} -->

ശൈയ്ഖ് മുഹമ്മദ് അലി ആദം എത്യോപ്യ, ഹദീസ് വൈജ്ഞാനിക രംഗത്തെ യുഗപുരുഷൻ

ശൈയ്ഖ് മുഹമ്മദ് അലി ആദം എത്യോപ്യ, ഹദീസ് വൈജ്ഞാനിക രംഗത്തെ യുഗപുരുഷൻ


✍️ ഡോ: അബ്ദുർറഹ്മാൻ ആദൃശ്ശേരി



വിഖ്യാത ഹദീസ് പണ്ഡിതനും വ്യാകരണ വിദഗ്ദ്ധനും നിയമജ്ഞനും നിദാനശാസ്ത്രത്തിലെ കുലപതിയുമായ എത്യോപ്യക്കാരനായ ശൈഖ് മുഹമ്മദ് അലി ആദം (റഹ്) അല്ലാഹുവിലേക്ക് യാത്രയായി.


ഹിജ്റ 1366ൽ എത്യോപ്യയിൽ ജനിച്ചു. സ്വപിതാവിൽ നിന്നും ഖുർആൻ പഠനം ആരംഭിച്ചു. പിന്നീട് ശൈഖ് മുഹമ്മദ് ഖിയുവിൽ നിന്നും ഖുർആൻ പാരായണം പൂർത്തിയാക്കി. പിന്നീട് ഗ്രാമീണ മദ്റസകളിലെ പാഠ്യപദ്ധതിയിൽ ഉണ്ടായിരുന്ന ഗ്രന്ഥങ്ങൾ പഠിക്കാനാരംഭിച്ചു. നിയമജ്ഞനും മുഹദ്ദിസുമായിരുന്ന പിതാവിൽ നിന്നും നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്ന അഖീദ ഗ്രന്ഥങ്ങളും ഹനഫി നിയമഗ്രന്ഥങ്ങളായ ഖുദൂരി അതിന്റെ വ്യാഖ്യാനങ്ങൾ കൻസുൽ ദഖാഇഖ്, ബദ്റുദ്ദീൻ ഐനിയുടെ വ്യാഖ്യാനം, നിയമ നിദാന ഗ്രന്ഥങ്ങളായ അൽമനാർ, തൗളീഹ്, തൻഖീഹ്, ഗണിതശാസ്ത്രം, സഹീഹുൽ ബുഖാരി തുടങ്ങിയ ഗ്രന്ഥങ്ങളും മറ്റു വിജ്ഞാനങ്ങളും പിതാവിൽ നിന്നും പഠിച്ചു. പിന്നീട് വ്യാകരണ പണ്ഡിതനും സാഹിത്യകാരനുമായ ശൈഖ് മുഹമ്മദ് സഅദ് ദറയ് എന്നിവരുടെ പക്കൽ മൂന്ന് വർഷം പഠനം നടത്തി. ബുഖാരി, മുസ്‌ലിം, നഹ്‌വ്, സർഫ്, ബലാഗ, മൻഥിഖ്, സംവാദ തത്വങ്ങൾ, ഉസൂലുൽ ഫിഖ്ഹ് എന്നിവ അഭ്യസിച്ചു. ഇബ്നു മാലികിന്റെ അൽഫിയ്യ, ഇബ്നു അഖീൽ, ഖുദ്‌രി എന്നിവർ അതിന് രചിച്ച വ്യാഖ്യാനങ്ങൾ, ഖത്റുന്നദയുടെ വ്യാഖ്യാനമായ മുജീബു നിദ, മുഗ്നില്ലബീബ്, ശാഫിയ, ബലാഗയിലെ തല്‍ഖീസ്, അതിന്റെ വ്യാഖ്യാനങ്ങൾ മൻതിഖിലെ സുല്ലം, ഇസാഗോജി എന്നിവയും അതിന്റെ വ്യാഖ്യാനങ്ങളും പഠിച്ചു.

പ്രമുഖ വ്യാകരണ പണ്ഡിതനായിരുന്ന ശൈഖ് അബ്ദുൽ ബാസിതിൽ നിന്നും, ആജ്റൂമിയ . മിൻഹത്തുൽ ഇഅ്റാബ്, അൽ ഫവാകിഹുൽ ജനിയ്യ തുടങ്ങിയ ഗ്രന്ഥങ്ങൾ പഠിച്ചു. മഹാപണ്ഡിതനായിരുന്ന ശൈഖ് മുഹമ്മദ് സൈദ് മുഹമ്മദ് എത്യോപ്യയിൽ നിന്നും ബുഖാരിയും മുസ്‌ലിമിന്റെ ഭൂരിഭാഗവും ബൈഹഖിയുടെ ആദ്യഭാഗവും തഫ്‌സീർ, ബലാഗയിലെ ജൗഹറുൽ മക്നൂൻ ഹദീസ്, നിദാനഗ്രന്ഥമായ തദ്‌രീബു റാവി എന്നീ ഗ്രന്ഥങ്ങൽ അഭ്യസിച്ചു. എത്യോപ്യയിലെ മുഫ്തിയായിരുന്ന മുഹമ്മദ് ഇബ്നു റാഫിഇൽ നിന്നും ജാമിഉത്തുർമുദി, അബുദാവൂദ്, നസാഇ, ഇബ്നുമാജ, തുടങ്ങിയ ഗ്രന്ഥങ്ങളും പഠിച്ചു.

ചെറുപ്പത്തിലെ ഹദീസ് വിജ്ഞാന ത്തോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്ന അദ്ദേഹം പിതാവിന്റെ കീഴില്‍ വിദ്യാര്‍ഥികള്‍ സ്വഹീഹുല്‍ ബുഖാരി പഠിക്കുന്നത് ചെറിയ കുട്ടിയായിരുന്നപ്പോള്‍ ചുമരിനു പിന്നില്‍ മറഞ്ഞിരുന്നു കേള്‍ക്കുക വഴി ചെറുപ്പത്തിലെ ഹദീസ് പഠനത്തിനു താല്പര്യം ജനിച്ചതായി അദ്ദേഹം അനുസ്മരിക്കുന്നുണ്ട് പ്രബല ഹദീസുകള്‍ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും ശ്രമിച്ചപ്പോള്‍ നാട്ടില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ഹനഫീ മദ്ഹബിനോടും അശ്അരീ വിചാര ധാരയോടും ചില വിയോജിപ്പുകള്‍ പ്രകടമായി മക്കയില്‍ എത്തിയ ശേഷം ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെയും ഇബ്നുല്‍ ഖയ്യിമിന്റെയും രചനകള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ നാട്ടില്‍ നടമാടിയിരുന്ന പല ആചാരങ്ങളും വിശ്വാസങ്ങളും പ്രമാണങ്ങള്‍ക്ക് നിരക്കാത്തതാണ് എന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു പിന്നീട് അദ്ദേഹം മക്കയിലെ ദാറുൽ ഹദീസ് ഖൈരിയ്യയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. നാട്ടിൽ പ്രമുഖ ഹദീസ് ഗ്രന്ഥങ്ങൾ അടക്കം വലിയ ഗ്രന്ഥങ്ങൽ പഠിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം മക്കയിലെത്തിയത്. മുപ്പത്തി ഏഴാം വയസ്സിലാണ് ഉംറ സംഘത്തിൽ മക്കയിലെത്തിയത്. മഅ്ഹദുൽ ഹറമിൽ വിദ്യാർത്ഥിയായി. മൂന്ന് വർഷത്തെ പഠനത്തിന് ശേഷം ദാറുൽ ഹദീസിലെത്തി. ശൈഖ് ഇബ്നുബാസ് ആണ് അതിന്റെ തലവനായിരുന്നത്. അദ്ദേഹം അവിടെ അധ്യാപകനായി, പിന്നീട് അധ്യാപനത്തിലും രചനയിലും കഴിച്ചു കൂട്ടി. ധാരാളം പണ്ഡിതന്മാരെയും കനപ്പെട്ട ഗ്രന്ഥങ്ങളും സംഭാവന ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു.



രചനകൾ


  1. അൽ ബഹ്റുൽ മുഹീത് സ്സജ്ജാജ് ഫീ ശറഹി സഹീഹി മുസ്ലിം, അൽ ഹജ്ജാജ്. നാൽപത്തിഅഞ്ച് വാല്യങ്ങളുളള ഈ ബൃഹദ് ഗ്രന്ഥം ഇമാം മുസ്ലിമിന്റെ സഹീഹിന്റെ വ്യാഖ്യാനമാണ്. സഹീഹു മുസ്ലിമിന്റെ വ്യാഖ്യാനങ്ങളിൽ ഏറ്റവും മികച്ച ഒരു വ്യാഖ്യാനമാണിത്. മുസ്ലിമിന്റെ ആമുഖത്തിന് രണ്ട് വാള്യങ്ങളുള്ള വ്യാഖ്യാന ഗ്രന്ഥം രചിച്ച ശേഷമാണ് ഇതിന്റെ രചനയാരംഭിച്ചത്. അദ്ദേഹം പറയുന്നതു കാണുക. “ഇമാം മുസ്‌ലിമിന്റെ സഹീഹിന്റെ ആമുഖത്തിന്റെ എല്ലാ ഗുണങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചുകൊണ്ട് രണ്ട് വാള്യങ്ങളുള്ള വ്യാഖ്യാനം രചിക്കാൻ അല്ലാഹു അവസരമൊരുക്കി. പിന്നീട് തന്റെ സഹീഹിന്റെ മുഴുവൻ ഉദ്ദേശ്യലക്ഷ്യങ്ങളും ഉൾക്കൊള്ളുന്ന എല്ലാ ആശയക്കുഴപ്പങ്ങളും, പ്രശ്നങ്ങളും ദൂരീകരിക്കുന്ന അതിലെ ചർച്ചകൾ വിശദീകരിക്കുന്ന, അതിലെ വിജ്ഞാനങ്ങളും രഹസ്യങ്ങളും അനാവരണം ചെയ്യുന്ന നിദാനശാസ്ത്രപരമായ പ്രശ്നങ്ങൾ വ്യക്തമാക്കി, വിശിഷ്യാ ഹദീസ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ, അല്ലാഹുവിന്റെ ഔദാര്യവും, ഹദീസ് വിജ്ഞാന ശാഖക്ക് വലിയ സംഭാവനകളർപ്പിച്ച, ഖാളീ ഇയാള്, ഇബ്നു സലാഹ്, നവവി, അബൂഅബ്ദില്ല അൽ ഖുർതുബി, ഇബ്നു ഹജർ, ഇബ്നുൽ മുൻദിർ, ബൈഹഖി, ഖത്താബി, മുൻദിരി, ദഹബി, ഇബ്നു ഹസം, ഇബ്നു ദഖീഖ് അൽ ഈദ്, ഇബ്നുൽ മുലഖിൻ, ഇബ്നു തൈമിയ, ഇബ്നുൽ ഖയ്യിം, അൽ അയ്നി, ഇബ്നുഖുദാമ, സൻആനി, ശൗഖാനി, ഇബ്നുൽ അസീർ, ഫൈയൂമി, ഇബ്നു മൻളൂർ, ഫൈറൂസാബാദി, തുടങ്ങിയവരുടെ ഗ്രന്ഥങ്ങളെല്ലാം ഇതിന്റെ രചനക്ക് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എല്ലാ തരത്തിലുള്ള അവ്യക്തതകളും സംശയങ്ങളും ദൂരീകരിക്കുന്ന തരത്തിലാണ് ഈ വ്യാഖ്യാനഗ്രന്ഥം. സനദും മത്‌നുമായി പറയപ്പെട്ട വിശദീകരണങ്ങൾ, ഫിഖ്ഹുൽ ഹദീസ് എല്ലാം ഇതിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്.”
  2. ദഖീറതുല്‍ഉഖുബഫീശറഹിൽമുജ്തബാ. ഇമാം നസാഇയുടെ സുനനിന് അദ്ദേഹം രചിച്ച വ്യാഖ്യാനമാണിത്. 42 വാള്യങ്ങളുണ്ട് ഇതിന്. ഇതിന്റെ ആമുഖപഠനം തന്നെ, 120 പേജുകളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നസാഇയുടെ ചരിത്രം, രചനകൾ, ഹദീസ് നിരൂപണ രീതി, തന്റെ വ്യാഖ്യാനരീതി സനദുകൾ എന്നിവയെല്ലാം ഇതിൽ പ്രതിപാദിക്കുന്നുണ്ട്. സമകാലിക പണ്ഡിതന്മാർ മുക്തകണ്ഡം ഈ ഗ്രന്ഥത്തെ പ്രശംസിച്ചിട്ടുണ്ട്. ശൈഖിന്റെ സ്ഥിരീകരിച്ച അഭിപ്രായങ്ങളും സൂക്ഷ്മമായ തെരഞ്ഞെടുപ്പുകളും മനഃസംതൃപ്തി നൽകുന്നു. ഇതിലെ വിശദീകരണങ്ങൾ ഇമാം ഇബ്നു ഹജർ, ഫത്ഹുൽ ബാരിയിൽ സ്വീകരിച്ച രചനാ ശൈലിയെ അനുസ്മരിപ്പിക്കുന്നതാണ്. ഇക്കാലത്തെ മുഴുവൻ മുഹദ്ദിസുകളും ഒന്നിച്ചു ശ്രമിച്ചാലും ഇതുപോലൊരു ഗ്രന്ഥം രചിക്കുക ശ്രമകരമായിരിക്കുമെന്ന് ചില പണ്ഡിതന്മാർ ഇതിനെക്കുറിച്ച് പ്രശംസിച്ചിട്ടുണ്ട്.
  3. ഇബ്നുമാജയുടെ സുനനിന് മശാരിഖുൽ അൻവാർ അൽ വഹാജ വമതാലിഉൽ അൻവാർ അൽ ബഹാജ എന്ന പേരിൽ എഴുതിയ വ്യാഖ്യാനത്തിന്റെ നാലു വാല്യങ്ങൾ പൂർത്തിയായി.
  4. ബുഖാരി മുസ്ലിം എന്നിവയിലെ ഹദീസു നിവേദകരുടെ ചരിത്രം പ്രതിപാദിച്ചുകൊണ്ട് ഖുർറത്തുൽ ഐൻ ഫീ തൽഖീസി തറാജിമി ഫീ രിജാലിസ്സഹീഹൈൻ എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്.
  5. സുയൂഥിയുടെ ഹദീസ് നിദാനശാസ്ത്രഗ്രന്ഥം അൽഫിയ്യത്തു സ്സുയൂഥി എന്ന കാവ്യരചനക്ക് രണ്ട് വാള്യത്തിൽ എഴുതിയ വ്യാഖ്യാനം.
  6. ഇതിഹാഫുന്നബീൽ ഫീ മുഹിമ്മാതി ഇൽമിൽ ജർഹി വത്തഅ്ദീൽ ഹദീസ് നിവേദക നിരൂപണശാസ്ത്ര ഗ്രന്ഥം.
  7. നള്മു മുഖദ്ദിമത്തി ത്തഫ്സീർ ലി ഇബ്നിതൈമിയ്യ. ഖുർആൻ വ്യാഖ്യാനത്തിന്റെ പ്രമാണങ്ങളെക്കുറിച്ച് ഇബനു തൈമിയ എഴുതിയ ഗ്രന്ഥത്തിന്റെ കാവ്യരൂപം.
  8. ഇബ്നു തൈമിയയുടെ അൽ അഖീദത്തിൽ വാസിതിയ്യയുടെ കാവ്യരൂപം (അപൂർണം).
  9. സുപ്രസിദ്ധ ഭാഷാശാസ്ത്രഗ്രന്ഥമായ മുഗ്നില്ലബീബിന്റെ വ്യാഖ്യാനം.
  10. ജാമിഉല്‍ ഫവാഇദു , ഭാഷാ വ്യാകരണ ഹദീസ്, ഫിഖഹീ തത്വങ്ങൾ വിശദീകരിക്കുന്ന ഗ്രന്ഥം.
  11. ഇത്ഹാഫ് താലിബ് അല്‍ അഹുവദി ബി ശറഹി ജാമിഇ ഇമാമു തിര്‍മിദി പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ ഇമാം തിര്‍മിദി യുടെ ജാമിഇനു ശൈഖ് രചിച്ച വ്യാഖ്യാന ഗ്രന്ഥമാണ് ഇത് പതിനെട്ടു വാള്യങ്ങളിലായി ശിക്ഷകള്‍ (حدود النبي) എന്ന അദ്ധ്യായം വരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്

ഇങ്ങനെ 41 അമൂല്യ ഗ്രന്ഥങ്ങൾ വ്യത്യസ്ത വൈജ്ഞാനിക വിഷങ്ങളിൽ അദ്ദേഹം രചിക്കുകയുണ്ടായി, തന്റെ ജന്മനാടായ എത്യോപ്യയിൽ പ്രതികൂല സാഹചര്യങ്ങളിൽ കഠിന പരിശ്രമത്തിലൂടെ അറിവിന്റെ മഹാശൃംഖങ്ങൾ താണ്ടി, മക്കയിലെ ദാറുൽ ഹദീസിന്റെ അധിപനായി ദശകങ്ങൾ കഴിഞ്ഞുകൂടി, അറിവിന്റെ പ്രഭ പരത്തി, 2020 ഒക്ടോബർ 8ന് (വ്യാഴം) ആ പണ്ഡിത ശ്രേഷ്ഠൻ ഇഹലോകവാസം വെടിഞ്ഞു.
അല്ലാഹു അദ്ധേഹത്തെ അനുഗ്രഹിക്കട്ടെ



1 comment:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal