} -->
10,Dec2020

ഹിന്ദുത്വവാദികളുടെ ഖുർആൻ വിമർശനങ്ങളും വസ്തുതയും (ഒന്ന്)

വിശുദ്ധ ഖുർആനിനെതിരെയുള്ള ഹിന്ദുത്വവാദികളുടെ ആരോപണങ്ങളും വസ്തുതതയും


- മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി



ഇസ്ലാം വിരോധികൾ ഖുർആനിനെതിരിൽ എയ്തുവിട്ട ധാരാളം ദുരാരോപണങ്ങൾക്ക് നാം പലപ്പോഴും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയിലെ തീവ്ര നിലപാടുകാരായ വിശ്വഹിന്ദു പരിഷത്ത്, രാഷ്ട്രീയ സ്വയം സേവക്, ബജ്റംഗ്ദൾ തുടങ്ങിയ കക്ഷികൾ. വിശുദ്ധ ഖുർആനിലെ ഇരുപത്തിനാല് സൂക്തങ്ങൾ അക്രമങ്ങളെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്നതായി ആരോപിക്കുന്നുണ്ട്. ഈ ആരോപണങ്ങളുടെ വസ്തുതയെന്തെന്ന് നോക്കാം. ആക്ഷേപകർ ലക്ഷ്യം വെക്കുന്നതെന്താണെന്നും നാം ഗ്രഹിക്കേണ്ടതുണ്ട്. 


സൂക്തം - 1 (അന്നിസാഅ് - 89)

وَدُّوا لَوْ تَكْفُرُونَ كَمَا كَفَرُوا فَتَكُونُونَ سَوَاءً ۖ فَلَا تَتَّخِذُوا مِنْهُمْ أَوْلِيَاءَ حَتَّىٰ يُهَاجِرُوا فِي سَبِيلِ اللَّهِ ۚ فَإِن تَوَلَّوْا فَخُذُوهُمْ وَاقْتُلُوهُمْ حَيْثُ وَجَدتُّمُوهُمْ ۖ وَلَا تَتَّخِذُوا مِنْهُمْ وَلِيًّا وَلَا نَصِيرًا 

"അവർ അവിശ്വസിച്ചതുപോലെ നിങ്ങളും അവിശ്വസിക്കുകയും അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായി തീരാനുമാണ് അവർ കൊതിക്കുന്നത്, അതിനാൽ അവർ അല്ലാഹുവിന്റെ മാർഗത്തിൽ സ്വന്തം നാടുവിട്ടു വരുന്നത് വരെ അവരിൽ നിന്ന് നിങ്ങൾ മിത്രങ്ങളെ സ്വീകരിക്കരുത്. ഇനി അവർ പിന്തിരിഞ്ഞു കളയുകയാണെങ്കിൽ നിങ്ങളവരെ പിടികൂടുകയും കണ്ടുമുട്ടുന്നിടത്തു വെച്ച് നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരിൽ നിന്ന് യാതൊരു മിത്രത്തെയും സഹായിയെയും നിങ്ങൾ സ്വീകരിക്കരുത്."

മേൽ പ്രസ്താവിക്കപ്പെട്ട ഹിന്ദുത്വ കക്ഷികൾ ഈ സൂക്തത്തിലെ പരാമർശം തങ്ങളെ കുറിച്ചാണെന്നതാണ് വിചാരിക്കുന്നത്. ഖുർആൻ തങ്ങളെ കാഫിറുകൾ എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും ഇവർ ആരോപിക്കുന്നു. ഒരു മുസ്ലിമിന് ഒരു അവിശ്വാസിയെയും മിത്രമാക്കാൻ കഴിയില്ലെന്നും അവർ മനസ്സിലാക്കുന്നു. യഥാർത്ഥത്തിൽ മേൽപറഞ്ഞ കക്ഷികൾ ഒന്നും തന്നെ ഈ സൂക്തത്തിന്റെ പശ്ചാത്തലം മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ലെന്നതാണ് വസ്തുത. മുസ്ലിംകളും മക്കയിലെ അവിശ്വാസികളും തമ്മിൽ നടന്ന ഉഹ്ദ് യുദ്ധത്തിന് ശേഷമാണ് ഈ സൂക്തം അവതരിച്ചത്. മുസ്ലിംകൾ നിർബന്ധ സാഹചര്യത്തിൽ ഇടപെടേണ്ടി വന്ന രണ്ടാമത്തെ യുദ്ധമായിരുന്നു അത്. അതിന് മുമ്പ് അവർ പങ്കെടുത്ത ബദർ യുദ്ധത്തിൽ അവർ വിജയം വരിച്ചിരുന്നു. ഇസ്ലാമിന്റെ ശോഭനമായ ഭാവിയിലേക്കുള്ള ഒരു ചൂണ്ടുപലകയായി ജൂതർ അതിനെ വിലയിരുത്തി. മുസ്ലിംകളോടു ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ അവർ സന്നദ്ധരായി. അതേ തുടർന്ന് ചില യഹൂദന്മാർ ഹൃദയപൂർവ്വകമല്ലാതെ ഇസ്ലാം ആശ്ലേഷിക്കുകയുണ്ടായി, ഇസ്ലാമിന്റെ വിജയം കൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ ആസ്വദിക്കുകയായിരുന്നു അതിന്റെ പിന്നിലെ ലക്ഷ്യം. അതോടൊപ്പം ചില ജൂതന്മാർ മുസ്ലിംകളുമായി സഹവർത്തിത്വത്തിന് പദ്ധതിയിടുകയും ചെയ്തു. ഓരോ വ്യക്തിക്കും തങ്ങളുടെ വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് മദീനയിൽ ജീവിക്കാൻ അവകാശമുണ്ടെന്നാണവർ അവകാശപ്പെട്ടിരുന്നത്. എന്നാൽ അവർക്ക് ഉദ്ദേശ്യ ശുദ്ധിയോടെയായിരുന്നില്ല, മാത്രമല്ല അവർ വാക്കുകളും കരാറുകളും പാലിക്കുന്നവരുമായിരുന്നില്ല. ഇസ്ലാമിന്റെ വിജയം കൺമുന്നിൽ കണ്ടതു കൊണ്ടാണവർ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാൻ കാരണം, അപ്പോൾ ഇത്തരം ഉടമ്പടികളിൽ പങ്കെടുക്കുകയല്ലാതെ മറ്റു മാർഗങ്ങൾ അവർക്ക് മുമ്പിലുണ്ടായിരുന്നില്ല. ചില ജൂതന്മാരുടെ മനോഗതി ഇപ്രകാരമായിരുന്നു; ഉഹ്ദ് യുദ്ധം നടന്നതോടെ പ്രശ്നം വീണ്ടും വഷളായി. മുസ്ലിംകൾക്കതിൽ തോൽവി സംഭവിച്ചു. അതേതുടർന്ന് ചില യഹൂദികൾക്ക് ഇസ്ലാമിനോട് വിപ്രതിപത്തിയായി. ചിലർ ആത്മാർത്ഥതയില്ലാതെ മുസ്ലിമായി അഭിനയിച്ചു ഇവരെയാണ് ഖുർആൻ കപടവിശ്വാസികൾ എന്ന് വിശേഷിപ്പിച്ചത്.

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal