} -->

ജഅ്ഫരി മദ്ഹബ് എന്ന കെട്ടുകഥ

ജഅ്ഫരി മദ്ഹബ് എന്ന കെട്ടുകഥ

അബ്ദുറഹ്മാൻ ആദൃശേരി
കർമശാസ്ത്രത്തിൽ ജഅ്ഫർ ഇബ്‌നു മുഹമ്മദ്(റ)ന്റെ മദ്ഹബ് സ്വീകരിക്കുന്നത് കൊണ്ട് പൊതുവെ ശിയാക്കളെ ജഅ്ഫരികൾ എന്ന് അഭിസംബോധനം ചെയ്യപ്പെടാറുണ്ട്. അഹ്‌ലുസ്സുന്നയുടെ നാല് മദ്ഹബുകൾ പോലെ തന്നെ, ഒരു കർമശാസ്ത്ര സരണിയാണ് ഇതും എന്നാണ് പൊതുജനങ്ങളുടെ ധാരണ.
യഥാർത്ഥത്തിൽ ജഅ്ഫർ സ്വാദിഖി(റ)ന് കർമ്മശാസ്ത്രത്തിലോ ഹദീസിലോ അദ്ദേഹം രചിച്ചതോ തന്റെ ശിഷ്യന്മാർ ക്രോഡീകരിച്ചതോ ആയ ഒരു ഗ്രന്ഥവുമില്ല. ശിയാക്കൾക്ക് അവലംബാർഹമായ നിവേദന പരമ്പരകളിലൂടെ വന്ന ഒരു ആധികാരിക ഗ്രന്ഥം തന്നെയില്ല എന്നതാണ് വസ്തുത. ശിയാക്കൾ തങ്ങൾ ''ഇമാമികൾ'' അഥവാ മഅ്‌സ്വൂമായ ഇമാമിൽ നിന്ന് വിധികളും നിയമങ്ങളും (ഫിഖ്ഹ്) സ്വീകരിക്കുന്നവരാണെന്നവകാശപ്പെടുന്നവരാണ്. എന്നാൽ ബാഖിർ സ്വദ്ർ, സിസതാനി, ഖുമൈനി, ഖാതമി, ഖാംനഇ പോലുള്ളവരിൽ നിന്ന് മതം സ്വീകരിക്കുന്നവരാണവർ. ഇമാമികൾ എന്നത് എട്ടിലെ പശുവാണെന്നർത്ഥം.
യഥാർത്ഥത്തിൽ അവർ ജഅ്ഫരികളോ, ഇമാമികളോ അല്ല. ജഅ്ഫർ സാദിഖോ തങ്ങളുടെ പന്ത്രണ്ട് ഇമാമുകളിൽ ഒരാളും ഹദീസിലോ ഫിഖ്ഹിലോ ഒരു ഗ്രന്ഥവും രചിക്കാത്തവരാണ്. ഇനി സുന്നികളുടെ ഇമാമുകൾക്ക് ഈ രംഗത്തുള്ള സംഭാവനകൾ നോക്കാം. ഇമാം അബൂഹനീഫക്ക് ഹദീസിൽ തന്റെ മുസ്‌നദും ഫിഖ്ഹിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ഖാദി അബൂയൂസുഫും മുഹമ്മദ് ഇബ്‌നു ഹസനും ക്രോഡീകരിച്ച കർമശാസ്ത്രവുമുണ്ട്. ഇമാം മാലികിന് ഹദീസിലും ഫിഖ്ഹിലുമായി തന്റെ ''അൽ മുവത്വ''യുണ്ട്. ഇമാം ശാഫിഇക്കാവട്ടെ ഹദീസിൽ തന്റെ മുസനദും ഫിഖ്ഹിൽ ഉമ്മും ഉസലൂലിൽ ''അർരിസാല''യുമുണ്ട്. ഇമാം അഹ്മദ് ഇബ്‌നു ഹമ്പലാവട്ടെ ഹദീസിൽ ഭൂവന പ്രസിദ്ധമായ തന്റെ മുസ്‌നദും ഫിഖ്ഹിൽ തന്റെ ശിഷ്യരിൽ പ്രമുഖനായ ഇമാം ഖല്ലാൽ ക്രോഡീകരിച്ച കർമശാസ്ത്രവുമുണ്ട്.


ഫിഖ്ഹിലും ഹദീസിലും സ്വന്തമായി രചനയില്ലെങ്കിലും ഇമാം ജഅ്ഫറിലേക്ക് ചേർത്തി പറയാറുള്ള നിവേദനങ്ങളാവട്ടെ ശിയാക്കൾക്ക് തന്നെ അസ്വീകാര്യവുമാണ്. ഇമാം ജഅ്ഫറിന്റെ മരണത്തിന് ശേഷം 180 വർഷങ്ങൾക്ക് ശേഷം രചിച്ച കുലൈനിയുടെ 'അൽഫൂറുഉൽ കാഫി'യാണ് അദ്ദേഹത്തിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടതെന്ന് ശിയാക്കൾ പ്രചരിപ്പിക്കാറുള്ള കർമശാസ്ത്ര രചന. തങ്ങളുടെ ഇമാമുകളുടെ ശിഷ്യന്മാർ നേരിട്ടു അവരിൽ നിന്ന് ക്രോഡീകരിച്ചതോ ശിഷ്യന്മാരുടെ ശിഷ്യന്മാരിൽ നിന്ന് ക്രോഡീകരിച്ചതോ ആയ നാനൂറ് ഗ്രന്ഥങ്ങൾ ഉണ്ടെന്നും അവയെല്ലാം നഷ്ടപ്പെട്ടു പോയെന്നുമാണ് ശിയാഭാഷ്യം! ബഹ്‌റൈനിലെ സമകാലികനായ ശിയാ പണ്ഡിതൻ ആയതുല്ല ജഅ്ഫർ സുബ്ഹാനി പറയുന്നത് ഇമാമുകളിൽ നിന്ന് നേരിട്ടു ലഭിച്ച ഗ്രന്ഥങ്ങൾ(ഉസൂൽ)ക്ക് നിശ്ചിതമായ ഒരു ക്രോഡീകരണവും ഉണ്ടായിരുന്നില്ലെന്നും കാരണം. അവ സദസ്സുകളിൽ പറഞ്ഞ ക്ലാസുകളോ ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങളോ ആയിരുന്നുവെന്നും ശിയാക്കളുടെ പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളായ അൽകാഫി, അൽ ഇസ്തിബ്‌സാർ, തഹ്ദീബ്, മൻലായഹ്‌ളുറുഹൂൽ ഫഖീഹ് എന്നിവയിൽ അവയൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടുമില്ലെന്നുമാണ്. പിന്നീടദ്ദേഹം പറയുന്നു. റളിയുദ്ദീൻ അലി ഇബ്‌നുതാവൂസ് പറഞ്ഞു. (ഹി. 663). എന്റെ പിതാവ് എന്നോടു പറഞ്ഞു. അബുൽ ഹസന്റെ അനുയായികളും വീട്ടുകാരും നമ്മുടെ കക്ഷിയിൽ പെട്ടവരും തന്റെ സദസ്സിൽ ഹാജരാവുമായിരുന്നു. അവരുടെ പക്കൽ പലകകളും എഴുത്തുപകരണങ്ങളുമുണ്ടായിരുന്നു. അബുൽ ഹസൻ ഒരു വാക്ക് പറയുകയോ ഫത്‌വ നൽകുകയോ ചെയ്താൽ, ആളുകൾ അത് രേഖപ്പെടുത്തി വെക്കും. (അദവാറുൽഫിഖ്ഹിൽ ഇമാമി: ജഅ്ഫർ സുബ്ഹാനി-35). ഇവിടെ അബുൽ ഹസനിൽ നിന്ന് നിവേദനം ചെയ്യുന്ന അലി ഇബ്‌നു താവൂസും തമ്മിൽ നാനൂറ് കൊല്ലത്തെ അന്തരമുണ്ട്. നിവേദനപരമ്പരകളുടെ കൂടിച്ചേരൽ എവിടെ? തന്നെ കൂടെ തങ്ങളുടെ അറിവുകൾ ക്രോഡീകരിക്കപ്പെട്ടതാണെന്നതിന് ഇതേ സുബ്ഹാനി പറയുന്ന മറ്റൊരു തെളിവ് ഇതാണ്: ''നമ്മുടെ ശൈഖ് ബഹാഉദ്ദീൻ ആമിലി പറയുന്നു. നമ്മുടെ മശാഇഖുകളിൽ നിന്ന് നമുക്ക് ലഭിച്ച ഒരു കാര്യമാണ് 'ഉസൂലി'ന്റെ ആളുകൾക്ക് ഇമാമുകളിൽ നിന്ന് എന്തെങ്കിലും ലഭിച്ചാൽ അവർ മറക്കാതിരിക്കാൻ അവ തങ്ങളുടെ ഉസൂലുകളിൽ രേഖപ്പെടുത്തി വെക്കുന്നതാണ്. ഇവിടെ നിവേദകനായ സുബ്ഹാനിയും അദ്ദേഹം ഉദ്ധരിക്കുന്ന ബഹാഉൽ ആമിലിയും തമ്മിൽ പത്ത് നൂറ്റാണ്ടുകളുടെ അന്തരമുണ്ട്!
അവരുടെ തന്നെ വാദപ്രകാരം ഏറ്റവും പൗരാണികളും വിശ്വസനീയവുമായ ഉസൂലുകൾ (ഇമാമുകളുടെ നിവേദനങ്ങൾ) ഉൾച്ചേർന്നതുമായ സമാഹാരം, കലൈനിയുടെ കാഫിയാണ്. എന്നാൽ പ്രമുഖരായ ശിയാ പണ്ഡിതന്മാരുടെ വാദപ്രകാരം അതിലെ അറുപത് ശതമാനം നിവേദനങ്ങളും ദുർബ്ബലങ്ങളോ(ളഈഫ്) നിർമിതികളോ (മൗളൂഅ്) ആണ്.
തങ്ങളുടെ കക്ഷിയുടെ ഏറ്റവും കൃത്യതയും സൂക്ഷ്മതയോടു കൂടി ക്രോഡീകരിക്കപ്പെട്ടതുമെന്നവകാശപ്പെടുന്ന അൽകാഫിയെക്കുറിച്ച് അവരുടെ പ്രമുഖ ഇമാം ബാഖിറുൽ മജ്‌ലിസി അതിന്റെ വ്യാഖ്യാനമായ മിർആതുൽ ഉഖൂലിൽ പറയുന്നത്; ഒമ്പതിനായിരത്തിൽപരം നിവേദനങ്ങൾ ദുർബ്ബലങ്ങളാണെന്നാണ്! അൽകാഫിയിലെ 9485 നിവേദനങ്ങൾ ദുർബലങ്ങളാണെന്നാണ് മുർതള അസ്‌കറിയുടെ അഭിപ്രായം (മആലിമുൽ മദ്‌റസതൈൻ 3/343).
മുഹമ്മദ് ബാഖിർ അൽബഹ്ബൂദിയുടെ അഭിപ്രായത്തിൽ 11693 നിവേദനങ്ങൾ അൽകാഫിയിൽ ദുർബലങ്ങളാണ്. 16121 നിവേദനങ്ങളിൽ സഹീഹുൽ കാഫിയിൽ നിന്ന് 4428 മാത്രമാണ് സ്വീകാര്യമായതെന്നാണ് മുർതദാ അസ്‌കരിയുടെ അഭിപ്രായം. മൂന്നിൽ രണ്ടു ഭാഗവും ദുർബല നിവേദനം കുത്തിനിറച്ച ഒരു ഗ്രന്ഥത്തിന് എന്ത് വിശ്വസനീയതയാണുള്ളത്. തങ്ങളുടെ ഏറ്റവും വിശ്വസനീയവും ആധികാരികവുമായ ഗ്രന്ഥത്തിന്റെ കഥയിതാണെങ്കിൽ മറ്റുള്ളവയുടെ അവസ്ഥയെന്താകും?
ശിയാക്കൾ തങ്ങളുടെ കർമശാസ്ത്ര പണ്ഡിതരുടെയും ഗവേഷകന്മാരുടെയും അഭിപ്രായങ്ങളെയും ഫത്‌വകളെയും ശിയാ കർമശാസ്ത്രമെന്നും ജഅ്ഫരി മദ്ഹബ് എന്നുമൊക്കെയാണ് വിവക്ഷിക്കുന്നത്. ചുരുക്കത്തിൽ ജഅ്ഫർ സാദിഖും അല്ലാത്തവരുമായ ഏത് ഇമാമിന്റെയും പേരിൽ അവർ ചാർത്തി കൊടുക്കുന്ന ഏത് വിധികളും അഭിപ്രായങ്ങളും ജഅ്ഫരി മദ്ഹബിയായി ഗണിക്കപ്പെടും.
ശിയാ വിശ്വാസപ്രകാരം ഓരോ ഫഖീഹിനും തന്റേതായ സ്വതന്ത്രവീക്ഷണമുണ്ട്. അയാൾ ഇമാമിനെ ഉദ്ധരിക്കാറുമില്ല. ഓരോ ഫഖീഹിനും സ്വന്തമായ അനുകർത്താക്കളുമുണ്ട് (മുഖല്ലിദുകൾ) അഥവാ ഖുമൈനിക്കും, മുഖ്തതാസദറിനും, സീസ്താനിക്കും, ശരീഅത്ത് മദാരിക്കും സ്വന്തമായ മുഖല്ലിദുകൾ ഉണ്ട്. അവർ മറ്റ് ഫുഖഹാക്കളെ ആശ്രയിക്കുകയോ അംഗീകരിക്കുകയോ ഇല്ല. എല്ലാം ജഅ്ഫരി മദ്ഹബിന്‌റെ പേരിൽ വരവ് വെക്കുകയും ചെയ്യും. തങ്ങളുടെ ഫുഖഹാക്കൾ ഇമാമുകളുടെ അഭിപ്രായങ്ങളുടെ വെളിച്ചത്തിലാണ് ഇജ്തിഹാദ് നടത്തുന്നത് എന്താണ് ഇമാമുകളുടെ അഭിപ്ര#ായം സ്വീകരിക്കാത്തതെന്താണെന്ന് ചോദ്യത്തിൽ നിന്നും രക്ഷപ്പെടാൻ അവർ പറയാറുള്ളത്. ഫഖീഹിന് വിശുദ്ധ പരിവേശം നൽകുന്നതിനാൽ അയാളുടെ അഭിപ്രായം അലംഘനീയമാണ്. ഓരോ ഫഖീഹും ഓരോ മർജിഇയ്യയാണ്. ഇവർ പരസ്പരം കഠിനവിരോധികളും വിയോജിപ്പിലുമാണ്. അവർ പ്രസിദ്ധീകരിക്കുന്ന കർമശാസ്ത്രരേഖകൾ (അർരിസാലത്തുൽ ഇൽമിയ്യ). ആ ആശയസംഘട്ടനത്തിന്റെ നിദർശങ്ങളാണ് ഓരോ ഫഖീഹും തങ്ങളെയല്ലാതെ തഖ്‌ലീദ് ചെയ്യരുതെന്നും, തങ്ങളാണ് ഏറ്റവും വിവരമുള്ളവർ എന്നും വാദിക്കുന്നവരാണ് ഒരാളുടെ മുഖല്ലിദ് മറ്റൊരു ഫഖീഹിന്റെ പിറകിൽ നമസ്‌കരിക്കാറില്ല. ഇത്രത്തോളം വിയോജിപ്പും വിരോധവും പുലർത്തുന്നവർ പൊതുജനങ്ങളെ വിഡ്ഢികളാക്കാൻ, തങ്ങൾ ജഅ്ഫരി മദ്ഹബുകാരാണെന്നവകാശപ്പെടുന്നു!
ഇമാമി ശിയാക്കൾ പൊതുവെ രണ്ടു വിഭാഗമാണ്; ഇഖ്ബാരികളും ഉസൂലികളും. ഇഖ്ബാരികൾ ഫഖീഹിനെ തഖ്‌ലീദ് ചെയ്യുന്നതിനെ വിലക്കുന്നവരാണ്. കാരണം മഅ്‌സൂമായ ഇമാമിനെ മാത്രമേ അവരുടെ വീക്ഷണപ്രകാരം പിന്തുടരാവൂ. ഇഖ്ഹാരികളും ഉസൂലികളും തമ്മിലുള്ള ഭിന്നത യുദ്ധത്തിലും കലാപത്തിലും വരെ എത്താറുണ്ട്. അവർ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു. ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഉസൂലികൾ മരണപ്പെട്ട ഫഖീഹിനെ തഖ്‌ലീദ് ചെയ്യരുത് എന്ന വാദക്കാരാണ്. അഥവാ ഓരോ ഫഖീഹിന്റെ മദ്ഹബും അയാളുടെ മരണത്തോടുകൂടി മരണമടയുന്നു! അപ്പോൾ ജഅ്ഫർ സാദിഖിന്റെ മദ്ഹബും ഫിഖ്ഹുമാണ് ശിയാ ഫുഖഹാക്കൾ പിന്തുടരുന്നതെങ്കിൽ ഒരു ഫഖീഹിന്റെ മരണശേഷം അയാളെ പിന്തുടരുന്നത് വിലക്കേണ്ട കാര്യമുണ്ടോ? കാരണം മഅ്‌സൂമായ ഇമാമിന്റെ മദ്ഹബും ഫിഖ്ഹും അയാൾ മരിച്ചാലും മാറുകയോ അവസാനിക്കുകയോ ഇല്ലല്ലോ? ഫഖീഹ് മരണപ്പെടുമ്പോൾ തങ്ങൾ ഉപേക്ഷിക്കുന്ന ഫിഖ്ഹ് ജഅ്ഫരീ മദ്ഹബിനെ പ്രതിനിധീകരിക്കുന്നതാണെങ്കിൽ അയാളുടെ വിയോഗത്തോടെ അവർ അത് ഉപേക്ഷിക്കുകയില്ലല്ലോ?
ചുരുക്കത്തിൽ ശിയാ ഫുഖഹാക്കൾ തമ്മിലുള്ള ഗുരുതരമായ അഭിപ്രായാന്തരങ്ങൾ കാണിക്കുന്നത്, അവർ ജഅ്ഫരി മദ്ഹബുകാരല്ലെന്നതിന്റെ തെളിവത്രെ. മഅ്‌സൂമായ ഇമാമിന്റെ അഭിപ്രായങ്ങൾ എങ്ങനെയാണ് വൈരുദ്ധ്യങ്ങൾ നിറഞ്ഞതും പര്‌സപര വിരുദ്ധവുമാകുന്നത് അപ്പോൾ ജഅ്ഫർ ഇബ്‌നു മുഹമ്മദ് മഅ്‌സൂമാണെങ്കിൽ പരസ്പരവിരുദ്ധമായ ഈ അഭിപ്രായങ്ങൾ അദ്ദേഹത്തിന്റേതാവില്ല. അദ്ദേഹം അങ്ങനെയല്ലെങ്കിൽ ശിയാ ആദർശം അതോടെ തകർന്നു തരിപ്പണമാവുകയും ചെയ്യും. ഇനി അദ്ദേഹം മഅ്‌സൂമല്ലെന്ന് തന്നെ സമ്മതിക്കുകയാണെങ്കിൽ ഒരാളിൽ നിന്ന് ഇത്രമാത്രം വിരുദ്ധാഭിപ്രായങ്ങൾ സംഭവിക്കുമോ? നാല് സുന്നി മദ്ഹബുകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇത്രത്തോളം വരില്ല.
ശിയാ പുരോഹിതൻ ''ഫൈളുൽ കാശാനി'' പറയുന്നത് കാണുക. ഒരേ വിഷയത്തിൽ ശിയാ പണ്ഡിതന്മാർ ഇരുപതോ മുപ്പതോ അതിലധികമോ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതായി കാണാം. അവർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ലാത്ത ഒരു വിഷയങ്ങളും ഉണ്ടാവില്ല. (മുഖദ്ദിമ തഹ്ദീബുൽ അഹ്കാം). മുഖ്തലഫു ശീഅ എന്ന അല്ലാമാ ഹൂലിയുടെ ഗ്രന്ഥം നോക്കിയാൽ ജഅ്ഫരി മദ്ഹബുകാരെന്നവകാശപ്പെടുന്ന ശിയാക്കൾക്കിടയിലുള്ള അഭിപ്രായ വൈരുദ്ധ്യങ്ങളുടെ ആഴവും പരപ്പും  ബോധ്യപ്പെടുന്നതാണ്. പത്തു വാള്യങ്ങൾ ഉണ്ട്. ഹി. 726ൽ രചിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്! ശിയാ മദ്ഹബിന്റെ വൈരുദ്ധ്യങ്ങൾ ക്രോഡീകരിക്കുന്ന ഒരു ഗ്രന്ഥം രചിക്കാൻ ഇന്നൊരാൾ തയ്യാറാവുകയാണെങ്കിൽ ചുരുങ്ങിയത് നൂറ് വാള്യങ്ങൾ വേണ്ടി വരും. അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ പരസ്പരം കാഫിറാക്കുകയും തെമ്മാടികളാക്കുകയും മാത്രമല്ല അത് കൊലയിലവസാനിച്ച സംഭവങ്ങളുമുണ്ട്. ശിയാ പുരോഹിതൻ ഖുവാൻസാരി പറയുന്നു. പിൽക്കാലക്കാർ വർദ്ധിച്ച തോതിൽ രചനകൾ നടത്തി. അവരുടെ ഗ്രന്ഥങ്ങളിൽ ധാരാളം പിഴവുകൾ സംഭവിച്ചു. അവ അവരിൽപ്പെട്ട ചിലരുടെ കൊലക്ക് കാരണമായി. (ലുഅ്‌ലുഅത്തുൽ ബഹ്‌റൈൻ 81).
സുന്നി പണ്ഡിതന്മാർക്കും ഫുഖഹാക്കൾക്കുമിടയിലും അഭിപ്രായാന്തരങ്ങളില്ലേ എന്ന് ചോദിക്കുന്നവരുണ്ടാകും. എന്നാൽ മഅ്‌സൂമുകളല്ലാത്ത പണ്ഡിതന്മാരിൽ നിന്ന് അവരുടെ മാനദണ്ഡങ്ങളും വീക്ഷണങ്ങളും സമീപനങ്ങളും വ്യത്യസ്തമാകുന്നത് കൊണ്ട് അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുന്നത് സ്വാഭാവികവും അനുവദനീയവുമാണ്. അവർക്ക് പിഴവ് പറ്റിയാൽ ഒരു പ്രതിഫലവും ശരിയായാൽ രണ്ട് പ്രതിഫലവും ലഭിക്കുന്നതാണ്.
എന്നാൽ ശിയാക്കൾ അടിസ്ഥാനപരമായി കർമശാസ്ത്ര വിഷയങ്ങളില് അഭിപ്രായ വ്യത്യാസം അംഗീകരിക്കാത്തവരാണ് സുന്നികൾക്കിടയിൽ അഭിപ്രായ വ്യത്യാസം സംഭവിക്കാൻ കാരണം അവർ മഅ്‌സൂമായ ഇമാമിനെ അംഗീകരിക്കാത്തത് കൊണ്ടാണെന്നാണ് ശീഈ വീക്ഷണം. അബൂഹുറൈറ(റ) ആയിശ(റ), മുആവിയ(റ) അബൂഹനീഫ(റ), ശാഫിഈ(റ), അഹ്മദ് ഇബ്‌നു ഹമ്പൽ(റ) തുടങ്ങിയ മഅ്‌സൂമുകളല്ലാത്തവരെ പിന്തുടർന്നത് കൊണ്ടും അഹ്ലുബൈത്തിന്റെ മദ്ഹബ് തള്ളിക്കളഞ്ഞത് കൊണ്ടുമാണ് സുന്നികൾക്കിടയിൽ അഭിപ്രായ വ്യത്യാസം സംഭവിക്കുന്നത് എന്നാണ് അവരുടെ വാദം. അവർ രക്ഷയുടെ കപ്പലിൽ കയറിയിരുന്നുവെങ്കിൽ അഭിപ്രായാന്തരങ്ങളുടെ ആഴിയിൽ മുങ്ങിപ്പോകില്ലായിരുന്നുവെന്നുമാണ് അവർ അവകാശപ്പെടുന്നത്!
സമകാലികരായ ശീഇ പണ്ഡിതരായ ''അഹ്മദുൽ വാഇലി'' വേദക്കാരായ സ്ത്രീകളെ വിവാഹം കഴിക്കുന്നത് സംബന്ധിച്ച് പരസ്പര വിരുദ്ധമായ ആറ് അഭിപ്രായങ്ങൾ പറഞ്ഞതിന് ശേഷം ഒരു തീർപ്പിലെത്താതെ സുന്നികളുടെ വീക്ഷണം പറഞ്ഞു അവസാനിപ്പിക്കുന്നു. മറ്റൊരു ശിയാ പണ്ഡിതൻ സുന്നികളുടെ അഭിപ്രായം പറഞ്ഞ ശേഷം ശിയാ പണ്ഡിതന്മാർ ഈ വിഷയത്തിൽ പരസ്പര ഭിന്ന വീക്ഷണം പുലർത്തുന്നു എന്ന് പറയുന്നു.
ജുമുഅ നമസ്‌കാരം വേണമോ വേണ്ടയോ എന്ന കാര്യത്തിൽ ഇപ്പോഴും ഒരു തീർപ്പിലെത്താൻ മഅ്‌സൂമായ ഇമാമിന്റെ അനുയായികൾക്ക് സാധിച്ചിട്ടില്ല ഹറാം, വുജൂബ്, തഖ്‌യീരി, വുജൂബ് തഅ്‌യീനി, ഇമാം ഫഖീഹാണെന്ന നിബന്ധനയോടെ വുജൂബ്, വുജൂബ് ഹറാം എന്നതിന്റെ ഇടയിലുള്ള അനിശ്ചിതത്വം ഇങ്ങനെ അഞ്ച് അഭിപ്രായമാണ് ഇതിലുള്ളത്!
ഇതിനു പുറമെ അദൃശ്യനായ ഇമാമോ അയാളുടെ പ്രതിനിധിയോ ഉണ്ടായാലേ നിർബന്ധമാവൂ എന്ന കാര്യത്തിലും അഭിപ്രായാന്തരമുണ്ട്. ഭർതൃമതിയായ സ്ത്രീ വ്യഭിചരിച്ചാൽ എന്തു ചെയ്യണമെന്ന കാര്യത്തിൽ സയ്യിദ് ഖൂഇ പരസ്പരവിരുദ്ധമായ രണ്ട് അഭിപ്രായം പ്രകടിപ്പിച്ചതായി ഹുസൈൻ ഫദ്‌ലുല്ലാ അഭിപ്രായപ്പെടുന്നുണ്ട്. ഒന്ന് ഇറാഖിൽ വെച്ച് പറഞ്ഞതും മറ്റൊന്ന് അമേരിക്കയിൽ വെച്ച് നൽകിയ ഫത്#വയുമാണെന്ന് മാത്രം! ഇത് സുന്നി ഫുഖഹാക്കളുടെ ഖദീമും ജദീദുമായ ഖൗൽ പോലെയല്ല. ഒരേ ഗ്രന്ഥത്തിൽ വ്യത്യസ്ത അധ്യായങ്ങളിൽ പരസ്പര വിരുദ്ധമായ അഭിപ്രായം പറയുകയാണിവർ.
ഒരു വീട്ടിൽ തന്നെ പിതാവ് ഒരു മർജിഇനെയും മകൻ മറ്റൊരു മർജിഇനെയും പിന്തുടരുന്നത് കൊണ്ട് അല്ലെങ്കിൽ സഹോദരങ്ങൾ വ്യത്യസ്ത ഫുഖഹാക്കളെയും ഭാര്യ ഭർത്താക്കന്മാർ വിരുദ്ധ വീക്ഷണമുള്ള രണ്ട് ഫുഖഹാക്കളെയും തഖ്‌ലീദ് ചെയ്യുന്നത് കൊണ്ടും അഭ്യന്തരക്കുഴപ്പങ്ങൾക്കും വക്കാണങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവെക്കാറുണ്ട്. മുഹമ്മദ് സാദിഖ് സദറിനോടു ചോദിച്ച ഒരു ചോദ്യം കാണുക. ഭർത്താവ് പിന്തുടരുന്ന ഫഖീഹിന്റെ വീക്ഷണത്തിൽ ഗുദത്തിൽ ലൈംഗിക വേഴ്ച നടത്താവുന്നതാണ് എന്നാൽ ഭാര്യ തഖ്‌ലീദ് ചെയ്യുന്ന ഫഖീഹിന്റെ വീക്ഷണത്തിൽ അത് അനുവദനീയവുമല്ല എങ്കിൽ ഭർത്താവ് അതിന് ആവശ്യപ്പെട്ടാൽ എന്ത് ചെയ്യണം. അഭിപ്രായ വൈരുദ്ധ്യങ്ങൾ അനുഷ്ഠാന കർമ്മങ്ങളിൽ മാത്രമൊതുങ്ങുന്നതല്ല. അടിസ്ഥാനപരമായ വിശ്വാസരംഗത്തും വൈരുദ്ധ്യങ്ങൾ ദർശിക്കാം. ''ഇഅ്തിഖാദുസദൂഖ്'' എന്ന പേരിൽ സദൂഖിന് ശീഇ വിശ്വാസ ദർശനങ്ങളെക്കുറിച്ച് ഒരു ഗ്രന്ഥമുണ്ട്. എന്നാൽ തന്റെ ശിഷ്യൻ മുഫീദ് അങ്ങിനെതിരിൽ ''തസ്ഹീഹുൽ ഇഅ്തിഖാദ്'' എന്ന പേരിൽ ഒരു ഖണ്ഡന ഗ്രന്ഥവും രചിച്ചു. വിവരമില്ലാത്തവൻ, അവിവേകി, കഥയറിയാത്തവൻ എന്നൊക്കെയാണ് അതിൽ ഗുരുവിനെ വിശേഷിപ്പിക്കുന്നത്. പിന്നീട് മുഫീദിന്റെ ശിഷ്യൻ ശരീഫ് മുർതള തന്റെ ഗുരുനാഥനോട് 95 വിഷയങ്ങളിൽ വിയോജിച്ചുകൊണ്ട് ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി. ഇവിടെ ഒരു ചോദ്യം ജഅ്ഫർ സാദിഖ് ഇതിൽ ഏത് വിശ്വാസക്കാരനായിരുന്നു. സദൂഖിന്റെയോ മുഫീദിന്റെയോ ശരീഫിന്റെയോ?
വിശ്വാസകാര്യത്തിൽ ഇമാം ജഅ്ഫറിന്റെ നിലപാടിലല്ലെങ്കിൽ പിന്നെ ശിയാക്കൾ ഏതു കാര്യത്തിലാണ് ജഅ്ഫരികളാകുന്നത്?
ഏറ്റവും ലജ്ജാകരമായിട്ടുള്ള കാര്യം. വ്യത്യസ്ത വീക്ഷണക്കാരുടെ അഭിപ്രായങ്ങൾ പറയുമ്പോൾ ഫിഖ്ഹിലും ഉസൂലിലും അടുത്തകാലത്തായി രചിക്കപ്പെട്ട സുന്നി പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ ഒരു വിഷയത്തിൽ, മാലികികൾക്ക് രണ്ട് അഭിപ്രായവും അഹ്മദ്(റ)നും ശാഫിഈ(റ)ക്കും അതിൽ കൂടുതൽ അഭിപ്രായമോ ഉണ്ടെന്ന് പറഞ്ഞതിന് ശേഷം ഇമാമികൾക്ക് ഒരഭിപ്രായവുമുണ്ടെന്ന് പറയുന്നത് കാണാം. ജഅ്ഫരി മദ്ഹബെന്ന കെട്ടുകഥ വിശ്വസിക്കാൻ നമ്മുടെ പണ്ഡിതന്മാരെ പ്രേരിപ്പിക്കുന്നതെന്തായിരിക്കും? കാര്യമറിയാത്തതു കൊണ്ടോ? അതോ അറിഞ്ഞിട്ടും കണ്ണടക്കുന്നതാണോ?
പിന്നെ, എക്കാലത്തും മഅ്‌സൂമായ ഇമാം ഉണ്ടായിരിക്കുമെന്നാണ് ശീഇ വിശ്വാസം. അവരുടെ വീക്ഷണപ്രകാരം ഇക്കാലത്തെ മഅ്‌സൂം മഹ്ദിയാണ്. (ഇമാമുസമാൻ) മഹ്ദിയുടെ ഫിഖ്ഹ് എവിടെയാണ്? അദ്ദേഹത്തിന്റെ പിതാവ് ഹസൻ അസ്‌കരിയുടെയും റിദയുടെയും മൂസയുടെയും ഫിഖ്ഹുകൾ എവിടെ? ജഅ്ഫർ സ്വാദിഖിന്റെ വിയോഗത്തോടെ ഇമാമത് അടുത്ത ഇമാമിലേക്ക് നീങ്ങേണ്ടതല്ലേ? എക്കാലത്തും ജഅ്ഫർ സ്വാദിഖിന്റെ ഫിഖ്ഹ് മതിയെങ്കിൽ, അടുത്ത ഇമാമുകളുടെ ആവശ്യമെന്താണ്?
കലൈനി ജീവിച്ചത് (ഹി. 329) ഹസൻ അസ്‌കരിയുടെ (ഹി. 220) അടുത്തകാലത്തും അടുത്ത പ്രദേശത്തുമായിരുന്നു. എന്നിട്ടും എട്ടു വാള്യങ്ങളുള്ള തന്റെ ഗ്രന്ഥത്തിൽ മിക്കതും ജഅ്ഫർ സാദിഖിൽ നിന്നുള്ള നിവേദനങ്ങൾ കൊണ്ട് നിറക്കുകയും മറ്റു ഇമാമുകളുടെ നിവേദനങ്ങൾ അവഗണിക്കുകയും ചെയ്തതെന്ത് കൊണ്ട് ജഅ്ഫർ സാദിഖ് ജീവിച്ചത് ഹിജ്‌റ 80 കളിലും കലൈനി 300 കളിലും. ഒരാൾ ബാഗ്ദാദിലും മറ്റെയാൾ മദീനയിലും. എന്നാൽ ഏകദേശം ഒരേ കാലത്ത് തൊട്ടടുത്ത് ജീവിച്ചവരായിരുന്നു കലൈനിയും ഹസൻ അസ്‌കരിയും. ആദ്യത്തെ അഞ്ച് ഇമാമുകളെയും അവസാനത്തെ ആറ് പേരെയും വിട്ടു ഏഴാമത്തെ ആളിൽ നിന്ന് മാത്രം ഉദ്ധരിച്ചത് എന്തുകൊണ്ടാണ്?
ഒരാളുടെ മാത്രം അഭിപ്രായമാണ് തങ്ങളുടെ മതവീക്ഷണമെങ്കിൽ ഒന്നിലധികം ഇമാമുകളുടെ ആവശ്യമെന്ത്? ഒന്നാമത്തെ ഇമാം അലി(റ)യുടെ ഫിഖ്ഹ് എവിടെപ്പോയി. ജഅ്ഫർ സാദിഖിൽ നിന്ന് മാത്രം ഇത്രമാത്രം നിവേദനങ്ങൾ ഉണ്ടാവാൻ കാരണമെന്ത്? ശിയാ പണ്ഡിതർ തന്നെ അതിന് മറുപടി പറയുന്നുണ്ട്. 'ശരീഫി' പറയുന്നത് കാണുക. മിക്ക ഹദീസുകളും ഇമാമുമാർ പറഞ്ഞതല്ല. കള്ളം പറയുന്നവർ നിർമ്മിച്ച് അവരിലേക്ക് ചേർത്തി പറയുന്നതാണ് ഒന്നുകിൽ അവരുടെ ശിഷ്യന്മാരുടെ ഗ്രന്ഥങ്ങളിൽ തിരുകികയറ്റിയോ മറ്റു വിധേനയോ (ഖവാഇദുത്തഹ്ദീസ് 135) ''നമ്മുടെ പണ്ഡിതന്മാരുടെ ഹദീസ് ഗ്രന്ഥങ്ങൾ എടുക്കുക. അതിൽ വിശ്വസ്തരായവരോ പ്രമാണം അറിയുന്നവരോ ഇല്ല. അവരുടെ ഗ്രന്ഥങ്ങൾ തെളിവു പിടിക്കാൻ യോഗ്യവുമല്ല.'' (റസാഇലുശരീഫ് അൽ മുർതള 3/211).
നബി(സ)യുടെ ഹദീസുകൾ ശിയാക്കൾ തള്ളിക്കളയുന്നത് അത് നിവേദനം ചെയ്തവർ അഹ്‌ലുബൈത്തിൽ പെട്ടവർ അല്ല എന്ന ന്യായം പറഞ്ഞാണ്. കാരണം നബിയുടെ അറിവുകൾക്ക് ഒരു കവാടം(അലി) മാത്രമാണുള്ളത്. തങ്ങളുടെ നിവേദനങ്ങൾ അഹ്‌ലുബൈത്തിൽ നിന്നാണെന്ന വാദം ശരിയാകണമെങ്കിൽ നിവേദനപരമ്പരയിലെ എല്ലാ കണ്ണികളും അഹ്‌ലുബൈത്തിൽ പെട്ടവരായിരിക്കണമല്ലോ? ഇതാകട്ടെ ഒരിക്കലും സംഭവിച്ചിട്ടില്ല താനും. അവരുടെ, അൽകാഫി, തഹ്ദീബ്, അൽബിഹാർ എന്നിവയുടെ നിവേദന പരമ്പരകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. തങ്ങളുടെ മതം ഉദ്ധരിച്ച ആയിരക്കണക്കിന് നിവേദകപരമ്പരകളിൽ തങ്ങളുടെ ഇമാമുകളിലോ അഹ്‌ലുബൈത്തിലോ പെട്ട ഒരാളുമില്ലെന്നാണ് വാസ്തവം.
ഹദീസ് നിവേദകന്മാരും ഏതെങ്കിലും ഒരു ഇമാമിൽ ചെന്ന് ചേരുന്ന ഒരു നിവേദനം ഉദ്ധരിക്കുകയാണ്. (പ്രധാനമായും ജഅ്ഫർ സാദിഖിൽ). കുലൈനിയെ പോലുള്ളവർ ചെയ്യുന്നത്. പ്രസ്തുത നിവേദക പരമ്പരയിൽ അഹ്‌ലുബൈത്തിൽ പെട്ട ആരുമുണ്ടാവില്ല. എന്നാൽ ബുഖാരിയെ പോലുള്ള സുന്നി ഹദീസ് പണ്ഡിതന്മാർ ഉദ്ധരിക്കുന്ന നിവേദനങ്ങൾ നബി തിരുമേനിയിൽ എത്തിച്ചേരുന്നു. പലപ്പോഴും അതിൽ അലി(റ)യെ പോലെ നബി കുടുംബത്തിൽ പെട്ട നിവേദകർ ഉണ്ടാവുകയും ചെയ്യും. ഉദാ:
കുലൈനി:- മുഹമ്മദ് ഇബ്‌നു യഹ്‌യ - അഹ്മദ് ബിൻ മുഹമ്മദ് ഇബ്‌നു ഫളാൽ, ഹസൻ ഇബ്‌നു ജഹ്മർറിള, ജഅ്ഫർ.
ബുഖാരി - അലിയ്യ് ഇബ്‌നു ജഹ്ദ്, ശുഅ്ബ - മൻസൂർ, രിബ്ഇയ്യ, ഇബ്‌നു ഹറാശ്, അലി.
റസൂലുല്ലാഹ്(സ) - നബിയിൽ നിന്ന് നേരിട്ടു പ്രവാചക കുടുംബത്തിൽ പെട്ടവർ ഉദ്ധരിക്കുന്നത് അസ്വീകാര്യവും അഹ്#ലുബൈത്തിൽ പെടാത്തവർ ഏതെങ്കിലും ഒരു ഇമാമിൽ നിന്ന് ഉദ്ധരിക്കുന്നവർ സ്വീകാര്യവുമാകുന്നത് എങ്ങനെ?
ഒന്നുകിൽ ഇമാമിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നവർ എല്ലാവരും അഹ്‌ലുബൈത്തിൽ പെട്ടവരാകണം. അല്ലെങ്കിൽ ജഅ്ഫർ സാദിഖിനെപ്പോലുള്ള ഇമാമുകൾ നബിയിൽ നിന്നു ഉദ്ധരിച്ച ഹദീസുകളുടെ സമാഹരണം ഉണ്ടാവണം. രണ്ടുമില്ലെങ്കിൽ പിന്നെ ശിയാവാദത്തിന് എന്ത് നിലനിൽപാണുള്ളത്.
ശിയാ ഹദീസ് സമാഹാരം രചിച്ചവർ ആരും അറബികളോ അഹ്#ലുബൈത്തിൽ പെട്ടവരോ അല്ലെന്ന് കാണാം. ഉദാഹരണത്തിന് കാഫിയുടെ ഭർത്താവ് - (കുലൈനി ഹി.329) ഫഖീഹുമൻലായഹ്‌ളുറൂഹുൽ ഫഖീഹിന്റെ കർത്താവ് അൽഖുമ്മി 381) തഹ്ദീബുൽ അഹ്കാം, അൽ ഇസ്തിബ്‌സാർ എന്നിവയുടെ കർത്താവ് (അത്തൂസി 460) ബുവൈഹികൾ ഭരിക്കുന്ന സമയത്താണ് ഇവ രചിക്കപ്പെട്ടതും പ്രചരിക്കപ്പെട്ടതും അവരാകട്ടെ ഇറാനികളും ബഗ്ദാദ് പിടിച്ചടക്കി അതിക്രമം കാണിച്ച ശിയാക്കളാണവർ. സുന്നി ഹദീസ് പണ്ഡിതന്മാരായ ഇമാം മാലിക് (179) അഹ്മദ് ഇബ്‌നു ഹമ്പൽ (241) ഇമാം ശാഫിഈ (204) ഇമാം മുസ്ലിം (261) അബൂ ദാവൂദ് (270) എന്നിവർ അറബി വംശജരാണ്. ഇമാം ബുഖാരി അനറബിയും. എന്നാൽ ശിയാ ഹദീസ് പണ്ഡിതന്മാരിൽ ഒരാളും അറബി വംശജരിൽ പെട്ടവരില്ല.
ശിയാ നിവേദക പരമ്പരയിൽപെട്ട പ്രശസ്തരായ പലരും വിശ്വസിക്കാൻ കൊള്ളുന്നവരല്ലെന്നാണ് അവരുടെ ചരിത്രഗ്രന്ഥങ്ങളായ, രിജാലുൽ കശ്ശി, ജാമിഉർറുവാത് എന്നിവ സാക്ഷ്യപ്പെടുത്തുന്നത്. സറാറത്ത് ഇബ്‌നു അഅ്‌യുൻ, അബൂ ബസ്വീറു ലൈസുൽ മുറാദി, മുഹമ്മദ് ഇബ്‌നു മുസ്ലിം, ബുറൈദ് ഇബ്‌നു മുആവിയ എന്നിവർ ഉദാഹരണം.
സിൻദീഖുകളായിരുന്ന (മതനിഷേധി) ഹിശാം ഇബ്‌നു ഹകം, ജാബിർ ഇബ്‌നു യസീദിനെ പോലുള്ളവർ, ഇമാം ജഅ്ഫർ സാദിഖിന്റെ പേരിൽ എഴുപതിനായിരത്തിൽ പരം നിവേദനങ്ങളാണ് കെട്ടിച്ചമച്ചത്. മദ്യപാനികളും ചൂതാട്ടക്കാരുമായ ഔഫുൽ അഖീല, അലി ഇബ്‌നു അബീ ഹംസ, അബൂഹുറൈറ അൽ ബസാർ തുടങ്ങിയവരാണിവരുടെ പ്രധാന നിവേദകന്മാർ. ഇമാം ജഅ്ഫർ സാദിഖിൽ നിന്ന് കശ്ശി ഉദ്ധരിക്കുന്നത് കാണുക. മുഗീറ ഇബ്‌നു സഅദ് എന്റെ പിതാവ് ബാഖിറിന്റെ പേരിൽ കളവ് കെട്ടിച്ചമക്കാരുണ്ടായിരുന്നു. കുഫ്‌റും സൻദഖത്തും രഹസ്യമായി എന്റെ പിതാവിന്റെ പേരിലേക്ക് ചേർത്തി ഉദ്ധരിച്ചു തന്റെ ശിഷ്യന്മാർക്ക് നൽകി ശിയാക്കൾക്കിടയിൽ പ്രചരിപ്പിക്കാൻ അദ്ദേഹം കൽപിക്കുമായിരുന്നു. (രിജാലുൽ കശ്ശി 196).
നിങ്ങളുടെ ഗ്രന്ഥങ്ങളിൽ ഒരു ലക്ഷത്തോളം വരുന്ന വ്യാജ നിവേദനങ്ങൾ ഞാൻ രഹസ്യമായി ചേർത്തിട്ടുണ്ടെന്ന് മുഗീറ പറഞ്ഞതായി ശിയാ പണ്ഡിതൻ മാംഖാനി തന്റെ തൻഖീഹുൽ മഖാൽ എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട് (1-5) അബിൻ ഖത്താബ് അൽ അസ്ദി, (ശൈത്ത്വനുത്വാഖ്) മുഅ്മിനത്താഖ് എന്നിവർ ഇങ്ങനെ നുഴഞ്ഞുകയറി ശീഇസത്തിൽ കുഫ്‌റും ളലാലത്തും കടത്തി കൂട്ടിയവരാണ്.
സമകാലികനായ ശിയാ പണ്ഡിതൻ ഹാശിം മഅ്‌റൂഫ് പറയുന്നത് കാണുക. അൽകാഫി, അൽവാഫി പോലുള്ള ഹദീസ് സമാഹാരങ്ങളിൽ ഇമാമുകളോടു വിദ്വേഷം പുലർത്തുന്ന പലരും കയറിക്കൂടി അവരുടെ നിവേദനങ്ങളിൽ അസത്യങ്ങൾ കടത്തിക്കൂട്ടിയിട്ടുണ്ട്. (അൽമൗളൂആത്ത് ഫിൽ ആസാർ വൽ അഖ്‌സാർ 253).
കാഫിയിലെ ഏതാനും ഹദീസുകൾ? ഉദ്ധരിച്ച് ഈ ലേഖനം അവസാനിപ്പിക്കാം.
അബൂ അബ്ദില്ല (ജഅ്ഫർ സാദിഖ്) പറഞ്ഞു. ജിബ്‌രീൽ നബിക്ക് അവതരിപ്പിച്ച ഖുർആനിൽ പതിനേഴായിരം ആയത്തുകളുണ്ട്. (അൽകാഫി 2/634).
ഖുർആൻ അവതരിച്ചതുപോലെ ക്രോഡീകരിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടവൻ കള്ളനാണ്. അതിനെ ക്രോഡീകരിച്ചതു സംരക്ഷിച്ചത് അലിയും ഇമാമുകളുമാണ്. (1/227). കുഫ്‌റും ഫുസ്ഖും ധിക്കാരവും അവൻ നിങ്ങൾക്ക് വെറുപ്പുള്ളതാക്കി (അൽഹുജൂറാത്ത് 7) അഥവാ ഒന്നാമനും രണ്ടാമനും മൂന്നാമനും (അബൂബക്കർ ഉമർ ഉസ്മാൻ) എന്നിവരാണ് ഇതുകൊണ്ടുള്ള വിവക്ഷയെന്നർത്ഥം (1/426). കഥയറിയാതെ ആട്ടം കാണുന്ന പല സുന്നികളും എന്നിട്ടും പറയുന്നു. അഹ്‌ലുസ്സുന്നയുടെ നാല് മദ്ഹബുകൾ പോലെ ഒരു മദ്ഹബാണ് ജഅ്ഫരി മദ്ഹബ് എന്നും. അതുകൊണ്ട് ഇബാദത്ത് ചെയ്യൽ അനുവദനീയമാണെന്നും!

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal