സൂഫിസവും ശീഇസവും: സ്രോതസ്സുകളിലെ പാരസ്പര്യം
അബ്ദുറഹ്മാൻ ആദൃശ്ശേരി
സൂഫി-ശീഇൗ ചിന്തകളിലെ യോജിപ്പുകൾ വിയോജിപ്പുകളെക്കാൾ കൂടുതലാണ്. അവ രണ്ടും ഒരേ സ്രോതസ്സിൽ നിന്നാണ് തങ്ങളുടെ ആശയങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്ന് കാണാം. സൂഫിസത്തിന്റെ പ്രഭവ കേന്ദ്രമായ ബസ്വറ, അർദ്ധ പേർഷ്യൻ സാംസ്കാരിക കേന്ദ്രമായിരുന്നു. ചരിത്രത്തിൽ അറിയപ്പെട്ട സൂഫികളിൽ ബഹുഭൂരിപക്ഷവും പേർഷ്യക്കാരാണെന്ന് കാണാവുന്നതാണ്. മഅ്റൂഫ് അൽ കർഖി, ശക്വീക്വ് അൽ ബൽക്വി, ഹാതിം അൽ അസ്വം, ഇബ്റാഹീം ഇബ്നു അദ്ഹം, സഹ്ൽ അത്തസ്ത്തുരി, മൻസൂർ അൽ ഹല്ലാജ്, അബ്ദുൽ ക്വാദിർ ജീലാനി, അബൂഹാമിദ് അൽ ഗസ്സാലി, ശിഹാബുദ്ദീൻ സുഹ്റവർദി, ജലാലുദ്ദീൻ റൂമി, ഹജ്വീരി, അബൂഹഫ്സ് നൈസാപൂരി, ഫരീദുദ്ദീൻ അത്താർ, അബൂയസീദ് ബിസ്താമി, യൂസുഫ് അൽ അജ്മി, ബഹാഉദ്ദീൻ നഖ്ശബന്ദി, ഖുതുബുദ്ദീൻ മർവൂസി, സഅദി ശീറാസി, ഉമർ ക്വയ്യാം, മുഇൗനുദ്ദീൻ സിജ്സി തുടങ്ങിയ സൂഫി പ്രമുഖരെല്ലാം പേർഷ്യൻ ബെൽറ്റിൽ നിന്നുള്ളവരാണ്. "ദൈവശാസ്ത്ര'(ഇൽമുൽ കലാം)ത്തിനും വളക്കൂറുള്ള മണ്ണായിരുന്നു ഇൗ പ്രദേശം.
"സൂഫിസം' എന്ന് പറയുമ്പോൾ അതൊരു ഏകശിലാരൂപമുള്ള ദർശനമാണെന്ന് നാം മനസ്സിലാക്കരുത്. ഇസ്ലാമിക ആദർശങ്ങളായ ഭക്തി (വറഅ്), ഭൗതിക വിരക്തി (സുഹ്ദ്) എന്നിവ മുറുകെ പിടിച്ച് ജീവിച്ച, ഹസൻ ബസ്വരി, അബ്ദുല്ലാഹി ഇബ്നുൽ മുബാറക് എന്നിവർ ഇൗ ഗണത്തിൽ പെടുന്നതാണ്. ഗ്രീക്ക് തത്വശാസ്ത്രവും ഇസ്ലാമിക അധ്യാത്മികതയും കൂട്ടിക്കുഴച്ച ദാർശനിക സൂഫിസത്തിന്റെ (തസവ്വുഫ് ബുർഹാനി) വക്താക്കളുണ്ട്. ഗസ്സാലി, ബിസ്താമി തുടങ്ങിയവർ ഇൗ ഗണത്തിൽ പെടുന്നതാണ്. തന്റെ മുൻഗാമികളായ ഖുശൈരി, ബിസ്താമി എന്നിവരുടെ ചിന്തകളെ വികസിപ്പിച്ചാണ് ഗസ്സാലി തന്റെ ഇഹ്യാ ഉലൂമുദ്ദീൻ എന്ന ഗ്രന്ഥം അവതരിപ്പിക്കുന്നത്. ഒരിടത്ത് അംഗീകരിക്കുകയും മറ്റൊരിടത്ത് തള്ളിപ്പറയുകയും അങ്ങനെ ഒരു ചിന്തയിൽ ഉറച്ചു നിൽക്കാത്ത സന്ദേഹവാദിയെ നമുക്ക് ഗസ്സാലിയിൽ ദർശിക്കാനാവും. വിധിനാളിൽ ശരീരങ്ങളെ ഒരുമിച്ചു കൂട്ടുന്നതും രക്ഷാശിക്ഷകൾ വിധിക്കുന്നതും നിരാകരിക്കുന്ന ഇസ്ലാമിക തത്വശാസ്ത്രജ്ഞരെ ഗസ്സാലി തന്റെ "തഹാഫുത്തുൽ ഫലാസിഫ'യിൽ കാഫിറാക്കുമ്പോൾ, സൂഫി ശൈഖുമാരുടെ അഭിപ്രായവും അത് തന്നെയാണെന്ന് "മീസാനുൽ ഉഖൂലി'ൽ പറയുന്നത് കാണാം. തന്റെ സന്ദേഹവാദം ആത്മകഥ രൂപത്തിലെഴുതിയ "അൽമുൻഖിദൂ മിനള്ളലാലി'ൽ ഏറെ പ്രകടമാണ്.
പ്രതീകാത്മക ചിന്തയിലധിഷ്ഠിതമായ സൂഫി ദർശനങ്ങൾക്ക് (ശത്വഹാത്ത്) തുടക്കം കുറിച്ചത് അബൂയസീദ് അൽ ബിസ്താമി എന്ന പേർഷ്യക്കാരനാണ്.