} -->

സയ്യിദ് ഖുതുബിൻറെ വഴികേടുകൾ

സയ്യിദ് ഖുതുബിൻറെ വഴികേടുകൾ


✍🏻 അബ്ദുറഹ്മാൻ ആദ്ർശേരി

എൻറെ സ്വഹാബികളുടെ കാര്യത്തിൽ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എനിക്ക് ശേഷം നിങ്ങളവരുടെ അഭിമാനത്തിന് ക്ഷതം വരുത്തരുത്. അവരെ ആരെങ്കിലും ഇഷ്ടപ്പെടുകയാണെങ്കിൽ എന്നോടുള്ള ഇഷ്ടം കൊണ്ടാണത്. അവരെ ആരെങ്കിലും വെറുക്കുന്നത് എന്നെ വെറുക്കുന്നതുകൊണ്ടാണ്. അവരെ ഉപദ്രവിക്കുന്നവർ എന്നെയാണ് ഉപദ്രവിക്കുന്നത്. എന്നെ ഉപദ്രവിക്കുന്നവർ അല്ലാഹുവിനെയാണ് ഉപദ്രവിക്കുന്നത്. അല്ലാഹുവിനെ ഉപദ്രവിക്കുന്നവരെ അവൻ പിടികൂടി നശിപ്പിക്കും (അഹ്മദ്).
എൻറെ സ്വഹാബികളെ ഭത്സിക്കുന്നവന് അല്ലാഹുവിന്റെയും മലക്കുകളുടെയും മുഴുവൻ ജനങ്ങളുടെയും ശാപം ഉണ്ടായിരിക്കുന്നതാണ് (ഹദീസ്).

'വ്യക്തികളും ഗ്രന്ഥങ്ങളും' എന്ന ഗ്രന്ഥത്തിൽ സയ്യിദ് ഖുത്തുബ് പറയുന്നത് കാണുക:


മുആവിയക്കും തന്റെ കൂട്ടുകാരൻ അംറിനും അലിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ല, കാരണം അവർ രണ്ടുപേരും അദ്ദേഹത്തേക്കാൾ ജനങ്ങളുടെ ഉള്ളിലിരിപ്പ് അറിയുന്നവരും ജനങ്ങളോട് വേണ്ട സമയത്ത് വേണ്ട പോലെ പെരുമാറാൻ കഴിയുന്നവരുമാണ്. എന്നാൽ ഏതായുധവും എടുത്തുപയോഗിക്കാൻ അവർക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെങ്കിലും സംഘർഷത്തിൻറെ വഴികൾ തെരഞ്ഞെടുക്കുന്നതിൽ അദ്ദേഹത്തിന് പരിമിതിയുണ്ടായിരുന്നു. മുആവിയയും അംറും ചതി, വഞ്ചന, കള്ളം, കാപട്യം, കൈക്കൂലി, അഭിമാനം വിലക്ക് വാങ്ങൽ എന്നീ മാർഗങ്ങൾ അവലംബിച്ചപ്പോൾ ഇത്തരം അധമാവസ്ഥയിലേക്ക് തരംതാഴാൻ അലിക്കായില്ല. അതുകൊണ്ടുതന്നെ അവർ ജയിക്കുമെന്നതിലും അദ്ദേഹം തോൽക്കുമെന്നതിലും അത്ഭുതപ്പെടാനില്ല. എല്ലാ വിജയത്തേക്കാളും മഹത്തരമായ ഒരു തോൽവിയാണത്. മുആവിയ അലിയുടെ മേൽ നേടിയ വിജയം, രണ്ടാളുകൾ തമ്മിലുള്ളതിൽ കവിഞ്ഞ്, ഒരു തലമുറ മറ്റൊരു തലമുറയുടെ മേലും ഒരു യുഗം മറ്റൊരു യുഗത്തിനു മേലും ഒരു വീക്ഷണം മറ്റൊരു വീക്ഷണത്തിനു മേലും നേടിയ വിജയമാണ്.
ഇസ്ലാമിക ചൈതന്യത്തിൻറെ വികാസം ചുരുങ്ങാൻ തുടങ്ങി. ഇസ്ലാം കൈപിടിച്ചുയർത്തിയ പല അറബികളും പഴയ ചെളിക്കുണ്ടിലേക്ക് തിരിച്ചുപോയി. ഇത്തരം വീഴ്ചകൾക്ക് വിധേയനാകാതെ, അലി ഉന്നതങ്ങളിൽ വിരാജിച്ചു. കൂലം കുത്തിയൊഴുക്കിൽ ഒലിച്ചുപോകാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. എല്ലാ വിജയങ്ങളേക്കാളും  മഹത്തരമായ വിജയമാണത്. (ഗ്രന്ഥങ്ങളും വ്യക്തികളും 242-243).
ഇതേ ഗ്രന്ഥത്തിൽ തന്നെ അദ്ദേഹം പറയുന്നു:
മുആവിയയുടെ തലമുറയെ വിളിക്കാൻ പറ്റുക പ്രായോഗികതാവാദത്തിൻറെ ( കാര്യം നേടാൻ എന്തു അനീതിയും ചെയ്യാമെന്ന വാദം)  വക്താവായ മെക്കാവില്ലിയുടെ തലമുറയെന്നായിരിക്കും. മെക്കാവില്ലിക്ക് നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ മുആവിയ പ്രസ്തുത സിദ്ധാന്തം പ്രയോഗവത്കരിച്ചു എന്നും സയ്യിദ് ഖുതുബ് പറയുന്നു. അതേ സിദ്ധാന്തമാണ് അന്നത്തെ തലമുറയെയും കീഴ്പ്പെടുത്തിയത്. അവരെ  ആരും അതിലേക്ക് ക്ഷണിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല, കാരണം പ്രായോഗികതാവാദം അന്നത്തെ വ്യക്തി, സമൂഹം,  ഭരണകൂടം, സംഘങ്ങൾ എന്നിവയെയെല്ലാം കീഴ്പ്പെടുത്തിയിരുന്നു. ഹൃദയങ്ങളെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും ഇസ്ലാമിൻറെ ആത്മാവിനെ തകർത്ത ദുരന്തമായിരുന്നു മുആവിയയുടെ വിജയം (പേജ് 242-243).

മറ്റൊരിടത്ത് ഹസ്രത്ത് ഉസ്മാൻ (റ)നെ കുറിച്ച് പറയുന്നു: ഇസ്ലാമിൻറെ വേലിക്കെട്ടിനകത്താണെങ്കിലും ഭരണത്തിൻറെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഈ വീക്ഷണത്തിന് കുറേശ്ശെയായി ഉസ്മാൻറെ കാലത്ത് മാറ്റം വന്നുകൊണ്ടിരുന്നുവെന്നത് തർക്കമില്ലാത്ത കാര്യമാണ്. പടുവൃദ്ധനായിരിക്കുമ്പോഴാണ് ഉസ്മാൻ അധികാരത്തിലെത്തുന്നത്. തന്റെ പിന്നിലിരുന്ന് മർവാൻ ഇബ്നുൽ ഹകം ഇസ്ലാമിൽ നിന്നും വളരെ വ്യതിചലിച്ച് കാര്യങ്ങൾ നിയന്ത്രിച്ചു. ഉസ്മാൻറെ സുഭിക്ഷമായ അവസ്ഥയും സ്വന്തക്കാരോടുള്ള അതിയായ താൽപര്യവും തൻറെ ചുറ്റുമുള്ള ധാരാളം സ്വഹാബികൾ എതിർക്കാൻ കാരണമായ പല നിലപാടുകളും സ്വീകരിക്കുന്നതിലേക്ക് വഴിവെച്ചു. ഇസ്ലാം വളരെയധികം പ്രയാസമനുഭവിച്ച കുഴപ്പങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും അവ കാരണമായി. (ഇസ്ലാമിലെ സാമൂഹ്യ നീതി-159).

ഇതേ ഗ്രന്ഥത്തിൽ മറ്റൊരിടത്ത് പറയുന്നു:
അവസാനം ഉസ്മാനെതിരിൽ വിപ്ലവം പുറപ്പെട്ടു, അതിൽ സത്യവും അസത്യവും നന്മയും തിന്മയും കൂടിക്കലർന്നു. എന്നാൽ സംഗതികളെ ഇസ്ലാമിന്റെ കണ്ണുകൾകൊണ്ട് ദർശിക്കുന്നവർക്കും ഇസ്‌ലാമിന്റെ ചൈതന്യം കൊണ്ട് കാര്യങ്ങളെ മനസ്സിലാക്കുന്നവർക്കും പൊതുവേ ഇസ്ലാമിൻറെ ചൈതന്യത്തിൽ നിന്നും ഉയിരെടുത്തതാണ് പ്രസ്തുത വിപ്ലവമെന്ന് തീരുമാനിക്കാൻ സാധിക്കും. യഹൂദിയായ ഇബ്നു സബഇൻറെ കരങ്ങൾ അതിൻറെ പിന്നിൽ പ്രവർത്തിച്ചത് അവഗണിച്ചുകൊണ്ടല്ല ഇതു പറയുന്നത്. അധികാരം വൈകിയാണ് ഉസ്മാൻ(റ)നെ തേടിയെത്തിയത് എന്ന ഒരു വിട്ടുവീഴ്ച നമുക്ക് അദ്ദേഹത്തിന് നൽകാം. എൺപതിനോടടുത്ത് പ്രായമുള്ള തന്റെ ചുറ്റും ഉമവീ ഉപജാപകസംഘം നിലയുറപ്പിച്ചിരുന്നു. അദ്ദേഹത്തിൻറെ അവസ്ഥ തൻറെ സുഹൃത്ത് അലി(റ) പറഞ്ഞതുപോലെയാണ്:  "ഞാൻ വീട്ടിലിരുന്നാൽ, നിങ്ങളെന്നെയും തൻറെ ബന്ധുത്വത്തെയും എൻറെ അവകാശത്തെയും അവഗണിച്ചുവെന്നു പറയും. ഞാൻ സംസാരിച്ചാൽ, അദ്ദേഹം(ഉസ്മാൻ) തോന്നിയത് പറയും. മർവാൻ അദ്ദേഹത്തെക്കൊണ്ട് കളിക്കുകയാണ്. പ്രായമായതിന് ശേഷം മർവാൻ  തെളിക്കുന്നിടത്തേക്ക് പോകുന്ന ഒരു വാഹനമാണദ്ദേഹം". (ശിയാക്കൾ കെട്ടിച്ചമച്ച കള്ള കഥയാണിത്). ഉസ്മാനെതിരിൽ തിരിയുകയും അദ്ദേഹത്തെ കൊല്ലുകയും ചെയ്ത കലാപകാരികൾ ഇസ്ലാമിൻറെ ചൈതന്യം ഉൾക്കൊണ്ടവരായിരുന്നുവെന്നാണ് സയ്യിദ് ഖുതുബ് പറയുന്നത്. മുനാഫിഖുകൾ എന്നാണ് അവരെക്കുറിച്ച് നബി(സ) പറഞ്ഞത്.



ഈ ആശയക്കുഴപ്പങ്ങൾ തീർക്കാൻ ചരിത്ര സാമൂഹ്യ യാഥാർഥ്യങ്ങളെ സംബന്ധിച്ച ശരിയായ അവബോധം മാത്രം മതി അഥവാ, ഒരു തലമുറ അനുയോജ്യമായ, ശരിയായ സംസ്കാരം ഉൾക്കൊള്ളുക, അതെ അനുയോജ്യമായതു തന്നെ; ഇതു പലരും കരുതുന്നതുപോലെ പ്രയാസകരമായ കാര്യമല്ല, മഞ്ഞ പുസ്തകങ്ങളെ ( ഹദീസ് ഗ്രന്ഥങ്ങളെയാണ് ഇയാൾ മഞ്ഞപുസ്തകങ്ങളെന്ന് വിശേഷിപ്പിക്കുന്നത് ) കുറിച്ച് കരുതുന്നതുപോലെ. (മഅറകത്തുൽ ഇസ്ലാം - 64 ).

ഇസ്ലാമിൻ്റെ വിധി എന്നാൽ പണ്ഡിതന്മാരുടെയും ദർവീശുമാരുടെയും വിധിയെന്നാണ് ചിലർ ധരിച്ചിരിക്കുന്നത്. എവിടെ നിന്നാണ് ഈ ധാരണ ലഭിച്ചത്? (മഅറകത്തുൽ ഇസ്ലാം - 69).

സോഷ്യലിസത്തെ പുൽകുന്ന സയ്യിദ് ഖുതുബ്

എല്ലാ ഉടമസ്ഥാവകാശങ്ങളും സമ്പത്തും രാഷ്ട്രത്തിൻ്റെ കരങ്ങളിൽ തിരിച്ചേല്പിക്കേണ്ടതും പുതിയ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ അവ പുനർവിതരണം നടത്തുകയും വേണം. ഇസ്ലാം അംഗീകരിക്കുന്ന രീതിയിലാണ് പ്രസ്തുത ഉടമസ്ഥാവകാശം അവർക്ക് ലഭിച്ചതെങ്കിലും ഇസ്ലാം ന്യായീകരിക്കുന്ന രൂപത്തിലാണ് പ്രസ്തുത സമ്പത്ത് വികസിപ്പിച്ചതെങ്കിലും കാരണം സമൂഹത്തിന് പൊതുവായുള്ള ഉപദ്രവം തടയൽ വ്യക്തികളുടെ അവകാശം സംരക്ഷിക്കുന്നതിനേക്കാൾ പ്രധാനമാണ്. (മഅറകത്തുൽ ഇസ്ലാം - 44 ).

വിപ്ലവങ്ങളും കലാപങ്ങളും അനിവാര്യം

ഇസ്ലാമികാടിത്തറയിലുള്ള സർക്കാരിനെ സ്ഥാപിക്കലും അല്ലാത്തതിനെ അതിലേക്ക് മാറ്റലും ഈ ദൗത്യം പൊതുവായ ഇസ്ലാമികവിപ്ലവം നടത്തൽ ഒരു നാട്ടിൽ മാത്രം പരിമിതപ്പെടുത്തരുത്, എല്ലാ പ്രദേശങ്ങളിലും പ്രസ്തുത വിപ്ലവം നടത്തലാണ് ഇസ്ലാമിൻ്റെ താൽപര്യവും അത് ലക്ഷ്യം വെക്കുന്നതും. ഇതാണ് ഇസ്ലാമിൻറെ പരമ ലക്ഷ്യവും അത് ആഗ്രഹിക്കുന്നതും. ഉദ്ദിഷ്ട വിപ്ലവം ആരംഭിക്കൽ മുസ്‌ലിംകൾക്കും ഇസ്ലാമിക കക്ഷികൾക്കും അനിവാര്യമാണ്. അപ്രകാരം തന്നെ തങ്ങൾ താമസിക്കുന്ന രാഷ്ട്രങ്ങളിൽ ഭരണവ്യവസ്ഥ മാറ്റാൻ പരിശ്രമിക്കലും അവർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ബാധ്യതയുമാണ് .
(ഫീ ദിലാൽ 1/1451) .

ഇന്ന് ഭൂമുഖത്ത് മുസ്ലിങ്ങൾ ഇല്ലെന്ന് സയ്യിദ് ഖുതുബ്.
ഇന്ന് മുസ്ലിംകൾ ജിഹാദ് ചെയ്യുന്നില്ല, അഥവാ ഇന്ന് മുസ്ലിംകൾ ഇല്ല, മുസ്‌ലിംകളും ഇസ്‌ലാമും ഉണ്ടോ എന്നതാണ് ഇന്ന് ചർച്ച ചെയ്യേണ്ട വിഷയം. (ഫീ ദിലാൽ 1/1451)

ഇന്ന് മുസ്ലിംകൾ ഇല്ലെന്ന് സ്ഥാപിച്ചുകൊണ്ട് പറയുന്നത് കാണുക

ഇസ്ലാമിക നവജാഗരണ പ്രസ്ഥാനങ്ങൾ ഇന്ന് വഴിത്തിരിവിലാണ്. ശരിയായ ദിശയിലൂടെ ശരിയായ തുടക്കം ഇസ്ലാമിൻ്റെ സാന്നിധ്യം അസാന്നിധ്യം എന്നിവയുടെ അടിസ്ഥാന നിബന്ധന ബോധ്യപ്പെടലാണ്,  ഇസ്ലാമിൻ്റെ അസ്തിത്വം ഇന്ന് നിലച്ചു പോയിരിക്കുന്നു, ഇസ്ലാമിനെ വീണ്ടും ഉണ്ടാക്കുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് അത് തിരിച്ചറിയണം. കൃത്യമായി പറയുകയാണെങ്കിൽ, കുറേക്കാലമായി ഇല്ലാതായ ഇസ്ലാമിനെ ഉണ്മയിലേക് തിരിച്ചുകൊണ്ടുവരുക - ഈ പ്രസ്ഥാനങ്ങളുടെ മുമ്പിലുള്ള മറ്റൊരു വഴി - ഇസ്ലാം ഇപ്പോയും ഉണ്ടെന്നു വിചാരിക്കുകയും ഇസ്ലാമിൻ്റെ പേരിലറിയപ്പെടുന്നവരും തങ്ങൾ മുസ്ലിംകളാണെന്ന് അവകാശപ്പെടുന്നവരും മുസ്ലിംകൾ തന്നെയാണ് എന്ന് കരുതലാണ്. (ഇസ്ലാമിലെ സാമൂഹ്യ നീതി 216)


നാം മുസ്‌ലിംകൾ സയ്യിദിൻ്റെ വീക്ഷണത്തിൽ കലിമ ചൊല്ലുന്നവരാണെങ്കിലും കാഫിറുകളും മുർതദ്ദു ക ളുമാണ് എന്ന് അദ്ദേഹം പറയുന്നു:
ഈ മതം കലിമയുമായി മനുഷ്യരിലേക്ക് വന്ന ദിവസം പോലെ കാലചക്രം കറങ്ങിയെത്തിയിരിക്കുന്നു. മനുഷ്യർ സൃഷ്ടിപൂജ യിലേക്കും മതങ്ങളുടെ അതിക്രമങ്ങളിലേക്കും മടങ്ങുകയും കലിമയിൽ നിന്ന് തിരിച്ചുപോവുകയും ചെയ്തിരിക്കുന്നു. അവരിൽ ഒരു വിഭാഗം ആശയമറിയാതെ പള്ളി മിനാരങ്ങളിൽ കലിമ വിളിച്ചു പറയുന്നുണ്ടെങ്കിലും ... പക്ഷേ മനുഷ്യർ ജാഹിലിയ്യത്തിലേക്ക് തിരിച്ചുപോവുകയും കലിമയിൽ നിന്ന് പിൻവാങ്ങുകയും ചെയ്തിരിക്കുന്നു .മിനാരങ്ങളിൽ അർത്ഥവും യാഥാർത്ഥ്യവുമറിയാതെ കിഴക്കും പടിഞ്ഞാറും ദിക്കുകളിൽ നിന്ന് കലിമയുടെ വചനം വിളിച്ചുപറയുന്നവർക്കാണ് അന്ത്യനാളിൽ കഠിന ശിക്ഷയും വലിയ ഭാരവും പേറേണ്ടിവരിക. കാരണം അവർ അല്ലാഹുവിൻറെ ദീനിൽ ആയതിനു ശേഷം സത്യം വ്യക്തമായതിനു ശേഷവും സൃഷ്ടിപൂജ യിലേക്ക് തിരിച്ചു പോയവരാണ്. (ഫീ ദിലാൽ V - 2, P - 1057) .

നമ്മൾ മുസ്ലിംകളാണെന്ന് പറഞ്ഞതുകൊണ്ടായില്ല, സയ്യിദ് ഖുതുബിൻ്റെ തൗഹീദുൽ ഹാകിമിയ്യത്ത് ചിന്ത സ്വീകരിക്കുന്നില്ലെങ്കിൽ നാം കാഫിറുകളും മുത്തദ്ദുകളുമാണ്. അദ്ദേഹം പറയുന്നു: തങ്ങൾ മുസ്ലിംകളാണെന്ന് അവകാശപ്പെടുന്നവരും ജാഹിലിയ്യാ സമൂഹത്തിൽപെട്ടു. അള്ളാഹു അല്ലാതെ ഇലാഹുണ്ടെന്ന് വിശ്വസിക്കുന്നത് കൊണ്ടല്ല, അല്ലാഹു  അല്ലാത്തവർക്ക് ആരാധനകളർപ്പിക്കുന്നതിനാലുമല്ല ജീവിതവ്യവസ്ഥയിൽ അല്ലാഹുവിൻ്റെ മാത്രം അടിമത്തം അംഗീകരിക്കാത്തതു കൊണ്ടാണ് ഉലൂഹിയ്യത്ത് അല്ലാഹുവിന് മാത്രമാണ് വകവെച്ചു കൊടുക്കുന്നതെങ്കിലും അവൻ്റെ മാത്രം സവിശേഷമായ ഹാകിമിയ്യത്ത് (നിയമനിർമ്മാണാധികാരം) മറ്റുള്ളവർക്കും അംഗീകരിച്ചു കൊടുക്കുന്നതിനാലാണിത്. ഇതിൽ നിന്നാണ് അവർ ചിട്ടകളും നിയമങ്ങളും മൂല്യങ്ങളും ചര്യകളും മാനദണ്ഡങ്ങളും സ്വീകരിക്കുന്നത്. ഇത്തരം ജാഹിലിയ സമൂഹത്തിനോടുള്ള ഇസ്ലാമിൻ്റെ നിലപാട് ഒറ്റവാക്കിൽ പറയുകയാണെങ്കിൽ ഈ സമൂഹങ്ങളെല്ലാം ഇസ്ലാമാണെന്ന് സമ്മതിക്കാതിരിക്കലാണ്. ( വഴിയടയാളങ്ങൾ).

സയ്യിദിൻ്റെ വഴികേടുകളെക്കുറിച്ച് ഇഖ്വാനികളായ പണ്ഡിതന്മാർ തന്നെ പ്രതികരിച്ചിട്ടുണ്ട്. ഡോ. യൂസുഫുൽ ഖർദാവി പറയുന്നു: ഈ ഘട്ടത്തിൽ പുറത്തുവന്ന ഖുതുബിൻ്റെ ഗ്രന്ഥങ്ങൾ തൻറെ ജീവിതത്തിൻ്റെ അവസാന ഘട്ടത്തെ പ്രതിനിധീകരിക്കുന്നു. മുസ്ലിം സമൂഹത്തെ കാഫിറാക്കുന്നതും മുഴുവൻ ജനങ്ങൾക്കെതിരെയും യുദ്ധാഹ്വാനം മുഴക്കുന്നതുമാണവ.( ഇസ്ലാമിക പ്രസ്ഥാനത്തിൻ്റെ മുൻഗണനാക്രമങ്ങൾ 110 ).
തൻ്റെ ആത്മകഥയിലും വഖഫാത്തുൻ മഅ സയ്യിദ് ഖുതുബ്, ഖത്തറിലെ അശ്ശർഖ് പത്രത്തിലെഴുതിയ ലേഖനപരമ്പര എന്നിവയിലെല്ലാം ഖർദാവി ഇതാവർത്തിച്ചിട്ടുണ്ട്. മുസ്‌ലിം ബഹുജനം അംഗീകരിക്കുന്ന അഹ്ലുസ്സുന്നയുടെ മാർഗ്ഗത്തിനെതിരായതിനാൽ അദ്ദേഹത്തിൻ്റെ ചിന്തകളോട് വിയോജിക്കുന്നു എന്നാണ് ഖർദാവി ഒരഭിമുഖത്തിൽ പറഞ്ഞത് .
ഇഖ്വാൻ നേതാവായിരുന്ന ഫരീദ് അബ്ദുൽ ഖാലിഖ് ഇഖ്വാനുൽ മുസ്ലിമൂൻ ഫീ മീസാനിൽ ഹഖ് എന്ന ഗ്രന്ഥത്തിൽ പറയുന്നു: അൻപതുകളുടെ അവസാനത്തിലും അറുപതുകളുടെ ആദ്യത്തിലും ജയിലിലായ ചില ഇഖ്വാൻ യുവാക്കൾക്കിടയിലാണ് സമൂഹത്തെ ആകമാനം കാഫിറാക്കുന്ന പ്രവണത ആരംഭിച്ചത്. അവർ സയ്യിദ് ഖുതുബിൻ്റെ ചിന്തകളിൽ ആകൃഷ്ടരാവുകയും അദ്ദേഹത്തിൻറെ ഗ്രന്ഥങ്ങളിൽനിന്ന് ഇന്നത്തെ സമൂഹം ജാഹിലിയ സമൂഹമാണെന്നും അല്ലാഹുവിൻ്റെ നിയമമനുസരിച്ച് ഭരിക്കാത്തതിനാൽ അല്ലാഹുവിൻ്റെ ഹാകിമിയ്യത്ത് നിഷേധിച്ചതിനാൽ ഭരണാധികളും അത് അംഗീകരിക്കുന്നതിനാൽ ഭരണീയരും കാഫിറുകളായി എന്ന വാദവും അംഗീകരിച്ചത് (അൽ ഇഖ്വാനുൽ മുസ്ലിമൂൻ ഫീ മീസാനിൽ ഹഖ് ).

മറ്റൊരു നേതാവ് അലി അശ്മാവി പറയുന്നത് കാണുക: ഒരു ഇഖ്വാനി എൻ്റെ  അടുത്ത് വന്ന് പറഞ്ഞു: ഇന്നത്തെ മുസ്ലിംകൾ അറുത്തത് അദ്ദേഹം (സയ്യിദ് ഖുതുബ്) ഭക്ഷിക്കാൻ കൂട്ടാക്കുന്നില്ല, അപ്പോൾ ഞാൻ സയ്യിദിൻ്റെ അടുത്ത് ചെന്ന് അതേക്കുറിച്ച് ചോദിച്ചു അദ്ദേഹത്തിൻ്റെ മറുപടി ഇങ്ങനെയായിരുന്നു: വേണമെങ്കിൽ വേദക്കാർ അറുത്തതാണെന്ന് പരിഗണിച്ച് അത് ഭക്ഷിക്കട്ടെ, ഏറ്റവും ചുരുങ്ങിയത് ഇന്നത്തെ മുസ്ലിംകൾ വേദക്കാരാണ് എന്ന് പറയാം. (അത്താരീഖു സ്സിരീ ലിൽ ഇഖ്വാൻ p - 80).
അതേ പുസ്തകത്തിൽ തന്നെ അദ്ദേഹം സയ്യിദിനെ സന്ദർശിച്ച് നടത്തിയ സംഭാഷണത്തെ കുറിച്ച് പറയുന്നത് കാണുക: ജുമാ നമസ്കാരത്തിന് സമയമായപ്പോൾ നമുക്ക് പോയി നമസ്കരിച്ചു വരാമെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം ജുമുഅ നമസ്കരിക്കാറില്ലെന്ന ഞെട്ടിക്കുന്ന സത്യം ഞാൻ അന്നാണ് ആദ്യമായി മനസ്സിലാക്കിയത് . ഖിലാഫത്തിൻ്റെ അഭാവത്തിൽ ജുമുഅ നിർബന്ധമില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. (അതേ ഗ്രന്ഥം P - 112 ).
ഇതേ മറുപടിയാണ് ജമാഅത്ത് പ്രഭാഷകനായിരുന്നു പരേതനായ കെ ടി അബ്ദുറഹിം താൻ ഹജ്ജ് കർമ്മം അനുഷ്ഠിക്കാതിരിക്കാൻ പറഞ്ഞ ന്യായം. അദ്ദേഹത്തിൻ്റെ മറുപടി ഒരു ശിഷ്യൻ ഉദ്ധരിച്ചത് ഇങ്ങനെ: എല്ലാ സൗകര്യങ്ങളുണ്ടായിട്ടും കൊട്ടാര മതക്കാരുടെ കീഴിലുള്ള ഹറമിൽ പോയി ഞാൻ ഹജ്ജ് ചെയ്യുന്നില്ല. (ഇയാൾ ഹജ്ജ് ചെയ്യാതെയാണ് മരിച്ചത് ). ഇയാളാണ് തൻ്റെ ആത്മീയനേതാവെന്നാണ് സർവമത സത്യവാദിയായ ശിയാ പ്രബോധകൻ സി.എച്ച് മുസ്തഫ തൻ്റെ ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ ഖുർആൻ അകംപൊരുൾ എന്ന കൃതിയിൽ പറയുന്നത്. ചുരുക്കത്തിൽ സയ്യിദിൻ്റെ സർവമത സത്യവാദവും ഹദീസ് നിഷേധവും സ്വഹാബാ നിന്ദയും കെ.ടി അബ്ദുറഹീമിൽ നിന്നും ശിഷ്യൻ മുസ്തഫ മൗലവിയിലൂടെ മൂർത്തരൂപംപൂണ്ട് കേരള മുസ്‌ലിംകളെ തുറിച്ചു നോക്കുന്നു.

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal