ഡോ. ദിയാഉർറഹ്മാൻ അഅ്സമി:
സുന്നത്തിന്റെ സേവനത്തിന് ഉഴിഞ്ഞുവെച്ച ജീവിതം
✍️ ഡോ: അബ്ദുർറഹ്മാൻ ആദൃശ്ശേരി
الشيخ د.ضياء الرحمن الاعظمي|
1943ൽ ഉത്തർപ്രദേശിലെ അഅ്സംഗഢിൽ പെട്ട ബൽരിയാഗഞ്ചിൽ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത് ബങ്കേറാം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പിതാവ് പാരമ്പര്യവാദിയായ ഹൈന്ദവ പ്രമാണിക
ദിയാഉർറഹ്മാൻ അഅ്സമി |
ളിൽ പ്രധാനിയായിരുന്നു. സെക്കന്ററി തലം വരെ വീടിനടുത്തുള്ള സ്കൂളുകളിൽ പഠനം നടത്തിയ അദ്ദേഹം, പ്രശസ്തമായ ശിബ്‌ലി കോളേജിൽ ചേർന്നു പഠിച്ചു. ഹൈന്ദവ ആചാരങ്ങളും അനുഷ്ഠാനങ്ങളും കണിശമായി പാലിച്ചിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
ശിബ്‌ലിക്കോളേജിൽ പഠിക്കുന്ന വേളയിൽ ഒരു സുഹൃത്ത് മൗലാനാ മൗദൂദിയുടെ ഇസ്ലാം മതം എന്ന ഒരു കൊച്ചു ഗ്രന്ഥം അദ്ദേഹത്തിന് നൽകി. അതേ തുടർന്നുണ്ടായ ചില സംശയങ്ങൾ നിവാരണം ചെയ്യാൻ ഒരു ഹിന്ദു പണ്ഡിതനെ സമീപിച്ചെങ്കിലും തൃപ്തികരമായ ഉത്തരം ലഭിച്ചില്ല. പിന്നീട് ധാരാളം ഇസ്ലാമിക ഗ്രന്ഥങ്ങൾ വായിക്കാൻ തുടങ്ങി. ശിബ്‌ലി കോളേജിലെ ഒരു അധ്യാപകൻ നടത്തിയിരുന്ന ഖുർആൻ പഠനക്ലാസുകളിൽ സംബന്ധിക്കാനും തുടങ്ങി. നിരന്തര വായനയിൽ നിന്നും പഠനങ്ങളിൽ നിന്നും ഇസ്ലാമിന്റെ മഹത്വം അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഇസ്ലാം സ്വീകരിക്കാൻ മനസ് കൊതിച്ചെങ്കിലും വീട്ടിലെ കടുത്ത ഹൈന്ദവ പശ്ചാത്തലവും പിതാവിന്റെ കടുംപിടുത്തവും അത് തുറന്ന് പ്രഖ്യാപിക്കാൻ അദ്ദേഹത്തിന് തടസ്സമായി. ഒരിക്കൽ ഖുർആൻ പഠന ക്ലാസിൽ "അല്ലാഹു അല്ലാത്തവരെ രക്ഷാകർത്താക്കളായി സ്വീകരിക്കുന്നവരുടെ ഉദാഹരണം എട്ടുകാലിയുടേതാണ്. അതൊരു വീട് ഉണ്ടാക്കി, ഏറ്റവും ദുർബലമായ വാസസ്ഥലം എട്ടുകാലിയുടേതാണ് അവർ മനസ്സിലാക്കിയിരുന്നുവെങ്കിൽ" എന്ന ആയത്ത് വിശദീകരിക്കപ്പെടുകയുണ്ടായി.
പ്രസ്തുത വചനത്തിന്റെ വ്യാഖ്യാനം കേട്ടപാടെ അദ്ദേഹം അപ്പോൾ തന്നെ സത്യദീൻ സ്വീകരിച്ചു. (1960 ലായിരുന്നു ഇത്). നമസ്കാരം എങ്ങനെ അനുഷ്ഠിക്കാം എന്ന ഒരു കൊച്ചു പുസ്തകം അധ്യാപകൻ അദ്ദേഹത്തിന് നൽകി. കുളിച്ചു ശുദ്ധിയായി, കുറഞ്ഞ സമയത്തിനകം നമസ്കാരത്തിന്റെ രൂപം ഗ്രഹിച്ചു ക്ലാസെടുത്തിരുന്ന അധ്യാപകന്റെ കീഴിൽ അദ്ദേഹം ആദ്യമായി മഗ്‌രിബ് നമസ്കാരം നിർവ്വഹിച്ചു. ഭയം കാരണം, അൽപകാലം തന്റെ ഇസ്ലാമാശ്ലേഷണം ആരെയും അറിയിച്ചില്ല. ഇസ്ലാമിനെക്കുറിച്ച് പഠിക്കാൻ ധാരാളമായി വായിച്ചു കൊണ്ടിരുന്നു. രഹസ്യമായി നമസ്കാരങ്ങൾ നിർവ്വഹിച്ചു. അദ്ദേഹത്തിന്റെ ചലനങ്ങൾ നിരീക്ഷിച്ച ഒരു കുടുംബാംഗം, അദ്ദേഹത്തെ പല തവണ ഗുണദോഷിച്ചെങ്കിലും അദ്ദേഹം തന്റെ വിശ്വാസം കൈവിടാൻ കൂട്ടാക്കിയില്ല. അതോടെ അയാൾ തന്റെ പിതാവിനെ വിവരം അറിയിക്കുകയും മകനെ നിയന്ത്രിച്ചില്ലെങ്കിൽ, അവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നൽകുകയുണ്ടായി. മകന്റെ മനംമാറ്റം തിരിച്ചറിഞ്ഞ പിതാവ് കഠിനമായി കോപിക്കുകയുണ്ടായി. അഅ്സംഗഢിൽ ചെന്ന് മകന്റെ അവസ്ഥകൾ തിരിച്ചറിഞ്ഞ അദ്ദേഹം മകന് പ്രേതബാധയേറ്റതാണെന്ന് ധരിച്ച് ഹൈന്ദവ ജോത്സ്യന്മാരെ സമീപിച്ച് ചികിത്സിക്കാൻ ആരംഭിച്ചു. മാന്ത്രിക ചികിത്സക്കിടെ ഹിന്ദുമതമാണ് ഏറ്റവും ഉത്തമവും സമ്പൂർണവുമായ വിശ്വാസസംഹിതയെന്ന് അവർ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരം പറയാനാകാതെ അവർ പകച്ചു നിൽക്കേണ്ടിവന്നു. നീ മതം മാറാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ധാരാളം സമ്പത്തും യശസ്സും ഏറ്റവുമധികം അനുയായികളുമുള്ള ക്രൈസ്തവമതം സ്വീകരിക്കയാണ് അഭികാമ്യമെന്ന് അവർ അദ്ദേഹത്തെ ഉപദേശിച്ചു.
"ഞാൻ മുസ്ലിംകളിൽ ആകൃഷ്ടനായിട്ടല്ല; വിശുദ്ധ ഖുർആനും ധാരാളം ഇസ്ലാമിക ഗ്രന്ഥങ്ങളും പഠിച്ച ശേഷം ഇസ്ലാമിൽ ആകൃഷ്ടനായാണ് ആ മതം തിരഞ്ഞെടുത്തതെന്ന് അദ്ദേഹം അവരോട് പ്രതിവചിച്ചു. അദ്ദേഹത്തിന്റെ വിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ വീട്ടുകാർ ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്നു നോക്കി. ഇതുകൊണ്ടൊന്നും പിന്തിരിയുന്നില്ലെന്ന് കണ്ടപ്പോൾ, കൊലപ്പെടുത്താനും പദ്ധതിയിട്ടു. ഒന്നുകിൽ മതം ഉപേക്ഷിക്കുക, അല്ലെങ്കിൽ മരണം വരിക്കുക. ഇതല്ലാതെ തന്റെ മുമ്പിൽ മറ്റു മാർഗങ്ങളില്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. കുടുംബത്തിലെ ചിലർ തന്നെ കൊലപ്പെടുത്താൻ പദ്ധതിയിട്ട വിവരമറിഞ്ഞ അദ്ദേഹം ഗ്രാമത്തിൽ നിന്ന് പുറത്തുപോയി, തന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ അൽപകാലം താമസിച്ചു. കന്നുകാലികളെ കെട്ടുന്ന തൊഴുത്തിലാണ് അദ്ദേഹം അവിടെ കഴിച്ചുകൂട്ടിയത്. ഹിന്ദുസഭ പ്രവർത്തകർ പള്ളികളിലും മദ്രസകളിലും തന്നെ അന്വേഷിച്ചു നടക്കുന്ന വിവരം അദ്ദേഹത്തിന്റെ ചെവികളിലുമെത്തി. പരിശുദ്ധ റമദാൻ സമാഗതമായി. കാലികളെ കെട്ടുന്ന മുറിയിൽ വെച്ചദ്ദേഹം നമസ്കാരവും നോമ്പും അനുഷ്ടിച്ചു. നോമ്പ് തുറക്കലും രാത്രി നമസ്കാരവും എല്ലാം അവിടെ തന്നെയായിരുന്നു. അദ്ദേഹം ഗ്രാമത്തിനപ്പുറത്തുള്ള പ്രസ്തുത വീട്ടിലെ ആ മുറിയിൽ കഴിയുന്ന വാർത്ത ഹിന്ദുസഭ പ്രവർത്തകർ അറിഞ്ഞു. ഇക്കാര്യം മനസ്സിലാക്കിയ അദ്ദേഹം വേഷം മാറി രാത്രിയിൽ സ്റ്റേഷനിലെത്തി അയ്യൂബ് നദുവി എന്ന ഒരാൾ അദ്ദേഹത്തെ ദക്ഷിണേന്ത്യയിലെ ഉമറാബാദിലേക്ക് (തമിഴ്നാട്) വണ്ടിയിൽ കയറ്റിവിട്ടു. ഉമറാബാദിലെത്തിയ അദ്ദേഹത്തിന് മനസമാധാനമായി. ദാറുസ്സലാമിലെ അധികൃതരും അധ്യാപകരും അദ്ദേഹത്തെ സ്വീകരിച്ചു. നവ മുസ്ലിംകളെ ഇസ്ലാമിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാനും ഇസ്ലാമിക സംസ്കരണം നൽകാനും സ്ഥാപിച്ച ദാറുസ്സലാമിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് പ്രവേശനം നൽകി. സ്ഥാപനത്തിൽ പ്രവേശനം ലഭിച്ച അദ്ദേഹം കഠിനമായി യത്നിച്ചു. മാസങ്ങൾ കൊണ്ട് അറബി, ഉർദു ഭാഷകളിൽ പ്രാവീണ്യം നേടി. പിന്നീട് ദാറുസ്സലാമിൽ പ്രവേശനം നേടി. കോളേജിൽ ചേർന്ന അദ്ദേഹം രാത്രികളിൽ ഉറക്കമിളച്ചും മതവിജ്ഞാനം നുകരുന്നതിൽ മുഴുകി. ഏഴു വർഷം കൊണ്ടു പഠിച്ചു തീർക്കേണ്ട പാഠ്യപദ്ധതിയിലെ വിഷയങ്ങൾ അഞ്ച് വർഷങ്ങൾ കൊണ്ടുതന്നെ പൂർത്തിയാക്കി ഉന്നതവിജയം നേടി പുറത്തുവന്നു.
ദാറുസ്സലാമിൽ നിന്ന് ബിരുദം നേടിയ അദ്ദേഹത്തിന് 1966-ൽ മദീന ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിക്കാനായി, ഇസ്ലാമിക യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന, ശൈഖ് ഇബ്നുബാസ്(റ)ന് അല്ലാമാ ഹഫീദുർറഹ്മാൻ അഅ്സമി ഒരു ശുപാർശ കത്തയച്ചു. അങ്ങനെ മദീന യൂണിവേഴിസ്റ്റിയിൽ പ്രവേശനം ലഭിച്ച ശരീഅഃ കോളേജിൽ പഠനം പൂർത്തിയാക്കി, ശേഷം മക്കയിലെ ഉമ്മുൽ ഖുറ സർവകലാശാലയിൽ ചേർന്ന് ഉപരിപഠനം നടത്തുകയും 'അബൂഹുറൈറ തന്റെ നിവേദനങ്ങളുടെ വെളിച്ചത്തിൽ' എന്ന പ്രബന്ധത്തിന് പോസ്റ്റ് ഗ്രാജ്വേഷൻ ലഭിക്കുകയും ചെയ്തു. പിന്നീട് റാബിഥ (മുസ്ലിം വേൾഡ് ലീഗ്)യുടെ ഓഫീസിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയും വിവിധ രാഷ്ട്രങ്ങൾ സന്ദർശിക്കുകയും ചെയ്തു. ശേഷം അൽ അസ്ഹർ സർവകലാശാലയിൽ നിന്ന് നബി(സ)യുടെ വിധികൾ എന്ന ഇമാം ഇബ്നു ത്വലാഇന്റെ (497) ന്റെ രചനയുടെ സംശോധനക്ക് ഡോക്ടറേറ്റ് ലഭിച്ചു.
ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമുള്ള പ്രഗത്ഭരായ ധാരാളം പണ്ഡിതന്മാരുടെ ശിഷ്യത്വം കരസ്ഥമാക്കാൻ അദ്ദേഹത്തിന് ഭാഗ്യം സിദ്ധിച്ചു. അല്ലാമാ അബ്ദുൽ വാജിദ് ബിൻ അബ്ദുല്ല റഹ്മാനി, ഗളൻഫർ ഹുസൈൻ ശാകിർ നാഇഥി, അല്ലാമ സയ്യിദ് അമീനുൽ ഉമരി, അല്ലാമാ സയ്യിദ് അബ്ദുൽ കബീർ ഉമരി, മുഹദ്ദിസ് ളഹീറുദ്ദീൻ റഹ്മാനി, അബ്ദുറഹ്മാൻ ഹമാദ് ഉമരി, ഖലീലുർറഹ്മാൻ അഅ്സമി, ഹാഫിദ് ഹഫീദുർറഹ്മാൻ അഅ്സമി തുടങ്ങിയവർ അദ്ദേഹത്തിന്റെ ഇന്ത്യയിലെ പ്രമുഖ ഗുരുനാഥന്മാരാണ്. അല്ലാമാ മുഹമ്മദ് അമീൻ ശൻഖീതി, മുഹദ്ദിസ് അല്ലാമാ ഹമ്മാദ് അൽ അൻസാരി, ശൈഖ് അബ്ദുൽ ഗഫാർ ഹസൻ, അല്ലാമാ മുഹമ്മദ് അമീൻ അൽ മിസ്‌രി, മുഹമ്മദ് അബൂ ശുഹ്ബഃ, അബ്ദുൽ മുഹ്സിൻ അൽ അബ്ബാദ്, മുഹമ്മദ് മുസ്തഫാ അൽ അഅ്സമി തുടങ്ങിയവർ അറബ് ലോകത്തെ അദ്ദേഹത്തിന്റെ ഗുരുനാഥന്മാരിൽ പ്രമുഖരാണ്.
ഗവേഷണം പൂർത്തിയാക്കിയ ശേഷം, മദീന യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി ചേർന്നു. ദീർഘകാലം ഹദീസ് വിഭാഗത്തിൽ അധ്യാപകനായ അദ്ദേഹം ഹദീസ് ഫാക്കൽറ്റിയുടെ തലവനായി നിയമിതനായി. മദീന യൂണിവേഴ്സിറ്റിയിൽ നിന്ന് വിരമിച്ച ശേഷം ഗ്രന്ഥരചനയിലും മസ്ജിദുന്നബവിയിൽ മുദർരിസായും സേവനമനുഷ്ഠിച്ചിരുന്നു. തന്റെ ക്ലാസുകളിൽ വ്യത്യസ്ത അഭിപ്രായങ്ങളും തെളിവുകളും ചർച്ച ചെയ്യുമായിരുന്നു. പ്രാമാണിക ഹദീസുകൾ നിർധാരണം ചെയ്യുന്നതിൽ വിദഗ്ധനായിരുന്നു. മസ്ജിദുന്നബവിയിലെ തന്റെ ദർസുകളിൽ വലിയ പണ്ഡിതരും, മദീന യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും പങ്കെടുക്കാറുണ്ടായിരുന്നു. സഊദിയിലും വിദേശ രാഷ്ട്രങ്ങളിലും വൈജ്ഞാനിക സദസ്സുകളിൽ അദ്ദേഹം ക്ഷണിക്കപ്പെടാറുണ്ടായിരുന്നു. മദീന യൂണിവേഴ്സിറ്റിയിലെ ഫോറിൻ കമ്മ്യൂണിറ്റി ഓഫീസ് ഡയറക്ടർ, റിസർച്ച് വിഭാഗം മേധാവി, യൂണിവേഴ്സിറ്റി കൗൺസിൽ അംഗം, യൂണിവേഴ്സിറ്റി മാഗസിൻ കമ്മിറ്റി അംഗം, റാബിഥ സെക്രട്ടറി ജനറലിന്റെ ഓഫീസ് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
വൈജ്ഞാനിക സേവനങ്ങൾ
ഹദീസ് രംഗത്തെ ദീർഘകാലത്തെ അധ്യാപനത്തിന് പുറമെ ധാരാളം ഗ്രന്ഥങ്ങൾ രചിക്കുകയും പൂർവ്വികരുടെ രചനകൾ സംശോധന നടത്തി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ചില പ്രധാന ഗ്രന്ഥങ്ങൾ:
- അബൂ ഹുറൈറ ഫീ ദൗള മർവിയ്യാത്തിഹി. ഇത് പോസ്റ്റ് ഗ്രാജ്വേഷന് വേണ്ടി അവതരിപ്പിച്ച തിസീസാണ്. അബൂഹുറൈറ(റ) ഉദ്ധരിച്ച നൂറ് ഹദീസുകളുടെ അപഗ്രഥന പഠനമാണിതിലെ വിഷയം, ഇസ്ലാമിലെ യുക്തി ചിന്താഗതിക്കാർ ദുരാരോപണം നടത്തിയ മഹാനായ ഈ സ്വഹാബിയെ പ്രതിരോധിക്കാൻ അദ്ദേഹം തിരഞ്ഞെടുത്ത രീതി ഇതിൽ വ്യക്തമാണ്. വൈജ്ഞാനിക മേഖലയിൽ നിന്ന് വലിയ സ്വീകാര്യത ലഭിച്ച ഈ ഗ്രന്ഥത്തെ പല പണ്ഡിതന്മാരും തങ്ങളുടെ രചനകളിൽ പ്രശംസിച്ചിട്ടുണ്ട്.
- അഖ്ളിയത്തു റസൂലില്ലാ ഇബ്നു ത്വല്ലാഉൽ ഖുർതുബിയുടെ (ഹി.497) രചന അൽ അസ്ഹർ സർവകലാശാലയിൽ നിന്ന് ഗവേഷണ പഠനത്തിന്റെ ഭാഗമായി പഠനവും സംശോധനയും നടത്തി. അല്ലാമാ മുഹമ്മദ് അബൂശഹബയുടെ കീഴിലായിരുന്നു ഗവേഷണം നടത്തിയത്. പാക്കിസ്ഥാനിലെ മുസ്ലിം ന്യായാധിപന്മാരുടെയും അഭിഭാഷകരുടെയും ആവശ്യം പരിഗണിച്ച് ഇതിന്റെ ഉർദു പരിഭാഷ ലാഹോറിൽ നിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ പല പതിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്.
- അൽ മദ്ഖലു ഇലസ്സുനനിൽ കുബ്റാലിൽ ബൈഹഖി. ബൈഹഖിയുടെ സുനനിന് അദ്ദേഹം നടത്തിയ പഠനവും സംശോധനയും 1992ൽ ഇതിന്റെ ഉർദു പരിഭാഷയും പുറത്തിറങ്ങി.
- അൽമിന്നത്തുൽ കുബ്റാ ശറഹു വതഖ്‌രീജു അസ്സുനനിസ്സുഗ്റാ. ഇതിൽ ഹദീസുകളുടെ തഖ്‌രീജും ഫിഖ്ഹും പണ്ഡിതാഭിപ്രായങ്ങളും തെളിവുകളും പ്രബലാഭിപ്രായങ്ങളും പ്രതിപാദിച്ചിട്ടുണ്ട്.
- ദിറാസാത്തുൽ ഫിൽ ജർഹി വത്തഅ്ദീൽ പ്രാമാണിക ഗ്രന്ഥങ്ങളിൽ നിന്ന്, ഹദീസ് നിരൂപണ നിയമങ്ങൾ കോർത്തെടുത്തു അവതരിപ്പിക്കുകയാണ്. ഇതിൽ, ഹദീസ് വിദ്യാർത്ഥികൾക്ക്, മുഹദ്ദിസുകളുടെ രീതിശാസ്ത്രവും സാങ്കേതിക സംജ്ഞകളും വേണ്ടത്ര ധാരണയില്ലെന്ന തിരിച്ചറിവാണ് ഇതിന്റെ രചനക്ക് പ്രചോദകമായി വർത്തിച്ചത്. ഗവേഷകർക്കും പഠിതാക്കൾക്കും സങ്കീർണമായ ഈ ജ്ഞാനശാഖ എളുപ്പത്തിൽ പഠിക്കാൻ ഉതകുന്ന പുതിയ ശൈലിയിലാണ് ഇതിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
- മുഅ്ജമു മുസ്തലഹാതിൽ ഹദീസ് വലതാഇഫുൽ അസാനീദ്. ഹദീസ്, ഹദീസ് നിദാനശാസ്ത്രം, ഹദീസ് വിജ്ഞാനങ്ങൾ സനദുമായി ബന്ധപ്പെട്ട സൂക്ഷ്മ വിവരങ്ങൾ എന്നിവ അക്ഷരക്രമത്തിൽ പ്രതിപാദിക്കുന്ന ഒരു വിജ്ഞാന കോശമാണിത്. വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനവേദികളിൽ നിന്നുയർന്ന സംശയങ്ങളും അന്വേഷണങ്ങളുമാണ് തുടക്കക്കാർക്കും തുടർപഠിതാക്കൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഇങ്ങനെയൊരു ഗ്രന്ഥത്തിന്റെ ആവശ്യകത അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്. ഹദീസ് സാങ്കേതിക ശബ്ദങ്ങൾ, നിരൂപണശാസ്ത്രം, നിവേദനശാസ്ത്രം, പ്രമുഖ ഹദീസ് സമാഹരണങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ അറിവുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- അൽ യഹൂദിയ്യ വന്നസ്റാനിയ്യ വ അദ്‌യാനുൽ ഹിന്ദ് യഹൂദമതം, ക്രൈസ്തവത, ഹൈന്ദവത, ബുദ്ധമതം, ജൈനമതം, സിഖ് മതം തുടങ്ങിയ മതവിഭാഗങ്ങളുടെ വിശ്വാസം, അന്വാഖ്യാനം, നിയമങ്ങൾ, ആചാരങ്ങൾ എല്ലാം സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഉജ്ജ്വല രചനയാണിത്. ഹൈന്ദവതയെക്കുറിച്ച് പറയുമ്പോൾ തന്റെ പൂർവ്വിക മതത്തെക്കുറിച്ചുള്ള അറിവുകളും അനുഭവങ്ങളും നന്നായി അവതരിപ്പിക്കുന്നത് കാണാം.
- ദഅ്‌വതുൽ ഖുർആൻ അമുസ്ലിംകളെ ഉദ്ദേശിച്ചു പ്രബോധ ലക്ഷ്യത്തോടുകൂടി എഴുതിയ ഗ്രന്ഥമാണിത്.
- ഖുർആൻ എൻസൈക്ലോപീഡിയ. ഖുർആനിനെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹിന്ദിയിൽ രചിച്ച ഒരു വിജ്ഞാന കോശമാണിത്.
- ഖുർആൻ കീശിതൾഛായാ ഖുർആൻ ആസ്വാദനം ഉൾക്കൊള്ളുന്ന പ്രബോധന ലക്ഷ്യത്തോടു കൂടി ഹിന്ദിയിൽ രചിച്ച ഗ്രന്ഥം.
- ബുഹൂസുൽ മുതനവ്വിഅ ഫീ ഫിഖ്ഹിസ്സുന്നഃ
- അൽറാസീ വതഫ്സീറുഹു
- ഫത്ഹുൽ ഗഫൂർ ഫീ വളഇൽ അയദീ അലസ്സുദൂർ
- ദിറാസാതുൻ ഫിസ്സുന്നത്തിന്നബവിയ്യ തുടങ്ങിയ രചനകളും അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.
- അൽജാമിഉൽ കാമിൽ ഫിൽ ഹദീസിസ്സഹീഹി ശാമിൽ.
വിവിധതരം ഹദീസ് സമാഹാരങ്ങളായ മുസ്വന്നഫുകൾ, മുവത്വആത്, മസാനീദ്, ജവാമിഉ, സിഹാഹ്, സുനൻ, മുസന്നഫാത്, മുസ്തഖ്റജാത്, അമാലി മആജിം എന്നിവയിൽ നിന്ന് അനുഷ്ഠാന ശാസ്ത്ര അധ്യായക്രമത്തിൽ തിരിച്ച് സഹീഹും ഹസനുമായ ഹദീസുകൾ മാത്രം സമാഹരിച്ച ബൃഹത്തായ ഒരു ഹദീസ് വിജ്ഞാനകോശമാണിത്. ഇപ്പോൾ 16000 ഹദീസുകൾ ഉൾകൊള്ളുന്ന പന്ത്രണ്ട് വാള്യങ്ങളിലായി ഇത് പുറത്തിറങ്ങിയിട്ടുണ്ട്. ബാക്കി ഭാഗങ്ങൾ പുറത്തിറങ്ങുന്നതാണ്. ഇന്നേവരെ പുറത്തിറങ്ങിയ സഹീഹായ ഹദീസുകളുടെ ഏറ്റവും വലിയ സമാഹാരമാണിത്. ഇതിന്റെ രചനക്കായി നീണ്ട പതിനഞ്ച് വർഷങ്ങൾ അദ്ദേഹം ചെലവഴിച്ചു അദ്ദേഹം പറയുന്നത് കാണുക:
നബിയുടെ സുന്നത്തുകളെ സ്നേഹിക്കുന്നവർക്കും ആ മാതൃകാ വഴിയിൽ സഞ്ചരിക്കുന്നവർക്കും പരിമളം പരത്തുന്ന ആ ജീവിതചര്യ അനുകരിക്കുന്നവർക്ക് ആ ഉത്തമ മാതൃകയെ അനുധാവനം ചെയ്യുന്നവർക്കും ഈ സമാഹാരം വഴികാട്ടിയാകാൻ, യാത്രകളും സന്ദർശനങ്ങളും മാറ്റിവെച്ച്, കൂടിക്കാഴ്ചകളും പരിപാടികളും ഒഴിവാക്കി, രാപ്പകൽ വ്യത്യാസമില്ലാതെ നീണ്ട വർഷങ്ങൾ ഞാൻ ഇതിന്റെ രചനക്കായി വിനിയോഗിച്ചു. ഇതിന്റെ രചനക്കു പ്രചോദകമായ സംഭവത്തെക്കുറിച്ചു അദ്ദേഹം പറയുന്നു: ഉമറാബാദിലെ ദാറുസ്സലാമിൽ പഠിക്കുന്ന കാലത്ത് മജ്ദുദ്ദീൻ ഇബ്നു തൈമിയയുടെ അൽമുൻതഖാഫീ അഖ്സാരിൻ മുസ്തഫ എന്ന ഗ്രന്ഥം ക്ലാസെടുക്കുന്ന വേളയിൽ തന്റെ ഉസ്താദ് അബ്ദുൽ കബീർ ഉമരി(റഹ്)യോട് മുഴുവൻ സഹീഹായ ഹദീസുകളും സമാഹരിക്കപ്പെട്ട ഏതെങ്കിലും സമാഹാരമുണ്ടോ എന്നന്വേഷിച്ചപ്പോൾ, ഇല്ല നിങ്ങൾക്കത് സമാഹരിക്കാൻ കഴിയുമെന്ന് പറയുകയുണ്ടായി. ഗുരുവിന്റെ ഈ വാക്ക് അദ്ദേഹത്തിന്റെ മനസ്സിൽ തറച്ചു.
മറ്റൊരു കാരണം "സുന്നത്ത് ദീനിന്റെ പ്രമാണമാണെന്ന് നിങ്ങൾ അവകാശപ്പെടുന്നു. എന്നാൽ പ്രമാണികമെന്ന് ഉറപ്പുള്ള അവലംബിക്കാവുന്ന നബിവചനങ്ങളുടെ ഒരു സമാഹാരം നിങ്ങളുടെ പക്കലുണ്ടോ?" പല വേദികളിൽ നിന്നും കേൾക്കേണ്ടി വന്ന ഒരു ചോദ്യമായിരുന്നു. ഇതൊക്കെ സ്വീകാര്യവും പരിഗണാർഹവുമായതും, പ്രവാചക തിരുമേനിയിലേക്ക് എത്തുന്ന നിവേദന പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടതുമായ വിവിധ ഗ്രന്ഥങ്ങളിൽ ചിതറിക്കിടക്കുന്ന ഹദീസുകളെ ഒരിടത്ത് ശേഖരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അങ്ങനെ അരയും തലയും മുറുക്കി അല്ലാഹുവിന്റെ സഹായം തേടി അവ നിലർപ്പിച്ചു ഇതിന്റെ പൂർത്തീകരണത്തിനായി രംഗത്തിറങ്ങി. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇസ്ലാമിക ചരിത്രത്തിൽ തുല്യതയില്ലാത്ത മഹത്തായ ഈ ദൗത്യം പൂർത്തിയാക്കാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. ഹിജ്റ 1441 പരിശുദ്ധ അറഫ ദിവസം (2020 ജൂലൈ 30) ളുഹ്ർ ബാങ്കിന്റെ സമയത്ത് വിശുദ്ധ മദീനയിൽ വെച്ച് ത്യാഗോജ്വലവും ഐതിഹാസികവുമായ ആ ജീവിതത്തിന് തിരശീല വീണു. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കുമാറാവട്ടെ.🛑
No comments:
Post a Comment