} -->

'ബൂസ്വൈരി' കവിയും കാവ്യവും ചില നിരീക്ഷണങ്ങൾ

 'ബൂസ്വൈരി' കവിയും കാവ്യവും ചില നിരീക്ഷണങ്ങൾ

അബ്ദുർറഹ്മാൻ ആദൃശ്ശേരി

മുസ്ലിം സമുദായത്തിൽ വലിയൊരു വിഭാഗവും നേർച്ചപ്പാട്ടായി ചൊല്ലുകയും ചൊല്ലിപ്പിക്കുകയും ചെയ്യുന്ന "ബുർദ' എന്ന കവിതയെക്കുറിച്ചും അതിന്റെ കർത്താവായ ബൂസൈ്വരിയെക്കുറിച്ചുമുള്ള ഹ്രസ്വമായ ഒരു ഗവേഷണ പഠനമാണ് ഇൗ ലേഖനം. കൊട്ടും കുരവയും താളമേളങ്ങളുമായി നാടു നീളെ ബുർദാ ആസ്വാദന സദസ്സുകൾ സംഘടിപ്പിക്കുന്നവരും അതിൽ കേൾവിക്കാരായി ഭക്തിപൂർവ്വം സംബന്ധിക്കുന്ന സാധാരണക്കാരും അതൊരു പുണ്യകർമ്മമായിട്ടാണ് കാണുന്നത്. എന്നാൽ, ഇൗ കവിതയിലുള്ള അതിവർണ്ണനകളോ തൗഹീദീ വിശ്വാസത്തിന് വിരുദ്ധമായ പരാമർശങ്ങളോ ഭൂരിഭാഗം ആളുകൾക്കും അറിഞ്ഞുകൂടാ എന്നതാണ് വാസ്തവം. അത്തരം ആളുകൾക്ക് ഇൗ ലേഖനം ഒരു വഴികാട്ടിയാവുമെന്ന് പ്രത്യാശിക്കുകയാണ്. സാധാരണ കവികൾക്കുണ്ടാവാറുള്ള പല ചാപല്യങ്ങളും ഉണ്ടായിരുന്ന ഒരു സാദാ അറബിക്കവി മാത്രമായിരുന്നു ബൂസൈ്വരി എന്ന കാര്യം ലേഖകൻ സമർത്ഥിക്കുന്നുണ്ട്. ബുർദയുടെ കർത്താവായ ബൂസൈ്വരി ഒരു ഇമാമോ ആലിമോ അല്ലെന്ന് ചുരുക്കം. 
ലേഖനത്തിന്റെ അവസാന ഭാഗത്ത് പറഞ്ഞിട്ടുള്ള "ബുർദ'യെക്കുറിച്ചുള്ള പൊതുവായ വിലയിരുത്തൽ ലേഖകന്റെ സ്വന്തം അഭിപ്രായമാണെന്നും അൽ ഇസ്വ്ലാഹിന്റെ അഭിപ്രായമല്ലെന്നും മാന്യവായനക്കാർ മനസ്സിലാക്കുമല്ലോ. ലേഖകന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. എഡിറ്റർ. 
"ബുർദ' എന്ന പ്രവാചക പ്രകീർത്തന കാവ്യത്തിന്റെ രചയിതാവായ, "ഇമാം ബൂസ്വൂരി" എന്ന് പലരും വിശേഷിപ്പിക്കുന്ന "ബൂസൈ്വരി' പലരും പ്രചരിപ്പിക്കുന്നത് പോലെ മഹാ പണ്ഡിതനും ഇമാമും മഹാ പുരുഷനുമൊക്കെയായിരുന്നോ? അതോ, കാവ്യഭാവനകൾക്കനുസരിച്ച് കണ്ടതും കേട്ടതുമെല്ലാം ആദർശം നോക്കാതെ പാടിപ്പുകഴ്ത്തുന്ന, തനിക്കിഷ്ടമില്ലാത്തതിനെയെല്ലാം നിരാകരിക്കുന്ന കേവലമൊരു കവി മാത്രമായിരുന്നോ? അദ്ദേഹത്തിന്റെ കവിതകളിൽ ഇസ്ലാമിക വിശ്വാസത്തിന്റെ സീമകൾ ലംഘിക്കപ്പെട്ടിരുന്നോ? പണ്ഡിതൻമാർ അത്തരം ആശയങ്ങളെ എതിർത്തിരുന്നോ? അദ്ദേഹത്തിന്റെ മറ്റു കാവ്യങ്ങൾ ഇത്തരം അതിശയോക്തികളിൽ നിന്ന് മുക്തമാണോ?
പ്രവാചക പ്രകീർത്തന കാവ്യങ്ങളിൽ ഏറെ പ്രസിദ്ധമാണ് ബുർദ. സൂഫികൾ അതിന് ധാരാളം വ്യാഖ്യാനങ്ങളും അതിനെ, പഞ്ചഭുജ/ഷഡ്ഭുജ കാവ്യങ്ങളായി പുനരവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രോഗശാന്തിക്കും കാര്യസാധ്യത്തിനും അനുഗ്രഹലബ്ധിക്കും ബുർദ പാരായണം ചെയ്യുന്ന പതിവ് പല സമൂഹങ്ങളിലും വ്യാപകമാണ്. അറബിയിൽ മാത്രമല്ല, പല ഭാഷകളിലും ഇതിന് ഭാഷാന്തരങ്ങളും പാഠഭേദങ്ങളുമുണ്ട്. കാവ്യപരിഭാഷകൾ വരെ പല ഭാഷകളിലും പ്രചാരത്തിലുണ്ട്. 
ഏലസ്സുകളിലും രക്ഷകളിലും ഇതിലെ വരികൾ ഉപയോഗിക്കുന്നവരുണ്ട്. ഒരു വരി മോഹാലസ്യം ബാധിച്ചവർക്കാണെങ്കിൽ, മറ്റൊന്ന് ഭാര്യാഭർതൃ തർക്ക പരിഹാരത്തിനും വേറൊരു കവിത തീപ്പിടുത്തം ബാധിക്കാതിരിക്കാനുമൊക്കെ ഉപയോഗിക്കുന്നു. ഇങ്ങനെ വെവ്വേറെ ആവശ്യങ്ങൾ നിവൃത്തിക്കാനായി ക്വുർആനിൽ നിന്നും ഹദീഥുകളിൽ നിന്നും പ്രത്യേക സൂക്തങ്ങൾ ഉപയോഗിക്കുന്ന പതിവില്ല. 
മറ്റു ചിലർ പ്രഭാതങ്ങളിലും പ്രദോഷത്തിലും വളരെ ഭക്ത്യാദര പൂർവ്വം ഇൗ കാവ്യം ഉരുവിടുന്നു. മന്ത്രങ്ങളിലും, മയ്യിത്ത് സംസ്കാര വേളകളിൽ പോലും ഇത് ഉരുവിടുന്നവരുണ്ട്. അംഗശുദ്ധി വരുത്തിയും ക്വിബ്ലക്ക് അഭിമുഖമായി ഇരുന്നും ഭക്തിയോടു കൂടിയാണ് ഇത് പലരും പാരായണം ചെയ്യുക.
ബുർദയുടെ കർത്താവ് തളർവാതം പിടിപെട്ട് ബുദ്ധിമുട്ടിയെന്നും ഇൗ കാവ്യരചനയുടെ ഫലമായി സൗഖ്യം പ്രാപിച്ചുവെന്നും ഭക്തർ പ്രചരിപ്പിക്കാറുണ്ട്. 

ഇൗ കാവ്യരചനക്കുള്ള അംഗീകാരമായി സ്വപ്നത്തിൽ പ്രവാചകൻ ആഗതനായി ഷാൾ പുതപ്പിച്ചെന്നും അതിന്റെ രചനയിൽ പ്രവാചകൻ പങ്കാളിയായെന്നുമെല്ലാം ഭക്തർ പ്രചരിപ്പിക്കുന്നുണ്ട്. 
"മനുഷ്യരുടെ അറിവിന്റെ പരിധിയിൽ നിന്ന് പ്രവാചകനെപ്പറ്റി പറയാൻ കഴിയുക അദ്ദേഹം ഒരു മനുഷ്യനാണെന്നാണ്" എന്ന വരിയിലെ ആദ്യപാദം ചൊല്ലിയപ്പോൾ, "അദ്ദേഹം മുഴുവൻ സൃഷ്ടികളിലും അത്യുത്തമനാണെന്ന" രണ്ടാം പാദം പ്രവാചകൻ പൂരിപ്പിച്ചെന്നുമൊക്കെ അവകാശപ്പെടുന്നവരുണ്ട്. ഇതെല്ലാം ശുദ്ധ കളവും നബി(സ) തിരുമേനിയുടെ പേരിലുള്ള വ്യാജ ആരോപണങ്ങളുമാണ്. ആക്ഷേപാർഹമായ ബുർദയിലെ വരികളുടെ പൊരുൾ വിമർശകർക്ക് മനസ്സിലായിട്ടില്ലെന്നാണ് ചിലരുടെ വാദം. "വ്യാപകമായ ആപത്തുകൾ സംഭവിക്കുമ്പോൾ സൃഷ്ടികളിൽ അത്യുദാരനായവരേ, താങ്കളല്ലാതെ എനിക്കാശ്രയമില്ല, ഇഹലോകവും പരലോകവും താങ്കളുടെ ഒൗദാര്യമാണ്, കലമിന്റെയും ലൗഹുൽ മഹ്ഫൂദിലെയും അറിവുകൾ താങ്കളുടെ അറിവിൽ നിന്നും അൽപ്പമാണ്" എന്ന വരിയുടെ താൽപര്യം, ഇഹത്തിലും പരത്തിലും താങ്കൾ ശുപാർശക്ക് അർഹനാണെന്നൊക്കെ ബാജൂരിയെപ്പോലുള്ള വ്യാഖ്യാതാക്കൾ പറഞ്ഞൊപ്പിക്കുന്നത് കാണാം. ഒരു കവിയുടെ ഭാവനയെ മതത്തിന്റെ പ്രമാണങ്ങൾക്കനുസരിച്ച് വ്യാഖ്യാനിച്ച് ഒപ്പിക്കേണ്ട കാര്യമില്ലല്ലോ? ബുർദയും ഹംസിയ്യയും മാത്രമല്ല ബൂസൈ്വരിയുടെ കാവ്യങ്ങൾ. പ്രവാചക പ്രകീർത്തനത്തിൽ തന്നെ വേറെയും പല കാവ്യങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. തന്റെ കാലത്ത് അധികാരി വർഗ്ഗത്തെയും ജൂത-കൈ്രസ്തവരെയുമെല്ലാം കാര്യം നേടാൻ ബൂസൈ്വരി വാനോളം പുകഴ്ത്തിയിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ ജീവിച്ച അദ്ദേഹം, ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ തന്റെ സർഗ്ഗശേഷി വിനിയോഗിച്ചു. മതപാണ്ഡിത്യം വേണ്ടത്രയില്ലാത്തതിനാൽ പലപ്പോഴും മാന്യതക്കും മതമൂല്യങ്ങൾക്കും നിരക്കാത്ത നിലപാടുകളും തന്റെ കവിതകളിൽ കടന്നുകൂടിയെന്നു മാത്രം. ഇതൊന്നും കവിയുടെ ഭാവനയെ ദീപ്തമാക്കിയ പ്രവാചക സ്നേഹം എന്ന വികാരത്തെ ചെറുതാക്കിക്കാണിക്കാൻ കാരണമാക്കരുത്. എന്നാൽ, ബൂസൈ്വരി ഇസ്ലാമിക വിശ്വാസത്തിലും നിയമശാസ്ത്രത്തിലും അവഗാഹം നേടാത്തതിനാൽ തന്റെ കവിതകളിൽ വ്യതിചലനം സംഭവിക്കാൻ സാധ്യതയുണ്ട്. തെറ്റുകളെ തിരുത്തി കവിതയിലെ സുന്ദരമായ ആശയങ്ങളെ അംഗീകരിക്കുകയായിരുന്നു പണ്ഡിതധർമ്മം. എന്നാലൊരു വിഭാഗം, തന്റെ കവിതയിലെ മുഴുവൻ പരാമർശങ്ങൾക്കും ദിവ്യഗ്രന്ഥത്തിന്റെ മഹത്വം കൽപ്പിച്ചു. അതിലെ വ്യതിയാനങ്ങൾക്ക് ബുദ്ധിക്കും പ്രമാണങ്ങൾക്കും നിരക്കാത്ത വ്യാഖ്യാനങ്ങൾ നൽകാൻ ധൃഷ്ടരാവുകയാണുണ്ടായത്. ശാഫിഇൗ നിയമജ്ഞനും സൂഫീ ചിന്തകനുമായ ഇബ്നു ഹജർ ഹൈതമി ഉദാഹരണം. 
മറ്റൊരു വിഭാഗം, ബൂസൈ്വരിയുടെ കവിതയിൽ കടന്നു കൂടിയ ചില വ്യതിയാനങ്ങളുടെ പേരിൽ ബുർദയെ പൂർണ്ണമായും തിരസ്കരിക്കുകയും അതിലെ മുഴുവൻ ആശയങ്ങളെയും തള്ളിക്കളയുകയും ചെയ്യുകയാണുണ്ടായത്. 
ആദ്യ വിഭാഗത്തിന്റെ വീക്ഷണത്തിൽ അദ്ദേഹം ഭക്തനും ഭൗതിക വിരക്തനും മഹാജ്ഞാനിയും ഉൽകൃഷ്ടനുമായ ഒരു ഇമാമാണ്. ബുർദയാകട്ടെ, തെറ്റു പറ്റാത്ത പ്രവാചക പ്രകീർത്തന രംഗത്തെ രമണീയമായ ഒരു ഭാവകാവ്യവും, രോഗശാന്തിക്കും അനുഗ്രഹലബ്ധിക്കുമെല്ലാം കൺകണ്ട സിദ്ധൗഷധമാണ്. 
ആരാണ് ഇതിന്റെ കർത്താവായ ബൂസൈ്വരി എന്നും അയാൾ ജീവിച്ച സാഹചര്യങ്ങളും തന്റെ കാവ്യരചനയുടെ പശ്ചാതലമെന്നും ഇക്കൂട്ടർക്ക് അറിയില്ല. അതറിയേണ്ട കാര്യവുമില്ല. പ്രസംഗ വേദികളിൽ നിന്ന് കേട്ട് പരിചയിച്ച "മഹാ പണ്ഡിതനും' "വലിയ്യു'മായ ബൂസൈ്വരിയെക്കുറിച്ച് മറ്റൊന്നുമറിയാൻ അവർ ആഗ്രഹിക്കുന്നില്ല. പ്രാവചകന്റെ അനുചരൻമാരും താബിഉകളും പ്രവാചകനെക്കുറിച്ച് ആലപിച്ച സുന്ദരകാവ്യങ്ങളെക്കുറിച്ച് ചോദിച്ചാൽ അവർക്കൊന്നുമറിയില്ലെന്ന് വ്യക്തമാകും. 
അബൂ അബ്ദില്ല മുഹമ്മദുബ്നു സഇൗദുബ്ൻ ഹമദ് എന്നാണ് ബൂസൈ്വരിയുടെ യഥാർത്ഥ നാമം. മൊറോക്കോ വംശജനായ ഇദ്ദേഹം ഇൗജിപ്തിലെ അബൂസൈർ നിവാസിയായിരുന്നു. ഹിജ്റ 608 ൽ ജനിച്ച ഇദ്ദേഹം 696 ൽ അന്തരിച്ചു. തന്റെ ചരിത്രം രേഖപ്പെടുത്തിയവരാരും ഇദ്ദേഹമൊരു മതപണ്ഡിതനായിരുന്നു എന്ന് പറഞ്ഞിട്ടില്ല. കേവലമൊരു കവിയായിരുന്ന ഇദ്ദേഹം സ്വന്തം ഭാര്യയെക്കുറിച്ച് വരെ തന്റെ കവിതകളിൽ ആഭാസകരമായി പലതും പറയുന്നത് കാണാം. രാജസദസ്സുകളിൽ ആളുകളെക്കുറിച്ച് പല അസഭ്യങ്ങളും പറയുമായിരുന്നു. (മഖ്രീസി. അൽ മുഖഫ അൽ കബീർ 5/664). 
തന്റെ ഭാര്യയോട് വളരെ ദയാരഹിതനായി പെരുമാറിയിരുന്ന ഇദ്ദേഹം യാചകനും ഭൗതിക വിഭവങ്ങളിൽ നല്ല തൽപരനുമായിരുന്നു. ഒന്നിലും ഉറച്ച് നിൽക്കാത്ത ചഞ്ചലമനസ്കനുമായിരുന്നു. കാര്യം നേടാനായി ചിലപ്പോൾ കൈ്രസ്തവരെ പുകഴ്ത്തുകയും ജൂതൻമാരെ ഇകഴ്ത്തുകയും ചെയ്തു. മറ്റു ചിലപ്പോൾ ജൂതൻമാരെ വാഴ്ത്തുകയും കൈ്രസ്തവരെ തെറി പറയുകയും ചെയ്തു. ചിലപ്പോൾ രണ്ട് കൂട്ടരെയും കവിതകളിലൂടെ ആക്രമിക്കും. (ഖിറാ അജരീദ ഫീ ബുർദതിൽ ബൂസൈ്വരി-അലവി അബ്ദുൽ ഖാദിർ സഖാഫ്). 
അധികാരി വർഗ്ഗത്തെ പ്രീണിപ്പിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറായിരുന്ന ഇദ്ദേഹം എല്ലാ അർത്ഥത്തിലുമൊരു കവിയായിരുന്നു. 
ഒരു ദീർഘ കവിതയിൽ തന്റെ ഭാര്യയെ ശകാരിക്കുകയും അവരുടെ ചാരിത്ര്യം ചോദ്യം ചെയ്യുകയും ചെയ്ത ബൂസൈ്വരി അസഭ്യങ്ങളും ആഭാസങ്ങളും കോരിച്ചൊരിയുന്നത് കാണാം. 
എന്റെ ഭാര്യയാണെന്റെ മാനക്കേട്, ഞാൻ പാപ്പരായതും നരക്കാൻ കാരണവും അവളാണ്, എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത വയോധികയായ അവളുടെ ഗർഭപാത്രം മാത്രം കൗമാരക്കാരുടേതാണെന്നും ഞാൻ വർഷത്തിലൊരിക്കൽ മാത്രം അവളെ പ്രാപിച്ചാൽ ആറ് മാസം കൊണ്ട് അവൾ ഒരു കുഞ്ഞിനെ പ്രസവിച്ച് തരുമെന്നും, അവൾ പ്രസവിച്ച് കൂട്ടുന്ന ഇൗ കുഞ്ഞുങ്ങളെല്ലാം ഇൗ പടു വൃദ്ധന്റേത് തന്നെയാണോ എന്ന് ഇയാൾ സംശയം പ്രകടിപ്പിക്കുന്നതും കാണാം. "പ്രസവിക്കാൻ കഴിയാത്ത ഒരു വന്ധ്യയായിരുന്നു അവളെങ്കിൽ, ഞാനവളെ വിവാഹം കഴിച്ചിരുന്നില്ലെങ്കിൽ അഗമ്യഗമനം നടത്താമായിരുന്നു, എന്നാൽ കുഞ്ഞുങ്ങളെ ബാധ്യത ഏൽക്കേണ്ടി വരുമായിരുന്നില്ല, അല്ലെങ്കിൽ ഭാര്യക്ക് പകരം കൗമാരക്കാരെ കിട്ടിയാലും കാര്യം സാധിക്കാമല്ലോ? എന്നൊക്കെയാണ് ബൂസൈ്വരിയുടെ കാടുകയറിയ കാവ്യഭാവനകൾ. 

  1. കാര്യം നേടാൻ കവിത ഒരു ആയുധമാക്കിയിരുന്ന ബൂസൈ്വരി ബഹാഉദ്ദീൻ അലി ബിൻ മുഹമ്മദ് എന്ന ഭരണാധികാരിയുടെ മുമ്പിൽ ആലപിച്ച ഒരു കവിതയിൽ കുട്ടികളും കുടുംബവും കാരണം നടുവൊടിഞ്ഞു എന്നും ഞാൻ താങ്കളിൽ അഭയം തേടുകയാണെന്നും സഹായം തേടുകയാണെന്നും (ഇസ്തിഗാഥ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്) എന്നൊക്കെ തരംതാഴ്ന്ന രീതിയിൽ യാചിക്കുന്നത് കാണാം.
    "താങ്കളല്ലാത്തവരിലേക്ക് ആശ്രയിക്കേണ്ട അവസ്ഥയുണ്ടാക്കരുത്, എന്റെ കാലത്തെ നല്ലവർ നല്ലവർക്കൊന്നും നൽകുന്നില്ല, ആളുകൾ സഹായത്തിന് സമീപിക്കുന്നവരുടെ മുഖം ഉരുക്കു പോലെ കഠിനവും പാറ പോലെ ഉറച്ചതുമാണ്, നല്ലൊരു സഞ്ചിയോ പാത്രമോ ജനങ്ങൾ കഴിക്കുന്ന ഭക്ഷണമോ വിഭവങ്ങളോ ഒന്നുമെന്റെ വീട്ടിലില്ല, ഒരു വിളക്കോ സഞ്ചിയോ പായയോ ഒന്നും തനിക്കില്ല" എന്നെല്ലാം ബൂസൈ്വരി പരിഭവം പറയുന്നു. റമദാനിൽ കഴിക്കാൻ "കിനാഫ' എന്ന മധുര പലഹാരം പോലും തന്റെ വീട്ടിലില്ലെന്ന് തുടർന്ന് പറയുന്നു. തന്റെ പരാതിപ്പട്ടികയിൽ.

    "ഇമാദ്' എന്ന സമ്പന്നന്റെ അടുത്ത് ഒൗദാര്യം തേടി ബൂസൈ്വരി വിശപ്പ് കാരണം മരിച്ച് പോകാനായെന്നും അമീറിനോട് പരാതിപ്പെടുന്നത് കാണാം. ഇമാദ് മറ്റുള്ളവർക്കെന്തെങ്കിലും ദാനം ചെയ്യുന്നത് അവരെ ഭയന്നിട്ടോ പേരെടുക്കാനോ മാത്രമാണെന്നും ഇൗ കവിതയിൽ ബൂസൈ്വരി രോഷം കൊള്ളുന്നത് കാണാം.
  2. തന്റെ കഴുതയെ ആരോ മോഷ്ടിച്ചപ്പോൾ അദ്ദേഹം ആലപിച്ച കവിതയിൽ കടുത്ത നിന്ദയുടെ ഭാഷ കാണാം. അതിനെ മോഷണം നടത്തിയവൻ സൻമാർഗ്ഗത്തിൽ നിന്ന് അകന്നവനും അയാൾ സ്വർഗത്തിൽ കടന്നാൽ അത് നരകമായിത്തീരുമെന്നും മോഷ്ടാക്കളിൽ പെട്ട പിശാചുക്കളില്ലാത്ത നാടുകളി ല്ലെന്നും നക്ഷത്രങ്ങൾ കൊണ്ട് അവരെ എറിഞ്ഞ് ആട്ടിയോടിക്കാൻ തുനിയുകയാണെങ്കിൽ ആകാശത്ത് ഒരു നക്ഷത്രവും കാണില്ലെന്നും ഇയാൾ രോഷം കൊള്ളുന്നത് കാണാം. 
  3. തന്റെ താൽപര്യങ്ങൾക്കും നേട്ടങ്ങൾക്കും വേണ്ടി തരംപോലെ നിലപാടുകൾ മാറുന്ന വ്യക്തിത്വത്തിന്റെ ഉടമയെ നമുക്ക് ബൂസൈ്വരി കവിതകളിൽ ദർശിക്കാം. കൈ്രസ്തവർ ക്രിസ്തുമസ്സിന് ഭക്ഷണം നൽകാത്തതിനാൽ അവരെ അധിക്ഷേപിക്കുകയും ജൂതൻമാരെ പുകഴ്ത്തുകയും ചെയ്തത് കാണാം. 
  4. "ബിൻസിസിലെ ജൂതരുടെ ആഘോഷങ്ങൾ കൈ്രസ്തവരുടെ ആഘോഷങ്ങളെക്കാൾ എനിക്ക് പ്രിയങ്കരമാണ്. കോവർ കഴുത എപ്പോഴും കഴുതയേക്കാൾ മെച്ചം തന്നെ." എന്നാൽ കൈ്രസ്തവർ ബൂസൈ്വരിയെ ഭീഷണിപ്പെടുത്തിയപ്പോൾ തന്റെ നിലപാട് മാറ്റിപ്പറയുന്നതിന് തനിക്ക് യാതൊരു മനോവിഷമവും ഉണ്ടായില്ല. ജൂതൻമാരെ ആക്ഷേപിച്ച് കൊണ്ട് ബൂസൈ്വരി ഇങ്ങനെ പാടി.

    "കൈ്രസ്തവർ എന്നോട് യാതൊരു അപരാധവും ചെയ്തിട്ടില്ല. കുറ്റം ചെയ്തത് ജൂതൻമാരാണ്. അവരെയെങ്ങനെ വാഴ്ത്തുവാൻ സാധിക്കും? കുരങ്ങൻമാരുടെയും പന്നിയുടെയും മനസ്സുമായി നടക്കുന്നവാരണവർ."
  5. തന്റെ കാര്യസാധ്യത്തിന് വേണ്ടി അധികാരിവർഗ്ഗത്തെ ഏതറ്റം വരെയും പുകഴ്ത്തിപ്പറയുന്നതിന് ബൂസൈ്വരിക്ക് യാതൊരു വിമ്മിഷ്ടവും ഉണ്ടായിരുന്നില്ല. അവരെ ആകാശത്തോളം വാഴ്ത്തിപ്പാടിയ എണ്ണമറ്റ കവിതകൾ കാണാം. മന്ത്രിയായിരുന്ന സൈനുദ്ദീൻ സാഹിബിയെ വാഴ്ത്തിപ്പറയുന്നത് കാണുക. 
  6. "ഭക്തി, ജ്ഞാനം, കുലീനത എല്ലാം തികഞ്ഞ പണ്ഡിതൻ നായകൻ, നേതാവിന്റെ പുത്രൻ അദ്ദേഹത്തിന് സമാനമായി ആരെയും വാഴ്ത്തരുത്. കാരണം, അത് സകല ഏകദൈവ വിശ്വാസികളോടുമുള്ള ധിക്കാരമാകും."

    മന്ത്രി ബഹാഉദ്ദീൻ സാഹിബിയെ പുകഴ്ത്തിപ്പാടിയ ഒരു കവിതയിൽ മറ്റൊരു പ്രമാണിയെ തനിക്ക് ഒന്നും നൽകാത്തതുകൊണ്ട് ഇകഴ്ത്തിപ്പറയുന്നതും കാണാം.

    "നേതാവേ, കാലം ദാരിദ്ര്യം കൊണ്ട് എന്നെ ആക്രമിച്ചപ്പോഴെല്ലാം അങ്ങായിരുന്നു എനിക്ക് താങ്ങ്. ഇബ്നു ഇംറാൻ സൃഷ്ടികളിൽ ഏറ്റവും കെട്ടവനാണ്. എനിക്കൊരു കഴുത പോലുമില്ലാത്ത അവസ്ഥയിൽ അയാൾക്കൊരു കോവർ കഴുതയുണ്ടെന്നതു മാത്രമാണ് അയാളുടെ മെച്ചം. ധാരാളം അംഗങ്ങളുള്ള ഒരു കുടുംബമാണ് എന്റേത് എന്ന് ഞാൻ പരാതി പറയുന്നു. ഞങ്ങൾ ജനങ്ങളുടെ കൂടെ നോമ്പെടുക്കാറുണ്ടെങ്കിലും ആളുകൾക്കൊരു ഗുണപാഠമാണ് ഞങ്ങളുടെ അവസ്ഥ. മറ്റൊരു കുട്ടിയുടെ കൈകളിൽ ഒരു പലഹാരമോ കാരക്കയോ കാണുകയാണെങ്കിൽ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കണ്ണ് തള്ളിപ്പോകും."

    ഇല്ലായ്മയും വല്ലായ്മയും പറച്ചിലും, സമ്പന്നരെയും അധികാരികളെയും പുകഴ്ത്തുന്നതിന് ഏതറ്റം വരെ പോകാനും ബൂസൈ്വരിക്ക് യാതൊരു മനസ്സാക്ഷിക്കുത്തും അനുഭവപ്പെട്ടിരുന്നില്ലെന്ന് കാണാം.

    പ്രവാചക പ്രകീർത്തന കാവ്യ രചനയിൽ ബൂസൈ്വരി ഏറെ പ്രസിദ്ധനാണ്. ബുർദ കൂടാതെ പത്തിലധികം വേറെയും കാവ്യങ്ങൾ ഇദ്ദേഹം പ്രവാചക തിരുമേനിയെ പ്രകീർത്തിച്ച് കൊണ്ട് രചിച്ചിട്ടുണ്ട്. അതിൽ കാവ്യഗരിമ കൊണ്ട് ഏറെ മികച്ച് നിൽക്കുന്നത് ബുർദ തന്നെയാണെന്നാണ് സാഹിത്യ ആസ്വാദകരുടെ പക്ഷം. അതിരുകൾ ഭേദിച്ചില്ലായിരുന്നുവെങ്കിൽ ഹൃദ്യവും രമണീയവുമാണ് ബൂസൈ്വരിയുടെ കവിതകൾ. എത്ര ശ്രമിച്ചാലും ശരീഅത്തിന്റെ ദൃഷ്ടിയിൽ ന്യായീകരിക്കാൻ കഴിയാത്ത അതിപ്രശംസകൾ നമുക്ക് അതിൽ ദർശിക്കാനാകും. "കൃസ്ത്യാനികൾ യേശുവിനെ വാഴ്ത്തിയത് പോലെ നിങ്ങളെന്നെ അതിര് വിട്ട് വാഴ്ത്തരുത്" എന്ന് നബി(സ) താക്കീത് ചെയ്തിട്ടുണ്ടല്ലോ. സ്വഹാബികളായ ഹസാനുബ്നു സാബിതിന്റെയും കഅ്ബുബ്ൻ സുഹൈറിന്റെയും കവിതകളിൽ പ്രവാചക തിരുമേനിയെ വാഴ്ത്തുമ്പോൾ അതിരുകൾ ഭേദിക്കാതെ സൂക്ഷ്മത പാലിക്കുന്നത് കാണാം.

    ആധുനിക സിറിയൻ കവിയും കൈ്രസ്തവ വിശ്വാസിയുമായ ജാക്സ്വബരി ശമ്മാസിന്റെ പ്രവാചക പ്രകീർത്തന കവിതകളും ബൂസൈ്വരിയുടെ കാവ്യങ്ങളെപ്പോലെത്തന്നെ ഏറെ ഹൃദ്യവും ആശയ സംപുഷ്ടവുമാണ്. എന്നാൽ, ഇൗ മേഖലയിൽ ബൂസൈ്വരിക്ക് ലഭിച്ച അംഗീകാരം അവർക്കാർക്കും ലഭിച്ചില്ലെന്നത് വിധിവൈപരീതമാകാം.

    "ഇഹലോകവും പരലോകവും താങ്കളുടെ ഒൗദാര്യത്തിൽ ചിലതാണ്, ലൗഹിലും ക്വലമിലും രേഖപ്പെടുത്തിയ വിജ്ഞാനങ്ങൾ താങ്കളുടെ അറിവിൽ ചിലത് മാത്രമാണ്" എന്ന വരിയെ, ഇഹലോകത്തും പരലോകത്തും ശുപാർശക്കർഹനാണെന്നും, സൂറഃ ലുക്വ്മാന്റെ അവസാനം പറഞ്ഞ ആർക്കും അറിയിച്ച് കൊടുക്കാത്ത അഞ്ച് കാര്യങ്ങളാണ് ലൗഹിന്റെയും ക്വലമിന്റെയും അറിവെന്നുമൊക്കെ ബാജൂരിയെപ്പോലുള്ള വ്യാഖ്യാതാക്കൾ പറയുന്നത് കാണാം. അവ ആർക്കും അറിയില്ലെന്നും അവർ സമ്മതിക്കുന്നുണ്ട്.

    എന്നാൽ, ഇതിന്റെ ഉദ്ദേശ്യം ആദമിന് അല്ലാഹു പഠിപ്പിച്ചത് വസ്തുക്കളുടെ നാമങ്ങൾ മാത്രമാണെന്നും പ്രവാചകന് അവയുടെ സത്തകൾ അറിയാം എന്ന് ഹൈതമി വ്യാഖ്യാനിക്കുന്നത് കാണാം. ............എന്ന വരിയുടെ വ്യാഖ്യാനത്തിൽ തന്റെ മുതുകിൽ നിന്ന് നമ്മുടെ നബിയെ സൃഷ്ടിക്കാനാണ് അല്ലാഹു ആദമിനെ സൃഷ്ടിച്ചത് എന്നും മലക്കുകൾ നമിച്ചത് ആദമിന്റെ നെറ്റിയിൽ പ്രത്യക്ഷപ്പെട്ട നബിയുടെ പ്രകാശത്തിനായിരുന്നുവെന്നും ഇതിന്റെ വ്യാഖ്യാനത്തിൽ തട്ടി വിടാൻ ഹൈതമി ധൃഷ്ടനാകുന്നു. 
  7. (അൽ മിനഹുൽ മക്കിയ്യ ഫീ റശഹിൽ ഹംസിയ്യ 1/146). 
"ലോകവാസികളുടെ എല്ലാമായ എല്ലാ മഹത്വങ്ങളും നബിയുടെ മഹത്വത്തിൽ നിന്ന് കടം കൊണ്ടതാണ്" എന്ന വരിയുടെ വ്യാഖ്യാനത്തിൽ നബിപ്രകാശം അവരിൽ സഹായവർഷമായി എത്തി എന്നാണ് ഹൈതമി പറയുന്നത്. കാരണം, നബിയുടെ പ്രകാശം മറ്റെല്ലാ വസ്തുക്കളെയും സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ സൃഷ്ടിക്കപ്പെട്ടുവെന്നും അദ്ദേഹം വാദിക്കുന്നു. ഇൗ വിഷയത്തിലുള്ള നിവേദനങ്ങൾ എല്ലാം ദുർബലങ്ങളാണ്. (തഹ്ദീറുദ്ദാഇയ മിനൽ ഖിസസിൽ വാഹിയ. വാള്യം 1 പേജ് 456 നോക്കുക). 
ഇതൊരു സൂഫീ കെട്ടുകഥയാണ്. ആദം സന്തതികളിൽ പെട്ട പ്രവാചകന്റെ പ്രകാശം ആദം നബിയെ സൃഷ്ടിക്കുന്നതിന് മുമ്പ് സൃഷ്ടിക്കപ്പെട്ടുവെന്ന വാദം യുക്തിക്കും പ്രമാണങ്ങൾക്കും നിരക്കാത്തതാണ്. മനുഷ്യനെ ജലത്തിൽ നിന്നും മണ്ണിൽ നിന്നുമാണ് സൃഷ്ടിച്ചതെന്ന കാര്യം ക്വുർആൻ പലയിടങ്ങളിലും എടുത്തു പറയുന്ന കാര്യമാണ്. പ്രകാശത്തിൽ നിന്നും സൃഷ്ടിച്ചത് ജിന്നുകളെയാണ്. 
"ഇലാഹീ സന്നിധിയുടെ അവകാശിയായതിനാൽ തിരുമേനി മുഖേന മാത്രമേ ഇലാഹീ സന്നിധിയിൽ നിന്ന് സഹായം തേടാനാകൂ, എല്ലാ പ്രവാചകൻമാരുടെയും ദൃഷ്ടാന്തങ്ങളും നബിയുടെ പ്രകാശത്തിൽ നിന്ന് ലഭിച്ചതാണെന്നും നബിയുടെ പ്രകാശം സൂര്യപ്രഭക്ക് സമാനവും അവരുടേത് നക്ഷത്ര സമാനവുമാണെന്നും അവക്ക് സ്വയം പ്രകാശിക്കാൻ സാധിക്കില്ലെന്നുമെല്ലാം ഇബ്നു ഹജർ ഹൈതമി പറയുന്നത് കാണാം. 
പൊട്ടിപ്പിളർന്ന ചന്ദ്രനെക്കൊണ്ട് ഞാൻ സത്യം ചെയ്യുന്നുവെന്നും കൃസ്ത്യാനികൾ തങ്ങളുടെ പ്രവാചകനെക്കുറിച്ച് നടത്തിയ അവകാശവാദങ്ങൾ ഒഴിവാക്കി നമ്മുടെ നബിയെ എങ്ങനെയും പുകഴ്ത്താമെന്നും ബൂസൈ്വരീ കവിതകളിൽ കാണാം. ഇതെല്ലാം അതിര് കടന്ന വാദങ്ങൾ തന്നെ. ഇവിടെ പ്രശ്നം, കവിതയുടേതല്ല. കവികൾ ഭാവനയുടെ എല്ലാ താഴ്വരകളിലും മേഞ്ഞ് നടക്കുന്നവരാണ്. ബൂസൈ്വരിയും ഇൗ പൊതു സ്വഭാവത്തിൽ നിന്നും മുക്തനല്ല. അദ്ദേഹം ഇസ്ലാമിക പണ്ഡിതനോ മഹാനുഭാവനോ ഒന്നുമായിരുന്നില്ല. മുകളിൽ ഉദ്ധരിച്ച അദ്ദേഹത്തിന്റെ കവിതകൾ തന്നെ അത് ശരിവെക്കുന്നുണ്ട്. ഒരു കവിയുടെ സുന്ദര ഭാവനകളെ മതവർണ്ണം നൽകി പ്രമാണമായി ആഘോഷിച്ചവരാണ് യഥാർത്ഥ കുറ്റവാളികൾ. അദ്ദേഹത്തിന്റെ ഭാവനകൾക്ക് പ്രമാണങ്ങൾ നിരത്തി ന്യായീകരിക്കാൻ ശ്രമിച്ചവരാണ് യഥാർത്ഥ പ്രതികൾ. ഇത്തരം വിമർശനങ്ങളൊന്നും തന്നെ അദ്ദേഹത്തിന്റെ കവിതകളിലെ ഭാവുകത്വവും തത്വോക്തികളും സ്വീകരിക്കുന്നതിനും ആസ്വദിക്കുന്നതിനും തടസ്സമാകേണ്ട കാര്യമില്ല. മേൽ വിവരിച്ച, ബഹുദൈവത്വ സൂചനയുള്ള വരികളും അതിര് വിട്ട വർണ്ണനകളും മാറ്റി നിർത്തിയാൽ പ്രവാചക തിരുമേനിയുടെ വ്യക്തിത്വവും മഹിത സ്വഭാവഗുണങ്ങളും സ്വഹാബികളുടെ മഹത്വവും എത്ര സുന്ദരമായ ഭാഷയിലാണ് അദ്ദേഹം കോറിയിട്ടിരിക്കുന്നത്. 
പിശാചിനെയും മനസ്സിനെയും അവയുടെ കെടുതികളെയും എത്ര സുന്ദരമായാണ് ബൂസൈ്വരി ആവിഷ്കരിച്ചിരിക്കുന്നത്. മതപ്രമാണങ്ങൾ മാത്രം നിയമസ്രോതസ്സുകളായി അംഗീകരിക്കുകയാണെങ്കിൽ കാവ്യഭാവനകളെ പ്രമാണങ്ങളെന്ന നിലയിൽ വ്യാഖ്യാനിച്ചൊപ്പിക്കാൻ ശ്രമിക്കാതെ കേവല ആസ്വാദനങ്ങളായി കാണാൻ ശ്രമിച്ചാൽ പല പ്രശ്നങ്ങൾക്കും പരിഹാരമാകും.  

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal