} -->

ഉന്നത സ്വഭാവ ഗുണങ്ങളുടെ ഉടമ - ഹസ്രത്ത് മുആവിയ (അഞ്ച്)


ഹസ്രത്ത് മുആവിയ (അഞ്ച്)



ഉന്നത സ്വഭാവ ഗുണങ്ങളുടെ ഉടമ

                                      - അബ്ദുറഹ്മാൻ ആദൃശ്ശേരി
          കുലീന കുടുംബത്തിൽ പിറന്ന മുആവിയ(റ) ഉന്നത സ്വഭാവ ഗുണങ്ങളുടെ ഉടമയായിരുന്നു. ഉമർ(റ) അദ്ദേഹത്തെ തന്റെ സഹോദരൻ യസീദിന്റെ വിയോഗാനന്തരം ശാമിന്റെ ഗവർണറായി നിയമിച്ചു. തന്റെ പ്രജകൾ അദ്ദേഹത്തോട് അങ്ങേയറ്റത്തെ ആദരവും സ്നേഹവും പുലർത്തി. ഒരാളും തന്നെ കുറിച്ച് ഒരു പരാതിയും ഉന്നയിച്ചില്ല. "അദ്ദേഹം നേതൃത്വത്തിന് ഏറ്റവും അനുയോജ്യനായിരുന്നു. കുലീനനും ഗാംഭീര്യം തുളുമ്പുന്നവനും ധീരനുമായിരുന്നു യുക്തിമാനും ഔദാര്യവാനും നന്മകളുടെ കേദാരവുമായിരുന്നു."
          അതിർത്തി പ്രദേശമായ ശാമിൽ ഉമറും(റ) ഉസ്മാൻ(റ)ഉം അദ്ദേഹത്തെ ഗവർണറായി നിശ്ചയിച്ചു. തന്റെ ദൗത്യം വളരെ നന്നായി നിർവ്വഹിച്ചു. ജനങ്ങൾക്ക് തന്റെ ഭരണപാടവവും നേതൃഗുണവും ഉദാരശീലവും നന്നായി ഇഷ്ടപ്പെട്ടു. തന്റെ ബൗദ്ധിക മികവുകൊണ്ട് വലിയ ഒരു ഭൂപ്രദേശത്തെ അടക്കി ഭരിക്കാൻ തനിക്ക് സാധിച്ചു. യുക്തസഹമായ പെരുമാറ്റവും ഹൃദയവിശാലതയും നിരീക്ഷണ പാടവവും പ്രജാവാത്സല്യവും കാരണമായി ഇരുപത് വർഷക്കാലം ഗവർണറായും ഇരുപത് വർഷം ഖലീഫയായും അദ്ദേഹം അധികാരം നടത്തി. തന്റെ ഭരണത്തെ ആരും അധിക്ഷേപിച്ചില്ല. അറേബ്യൻ ഉപദ്വീപ്, ശാം, ഇറാഖ്, ഖുറാസാൻ, പേർഷ്യ, മധ്യേഷ്യ, യമൻ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽ അറബികളും അനറബികളും തനിക്ക് കീഴടങ്ങി.
          മുആവിയ(റ) അങ്ങേ അറ്റത്തെ ഔദാര്യവാനായിരുന്നു. നബി കുടുംബത്തിൽ പെട്ടവർക്ക് അദ്ദേഹം വാരിക്കോരി നൽകുമായിരുന്നു. മുഹാജിറുകളുടെയും അൻസാറുകളുടെയും മക്കൾക്കും അദ്ദേഹം കണക്കില്ലാതെ നൽകി. അതുകൊണ്ട് തന്നെ മുആവിയ(റ)യെ കവച്ചുവെക്കുന്ന ഔദാര്യമില്ല എന്ന അബുദ്ദർദാഅ്(റ) പറഞ്ഞത്: "ഉമ്മുൽ മുഅ്മിനീൻ ആയിശ(റ)ക്ക് പതിനെട്ടായിരം ദീനാറും അവർക്ക് ജനങ്ങൾ നൽകാനുണ്ടായിരുന്ന ബാധ്യതകളും അദ്ദേഹം അവർക്ക് നൽകി." (അൽബിദായ 8/136).
          മറ്റൊരിക്കൽ അദ്ദേഹം അവർക്ക് ഒരു ലക്ഷം ദീനാർ കൊടുത്തയച്ചു. സന്ധ്യക്ക് മുമ്പായി അവർ അതെല്ലാം ജനങ്ങൾക്ക് വീതിച്ചു കൊടുത്തു. (താരീഖുദിമശ്ഖ് 27/411). മക്കയിലായിരിക്കുമ്പോൾ മറ്റൊരിക്കൽ ഒരു ലക്ഷം ദീനാർ വിലയുള്ള ഒരു കണ്ഠാഭരണം അവർക്ക് കൊടുത്തയക്കുകയുണ്ടായി. (അൽബിദായ വന്നിഹായ 8/137). അലി(റ)യുടെ പുത്രൻ ഹസൻ(റ) ഒരിക്കൽ അദ്ദേഹത്തെ സന്ദർശിച്ചു. "ഞാൻ ഒരാൾക്കും നൽകാത്ത ഒരു സമ്മാനം നിങ്ങൾക്ക് നൽകുന്നു" എന്ന് പറഞ്ഞ് നാല് ലക്ഷം ദീനാറും ഇറാഖിലെ "ഐനുസൈദ്" എന്ന പ്രദേശവും അദ്ദേഹത്തിന് പതിച്ചു നൽകി. ഹസൻ(റ)നെ കണ്ടുമുട്ടുമ്പോൾ പ്രവാചക പുത്രന് സ്വാഗതമെന്ന് പറഞ്ഞ് അദ്ദേഹത്തെ സ്വീകരിക്കുകയായിരുന്നു. അബ്ദുല്ല ഇബ്നു സുബൈറിനെ കാണുമ്പോൾ നബിയുടെ അമ്മായിയുടെ പുത്രന് സ്വഗാതം എന്ന് പറഞ്ഞ് സ്വീകരിക്കുമായിരുന്നു. ഹസൻ(റ)ന് മൂന്ന് ലക്ഷവും അബ്ദുല്ല ഇബ്നു സുബൈറിന് ഒരു ലക്ഷവും നൽകാൻ കൽപിച്ചു. (മുഅ്ജമുസ്സഹാബ 5/370).
          

മറ്റൊരിക്കൽ കുടുംബങ്ങൾക്ക് വിതരണം ചെയ്യാൻ പറഞ്ഞുകൊണ്ട് പത്ത് ലക്ഷം ദീനാർ വില വരുന്ന വിഭവങ്ങൾ ഇബ്നു അബ്ബാസ്(റ)ന് നൽകുകയുണ്ടായി. (അൽ ഇസ്തിആബ് 1/390)


ജഅ്ഫർ ഇബ്നു അബീത്വാലിബിന്റെ പുത്രൻ അബ്ദുല്ല(റ)ക്ക് എല്ലാ വർഷവും ഒരു ലക്ഷം ദീനാർ അദ്ദേഹം സമ്മാനിക്കുമായിരുന്നു. (ലുബാബുൽ ആദാബ് 33).
          ഒരിക്കൽ ഒരാൾ വന്നു നമ്മൾ തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ എന്നെ സഹായിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അപ്പോൾ നിങ്ങൾ ഖുറൈശികളിൽ പെട്ടവനാണോ എന്നദ്ദേഹം ചോദിച്ചു. അല്ലെന്നു പറഞ്ഞപ്പോൾ മറ്റേതെങ്കിലും അറബ് ഗോത്രങ്ങളിൽ പെട്ടവനാണോ എന്ന ചോദ്യത്തിന് അതുമല്ലെന്ന് പറഞ്ഞു. അപ്പോൾ നാം തമ്മിൽ എന്ത് ബന്ധമാണുള്ളത് എന്ന മുആവിയ(റ)യുടെ ചോദ്യത്തിന് ആദമിന്റെ മക്കൾ എന്ന് അദ്ദേഹം പ്രത്യുത്തരം നൽകി. അകന്ന ബന്ധമെന്ന് പറഞ്ഞ് അത് വിളക്കിച്ചേർക്കുന്ന ആദ്യത്തെ ആൾ താനാകട്ടെ എന്നു പറഞ്ഞു ആഗതന്റെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുത്തു.
          തന്ത്രജ്ഞതയും യുക്തിബോധവും പുരുഷന്മാരെ മഹത്തുക്കളാക്കുന്ന ഗുണങ്ങളാണ്. അവരെ ഉന്നത പദവികളിൽ വിരാജിക്കാൻ സഹായിക്കുന്ന ഗുണവിശേഷമാണ്. സങ്കീർണമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ കാലിടറാതെ പിടിച്ചു നിൽക്കാനും അത് സഹായിക്കും. തങ്ങളുടെ ചെയ്തികളിൽ ഇത്തരക്കാർക്ക് പിന്നീട് ഖേദിക്കേണ്ടി വരില്ല. മുആവിയ(റ)യുടെ യുക്തിബോധം അറബികൾക്കിടയിൽ ഉപമയാകാൻ മാത്രം പ്രസിദ്ധമായിരുന്നു. ഇബ്നു അബിദ്ദുൻയാ ഇവ്വിഷയകമായി ഒരു സ്വതന്ത്രരചന തന്നെ നടത്തിയിട്ടുണ്ട്. തന്റെ ജനതയെ നയിക്കാൻ ഏതൊരാൾക്കും യുക്തിബോധം അനിവാര്യമാണെന്ന് മുആവിയ(റ) വിശ്വസിച്ചിരുന്നു. അത് തന്റെ ജീവിതത്തിൽ ഏറ്റവുമധികം പ്രാവർത്തികമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിലപാട് നോക്കുക. "ഉമയ്യ വംശമേ, യുക്തിബോധം കൊണ്ട് നിങ്ങൾ ഖുറൈശികളിൽ നിന്ന് വ്യതിരക്തത പുലർത്തുക ജാഹിലിയ്യ കാലത്ത് ഒരാൾ എന്നെ നന്നായി ചീത്ത വിളിച്ചാൽ, ഞാൻ അയാളോട് വളരെ യുക്തിപൂർവ്വം പെരുമാറുമായിരുന്നു. പിന്നീടയാൾ എന്റെ മിത്രമായി തിരിച്ചുവരുമായിരുന്നു. ഞാൻ സഹായമഭ്യർത്ഥിച്ചാൽ അയാൾ സഹായിക്കും. ഞാൻ എന്തെങ്കിലും കാര്യത്തിൽ ക്ഷോഭിച്ചാൽ അയാൾ എനിക്ക് വേണ്ടി ക്ഷോഭിക്കും. ഒരു മാന്യന് യുക്തി ദീക്ഷ കൊണ്ട് ഒന്നും നഷ്ടപ്പെട്ടില്ല. അതയാൾക്ക് മഹത്തം വർദ്ധിപ്പിക്കുകയേ ഉള്ളൂ." (താരീഖുദിമശ്ഖ് 59/183). "ഒരാളുടെ യുക്തിബോധം കൊണ്ടും തന്റെ അവശതയും തന്റെ ക്ഷമ കൊണ്ട് വികാരത്തെയും കീഴ്പ്പെടുത്തിയാൽ മാത്രമേ അയാൾ ഒരു നിലപാടുള്ള വ്യക്തിയാകൂ. യുക്തി ദീക്ഷ കൊണ്ടല്ലാതെ ആർക്കും ഇതൊന്നും സാധ്യമാവുകയില്ല." അദ്ദേഹം പറഞ്ഞു.
          ഏറ്റവും നല്ല നേതൃഗുണമുള്ളയാൾ ആരാണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് തന്നോടു എന്തെങ്കിലും ആവശ്യപ്പെടുമ്പോൾ നല്ല ഔദാര്യം കാണിക്കുന്നവനും സദസ്സുകളിൽ ഏറ്റവും നന്നായി പെരുമാറുന്നവനും അവഗണിക്കപ്പെടുമ്പോൾ യുക്തിപൂർവ്വം പെരുമാറുന്നവനും എന്നായിരുന്നു.
          "ഒരാൾക്ക് ലഭിക്കുന്ന അതിമഹത്തായ അനുഗ്രഹങ്ങളാണ് ധിഷണയും യുക്തിബോധവും. എന്തെങ്കിലും ഓർമിപ്പിച്ചാൽ അയാൾ അതോർത്തെടുക്കും. എന്തെങ്കിലും ലഭിച്ചാൽ നന്ദി പറയുകയും പരീക്ഷിക്കപ്പെട്ടാൽ ക്ഷമിക്കുകയും ദേഷ്യം വന്നാൽ അടക്കി നിർത്തുകയും തെറ്റ് സംഭവിച്ചാൽ ക്ഷമാപണം നടത്തുകയും ശിക്ഷിക്കാൻ കഴിവുണ്ടെങ്കിലും മാപ്പ് നൽകുകയും വാഗ്ദത്തം നൽകിയാൽ പാലിക്കുകയും ചെയ്യുന്നവനാണ്" (ത്വബരി 3/268) ഇവ്വിഷയകമായി ഇബ്നു അസാകിർ തന്റെ താരീഖ് ദിശ്ഖ് എന്ന ഗ്രന്ഥത്തിൽ വളരെയധികം പ്രതിപാദിച്ചിട്ടുണ്ട്.
          ഒരിക്കൽ മുആവിയ(റ)യെക്കുറിച്ച് അനുസ്മരിക്കപ്പെട്ടപ്പോൾ ഖലീഫ അബ്ദുൽ മലിക് ബിൻ മർവാൻ ഇങ്ങനെ പറയുകയുണ്ടായി. "യുക്തിബോധത്തിലും സഹനത്തിലും ഔദാര്യത്തിലും അദ്ദേഹത്തിനെ കവച്ചുവെക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല." (താരീഖുദിമശ്ഖ് 59/177)
          ഖുബൈസ് ബിൻ ജാബിർ(റ) പറഞ്ഞു: "ഞാൻ മുആവിയ(റ)യോ സഹവസിച്ചവനാണ്. യുക്തിവിചാരത്തിൽ ഇത്രമാത്രം മികവു പുലർത്തുന്നവനും മൗഢ്യത വളരെ കുറഞ്ഞവനും വളരെയധികം അവധാനത പുലർത്തുന്നവനുമായ മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല."
          അബ്ദുല്ല ഇബ്നു ഉമർ(റ) പറഞ്ഞു. മുആവിയ(റ) ഏറ്റവും യുക്തിബോധമുള്ളവനായിരുന്നു. ആളുകൾ ചോദിച്ചു. അബൂബക്കറോ അദ്ദേഹം പറഞ്ഞു. അബൂബക്കർ(റ) മുആവിയ(റ)യെക്കാൾ ഉത്തമനായിരുന്നു മുആവിയ(റ) ജനങ്ങളിൽ അങ്ങേഅറ്റത്തെ യുക്തമാനായിരുന്നു. അപ്പോൾ ജനങ്ങൾ ചോദിച്ചു. ഉമറോ? അപ്പോൾ അദ്ദേഹം പറഞ്ഞു. ഉമർ(റ) മുആവിയ(റ)യേക്കാൾ ഉത്തമനാണ്. മുആവിയ(റ) ജനങ്ങളിൽ വെച്ചേറ്റവും വലിയ യുക്തമാനാണ്. (അസ്സുന്നഖല്ലാൽ 3/443).
          രിക്കൽ ഒരാൾ വളരെ നെറികെട്ട ഭാഷയിൽ മുആവിയ(റ)യോട് സംസാരിച്ചു. അദ്ദേഹം തിരിച്ച് ഒന്നും പറഞ്ഞില്ല. അപ്പോൾ താങ്കൾക്ക് അവനെ ശിക്ഷിച്ചു കൂടായിരുന്നോ എന്ന് ആരോ ചോദിച്ചു. അപ്പോൾ, എന്റെ ഒരു പ്രജയുടെ തെറ്റിനു മുമ്പിൽ, എന്റെ പക്വത ദുർബലമായി പോകുന്നത് അല്ലാഹുവിന്റെ മുമ്പിൽ എനിക്ക് ലജ്ജയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (താരീഖുദിമശ്ഖ് 59/179). മുആവിയ(റ)ന്റെ സഹനത്തിന്റെയും പക്വതയുടെയും കഥകൾ ധാരാളമാണ്. അത് പറയുകയാണെങ്കിൽ ധാരാളം പേജുകൾ ആവശ്യമായതിനാൽ ചുരുക്കുകയാണ്. പ്രതിയോഗിയെ ഉൾക്കൊള്ളാൻ കഴിയുക എന്നത് ഉന്നതമായ നേതൃഗുണമാണ്. മുആവിയ(റ)ന്റെ ചരിത്രത്തിൽ ഇതിന് ഉത്തമ ഉദാഹരണമായ ഉർവത്തുബിൻ സുബൈർ ഉദ്ധരിക്കുന്നത് കാണുക:
          മിസ്‌വർ ഇബ്നു മഖ്റമ താൻ മുആവിയ(റ)യുടെ അടുത്ത് പോയി തന്റെ ആവശ്യം നിവർത്തിച്ച സംഭവം അദ്ദേഹത്തോടു പറയുകയുണ്ടായി. സ്വകാര്യമായി മുആവിയ(റ) മിസ്‌വറിനോട് ചോദിച്ചു. ഭരണാധികാരികളോടുള്ള നിങ്ങളുടെ ആക്ഷേപം എന്തായി? മിസ്‌വർ പറഞ്ഞു. അതു പോകട്ടെ. നിങ്ങൾ നന്മ ചെയ്യുക. അപ്പോൾ മുആവിയ(റ) പറഞ്ഞു. അതല്ല, നിങ്ങൾ എന്റെ മേൽ ആക്ഷേപിക്കുന്ന കാര്യം എന്നോട് പറയണം. അപ്പോൾ മിസ്‌വർ തനിക്ക് അദ്ദേഹത്തോടുള്ള എല്ലാ ആക്ഷേപങ്ങളും തുറന്നു പറഞ്ഞു. അപ്പോൾ മുആവിയ(റ) ഇങ്ങനെ പറഞ്ഞു. ഞാൻ എന്നെ കുറ്റമുക്തനാക്കുന്നില്ല. പൊതുജനങ്ങളുടെ കാര്യത്തിൽ ഞാൻ അനുവർത്തിക്കേണ്ട പരിഷ്കാരങ്ങൾ നിങ്ങൾ വ്യക്തമാക്കുമോ? ഒരു പുണ്യം ചെയ്തവന് പത്ത് പ്രതിഫലമാണല്ലോ? അതല്ല, നന്മയുടെ മാർഗങ്ങൾ പറയാതെ കുറവുകൾ മാത്രം എടുത്ത് പറയുകയാണോ നിങ്ങൾ? നിങ്ങൾ കുറ്റം മാത്രമാണ് ഓർക്കുന്നത്. മിസ്‌വർ പ്രതിവചിച്ചു. അപ്പോൾ മുആവിയ(റ) പറഞ്ഞു. നമ്മിൽ നിന്ന് സംഭവിച്ച എല്ലാ വീഴ്ചകളും അല്ലാഹുവിന്റെ മുമ്പിൽ നാം ഏറ്റുപറയുന്നു. മിസ്‌വറേ, നിങ്ങളുടെ സ്വന്തക്കാരുടെ കാര്യത്തിൽ അവർ മാപ്പ് ചെയ്തില്ലെങ്കിൽ അപകടം ഭയക്കുന്ന വീഴ്ചകൾ നിങ്ങൾക്കുമില്ലേ? അതെ, മിസ്‌വർ മറുപടി പറഞ്ഞു.
          അപ്പോൾ മുആവിയ(റ) ചോദിച്ചു. എന്നെക്കാൾ അല്ലാഹുവിന്റെ മുമ്പിൽ പാപമോചനം പ്രതീക്ഷിക്കാൻ താങ്കളെ യോഗ്യനാക്കുന്ന കാര്യം എന്താണ്? താങ്കൾ നടത്തുന്നതിനേക്കാൾ എന്റെ പ്രജകളോട് ഞാൻ നന്മ ചെയ്യുന്നുണ്ട്. അല്ലാഹു സത്യം, അല്ലാഹുവും അവനല്ലാത്തവരും തമ്മിൽ വ്യത്യാസം വരുമ്പോൾ ഞാൻ അല്ലാഹുവിന് മറ്റുള്ളവരെക്കാൾ മുൻഗണന നൽകുന്നു. കർമ്മങ്ങൾ സ്വീകരിക്കപ്പെടുകയും അതിന് നല്ല പ്രതിഫലം നൽകപ്പെടുകയും ചെയ്യുന്ന വഴിയാണ് ഞാൻ തിരഞ്ഞെടുക്കുക. അപ്പോൾ സംഭവിച്ച തെറ്റുകൾക്ക് അല്ലാഹു പൊറുത്ത് തരുകയും ചെയ്യും. അങ്ങനെ അദ്ദേഹം എന്നെ തോൽപിച്ചു. പിന്നീട് മിസ്‌വർ മുആവിയ(റ)യെ അനുസ്മരിക്കുമ്പോൾ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാതെ ഞാൻ അദ്ദേഹത്തെ ശ്രവിച്ചിട്ടില്ല. (സിയറു അഅ്‌ലാമി ന്നുബലാഅ് 3/150).
മുസ്ലിംകളോടുള്ള ഗുണകാംക്ഷ
          മുആവിയ(റ)നോട് സഹവസിച്ച അബുൽ മുഅത്തൻ പറയുന്നു. ഞങ്ങൾ പാഠശാലയിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ മുആവിയ(റ) അതിലൂടെ കടന്നു പോയി. നിങ്ങൾ അമീറുൽ മുഅ്മിനീന് സലാം പറയുന്നില്ലേ? എന്ന് അധ്യാപകൻ ചോദിച്ചു. അദ്ദേഹം തിരിച്ചു വരുമ്പോൾ സലാം പറയുക. അദ്ദേഹം പറഞ്ഞു. ഖലീഫ തിരിച്ചു വരുമ്പോൾ എഴുന്നേറ്റ് അമീറുൽ മുഅ്മിനീൻ അല്ലാഹുവിന്റെ രക്ഷയും സമാധാനവും താങ്കൾക്കുണ്ടാകട്ടെ എന്ന് ഞങ്ങൾ പറഞ്ഞു. അപ്പോൾ അവിടുന്ന് അല്ലാഹുവേ ഇസ്ലാമിന്റെ പുതുതലമുറയിൽ നീ അനുഗ്രഹം ചൊരിയേണമേ എന്ന് രണ്ട് പ്രാവശ്യം ആവർത്തിച്ചു. (താരീഖുദിമശ്ഖ് 246/67).
          അബൂ ഉസ്മാൻ ശാമി പറയുന്നു: ഞങ്ങൾ പാഠശാലയിൽ പഠിക്കുമ്പോൾ മുആവിയ(റ) വന്നുകൊണ്ട് "മുഹാജിറുകളുടെ മക്കളെ നന്നായി സംസ്കാരം പഠിപ്പിക്കണം" എന്ന് പറയുമായിരുന്നു. മുസ്ലിംകളോടുള്ള ഗുണകാംക്ഷ കാരണം കുഴപ്പങ്ങളിൽ നിന്നകന്ന് നിൽക്കാൻ അദ്ദേഹം അവരെ ഉപദേശിക്കുമായിരുന്നു. "നിങ്ങൾ കുഴപ്പത്തെ സൂക്ഷിക്കുക നിങ്ങൾ അതിന് മുതിരരുത്. അത് ഉപജീവനത്തെ തകരാറിലാക്കുകയും ജീവിതസൗഖ്യത്തെ അലങ്കോലപ്പെടുത്തുകയും നിലനിൽപ്പിനെ ഹനിക്കുകയും ചെയ്യും." (അൽബിദായ വന്നിഹായ 8/132).

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal