എന്നിങ്ങനെ രണ്ട് സൂക്ഷ്മ ഭാവങ്ങൾ (ലത്വീഫത്) ഉണ്ടെന്നും ഇവ ഉണർന്ന് പ്രവർത്തിക്കുമ്പോൾ അധോലോകവും ഉപരിലോകവും തമ്മിൽ ബന്ധപ്പെടാൻ സാധിക്കുമെന്നും വിശ്വസിക്കുന്ന ഒരു ഹൈന്ദവ മുനിയുടെ ആശയത്തിൽ ആകൃഷ്ടനായിരുന്നു നിസാമുദ്ദീൻ ഒൗലിയ എന്ന് (1324) വാദിക്കുന്നവരുണ്ട്. തന്റെ മുരീദുകളെ ഹൈന്ദവ ഭക്തി ഗാനങ്ങൾ കേൾപ്പിച്ചിരുന്ന സൂഫിയായിരുന്നു   അബ്ദുൽ ഖുദ്ദൂസ് ഗംഗോഹി (1537). താൻ പേർഷ്യൻ ഭാഷയിൽ രചിച്ച "റുഷ്ദ് നാമ'യിൽ പ്രസ്തുത ഭക്തിഗീതങ്ങൾ ചേർത്തിട്ടുണ്ട്. വേദങ്ങളിലും ഉപനിഷത്തുകളിലും പ്രതിപാദിക്കുന്ന അദൈ്വതം, വാദ്യോപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സംഗീതം, ശീർഷാസനം എന്നിവയാണ് ഇൗ ഗ്രന്ഥം മുന്നോട്ട് വെക്കുന്ന പ്രധാന "ആത്മീയ' സാധനകൾ. ശീർഷാസനം തീർത്തും ഭാരതീയ യോഗാ രീതിയാണ്.
പ്രാണായാമം പോലുള്ള ശ്വസന നിയന്ത്രണ രീതികളിൽ ആകൃഷ്ടനായിരുന്ന ഡൽഹിയിലെ ഒരു സൂഫിയായിരുന്നു മീരസാമസ്ഹർ ജാൻജാനാൻ (1781).
ഇന്ത്യയിലെ ശന്താരി ത്വരീക്വതുകാർ സൂഫീ രിയാള(മുറ)കൾക്കൊപ്പം യോഗാ മുറകൾ കൂടി അഭ്യസിക്കുന്നവരായിരുന്നു. യോഗാമുറകൾ, മന്ത്രങ്ങൾ, ശ്വസന നിയന്ത്രണങ്ങൾ എന്നിവ മുഹമ്മദ് ഗൗസ് ഗോളിയോറി (1562) തന്റെ മുരീദുകളെ അഭ്യസിപ്പിച്ചിരുന്നു. ഇയാൾ ഹംയോഗയിലെ അമൃത്കാണ്ഡം "ബഹ്റുൽ ഹയാത്' എന്ന പേരിൽ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ശാഹ് ഫദ്ലുല്ലാഹ് ശത്താരി, തന്റെ "അൽ മനാക്വിബുൽ ഗൗസിയ്യ'യിൽ ഇൗ ഗ്രന്ഥത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്.
""യോഗികളുടെ ഭജന മുറകളും മന്ത്രങ്ങളും മുഹക്വികുകളായ സൂഫികളുടെ രീതിയിൽ തസവ്വുഫിന്റെ തത്വമനുസരിച്ച് ചിട്ടപ്പെടുത്തിയ ഇൗ ഗ്രന്ഥം മുഹമ്മദ് ഗൗസ് ഗോളിയോറി സംസ്കൃതത്തിൽ നിന്ന് പരിഭാഷപ്പെടുത്തിയതാണ്. ആത്മീയവാദി(അഹ്ലുൽ ബാഥിൽ)കൾക്ക് ഇത് ഏറെ ഫലപ്രദമായ രചനയാണ്.'' (മനാക്വിബ് ഗൗസിയ്യ 75).
സൂഫീ-ഹൈന്ദവ ദർശനങ്ങളെ സമന്വയിപ്പിച്ച് കൊണ്ട് മുഹമ്മദ് ഗൗസ്, "അൽ ജവാഹിറുൽ ഖംസ്' എന്ന പേരിൽ മറ്റൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. ശൈഖ് സിബ്ഗതുല്ലാഹ് ബഹറൈബ് ഇത് അറബിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ശത്താരീ ത്വരീക്വതുകാർ അറബ് രാഷ്ട്രങ്ങളിൽ ഇത് അച്ചടിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. തന്റെ മറ്റൊരു കൃതിയായ "രിസാലതുൽ മിഅ്റാജ്' എന്ന പുസ്തകത്തിൽ ഇദ്ദേഹം, താൻ പല പ്രവാചകൻമാരിലും മഹത്വമുള്ളവനാണെന്ന് വാദിച്ചിരിക്കുന്നു. ഇയാളുടെ ഗ്രന്ഥങ്ങളും ചിന്തകളും ശ്രദ്ധയിൽ പെട്ട സുപ്രസിദ്ധ ഹദീഥ് പണ്ഡിതനും "കൻസുൽ ഉമ്മാലി'ന്റെ കർത്താവുമായ ശൈഖ് അലി അൽ മുത്തഖി (ഹിജ്റ 975) ഇയാൾ കാഫിറും മതപരിത്യാഗിയുമാണെന്ന് പ്രഖ്യാപിച്ചു. വാദ്യോപകരണങ്ങളിലും സംഗീതത്തിലും അതീവ തൽപരനായിരുന്ന ഇദ്ദേഹത്തെ ഭാരതീയ സംഗീത സാമ്രാട്ടായ ടാംസൺ ആദരിക്കുകയും സൗഹൃദം പുലർത്തുകയും ചെയ്തിരുന്നു.
സംസ്കൃത ഭാഷയിലുള്ള ഭാരതീയ ദാർശനിക ഗ്രന്ഥങ്ങൾ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നതിന് നേതൃത്വം നൽകിയ ഒരു സൂഫീ ചിന്തകനാണ് ജഹാൻ ചക്രവർത്തിയുടെ പുത്രനായിരുന്ന ദാരാഷുക്കോ. സൂഫിസത്തോടും സൂഫികളോടും അതീവ ബന്ധം പുലർത്തിയ ഇയാൾ സന്യാസികളോടും യോഗികളോടും ആത്മബന്ധം പുലർത്തിയിരുന്നു. ഇയാളുടെ സഫീനത്തുൽ ഒൗലിയ, സകീനത്തുൽ ഒൗലിയ, ശതഹാത്ത് എന്നിവ ഇതിന്റെ ഉത്തമ നിദർശനങ്ങളാണ്. എന്നാൽ, തന്റെ ആത്മീയ ദാഹത്തെ ശമിപ്പിക്കാൻ സൂഫിസം മതിയാകാതെ വന്നപ്പോൾ, ഹൈന്ദവ ദർശനങ്ങളിൽ ഉൗളിയിട്ട ഇയാൾ ഉപനിഷത്തിന്റെ അമ്പത് അധ്യായങ്ങൾ "അസ്സിർറുൽ അക്ബർ' (മഹാ രഹസ്യം) എന്ന പേരിൽ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തു. ഇതിന്റെ ആമുഖത്തിൽ ഇയാൾ ഇങ്ങനെ എഴുതുകയുണ്ടായി.
""വർഷങ്ങളായി എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു സങ്കീർണ്ണമായ സമസ്യയായിരുന്നു തൗഹീദ്. അത് കണ്ടെത്തുവാൻ പഴയ നിയമവും പുതിയ നിയമവും സബൂറും പഠിക്കാൻ ഞാൻ നിർബന്ധിതനായി. എന്നിട്ടും ഇൗ വിഷയകമായി എന്റെ ദാഹം ശമിച്ചില്ല. ഉപനിഷത്തുകൾ പഠിക്കാൻ തുടങ്ങിയതോടെ ഉദ്ദിഷ്ട ലക്ഷ്യം സഫലമായി. തൗഹീദിന്റെ വിവക്ഷ പൂർണ്ണമായി ഗ്രഹിക്കാൻ കഴിഞ്ഞു.''
സൂറഃ വാക്വിഅയിൽ പറഞ്ഞ ""ഇത് ആദരണീയമാ ക്വുർആൻ തന്നെയാണ്, ഭദ്രമായി സൂക്ഷിക്കപ്പെട്ട രേഖയിലാകുന്നു അത്'' എന്ന സൂക്തത്തിന്റെ വിവക്ഷ ഉപനിഷത്തുകളാണ് എന്നാണ് ഇയാളുടെ വാദം. ലൗഹുൽ മഹ്ഫൂദിൽ സൂക്ഷിക്കപ്പെട്ട ക്വുർആനെക്കുറിച്ചാണ് പ്രസ്തുത സൂക്തം സൂചിപ്പിക്കുന്നതെന്ന് ക്വുർആൻ വ്യാഖ്യാതാക്കൾ ഏകകണ്ഠേന അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏകദൈവ വിശ്വാസത്തിന്റെ ശരിയായ വ്യാഖ്യാനം ഉപനിഷത്തുകളിലാണ് ഞാൻ കണ്ടെത്തിയത് എന്നാണ് ഇയാളുടെ വാദം. അവതാര സിദ്ധാന്തം, അദൈ്വത വാദം എന്നിവയാണ് ഉപനിഷത്തുകൾ മുന്നോട്ട് വെക്കുന്ന പ്രധാന തത്വങ്ങൾ.
ഹിന്ദു മിത്തോളജിയിൽ അവഗാഹം നേടിയ മറ്റൊരു സൂഫിയായിരുന്നു മലിക് മുഹമ്മദ് ജായിസി (1542). ഹൈന്ദവ "പുണ്യപുരുഷൻമാരെ' പ്രവാചകൻമാരെപ്പോലെ ആദരിക്കാൻ ഇയാൾ ആഹ്വാനം ചെയ്തു. കശ്മീരിലെ സുൽത്താനായിരുന്ന സൈനുൽ ആബിദീൻ കശ്മീരി (1472) ഗോവധം നിരോധിക്കുകയും സംസ്കൃതത്തിലെ ഭാരതീയ ദർശനങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ഭരണാധികാരിയാണ്.
ഇങ്ങനെ പരിശോധിച്ച് നോക്കിയാൽ ഇന്ത്യയിൽ ഇന്ന് പ്രചാരത്തിലുള്ള പല സൂഫീ വിഭാഗങ്ങളും ആശയപരമായി ബന്ധപ്പെടുന്നതും അവക്ക് പ്രചോദനം ലഭിക്കുന്നതും ഇസ്ലാമിക പ്രമാണങ്ങളിൽ നിന്നല്ലെന്നും മറിച്ച്, ഹൈന്ദവ എെതിഹ്യങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നുമാണെന്നും കാണാൻ കഴിയും. അചാരങ്ങളിലും അനുഷ്ഠാനങ്ങങ്ങളിലുമെല്ലാം സൂഫിസത്തിനുള്ള ബന്ധം ഹൈന്ദവ മിത്തോളജിയുമായിത്തന്നെയാണ്. അതുകൊണ്ടു തന്നെയാണ്, ഇസ്ലാമിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും മുസ്ലിംകളെ തകർക്കാൻ എല്ലാ ഗൂഢ നീക്കങ്ങളും നടത്തുകയും ചെയ്യുന്ന സംഘ്പരിവാർ അടക്കമുള്ള ഇസ്ലാമിക വിരുദ്ധ ശക്തികൾ സൂഫിസത്തെ തലോടുന്നതും വാനോളം പുകഴ്ത്തുന്നതും. സൂഫിസമാണ് ഇസ്ലാമിന്റെ സുന്ദരമുഖം എന്ന് ഇസ്ലാമിക ശത്രുക്കൾ ഇടക്കിടെ മൊഴിയുന്നത് യാദൃശ്ചികമാണെന്ന് ആരും കരുതേണ്ടതില്ല. സൂഫിസമെന്നത് ഇസ്ലാമല്ലെന്നും ഇസ്ലാമിന് ബദലായ മറ്റൊരു മതമാണെന്നും ഇവിടുത്ത മുസ്ലിംകളിൽ പലർക്കും മനസ്സിലായിട്ടില്ലെങ്കിലും ഇസ്ലാമിന്റെ ശത്രുക്കൾക്ക് അത് വ്യക്തമായും  മനസ്സിലായിട്ടുണ്ട്. സൂഫികളുടെയും അവരുടെ ഖവാലീ സദസ്സുകളുടെയും ദർഗകളുടെയും അവിടെ നടക്കുന്ന ഉറൂസുകളുടെയും പ്രധാന സഹകാരികളും സഹായകരുമായി രംഗത്ത് വരുന്നത് പലപ്പോഴും, ഇസ്ലാമിനെ ശത്രുപ്പട്ടികയിൽ നിരത്തിയിട്ടുള്ള ചില പ്രസ്ഥാനങ്ങളാണ്. മാത്രമല്ല, ലോകത്ത് അറിയപ്പെട്ട ഇസ്ലാമിക പണ്ഡിതൻമാരുമായിട്ടല്ല സൂഫികൾ ബന്ധം സ്ഥാപിച്ചിട്ടുള്ളത്. മറിച്ച്, മേൽപറഞ്ഞ ഇസ്ലാമിന്റെ ശത്രുക്കളുമായിട്ടാണ്. സൂഫീ മൗലാനമാരും കാവി പണ്ഡിറ്റുകളും തമ്മിൽ തോളോട് തോളുരുമ്മി നിൽക്കുന്ന ചിത്രങ്ങൾ സമകാലിക ഭാരതത്തിൽ സജീവമാണ്.
ഇസ്ലാമിന്റെ പേരിൽ പ്രത്യക്ഷപ്പെടുകയും നിലകൊള്ളുകയും ചെയ്യുന്ന സൂഫീ പ്രസ്ഥാനങ്ങളുടെ വേര് എവിടെ ചെന്ന് മുട്ടുന്നുവെന്നതിനെക്കുറിച്ചും അതിന് വളം നൽകുന്നത് ആര് എന്നതിനെക്കുറിച്ചും ആഴത്തിലുള്ള പഠനങ്ങൾ ആവശ്യമാണ്. ആ പഠനങ്ങൾ പലരുടെയും ഉറക്കം കെടുത്തുന്നതുമായിരിക്കും. അതിനെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവർക്കുള്ള ഉൗ ചൂണ്ടുപലക മാത്രമാണ് ഇൗ കൊച്ചു ലേഖനം. 

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal