ഉസ്‌മാനികൾ നഷ്ടപ്പെടുത്തിയ ഫലസ്തീൻ - രണ്ട്
✍️ ഡോ: അബ്ദുർറഹ്മാൻ ആദൃശ്ശേരി
ഹെർസൽ സുൽത്താൻ അബ്ദുൽ ഹമീദ് ചർച്ചകൾ
Add caption |
ലോക സയണിസ്റ്റ് ഓർഗനൈസേഷൻ മേധാവി ഹെർസലും സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമനും ആറ് വർഷത്തെ നിരന്തര സമ്പർക്കങ്ങളുണ്ടായി, 1896-1902 കാലയളവിൽ അവർ അഞ്ച് തവണ കൂടിക്കാഴ്ചകൾ നടത്തുകയുണ്ടായി. അതിൽ രണ്ടെണ്ണം സുൽത്താന്റെ ചിലവിലാണ് നടന്നത്. സുൽത്താന്റെ അടുപ്പക്കാരായ ഫിലിപ്പ് മിഷേൽ ന്യൂലിൻസ്കി, സാമുവൽ മൊണ്ടാഗു എന്നിവരുടെ പിന്തുണയോടു കൂടിയാണ് കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്. അന്താരാഷ്ട്ര അംഗീകാരത്തോടെ ഫലസ്തീൻ ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കുകയാണെങ്കിൽ ജൂത സമ്പന്നരുടെ സഹായത്തോടെ ഉസ്മാനി സാമ്രാജ്യത്തിന്റെ കടങ്ങൾ വീട്ടാനും സാമ്പത്തിക നില മെച്ചപ്പെടുത്താനും സഹായിക്കാമെന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ധാരണകൾ. ഹെർസലിന്റെ "ജൂതരാഷ്ട്രം" എന്ന പുസ്തകം വായിച്ച ആളായിരുന്നു സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ എന്ന കാര്യം നാം ഓർക്കണം. ഫലസ്തീൻ തട്ടിയെടുക്കാനുള്ള ഹെർസലിന്റെ പദ്ധതികളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരിക്കണം. സയണിസ്റ്റ് പദ്ധതിയെക്കുറിച്ച് മനസ്സിലാക്കാൻ ഇത്തരമൊരാളോട് ആറ് വർഷം നീണ്ടു നിൽക്കുന്ന ചർച്ചകളുടെ ആവശ്യമെന്ത്? സുൽത്താന്റെ രഹസ്യ ഉപദേഷ്ടാവ് ന്യൂലിൻസ്കി ഉസ്മാനിയ സാമ്രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയെ കുറിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവണം ഹെർസൽ തന്റെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടാവുക. ഫലസ്തീനിനെ വിലക്ക് വാങ്ങാൻ കഴിയില്ലെങ്കിലും ഒരു പുത്രികാ രാജ്യമാക്കി മാറ്റാനാകുമെന്നും അദ്ദേഹം ഹെർസലിനെ ധരിപ്പിച്ചു. 1896 ജൂൺ 18 നായിരുന്നു ഹെർസലിന്റെ പ്രഥമ കോൺസ്റ്റാന്റിനോപ്പിൾ സന്ദർശനം പ്രധാനമന്ത്രിയുടെ പുത്രൻ ജാവേദ് ബകിനെ സന്ദർശിച്ചു. തുർക്കിയുടെ കടം വീട്ടാൻ ഇരുപത് മില്യൻ തുർക്കി പൗണ്ട് സഹായിക്കാമെന്നദ്ദേഹം വാഗ്ദാനം ചെയ്തു. ഖുദ്സ് ഉസ്മാനികൾക്കു കീഴിൽ തുടരേണ്ടതിന്റെ ആവശ്യകതയാണ് ചർച്ചയിൽ തുർക്കി ഉന്നയിച്ച പ്രധാന കാര്യം. നിർദിഷ്ട യഹൂദരാഷ്ട്രവും തുർക്കിയും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം അധികാര വികേന്ദ്രീകരണത്തിലധിഷ്ഠിതമായിരിക്കണമെന്നും ഇരുപക്ഷവും ധാരണയായി. ഹെർസൽ മുഖ്യപത്രാധിപരായ Neue, Freie Presse പത്രം യൂറോപ്യൻ വിഷയത്തിൽ, ഉസ്മാനികളുടെ വിദേശ നയത്തിന്റെ കൂടെ നിൽക്കണമെന്ന് പ്രധാനമന്ത്രി ഖലീൽ രിഫ്അത്ത് ബക് ഈ യാത്രയിൽ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അർമേനിയക്കാരെ കൂട്ടക്കൊല നടത്തിയ തുർക്കിയുടെ നിലപാടിനെ പിന്തുണക്കുന്ന സമീപനമായിരുന്നു പിന്നീട് സയണിസ്റ്റ് പത്രം കൈകൊണ്ടത്.
ഖുദ്സിൽ നിന്ന് ഒരിഞ്ച് ഭൂമിയും വിട്ടുനൽകാൻ തനിക്കാവില്ലെന്നും അത് എന്റെ ജനതയുടെതാണെന്നും തങ്ങൾ രക്തമൊഴുക്കി നേടിയതാണെന്നുമെല്ലാം സുൽത്താൻ തന്റെ ദൂതൻ ന്യൂൽസിങ്കി മുഖേന ഹെർസലിനെ അറിയിച്ചുവെങ്കിലും ഏതാനും ദിവസങ്ങൾക്കകം ജൂൺ 26ന് ഹെർസലുമായി മറ്റൊരഭിമുഖത്തിന് വേദിയൊരുക്കാൻ ന്യൂലിൻസ്കിയോട് അഭ്യർത്ഥിക്കുന്നതാണ് നാം കാണുന്നത്. ജുതന്മാർ ഒന്നിച്ച് താമസിച്ചില്ലെങ്കിൽ അവരെ സ്വീകരിക്കുന്നതിന് ഉസ്മാനികൾക്ക് തടസമില്ലെന്നദ്ദേഹം ഹെർട്സലിനെ അറിയിച്ചു. അർമേനിയൻ പ്രശ്നം പരിഹരിക്കുന്നതിൽ, ലണ്ടൻ പാരീസ്, വിയന്ന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നിറങ്ങുന്ന പത്രങ്ങളെ സ്വാധീനിക്കാൻ. തുർക്കിയോടുള്ള അവരുടെ ശത്രുതാ മനോഭാവം മയപ്പെടുത്താനും അർമേനിയൻ നേതാക്കളോട് കീഴടങ്ങാനാവശ്യപ്പെടാനുമെല്ലാം ഹെർസലിനെ ഉപയോഗപ്പെടുത്താമെന്ന് സുൽത്താൻ കണക്കുകൂട്ടി. തങ്ങളുടെ ലക്ഷ്യം നേടുന്നതിൽ സഹകരിക്കാമെന്ന് ഹെർസൽ ഉറപ്പ് നൽകി. അർമേനിയൻ വിപ്ലവ സമിതിയോട് സമാധാന കരാറിലെത്താൻ ഇടനിലക്കാരനാകാമെന്നും അയാൾ വാക്ക് നൽകി. ഇക്കാര്യത്തിനായി ഹെർസൽ 1896 ലണ്ടനിൽ വെച്ച് അർമേനിയൻ വിപ്ലവ കൗൺസിലിന്റെ തലവന്മാരിൽ പെട്ട നാദാർ ബകുമായി കൂടിക്കാഴ്ച നടത്തി. തുർക്കിയുമായുള്ള തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അവർ തന്റെ നിർദ്ദേശം തള്ളിക്കളയുകയാണുണ്ടായത്
1896 ന്യൂലിൻസ്കി മുഖേന, തുർക്കിയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഇരുപത് മില്യൻ പൗണ്ട് നൽകുകയാണെങ്കിൽ ഹെർസലുമായി ചർച്ചക്കുള്ള തന്റെ സന്നദ്ധത അദ്ദേഹത്തെ അറിയിച്ചു. പുത്രിക പദവിയുള്ള ഒരു രാഷ്ട്രമായി പിന്നീട് മാറാവുന്ന തരത്തിൽ ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തെ ചർച്ച ചെയ്യാനും പണം നൽകുന്ന മുറക്ക് താൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. പ്രസ്തുത കരാർ പ്രകാരം യഹൂദന്മാർക്ക് തങ്ങളുടെ പ്രദേശത്ത് പ്രത്യേക ഭരണ സംവിധാനം ഉറപ്പാക്കാൻ ധാരണയാകാനും അക്കാര്യം പിന്നീട് ലോകത്തെ അറിയിക്കാമെന്നും സുൽത്താൻ അറിയിച്ചു. ഇക്കാര്യത്തിൽ സുൽത്താൻ കൃത്യമായ ഒരു തീരുമാനം കൈകൊണ്ടിട്ടില്ലെന്നും, കാരണം യഹൂദന്മാരുടെ പദ്ധതി വ്യക്തമല്ലെന്നും, അവർ ബുദ്ധിമാന്മാരാണെന്നും ഉചിതമായ പദപ്രയോഗം അവർ കണ്ടെത്തിക്കൊള്ളുമെന്ന് സുൽത്താൻ തന്നെ അറിയിച്ചതായി ന്യൂലിൻസ്കി ഹെർസലിനെ ധരിപ്പിച്ചു.
ഈ കൂടിക്കാഴ്ചക്ക് ശേഷം ലോകത്തെ വിവിധ സയണിസ്റ്റ് സംഘടനകളെ പ്രതിനിധീകരിച്ച് 240 പേർ പങ്കെടുത്ത പ്രഥമ ലോക സയണിസ്റ്റ് സമ്മേളനം ഹെർസൽ സംഘടിപ്പിച്ചു. ബാൽ സമ്മേളനം എന്നറിയപ്പെടുന്ന ഈ സമ്മേളനത്തിൽ അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് ഫലസ്തീനിൽ യഹൂദികൾക്ക് ഒരു രാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു സമ്മേളനത്തിന്റെ അജണ്ട.
ഖുദ്സിനെ വിസ്മരിക്കുന്നത് വലത്തെ കൈ വിസ്മരിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ് സമ്മേളന പ്രതിനിധികൾ പ്രതിജ്ഞാപൂർവ്വം കരങ്ങളുയർത്തി. ഇപ്രകാരം ഹെർസലിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്ത് ലോക സയണിസ്റ്റ് സംഘടന രൂപീകരിക്കപ്പെട്ടു. ബാൽപ്രഖ്യാപനം എന്നറിയപ്പെടുന്ന ഹെർസലിന്റെ പ്രഭാഷണത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ഇങ്ങനെ: സയണിസത്തിന്റെ ആദ്യകാല പ്രായോഗിക നേതാക്കൾ യഹൂദികൾക്ക് വേണ്ടി കാർഷിക വൃത്തിയിലേർപ്പെട്ടു. സയണിസ്റ്റ് പ്രസ്ഥാനത്തിന് ശിലാസ്ഥാപനം നടത്തി ശക്തമായ സംയുക്ത രാഷ്ട്രീയ നീക്കത്തിലൂടെയല്ലാതെ നാം ലക്ഷ്യം കൈവരിക്കില്ല. യഹൂദി കർഷകരെയും വ്യവസായികളെയും ഉപയോഗിച്ച്, ഫലസ്തീനിനെ അഭിവൃദ്ധിപ്പെടുത്തുക, ലോക യഹൂദ സംഘടന സ്ഥാപിച്ച് അതിനെ ഓരോ രാജ്യത്തെയും ജൂത കൂട്ടായ്മകളുമായി ബന്ധിപ്പിച്ച് ദേശീയ നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുക, ജൂത ദേശീയ വികാരം ഉണർത്തുക തുടങ്ങിയ പല തീരുമാനങ്ങളും പ്രസ്തുത സമ്മേളനം കൈകൊണ്ടു.
ഉസ്മാനി അധികൃതർ ഒന്നാം സയണിസ്റ്റ് സമ്മേളനം കൃത്യമായി നിരീക്ഷിച്ചിരുന്നു. കോൺസ്റ്റാന്റിനോപ്പിളിലേക്ക് റിപ്പോർട്ടുകൾ അയക്കുകയും ചെയ്തു കൊണ്ടിരുന്നു. വാഷിംഗ്ടണിലെ തുർക്കിയുടെ അംബാസിഡർ, അലിഫറഹ് ബക്, ജർമനിയിലെ അംബാസഡർ, അലി തൗഫീഖ് പാഷ തുടങ്ങിയവർ, ഫലസ്തീനിൽ യഹൂദ രാഷ്ട്രം സ്ഥാപിക്കാനുള്ള പദ്ധതിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. 1898ൽ ലണ്ടനിലെയും ബെർലിനിലെയും തുർക്കി അംബാസഡർമാർ സുൽത്താന് ഇതേക്കുറിച്ച് വിശദമായ റിപ്പോർട്ടുകൾ അയച്ചിരുന്നു. ഖുദ്സിലെ തന്റെ സന്ദർശനവേളയിൽ മുസ്ലിംകളുടെ ദാരിദ്ര്യവും ജൂതന്മാരുടെ സമ്പന്ന ജീവിതവും പട്ടണത്തിൽ അവരുടെ മേധാവിത്തവും അവരെ ഇനിയും നിയന്ത്രിച്ചില്ലെങ്കിൽ പട്ടണം പൂർണമായും ജൂതന്മാർ അധീനപ്പെടുത്തുമെന്നും അലീ ഫറഹ് ബക് സുൽത്താന് കത്തെഴിതിയറിയിച്ചു. അതിനാൽ സയണിസ്റ്റുകളെ സഹായിക്കരുതെന്ന് വൻ രാഷ്ട്രങ്ങളെ സുൽത്താൻ ബോധ്യപ്പെടുത്തണമെന്നും അല്ലാത്തപക്ഷം അത് നമ്മുടെ മുസ്ലിം സഹോദരങ്ങളെ കൊന്നൊടുക്കാനുള്ള ലൈസൻസാവുമെന്നും അദ്ദേഹം സുൽത്താനെ അറിയിച്ചു.
Bulant Kemaloke, Zionists and the Ottoman Foreign Ministry during the reign of Abdul Hamad II P 367-368.
ലോക മാധ്യമങ്ങൾ ഒന്നാം സയണിസ്റ്റ് സമ്മേളനാനന്തരമുള്ള സയണിസ്റ്റ് ചലനങ്ങൾ നിരീക്ഷിച്ചു കൊണ്ടിരുന്നു. യഹൂദ എഴുത്തുകാർ ഇക്കാര്യത്തിൽ വലിയ പങ്ക് വഹിച്ചു. സംഘടനയുടെ ആത്മീയ ലക്ഷ്യങ്ങളെ കുറിച്ചാണവർ സംസാരിച്ചത്.
ഇതിനിടെ ബാലിൽ വെച്ച് 1898ൽ രണ്ടാം ലോക സയണിസ്റ്റ് സമ്മേളനം നടക്കുകയുണ്ടായി. ഒന്നാം സമ്മേളന തീരുമാനങ്ങൾ നടപ്പാക്കുക, സയണിസ്റ്റ് പദ്ധതി വിജയത്തിനായി ഉസ്മാനി ഭരണാധികാരികളെ സ്വാധീനിക്കുക, യഹൂദ കൊളോണിയൽ ബാങ്ക് സ്ഥാപിക്കുക, ജൂതന്മാർ ഒറു ദേശീയതയുടെയും ഭാഷയുടെയും വക്താക്കളാണെന്ന് ബോധ്യപ്പെടുത്താൻ ഹീബ്രു ഭാഷ പഠനം പ്രോത്സാഹിപ്പിക്കുക, യഹൂദരുടെ പ്രശ്നത്തിൽ സഹായിക്കാൻ യൂറോപ്യൻ രാജ്യങ്ങളുമായി ചർച്ച നടത്താൻ ഹെർട്സലിനെ ചുമതലപ്പെടുത്തുക തുടങ്ങിയവയായിരുന്നു പ്രധാന അജണ്ടകൾ. ഒന്നും രണ്ടും സയണിസ്റ്റ് സമ്മേളന തീരുമാനങ്ങളുടെ ഭാഗമായി, ഫലസ്തീനിൽ ആധിപത്യമുറപ്പിക്കാനുള്ള കൃത്യമായ അജണ്ടകളുമായി രംഗത്തു വന്നു, തങ്ങളുടെ ചിന്തകൾ പ്രായോഗികവൽക്കരിക്കാൻ അന്താരാഷ്ട്ര പിന്തുണ നേടിയെടുക്കാൻ അവർ യത്നിച്ചു. സയണിസ്റ്റ് സമ്മേളന തീരുമാനങ്ങളും അവരുടെ പദ്ധതികളുമെല്ലാം കൃത്യസമയത്ത് തന്നെ അറിഞ്ഞിട്ടും സുൽത്താൻ അബ്ദുൽ ഹമീദ് അവരുമായി ചർച്ച തുടരാൻ കാരണമെന്തായിരുന്നു? 1898-1899 കാലത്ത് യഹൂദ ദല്ലാളുകൾ ഫലസ്തീനിലെ മറജ് ഉയ്യൂൻ പ്രദേശത്ത് സ്വത്തുക്കൾ ഉടമപ്പെടുത്താൻ ചുറ്റിക്കറങ്ങി കൊണ്ടിരുന്നത് 1899 ഡിസംബർ ഒന്നിന് പുറത്തിറങ്ങിയ അൽ മശ്‌രിഖ് മാഗസിൻ പ്രസിദ്ധീകരിച്ചിരുന്നു. ആസ്താനയിൽ നിന്നിറങ്ങിയിരുന്ന പത്രങ്ങൾ ഇതേക്കുറിച്ച് ഉൽക്കണ്ഠ പ്രകടിപ്പിക്കുകയും അതേക്കുറിച്ച് ഉസ്മാനി അധികൃതർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഇതിനിടെ 1898 ഒക്ടോബറിൽ, സുൽത്താൻ അബ്ദുൽ ഹമീദുമായി കൂടിക്കാഴ്ചക്കെത്തിയ ജർമൻ ചക്രവർത്തി വിൽഹലം രണ്ടാമനുമായി ചർച്ചക്കായി ഹെർസൽ കോൺസ്റ്റാന്റിനോപ്പിളിലെത്തി. തന്റെ പദ്ധതിക്ക് പറ്റിയ ഏറ്റവും നല്ല മധ്യസ്ഥനായി ഹെർസൽ ജർമൻ ചക്രവർത്തിയെ തിരഞ്ഞെടുക്കാൻ പല കാരണങ്ങളുമുണ്ടായിരുന്നു. ഒന്ന്. ജർമൻ സംസ്കാരവുമായുള്ള തന്റെ ബന്ധവും സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ പലരും ജർമൻ ജൂതന്മാരായിരുന്നുവെന്നതും ഇതിന് കാരണമായിരുന്നു. ഉസ്മാനികളും ജർമനിയും തമ്മിലുണ്ടായിരുന്ന ഉറച്ച സൗഹൃദം, ഏഷ്യയിലും ആഫ്രിക്കയിലും തങ്ങളുടെ കോളനികൾ സ്ഥാപിക്കാനുള്ള മോഹങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമായിരുന്നു. ഹെർസലിന് ജർമനിയുടെ സാമ്രാജ്യത്വ മോഹങ്ങൾ നന്നായി അറിയാമായിരുന്നു. ജർമൻകാർ സയണിസ്റ്റ് അജണ്ടക്ക് തുടക്കം മുതലേ പിന്തുണ നൽകിയിരുന്നു. ജൂതന്മാർ എത്രയും വേഗം ഫലസ്തീനിലേക്ക് പോകുന്നതാണ് നല്ലത് അവരെ പറഞ്ഞയക്കുക എന്നായിരുന്നു ജർമൻ ചക്രവർത്തിയുടെ പ്രതികരണം. ഇതു തന്നെയായിരുന്നു യൂറോപ്പിലെ പൊതുവായ അഭിപ്രായം. ഇക്കാലത്ത് റഷ്യ, പോളണ്ട്, റുമേനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് ജൂതന്മാരാണ് ഫലസ്തീനിലേക്ക് കുടിയേറിയത്. സയണിസ്റ്റ് പ്രസ്ഥാനത്തോട് നല്ല നിലയിൽ പെരുമാറാൻ ഉസ്മാനി അധികൃതരോടും സുൽത്താൻ അബ്ദുൽ ഹമീദിനോടും ജർമനി ഉപദേശിച്ചു. 1898 ഒക്ടോബർ 10ന് ഹെർസൽ ആസ്താനയിലെ ജർമൻ കൊട്ടാരത്തിൽ വെച്ച് ജർമൻ വിദേശകാര്യ മന്ത്രിയെ കണ്ട്, ഫലസ്തീനിലേക്ക് കുടിയേറിപ്പാർക്കാനുള്ള ജൂതന്മാരുടെ അഭിലാഷത്തെക്കുറിച്ചും അവർ അവിടെ നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തിക പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. ജർമൻ പരിരക്ഷയിൽ "ഫലസ്തീനിലും സിറിയയിലും ഭൂമിക്കുള്ള യഹൂദ കമ്പനി" എന്ന ഹെർസലിന്റെ പദ്ധതിക്ക് ജർമൻ ചക്രവർത്തി അംഗീകാരം നൽകി. ജർമൻ ചക്രവർത്തി 1898 നവംബറിൽ ഖുദ്സിലെ തന്റെ ടെന്റിൽ സയണിസ്റ്റ് പ്രതിനിധി സംഘത്തെ സ്വീകരിച്ചു, ഹെർസൽ ജർമനിയുടെ മേൽനോട്ടത്തിലുള്ള ഫലസ്തീനിൽ നടപ്പാക്കുന്ന സയണിസ്റ്റ് പദ്ധതി വിശദീകരിച്ചു. ഫലസ്തീനിലെ ഈ പ്രവർത്തനങ്ങൾക്ക് ഹെർസലിനെ ഉസ്മാനികൾ അനുവദിച്ചത് എന്തിനായിരുന്നു? ഹെർസൽ ഫലസ്തീനിൽ ചെന്ന് തങ്ങളുടെ പദ്ധതികൾ നടപ്പാക്കുന്നതിൽ നിന്ന് സുൽത്താന് വിലക്കാമായിരുന്നില്ലേ? ഇതേക്കുറിച്ച് ഹെർട്സൽ പറയുന്നത് കാണുക. "ഉസ്മാനികൾക്ക് ദീർഘ ദൃഷ്ടിയുണ്ടായിരുന്നുവെങ്കിൽ ഫലസ്തീനിലെ എന്റെ പ്രവർത്തനങ്ങൾക്കും നീക്കങ്ങൾക്കും അവർ തടയിടുമായിരുന്നു. കാര്യം ലളിതമാണ്. എന്നെ നാട്ടിൽ നിന്ന് ഓടിക്കുമായിരുന്നു." (Hertzal the complete Diaries Vol 2, P-760)
ഫലസ്തീനിലെ യഹൂദ പദ്ധതികളെ വിശേഷിച്ചും വിദ്യാഭ്യാസ ധർമ്മ സ്ഥാപനങ്ങളെ ജർമനി സഹായിച്ചു. ഫലസ്തീിലെ യഹൂദ കുടിയേറ്റക്കാർ ജർമൻ ഉൽപന്നങ്ങളായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. ഫലസ്തീനിൽ യഹൂദന്മാർക്ക് ഭൂമി കൈവശപ്പെടുത്തുന്നതിനെ വിലക്കുന്ന ഉസ്മാനി ഉത്തരവ് റദ്ദ് ചെയ്യാൻ 1893ൽ ജർമനി ആവശ്യപ്പെട്ടു. 1901ൽ ജർമൻ ജൂതന്മാർ, ജർമൻ യഹൂദ സഹായസംഘം രൂപീകരിച്ചു ഉസ്മാനി ഭരണപ്രദേശങ്ങളിലെ യഹൂദന്മാർക്കായി വിദ്യാലയ ശൃംഖലകൾ സ്ഥാപിച്ചു. 1899 ആഗസ്റ്റ് 15 മുതൽ 18 വരെ മൂന്നാം സയണിസ്റ്റ് സമ്മേളനം നടന്നു. അതിൽ സയണിസ്റ്റ് സുഹൃദ് സംഘം രൂപീകരിച്ചു. ഈ ഘട്ടത്തിൽ, സുൽത്താൻ അബ്ദുൽ ഹമീദിന് സയണിസ്റ്റ് പദ്ധതി ബോധ്യപ്പെടുത്തുന്നതിലായിരിക്കും തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഹെർസൽ പ്രഖ്യാപിച്ചു. സുൽത്താന് തന്റെ യഹൂദ പ്രജകളോടുള്ള ആത്മാർത്ഥതയും തങ്ങളുടെ താൽപര്യങ്ങളെ സുൽത്താൻ പിന്തുണക്കുമെന്നതിലുള്ള പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. താൻ ഉസ്മാനികളുമായി തുടങ്ങിവെച്ച ബന്ധങ്ങൾ, ഉസ്മാനി തലസ്ഥാനത്തു നിന്ന് ഫലസ്തീനിലെ ജൂത കുടിയേറ്റത്തിന് സുൽത്താന്റെ സംരക്ഷണം ലഭിക്കുന്നതു വരെ തുടരേണ്ടതുണ്ടെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു.
1900ൽ ലണ്ടനിൽ നാലാം സയണിസ്റ്റ് സമ്മേളനം നടന്നു. ഇതിൽ മുൻകാല സമ്മേളന തീരുമാനങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചു. സമ്മേളനാനന്തരം ഹെർസൽ സുൽത്താനെ സന്ദർശിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 1901 മെയ് 18ന് കൂടിക്കാഴ്ച നടന്നു. യഹൂദന്മാരോട് സുൽത്താന്റെ ആത്മാർത്ഥ സഹകരണത്തിനും നിരന്തര സഹായത്തിനും ഹെർട്സൽ നന്ദി പ്രകാശിപ്പിച്ചു. ഈ കൂടിക്കാഴ്ച പരസ്യപ്പെടുത്തുകയില്ലെന്ന് അദ്ദേഹത്തെ സമാധാനിപ്പിക്കുകയും ചെയ്തു. അതിനാൽ വളരെ സ്വാതന്ത്ര്യത്തോടു കൂടിയുള്ള സംഭാഷണമാണ് അവർക്കിടയിൽ നടന്നത്. യഹൂദരിലുള്ള തന്റെ ഉറച്ച വിശ്വാസവും നിരന്തര സൗഹൃദവും സുൽത്താൻ ഊന്നിപ്പറഞ്ഞു. (Hertzal Vol 3, P-1113)
സുൽത്താനെ ഞെരുക്കിയിരുന്ന കടബാധ്യതയിൽ നിന്ന് രക്ഷപ്പെടാനും ആഭ്യന്തരവകുപ്പ് തന്റെ നിയന്ത്രണത്തിൽ നിക്ഷിപ്തമാക്കാനും അതിൽ യൂറോപ്യൻ രാഷ്ട്രങ്ങളുടെ മേധാവിത്തം ദുർബലപ്പെടുത്താനുമുള്ള സുൽത്താന്റെ താൽപര്യത്തെക്കുറിച്ച് യൂറോപ്യൻ മേധാവിത്തത്തെ ദുർബലപ്പെടുത്താനുള്ള ഒരു പദ്ധതി േരഖ സുൽത്താന് മുമ്പിൽ സമർപ്പിച്ചു. (Oke, the Ottoman Empire, Zionism and Question of Palastine P.330).
യഹൂദ സമ്പന്നർ മുഖേന ഉസ്മാനി സാമ്രാജ്യത്തെ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നതായി ഹെർസൽ സുൽത്താന് ഉറപ്പു നൽകി. ഇപ്പോൾ ഉസ്മാനികൾക്ക് വേണ്ടത് യഹൂദന്മാരുടെ പക്കൽ യഥേഷ്ടമുള്ള വ്യവസായ രംഗത്തെ വൈദഗ്ധ്യവും സമ്പത്തുമാണ്. ഇരുമ്പ്, വെള്ളി, സ്വർണ്ണം, പെട്രോൾ തുടങ്ങിയ ഖനിജ സമ്പത്ത് വേണ്ടത്ര ഉസ്മാനികൾ ചൂഷണം ചെയ്യുന്നില്ലെന്ന് സുൽത്താൻ ഉണർത്തി. രാജ്യത്ത് പുതിയ വരുമാനമാർഗ്ഗം ലഭ്യമാക്കുന്ന ഖനന മേഖലയിൽ നിക്ഷേപിക്കാൻ കഴിയുന്ന ഒരാളെ നിർദേശിക്കാൻ സുൽത്താൻ ഹെർസലിനോടപേക്ഷിച്ചു സുൽത്താന്റെ വിശ്വാസം ആർജിക്കാൻ പറ്റിയ നല്ലൊരു മാർഗമായി ഇതിനെ ഹെർസൽ കണ്ടു. (അതേ പുസ്തകം Vol 3, P-1114). ഇയാൾക്ക് രാജ്യത്ത് ഔദ്യോഗിക സ്ഥാനം ലഭിക്കുമെന്നും അയാൾ ഹെർസലിന് തുടർച്ചയായി റിപ്പോർട്ടുകൾ നൽകുമെന്നും അങ്ങനെ സുൽത്താനും ഹെർസലിനുമിടയിൽ കണ്ണിയായി ഇയാൾ പ്രവർത്തിക്കുമെന്നും സുൽത്താൻ ഉറപ്പ് പറഞ്ഞു. പിന്നീട് രാജ്യത്ത് കുന്നുകൂടിയ കടത്തെക്കുറിച്ച് അവർ സംസാരിച്ചു. അവസാനം യഹൂദരുടെ താൽപര്യത്തിനായി കുടിയേറ്റത്തെക്കുറിച്ച് ഒരു പ്രഖ്യാപനം നടത്താനും, ഉസ്മാനികളുടെ സാമ്പത്തിക ബാധ്യത പരിഹരിക്കാനുള്ള വിശദമായ പരിഹാരവും അവരിരുവർക്കുമിടയിൽ എഴുത്തുകുത്തുകൾ തുടരേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും തനിക്ക് നിലപാടുകളുണ്ടെന്ന് പറഞ്ഞു. അതെല്ലാം സമർപ്പിക്കാൻ സുൽത്താൻ ആവശ്യപ്പെട്ടു കൂടിക്കാഴ്ചക്കൊടുവിൽ സൗഹൃദത്തെ ഓർമ്മിപ്പിക്കാൻ പേനയും മോതിരവുമടങ്ങുന്ന കവർ സുൽത്താൻ ഹെർസലിന് സമ്മാനിച്ചു. (അതേ പുസ്തകം 1117, Vol 3) തന്റെ ലക്ഷ്യസാക്ഷാൽക്കാരത്തിനാവശ്യമായ ധനസമാഹരണം നടത്താനായി സുൽത്താനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഹെർസൽ വിയന്നയിലേക്കു തിരിച്ചു. യൂറോപ്യൻ തലസ്ഥാനങ്ങളിൽ നിന്നദ്ദേഹം നിരന്തരം സുൽത്താന് കത്തെഴുതി. ഞങ്ങൾ തീരുമാനിച്ച പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് സുൽത്താനെ അറിയിച്ചു കൊണ്ടിരുന്നു.
നാലു മില്ല്യൺ പൗണ്ട് ഉസ്മാനികൾ ഹെർസലിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റ വിഷയത്തിൽ സുൽത്താൻ ഒരു കൃത്യമായ നിലപാട് അറിയിച്ചാൽ പ്രസ്തുത ആവശ്യം നിറവേറ്റാമെന്ന് ഹെർട്സൽ അറിയിച്ചു. (Hertzal the complete diaries Vol 3, P-1133). ജൂതന്മാർ വലിയ അളവിൽ കുടിയേറ്റം നടത്തരുതെന്നും, സൈനിക സേവനം ചെയ്യണമെന്നും എന്നാൽ ജൂതന്മാർക്ക് ഉസ്മാനി പൗരത്വം നൽകാമെന്നും സുൽത്താൻ മറുപടി നൽകി.
സുൽത്താനുമായുള്ള അഭിമുഖത്തിന് ശേഷം ഹെർസൽ ഇസ്തംബൂളിൽ തങ്ങി, ഇസത്ത് ബക്, നൂരി ബക്, ഇബ്രാഹിം ബക് തുടങ്ങിയ ഭരണ രംഗത്തെ പ്രമുഖരെ സന്ദർശിച്ചു. ഫലസ്തീനിലെ ജൂത കുടിയേറ്റത്തിന് അനുമതിക്ക് പകരം ഉസ്മാനികൾ അനുഭവിക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ യഹൂദന്മാർ നൽകുന്ന സഹായധനത്തെ കുറിച്ച് ചർച്ച ചെയ്തു. 1901 ഡിസംബർ 20-ന് സ്വിറ്റ്സർലന്റിലെ ബാലിൽ അഞ്ചാമത് ആഗോള സയണിസ്റ്റ് സമ്മേളനം ചേർന്നു, ഫലസ്തീനിൽ ഭൂമി വാങ്ങാൻ യഹൂദി ദേശീയ നിധി രൂപീകരിക്കാൻ ഈ യോഗത്തിൽ തീരുമാനിച്ചു. കൂട്ടുസ്വത്തായി ഭൂമി വാങ്ങണമെന്നും യഹൂദി ജോലിക്കാരെ മാത്രം സേവനങ്ങൾക്ക് ഉപയോഗപ്പെടുത്താനും വിശുദ്ധ ഭൂമിയെ വീണ്ടും യഹൂദവൽക്കരിക്കാനും എല്ലാ പ്രദേശത്തും സയണിസ്റ്റ് സംഘടനകൾ സ്ഥാപിക്കാനും, യഹൂദ വിജ്ഞാന കോശം തയ്യാറാക്കുന്ന ജോലി തുടങ്ങാനും തീരുമാനമായി. 1902 ഫെബ്രുവരി അഞ്ചിന് സുൽത്താനുമായുള്ള നാലാമത് കൂടിക്കാഴ്ചക്കുള്ള ക്ഷണം ഹെർസലിന് ലഭിച്ചു. സുൽത്താന്റെ സ്വന്തക്കാരായ ഇസ്ത്ത് ബക്, ഇബ്രാഹീം ബക് എന്നിവരുമായാണ് സംസാരിച്ചത്. സംയുക്ത തീരുമാനത്തിന്റെ പുരോഗതി അവർ ചർച്ച ചെയ്തു. സുൽത്താൻ ഫലസ്തീനിലെ യഹൂദ കുടിയേറ്റത്തിന് അനുമതി നൽകിയെന്ന് സയണിസ്റ്റ് സമ്മേളനത്തിൽ ഹെർസൽ നടത്തിയ പരസ്യ പ്രസ്താവനയെ അവർ ശക്തമായി അപലപിച്ചു. (ചർച്ചയുടെ സ്വകാര്യ സ്വഭാവം നഷ്ടപ്പെട്ടതാണ് സുൽത്താന്റെ രോഷത്തിന് കാരണം) (അതേ പുസ്തകം Vol 3, P-1216).
ഒറ്റക്കും തെറ്റക്കും ഫലസ്തീൻ ഒഴികെയുള്ള ഉസ്മാനി പ്രദേശങ്ങളിലേക്ക് ജൂതന്മാർ കുടിയേറുന്നതിനെ സുൽത്താൻ അനുകൂലിക്കുന്നത് എന്ന് സുൽത്താന്റെ പ്രതിനിധികൾ അറിയിച്ചപ്പോൾ ഹെർട്സൽ ക്ഷോഭിച്ചു ഇറങ്ങിപ്പോകാൻ ഭാവിച്ചു. ഫലസ്തീനിൽ ജൂതന്മാരെ അനിയന്ത്രിതമായി കുടിയേറാൻ അനുവദിച്ചാൽ തന്റെ ജനത തനിക്കെതിരായി തിരിയുമെന്ന ഭീതി സുൽത്താൻ പങ്കുവെച്ചു. ഹെർട്സൽ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ സുൽത്താൻ അവസാനമായി ഇങ്ങനെ പറഞ്ഞു: "സമ്പന്നരായി ഈ നാട്ടിലേക്ക് വരുക, ഞങ്ങളുടെ സുഹൃത്തുക്കളാവുക, പിന്നീട് നിങ്ങൾ ഇഷ്ടപ്പെടുന്നതെല്ലാം നിങ്ങൾക്കാവാം." (അതേ പുസ്തകം Vol 3, P-1226) അഥവാ നിങ്ങൾക്ക് ഫലസ്തീൻ ലഭിക്കും. അതിന് ഞങ്ങൾക്ക് വിരോധമില്ല. എന്നാൽ ഞങ്ങൾ ജാഗ്രതയോടെ നീങ്ങേണ്ടതുണ്ട് എന്നർത്ഥം.
1902 ജൂലൈ അവസാനത്തിലായിരുന്നു ഹെർസൽ അവസാനമായി ഇസ്തംബൂൾ സന്ദർശിച്ചത്. ബ്രിട്ടനിലെ ഉസ്മാനി അംബാസഡറുടെ ക്ഷണപ്രകാരമായിരുന്നു ഇത്. സുൽത്താനുമായി നടത്തുന്ന ചർച്ചകൾ ഒരിക്കലും പരസ്യപ്പെടുത്തരുതെന്ന് അദ്ദേഹം ഉപദേശിച്ചു. ഉസ്മാനികളുടെ പൊതുകടം മരവിപ്പിക്കുന്നതിന് സാധിച്ചാൽ, യഹൂദരുടെ പരാതികൾക്ക് മാന്യമായ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. (അതേ പുസ്തകം Vol 4, P-1298)
1902 ജൂലൈ 25ന് ഇസ്തംബൂളിൽ എത്തിയ ഹെർസലിന് തഹ്സീൻ ബക് മുഖേന അന്തിമമായി സുൽത്താന്റെ പ്രതികരണം ലഭിച്ചു. ഒരു സ്ഥലത്ത് ഒരുമിച്ച്് കൂടില്ലെന്ന വ്യവസ്ഥിതിയിൽ ജൂതന്മാർക്ക് ഉസ്മാനി സാമ്രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും കുടിയേറി താമസിക്കാനും അവകാശമുണ്ടായിരിക്കും. ഗവൺമെന്റ് അത് നേരത്തെ തീരുമാനിക്കുന്നതും അവർക്ക് ഉസ്മാനി പൗരത്വം നൽകുന്നതുമായിരിക്കും. സൈനിക സേവനമടക്കം പൗരന്മാരുടെ എല്ലാ ബാധ്യതയും അവർക്കുണ്ടായിരിക്കും. 1902 ആഗസ്റ്റ് രണ്ടിനാണ് ഈ മറുപടി ലഭിച്ചത്. ചുരുക്കത്തിൽ ജൂതന്മാർക്ക് ഉസ്മാനി സാമ്രാജ്യത്തിന്റെ ഏതു ഭാഗത്തും വന്നു താമസിക്കാമെന്ന് സുൽത്താൻ ഹെർട്സലിന് നിരന്തരമായി ഉണർത്തുന്നത് കാണാം.
1902ൽ ഒരേ സമയം സയണിസത്തിന്റെ രണ്ട് സമ്മേളനങ്ങൾ നടത്താൻ തീരുമാനിച്ചു. ആഗസ്റ്റ് 23 - 28 കൂടിയ ദിവസങ്ങളിൽ ഒന്ന് ബാലിലും മറ്റൊന്ന് ഫലസ്തീനിലും വെച്ചായിരുന്നു ഇത് നടന്നത്. റഷ്യൻ സയണിസ്റ്റ്, മനഹാം മാൻഡൽ ഈസിഷ്കിൻ ഇതിന് വേണ്ട സൗകര്യങ്ങൾ ചെയ്തു. ഫലസ്തീൻ ജൂതന്മാരുടെ ദേശ രാഷ്ട്രം, ഫലസ്തീൻ മാത്രമേ തങ്ങൾ കുടിയേറി താമസിക്കൂ എന്നവർ പ്രഖ്യാപിച്ചു.
1904 മെയ് 16ന് മരണപ്പെടുന്നത് വരെ ഹെർസൽ ഫലസ്തീനിൽ ജൂതരാഷ്ട്രമെന്ന തന്റെ സ്വപ്ന സാക്ഷാൽക്കാരത്തിനായി കിണഞ്ഞു ശ്രമിച്ചു. 1905 ജൂലൈ 27ന് ബാലിൽ ചേർന്ന ഏഴാമത് സയണിസ്റ്റ് സമ്മേളനത്തിൽ മാക്സ് നോർഡോ സമ്മേളനാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. സയണിസ്റ്റ് പ്രസ്ഥാനവും ഉസ്മാനികളും ഒന്നിച്ച് പ്രവർത്തിക്കേണ്ട ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സമൂഹത്തിന് ഫലസ്തീനല്ലാതെ മറ്റൊരു പ്രദേശവും സ്വദേശമായി സ്വീകരിക്കില്ലെന്നവർ പ്രഖ്യാപിച്ചു.
1909ൽ സുൽത്താൻ അബ്ദുൽ ഹമീദിന്റെ വിയോഗത്തോടെ ഉസ്മാനിയ സാമ്രാജ്യം നാമമാത്രമായി തുടർന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ ജർമ്മനിക്കൊപ്പം ചേർന്ന തുർക്കി കൂടുതൽ ദുർബലമായി. 1916ൽ മക്കയിലെ ശരീഫ് ഹുസൈൻ ബ്രിട്ടന്റെ കൂടെ കൂടി ഉസ്മാനികൾക്കെതിരിൽ വിപ്ലവത്തിനിറങ്ങി. ഉസ്മാനി സാമ്രാജ്യം അന്ത്യത്തോടടുത്ത ഘട്ടത്തിൽ 1916-ൽ ഫ്രാൻസും ബ്രിട്ടനും അറബ് രാഷ്ട്രങ്ങളെ വീതിച്ചെടുക്കാൻ സായിസ് പീക്കോ ധാരണയിൽ ഒപ്പുവെച്ചു. 1917ൽ ഫലസ്തീനിൽ ജൂത രാഷ്ട്രം സ്ഥാപിക്കാൻ ബ്രിട്ടൻ ബാൾഫർ ഡിക്ലറേഷൻ പുറപ്പെടുവിച്ചു.
ഉസ്മാനികളുടെ തകർച്ചയോടെ 1920 ജൂലൈ മുതൽ 1948 വരെ 28 വർഷക്കാലം ഫലസ്തീനിൽ ബ്രിട്ടന്റെ മാന്റേറ്ററി ഭരണവും 1948ൽ ഫലസ്തീനിൽ ഇസ്റാഈൽ എന്ന ജൂത രാഷ്ട്രം പിറന്നതും ചരിത്രമത്രെ.
കടപ്പാട്: ദൗറുസ്സുൽത്താൻ അബ്ദുൽ ഹമീദ് സാനീ ഫീതസ്ഹീ ലി സ്സൈത്തറത്തിസഹ്‌യൂനിയ്യ അലാ ഫലസ്തീൻ (1876 - 1909)
No comments:
Post a Comment