} -->

തിരുനബിയുടെ ഗദീർ ഖും പ്രഭാഷണം വസ്തുത എന്ത്?

സാലിഹ് പുതുപൊന്നാനി


ആദ്യ മൂന്നു ഖലീഫമാരുടെ ഖിലാഫത്ത് നിഷേധിക്കുകയും അവരെയും അവരെ പിന്തുണച്ച സ്വഹാബികളെയും പഴിക്കുകയും ചെയ്യുന്ന ശിയാ ആത്മീയ- രാഷ്ട്രീയ വഴികേടിനുള്ള പ്രധാന രേഖയായി അവര്‍ എഴുന്നള്ളിക്കുന്നതാണ് , പരിശുദ്ധ പ്രവാചകര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം ഹജ്ജത്തുല്‍ വദാഉ കഴിഞ്ഞു മദീനയിലേക്ക് തിരിച്ചു പോകുമ്പോള്‍, ദുല്‍ഹജ്ജ് പതിനെട്ടിന്, മക്ക- മദീന വഴിയിലെ ഗദീര്‍ ഖുമ്മില്‍ നടത്തിയ പ്രഭാഷണം. ശിഈകള്‍- ശിഈകള്‍ മാത്രം – ഇന്നും ദുല്‍ഹജ്ജ് 18 നു ഗദീര്‍ ആഘോഷം സമുചിതമായി സംഘടിപ്പിക്കാറുണ്ട്. ശിഈ ആദര്‍ശ പ്രചാരണമാണ് അവരുടെ മുഖ്യ ലക്‌ഷ്യം. ഇറാഖില്‍ ബുവൈഹി സുല്‍ത്വാന്‍ മുഇസ്സുദ്ദൌലയും ഈജിപ്തില്‍ ഫാത്വിമീ സുല്‍ത്വാന്‍ അല്‍മുഇസ്സുമാണത്രേ ഈ ആഘോഷം തുടങ്ങി വെച്ചത്.


(സുന്നികള്‍ ഒരു കാലത്തും ഗദീര്‍ ദിനം ആഘോഷിക്കുകയോ ആഘോഷിക്കുന്നവരെ ആശംസിക്കുകയോ ചെയ്തതായി അറിവായിട്ടില്ല. അങ്ങനെ ആഘോഷിക്കുകയോ ആശംസിക്കുകയോ ചെയ്യുന്നതിന്‍റെ ഫിഖ്‌ഹ് സംബന്ധമായി ശാഫിഈ ധാരയുടെ ആദ്യക്കാരനായ ഇമാം ശാഫിഈ മുതല്‍ അതിലെ ഒരു വക്താവും പരാമര്ശിച്ചതായും കണ്ടുകിട്ടിയിട്ടില്ല. സുന്നി പശ്ചാത്തലമുള്ള വിവിധ ത്വരീഖതുകാരും ഗദീര്‍ ആഘോഷ/ ആശംസ നടത്തിയതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. അശ്അരീ ത്വരീഖത്തും ശാഫിഈ/ഹനഫീ മദ്ഹബും അനുഗമിക്കുന്ന കേരള മുസ്ലിംകള്‍ക്ക് ഗദീര്‍ ആഘോഷം പരിചിതമാകുന്നത് തന്നെ, മൂന്നാലു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇറാനില്‍ ഗദീര്‍ ആഘോഷപരിപാടിയില്‍ , കേരളത്തിലെ ഒരു പ്രമുഖ യുവ പണ്ഡിതന്‍ ബഹാഉദ്ധീന്‍ നദ്വി പങ്കെടുത്തതുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ കേട്ടാണ്.



ഗദീര്‍ ഖുമ്മിലെ പ്രഭാഷണ പശ്ചാത്തലം?


അന്ത്യകാലം വരെ വരാനിരിക്കുന്ന സകല അനുയായികളെയും അറിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്, അവിടെ സന്നിഹിതരായ മുഴുവന്‍ വിശ്വാസികളെയും സംബോധന ചെയ്തു കൊണ്ട് ,ഹജ്ജത്തുല്‍ വദാഇല്‍ തന്റെ ദൌത്യ സമാപ്തി കുറിച്ചുകൊണ്ട് തിരുദൂതര്‍ നടത്തിയ പ്രസിദ്ധമായ പ്രഭാഷണം കഴിഞ്ഞു നാട്ടിലേക്ക് തിരിച്ചു പോകവേ, ഗദീര്‍ ഖുമ്മിലെ താല്‍കാലിക പാളയത്തില്‍ വെച്ച് വീണ്ടുമൊരു പ്രഭാഷണം ചെയ്തതിന്‍റെ കാര്യമെന്തായിരുന്നു ? മക്ക നിവാസികള്‍ അവിടെത്തന്നെ തങ്ങിയിരിക്കുന്നു. താഇഫുകാര്‍ അവരുടെ നാട്ടിലേക്ക് പോയിക്കഴിഞ്ഞു. യമന്‍ ദേശക്കാര്‍ അങ്ങോട്ടെക്കുള്ള വഴിയില്‍ മുന്നോട്ടു പോയി. അറേബ്യയിലെ പ്രാന്ത പ്രദേശങ്ങളില്‍ താമസിച്ചിരുന്നവര്‍ അവരവരുടെ ഗ്രാമങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചു. പ്രവാചകരും മദീനയിലും പരിസരങ്ങളിലും ജീവിക്കുന്നവരും മദീനയിലേക്കുള്ള വഴിയിലൂടെ കടന്നുപോകുന്നവരും മാത്രം ഗദീര്‍ ഖുമ്മില്‍ താവളമടിച്ചു കഴിയവേ(ഗദീര്‍ ഖും ദേശം മദീന വഴിയിലെ ഒരു നാല്‍ക്കവലയായിരുന്നു.), “ദീന്‍ പൂര്‍ത്തിയാക്കി” പോകുന്ന തിരുനബിക്ക് എന്തു പുതിയ നിയമമാണ്/ സന്ദേശമാണ് ,തന്റെ ഏതാനും സഹയാത്രികരെ മാത്രം അറിയിക്കാനായി അവതീര്‍ണ്ണമായത് ?! ആത്മീയ – രാഷ്ട്രീയ ശിയാവാദപ്രകാരം, ഇന്നലെ ജലീലില്‍ നിന്നും കേട്ടുതുടങ്ങിയ ത്വരീഖത്ത്(ആലുവ)ക്കാരുടെ വിലായത്ത് വാദപ്രകാരം, ദീനിന്‍റെ ഏറ്റവും അടിസ്ഥാനപരമായ ഒരു സന്ദേശമാണ് പ്രവാചകര്‍ അവിടെ പ്രസംഗിച്ചത്. എന്നാണവര്‍ പറയുന്നത്. എന്നാല്‍, ഒരു ‘തര്‍ക്കം തീര്ച്ചയാക്ക’ലായിരുന്നു, അലിയും ഏതാനും സഹപ്രവര്‍ത്തകരും തമ്മിലുള്ള അസ്വാരസ്യവും അസംപ്ത്രിപ്തിയും പരിഹരിക്കുകയും, അക്കാര്യം അവിടെ സംസാരമായി അനുയായികള്‍ക്കിടയില്‍ പരക്കുക വഴിയുണ്ടായ തെറ്റുദ്ധാരണ നീക്കുകയുമായിരുന്നു, സത്യത്തില്‍, ആ പ്രഭാഷണത്തിന്‍റെ ഉന്നം. ഉന്നത സ്ഥാനീയനായ ഒരു സ്വഹാബി വര്യനും , അന്ത്യ നാള്‍ വരെ നിലനില്‍ക്കുന്ന തന്‍റെ വിശുദ്ധ രക്ത പാരമ്പര്യത്തിലെ പങ്കാളിയുമായ അലിയോട് പകയും ശത്രുതയും വെറുപ്പും തെറ്റുദ്ധാരണയും അനുയായികള്‍ക്കിടയില്‍ ഉണ്ടാകരുതെന്ന് ഉള്ബോധിപ്പിക്കുന്നതായിരുന്നു ആ പ്രഭാഷണം. ഗദീര്‍ ഖുമ്മ് പ്രഭാഷണം ഖിലാഫത്തിന്‍റെയോ വിലായത്തിന്‍റെയോ അവരോധനമായിരുന്നില്ല. അലി(റ)യെ സ്നേഹിക്കണമെന്ന ഉദ്ബോധനം മാത്രമായിരുന്നു.
ഹജ്ജത്തുല്‍ വദാഇനു തിരുദൂതര്‍  പുറപ്പെടുമ്പോള്‍ അലി(റ)യും കൂട്ടുകാരും യമനിലായിരുന്നു. ഖാലിദ് ബിന്‍ വലീദ്(റ)ന്‍റെ നേതൃത്വത്തില്‍ നേരത്തെ പറഞ്ഞു വിട്ട ദൌത്യ- സൈനിക സംഘത്തിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് , തിരുദൂതര്‍  , ഗനീമത് അഞ്ചായി ഭാഗിച്ചു ‘അല്ലാഹുവിനും റസൂലിനും ഉള്ള ഓഹരി’ കൊണ്ടുവരാന്‍ അലി(റ)യെ അയക്കുന്നത്. ( ബുഖാരി , മഗാസി + ഫത്ഹുല്‍ ബാരി ). അതിസുന്ദരിയായ ഒരു യുവതിയെ തടവുപുള്ളിയായി ലഭിച്ചത് ‘ഖുമുസി’ലാണ് അലി(റ) ഉള്‍പ്പെടുത്തിയത്. ശേഷം, അലിയാര്‍ തങ്ങള്‍ കുളിച്ച് തലയില്‍ മുണ്ടിട്ട് വെള്ളം തുടച്ചു വരുന്നത് മറ്റു സ്വഹാബികള്‍ കാണുകയുണ്ടായി. അവര്‍ നേരിട്ട് കാര്യം തിരക്കിയപ്പോള്‍ , ആ യുവതിയെ താന്‍ അടിമപ്പെണ്ണായി തീരുമാനിച്ച് ‘അവളില്‍ പ്രവേശിച്ചു’വെന്ന് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. അതാണ്‌ അവര്‍ തമ്മിലെ അസ്വാരസ്യങ്ങളുടെ തുടക്കം. ആ ചെയ്തത് പലര്‍ക്കും ഇഷ്ടായില്ല. സ്വഹാബികളില്‍ പെട്ട നാലുപേര്‍ ഉറപ്പിച്ചു പറഞ്ഞു: അലിയാര്‍ ചെയ്ത ‘ഇത്’ ഞങ്ങള്‍ തീര്‍ച്ചയായും നബിയോട് ആവലാതിപ്പെടുന്നതാണ് ( ഹാകിം, തിര്‍മുദി ) അനിഷ്ടക്കാരില്‍ പ്രമുഖന്‍ ഖാലിദ്‌(റ) തന്നെയായിരുന്നു .അദ്ദേഹം ഒരെഴുത്തുമായി ബുരൈദ(റ)യെ തിരുസമക്ഷത്തിങ്കലേക്കയച്ചു. അലി യുടെ ചെയ്തികള്‍ അതില്‍ വിവരിച്ചിരുന്നു. തിരുദൂതര്‍ ബുരൈദയോട് തിരക്കി : “ താനും അലിയെ വെറുക്കുന്നുണ്ടോ ?” അദ്ദേഹം അതെയെന്നു മറുപടിച്ചു. തിരുദൂതര്‍ അദ്ദേഹത്തെ ഉപദേശിക്കുകയും ഇങ്ങനെ ഉണര്‍ത്തുകയും ചെയ്തു: “ വേണ്ട , അലിയെ വെറുക്കരുത്. ഖുമുസ് വകയില്‍ അദ്ദേഹത്തിനു അതിലും വലിയത് അവകാശമുണ്ട്’ ( മുസ്നദ് അഹ്മദ്). തിരു ദൂതര്‍ ഹജ്ജിനു പുറപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ , അലി(റ) അതില്‍ പങ്കെടുക്കാന്‍, കൂടെയുള്ള സൈനികരുടെ നേതൃത്വം മറ്റൊരാളെ ഏല്പിച്ച് അവരെക്കാള്‍ വേഗത്തില്‍ മക്കയിലെത്തുകയായിരുന്നു. തിരുനബിയുമായി സന്ധിച്ചു. പുതിയ സൈന്യാധിപന്‍ അലിയാരുടെ വസ്ത്രങ്ങളില്‍ പെട്ട ഒരു നീണ്ട തുണി സൈനികരോട് പുതച്ചു പിടിക്കാന്‍ ആവശ്യപ്പെട്ടു. മക്കയില്‍ അവര്‍ കടക്കുന്നതിനു മുമ്പ് അലിയാര്‍ അവരെ ചെന്ന് കണ്ടപ്പോള്‍ തുണി പുതച്ചത് ഇഷ്ടപ്പെട്ടില്ല. ‘വയ്ലക്ക് ,മാ ഹാദാ” , അലിയാര്‍ തങ്ങളുടെ ആക്രോശം കേട്ട് പ്രതിനിധി ചില വിശദീകരണങ്ങള്‍ നല്‍കിയെങ്കിലും അത് അങ്ങോര്‍ക്ക് തൃപ്തിയായില്ല. തുണി അഴിച്ചു നീക്കാന്‍ കല്പിച്ചു. എന്തോ, അലിയാര്‍ തങ്ങളുടെ ആ സമീപനം സൈനികരില്‍ പലര്‍ക്കും നന്നായി രുചിച്ചില്ല. ഹജ്ജ് കഴിഞ്ഞു. പല നാട്ടുകാരും പിരിഞ്ഞു പോയി. ഗദീര്‍ ഖുമ്മിലെത്തിയപ്പോള്‍ പരാതിക്കാര്‍ തിരുദൂതരോട് അലിയെ കുറിച്ചു പരാതി ബോധിപ്പിച്ചു. (ഇബ്നു ഹിശാം, അല്ബിദായ..) നേരത്തെ പരാമര്‍ശിച്ച നാലുപേരില്‍ പെട്ട ഒരാള്‍ തിരുനബിയെ സമീപിച്ച്, “ അലാഹുവിന്റെ റസൂലേ, അലിയാര്‍ ഇന്നതെല്ലാം ചെയ്തതിനെ ക്കുറിച്ച് എന്തുപറയുന്നു?” എന്ന് പറഞ്ഞു തുടങ്ങിയെങ്കിലും അവിടുന്ന്‍ തിരിഞ്ഞുകളഞ്ഞു. രണ്ടാമനും വന്ന്‍ പരാതി പറഞ്ഞു തുടങ്ങുമ്പോഴേക്കും നബി ആദ്യത്തെപോലെ അവഗണിച്ചു. മൂന്നാമനും ഇത് ചെയ്തു. അദ്ദേഹത്തിനും ചെവി കൊടുത്തില്ല. നാലാമന്‍ മുന്നോട്ടു വന്നു പരാതി എടുത്തിട്ടപ്പോള്‍ കോപം ചുവപ്പിച്ച മുഖവുമായി തിരുദൂതര്‍ അദ്ദേഹത്തോട് പ്രതികരിച്ചു : “ അലി ആരാണെന്നാ നിങ്ങളൊക്കെ മനസ്സിലാക്കിയിരിക്കുന്നത്? ... ഞാനോ, സകല സത്യവിശ്വാസികളുടെയും വലിയ്യാകുന്നു”. (ഹാകിം, തിര്‍മിദി) “അലിയാരെ നബി തങ്ങള്‍ യമനിലെക്കയച്ച സന്ദര്‍ഭത്തില്‍ എതിരഭിപ്രായക്കാരും പരാതിക്കാരും ധാരാളമുണ്ടായിരുന്നു.അവര്‍ അവരുടെ വെറുപ്പും പ്രതിഷേധവും പ്രകടമാക്കുകയും ചെയ്തിരുന്നു...” എന്നത്രേ ബൈഹഖി തന്‍റെ അല്‍ ഇഅ തിഖാദില്‍ (2/354) രേഖപ്പെടുത്തുന്നത്. ഈ വരികളില്‍ നിന്നും വ്യക്തമാകുന്നത് അലിയാര്‍ തങ്ങള്‍ക്കെതിരെ പരാതിയുമായി വന്നവര്‍ എണ്ണത്തില്‍ കുറവല്ല എന്നാണ്. നബി പ്രശ്നത്തിന്‍റെ ഗൌരവം മനസ്സിലാക്കുകയും അലിയോടും മറ്റും അന്വേഷിക്കുകയും ചെയ്തു. അപ്പോഴേക്കും ചില നാട്ടുകാര്‍ യാത്ര പുനരാരംഭിച്ചിരുന്നു. അവരെ തിരികെ വിളിപ്പിച്ചു. അഞ്ചു പടവുകള്‍ ഉള്ളതും മുള്‍ച്ചെടികള്‍ പടര്‍ന്നതുമായ ഒരു ഉയര്‍ന്ന സ്ഥലത്ത് കയറി നിന്ന് ചെറിയൊരു ഉപദേശം നടത്തുകയായിരുന്നു. തിരുമേനിയില്‍ വെയില്‍ നാളം പതിയാതിരിക്കാന്‍ സ്വഹാബികള്‍ തങ്ങളുടെ മേല്മുണ്ടുകള്‍ നിവര്‍ത്തി പിടിച്ചു. നട്ടുച്ചയായിരുന്നല്ലോ സമയം. ഒട്ടകപ്പുറത്തിരുന്നായിരുന്നു പ്രസംഗം എന്നും റിപ്പോര്‍ട്ടുണ്ട്. അതായത് , അനുയായികല്‍ക്കിടയിലെ അഭിപ്രായ ഭിന്നതയും, പടര്‍ന്നു കയറുന്ന പൊരുത്തക്കേടും ഉടനെ പരിഹരിക്കുക എന്ന ലക്ഷ്യത്തില്‍, ഒരു മഹാ പ്രഭാഷണത്തിനു വേണ്ട ഒരുക്കങ്ങള്‍ ഇല്ലാതെ , നബിതങ്ങള്‍ ചെയ്ത ഉപദേശമായിരുന്നു അത്. മുകളില്‍ സൂചിപ്പിച്ച പോലെ ഒരു ‘പ്രശ്ന പരിഹാര ഉപദേശ’മായിരുന്നു ഗദീര്‍ ഖുമ്മിലെ പ്രസംഗം. മഹാനായ ശാഹ് വലിയ്യുല്ലാഹി ദഹ് ലവി തന്‍റെ ഇസാലതുല്‍ ഖഫായില്‍ ഏഴാം അദ്ധ്യായത്തില്‍ ‘ഗദീര്‍ ഖുമ്മില്‍ മന്‍ കുന്തു...എന്ന് ഉണര്‍ത്തിയ സംഭവം’ വിശകലനം ചെയ്യവേ, ഇങ്ങനെ കുറിക്കുന്നു : “ കഥയുടെ അടിസ്ഥാനം ഇതാണ്: നബി തങ്ങള്‍ അലിയാരെ യമനിലെക്ക് അയച്ചിരുന്നു. അവിടെ വെച്ച് അദ്ദേഹവും സൈനികരും തമ്മില്‍ ഖുശൂനത്ത് (അസ്വാരസ്യം)ഉണ്ടായി. അദ്ദേഹം തന്‍റെ അനുയായികളുമായി ഹജ്ജത്തുല്‍ വദാഇല്‍ പങ്കെടുക്കാന്‍ തിരുനബിയുടെ സമക്ഷത്തിങ്കല്‍ എത്തിയപ്പോള്‍ സൈനികര്‍ (അല്ജുന്ദ്) അലിയാരെ കുറിച്ച്നബിയോട് പരാതിപ്പെട്ടു.എന്നാല്‍, കുറച്ചു ദിവസത്തേക്ക് നബി നടപടികള്‍ ഒന്നും എടുക്കാതെ വൈകിപ്പിച്ചു. പിന്നീട് സംഭവത്തെ കുറിച്ച് അലിയോട് വിശദീകരണം തേടി. കാര്യത്തിന്‍റെ ഹഖീഖത്ത് ബോധ്യമായപ്പോള്‍, സൈനികരാണ് തര്‍ക്കക്കാര്‍ എന്ന് മനസ്സിലായപ്പോള്‍ , ഹജ്ജ് കഴിഞ്ഞ് മടങ്ങവേ ജനങ്ങളോട് പ്രസംഗിക്കുകയായിരുന്നു. ആ പ്രസംഗത്തിന്‍റെ ഒടുവില്‍ അഹല് ബൈത്തിനോട് ബന്ധം ഉറപ്പിക്കണമെന്നും (സ്വിലത്ത്) അവരെ സ്നേഹിക്കണമെന്നും(മുവാലാത്) കല്പിക്കുകയുണ്ടായി. അലിയോട് തര്‍ക്കിക്കരുതെന്നു ഗുണദോഷിച്ചതായി ചില നിവേദനങ്ങളില്‍ കാണുന്നു..” ഇതാണ് , ഹജ്ജത്തുല്‍ വദാഇലെ മഹാ പ്രഭാഷണത്തെക്കാള്‍ വന്‍പ്രാധാന്യത്തോടെ ശിഈകള്‍ ആഘോഷിക്കുന്ന ഗദീര്‍ ഖുമ്മിലെ പ്രഭാഷണസന്ദര്‍ഭം.. എന്നാല്‍ ഈ പ്രഭാഷണത്തില്‍ സൂഫികള്‍ക്കും ത്വരീഖത്തുകാര്‍ക്കും പ്രത്യേകം ആഘോഷിക്കാന്‍ വല്ലതും ഉള്ളതായി , ആഘോഷിച്ചിരുന്നതായി- അറിവുകേട്‌ കൊണ്ടായിരിക്കാം- ഈ കുറിപ്പുകാരന്‍ നാളിതുവരെ കേട്ടിട്ടില്ല.

ഗദീര്‍ ഖുമ്മിലെ ഉപദേശം ?


അഹ്ലുസ്സുന്നയുടെ ഹദീസ് സമാഹാരങ്ങളില്‍ മുതവാത്തിര്‍ ആയി നിവേദനം ചെയ്യപ്പെട്ടിട്ടുള്ള ഒരു സംഭവമാണ് ഗദീര്‍ ഖുമ്മിലെ ഉപദേശം. പ്രസിദ്ധനായ ഇബ്നു ഉഖ്ദ യുടെ ‘അല്‍വിലായ’ യില്‍ ഗദീര്‍ ഖും സംഭവവുമായി ബന്ധപ്പെട്ട സ്വഹീഹും ഹസനുമായ റിപ്പോര്‍ട്ടുകള്‍ കാണാം. അഹ്ലുസ്സുന്ന അലിയാര്‍ തങ്ങളുടെ മഹത്വം പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ ഉണ്ടെന്നും അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ ആണെന്നും അവര്‍ അലിയാര്‍ തങ്ങളുടെ സംരക്ഷകരാണെന്നും ഇത് തെളിയിക്കുന്നു. വിവിധ നിവേദനങ്ങളില്‍ ചിലതെല്ലാം ശിഈ പശ്ചാത്തലമുള്ള റാവികളില്‍ നിന്നാണെന്നും കാണാം. സ്ഥിരപ്പെട്ട സ്വിഹ്ഹത്തുള്ള നിവേദനങ്ങളില്‍ നിന്നും സമാഹരിച്ചാല്‍ താഴെ കൊടുക്കുന്ന കാര്യങ്ങളാണ് നബിതങ്ങള്‍ , ഗദീര്‍ ഖുമ്മിലെ മുള്‍ക്കാട്ടില്‍ നിലത്തെ കച്ചറകള്‍ അടിച്ചുവാരി ഇരിപ്പുറപ്പിച്ച (ഹാകിം) തന്‍റെ അനുയായികളോട് ഉപദേശിച്ചത്. (അവരുടെ എണ്ണം ഊഹിക്കാവുന്നതേ ഉള്ളൂ.)

  1. മുസ്ലിമിന്റെ റിപ്പോര്‍ട്ടില്‍(2408) സൈദ്‌ ബിന്‍ അര്ഖം തന്‍റെ പ്രായാധിക്യ സമയത്തെ ഓര്‍മ്മക്കുറവുകളോടെ ഓര്‍ക്കുന്നത്.. തിരുദൂതര്‍ ഉപദേശിച്ചു: “ അല്ലയോ ജനങ്ങളേ, നിശ്ചയം ഞാനൊരു മനുഷ്യന്‍ മാത്രമാണല്ലോ. റബ്ബിന്‍റെ (മരണ)ദൂതന്‍ എന്നെ സമീപിക്കാറായിരിക്കുന്നു. ദൂതന്‍ വന്നാല്‍ ഞാന്‍ വിളികേല്‍ക്കേണ്ടതുണ്ട്. ഞാന്‍ നിങ്ങളില്‍ ‘സഖലൈന്‍’ എല്പിക്കുകയാണ്.. അതില്‍ ഒന്ന് അല്ലാഹുവിന്‍റെ കിതാബ് ആകുന്നു. അതിലാണ് സന്മാര്‍ഗ്ഗവും വെളിച്ചവും. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ വേദം സ്വീകരിച്ചു കൊള്‍ക, അത് മുറുകെ പിടിച്ചോളൂ..(അത് സംബന്ധമായി കൂടുതല്‍ പ്രേരിപ്പിച്ച ശേഷം തുടരുന്നു:) പിന്നെ എന്‍റെ അഹല് ബൈത്ത് . എന്‍റെ അഹല് ബൈതിന്റെ കാര്യത്തില്‍ ഞാന്‍ നിങ്ങളെ അല്ലാഹുവിനെ ഓര്‍മ്മിപ്പിക്കുന്നു. എന്‍റെ അഹല് ബൈതിന്റെ കാര്യത്തില്‍ ഞാന്‍ നിങ്ങളെ അല്ലാഹുവിനെ ഓര്‍മ്മിപ്പിക്കുന്നു. എന്‍റെ അഹല് ബൈതിന്റെ കാര്യത്തില്‍ ഞാന്‍ നിങ്ങളെ അല്ലാഹുവിനെ ഓര്‍മ്മിപ്പിക്കുന്നു.” (അതായത് ,അഹല് ബൈതുമായുള്ള സമീപന കാര്യത്തില്‍ അല്ലാഹു നല്‍കിയ ഉപദേശ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ നിങ്ങളെ ഉണര്‍ത്തുന്നു..) ഈ ഹദീസ് ‘ഹദീസു സ്സഖലൈന്‍” എന്നറിയപ്പെടുന്നു.
  2. ‘ഹദീസുല്‍ മുവാലാത്ത്’ എന്നറിയപ്പെടുന്നതാണ് മറ്റൊന്ന്. വിവിധ രൂപങ്ങളില്‍ അത് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ജംഉ ചെയ്യാം : “ നിശ്ചയം അല്ലാഹു എന്‍റെ മൌലായാകുന്നു. ഞാന്‍ എല്ലാ സത്യവിശ്വാസികളുടെയും വലിയ്യും ആകുന്നു. ഞാന്‍ സത്യവിശ്വാസികളോട് അവരവരുടെ നഫ്സിനെക്കാള്‍ ഔലാ അല്ലയോ? ഞാന്‍ സത്യവിശ്വാസികളോട് അവരവരുടെ നഫ്സിനെക്കാള്‍ ഔലാ അല്ലയോ? ഞാന്‍ സത്യവിശ്വാസികളോട് അവരവരുടെ നഫ്സിനെക്കാള്‍ ഔലാ അല്ലയോ? (അവര്‍ ഓരോ തവണയും അതെ എന്ന് ഉറക്കെ സമ്മതിച്ചു, തുടര്‍ന്ന്‍ അലിയാരുടെ കൈ പിടിച്ച് പറഞ്ഞു:) ഞാന്‍ ആരുടെ മൌലാ യാണോ/ വലിയ്യാണോ ഈ അലി അവരുടെ മൌലാ/വലിയ്യ്‌ ആകുന്നു. അല്ലാഹുവേ, അലിയെ മൌലയാക്കിയവനെ നീ മൌലയാക്കണേ. അലിയോടു പകയുള്ളവനോട് നീ പക കാണിക്കണേ.” (ഇമാം നവവി റഹി തന്‍റെ ഫതാവയില്‍ ഉദ്ധരിച്ച ഒരു ‘ഖീല’ യില്‍ പറയുന്നത് ,യുവ സ്വഹാബി വര്യനായ ഉസാമ ബിന്‍ സൈദ്‌(റ) അലിയാര്‍ തങ്ങളോട് ‘ താങ്കള്‍ എന്‍റെ മൌല യൊന്നും അല്ല. എന്‍റെ മൌല രസൂലുല്ലാഹി സ്വ യാകുന്നു’ എന്ന് പറഞ്ഞതിനോടുള്ള പ്രതികരണമായിട്ടാണ് നബി ‘മന്‍ കുന്തു മൌലാഹു..’ പ്രഖ്യാപിക്കുന്നത്. )

ഗദീര്‍ ഖുമ്മിലെ പ്രഭാഷണത്തിലൂടെ നബിതങ്ങള്‍ അലിയാരെ തന്‍റെ ഖലീഫയായി അവരോധിക്കുകയായിരുന്നോ? ഇസ്നാ അശരി/ ഖുമൈനീ ഭാഷയില്‍ പ്രവാചകന്‍മാരെക്കാള്‍ ഉയര്‍ന്ന ഇമാമത്ത് എന്ന പദവിയില്‍ കയറ്റി ഇരുത്തുകയായിരുന്നോ? അലിയെ ഖുതുബ് ആയി വാഴിക്കുകയായിരുന്നോ ? ഇവിടെയാണ്‌ ഭിന്നത നിലനില്‍ക്കുന്നത്..

സഖലൈന്‍- മുവലാത്ത് ഹദീസുകളെ അഹ്ലുസ്സുന്ന എങ്ങനെ ഉള്‍ക്കൊണ്ട്‌പോന്നു?

ഇമാമുനാ ശാഫിഈ റഹി യുടെ നിലപാട് ഉദ്ധരിച്ചു കൊണ്ട് ഇമാം നവവി റഹി പറയുന്നു. : “മന്‍ കുന്തു മൌലാഹു .. എന്ന ഹദീസ് സ്വഹീഹ് ആകുന്നു. ഇമാം അബൂ ഈസ തിര്മിദിയും മറ്റും അത് ഉദ്ധരിച്ചിട്ടുണ്ട്. തിര്‍മിദി ഈ ഹദീസ് ഹസന്‍ ആണെന്ന് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ഹദീസിന്‍റെ സാരം, ഈ കലയില്‍ നിപുണരായ ഉലമാക്കള്‍ പറയുന്നത്, ഇത്തരം പ്രയോഗങ്ങളുടെ സാരമുറപ്പിക്കാന്‍ അവരെ അവലംബിക്കുകയാണ് വഴി, ‘ഞാന്‍ ആരുടെ സഹായിയും ആദര്‍ശ ബന്ധുവും ഇഷ്ടനും തോഴനും ആണോ അതുപോലെതന്നെയാണ് അലിയെയും ഗണിക്കെണ്ടത്’ എന്നത്രേ. ഇമാം അബൂ അബ്ദില്ലാഹി മുഹമ്മദ്‌ ബിന്‍ ഇദ്രീസ് ശാഫിഈ റഹി പറഞ്ഞുവല്ലോ, തിരുനബി ഈ വചനം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത് അല്ലാഹു തആലാ (സൂറ മുഹമ്മദ്‌ 11 ആം വാക്യത്തില്‍ ) ഉദ്ധേശിച്ചതുപോലെയാകുന്നു. “അങ്ങനെ ചെയ്യാന്‍ കാരണം, നിശ്ചയമായും സത്യവിശ്വാസികളുടെ മൌല അല്ലാഹു ആകുന്നു എന്നതുകൊണ്ടാകുന്നു, സത്യനിഷേധികള്‍ക്ക് ഒരു മൌലയും ഇല്ല എന്നതുകൊണ്ടും ആകുന്നു” ഫതാവ നവവി / 252).അബൂബകര്‍ സ്വിദ്ധീഖ്(റ) യുടെയും ഉമര്‍ ബിന്‍ ഖത്വാബ്(റ) യുടെയും കൂടി മൌലയാണോ അലിയാര്‍? എന്നൊരു ചോദ്യത്തിന് കൂടി ഇമാം നവവി റഹി അനുബന്ധമായി മറുപടി പറയുന്നത് ഇങ്ങനെ : “അതെ, തീര്‍ച്ചയായും അലിയാര്‍ അവര്‍ ഇരുവരുടെയും മൌലയാകുന്നു. നിശ്ചയമായും അവരിരുവരും അലിയാര്‍ തങ്ങളുടെ മൌലമാരും ആകുന്നു. ഇസ്സന്ദര്‍ഭത്തില്‍ നബി അലിയാര്‍ തങ്ങളെ എടുത്തുപറഞ്ഞത് , ഇവിടെ അലിയാരുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ഭം എന്നത്കൊണ്ടത്രേ. ഒരാളെ എടുത്തു പറയുമ്പോള്‍ മറ്റുള്ളവര്‍ക്കത് ഇല്ലെന്നറിയിക്കല്‍ അല്ല.” അഹ്ലുസ്സുന്നയുടെ പക്വമായ നിലപാട് അറിയാന്‍ യുഗപ്രഭാവന്‍മാരായ ഒന്നാം ഷാഫിഈ യുടെയും ‘രണ്ടാം ഷാഫിഈ’ യുടെയും പ്രസ്താവന ധാരാളം മതിയാകുന്നതാണ്.

ശാഫിഈ- അശഅരി ധാരയിലെ കുലപതിയായ ഇമാം ബൈഹഖി പറയുന്നു : “ (ധാരാളം പരാതികള്‍ വന്നപ്പോള്‍) അലിയാരുമായുള്ള തിരുനബിയുടെ സവിശേഷത ബന്ധവും അലിയാരോടുള്ള അവിടുത്തെ മഹബ്ബത്തും എടുത്തുപറയാനും, അതുവെച്ച് ജനങ്ങളെ അലിയാരുമായുള്ള സ്നേഹബന്ധത്തിനും ശത്രുത വെടിയാനും പ്രേരിപ്പിക്കാനും നബിതങ്ങള്‍ ആഗ്രഹിച്ചു. അവിടുത്തെ ഉപദേശത്തില്‍ കടന്നു വരുന്ന ‘വിലായത്ത്/ മുവാലാത്ത്’ കൊണ്ട് ഉദ്ദേശിക്കുന്നത് ഇസ്ലാമിലെ അംഗമെന്ന നിലക്കുള്ള (വലാഉല്‍ ഇസ്‌ലാം) സ്നേഹബന്ധമാണ്. ഇങ്ങനെ പരസ്പരം സ്നേഹബന്ധം കാത്തുസൂക്ഷിക്കേണ്ട, പരസ്പരം ശത്രുത ഇല്ലാതിരിക്കേണ്ട ബാധ്യത എല്ലാ മുസ്ലിംകള്‍ക്കുമുണ്ട്...” (അല്‍ഇഅതിഖാദ്)

അല്ലാമാ ഇബ്നു മന്‍ളൂര്‍ ലിസാനുല്‍ അറബില്‍ കുറിക്കുന്നു: “അല്ലാഹുമ്മ വാലി മന്‍ വാലാഹ്’ എന്ന തിരുമൊഴിയുടെ സാരം, അദ്ദേഹത്തെ സ്നേഹിച്ചവരെ നീ സ്നേഹിക്കൂ, സഹായിച്ചവരെ സഹായിക്കൂ എന്നത്രേ. ‘മന്‍ കുന്തു.’ എന്ന വചനത്തിനു അബുല്‍ അബ്ബാസ് നല്‍കിയ അര്‍ഥം, ‘ആര്‍ എന്നെ സ്നേഹിക്കുകയും ആത്മ ബന്ധം പുലര്‍ത്തുകയും ചെയ്യുന്നുവോ അയാള്‍ അലിയുമായും ആത്മബന്ധം പുലര്‍ത്തട്ടെ” എന്നാകുന്നു. .
അല്ലാമ ഇബ്നു അബ്ദില്‍ ബര്ര്‍ തംഹീദില്‍ പറയുന്നു: “മന്‍ കുന്തു മൌലാഹു.. എന്ന തിരുമൊഴി വ്യാഖ്യാനിച്ചു ശരിയായ അര്‍ഥത്തില്‍ ചുമത്തണം. കാരണം, മൌലാ എന്ന പദം ഭാഷയില്‍ വിവിധ അര്‍ത്ഥ സാധ്യതയുള്ളതാണ്. ഏറ്റവും ശരിയായ അര്‍ത്ഥം വലിയ്യ്‌ = ആദര്‍ശ ബന്ധു, നാസ്വിര്‍= സഹായി എന്നിവയാണ്. തനിക്കു ശേഷം തന്‍റെ ഖലീഫ പട്ടം എല്പിക്കുന്നതായി കാണിക്കുന്ന യാതൊന്നും ആ വാക്യത്തിലില്ല.” (മൌല എന്ന പദത്തിന് ഇരുപതോളം അര്‍ഥങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് അവയില്‍ പതിനാറു അര്‍ഥങ്ങള്‍ ഇമാം നവവി ഫത്വയില്‍ കൊടുക്കുന്നുണ്ട്.)

അശഅരി -മാലികീ പ്രമുഖനായ അല്ലാമാ ഖുര്‍തുബി തഫ്സീറില്‍: ആ തിരു വചനത്തില്‍ അലിയാരുടെ ഇമാമത്ത് പദവിയെ കാണിക്കുന്ന ഒന്നും ഇല്ല. അദ്ദേഹത്തിന്‍റെ പോരിശയും പൊലിമയും വ്യക്തമാക്കുന്നതെ ഉള്ളൂ. അതായത്, മൌല വലിയ്യ്‌ എന്ന അര്‍ത്ഥത്തിലാണ്. അപ്പോള്‍ ആ തിരുവചനത്തിന്റെ സാരം, ഞാന്‍ ആരുടെ വലിയ്യ്‌ ആണോ അലി അവരുടെ വലിയ്യ്‌ ആകുന്നു എന്നത്രേ. അല്ലാഹു പറഞ്ഞു. നിശ്ചയം അല്ലാഹു, അവനാണ് തിരുനബിയുടെ മൌല..( തഹ്രീം/ 4) അതായത്, വലിയ്യ്‌ എന്നര്‍ത്ഥം.”

അല്ലാമാ അബുല്‍ അസീസ്‌ ദഹ്ലവി അല്ഫാറൂഖി റഹി തന്‍റെ പ്രസിദ്ധമായ തുഹ്ഫതു ഇസ്നാ അശരിയ്യയില്‍ രേഖപ്പെടുത്തുന്നു: “ അപ്പോള്‍ തിരുനബിയുടെ വചന താല്പര്യം, ഭാഷാ നിയമങ്ങളോടു ഇണങ്ങുന്ന വിധം പ്രയാസരഹിതമായി മനസ്സിലാക്കാവുന്ന അര്‍ഥം തന്നെയാണെന്ന് വ്യക്തമായി. അതായത്, അവിടുത്തെ സ്നേഹിക്കണം എന്ന പോലെ അലിയെയും സ്നേഹിക്കുക; അലിയെ വെറുക്കുന്നത് നിഷിദ്ധമാണ്, അവിടുത്തെ വെറുക്കുന്ന പോലെത്തന്നെ. ഇതാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ മദ്ഹബ്. ഈ വചനത്തില്‍ നിന്നും അഹ്ലുബൈത്ത് മനസ്സിലാക്കിയതെന്തോ അതിനോട് പൊരുത്തപ്പെടുന്ന വീക്ഷണവും ഇതുതന്നെ.” തുടര്‍ന്ന്, പ്രസിദ്ധനായ അബൂ നുഐം അഹ്ലുല്ബൈത്ത് പ്രമുഖനും പന്ത്രണ്ടു ഇമാമുകളില്‍ പ്രധാനിയുമായ ഹസനുല്‍ മുസന്ന പ്രസ്തുത തിരുവചനത്തിനു കല്പിച്ച അര്‍ത്ഥവ്യാഖ്യാനം ഉദ്ധരിക്കുന്നു. ‘മന്‍ കുന്തു മൌലാഹു..’എന്ന തിരു മൊഴി അലി(റ)ന്‍റെ ഖിലാഫത്തിനുള്ള രേഖയാണോ? എന്ന് ചോദിച്ചപ്പോള്‍ സയ്യിദവര്കള്‍ പ്രതിവചിച്ചു : “ അതായിരുന്നു ഉദ്ധേശമെങ്കില്‍ സരള വാചക ശൈലിയുടെ ഉടമയായ തിരുദൂതര്‍, വ്യാഖ്യാനിച്ചു വിഷമിക്കാന്‍ ഇടയാകുന്ന വാചക ഘടന ഉപയോഗിക്കില്ലായിരുന്നു. ’അല്ലയോ ജനങ്ങളേ, ഇദ്ദേഹമാണ് എന്‍റെ സ്ഥാനത്തിന് ഏറ്റവും അര്‍ഹന്‍; എനിക്ക് ശേഷം നിങ്ങളുടെ നായകന്‍; കേള്‍ക്കുവീന്‍ ,അനുസരിക്കുവീന്‍’ എന്നങ്ങ് വളച്ചു കെട്ടില്ലാതെ പറയുമായിരുന്നല്ലോ.”.

ശിയാക്കളുടെ അര്‍ത്ഥകല്പനയും അഹ്ലുസുന്നയുടെ ഖണ്ഡനവും..


ശിഈകള്‍ ദുര്‍വ്യാഖ്യാനിക്കുന്ന പ്രധാന ഹദീസുകളില്‍ ഒന്നാണ് ഇത്. വലിയ പ്രാധാന്യത്തോടെ ഗദീര്‍ ഖും ഹദീസുകളെ അവര്‍ ഉദ്ധരിക്കാരുണ്ട്. നബി ജീവിതത്തിലെ മറ്റേതു സംഭവങ്ങളെക്കാള്‍ വര്‍ദ്ധിച്ച പ്രാധാന്യത്തോടെ ഗദീര്‍ ഖും ദിനം ആഘോഷിക്കാറുമുണ്ട്. ശി ഈ പണ്ഡിതന്മാരായ അലി ബഹ്രാനി യുടെ മനാറുള്‍ ഹുദ യിലും ജഅഫര്‍ സുബ്ഹാനിയുടെ സീറത്തു സയ്യിദില്‍ മുര്സലീനിലും ഗദീര്‍ ഖും സംഭവത്തെ അവര്‍ക്ക് എത്രമാത്രം ആവശ്യമുണ്ടെന്നു വ്യക്തമാക്കുന്നുണ്ട്. അബ്ദുല്‍ ഹുസൈന്‍ അല്‍അമീനിയുടെ ‘അല്‍ഗദീര്‍’ ഇവ്വിഷയകമായി ശിഈ പക്ഷത്ത് ഇറങ്ങിയ ഏറ്റവും ബൃഹത്തായ രചനയാണ്. പതിനൊന്നു വോള്യങ്ങളില്‍ ഇപ്പോള്‍ ഇത് ലഭ്യമാണ്. നേരത്തെ, ഇമാം ത്വബ്രിയുടെ പേരില്‍ ഗദീര്‍ ഖും എന്നൊരു ക്ഷുദ്ര കൃതി ഇറങ്ങിയിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ഇബ്നു റുസ്തം ത്വബ്രി എന്ന ശിഈ അപരന്‍ ഇറക്കിയതായിരുന്നു. സുന്നിയായ ത്വബ്രിയുടെ അല്ല.

ഗദീര്‍ ഖും പ്രഭാഷണത്തിലെ “മന്‍ കുന്തു മൌലാഹു...” എന്ന വചനമാണ് ശിഈകള്‍ കാര്യമായി ആഘോഷിക്കാറുള്ളത്. അതിനെ തെറ്റായി വ്യാഖ്യാനിച്ചു വേണം അലിയാരുടെ ഖിലാഫത്തും ഇമാമത്തും അവര്‍ക്ക് സ്ഥാപിക്കാന്‍. അവരുടെ പിഴവാദം ഇങ്ങനെ പോകുന്നു:
നബി വിശ്വാസികള്‍ക്ക് അവരുടെ നഫ്സിനേക്കാള്‍ ‘ഔലാ’ ആകുന്നു. ഔലാ എന്നാല്‍ സര്‍വ്വാധികാരി. സകലരും സേവിക്കെണ്ടവര്‍. അവരിലെ കല്പനാധികാരി. അങ്ങനെയെങ്കില്‍ അതെ അര്‍ത്ഥമാണ് മൌലാ എന്നതിനും. അപ്പോള്‍ അലിയെയും ഔലായായി പരിഗണിക്കണം. അഥവാ മൌലായായി. അപ്പോള്‍ അലി സകല വിശ്വാസികള്‍ക്കും രക്ഷാധികാരിയും രാജ്യാധികാരിയും ആത്മീയ നേതാവും ആയിത്തീരുന്നു. അലിയാരുടെ ജീവിത കാലത്ത് പരിമിതമല്ല ഇത്. അന്ത്യനാള്‍ വരെയുള്ള വിശ്വാസികളുടെ മൌലയാണ് അലിയാര്‍. തിരുനബി അലിയാര്‍ക്ക് മൌലാ പദവി നല്‍കി അവരോധിച്ചപ്പോള്‍ ഹസ്രത്ത് ഉമര്‍ അലിയെ ആശംസിച്ച വാക്കുകള്‍ അതിനു തെളിവാണ്. ഉമര്‍(റ) പറഞ്ഞു: ബഖിന്‍. ബഖിന്‍, (കൊള്ളാം, കൊള്ളാം) അന്ത്യനാള്‍ വരെയ്ക്കുമുള്ള വിശ്വാസികളുടെ മൌലയായല്ലോ അലീ താങ്കള്‍..” ( ഇതേ ഉമര്‍ സ്വിദ്ധീഖുല്‍ അക്ബറിന്റെ ഖിലാഫത്ത് അംഗീകരിച്ചതും അദ്ദേഹത്തിനു ശേഷം ഖലീഫ ആയതും അലിയാരെ ‘കീഴില്‍’ നിര്‍ത്തിയതും ഉമറിന്റെ കാപട്യം കൊണ്ടും അധികാര മോഹം കൊണ്ടും ആണെന്ന ശിഈ വിശ്വാസം ഇവിടെ മറന്നേക്കുക!) അതിനാല്‍, അലിയും അലി നിയമിക്കുന്നവരും മാത്രമാണ് വിശ്വാസികളുടെ എക്കാലത്തെയും മൌല=ഖലീഫ= ഇമാം= ഷെയ്ഖ്‌... ഇതാണ് ശിഈ വാദം.

ശിഈകളുടെ വൈകാരികവും നിയമവിരുദ്ധവുമായ ഈ ദുര്‍ വ്യാഖ്യാനങ്ങളെ അഹ്ലുസ്സുന്ന ഉലമാക്കള്‍ പണ്ടേ പൊളിച്ചടക്കിയിട്ടുണ്ട്. ശിഈ പക്ഷത്തെ ഈ ദുര്‍വാദം ഉദ്ധരിച്ചു കൊണ്ട് ഇമാം റാസി തന്‍റെ അര്‍ബ ഈനില്‍ പ്രതികരിച്ചത്, ഇതിനൊന്നും നില്നില്പില്ലെന്ന മട്ടിലാണ്. ഇതുപോലെ സാന്ദര്‍ഭികമായി തിരുനബി അലിയെക്കൂടാതെ മറ്റു പലരെയും വര്‍ണ്ണിച്ചിട്ടുണ്ട്. അബൂബകറിനെ കുറിച്ചുള്ള വര്‍ണ്ണനകള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ സുലഭമാണ്. അവിടെയെല്ലാം ഇപ്രകാരം വ്യാഖ്യാനിച്ചാല്‍ സമുദായത്തില്‍ ആകെ മൌലമാര്‍ മാത്രമായിരിക്കും. ശാഹ് വലിയ്യുല്ലാഹി ദഹ്ലവി റഹി എഴുതുന്നു: “.. അലിയാരുടെ കാര്യത്തില്‍ മാത്രമല്ല ഇത്തരത്തിലുള്ള വാഴ്ത്ത് വാക്യങ്ങള്‍ വന്നിട്ടുള്ളത്. അബൂബകര്‍ സ്വിദ്ധീഖിന്‍റെയും അബ്ബാസ്(റ)ന്‍റെയും അദ്ദേഹത്തിന്‍റെ പുത്രന്മാരുടെയും സത്യവിശ്വാസികളുടെ മാതാക്കളായ തിരു പത്നിമാരുടെയും കാര്യത്തില്‍ ഇപ്രകാരമുള്ള പ്രകീര്‍ത്തനങ്ങള്‍ കാണാം.” (ഇസാലത്തുല്‍ ഖഫാ)

ശിഈ കളുടെ അര്‍ത്ഥകല്പനയിലെ കബളിപ്പിക്കല്‍ പലരെയും കുഴിയില്‍ ചാടിച്ചിട്ടുണ്ടെങ്കിലും അഹ്ലുസ്സുന്നയുടെ അജയ്യരായ ഉലമാക്കള്‍ മുഴുവന്‍ കുതന്ത്രങ്ങളെയും കയ്യോടെ പിടികൂടികൂടിയത് കാണാം. അഹ്ലുസ്സുന്ന ഉലമാക്കളുടെ മറുചോദ്യങ്ങളില്‍ ചിലത് പറയാം :

ഒന്ന്: മൌലാ എന്നതിന്‍റെ അര്‍ത്ഥം എന്ത്?


മൌലയുടെ ഇരുപതോളം അര്‍ത്ഥങ്ങളില്‍ പതിനാറ് എണ്ണം ഇമാം നവവി ഫതവയില്‍ കൊടുക്കുന്നുണ്ട്. റബ്ബ്, മാലിക്, സയ്യിദ്, അബ്ദ്, മുന്‍ ഇം (ഗുണം ചെയ്യുന്നവന്‍), മുന്‍അമു അലൈഹി (ഗുണം അനുഭവിക്കുന്നവന്‍),മുഅതിഖ്( അടിമമോചകന്‍), മുഅതഖ്( മോചിത അടിമ), നാസ്വിര്‍, മുഹിബ്ബ്, താബിഉ, ജാര്‍( അയല്‍വാസി), ഇബ്നുല്‍ അമ്മു (പിതൃവ്യ പുത്രന്‍), ഹലീഫ്( സന്ധി ചെയ്തവന്‍), സ്വിഹ്ര്‍( മരുമകന്‍), ആഖീല്‍..എന്നിവയാണവ. പ്രസിദ്ധ ഭാഷാ പടുക്കള്‍ ആരും ഇതിനപ്പുറം ഒരര്‍ത്ഥം നല്‍കുന്നില്ല. ശാഹ് വലിയ്യുല്ലാഹി രേഖപ്പെടുത്തുന്നു: “ സാഹചര്യ തെളിവുകള്‍ കാണിക്കുന്നത് ഇവിടെ മൌലയുടെ അര്‍ത്ഥം സ്വദീഖ്= മിത്രം എന്നത്രേ.” (ഇസാല:). സര്‍വ്വാധിപതി, ഭരണാധികാരി തുടങ്ങിയ അര്‍ത്ഥം , അതായത്, ഖലീഫയെയോ ഇമാമിനെയോ കുറിക്കുന്ന അര്‍ഥം മൌലാ എന്ന പദത്തിന് എവിടുന്ന് സംഘടിപ്പിച്ചു?

രണ്ട്: മൌലയും ഔലായും തുല്യ അര്‍ത്ഥമുള്ള പദങ്ങളാണോ?


നബിതങ്ങള്‍ ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക് സ്വന്തം നഫ്സിനേക്കാള്‍ ഔലായല്ലേ? തീര്‍ച്ചയായും നബി വിശ്വാസികള്‍ക്ക് അവരുടെ നഫ്സിനേക്കാള്‍ സ്നേഹിക്കപ്പെടെണ്ടതാണ്. വിശ്വാസികള്‍ അവരുടെ നഫ്സിനോട് കാണിക്കുന്ന സ്നേഹലാളനയെക്കാള്‍ നബി അവരുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നു. നബിതങ്ങള്‍ മൌലാ തന്നെ. തുടര്‍ന്ന് അവിടുന്ന് പ്രഖ്യാപിച്ചത്, ഔലാ എന്ന പദം അല്ല. “ മന്‍ കുന്തു മൌലാഹു ഫ അലിയ്യുന്‍ മൌലാഹ്.” എന്നായിരുന്നു. ഇവിടെ ഔലായും മൌലയും ഒരേ അര്‍ത്ഥമല്ല. അതായത്,? ഭാഷാ നിയമപ്രകാരം ഔലാ= മൌലാ സൂത്രവാക്യം സാധുവല്ല. ഔലാ ഇസ്മുത്തഫ്സീല്‍ ആകുന്നു (superlative) . ഏറ്റവും കടപ്പെട്ടവന്‍/ ഇഷ്ടന്‍/ ബന്ധമുള്ളയാള്‍ എന്നെല്ലാം പറയാം. മൌലാ ഇസ്മു മഫ്ഊല്‍ ആകുന്നു. ഫഈല്‍ ഫ്രൈമിലുള്ള വലിയ്യ്‌ എന്നര്‍ത്ഥം നല്‍കാം. അപ്പോള്‍, നബിതങ്ങളുടെ വചന സാരം ഇങ്ങനെ കല്‍പിക്കണം: “ നിങ്ങളുടെ ക്ഷേമം നിങ്ങളെക്കാള്‍ ഏറ്റവുമേറെ ആഗ്രഹിക്കുകയും അതിനനുസൃതമായവ മാത്രം കല്പിക്കുകയും ചെയ്യുന്നവനാണ് ഞാന്‍; നിങ്ങളോ, സ്വന്തത്തെക്കാള്‍ , മറ്റെന്തിനേക്കാളും ഏറ്റവുമേറെ എന്നെ സ്നേഹിക്കുകയും ഹൃദയത്തില്‍ കുടിയിരുത്തുകയും ചെയ്യുന്നു. അതിനാല്‍ ഞാന്‍ നിങ്ങളോട് പറയട്ടെ. ഞാന്‍ ആരുടെയൊക്കെ ഇഷ്ടനാണോ അലിയും അവരുടെ സ്നേഹിതന്‍ ആകേണ്ടതാണ്.” കാര്യം വളരെ വ്യക്തം. അല്ല, മൌല= ഔലാ എന്ന വാദമുണ്ടെങ്കില്‍ അത് ഭാഷാപരമായി തെളിയിക്കണം. ശാഹ് ദഹ് ലവി പറയുന്നു: “കണ്ടോ ശീഇകളുടെ ദുര്‍വാശി! അവരുടെ വാദത്തെ പിന്തുണയ്ക്കുന്ന ഒന്നും തന്നെ ഈ ഹദീസില്‍ ഇല്ലെന്നു കണ്ടപ്പോള്‍ അവര്‍ മൌലായെന്നാല്‍ ഔലായുടെ അര്‍ത്ഥമാണെന്ന് പുലമ്പുന്നു. (അതായത്, ‘ഞാന്‍ ആരുടെ ഏറ്റവും അര്‍ഹനായ സര്‍വാധിപതിയാണോ അവരുടെയെല്ലാം ഏറ്റവും അര്‍ഹനായ സര്‍വാധികാരിയാകുന്നു അലി” എന്ന്).... എന്നാല്‍ ഒരുകാലത്തും ‘അഫ്അല’ ‘ഫഈലി’ന്‍റെ അര്‍ഥം ചുമന്ന് വരുന്നത് നമുക്കറിയില്ലട്ടോ!!”

മൂന്ന്: ശരി, മൌലാ ഔലായുടെ അര്‍ത്ഥത്തിലാണെന്ന് വാദത്തിനു വേണ്ടി സമ്മതിക്കാം. അപ്പോള്‍ ഏറ്റവും അര്‍ഹനാകുന്നത് വിശ്വാസികളുടെ രാഷ്ടീയ- ആത്മീയ ഭരണ കാര്യത്തിനാകുന്നു എന്ന്‍ എവിടുന്ന് കിട്ടി? ഔലാ ബിത്തസ്വറുഫ് എന്ന പരിമിതി ആര് നിശ്ചയിച്ചു? ഔലാ ബില്‍ മഹബ്ബത്ത് = സ്നേഹിക്കപ്പെടാന്‍ ഏറ്റവും അര്‍ഹന്‍ എന്നാകാലോ? ഔലാ ബിത്ത അളീം = ആദരിക്കപ്പെടാന്‍ ഏറ്റവും യോഗ്യന്‍ എന്നും ആകാലോ? ഭരണാധികാരത്തിന് ഏറ്റവും അര്‍ഹന്‍ എന്നേ അര്‍ത്ഥം കാണൂ എന്ന് പറയുന്നവര്‍ അതിനുള്ള കാരണം പറയണം.. ഒരു ന്യായവും നിരത്താനില്ല.
നാല്: നിങ്ങളുടെ അര്‍ത്ഥ കല്പന പ്രകാരം, ഹദീസില്‍ തുടര്‍ന്ന് വരുന്ന “ അല്ലാഹുമ്മ വാലി മന്‍ വാലാഹു, വ ആദി മന്‍ ആദാഹു” എന്ന വാചകത്തിന്‍റെ അര്‍ഥം എന്താകും? അല്ലാഹുവേ, അലിയെ മൌല/ഔലയാക്കിയവരെയെല്ലാം നീ മൌല/ ഔല ആക്കണേ... എന്നാകണമല്ലോ! അപ്പോള്‍ അലിക്ക് മൌലാ/ഔലാ പദവി കല്പിക്കുന്നവര്‍ക്കെല്ലാം തല്‍സമയത്തെ മൌലാ/ഔലാ ആകാമെന്നല്ലേ?! തിരുദൂതരുടെ ആ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടില്ലേ?! അങ്ങനെയെങ്കില്‍ അലിക്ക് ഔലാ പദവി കല്പിക്കുന്ന ശിഈകളില്‍ എത്ര ഔലമാര്‍ ഉണ്ടാകും? വ്യര്‍ഥമായ അര്‍ത്ഥകല്പനയുടെ പരിണിത ഫലം കണ്ടോ? അലിയെ ഇമാമാക്കിയവരെല്ലാം ഇമാമുകള്‍!!

വാചക ഘടനയുടെ സാഹിത്യ ഭംഗിയും പൊരുത്തവും ശിഈ വാദത്തെ തുണക്കുന്നില്ല. അതിലെ രണ്ടാം പാതി നോക്കൂ. അലിയോട് ശത്രുത പുലര്‍ത്തുന്നവനെ നീ ശത്രുവായി കാണുക. വാചക പൊരുത്തം ഉണ്ടാകണമെങ്കില്‍ ആദ്യ പാതി യുടെ വിപരീത അര്‍ത്ഥമായിരിക്കണം രണ്ടാം പാതിയില്‍. അല്ലാഹുവേ, അലിയെ സ്നേഹിക്കുന്നവരെ/ മിത്രമാക്കിയവരെ നീ മിത്രമാക്കുക, അലിയോടു ശത്രുത കാണിക്കുന്നവരെ നീ ശത്രുവായി കാണുക... എന്തൊരു ചന്തമുണ്ട്.

അഞ്ച്: നബി അലിയെ ഇമാമത്ത് സ്ഥാനത്ത് അവരോധിക്കുകയായിരുന്നു എന്നാണല്ലോ ശിഈകള്‍ പറയുന്നത്. ആ റിപ്പോര്‍ട്ടുകളില്‍ എവിടെയും എനിക്ക് ശേഷം എന്നില്ല. അപ്പോള്‍, എന്നെ ഇപ്പോള്‍/ എപ്പോഴും മൌലയായി എടുത്തവര്‍ ആരെല്ലാമുണ്ടോ അവരുടെ ഇപ്പോഴത്തെ/ എപ്പോഴത്തെയും മൌലയാണ് അലി എന്നാണു ആശയം കിട്ടുക. അതായത്, തിരുനബി ഭൂമുഖത്ത് ഉള്ളപ്പോള്‍ തന്നെ അലിയെ സമുദായത്തിന്‍റെ ഇമാം ആയി വാഴിച്ചു എന്ന് വരും. അങ്ങനെ, ഒരേ സമയത്ത് രണ്ട് ഇമാമുകള്‍ സമുദായത്തില്‍ ആകാമോ? ഔലയായ ഒരു ഇമാമിനെ അവരോധിച്ചിരിക്കെ, തിരുനബി അന്ത്യ സമയങ്ങളില്‍ നിസ്കാരത്തിന് സ്വിദ്ധീഖുല്‍ അക്ബറിനെ ഇമാം ആക്കിയത് എന്തേ? ശറഹുല്‍ മിശ്കാത്തില്‍ അല്ലാമാ ത്വീബി കുറിക്കുന്നു: ഹദീസില്‍ പരാമര്‍ശിക്കുന്ന ‘വിലായത്ത്’ , സത്യവിശ്വാസികളുടെ മുഴുവന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം നല്‍കുന്ന ഇമാമത്ത് എന്ന അര്‍ത്ഥത്തില്‍ ചുമത്തുന്നത് നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത കാര്യമാണ്. കാരണം, സ്വതന്ത്ര അധികാരി അസ്സമയത്ത് നബിയാണ്. മറ്റാരുമല്ല. അതിനാല്‍ അവിടെ പറഞ്ഞ ‘വിലായത്ത്’ മഹബ്ബത്ത്., വലാഉല്‍ ഇസ്‌ലാം ( പ്രാസ്ഥാനിക ബന്ധം) എന്നിങ്ങനെയുള്ള അര്‍ത്ഥം കല്‍പിച്ച് മനസ്സിലാക്കണം.”

ഗദീര്‍ പ്രഭാഷണം : സ്വൂഫികള്‍ക്കെന്താ കാര്യം?


അലി(റ)വുമായുള്ള സ്വൂഫി/ ത്വരീഖത്ത് ബന്ധം സുവിദിതമാണ്. എന്നാല്‍, ഗദീറില്‍ അവര്‍ക്കെന്തു കാര്യമുണ്ടെന്ന് ഇതുവരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഈയ്യിടെ കേട്ട ഒരു വാദം ഇതാ: “ഗദീര്‍ഖും പ്രഖ്യാപനം ഖിലാഫതിന്റേതല്ല, വിലായതുമായി ബന്ധപ്പെട്ടതാണ്. “ ഖിലാഫത്ത് രാഷ്ട്രീയമാണ്. അത് ജനങ്ങളുമായുള്ള വ്യവഹാരത്തിന്റെ കാര്യമാണ്. എന്നാല്‍ വിലായത്ത് എന്നത് കൊണ്ട് സ്വൂഫി ഉദ്ദേശിക്കുന്നത് അല്ലാഹുവായുള്ള അടുപ്പത്തിന്‍റെ, അള്ളാഹു ഒരു വ്യക്തിയെ ഏറ്റെടുക്കുന്നതിന്റെ ഭാഷയാണ്‌. അതായത്, അലി അല്ലാഹുവിന്‍റെ വലിയ്യ്‌ ആകുന്നതും നബിതങ്ങള്‍ അത് ജനസമക്ഷം പ്രഖ്യാപിക്കുന്നതും ഗദീര്‍ ഖുമ്മില്‍ വെച്ചാണ്.
ഇവിടെ ചില അന്വേഷണങ്ങള്‍ അവശേഷിക്കുന്നു.

ഒന്ന്: നബി തങ്ങള്‍ ഇപ്രകാരം മറ്റേതെങ്കിലും സ്വഹാബിയുടെ വിലായത്ത് ഇതുപോലെ പ്രഖ്യാപിച്ചതായി കാണുമോ?

രണ്ട്: അലി(റ) മാത്രമാണോ സ്വഹാബികളില്‍ വിലായത്ത് പദവിയില്‍ എത്തിയത്? അഥവാ സ്വഹാബികളില്‍ ആരാണ് വിലായത്ത് നേടാതിരുന്നത്?

മൂന്ന്: “അല്ലാഹുമ്മ വാലി മന്‍ വാലാഹു എന്ന് ഖുമ്മില്‍ നബി പറഞ്ഞത് (റി.അഹ്മദ്)വിലായതല്ലേ.?എന്നാണു ചിലരുടെ ന്യായം. അലിയുമായി സോഹൃദം സ്ഥാപിക്കണം എന്നേ ഇവിടെ പറഞ്ഞിട്ടുല്ലോ. അതുവരെ "ഖുതുബ്" അല്ലാതിരുന്ന അലിയെ ആ സദസ്സില്‍ വെച്ച് "ഖുതുബായി" വാഴിക്കുകയയിരുന്നില്ല. നബിയുടെ ആത്മീയ നേത്രുത്വം കൈകാര്യം ചെയ്യുന്ന "വിലായത്തിന്റെ ഖിലാഫത്ത് " നല്‍കുകയും ആയിരുന്നില്ല. ആ സംഭവം കാണിച്ച് ഒരു മഹാനും അത് പറഞ്ഞതായി അറിയില്ല. സ്വൂഫികള്‍ പലരും അലിയാര്‍ തങ്ങളുടെ ആത്മീയ പരമ്പരയില്‍ വരുന്നു എന്നത് സത്യം. അത് വേറെ കാര്യം. അലിയാരുടെ ആത്മീയ നേത്രുത്വമല്ല ഇവിടെ നിഷേധിക്കുന്നത്. ഗദീറില്‍ വിലായത്ത് പ്രഖ്യാപിക്കുകയായിരുന്നു എന്ന അതിവായനയെ ആകുന്നു.

നാല്: “ഇമാം അഹ്മദിന്റെ രിവായതില്‍ അന്ന് നബി നാലു വട്ടം അവിടെ ഞാനാര്‍ക്കു വലിയ്യാണോ അവര്‍ക്കു അലിയും വലിയ്യാണ് എന്നു പറഞ്ഞു എന്നാണ്. മാത്രമല്ല പിന്നെ സ്‌നേഹിക്കണം എന്നാണെങ്കില്‍ നബിക്ക് എല്ലാവരും അലി(റ)യെ സ്‌നേഹിക്കണം എന്നു പറഞ്ഞാല്‍ പോരേ. പല സുന്നീ പണ്ഡിതരും അങ്ങനെ വിശദീകരിച്ചത് എന്റെ പക്കലുണ്ട്.” ആ പണ്ഡിതന്മാരുടെ വിശദീകരണം ശരിയല്ലെന്ന് പറയാനുള്ള ന്യായം? ഇമാം ശാഫിഈ അടക്കമുള്ള, ശാഫിയും ഹനഫിയും അശഅരിയും സ്വൂഫിയും ആയവരുടെ നിലപാടുകളാണ് മേലെ ഉദ്ധരിച്ചിട്ടുള്ളത്. അതൊന്നും ശരിയല്ലാതാകുന്നതിന്റെ മാനദണ്ഡം എന്തായിരിക്കും?!

അഞ്ച്: “അഹ്‌ലുബൈതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാന്‍ ശീഈ-സുന്നീ മുഖ്യധാര നിലപാടിന്റെ ആളല്ല. മറ്റൊരു സമീപനമാണ്. അത് വിശദമായി ചര്‍ച്ചചെയ്യണം... ഞാന്‍ കാലങ്ങളായി ഇബ്‌നു അറബി ചിന്താധാരക്കാരനാണ്...” എന്ന നിലപാട് ഉള്ളവര്‍ക്ക് ഗദീര്‍ ഖും സംബന്ധമായ ഇബ്നു അറബി തങ്ങളുടെ വീക്ഷണം വെളിപ്പെടുത്താമോ?

ഗദീര്‍ മുബാറക് ഫിഖ്ഹീ ചര്‍ച്ച..

ഉന്നത സ്ഥാനത്ത് അവരോധിക്കുക, വല്ല മഹത്വവും ആര്ജ്ജിക്കുക, തൌബ സ്വീകരിക്കുക, രോഗമുക്തിനേടുക, ഹജ്ജ് പൂര്‍ത്തിയാക്കുക, യുദ്ധവിജയം നേടുക, വിവാഹംചെയ്യുക, കുട്ടിജനിക്കുക, റമദാന്‍ ആഗാതമാകുക, പെരുന്നാള്‍ ദിനങ്ങളില്‍ .. തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ആശംസ അര്‍പ്പിക്കാവുന്നതാണ്, മേല്പറഞ്ഞ ചിലയിടങ്ങളില്‍ സുന്നത്തുത്തന്നെയാണ്.. അലിറ ന്‍റെമഹത്വം തിരുനബി വിളംബരം ചെയ്ത സന്ദര്‍ഭത്തില്‍ ഉമര്‍റ അലി(റ) ആശംസ അറിയിച്ചത് നമുക്ക് മാത്രുയാക്കാം..അതായത്, വല്ലവരും ഉന്നത നേട്ടം കൈവരിക്കുന്ന സന്ദര്‍ഭത്തില്‍ അതിനോട് പ്രതികരിച്ചു കൊണ്ട് " ബഖിന്‍, ബഖിന്‍" എന്നോ "ഹനീഅന് " എന്നോ ആശംസിക്കാവുന്നതാണ്. അതവിടെ അവസാനിച്ചു. ഇങ്ങനെ മഹത്വം നേടിയ ആളെ അടുത്തവര്ഷം അതെതിയതിയില്‍ കാണുന്പോള്‍ വീണ്ടും ആശംസിക്കുകയോ ആദിനംഒരുപെരുന്നാള്‍ ആയി വര്‍ഷാവര്‍ഷം കൊണ്ടാടുകയോ ചെയ്യുന്ന രീതി ഇസ്ലാമില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.ഓരോ മുഹറം പത്തിനും മൂസാ നബിയെ ലക്ഷ്യമാക്കി "നൈല്‍ മുബാറക്" പറയുന്ന പതിവില്ലല്ലോ..ചുരുക്കത്തില്‍, ഉമര്‍(റ) അലിയാരെ ആശംസിച്ച സംഭവം , മറ്റുള്ളവര്‍ക്ക്ഇ ക്കാലത്ത് ഗദീര്‍ ദിനത്തില്‍ അലിയാര്‍ക്കോ അല്യാരെ സ്നേഹിക്കുന്ന മറ്റുള്ളവര്‍ക്കോ ആശംസ അര്‍പ്പിക്കാനുള്ള രേഖയാവില്ല.

ഗദീര്‍ ഖും ദിനം ശിഈകള്‍ പ്രത്യേകം ആഘോഷിച്ചു പോരുന്ന അവരുടെ വിശേഷ ദിനം ആകുന്നു. നാളിതുവരെയുള്ള സുന്നികള്‍, ഫഖീഹുകള്‍/ സ്വൂഫികള്‍ , ഈദിനത്തില്‍ അലി(റ)ന് പ്രത്യേകം ആശംസഅര്‍പ്പിച്ചിരുന്നതായി അറിവില്ല. സ്വഹാബികളില്‍ പലരെയും വിവിധ തരത്തിലുള്ള മഹത്വങ്ങള്‍ അറിയിക്കപ്പെട്ടിട്ടുണ്ട്. ആദിനങ്ങളില്‍ മുസ്‌ലിം ഉമ്മത്ത്‌ ഇപ്പോള്‍ ആശംസ അര്‍പ്പിക്കാറില്ല. അലിയും ഉസ്മാനുംഉമറുംഅബൂബകരും(റ) മറ്റു സ്വഹാബികളും നമുക്ക് ബഹുമാന്യരാണ്. അവര്‍ നമ്മുടെ മൌലമാര്‍തന്നെ. അവര്‍ നമുക്ക് അനുഗ്രഹമാണ്. എന്നുവെച്ച്, അവര്‍ പ്രത്യേകം വാഴ്ത്തപ്പെട്ട നാളുകളില്‍എല്ലാം"മുബാറക്" പറയാറില്ലല്ലോ. അലിയെ തത്സമയം ആശംസിച്ച ഉമര്‍(റ) പോലും തുടര്‍ന്നുള്ള ദുല്‍ഹജ്ജ് പതിനെട്ടുകളില്‍ (ഏതാണ്ട് ഇരുപതിലേറെ വര്‍ഷങ്ങള്‍ കൂടെ ജീവിച്ചു) ജീവിച്ചിരിപ്പുള്ള അലിക്ക് "ഗദീര്‍ മുബാറക്" പറഞ്ഞില്ല. അപ്പോള്‍, അലിറ വുമായി ബന്ധപ്പെട്ട് ശിയാക്കള്‍ ചെയ്യുന്ന ഈ ആഘോഷവും ആശംസയും എന്തുകൊണ്ടും സുന്നികള്‍ ഒഴിവാക്കണം. അതാണ്‌ അഹ്ലുസ്സുന്നയുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കാനുള്ള വഴി. വിശിഷ്യാ, കേരളത്തിലും ആഗോളതലത്തിലും മുസ്ലിംകള്‍ക്കിടയില്‍ ഷിയാ സംസ്കാരങ്ങളും വിശ്വാസങ്ങളും തള്ളിക്കയട്ടാനുള്ള ഇറാന്‍ സഖ്യത്തിന്‍റെശ്രമങ്ങള്‍ശക്തമായ ഈസാഹചര്യത്തില്‍.. ഇറാന്‍റെ ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സ്വൂഫിസംഘങ്ങള്‍ ഇപ്പോള്‍മുസ്ലിംനാടുകളില്‍ വ്യാപകമാണ്...

അല്ലാഹുമ്മ വാലി മന്‍ വാലാഹു
വ ആദി മന്‍ ആദാഹു..

അല്ലാഹുവേ , അലിയെ സ്നേഹിച്ചവരെ നീ സ്നേഹിക്കുക; അലിയോട് ശത്രുത കാണിക്കുന്നവനെ നീ ശത്രുവായി എടുക്കുക..

അല്ലാമാ ഇബ്നുല്‍ അറബി മാലികി റഹി പറയുന്നു: തിരുദൂതരുടെ പ്രാര്‍ഥനയാണിത്. ഉത്തരം ചെയ്യപ്പെടുന്ന / ചെയ്യപ്പെട്ട പ്രാര്‍ത്ഥന. അലിയാരോട് ശത്രുത കാണിക്കുന്നവരായിട്ടു റാഫിദികളെയല്ലാതെ നമുക്കറിയില്ല. കാരണം, അവര്‍ അദ്ദേഹത്തെ അദ്ദേഹത്തിന്‍റെതല്ലാത്ത സ്ഥാനത്ത് ഇറക്കി വെച്ചിരിക്കുകയാണ്. യോജിക്കാത്ത ഒരു പദവിയാണ് അദ്ദേഹത്തോട് അവര്‍ ബന്ധിപ്പിച്ചു പ്രചരിപ്പിക്കുന്നത്. പരിധിക്കപ്പുറത്തേക്കുള്ള സിയാദ യഥാര്‍ത്തത്തില്‍ നുഖ്സ്വാന്‍ ഉണ്ടാക്കലാണ്.." ( അല്‍അവാസ്വിം)

സയ്യിദുനാ അലി റളിയല്ലാഹു അന്ഹു സഗൌരവം ഉണര്‍ത്തുന്നു:
എന്നെ സ്നേഹിച്ചു ചിലര്‍ നരകത്തില്‍ കടക്കും.എന്നെ വെറുത്തു മററു ചിലരും .
ليحبني قوم حتي يدخل النار فيّ , وليبغضني قوم حتي يدخل النار فيّ
" يهلك فيّ رجلان : مفرط في جبي ومفرط في غضبي "
أخرجه ابن عاصم في السنة )983و984



No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal