ഹസ്രത്ത് മുആവിയ (അഞ്ച്)
ഉന്നത സ്വഭാവ ഗുണങ്ങളുടെ
ഉടമ
- അബ്ദുറഹ്മാൻ ആദൃശ്ശേരി
കുലീന കുടുംബത്തിൽ പിറന്ന മുആവിയ(റ) ഉന്നത സ്വഭാവ ഗുണങ്ങളുടെ ഉടമയായിരുന്നു. ഉമർ(റ) അദ്ദേഹത്തെ തന്റെ സഹോദരൻ യസീദിന്റെ വിയോഗാനന്തരം ശാമിന്റെ ഗവർണറായി നിയമിച്ചു. തന്റെ പ്രജകൾ അദ്ദേഹത്തോട് അങ്ങേയറ്റത്തെ ആദരവും സ്നേഹവും പുലർത്തി. ഒരാളും തന്നെ കുറിച്ച് ഒരു പരാതിയും ഉന്നയിച്ചില്ല. "അദ്ദേഹം നേതൃത്വത്തിന് ഏറ്റവും അനുയോജ്യനായിരുന്നു. കുലീനനും ഗാംഭീര്യം തുളുമ്പുന്നവനും ധീരനുമായിരുന്നു യുക്തിമാനും ഔദാര്യവാനും നന്മകളുടെ കേദാരവുമായിരുന്നു."
അതിർത്തി പ്രദേശമായ ശാമിൽ ഉമറും(റ) ഉസ്മാൻ(റ)ഉം അദ്ദേഹത്തെ ഗവർണറായി നിശ്ചയിച്ചു. തന്റെ ദൗത്യം വളരെ നന്നായി നിർവ്വഹിച്ചു. ജനങ്ങൾക്ക് തന്റെ ഭരണപാടവവും നേതൃഗുണവും ഉദാരശീലവും നന്നായി ഇഷ്ടപ്പെട്ടു. തന്റെ ബൗദ്ധിക മികവുകൊണ്ട് വലിയ ഒരു ഭൂപ്രദേശത്തെ അടക്കി ഭരിക്കാൻ തനിക്ക് സാധിച്ചു. യുക്തസഹമായ പെരുമാറ്റവും ഹൃദയവിശാലതയും നിരീക്ഷണ പാടവവും പ്രജാവാത്സല്യവും കാരണമായി ഇരുപത് വർഷക്കാലം ഗവർണറായും ഇരുപത് വർഷം ഖലീഫയായും അദ്ദേഹം അധികാരം നടത്തി. തന്റെ ഭരണത്തെ ആരും അധിക്ഷേപിച്ചില്ല. അറേബ്യൻ ഉപദ്വീപ്, ശാം, ഇറാഖ്, ഖുറാസാൻ, പേർഷ്യ, മധ്യേഷ്യ, യമൻ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽ അറബികളും അനറബികളും തനിക്ക് കീഴടങ്ങി.
മുആവിയ(റ) അങ്ങേ അറ്റത്തെ ഔദാര്യവാനായിരുന്നു. നബി കുടുംബത്തിൽ പെട്ടവർക്ക് അദ്ദേഹം വാരിക്കോരി നൽകുമായിരുന്നു. മുഹാജിറുകളുടെയും അൻസാറുകളുടെയും മക്കൾക്കും അദ്ദേഹം കണക്കില്ലാതെ നൽകി. അതുകൊണ്ട് തന്നെ മുആവിയ(റ)യെ കവച്ചുവെക്കുന്ന ഔദാര്യമില്ല എന്ന അബുദ്ദർദാഅ്(റ) പറഞ്ഞത്: "ഉമ്മുൽ മുഅ്മിനീൻ ആയിശ(റ)ക്ക് പതിനെട്ടായിരം ദീനാറും അവർക്ക് ജനങ്ങൾ നൽകാനുണ്ടായിരുന്ന ബാധ്യതകളും അദ്ദേഹം അവർക്ക് നൽകി." (അൽബിദായ 8/136).
മറ്റൊരിക്കൽ അദ്ദേഹം അവർക്ക് ഒരു ലക്ഷം ദീനാർ കൊടുത്തയച്ചു. സന്ധ്യക്ക് മുമ്പായി അവർ അതെല്ലാം ജനങ്ങൾക്ക് വീതിച്ചു കൊടുത്തു. (താരീഖുദിമശ്ഖ് 27/411). മക്കയിലായിരിക്കുമ്പോൾ മറ്റൊരിക്കൽ ഒരു ലക്ഷം ദീനാർ വിലയുള്ള ഒരു കണ്ഠാഭരണം അവർക്ക് കൊടുത്തയക്കുകയുണ്ടായി. (അൽബിദായ വന്നിഹായ 8/137). അലി(റ)യുടെ പുത്രൻ ഹസൻ(റ) ഒരിക്കൽ അദ്ദേഹത്തെ സന്ദർശിച്ചു. "ഞാൻ ഒരാൾക്കും നൽകാത്ത ഒരു സമ്മാനം നിങ്ങൾക്ക് നൽകുന്നു" എന്ന് പറഞ്ഞ് നാല് ലക്ഷം ദീനാറും ഇറാഖിലെ "ഐനുസൈദ്" എന്ന പ്രദേശവും അദ്ദേഹത്തിന് പതിച്ചു നൽകി. ഹസൻ(റ)നെ കണ്ടുമുട്ടുമ്പോൾ പ്രവാചക പുത്രന് സ്വാഗതമെന്ന് പറഞ്ഞ് അദ്ദേഹത്തെ സ്വീകരിക്കുകയായിരുന്നു. അബ്ദുല്ല ഇബ്നു സുബൈറിനെ കാണുമ്പോൾ നബിയുടെ അമ്മായിയുടെ പുത്രന് സ്വഗാതം എന്ന് പറഞ്ഞ് സ്വീകരിക്കുമായിരുന്നു. ഹസൻ(റ)ന് മൂന്ന് ലക്ഷവും അബ്ദുല്ല ഇബ്നു സുബൈറിന് ഒരു ലക്ഷവും നൽകാൻ കൽപിച്ചു. (മുഅ്ജമുസ്സഹാബ 5/370).