ജലാലുദ്ദീൻ റൂമി: വഴിയും വഴികേടും
അബ്ദുർറഹ്മാൻ ആദൃശ്ശേരി
ലോകമൊട്ടുക്കും ജലാലുദ്ദീൻ റൂമിയെ ആഘോഷിക്കുകയും
ആസ്വദിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് ഇന്ന് നാം കാണുന്നത്. ഹോളിവുഡ് സിനിമകളിലും
മദ്യക്കുപ്പികളുടെ സ്റ്റിക്കറുകളിലും ലോക നാടക വേദികളിലും മലയാള സിനിമാ
പോസ്റ്ററുകളിലും ഷഹബാസ് അമൻ പോലെയുള്ള സിനിമാ-ഗസൽ ഗായകൻമാരുടെ സംഗീതങ്ങളിലും കേരള സമസ്തക്കാരുടെ പത്രമാസികകളിലും
മാധ്യമങ്ങളിലും സൂഫീ സംഗീതജ്ഞൻമാരുടെ പാട്ടുകളിലുമെല്ലാം തന്നെ റൂമി നിറഞ്ഞ്
നിൽക്കുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, മതവേദികളിലും മതേതര വേദികളിലും മതവിരുദ്ധ
വേദികളിലും റൂമി ഒരുപോലെ ആഘോഷിക്കപ്പെടുന്നു. അഥവാ, ഭാഗ്യവാനും നിർഭാഗ്യവാനുമായി ഒരേ സമയം വിരുദ്ധ വേദികളിൽ നിറഞ്ഞു നിൽക്കാനും ആഘോഷിക്കപ്പെടാനും
വിധിക്കപ്പെട്ടവനാണ് ജലാലുദ്ദീൻ റൂമി എന്ന പ്രണയ കാമുകൻ.
'സുന്നി'കളും ശീഇകളും
ഒരുപോലെ ആഘോഷിക്കുന്ന വ്യക്തിത്വം കൂടിയാണ് റൂമിയുടേത്. അഥവാ, കിഴക്കും പടിഞ്ഞാറും ഒരേപോലെ ആരാധകരുള്ള മറ്റേതൊരു സൂഫീ
ഗുരുവാണുള്ളത്?
ക്വുർആനും ഹദീഥും എന്താണെന്നറിയാത്ത മുസ്ലിം
ബുദ്ധിജീവി നാട്യക്കാർ മസ്നവിയുടെ ആഴങ്ങളിലേക്ക്
ഊളിയിടുന്നു. അതിലെ മുത്തും പവിഴവും കോരിയെടുത്ത്
വ്യാഖ്യാനിക്കാനും പാടിപ്പുകഴ്ത്താനും നൂറ് നാക്കാണവർക്ക്.
മലയാളത്തിന്റെ 'സൗഭാഗ്യമായി' (?) എത്രയെത്ര റൂമീ പഠനങ്ങളും മസ്നവി പരിഭാഷകളും
പുറത്തിറങ്ങിയിരിക്കുന്നു? അതും ജാതി-മത ഭേദങ്ങളില്ലാതെ. റൂമിയുടെ സ്നേഹവിഹായസ്സിൽ വട്ടമിട്ട് പറക്കാൻ, ആ പ്രണയ ലഹരിയിൽ മതിമറക്കാൻ, സ്നേഹ സാഗരത്തിൽ ആറാടാൻ കൊതിക്കാത്തവരായി ആരാണുള്ളത്? പ്യൂരിറ്റാനിയൻ ചിന്താഗതിയുടെയും റാഡിക്കൽ ഇസ്ലാമിന്റെയും വക്താക്കളായി വഹാബീ 'തീവ്രവാദി'കളല്ലാതെ!?
ഹിജ്റ 604 ൽ അഫ്ഗാനിസ്ഥാനിലെ ബൽഖ് എന്ന പ്രദേശത്ത് ജനിച്ച മുഹമ്മദ് ജലാലുദ്ദീൻ ലോകപ്രസിദ്ധ സൂഫീ സാഹിത്യം 'മസ്നവി'യുടെ കർത്താവും മൗലവിയ്യ
ത്വരീക്വത്തിന്റെ ഉപജ്ഞാതാവും ആരാധകരുടെയും മുരീദുകളുടെയും പ്രിയപ്പെട്ട
മൗലാനയുമാണ്. ഹിജ്റ 672 ൽ അദ്ദേഹം ഇന്നത്തെ തുർക്കിയിലെ കോണിയയിൽ ദിവംഗതനായി. തുർക്കി ഇസ്ലാമിക ചരിത്രത്തിൽ കിഴക്കൻ റോം എന്ന പേരിൽ അറിയപ്പെടുന്നതിനാൽ ജലാലുദ്ദീൻ റൂമി എന്ന പേരിൽ ഇയാൾ പ്രസിദ്ധനായി. ദൈവിക സ്നേഹത്തെയും
പ്രണയത്തെയും പാടിപ്പുകഴ്ത്തിയതിനാൽ അനശ്വര പ്രണയത്തിന്റെ
മഹാഗുരുവായി ഇയാൾ കിഴക്കും പടിഞ്ഞാറും പ്രസിദ്ധി നേടി.
ഇദ്ദേഹത്തിന്റെ യഥാർത്ഥ ചരിത്രം തന്റെ പൗത്രൻ ആരിഫ് ചലബിയുടെ
സേവകൻ
അഫ്ലാകി, ഫരീദോൻ എന്നിവരുടെ രചനകളിൽ നിന്ന് ലഭിക്കും.