ഇറാനിലെ ഒരു സുന്നി യുവതിയുടെ ദാരുണ അനുഭവം
തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആളെ സ്വയരക്ഷക്കായി കുത്തിക്കൊന്നതിന്റെ പേരില്‍ ഇറാനിയന്‍ ഭരണകൂടം തൂക്കിലേറ്റിയ റെയ്ഹാന ജബ്ബാരി, അവസാനമായി തടവറക്കുള്ളില്‍ വെച്ച് തന്റെ മാതാവിനെഴുതിയ കത്തിന്റെ പൂര്‍ണരൂപം.
പ്രിയപ്പെട്ട ഉമ്മയ്‍ക്ക്,
നമ്മുടെ രാജ്യത്തിന്റെ ‘നിയമം’ (ഖിസാസ്- law of retribution) അനുസരിക്കേണ്ട സമയം വന്നിരിക്കുന്നു. ജീവിതത്തിന്റെ അന്ത്യനിമിഷത്തിലാണ് ഞാന്‍. അത് ഉമ്മ മനസ്സിലൊതുക്കി എന്നോട് പറയാതിരിക്കുകയാണെന്നറിയാം. എന്തുകൊണ്ടാണ് അവസാനമായി എന്നെ കാണാനെത്താത്? എന്തുകൊണ്ടാണ് ഉപ്പയും ഉമ്മയും എനിക്ക് പണ്ട് നല്‍കിയ പോലത്തെ ഉമ്മകള്‍ നല്‍കാനെത്താതിരിക്കുന്നത്?
യഥാര്‍ത്ഥത്തില്‍ ഈ ലോകത്ത് എനിക്ക് 19 വയസ്സ് വരെ ജീവിക്കാനുള്ള അവകാശമേ ഉണ്ടായിരുന്നുള്ളൂ. ആ രാത്രിയില്‍ തന്നെ ഞാന്‍ മരിക്കേണ്ടിതായിരുന്നു. എന്റെ ദേഹം നഗരത്തിന്റെ ഏതെങ്കിലും അഴുക്കു ചാലില്‍ വലിച്ചെറിയപ്പെടേണ്ടതായിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ദ്രവിച്ചു പഴകിയ മൃതദേഹം തിരിച്ചറിയാന്‍വേണ്ടി ഉമ്മയെയും കൂട്ടി അവര്‍ പോകുമായിരുന്നു. ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതാണെന്ന് അന്ന് ഉമ്മ കേള്‍ക്കുമായിരുന്നു.
ധനികനും അധികാരമുള്ളവനുമായ കൊലപാതകിയെ ആരും അന്വേഷിച്ച് ചെല്ലുകയില്ല. അപമാനവും വേദനയും സഹിച്ച് ഉമ്മ പിന്നീട് ജീവിക്കേണ്ടി വരുമായിരുന്നു. കുറച്ചുകഴിയുമ്പോള്‍ ആ വേദനയാല്‍ നിങ്ങളും മരണപ്പെടും, അത്രമാത്രം.
