തീജാനീ ത്വരീക്വത്ത്: സാമ്രാജ്യത്വ ദാസ്യത്തിന്റെ സൂഫീ മാതൃക
അബ്ദുർറഹ്മാൻ ആദൃശ്ശേരി
നവീന വാദികളും ദേഹേച്ഛയെ പിന്തുടരുന്നവരും എക്കാലത്തും ഇസ്ലാമിന് കനത്ത ആഘാതം സൃഷ്ടിച്ചതായി ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. ശീഇകളും സൂഫികളും ഇക്കാര്യത്തിൽ വലിയ പങ്ക് വഹിച്ചതായി കാണാം.
അബ്ബാസീ ഖലീഫ അൽ മുസ്തഅ്സിം ബില്ലയുടെ പ്രധാനമന്ത്രി ശീഇൗ വിശ്വാസിയായിരുന്ന ഇബ്നുൽ അൽക്വമിയായിരുന്നു. ക്രൂരൻമാരായ താർത്താരികളെ വിളിച്ച് വരുത്തി ഇറാക്വിനെ ശവപ്പറമ്പാക്കിയത് ഇയാളായിരുന്നു. ഇരുപത് ലക്ഷത്തോളം മുസ്ലിംകളെയാണ് താർത്താരികൾ കൊന്നൊടുക്കിയത്. അതേ ചരിത്രമാണ് ഇറാക്വിൽ ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ശേഷം അമേരിക്ക അധികാരത്തിലേറ്റിയ നൂരി മാലികി എന്ന ശിയാ ഭരണാധികാരി മുപ്പത് ലക്ഷം സുന്നീ മുസ്ലിംകളെ കൊലപ്പെടുത്തി. അയാളുടെ ശീഇൗ പാർട്ടി “ഹിസ്ബുദ്ദഅവ’യെ സഖ്യത്തിലൂടെ അധികാരത്തിലേറ്റിയത് ഇഖ്വാൻ പാർട്ടിയായ “ഹിസ്ബുൽ ഇസ്ലാമി’യായിരുന്നു.
ഇമാം ഇബ്നു കഥീർ(ൃ) ബാഗ്ദാദിന്റെ തകർച്ചയെക്കുറിച്ച് പറയുന്നത് കാണുക. “റാഫിദിയായ ഇബ്നുൽ അൽക്വമിയെ അല്ലാഹു നശിപ്പിക്കട്ടെ. മുസ്തൻസിറിന്റെ കാലത്ത് ദീർഘകാലം ഖലീഫയുടെ കൊട്ടാരത്തിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച ഇയാളെ പിന്നീട് ഖലീഫ മുസ്തഅ്സിം മന്ത്രിയായി നിശ്ചയിച്ചു. അയാൾ പ്രമാണിയും സാഹിത്യകാരനുമായിരുന്നുവെങ്കിലും സത്യസന്ധനായിരുന്നില്ല. നീചനായ ശീഇയായിരുന്നു. ഇസ്ലാമിനോടും മുസ്ലിംകളോടും ഉള്ളിൽ കടുത്ത പക വെച്ചു പുലർത്തിയിരുന്നു. തനിക്ക് മുമ്പ് ഒരു മന്ത്രിക്കും ലഭിക്കാത്ത ആദരവും പ്രശസ്തിയും ഇയാൾക്ക് ലഭിച്ചു. മുസ്ലിംകൾക്കെതിരിൽ “ഹൂലാക്കുഖാന്റെ’ കക്ഷികളോട് ഇയാൾ സഖ്യം ചേർന്നു. അവർ തക്കം പാർത്തു ഇറാക്വിലെത്തി. പിന്നീട് അവരുടെ വാഴ്ച്ചക്കാലത്ത് നിന്ദ്യതയും നാശവും സംഭവിച്ചു. അല്ലാഹു പവിത്രത കൽപ്പിച്ച ജീവനും അഭിമാനത്തിനും അവർണനീയമാം വിധം ധ്വംസിക്കപ്പെട്ടു.’’ (അൽ ബിദായ വന്നിഹായ 17/379).
ശീഇകൾ മുസ്ലിംകൾക്കെതിരിൽ ശത്രുക്കളോടൊപ്പം ചേർന്ന് അവരെ ഒറ്റിക്കൊടുത്ത സംഭവങ്ങൾ നിരവധിയാണ്. ലേഖനദൈർഘ്യം ഭയന്ന് അതിവിടെ പരാമർശിക്കുന്നില്ല. പലപ്പോഴും സാമ്രാജ്യത്വ ശക്തികൾക്ക് ദാസ്യവേല ചെയ്യുകയും മുസ്ലിംകൾക്കെതിരിൽ അവരെ സഹായിക്കുകയും ചെയ്ത ചരിത്രം സൂഫികൾക്കുണ്ട്. അവരുടെ ദല്ലാൾ പണിയിലൂടെ പല മുസ്ലിം രാഷ്ട്രങ്ങളും സാമ്രാജ്യത്വ ശക്തികൾക്ക് അധിനിവേശപ്പെടുത്താൻ സാധിച്ചു. ആഫ്രിക്കയിലെ ഫ്രഞ്ച് അധിനിവേശത്തിന് ചുക്കാൻ പിടിച്ച ഫിലിപ്പ് ഫോണ്ടാസ് പറയുന്നത് കാണുക.
“ആഫ്രിക്കയിലെ ഭരണനിർവ്വഹണരംഗത്തെ നമ്മുടെ മേധാവികളും സൈനികരും ത്വരീക്വത്ത് പ്രവർത്തനങ്ങൾക്ക് ശക്തി പകരേണ്ടതുണ്ട്. കാരണം, ഫ്രഞ്ച് അധികൃതരോട് ഏറ്റവുമധികം വിധേയത്വം പുലർത്തിയിരുന്നവർ അവരായിരുന്നു. മറ്റു മത വിഭാഗങ്ങളുടെ ആത്മീയ നേതൃത്വത്തേക്കാൾ നല്ല ഗ്രാഹ്യതയും ചിട്ടയായ പ്രവർത്തനങ്ങളും നടത്തുന്നത് അവരാണ്.’’ (അൽ ഇസ്തിഅ്മാറുൽ ഫറൻ ഫീ അഫ്രീബിയ്യ അസ്സൗദാഅ് 52).
ഫ്രഞ്ചുകാരോട് വിധേയത്വം പുലർത്തിയവരെക്കുറിച്ച് “ആധുനിക അറബ് ചരിത്രം’ എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക.