} -->

ഇമാം ശാഫിഈ (റ) യുടെ ശിഈ നിലപാട്

അഹ്ലുസ്സുന്നയെ പ്രതിനിധാനം ചെയ്യുന്ന ഏതൊരു ജ്ഞാനിയെയും പോലെ അഹ്ലുല്‍ബൈത്തിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഇമാം ശാഫിഈ റഹിമഹുല്ലാഹ് നെക്കുറിച്ച് റാഫിദീകള്‍ അന്നും ഇന്നും വ്യാജാരോപണങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്. ഇമാമവര്കളുടെ പേരില്‍ കൃത്രിമ കവിതകള്‍ പുറത്തുവിട്ടും അദ്ദേഹത്തിന്‍റെ നിലപാടുകളെ ദുര്‍വ്യാഖ്യാനിച്ചുമെല്ലാം ഇത് ചെയ്യാറുണ്ട്. റാഫിദിയും മുഅതസിലിയുമായ ഇബ്നുന്നദീം ഫിഹ്രസ്ത്തില്‍ ഇമാം ശാഫിഈയെ തീവ്ര ശിഈ ആയിട്ടാണ് പരിചയപ്പെടുത്തുന്നത്. അഹ്ലുസ്സുന്നയുടെ അജയ്യനും സുപ്രസിദ്ധനുമായ ഒരു വക്താവിനെപ്പോലും പച്ചക്ക് റാഫിദീ ആക്കാന്‍ അവര്‍ക്ക് തൊലിയുറപ്പുണ്ടെങ്കില്‍ മറ്റ് മഹാന്മാരെ – വിശിഷ്യാ സ്വൂഫി ഗണത്തില്‍ പെട്ടവരെ- റാഫിദീയാക്കാന്‍ അവര്‍ക്ക് എത്രമാത്രം കയ്യെളുപ്പം ഉണ്ടായിരിക്കും?!
ഇമാം റാസി പറയുന്നു: “വലിയ ഔന്നത്യം പ്രാപിച്ച മാതൃകാ ജ്ഞാനിയായിരുന്നല്ലോ ഇമാം ശാഫിഈ റഹ്മത്തുല്ലാഹി അലൈഹി. അവ്വിധം ഉന്നത പദവിയിലുള്ള വ്യക്തിത്വം തങ്ങളുടെ കൂടെ ആകണമെന്ന് ഓരോ കക്ഷിയും തീര്‍ച്ചയായും കൊതിച്ചുപോകും. അതിനാല്‍, പുത്തന്‍ വഴികേട്‌ കാരായ ‘മുശബ്ബിഹ’, മുഅതസില’, റാഫിദ:’ എന്നീ വ്യത്യസ്ഥ മൂന്നു സംഘങ്ങള്‍ ഇമാം ശാഫിഈയുടെ കാര്യത്തില്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.!” (മനാഖിബ്)


രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രതികൂലമായിട്ടും, അഹ്ലുല്ബൈത്തിനോടുള്ള സ്നേഹവും കടപ്പാടും ഒളിച്ചുവെക്കാതെ വെളിപ്പെടുത്തിയ ധീര സുന്നിയാണ് ഇമാം മുഹമ്മദ്‌ ബിന്‍ ഇദ്രീസ് ശാഫിഈ റഹ്മത്തുല്ലാഹി അലൈഹി. അലി റളിയല്ലാഹു അന്ഹുവിനെയും അഹ്ലുല്‍ബൈത്തിനെയും ന്യായമായ വിധത്തില്‍ സ്നേഹിച്ചാദരിക്കുന്നവരെപ്പോലും ‘റാഫിദികള്‍’ എന്ന് മുദ്ര കുത്തുന്ന ചിലരുമുണ്ടായിരുന്നു അക്കാലത്ത്. ഇമാം ശാഫിഈ (റ) നെപ്പോലുള്ള അഹ്ലുസ്സുന്നയിലെ പണ്ഡിതന്മാര്‍ക്ക് ഇത് വമ്പിച്ച പ്രശ്നമായി മാറി. അലിയുടെ പക്ഷം പിടിച്ച് ശിആക്കള്‍ ഒരു ഭാഗത്ത് കടുത്ത ബിദ്അത്തുകളുമായി രംഗത്തുണ്ട്. അലിയെയും കുടുംബത്തെയും നേരിയ തോതില്‍ ഇകഴ്ത്തുന്ന നയവുമായി അബ്ബാസിയ്യ ഭരണക്കാര്‍ - മറുഭാഗത്ത്. സ്വഹാബി വര്യനായ മുആവിയ ഉള്‍പ്പെടെയുള്ള ബനൂ ഉമയ്യക്കാരെ വെറുപ്പോടെ വീക്ഷിക്കുന്നവരായിരുന്നു അവര്‍. മുഅതസിലുകള്‍ മറ്റൊരു ഭാഗത്ത്. അബ്ബാസീ ഭരണ കൂടമാകട്ടെ അലവിയാക്കളുടെ ശത്രുക്കളും. ഈ കുഴഞ്ഞു മറിഞ്ഞ രാഷ്ടീയ പ്രക്ശുബ്ധാവസ്ഥയില്‍ ഇലയ്ക്കും മുള്ളിനും കേടു പറ്റാതെ കാര്യം നടത്തുവാന്‍ അഹ്ലുസ്സുന്നയുടെ മധ്യമ വാദികള്‍ക്ക് ഏറെ പ്രയാസം അനുഭവിക്കേണ്ടി വന്നു. ശിആക്കളുടെ പിഴച്ച ആശയങ്ങളെ പൂര്‍ണ്ണമായി എതിര്‍ത്തു കൊണ്ടുതന്നെ അലി (റ)നെയും അഹ്ലുല്‍ബൈത്തിനെയും അളവറ്റു സ്നേഹിച്ചാദരിക്കുന്ന ഒരു മിതശൈലി മുസ്ലിം സമൂഹത്തിനു ഇമാം ശാഫിഈ യെപ്പോലുള്ള മാതൃകാജ്ഞാനികള്‍ പകര്‍ന്നു തരുകയായിരുന്നു.

ഇമാം ആദരിച്ച ആലുന്നബിയ്യ്‌



താന്‍ ആലുന്നബിയെ സ്നേഹിക്കുന്നു എന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ച ഇമാം ശാഫിഈ യുടെ വീക്ഷണത്തില്‍ ആരാണ് ആലുന്നബിയെന്ന തിരിച്ചറിവ് , റാഫിദീകളെ അസ്വസ്ഥരാക്കും. അലിയും ഫാത്വിമയും ഹസനും ഹുസൈനും അടങ്ങുന്ന നാല്‍വര്‍ മാത്രമാണ് ആദ്യ വൃത്തത്തിലെ ആലുന്നബിയെന്നും അവര്‍ക്ക് ശേഷം, ചിലരുടെ ദുര്‍വാശി അനുസരിച്ച്, ഹുസൈന്‍റെ പരമ്പരയില്‍ ഉള്ളവര്‍ മാത്രമാണ് ആലുന്നബിയെന്നും വിശ്വസിക്കുന്ന റാഫിദീസത്തെയല്ല ഇമാം ശാഫിഈ പിന്തുണക്കുന്നത്. അഹ്ലുസ്സ്വദഖാത്ത്- നിര്‍ബന്ധ ദാനം സ്വീകരിക്കാന്‍ അര്‍ഹരായ വരെ ക്കുറിച്ച് വിവരിക്കവേ, ഇമാം ശാഫിഈ തന്‍റെ കിതാബുല്‍ ഉമ്മില്‍ പ്രസ്താവിക്കുന്നു: “.. നിശ്ചയമായും നിര്‍ബന്ധിത ദാനങ്ങള്‍, നിര്‍ബന്ധ ദാനത്തിനു അര്ഹരല്ലാത്ത- അഥവാ ഖുമുസിന് അര്‍ഹരായ- ആലുമുഹമ്മദിന് അനുവദനീയമാണ് എന്നാണിത് കാണിക്കുന്നത്.” അതായത്, ഖുമുസിന് അര്‍ഹതയുള്ള സകാത്തിന് അര്‍ഹതയില്ലാത്ത പ്രവാചക ബന്ധുക്കള്‍ ആലുമുഹമ്മദ് പരിധിയില്‍ ഉള്പെടുമെന്നാണ് ഇമാം പറയുന്നത്. യുദ്ധാര്‍ജ്ജിത മുതലുകള്‍ ഓഹരിക്കുന്ന വിധം വിവരിക്കുന്നിടത്ത് അവര്‍ ഏതെല്ലാം കുടുംബങ്ങള്‍ ആണെന്ന് വിവരിക്കുന്നുണ്ട്. കിതാബുല്‍ ഉമ്മിലെ ‘തഫ്രീഖുല്‍ ഖിസ്മില്‍ തെളിവ് സഹിതം വിവരിക്കുന്നത് കാണാം. അബ്ദുമനാഫിന്റെ മക്കളില്‍ ഹാശിം, മുത്വലിബ് എന്നിവരുടെ മാത്രം (നൗഫല്‍, അബ്ദുശ്ശംസ് എന്നിവര്‍ പുറത്ത്) സന്താന പരമ്പരയാണ് സകാത്ത്- ഖുമുസ് വിഷയത്തില്‍ ആലുന്നബിയ്യ്‌ എന്ന (അന്ഫാല്‍/ 41, ഹശ്ര്‍/ 7 ലെ) ‘ഖുര്‍ബാ’. എന്നാല്‍ ഖിലാഫത്തിന്റെ അധികാരം അര്‍ഹിക്കുന്ന നബികുടുംബം “ഖുറൈഷ്’ എന്ന വിശാല വൃത്തത്തിനകത്തുള്ളവരാണ്. അവരാണ് ശൂറാ/23 ല്‍ പരാമര്‍ശിക്കുന്ന ‘മവദ്ദത്ത്’ (പ്രത്യേക സ്നേഹബഹുമാനം) കാണിക്കേണ്ട ‘ഖുര്‍ബാ’. അവരെയാണ് സയ്യിദുനാ ഉമര്‍ ബിന്‍ ഖത്വാബ് റ മുന്ഗണനാ ക്രമത്തില്‍ ‘സര്‍ക്കാര്‍ പാരിതോഷികം’ ഏര്‍പ്പെടുത്തി ആദരിച്ചുകാണിച്ചത്. ആ പട്ടികയില്‍ വരുന്നവരെല്ലാം ഖുറൈഷ് എന്ന “നബികുടുംബം ‘ ആകുന്നു. നിസ്കാരത്തിലെ രണ്ടാം തശഹ്ഹുദില്‍ ചൊല്ലുന്ന സ്വലാത്ത്തില്‍ കടന്നുവരുന്ന ആലുന്നബി, അവിടുത്തെ ഭാര്യമാരും മക്കളും അടങ്ങുന്നതാണ്. ഇമാം ശാഫിഈ യുടെ ‘ഖദീം’ ആയ പരിശോധനയില്‍ രണ്ടാം തശഹ്ഹുദില്‍ ‘ആലി’ന് സ്വലാത്ത് വാജിബ് ആയിരുന്നു. അക്കാലത്ത് ഇമാമാവര്കള്‍ ചൊല്ലിയ ഒരു പദ്യത്തില്‍, ആലിനു സ്വലാത്തില്ലാതെ നിസ്കാരം ശരിയാകില്ലെന്ന് പറയുന്നത് കാണാം. “ യാ ആല ബൈതി റസൂലില്ലാഹി ഹുബ്ബുകുമൂ/ ഫര്ളുന്‍ മിനല്ലാഹി വല്‍ ഖുര്‍ആനു അന്സലഹു/ യക്ഫീകുമൂ മിന്‍ അളീമില്‍ ഫള്ലി ഇന്നകുമൂ/ മന്‍ ലം യുസ്വല്ലീ അലൈകും ലാ സ്വലാത്ത ലഹൂ.( തിരുദൂതരുടെ വീട്ടരേ, നിങ്ങളെ സ്നേഹിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ നിര്‍ബന്ധ കല്പന ഇറക്കിയിരിക്കുന്നു. നിങ്ങളുടെ മേല്‍ സ്വലാത്ത് ആശംസിക്കാത്തവന്‍റെ നിസ്കാരം പരിഗണിക്കില്ലെന്ന വസ്തുത മതിയല്ലോ നിങ്ങളുടെ മഹത്വം അറിയാന്‍”) എന്നാല്‍, തന്‍റെ ‘ജദീദ്’ ആയ പരിശോധനക്ക് ശേഷം, ഇത് സുന്നത്ത് ആയി ചുരുക്കുകയായിരുന്നു. ഇങ്ങനെ തശഹ്ഹുദില്‍ ആലിനു സ്വലാത്ത് ചൊല്ലുമ്പോള്‍ അവിടെ ആലിനു കല്പിക്കുന്ന അര്‍ത്ഥം തിരുദൂതരുടെ ഭാര്യമാരും മക്കളും ആണെന്ന് ശാഫിഈ ധാര ഉണര്‍ത്തുന്നു. അങ്ങനെ വരുമ്പോള്‍ “ ല ഇന്‍ കാന ദമ്പീ ഹുബ്ബ ആലി മുഹമ്മദീ/ ഫദാലിക ദംപുന്‍ ലസ്ത്തു അന്ഹു അത്തൂബു” തുടങ്ങിയ പ്രഖ്യാപനങ്ങളില്‍ ഇമാം ശാഫിഈ വെളിപ്പെടുത്തുന്ന, നിര്‍ദ്ദേശിക്കുന്ന സ്നേഹം ആരോടാണെന്ന് സുതരാം വ്യക്തമാണ്. ആലുന്നബിയ്യില്‍ ഫാത്വിമയും അലിയും ഹസനും ഹുസൈനും സവിശേഷരും ഉന്നതരും ആകുമെന്ന കാര്യത്തില്‍ ശങ്കിക്കാന്‍ ഇല്ലല്ലോ. ഇവരെ വസീലയാക്കിയും അവലംബമാക്കിയും നാളത്തെ ശുപാര്‍ശകരാക്കിയും ഇമാം ശാഫിഈ ആഗ്രഹിക്കുന്ന, പ്രാര്‍ഥിക്കുന്ന വരികള്‍ പ്രസിദ്ധമാണ്. ആലുന്നബിയ്യി ദരീഅത്തീ/ വഹുമൂ ഇലൈഹി വസീലത്തീ/ അര്‍ജു ബീഹിം ഉഅത്താ ഗദാ/ ബിയദില്‍ യമീനി സ്വഹീഫത്തീ “ആലുന്നബിയ്യ്‌ എന്‍റെ അവലംബമാണ്; ഇടയാളരാണ്. അവരുടെ ബഹുമതി നിമിത്തം നാളെ എന്‍റെ നന്മ തിന്മകളുടെ രേഖ വലതു കയ്യില്‍ ലഭിക്കുമെന്ന് ഞാന്‍ ആശിക്കുന്നു”. ..(ഈ വരികള്‍ ഇമാമവര്കളുടെത് തന്നെയാണ്. അല്ലാമാ ഇബ്നു ഹജര്‍ അല്‍ഹൈതമിക്കു തെറ്റുപറ്റിയിട്ടില്ല. ഇമാം ബൈഹഖി യുടെ മനാഖിബ് ശാഫി കാണുക). ആലുന്നബിയ്യില്‍ ഉള്‍പെടുന്ന ചിലരെ മാത്രം പരിധിക്കപ്പുറം സ്നേഹിക്കുക, അക്കൂട്ടത്തിലെ ചിലരെ അവമതിക്കുകയും ശപിക്കുകയും ചെയ്യുക.. റാഫിദികളുടെ ഈ മഹാ വഴികേട്‌ ഇമാം ശാഫിഈ ചോദ്യം ചെയ്യുകയായിരുന്നു.

ഭരണകൂടത്തെ ഭയന്ന് ആലുന്നബിയ്യോടുള്ള കടമകള്‍ മറച്ചുവെക്കാന്‍ മാത്രം ദുര്ബ്ബലനായിരുന്നില്ല ധീരനായ ഇമാം. സയ്യിദുനാ അലി റ ആദ്യ മൂന്നു ഖലീഫമാരുടെ കാലത്ത് സത്യം പുറത്തുപറയാതെ “തഖിയ’ ആചരിക്കുകയായിരുന്നു എന്ന് കള്ളം പ്രചരിപ്പിക്കുന്ന റാഫിദീകള്‍, ഇമാം ശാഫിഈ യുടെ ധീരതയില്‍ അത്ഭുതം കൂറുന്നുണ്ടായിരിക്കാം. അദ്ദേഹം സധീരം പാടി നടന്നു :

ഇന്‍ കാന റഫ്ളന്‍ ഹുബ്ബ ആലി മുഹമ്മദീ,

ഫല്‍യഷ്ഹദിസ്സഖലാനി അന്നീയ റാഫിദു..

ആലുന്നബിയ്യെ സ്നേഹിക്കുന്നതാണ് റാഫിദിയ്യത്ത് എങ്കില്‍ , മനുഷ്യരും ജിന്നും സാക്ഷ്യം വഹിച്ചോട്ടെ, ഞാനൊരു റാഫിദീ ആകുന്നു”

റാഫിദിയ്യത്തും അഹ്ലുസ്സുന്നത്തും തമ്മില്‍ വഴിതിരിയുന്നത് ആലുന്നബിയ്യോടുള്ള സ്നേഹം കൊണ്ടല്ലെന്നും സ്നേഹത്തിനപ്പുറം പരിധിവിട്ട ആരോപണങ്ങളാണ് റാഫിദിയ്യത്തിന്റെ അടിസ്ഥാനമെന്നും വകതിരിക്കുന്നതായിരുന്നു, ഇമാമവര്കളുടെ ധീരമായ പ്രഖ്യാപനങ്ങള്‍. ഇമാം എതിരാളികളോട് ചോദിച്ചു :

فإذا كان واجبا علي أن أحب قرابتي وذوي رحمي إذا كانوا من المتقين , أليس من الدين أن أحب قرابة رسول الله صلى الله عليه وسلم إذ كانوا من المتقين , لأنه كان يحب قرابته ؟

(എന്‍റെ ബന്ധുക്കള്‍ ഭക്തരാണെങ്കില്‍ അവരെ സ്നേഹിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്, എന്നിരിക്കേ, അല്ലാഹുവിന്‍റെ തിരുദൂതരുടെ ബന്ധുക്കളെ അവര്‍ ഭക്തരാണെങ്കില്‍ സ്നേഹിക്കാന്‍ ഈ ദീന്‍ അനുവദിക്കില്ലെന്നോ, തിരുനബി തന്‍റെ ബന്ധുക്കളെ സ്നേഹിച്ചിരുന്നു എന്ന കാരണത്താല്‍?!) ന്യായമായ ഈ സ്വാതന്ത്ര്യം അനുവദിക്കാത്തവരോടായിരുന്നു ഇമാമിന്‍റെ മുനയുള്ള ചോദ്യം.

തന്‍റെ കര്‍മ്മ ശാസ്ത്ര സംശോധനയില്‍ സത്യമെന്ന് ബോധ്യമായ സംഗതികളെ, അവ ശിഈകള്‍ നേരത്തെ സ്വീകരിച്ചുപോരുന്നതും അവരുടെ ‘അടയാളമായി’ പ്രസിദ്ധമായതും ആണെങ്കില്‍ പോലും, തന്‍റെ ‘സരണി’യുടെ ഭാഗമാക്കുന്നതിലും ഇമാം അവര്‍കള്‍ സാഹചര്യത്തെയോ ഭരണകൂടത്തെയോ ഭയന്നില്ല. നിസ്കാരത്തിലെ ഫാതിഹയുടെ തുടക്കത്തില്‍ ബിസ്മി ഉറക്കെ ഓതുന്ന രീതിയും സ്വുബ്ഹ് നിസ്കരത്തിലെ ഖുനൂത്തും ഇറാഖില്‍ ‘ശിഈസ’മായി അറിയപ്പെട്ട കാലത്തായിരുന്നു ഇമാം ശാഫിഈ തെളിവുകളുടെ ബലത്തില്‍ അത് സുന്നിസമായി നടപ്പില്‍ വരുത്തിയത്. കിതാബുല്‍ ഉമ്മിലും മറ്റും ‘രാജ്യ ദ്രോഹികളോടുള്ള യുദ്ധം’ ചര്‍ച്ച ചെയ്യുന്ന ഭാഗങ്ങളില്‍ ആദ്യാവസാനം സയ്യിദുനാ അലി റ വിന്‍റെ നിലപാടും നടപടികളും രേഖകളും തെളിവ് പിടിച്ചാണ് ‘പ്രശനം’ വിശകലനം ചെയ്യുന്നതും തന്‍റെ ‘സരണി’ രൂപപ്പെടുത്തുന്നതും. ഇതുകണ്ട് , ഇമാമിന്‍റെ കാലത്തുതന്നെ ഹാഫിള് ഇബ്നു മഈന്‍ ഇമാം റാഫിദിയാണെന്ന് ആരോപിച്ചു കളഞ്ഞു.! അദ്ദേഹത്തോട് ഇമാം അഹ്മദ് ചോദിച്ചു : അല്ല സോദരാ, താങ്കളുടെ കണ്ടെത്തല്‍ അത്ഭുതകരം തന്നെ. പിന്നെ ആരെയാണ് ശാഫിഈ രാജ്യദ്രോഹികള്‍ക്കെതിരെയുള്ള നടപടികളില്‍ മാതൃകയാക്കേണ്ടത്?! അലിക്ക് മുമ്പുള്ള ഖലീഫമാരുടെ അനുഭവത്തില്‍ അങ്ങനോയൊന്നില്ലല്ലോ. ആദ്യമായി ‘രാജ്യദ്രോഹികളുമായി പോരാടുന്നത് അലിയാര്‍ അല്ലേ? അദ്ദേഹമാണ് അത്തരം യുദ്ധം ഉദ്ഘാടനം ചെയ്യുന്നത്. നബി സ്വ യില്‍ നിന്നോ മറ്റു ഖുലഫാക്കളില്‍ നിന്നോ ഇതിലൊരു മാതൃകയോ വിധികളോ ഇല്ലാതിരിക്കെ, ഇമാം ശാഫിഈ ആരെയാണ് പിന്നെ മാതൃകയാക്കുക?!” അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങി. അലിയാരുമായി ഇമാം അവര്‍കളുടെ ജ്ഞാനബന്ധം ശക്തമായിരുന്നു. ശാഹ് വലിയ്യുല്ലാഹി ദഹ്ലവി പ്രസ്താവിച്ചതുപോലെ, ശാഫിഈ മസാഇലുകളില്‍ ധാരാളം അലി റ ന്‍റെ വിധിതീര്‍പ്പുകള്‍ കാണാം. ഇതൊന്നും റാഫിദീ ആരോപണത്തിനുള്ള തെളിവാകുന്നില്ല. അലി റ ഖുലഫാ റാശിദയില്‍ നാലാമനാണ്. അവരുടെ സുന്നത്ത് അണപ്പല്ല് കൊണ്ട് കടിച്ചുപിടിക്കാന്‍ പ്രവാചകര്‍ സ്വ കല്പിച്ഛതാണല്ലോ.

ഇപ്പേരില്‍ ഇമാമിനെ റാഫിദീ കുഴിയില്‍ അടക്കം ചെയ്യാനും അദ്ദേഹം അവസരം നല്‍കിയില്ല. ഇമാം റാസി പറഞ്ഞു: ശുദ്ധ മനസ്സുള്ള, നേര്‍വഴി ഉള്‍കൊണ്ട ആളുകള്‍ക്ക് ഈ വരികള്‍ കണ്ട് ഇമാമിനെ ആക്ഷേപിക്കുവാന്‍ കഴിയില്ല, അലിയോടുള്ള സ്നേഹവും ആഭിമുഖ്യവും ആക്ഷേപിക്കാനല്ല പ്രേരിപ്പിക്കേണ്ടത്; അത് അദ്ദേഹത്തെ പ്രശംസിക്കാനുള്ള ഏറ്റവും ഉത്തമമായ ഗുണമാകുന്നു” (മനാഖിബ്‌). ശീഈസത്തെ വിമര്‍ശിച്ചും അഹ്ലുസ്സുന്നയുടെ കാഴ്ചപ്പാടുകള്‍ സമര്‍ഥിച്ചും അദ്ദേഹം ഗ്രന്ഥം രചിച്ചതായി ചില പഠനങ്ങളില്‍ കാണുന്നു. അബൂബകര്‍ റളിയല്ലാഹു അന്ഹുവിനെ മഹത്വപ്പെടുത്തുന്നവനെ “നാസ്വിബി”യെന്നും “ഖാരിജി”എന്നും ആക്ഷേപിച്ചിരുന്ന പക്വതയില്ലാത്ത കുറെ അലി വാദികളുടെ നടുവില്‍ നിന്ന്, അബൂബകര്‍ റ നെ വാഴ്ത്താനും അദ്ദേഹം തയ്യാറായി. അദ്ദേഹം സ്വീകരിച്ച മധ്യമ നിലപാട് ഇങ്ങനെ പ്രഖ്യാപിച്ചു:

ഇദാ നഹ്നു ഫള്ളല്നാ അലിയ്യന്‍ ഫ ഇന്നനാ

റവാഫിളൂ ബിത്ത ഫ്ലീലി ഇന്ത ദവില്‍ ജഹ്ലി

വഫദല് അബീ ബകരിന്‍ ഇദാ മാ ദകര്‍ത്തുഹൂ

റുമീത്തു ബി നസ്വബിന്‍ ഇന്ത ദിക്രീ ലില്‍ ഫദലീ

ഫലാ സില്ത്ത ദാ റഫ്ലിന്‍ വനസ്വബിന്‍ കിലാഹുമാ

ബീഹുബ്ബിഹിമാ ഹത്താ ഉവസ്സദ ഫിര്‍റമലി

അലിയുടെ മഹത്ത്വം പറഞ്ഞാല്‍ ഞാന്‍ റാഫി ദീ,

അബൂബകറിന്റെ വലുപ്പം അനുസ്മരിച്ചാല്‍ ഞാന്‍ നാസ്വിബി..

എന്നാലേയ്, ഞാനിങ്ങനെ റാഫിദിയും നാസ്വിബിയും ആയി കഴിഞ്ഞോളാം,

എന്നെ മണ്ണറയില്‍ മൂടുന്ന കാലമത്രയും...

തന്നെക്കുറിച്ച് റാഫിദീ ആരോപണവുമായി ചിലര്‍ ചുറ്റിനടക്കുന്നുവെന്നറിഞ്ഞപ്പോള്‍ ഇമാം ‘ഉറക്കെ’ ഉള്ഘോഷിച്ചു:

“ഖാലൂ തറഫള്ത്തു, ഖുല്‍ത്തു കുല്ലന്‍ / മര്‍രഫ്ലു ദീനീ വഅതിഖാദീ/ലാകിന്‍ തവല്ലൈത്തു ഗൈറ ശക്കിന്‍/ ഖൈറ ഇമാമിന്‍ വ ഖൈറ ഹാദീ/ ഇന്‍കാന ഹുബ്ബല്‍വലീ റഫളന്‍/ ഫഇന്നീ അര്‍ഫദുല്‍ ഇബാദീ”

“ അവര്‍ പറയുന്നു, ഞാന്‍ റാഫിദീ ആയെന്ന്. ഞാനെല്ലാവരോടും പറയാം: റാഫിദിയ്യത്ത് എന്‍റെ മതമല്ല, ഞാനതില്‍ വിശ്വസിക്കുന്നുമില്ല., സംശയിക്കേണ്ട, ഉത്തമനായ ഇമാമും മാര്‍ഗ്ഗ ദര്‍ശിയുമായ അലിയെ ഞാന്‍ എന്‍റെ ആദര്‍ശ ബന്ധുവാക്കിയിട്ടുണ്ട്. അലിയാകുന്ന വലിയ്യിനെ സ്നേഹിക്കുന്നതാണ് റാഫിദിസമെങ്കില്‍ ഞാനാണ് മനുഷ്യരില്‍ ഏറ്റവും വലിയ റാഫിദീ..” ( അസ്സ്വവാഇഖ്)

സച്ചരിതരായ ആദ്യ നാല് ഖലീഫമാരുടെ കൂട്ടത്തില്‍ മഹത്വം കൊണ്ട് ഒന്നാമന്‍ അലിയാണെന്നും മറ്റുള്ളവര്‍ അര്‍ഹതയില്ലാതെ അലിയുടെ മുന്നേ ഭരണത്തില്‍ തള്ളിക്കയറുകയായിരുന്നെന്നും വിഡ്ഢിത്തം പറയുന്ന റാഫിദികളോട് ഇമാം ശാഫിഈ പറഞ്ഞു : അല്ലാഹുവിന്‍റെ പുണ്യ രസൂലിനു ശേഷം മനുഷ്യരില്‍ ഏറ്റം ഉത്തമന്‍ അബൂബകര്‍, പിന്നെ ഉമര്‍, പിന്നെ ഉസ്മാന്‍, പിന്നെ അലിയും ആകുന്നു.” (ഹില്‍യ; മനഖിബ്, ബൈഹഖി; ഇന്തിഖാ , ഇബ്നു അബ്ദില്‍ ബര്ര്‍) അദ്ദേഹം മറ്റൊരിടത്ത് വെളിപ്പെടുത്തുന്നു: “ അബൂബകര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നിവര്‍ സന്മാര്‍ഗ്ഗത്തില്‍ ചരിച്ച ഉത്തമ ഖലീഫമാര്‍ ആകുന്നു.” (ഇന്തിഖാ). അദ്ദേഹത്തില്‍ നിന്നും വന്നിട്ടുള്ള മറ്റൊരു പ്രസ്താവം ഇങ്ങനെ കാണാം: “ ഖുലഫാ അഞ്ചാകുന്നു. അബൂബകര്‍, ഉമര്‍, ഉസ്മാന്‍, അലി, ഉമര്‍ ബിന്ന്‍ അബ്ദില്‍ അസീസ്‌” ( ഫഖ്രു റാസി, അബീ ഹാതിം റാസി). ഈ പ്രസ്താവനകളില്‍ എല്ലാം ഖലീഫമാരുടെ സ്ഥാനം ക്രമത്തില്‍ തന്നെ പരാമര്‍ശിച്ചത് ശ്രദ്ധേയമാണ്. സ്വഹാബികള്‍ക്കിടയില്‍ ഉണ്ടായ വീക്ഷണ വൈജാത്യവും കുഴപ്പങ്ങളും നല്ല നിലയില്‍ വ്യാഖ്യാനിക്കണമെന്ന് ഇമാം പഠിപ്പിച്ചു. അദ്ദേഹം പറഞ്ഞു: “തിരുനബി സ്വ യുമായുള്ള സഹവാസത്തിന് അല്ലാഹു തെരഞ്ഞെടുത്ത സച്ചരിതരായ സലഫ് സത്യവാന്മാരായിരുന്നു വെന്ന്നും അവരുടെ മതവിധികള്‍ നിശ്ശങ്കം സ്വീകരിക്കണമെന്നും ഞാന്‍ തിരിച്ചറിയുന്നു. അവരിലെ പ്രധാനികളും അല്ലാത്തവരുമായവര്‍ക്കിടയില്‍ ഉണ്ടായ ‘പ്രശനങ്ങളെ’ കുറിച്ച് , ആരെയും ആക്ഷേപിക്കാത്ത നിലപാട് ഞാന്‍ സ്വീകരിക്കുന്നു...നിശ്ചയമായും തിരുദൂതര്‍ക്ക് ശേഷം മനുഷ്യരില്‍ ഏറ്റവും ഉത്തമര്‍ അബൂബകര്‍, ഉമര്‍, ഉസ്മാന്‍, അലി രളിയല്ലാഹു അന്ഹും എന്നിവരാകുന്നു. ഞാന്‍ അവരെ എന്‍റെ ആദര്‍ശ മിത്രങ്ങളായി പരിഗണിക്കുന്നു. അവര്‍ക്ക് വേണ്ടിയും ജമല്‍ സ്വിഫ്ഫീന്‍ യുദ്ധങ്ങളില്‍ പങ്കെടുത്തവര്‍ക്ക് – ഘാതകര്‍ക്കും വധിക്കപ്പെട്ടവര്‍ക്കും- വേണ്ടിയും പാപമോചനം തേടുന്നു. ആ രക്തത്തില്‍ നിന്നും നമ്മുടെ കരങ്ങളെ അല്ലാഹു ശുദ്ധമാക്കിയല്ലോ, അതിനാല്‍ അതില്‍ നാക്കിട്ടടിക്കാന്‍ ഞാനില്ല. പ്രവാചക ശിഷ്യരായ മറ്റെല്ലാവര്‍ക്കുവേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കുന്നു. നിസ്കാര ശീലമുള്ള ഭരണകര്‍ത്താക്കളെ കേട്ടനുസരിക്കണമെന്ന് ഞാന്‍ തിരിച്ചറിയുന്നു. അധികാരികള്‍ക്കെതിരെ സായുധ വിപ്ലവം അരുതെന്നും. ഖിലാഫത്തിനുള്ള അവകാശം ഖുറൈശികള്‍ക്കാണു... മുത്ത്അ വിവാഹം ഹറാം ആകുന്നു..” (അന്നവാഫിള് ലിറവാഫിള് ). ഖിലാഫത്ത് സംബന്ധമായി ഇമാം പ്രസ്താവിച്ചു: സായുധ വിപ്ലവത്തിലൂടെ ഖിലാഫത്ത് കീഴടക്കിയ ഏതൊരു ഖുറൈശി വംശജനും - ജനങ്ങള്‍ അതംഗീകരിക്കുന്ന പക്ഷം, നിയമാനുസൃത ഖലീഫയാകുന്നു” ( റാസി, മനാഖിബ്) . ഇമാമിന്‍റെ നയം സൂര്യവെളിച്ചം കണക്കെ ഉജ്ജ്വലമാണ്. മുന്‍ഗാമികളെ പഴിക്കുന്ന വൃത്തികെട്ട സ്വഭാവം പേറുന്നവരാണല്ലോ റാഫിദികള്‍. അതിനാല്‍, അവര്‍ മുസ്ലിംകളോടൊപ്പം യുദ്ധം ചെയ്താല്‍ പോലും, അവര്‍ക്ക് ഗനീമത്തോ ഫൈഓ നല്‍കരുതെന്നാണ് ഇമാം ശാഫിഈയുടെ പക്ഷം. കാരണം, അദ്ദേഹം പറയുന്നു, ഗനീമത്ത്- ഫൈഉ ഓഹരിക്കുന്ന രീതി പഠിപ്പിക്കുന്ന വിശുദ്ധ സൂക്തത്തിന് തൊട്ടുടനെ, അതിനര്‍ഹാരായവരുടെ യോഗ്യതയായി, സത്യവിശ്വാസം ഉള്‍കൊണ്ട് മരണപ്പെട്ട മുന്ഗാമികള്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ഥിക്കുക എന്ന സ്വഭാവത്തെ കുറിച്ച് പറയുന്നുണ്ട്. റാഫിദികള്‍ക്ക് ആ ഗുണം ഇല്ലല്ലോ”.( ത്വബഖാത്ത്, സുബുകി; താരീഖ് ദിമിശ്ഖ്). ശിഈകളെ ആക്രമിക്കുന്ന ഇമാം തന്‍റെ വിശ്വാസം കൃത്യമായി വെളിപ്പെടുത്തുന്നതു കണ്ടോ:





അല്ലാഹുവല്ലാതെ മറ്റൊരു വസ്തുവും യഥാര്‍ത്ഥ അസ്തിത്വത്തില്‍ ഇല്ല/ ആരാധനക്ക് അര്‍ഹനായി ഇല്ല എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മരണാന്തര ജന്മം സത്യമാണെന്ന് ഞാന്‍ കളങ്കലേശമന്യേ സാക്ഷ്യം വഹിക്കുന്നു. ഈമാന്‍ എന്ന പാശം വ്യക്തമായ പ്രഖ്യാപനവും സ്ഫുടം ചെയ്ത കര്‍മ്മവുമത്രേ. അത് വര്‍ദ്ധിക്കുകയും ശോഷിക്കുകയും ചെയ്യാറുണ്ട്. അല്ലാഹുവിന്‍റെ ഖലീഫയാണ് അബൂബകര്‍ എന്നും ഞാനിതാ വെളിപ്പെടുത്തുന്നു. അബൂ ഹഫ്സ്വു എന്നു പേരുള്ള ഉമര്‍ റ നന്മയില്‍ ആവേശമുണ്ടായിരുന്ന മഹാ വ്യക്തിത്വമാണ്. നിശ്ചയം ഉസ്മാന്‍ ശ്രേഷ്ഠന്‍ തന്നെ. അലിയുടെ മഹത്വത്തിനു തീര്‍ച്ചയായും സവിശേഷതയുണ്ട്. ഇവരാണ് സമുദായത്തിന്‍റെ മാതൃകകള്‍ . അവരുടെ സല്‍വഴി അനുകരിക്കപ്പെടെണ്ടതാണ്. അവരെ കുറവാക്കുന്നവരെ അല്ലാഹു വികൃതമാക്കട്ടെ. അവരെ അസഭ്യം പറയുന്ന വഴികെട്ടവര്‍ക്ക് വിഡ്ഢിത്തം സ്വന്തമാക്കിയവര്‍ക്ക് എന്തുപറ്റി?! അവര്‍ കാര്യത്തെ സൂക്ഷ്മമായി സമീപിക്കാതെ കളവുപറഞ്ഞു നടപ്പാണല്ലോ!” ( ബൈഹഖി, മനാഖിബ്)

ഇമാം ശാഫിഈ  സൈദിയോ?



കേരളത്തില്‍ ഖുമൈനീ ശിഈസം പ്രചരിപ്പിക്കുന്നതില്‍ മുഖ്യപങ്കാളിയായ സി ഹംസ, ശിഈ ചിന്തകന്‍ അലി ശരീഅത്തിയുടെ കുപ്രസിദ്ധ ‘രക്തസാക്ഷ്യം’ ഭാഷാന്തരപ്പെടുത്തിയതില്‍ എഴുതിച്ചേര്‍ത്ത കുറിപ്പുകളില്‍ ഇങ്ങനെ കാണാം. “യമനില്‍ ഗവര്‍മെന്റ് വിരുദ്ധ രഹസ്യ പദ്ധതികളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരു സംഘം അലീ പക്ഷക്കാരുടെ കൂടെ ഇദ്ദേഹം(= ഇമാം ശാഫി) പിടിക്കപ്പെട്ടു. ഖലീഫ ഹാറൂണ്‍ റഷീദിന്റെ മുമ്പാകെ ഹാജരാക്കപ്പെടുകയുണ്ടായി. ഖലീഫ അദ്ദേഹത്തിനു മാപ്പ് നല്‍കി. ഇമാം ഷാഫി ഒരു ശിയാ വിഭാഗമായ സൈദികളുടെ ഇമാം , യഹിയബിന്‍ അബ്ദുല്ലയുടെ രഹസ്യ അനുയായി ആയിരുന്നുവത്രേ”. (പുറം 143) ശാഫിഈ ധാര സ്വീകരിക്കുന്ന കേരള മുസ്ലിംകള്‍ക്കിടയില്‍ കലര്‍പ്പില്ലാത്ത ഈ കള്ളം പ്രചരിക്കുന്ന കാര്യം പക്ഷേ, അവര്‍ അറിഞ്ഞില്ല.?!

മക്കയിലെ ഉന്നതനും തന്‍റെ ബന്ധുവും ഗുണകാംക്ഷിയുമായ പ്രസിദ്ധ പണ്ഡിതന്‍ മിസ്‌അബുസ്സുബൈരിയുടെ പ്രേരണ ക്ക് വഴങ്ങിയാണ്, പഠനത്തിനും ജ്ഞാന വിനിമയ സംബന്ധമായ ജോലി പ്രതീക്ഷിച്ചും, ഇമാം ശാഫിഈ തന്‍റെ 33-34 ആം വയസ്സില്‍ യമനില്‍ എത്തുന്നത്. കഷ്ടപ്പാടിന്‍റെ അന്നാളുകളില്‍ സ്നേഹമയിയായ മാതാവ് വീട് പണയപ്പെടുത്തിയാണ് മകനെ പറഞ്ഞയക്കുന്നത്. നിയമ വകുപ്പിലെ ഉദ്ദ്യോഗസ്ഥനായി ജോലി തുടങ്ങിയ ഇമാം കുറഞ്ഞ നാളുകള്‍ കൊണ്ട്, തന്‍റെ സ്തുത്യര്‍ഹമായ സേവനപ്രവര്‍ത്തനങ്ങള്‍ കാരണം, യമനിലെ പ്രമുഖ പ്രവിശ്യയായ നജ്രാനില്‍ ഖാസിയായി നിയമിക്കപ്പെട്ടു. ഇമാമിന്‍റെ സത്യനിഷ്ഠയും മനുഷ്യ സ്നേഹവും നിമിത്തം, അനീതിയുടെ കൂത്തരങ്ങായ നിയമ വേദികളില്‍, കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതനായി. സ്വാഭാവികമായും ഇത് ചില താപ്പാനകളെ പ്രകോപിപ്പിച്ചു. അവര്‍ ഇമാമിനെ ഉന്മൂലനം ചെയ്യാന്‍ ഗൂഡാലോചനയിലായി. ആയിടക്കാണ്, യമന്‍ രാഷ്ട്രീയത്തില്‍ ചില രഹസ്യ വിപ്ലവകാരികള്‍ തലപൊക്കുന്നത്. അബ്ബസിയായ ഹാരൂണ്‍ റഷീദ് ഇറാഖ് കേന്ദ്രമാക്കി ഭരിക്കുന്ന കാലമാണല്ലോ അത്. ഭരണത്തോട് സഹകരിക്കാത്ത ഏതാനും യുവ ‘അലവി’ ശിയാക്കളായിരുന്നു രഹസ്യ വിപ്ലവക്കാര്‍. അടിത്തട്ടിലെ ചെറിയ സ്പന്ദനം ആയിരുന്നെങ്കിലും, അത് മുളക്കാന്‍ പോലും അനുവദിക്കാത്തവിധം ആ ‘രാജ്യ ദ്രോഹികള്‍’ പിടിക്കപ്പെട്ടു. ഇമാമിന്‍റെ വിധി ന്യായങ്ങളില്‍ അരിശം പൂണ്ടു കഴിയുന്ന ഗവര്‍ണര്‍ ഹമ്മാദ് അല്ബര്‍ബരി അവസരം മുതലെടുത്ത്‌ , ഗൂഡാലോചനക്കുറ്റം ആരോപിച്ച് ഇമാമിനെ ‘അവസാനിപ്പിക്കാന്‍’ പണിയെടുത്തു. കുടുംബ പരമായി ഇമാം അലവിയല്ലെങ്കിലും ആരോപണം ഫലിക്കുമെന്ന് അയാളും പിണിയാളുകളും കണക്കുകൂട്ടി. അദ്ദേഹം കേന്ദ്രത്തിലേക്ക് കത്തയച്ചു. ഖലീഫയുടെ നിര്‍ദ്ദേശപ്രകാരം, രാജ്യ ദ്രോഹികളോടൊപ്പം ഇമാമിനെയും ഇറാഖിലേക്ക് കൊണ്ടുപോയി. ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ ഒരു കഴുതപ്പുരത്തായിരുന്നു ഇമാമിനെ കൊണ്ടുപോയത്. അവിടെ വിചാരണ തടവുകാരനായി നാലഞ്ചു മാസം ജീവിച്ചു. സമയം ഉപയോഗപ്പെടുത്തുന്നതില്‍ ഏറ്റവും ഉത്തമം അറിവ് ആര്‍ജ്ജിക്കാന്‍ ഉപയോഗിക്കുന്നതാണെന്ന് ഇമാം മനസ്സിലാക്കിയിരുന്നു. ലഭ്യമായ സമയം, ഇമാം അബൂ ഹനീഫയുടെ ശിഷ്യനും ആ ധാരയുടെ ആധികാരിക വക്താവും ഖലീഫയുടെ ഇഷ്ടനും ഇറാഖിലെ ഖാസിയുമായ ഇമാം മുഹമ്മദ്‌ ബിന്‍ ഹസന്‍ അസ്ശൈബാനിയുടെ വിദ്വല്‍ സദസ്സില്‍ സ്ഥിരമായി പങ്കെടുത്തു. ജ്ഞാന സംവാദങ്ങളിലും സംശോധനയിലും മുഴുകി. സര്‍ക്കാറിന്റെ രഹസ്യ പ്പോലീസ് അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. രാജ്യദ്രോഹികളായ അലവികളെ വിചാരണ ചെയ്തു , വധ ശിക്ഷ വിധിച്ചു, അത് നടപ്പിലാക്കിയിട്ടും ഇമാം ശാഫിഈ യെ വിചാരണ ചെയ്യാതെ സ്വകാര്യമായി നിരീക്ഷിക്കുകയായിരുന്നു. ഒടുവില്‍, വിചാരണക്ക് വിളിച്ചു. ഖലീഫ നേരിട്ട് തന്‍റെ ദര്‍ബാറില്‍, ഇമാം ശൈബാനി അടക്കമുള്ള വിശിഷ്ട അതിഥികളുടെ മുമ്പാകെ , ഇമാമിനെ ചോദ്യം ചെയ്തു. ഇമാം തന്‍റെ സത്യാവസ്ഥ തുറന്നു പറഞ്ഞു: “ എന്‍റെ ഭാഗത്തുനിന്നും അങ്ങനെയൊരു ഗൂഡാലോചന ഉണ്ടാകേണ്ട കാര്യമില്ല. നിങ്ങള്‍ അബ്ബാസിന്‍റെ മക്കളാണ്. ഞാന്‍ മുത്വലിബിന്റെ പരമ്പരയിലും. നിങ്ങള്‍ എനിക്ക് സഹോദരനാണ്. അലവികള്‍, നമ്മെ അടിമതുല്യരായി അവഗണിക്കുന്നവരാണ്. അപ്പോള്‍, സഹോദരനാണോ ‘യജമാനരാണോ’ എനിക്ക് പ്രിയപ്പെട്ടത്!’ ഖലീഫക്ക് കാര്യം ബോദ്ധ്യപ്പെട്ടു. പുറമേ, ഉസ്താദ് ശൈബാനിയുടെ ശഫാഅത്ത് വലിയ സഹായമായി. രഹസ്യപ്പോലീസ് റിപ്പോര്‍ട്ട്‌ വായിച്ചപ്പോള്‍ തീര്‍ത്തും അനുകൂലം. ഖലീഫയ്ക്ക് വലിയ സന്തോഷം. അതിലേറെ കുറ്റബോധം. ഒരു മഹാ മനീഷിയെ, ജ്ഞാനിയെ തടവില്‍ പാര്‍പ്പിച്ചതിനു. ഖലീഫ ഉടനെ അഞ്ഞൂറ് ദീനാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. വകുപ്പ് തലവന്‍റെ വക ഒരഞ്ഞൂറു വേറെയും കിട്ടി. ഇമാം അനുസ്മരിക്കുന്നു: ആയിരം ദീനാര്‍ ഒന്നിച്ച് ആദ്യമായിട്ടാണ് കയ്യില്‍ വരുന്നത്”.

ഇതാണ് ശിഈ എഴുത്തുകാര്‍ ഇമാം ശാഫിഈ സൈദി വിഭാഗം വിപ്ലവകാരി ആയിരുന്നെന്നെല്ലാം പ്രചരിപ്പിക്കുന്ന കഥ. അതുകൊണ്ടായിരിക്കാം ഹാഫിള് ദഹബി ഇങ്ങനെ പ്രസ്താവിച്ചത് : “ഇമാം ശാഫിഈ ശിഈ ആയിരുന്നുവെന്ന് വാദിക്കുന്നവന്‍, താനെന്താണ്‌ പറയുന്നതെന്ന് ബോധമില്ലാത്ത വ്യാജാരോപകനാകുന്നു”.

റാഫിദികളുടെ കൃത്രിമ പദ്യങ്ങള്‍



സയ്യിദുനാ ഹുസൈന്‍ റ കര്‍ബലയില്‍ ദാരുണമായി വധിക്കപ്പെട്ട ദൌര്‍ഭാഗ്യകരമായ നിമിഷങ്ങളെ കുറിച്ച് കരലളിയിപ്പിക്കും വിധം ഇമാം ശാഫിഈ പാടിയതായി പറയുന്ന ഏതാനും വരികള്‍ പ്രചരിക്കുന്നുണ്ട് . ദീവാനു ശ്ശാഫിഈ യില്‍ ‘ഖാഫിയത്തുല്‍ ബാ’ യില്‍ ഉദ്ധരിച്ച തഅവ്വഹ ഖല്‍ബീ .. എന്ന് തുടങ്ങുന്ന ആ വരികള്‍, പക്ഷേ, ഇമാം ശാഫിഈയുടെതാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതിലെ പല പരാമര്‍ശങ്ങളും റാഫിദീ സ്പര്‍ശം ഉള്ളവയാണ്. ഇമാം പാടിയതിന്റെ ആശയം തെറ്റുദ്ധരിപ്പിച്ചോ ഇല്ലാത്തത് കെട്ടിച്ചമച്ചോ ഉള്ള പദ്യങ്ങളില്‍ ചിലത് ഇമാം റാസി എഴുതിയ മനാഖിബില്‍ പരിശോധിക്കുന്നതു കാണാം. അല്ലാമ ശാഹ് അബ്ദുല്‍ അസീസ്‌ ഫാറൂഖി തന്‍റെ സുപ്രസിദ്ധമായ തുഹ്ഫയിലും ഇമാമിന്‍റെ കഴുത്തില്‍ റാഫിദികള്‍ കേട്ടിത്തൂക്കാന്‍ ശ്രമിക്കുന്ന ഏതാനും പദ്യങ്ങളെ നിശിതമായി പരിശോധിക്കുന്നുണ്ട്. ഇവയില്‍ ഏറ്റവും പരിഹാസ്യമായ രണ്ടുവരി പദ്യം താഴെ വായിക്കാം.

شفيعي نبيي والبتول وحيدر وسبطاه والسجاد والباقر المجدي

وجعفر والثاوي ببغداد والرضا وفلذته والعسكريان والمهدي

എന്‍റെ ശുപാര്‍ശകര്‍ നബിയും ബതൂലും(ഫാത്വിമ) ഹൈദരും ആകുന്നു. പിന്നെ അവരുടെ രണ്ടുമക്കളും (ഹസന്‍, ഹുസൈന്‍) സജ്ജാദും ബാഖിറും ആകുന്നു. പുറമേ, ജഅഫറും ബാഗ്ദാദില്‍ അടങ്ങിയവരും (മുഹമ്മദ്‌ തഖി) രിളയും അവരുടെ കഷ്ണവും ( രണ്ട് അസ്കരികളും ( ഒടുവില്‍ മഹ്ദിയും ആകുന്നു.” അഹ്ലുബൈത്തിലെ മഹത്തുക്കളായ സകലരെയും അവഗണിച്ച് പന്ത്രണ്ട് സയ്യിദുമാര്‍ക്ക് മാത്രം ‘ഇമാമത്ത്’ പരിമിതപ്പെടുത്തുകയും മറ്റു പല അഹ്ലുല്ബൈത്ത് പ്രമുഖരെയും ആക്ഷേപിക്കുകയും അവമതിക്കുകയും ചെയ്യാറുള്ള, എന്നാല്‍ അഹ്ലുല്ബൈത്തിനെ ആവോളം ബഹുമാനിക്കുന്നു എന്ന് അവകാശപ്പെടാറുള്ള ഇസ്നാ അഷരികളുടെ സൃഷ്ടിയാണ് മേല്‍ വരികള്‍ എന്ന് കണ്ടെത്താന്‍ നിഷ്പ്രയാസം സാധിക്കും. ഇതിലെ തമാശ അതല്ല: ഇമാം ശാഫിഈയുടെ വഫാത്ത് അബ്ബാസി ഖലീഫ മഅമൂന്റെ കാലത്ത് 204 ല്‍. ഇമാം മുഹമ്മദ്‌ തഖിയെ ബാഗ്ദാദിലെ കര്ഖില്‍ ഖബറടക്കുന്നത് 220 ല്‍?! ഹസനുല്‍ അസ്കരിയെ ഇമാമിന് പരിചയമേ ഇല്ല.!! .

ഇക്കാലത്ത് ഇന്റര്‍നെറ്റ്ഇലും വിവിധ പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും ഇവ വീണ്ടും എടുത്തുദ്ധരിക്കുന്നുണ്ട് റാഫിദികള്‍.!! ഇനിയും പലവിധ പദ്യങ്ങളും കവിതകളും കഥകളും ആ മഹാനരുടെ പേരില്‍ ഭാവിയില്‍ പുറത്തിറങ്ങുമെന്ന് നാം ഭയക്കുന്നു. അതിനെയെല്ലാം ഇമാമിന്‍റെ സ്ഥിരപ്പെട്ട വിശ്വാസ നിലപാടുകള്‍ വെച്ച് പരിശോധിക്കുക മാത്രമാണ് നീതിബോധമുള്ളവരുടെ ഏക വഴി.

റാഫിദി ഏജന്റിനു ജിഫ്രി തങ്ങളുടെ മറുപടി



ഇമാം ശാഫിഈയുടെ ആദര്‍ശത്തെ കരിവാരിത്തേക്കാന്‍ റാഫിദീകള്‍ പാടിനടക്കാറുള്ള ഗുരുതരമായ രണ്ടുവരി പദ്യം കാണുക:

കഫാ ഫീ ഫള് ലി മൌലാനാ അലിയ്യി,

വുഖൂഉ ശ്ശക്കി ഫീഹി അന്നഹുല്ലാഹു

വമാത്ത ശ്ശാഫിഇയ്യു വലൈസ യദ്രീ ,

അലിയ്യുന്‍ റബ്ബുഹു അം റബ്ബുഹുല്ലാഹു

(അലിയെക്കുറിച്ച് അല്ലാഹുവാണോന്ന് സംശയം ഉണ്ടാകാറുണ്ട് എന്ന കാര്യം മതി നമ്മുടെ മൗലാ അലിയുടെ മഹത്വം അറിയാന്‍?! അലിയാണോ റബ്ബ് അതോ അലിയുടെ റബ്ബായ അല്ലാഹുവാണോ റബ്ബ് എന്നറിയാതെ ശാഫിഈ മരിച്ചു പോയല്ലോ!!)

അല്ലാഹുവാണോ അലിയാണോ റബ്ബ് എന്നറിയാതിരിക്കാന്‍ മാത്രം അഹ്ലുബൈത്തിനെ ഇമാം സ്നേഹിച്ചുവെന്ന് വരുത്തുകയാണ് ആരോപകര്‍. ആ നിലയില്‍ റബ്ബ് ആരെന്നറിയാതെ ഇമാം യാത്രയായി എന്ന ആരോപണം എത്ര ഭീകരമാണ്! സത്യത്തില്‍ ഇത് ഏതോ ആരോപകന്റെ വരികള്‍ അല്ല. ഇമാം ശാഫിഈ ശീഈ ആയിരുന്നെന്ന് കുപ്രചരണം ചെയ്യുന്ന ശീഈകള്‍ പടച്ചുണ്ടാക്കി പ്രചരിപ്പിക്കുന്ന വരികള്‍ ആണത്. അതിനെ പിന്തുണക്കും വിധം വീണ്ടും വീണ്ടും അത് എടുത്തുപറയുകയാണ് റാഫിദീകളുടെ പതിവ്. തെറ്റിദ്ധാരണ പരത്തുക മാത്രമാണതിന്റെ ലക്ഷ്യമെന്ന് വ്യക്തം. സത്യധാരയുടെ പ്രതിനിധി സി ഹംസയുമായി നടത്തിയ അഭിമുഖത്തില്‍ , ഹംസ തന്‍റെ ശീഈ ബന്ധങ്ങളെ ന്യായീകരിച്ചു കൊണ്ട്, ഇമാം ശാഫിഈ യെ മേല്‍ വരികള്‍ ഉദ്ധരിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തുകയുണ്ടായി.( സത്യധാര 2015 dec 01-15) . തൊട്ടുടനെ കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ശിയാ കൂട്ടായ്മ “സഖലൈന്‍ ഫൌണ്ടേഷന്‍” പൊന്നാനിയില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ ഹംസ ഇതാവര്‍ത്തിക്കുകയുണ്ടായി. (മാത്ത ക്ക് പകരം ടിയാന്റെ സ്വന്തം വക യായി യമൂത്തു എന്നൊരു ചെറിയ തിരുത്തോടെയാണ് ഇവിടങ്ങളില്‍ പരാമര്‍ശിച്ചത്. !!)

ശീഈകളുടെ കള്ളക്കളികള്‍ വിവരിക്കവേ, അല്ലാമാ ശാഹ് അബ്ദുല്‍ അസീസ്‌ ഫാറൂഖി, ഇമാം ശാഫിഈയെ പരാമര്‍ശിക്കുന്ന, ശിഈനിര്‍മ്മിതമായ മേല്‍ വരികള്‍ ഉദ്ധരിക്കുന്നുണ്ട്. (തുഹ്ഫ). ഇമാം ശാഫിഈയെ കുറിച്ച് അതിനു മുമ്പ് എഴുതപ്പെട്ട ലഭ്യമായ മനാഖിബ്കളില്‍ ഇതേക്കുറിച്ചുപരാമര്‍ശിച്ചു കണ്ടില്ല. ഇതൊരു ഇന്ത്യന്‍ നിര്‍മ്മിത ശീഈഉല്പന്നം ആണെന്നും ഇബ്നുഹജര്‍ ഹൈതമിയുടെ കാലശേഷം പ്രചരിപ്പിക്കപ്പെട്ടത് ആയിരിക്കാം എന്നും ഒരു നിഗമനത്തില്‍ എത്താവുന്നതാണ്. ബഹുമാന്യനായ കോഴിക്കോട് സയ്യിദ് ജിഫ്രി അവര്‍കളാണ് റാഫിദീകളുടെ ഈ ദുഷ്പ്രചരണത്തെ നന്നായി പ്രഹരിക്കുന്നത്. അദ്ദേഹം തന്‍റെ അനുഭവം കുറിക്കുന്നത് കാണുക:

“ വിശുദ്ധ ഹറമിലെ ഹജ്ജും മദീനാ പൂങ്കാവന സന്ദര്‍ശനവും ബഗ്ദാദ് യാത്രയും കഴിഞ്ഞ് , ഹിജ്റ 1196 ല്‍, പ്രിയ സുഹൃത്തും വിദഗ്ധ കപ്പിത്താനുമായ ശൈഖ് സഈദു ബിന്‍ ദാവൂദിന്‍റെ കപ്പലില്‍, ജിദ്ദ തുറമുഖത്ത് നിന്നും ഇന്ത്യയിലേക്ക് തിരിച്ചുപോരവേ, എനിക്കുണ്ടായ ഒരനുഭവം പറയാം. ജിദ്ദയില്‍ നിന്നും ഇന്ത്യയിലേക്ക്‌ കയറിയ കാഴ്ചയില്‍ നല്ലവനെന്നു തോന്നിക്കുന്ന അബുല്‍ ഖൈര്‍ എന്ന് പേരുള്ള ഒരാളുണ്ടായിരുന്നു ഞങ്ങളുടെ കപ്പലില്‍. അയാള്‍ എല്ലാ ദിവസവും എന്‍റെ അടുത്ത് വന്നിരുന്ന് ധാരാളം സംസാരിക്കും. ഒരു ദിവസം. ഖൈലൂലത്തിന്റെ സമയം. മിക്കപേരും ഉറങ്ങുകയാണ്. അദ്ദേഹം വളരെ സ്വകാര്യമായി എനിക്ക് രണ്ടു വരി കവിത കാണിച്ച് അതിനൊരു ചെറിയ വിശദീകരണം നല്‍കാന്‍ എന്നോടാവശ്യപ്പെട്ടു. ഇതായിരുന്നു ആ വരികള്‍.

കഫാ...................................................

.....................................റബ്ബുഹുല്ലാഹു.

കണ്ട മാത്രയില്‍ എനിക്ക് കാര്യം മനസിലായി. ഉടനെ ആ വരികളെ അഴിച്ചുപണിത് ഞാന്‍ ഏതാനും വരികള്‍ ഉണ്ടാക്കി.

كفى في فضل مولانا علي بأن وجهه كرمه الله

وحاشاه بأن فضلا يزيده وقوع الشك فيه أنه الله

ومات الشافعي وليس يدري بعلم غير ما علمه الله

جهول غيره مات مشاك على ربه أم ربه الله

معجزها ومصدرها شريف حسيني علوي سامحه الله

ويالجفري يلقب من قديم على ما لقبوه يحمد الله

فخذها يا أبا الخير ارتجالا بحسن وارد أورده الله

(അല്ലാഹു അലിയാരെ ആദരിച്ചുവെന്നത് മതി നമ്മുടെ മൌലാ അലിയാരുടെ മഹത്വം മനസ്സിലാക്കാന്‍. അദ്ദേഹമാണോ അല്ലാഹു എന്ന് അലിയാരെ കുറിച്ചു ശങ്കയുണ്ടാകുന്നത് അദ്ദേഹത്തിന്‍റെ മഹത്വം വര്‍ദ്ധിപ്പിക്കുമെന്ന പ്രസ്താവം മഹാത്ഭുതം തന്നെ! അല്ലാഹു പഠിപ്പിച്ച അപാരമായ അറിവല്ലാതെ മറ്റൊന്നും അറിയാത്ത നിലയിലാണ് ഇമാം ശാഫിഈ മരണപ്പെട്ടത്. അല്ലാഹുവാണോ അല്ല അലിയാണോ തന്‍റെ റബ്ബ് എന്ന് സംശയിച്ചു മരണപ്പെട്ട സംശയാലു വല്ലാത്തൊരു പാമരന്‍ തന്നെ. ഈ ‘അഴിച്ചുപണി’ ചെയ്തത് അലവിയും ഹുസൈനിയുമായ , ജിഫ്രി എന്ന്‍ പാരമ്പര്യമായി വിളിക്കപ്പെടാറുള്ള ഒരു ശരീഫ് (=സയ്യിദ്) ആണെന്നറിയുക. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. ഹേ, അബുല്‍ഖൈര്‍, മുന്നൊരുക്കമില്ലാതെ പൊടുന്നനെ ഉണ്ടാക്കിയ ഈ സുന്ദര വരികള്‍ എടുത്തു പൊയ്ക്കോ നീ..)

ഉടമസ്ഥനെ വ്യക്തമാക്കുന്ന വരികള്‍ ഉള്‍കൊള്ളിച്ച ജിഫ്രി തങ്ങള്‍ തന്‍റെ ആദര്‍ശ തീവ്രതയാണ് പ്രകടമാക്കിയത്. അഡ്രസ്‌ഇല്ലാത്ത അജ്ഞാത വരികള്‍ ആയി അത് അവശേഷിക്കരുത് എന്ന നിശ്ചയം അതില്‍ കാണാം. മാത്രമല്ല, അഹ്ലുല്‍ബൈത്തിനോട് സ്നേഹമില്ലാത്ത ഏതോ ഖവാരിജോ നാസ്വിബിയോ ചമച്ച വരികള്‍ ആകുന്നു എന്ന പ്രതികരണം ജിഫ്രി തങ്ങള്‍ മുന്‍ കൂട്ടികാണുന്നു. ഉറച്ച അലീ പാരമ്പര്യമുള്ള വ്യക്തി തന്നെയാണ് ഈ സത്യം പറയുന്നത് എന്നറിഞ്ഞു കൊള്‍ക. ആ വരികളിലെ താക്കീത് അതാകുന്നു. റാഫിദീ വെച്ചു നീട്ടിയ വരികള്‍ക്കുള്ള പ്രതികവിതയെന്ന നിലയില്‍ ആലോചനാ പൂര്‍വ്വം ജിഫ്രി തങ്ങള്‍ മറ്റൊരു കവിത കൂടി അപ്പോള്‍ തന്നെ എഴുതുകയുണ്ടായി. അതിലും തന്‍റെ അഡ്രസ്‌ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായതായി കാണാം. അല്പം കനത്ത ഭാഷയിലാണ് ഈ വരികള്‍..

كفى في فضل مولانا علي بأن يدعى صريحا أسد الله

وإن عدوه يبغضه ربي وإن محبه قد حبه الله

ومات الشافعي على يقين بإسلام مع الإيمان بالله

ومات الرافضي وليس يدري على ربه أم ربه الله

ففي الله بدا شك لديه وخامره عليه لعنة الله

وأبدا مفالة منه افتراء على الحبر الذي أيده الله

لقد أملأ طباق الأرض علما بفهم جيد فهمه الله

فذا ما فاله الجفري عراضا على ما قيل إلهاما من الله

“നമ്മുടെ മൌലാ അലിയാരുടെ മഹിമ തിരിച്ചറിയാന്‍, അവരെ ‘അല്ലാഹുവിന്റെ സിംഹം’ എന്നു വിളിക്കപ്പെട്ട സംഗതി തന്നെ ധാരാളം. അദ്ദേഹത്തോട് ശത്രുത കാണിക്കുന്നവനോട് എന്‍റെ റബ്ബ് കോപിക്കുന്നു. അദ്ദേഹത്തെ സ്നേഹിക്കുന്നവനെ അല്ലാഹു സ്നേഹിക്കുന്നു. ഉറച്ച ഇസ്ലാമിക ബോധ്യത്തോടെയും അല്ലാഹുവിലുള്ള വിശ്വാസത്തോടെയുമാണ് ഇമാം ശാഫിഈ മരണപ്പെട്ടത്. എന്നാല്‍, റാഫിദിയോ, അവന്‍റെ റബ്ബ് അല്ലാഹുവാണോ അലിയാണോ എന്നറിയാതെ മരിക്കുന്നു. അല്ലാഹുവിന്‍റെ കാര്യത്തില്‍ അയാളില്‍ സംശയം വെളിവായിരിക്കുന്നു. അക്കാര്യത്തില്‍ അയാള്‍ വഞ്ചന ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്. അയാളില്‍ അല്ലാഹുവിന്‍റെ ശാപം ഉണ്ടാകട്ടെ. അല്ലാഹു ജ്ഞാനം നല്‍കി ശാക്തീകരിച്ച, അതുല്യമായ ഗ്രാഹ്യ ശക്തി നല്‍കി അല്ലാഹു വളര്‍ത്തിയ, ഭൂമിയുടെ അഷ്ട ദിക്കുകളും ജ്ഞാനം കൊണ്ടു നിറച്ച ശാഫിഈ എന്ന മഹാ ഗുരുവിനെ കുറിച്ചു ഇല്ലാത്തത് പറഞ്ഞു നടക്കുകയാണ് റാഫിദീ. അല്ലാഹുവിങ്കല്‍ നിന്നുള്ള ഉള്‍വിളിയാല്‍ ജിഫ്രിയാണ് ഇപ്പ്രതികരിക്കുന്നതെന്നറിയുക..”

ഇമാം ശാഫിഈ യെ കുറിച്ച് ശീഈകള്‍ പ്രചരിപ്പിക്കുന്ന മറ്റു ചില പദ്യങ്ങളെയും അഴിച്ചു പണിതത് ഇതിനോടൊപ്പം ജിഫ്രി തങ്ങള്‍ എഴുതി ചേര്‍ക്കുന്നുണ്ട്. ( കന്‍സുല്‍ ബറാഹീന്‍)

റാഫിദികള്‍ : ഇമാമിന്‍റെ കാഴ്ചയില്‍



പലവിധ വഴികേടുകള്‍ അക്കാലത്തുണ്ടായിരുന്നെങ്കിലും അസഹ്യവും ഏറെ അപകടകരവുമായ ബിദ്അത്ത് റാഫിദികളുടെതാണെന്ന പക്ഷക്കാരനായിരുന്നു ഇമാം. അദ്ദേഹംവെളിപ്പെടുത്തുന്നു: ശിഈ ബാധയേറ്റ വ്യക്തിയുമായിട്ടല്ലാതെ ബിദ്അത്ത് പേറുന്ന മറ്റാരുമായും ഞാന്‍ ആശയ സംവാദത്തിനു നിന്നിട്ടില്ല”.( ആദാബ്ശാഫിഈ / അബൂ ഹാതിം റാസി ). ‘ഇമാം റാഫിദികളെ ധാരാളമായി ആക്ഷേപിക്കാറുണ്ട്’ എന്ന ആമുഖത്തോടെ ഇമാം ശാഫിഈയുടെ പ്രസ്താവന ഇമാം റാസി ഉദ്ധരിക്കുന്നു: “തന്നിഷ്ടപ്രകാരം മതം പറയുന്ന പല കക്ഷികള്‍ ഉണ്ടെങ്കിലും അവരില്‍ റാഫിദികളുടെ മാത്രം ‘സാക്ഷി’ ഞാന്‍ സ്വീകരിക്കില്ല. അവര്‍ പരസ്പരം പോലും കള്ളസാക്ഷ്യം പറയുന്നവരാണ്.” ( റാസി, മനാഖിബ്.) കള്ളവും ചതിയും ഒളിച്ചു കളിയും റാഫിദികളുടെ പ്രകട സ്വഭാവമാണെന്ന് തിരിച്ചറിവുള്ള ഇമാം ശാഫിഈ അതിനാല്‍ തന്നെ വളരെ പരുഷമായ സമീപനമാണ് അവരോടു പുലര്‍ത്തിയിരുന്നത്. അദ്ദേഹം പറഞ്ഞു: സ്വേഷ്ടം ദീന്‍ പറയുന്ന ആളുകള്‍ക്കിടയില്‍, കള്ളസാക്ഷ്യം പറയുന്നകാര്യത്തില്‍ റാഫിദികളെക്കാള്‍ മിടുക്കരായ ഒരു വിഭാഗത്തെ ഞാന്‍ കണ്ടിട്ടില്ല”. അവിടുന്ന് ചൊല്ലുമായിരുന്നു:

“ റാഫിദികള്‍, യാതൊരു സദ്‌ ഗുണവുമില്ലാത്ത വര്‍ഗ്ഗം

വാക്കുകളിലും വംശബന്ധങ്ങളിലും ഏറെ കള്ളം പറയുവോര്‍”



വിശ്വപ്രസിദ്ധനും സാര്‍വ്വംഗീകൃതനുമായ ഒരു മഹാ ഗുരു പതിച്ചുകൊടുത്ത ഈ കറുത്ത ചാപ്പ പോരെ എക്കാലത്തെയും റാഫിദികളെ തിരിച്ചറിയാന്‍?! ഇമാമിന്‍റെ സമീപം വെച്ച് റാഫിദികളെകുറിച്ച് സംസാര്മുണ്ടായാല്‍ ഇമാം പറയുമായിരുന്നു, “ മഹാചീത്ത വര്‍ഗ്ഗം” ( شر عصابة/وهم شر الخليقة)

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal