ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം രണ്ട്)
ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി
ബുവൈഹികളുടെ വഞ്ചനകൾ
അബ്ബാസികൾക്കെതിരെ രംഗത്ത് വന്ന ദൈലമിലെ ബുവൈഹികൾ ഖുറാസാൻ ശീറാസ് തുടങ്ങി പല ദേശങ്ങളും കീഴടക്കി. അന്നത്തെ അബ്ബാസി ഖലീഫ റാളി ബില്ലയുടെ മന്ത്രി അബൂ അലി മുഹമ്മദ് ബിൻ അലി, ശീഈ വിശ്വാസിയായിരുന്നു അയാൾ, അബ്ബാസികളെ അധികാരത്തിൽ നിന്നും പുറംതള്ളി ശിയാക്കളായ ബുവൈഹികളെ അധികാരത്തിലേറ്റാൻ രഹസ്യനീക്കങ്ങൾ നടത്തി. അയാൾ രഹസ്യമായി ബുവൈഹികൾക്ക് കത്തെഴുതി ബഗ്ദാദ് ആക്രമിക്കാൻ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഹി. 334ൽ ബുവൈഹികൾ മുഇസ്സുദ്ദൗലയുടെ നേതൃത്വത്തിൽ ബഗ്ദാദ് കീഴടക്കി. ഖലീഫയെ നിഷ്കാസനം ചെയ്തു. തലസ്ഥാനം കൊള്ളയടിച്ചു യാതൊരു അധികാരവുമില്ലാതെ ഫദ്‌ല് ബിൻ മുഖതദിർ ഖലീഫയായി തുടർന്നു. അധികാരം മുഴുവൻ മുഇസ്സുദ്ദൗലയിൽ നിക്ഷിപ്തമായി. (അസ്സുലൂക് ലിമഅ്‌രിഫതി ദുവലിൽ മുലൂക് 1/25)
ഹി. 352ൽ ബുവൈഹികൾ മുഹറം പത്തിന് അങ്ങാടി അടച്ചു പൂട്ടി. സ്മാരക കുംഭങ്ങൾ സ്ഥാപിച്ചു. സ്ത്രീകൾ മുടി അഴിച്ച് അങ്ങാടിയിൽ നെഞ്ചത്ത് അടിച്ചു. ഹുസൈൻ(റ)യുടെ പേരിൽ ആർത്തുവിളിച്ച് പ്രകടനം നടത്തി. അധികാരം അവർക്കൊപ്പമായതിനാൽ, അഹ്‌ലുസ്സുന്നക്ക് ഈ പ്രവർത്തി തടയാൻ സാധിച്ചില്ല. അത് പിന്നീട് ശക്തമായി തുടർന്നുവന്നു. ഈജിപ്തിൽ ഫാത്തിമി ഭരണകാലത്ത് തുടങ്ങിവെച്ച ശിയാ ആഘോഷങ്ങൾ സലാഹുദ്ധീൻ അയ്യൂബിയുടെ കാലത്ത് നടന്ന ശുദ്ധീകരണത്തോടെ, നിലച്ചുപോയി. പിന്നീട് ബുവൈഹികൾ ഗദീർ ആഘോഷവും നടപ്പാക്കി. സുന്നി ഭരണാധികാരിയായ അബ്ബാസി ഖലീഫയെ അസ്ഥിരപ്പെടുത്താൻ ബുവൈഹി ശിയാക്കൾ ശ്രമിച്ചു കൊണ്ടിരുന്ന വേളയിൽ യൂറോപ്പ് മുസ്ലിം രാഷ്ട്രങ്ങളെ നശിപ്പിക്കാൻ കച്ചകെട്ടി കൊണ്ടിരുന്നു.