} -->

ഹിന്ദുത്വവാദികളുടെ ഖുർആൻ വിമർശനങ്ങളും വസ്തുതയും (ഒന്ന്)

വിശുദ്ധ ഖുർആനിനെതിരെയുള്ള ഹിന്ദുത്വവാദികളുടെ ആരോപണങ്ങളും വസ്തുതതയും


- മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി



ഇസ്ലാം വിരോധികൾ ഖുർആനിനെതിരിൽ എയ്തുവിട്ട ധാരാളം ദുരാരോപണങ്ങൾക്ക് നാം പലപ്പോഴും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയിലെ തീവ്ര നിലപാടുകാരായ വിശ്വഹിന്ദു പരിഷത്ത്, രാഷ്ട്രീയ സ്വയം സേവക്, ബജ്റംഗ്ദൾ തുടങ്ങിയ കക്ഷികൾ. വിശുദ്ധ ഖുർആനിലെ ഇരുപത്തിനാല് സൂക്തങ്ങൾ അക്രമങ്ങളെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്നതായി ആരോപിക്കുന്നുണ്ട്. ഈ ആരോപണങ്ങളുടെ വസ്തുതയെന്തെന്ന് നോക്കാം. ആക്ഷേപകർ ലക്ഷ്യം വെക്കുന്നതെന്താണെന്നും നാം ഗ്രഹിക്കേണ്ടതുണ്ട്. 


സൂക്തം - 1 (അന്നിസാഅ് - 89)

وَدُّوا لَوْ تَكْفُرُونَ كَمَا كَفَرُوا فَتَكُونُونَ سَوَاءً ۖ فَلَا تَتَّخِذُوا مِنْهُمْ أَوْلِيَاءَ حَتَّىٰ يُهَاجِرُوا فِي سَبِيلِ اللَّهِ ۚ فَإِن تَوَلَّوْا فَخُذُوهُمْ وَاقْتُلُوهُمْ حَيْثُ وَجَدتُّمُوهُمْ ۖ وَلَا تَتَّخِذُوا مِنْهُمْ وَلِيًّا وَلَا نَصِيرًا 

"അവർ അവിശ്വസിച്ചതുപോലെ നിങ്ങളും അവിശ്വസിക്കുകയും അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായി തീരാനുമാണ് അവർ കൊതിക്കുന്നത്, അതിനാൽ അവർ അല്ലാഹുവിന്റെ മാർഗത്തിൽ സ്വന്തം നാടുവിട്ടു വരുന്നത് വരെ അവരിൽ നിന്ന് നിങ്ങൾ മിത്രങ്ങളെ സ്വീകരിക്കരുത്. ഇനി അവർ പിന്തിരിഞ്ഞു കളയുകയാണെങ്കിൽ നിങ്ങളവരെ പിടികൂടുകയും കണ്ടുമുട്ടുന്നിടത്തു വെച്ച് നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരിൽ നിന്ന് യാതൊരു മിത്രത്തെയും സഹായിയെയും നിങ്ങൾ സ്വീകരിക്കരുത്."

മേൽ പ്രസ്താവിക്കപ്പെട്ട ഹിന്ദുത്വ കക്ഷികൾ ഈ സൂക്തത്തിലെ പരാമർശം തങ്ങളെ കുറിച്ചാണെന്നതാണ് വിചാരിക്കുന്നത്. ഖുർആൻ തങ്ങളെ കാഫിറുകൾ എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും ഇവർ ആരോപിക്കുന്നു. ഒരു മുസ്ലിമിന് ഒരു അവിശ്വാസിയെയും മിത്രമാക്കാൻ കഴിയില്ലെന്നും അവർ മനസ്സിലാക്കുന്നു. യഥാർത്ഥത്തിൽ മേൽപറഞ്ഞ കക്ഷികൾ ഒന്നും തന്നെ ഈ സൂക്തത്തിന്റെ പശ്ചാത്തലം മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ലെന്നതാണ് വസ്തുത. മുസ്ലിംകളും മക്കയിലെ അവിശ്വാസികളും തമ്മിൽ നടന്ന ഉഹ്ദ് യുദ്ധത്തിന് ശേഷമാണ് ഈ സൂക്തം അവതരിച്ചത്. മുസ്ലിംകൾ നിർബന്ധ സാഹചര്യത്തിൽ ഇടപെടേണ്ടി വന്ന രണ്ടാമത്തെ യുദ്ധമായിരുന്നു അത്. അതിന് മുമ്പ് അവർ പങ്കെടുത്ത ബദർ യുദ്ധത്തിൽ അവർ വിജയം വരിച്ചിരുന്നു. ഇസ്ലാമിന്റെ ശോഭനമായ ഭാവിയിലേക്കുള്ള ഒരു ചൂണ്ടുപലകയായി ജൂതർ അതിനെ വിലയിരുത്തി. മുസ്ലിംകളോടു ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ അവർ സന്നദ്ധരായി. അതേ തുടർന്ന് ചില യഹൂദന്മാർ ഹൃദയപൂർവ്വകമല്ലാതെ ഇസ്ലാം ആശ്ലേഷിക്കുകയുണ്ടായി, ഇസ്ലാമിന്റെ വിജയം കൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ ആസ്വദിക്കുകയായിരുന്നു അതിന്റെ പിന്നിലെ ലക്ഷ്യം. അതോടൊപ്പം ചില ജൂതന്മാർ മുസ്ലിംകളുമായി സഹവർത്തിത്വത്തിന് പദ്ധതിയിടുകയും ചെയ്തു. ഓരോ വ്യക്തിക്കും തങ്ങളുടെ വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് മദീനയിൽ ജീവിക്കാൻ അവകാശമുണ്ടെന്നാണവർ അവകാശപ്പെട്ടിരുന്നത്. എന്നാൽ അവർക്ക് ഉദ്ദേശ്യ ശുദ്ധിയോടെയായിരുന്നില്ല, മാത്രമല്ല അവർ വാക്കുകളും കരാറുകളും പാലിക്കുന്നവരുമായിരുന്നില്ല. ഇസ്ലാമിന്റെ വിജയം കൺമുന്നിൽ കണ്ടതു കൊണ്ടാണവർ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാൻ കാരണം, അപ്പോൾ ഇത്തരം ഉടമ്പടികളിൽ പങ്കെടുക്കുകയല്ലാതെ മറ്റു മാർഗങ്ങൾ അവർക്ക് മുമ്പിലുണ്ടായിരുന്നില്ല. ചില ജൂതന്മാരുടെ മനോഗതി ഇപ്രകാരമായിരുന്നു; ഉഹ്ദ് യുദ്ധം നടന്നതോടെ പ്രശ്നം വീണ്ടും വഷളായി. മുസ്ലിംകൾക്കതിൽ തോൽവി സംഭവിച്ചു. അതേതുടർന്ന് ചില യഹൂദികൾക്ക് ഇസ്ലാമിനോട് വിപ്രതിപത്തിയായി. ചിലർ ആത്മാർത്ഥതയില്ലാതെ മുസ്ലിമായി അഭിനയിച്ചു ഇവരെയാണ് ഖുർആൻ കപടവിശ്വാസികൾ എന്ന് വിശേഷിപ്പിച്ചത്.

അതോടൊപ്പം, മുസ്ലിംകളോട് സഹവർത്തിത്വം പുലർത്തി ജീവിക്കുക എന്ന നിലപാട് സ്വീകരിച്ച ഭൂരിപക്ഷ ജൂതന്മാരും ഇസ്ലാമിക വിരുദ്ധ നീക്കങ്ങളിൽ നിരതരായിരുന്നു. രഹസ്യമായി അവർ മുസ്ലിംകളുടെ ശത്രുക്കളായിരുന്ന മക്കയിലെ അവിശ്വാസികളുമായി ബന്ധം പുലർത്തിയിരുന്നു. മദീനയിലെ നബിയുടെ അനുയായികൾക്കെതിരിൽ നടന്ന ഗൂഢാലോചനകളിൽ അവർ പങ്കെടുത്തിരുന്നു.

തങ്ങളുടെ സഹജീവികളായ യഹൂദർ ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരിൽ നടത്തുന്ന നീക്കങ്ങൾ മുസ്ലിംകൾക്ക് അറിയാമായിരുന്നു. ഈ ദുഷ്പ്രവണതക്കെതിരിൽ അവർ കടുത്ത നിലപാടുകൾ സ്വീകരിച്ചു. എന്നാൽ ചില മുസ്ലിംകൾ അവർ ഇസ്ലാമിൽ നിന്ന് വ്യതിചലിച്ചുപോയെങ്കിലും വീണ്ടും അവർ ഇസ്ലാമിലേക്ക് തിരിച്ചുവരുമെന്നും അവർ വിശ്വസിച്ചു. അതുപോലെ ചില വിശ്വാസികൾ മക്കയിലെ അവിശ്വാസികളുമായി അവർ സത്യമതത്തിലേക്ക് തിരിച്ചു വരുമെന്ന ശുഭപ്രതീക്ഷയിൽ സുഹൃദ്ബന്ധം തുടർന്നു കൊണ്ടിരുന്നു. മക്കയിൽ അവശേഷിച്ച ചിലർ ഇസ്ലാം പുൽകിയിരുന്നുവെങ്കിലും അവർക്ക് അനിവാര്യമായ ചില കാരണങ്ങളാൽ മദീനയിലേക്ക് ഹിജ്റ പോകാൻ സാധിച്ചിരുന്നില്ല. 

വിശുദ്ധ ഖുർആനിലെ മേൽ പ്രസ്താവിക്കപ്പെട്ട സൂക്തം അവതരിക്കാനുണ്ടായ പശ്ചാത്തലം ഇതായിരുന്നു. ഈ ഗൗരവതരമായ സാഹചര്യങ്ങളെ കുറിച്ച് ഖുർആൻ അവരെ ഉണർത്തി. അതിന്റെ അപകടകരമായ പ്രത്യാഘാതങ്ങളിൽ നിന്ന് അവരെ രക്ഷിക്കുക എന്ന ലക്ഷ്യമായിരുന്നു ഈ സൂക്തത്തിന്റെ ലക്ഷ്യം. സമരമുഖത്ത് ശത്രുക്കൾ എപ്രകാരമാണോ തങ്ങളോട് പെരുമാറുന്നത് അപ്രകാരം തന്നെ അവരോടും തിരിച്ച് പെരുമാറാൻ ഖുർആൻ അവരെ ഉണർത്തി. ഇതിന്റെ അടുത്ത സൂക്തം വസ്തുനിഷ്ഠമായി വിലയിരുത്തുകയാണെങ്കിൽ പ്രതിയോഗികൾക്ക് അക്കാര്യം ബോധ്യപ്പെടുമായിരുന്നു. അതിൽ ഇപ്രകാരം പറയുന്നു. "നിങ്ങളുമായി സഖ്യത്തിൽ കഴിയുന്ന ഒരു ജനവിഭാഗത്തോട് ചേർന്നു നിൽക്കുന്നവരൊഴികെ, നിങ്ങളോട് യുദ്ധം ചെയ്യാനോ സ്വന്തം ആൾക്കാരോട് യുദ്ധം ചെയ്യാനോ മനപ്രയാസമുള്ളവരായി. നിങ്ങളുടെ അടുത്ത് വന്നവരും ഒഴികെ, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങൾക്കുമേൽ അവൻ അവർക്ക് ആധിപത്യം നൽകുകയും നിങ്ങളോടവൻ യുദ്ധത്തിലേർപ്പെടുകയും ചെയ്യുമായിരുന്നു. നിങ്ങളോട് യുദ്ധം ചെയ്യാതെ അവർ ഒഴിഞ്ഞു നിൽക്കുകയും നിങ്ങളുടെ മുമ്പാകെ സമാധാന നിർദ്ദേശം വെക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരായി യാതൊരു വഴിയും അല്ലാഹു നിങ്ങൾക്ക് അനുവദിച്ചിട്ടില്ല." 

അല്ലാഹു മുസ്ലിംകളോട് യുദ്ധം ചെയ്യാൻ കൽപിച്ചത് തങ്ങളോട് ഏറ്റുമുട്ടാൻ വരുന്നവരോട് മാത്രമാണെന്നാണ് ഈ സൂക്തത്തിൽ നിന്നും വ്യക്തമാകുന്നത്. ഇസ്ലാം ആശ്ലേഷിക്കാത്തവരോട് യുദ്ധം ചെയ്യുന്നതിൽ നിന്നും അവരെ വിലക്കുകയും ചെയ്യുന്നു. അവർ മുസ്ലിംകളോട് സഖ്യം ചേർന്നവരോ മുസ്ലിംകളോടും അവരുടെ ശത്രുക്കളോടും പക്ഷം ചേരാതെ നിഷ്പക്ഷ നിലപാടു സ്വീകരിക്കുന്നവരോ ആണ്. മുസ്ലിംകൾക്ക് ഇത്തരക്കാരെ ആക്രമിക്കാവുന്നതല്ല മറിച്ച്, അവർക്ക് സമാധാനവും നിർഭയത്വവും നൽകുകയാണ് വേണ്ടത്.

"ഖുർആനിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയും അവക്കുള്ള മറുപടിയും" എന്ന പുസ്തകത്തിൽ പുസ്തകത്തിന്റെ കർത്താവ് രാകേഷ് ഭട്ട് ഈ സൂക്തത്തെക്കുറിച്ച് ഇസ്ലാമിന്റെ ശത്രുക്കൾ ഉന്നയിച്ച ആരോപണങ്ങൾക്ക് ഹിന്ദുക്കളുടെ പുണ്യഗ്രന്ഥമായ ഭഗവത്ഗീത ഉന്നയിച്ചുകൊണ്ട് മറുപടി നൽകിയിട്ടുണ്ട്. അദ്ദേഹം പറയുന്നത് കാണുക: ധർമ്മത്തിന്റെ വിരോധികളോട് പോരാടൽ അനുവദനീയം മാത്രമല്ല. മഹാഭാരത യുദ്ധവേളയിൽ ശ്രീകൃഷ്ണൻ തന്റെ ശിഷ്യൻ, അർജുനനോട് അത് നിർബന്ധമാണെന്ന് അനാശാസിക്കുന്നുണ്ട്. രാകേഷ് ഭട്ട് പറയുന്നു: "യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നവരെ കാണാൻ എന്നെ സായുധ സൈന്യത്തിന്റെ അടുത്തേക്ക് കൊണ്ടുപോവുക. മഹാപരീക്ഷണത്തിൽ എനിക്ക് പങ്കെടുക്കണം എന്ന് അർജുനൻ ശ്രീകൃഷ്ണനോട് പറയുന്നുണ്ട്. കൃഷ്ണനും അർജുനനും തമ്മിൽ നടന്ന സംഭാഷണത്തെക്കുറിച്ച് ആലോചിക്കുന്നവർക്ക് അധർമത്തെ പിന്തുണക്കുന്നവർ വധാർഹരാണെന്ന് ഗ്രഹിക്കാൻ സാധിക്കുമെന്ന് രാകേഷ് ഭട്ട് പറയുന്നു. അവർ യുദ്ധത്തിന്റെ മുമ്പ് ഉറ്റവരും ഉടയവരുമായിരുന്നുവെങ്കിൽ നിങ്ങൾ ധർമ്മത്തിൽ വിശ്വസിക്കുന്നവരാണെങ്കിൽ അവരോട് സമരം നടത്തണം. തുടർന്ന് രാകേഷ് ഭട്ട് പറയുന്നു. ഖുർആൻ ധർമനിഷേധി (കാഫിർ)കളെ ആത്മമിത്രമാക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. ഗീത അവരെ കൊന്നുകളയാനാണ് ആഹ്വാനം ചെയ്യുന്നത്." 


സൂക്തം രണ്ട് (അൽ അൻഫാൽ 65)

يَا أَيُّهَا النَّبِيُّ حَرِّضِ الْمُؤْمِنِينَ عَلَى الْقِتَالِ ۚ إِن يَكُن مِّنكُمْ عِشْرُونَ صَابِرُونَ يَغْلِبُوا مِائَتَيْنِ ۚ وَإِن يَكُن مِّنكُم مِّائَةٌ يَغْلِبُوا أَلْفًا مِّنَ الَّذِينَ كَفَرُوا بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ

"നബിയേ നിങ്ങൾ വിശ്വാസികളെ യുദ്ധത്തിന് പ്രേരിപ്പിക്കുക, നിങ്ങളുടെ കൂട്ടത്തിൽ ക്ഷമാശീലരായി ഇരുപത് പേരുണ്ടെങ്കിൽ നൂറ് പേരെ അവർക്ക് അതിജയിക്കാവുന്നതാണ്. നിങ്ങളുടെ കൂടെ നൂറ് പേരുണ്ടെങ്കിൽ സത്യനിഷേധികളിൽ നിന്നും ആയിരം പേരെ, അവർക്ക് ജയിച്ചടക്കാവുന്നതാണ്. അവർ കാര്യം ഗ്രഹിക്കാത്ത ഒരു വിഭാഗമാണ് എന്നതുകൊണ്ടാണത്."

മക്കയിൽ മുസ്ലിംകളും സത്യനിഷേധികളും തമ്മിൽ നടന്ന ബദർ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അവതരിച്ച സൂക്തമാണിത്. ഈ യുദ്ധം നടന്നത്, അന്യായമായി മുസ്ലിംകളെ മക്കയിലുള്ള അവരുടെ ഭവനങ്ങളിൽ നിന്ന് പുറത്താക്കിയ സന്ദർഭത്തിലാണ് ഈ യുദ്ധം നടന്നതെന്ന് ഇസ്ലാമിക ചരിത്രത്തെക്കുറിച്ച് ചെറിയ ധാരണയെങ്കിലുമുള്ള ഏതൊരാൾക്കും അറിയാവുന്ന കാര്യമാണ്. മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്ത മുസ്ലിംകളിൽ ഭൂരിഭാഗത്തിന്റെയും ബന്ധുക്കൾ മക്കയിൽ ശത്രുക്കൾ ബന്ദികളാക്കിയ കാര്യവും നാം മറന്നുകൂടാ. മുസ്ലിംകൾ മക്കയിലെ അവരുടെ ശത്രുക്കളെക്കാൾ എണ്ണത്തിൽ വളരെ കുറവും അവരുടെ വിഭവങ്ങൾ വളരെ പരിമിതവുമായിരുന്നു.

അംഗബലത്തേക്കാളും ആയുധബലത്തേക്കാളും പ്രാധാന്യം അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിലും സ്വന്തം കഴിവുകളിൽ ആത്മവിശ്വാസം പുലർത്തുന്നതിലുമാണെന്നാണ്, ഈ സൂക്തത്തിൽ അല്ലാഹു തന്റെ ദൂതനെ ഉണർത്തുന്നത്. മുസ്ലിംകൾ അംഗബലം കുറവാണെങ്കിലും യുദ്ധത്തിന്റെ ശുഭപര്യവസാനത്തിനായി അവസാനഘട്ടം വരെ തന്റെ അനുയായികളെ പ്രോത്സാഹിപ്പിക്കാനും ആളും അംഗസംഖ്യയും നോക്കാതെ ലക്ഷ്യത്തിൽ ശ്രദ്ധ പതിപ്പിക്കാനും അല്ലാഹു തന്റെ ദൂതനെ ഉണർത്തി. കാരണം മക്കക്കാർ എണ്ണത്തിൽ കൂടുതലാണെങ്കിലും പരാജയപ്പെടുന്നതാണ്. ഈ സൂക്തത്തെക്കുറിച്ച് ആലോചിക്കുകയാണെങ്കിൽ അല്ലാഹു യുദ്ധം ചെയ്യാൻ കൽപിച്ച സത്യനിഷേധികളും (കാഫിർ) ബഹുദൈവ വിശ്വാസികളും (മുശ്‌രിക്ക്) ആരാണെന്ന് മനസ്സിലാക്കാൻ സാധിക്കും. മുസ്ലിംകൾക്കെതിരിൽ എവിടെ വെച്ചും ഏതു വിധേനയും ആക്രമണം അഴിച്ചുവിടുകയും അവരുടെ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുന്നവരായിരുന്നു അവർ. ബദർ യുദ്ധം പ്രതിരോധപരമായ യുദ്ധമായിരുന്നുവെന്നോർക്കണം. മുസ്ലിംകൾ മുൻകൈയെടുത്ത് നടന്ന യുദ്ധമായിരുന്നു അതെങ്കിൽ, അത് മക്കയുടെ പരിസരത്തായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ അത് നടന്നത് മദീനക്കടുത്ത് വെച്ചായിരുന്നു. മക്കയിലെ ബഹുദൈവ വിശ്വാസികൾ മദീനയിൽ അഭയം തേടിയ മുസ്ലിംകളെ ആക്രമിക്കാനായി അങ്ങോട്ടു ചെല്ലുകയായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള അക്രമികൾക്കെതിരിൽ സമരാഹ്വാനം നടത്തുന്നത് തെറ്റാണെന്ന് ഇനി നമുക്ക് പറയാനാകുമോ? ഇതൊരു സ്വാഭാവിക പ്രതികരണം മാത്രമാണ്. ഏതൊരു രാജ്യത്തിനും തങ്ങളെ ശത്രുക്കൾ ആക്രമിച്ചാൽ തിരിച്ചടിക്കാനുള്ള അവകാശമുണ്ട്. തദ്ദേശിയരെ പ്രതിരോധത്തിന് പ്രേരിപ്പിക്കുക അവിടുത്തെ ഭരണാധികാരിയുടെ ബാധ്യതയാണ്. അക്രമികൾക്കെതിരിൽ തിരിച്ചടിക്കുന്നത് അതിക്രമമല്ല എന്നത് തിരിച്ചറിയാൻ ഒരു പ്രയാസവുമില്ല. അത് ഒരിക്കലും ആക്ഷേപാർഹവുമല്ല.

ഇവ്വിഷയകമായി രാകേഷ് ഭട്ട് എഴുതുന്നത് കാണുക: നമുക്ക് ഈ ഖുർആൻ സൂക്തത്തിന്റെ താൽപര്യത്തെ ഇതേ വിഷയത്തിൽ ഗീതയിൽ പ്രതിപാദിക്കപ്പെട്ടതുമായി താരതമ്യം ചെയ്തു നോക്കുകയാണെങ്കിൽ, കൃഷ്ണൻ അർജുനനെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുന്നതായി കാണാം. അർജുനൻ നിഷേധികളോട് (കൗരവർ) യുദ്ധം ചെയ്യാൻ താൽപര്യപ്പെടുന്നില്ല. പാണ്ഡവർ അഞ്ചുപേർ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ, കൗരവർ നൂറ് പേരുണ്ടായിരുന്നു. അഥവാ നൂറ് ധർമവിരുദ്ധരോട് പോരാടാൻ ധർമപക്ഷത്തുള്ള അഞ്ച് പേർ എന്നർത്ഥം, ഖുർആൻ ഒരു വിശ്വാസിയെ ശക്തിയിൽ പത്തു അവിശ്വാസിക്ക് തുല്യമായി പരിഗണിക്കുന്നു. ഗീതയിലാകട്ടെ ധർമപക്ഷത്തുള്ള ഒരാളെ  ഇരുപത് ധർമവിരുദ്ധർക്ക് തുല്യമായാണ് കാണുന്നത്. സിക്ക് മത ഗുരുപരമ്പരയിലെ പത്താമത്തെയാളായ ഗുരു ഗോവിന്ദ് പറയുന്നു ഒരു വിശ്വാസിയായ സിക്കുകാരന് സിക്കുകാരനല്ലാത്ത ഒരു ലക്ഷത്തി ഇരുപത്തി അഞ്ച് പേരെ തോൽപിക്കാൻ കഴിയും. ഇനി ഖുർആനിന്റെ മേൽ പ്രസ്താവനക്കെതിരെ വിയോജിക്കേണ്ടതുണ്ടോ?


സൂക്തം മൂന്ന് - (തൗബ 5)

وَأَذَانٌ مِّنَ اللَّهِ وَرَسُولِهِ إِلَى النَّاسِ يَوْمَ الْحَجِّ الْأَكْبَرِ أَنَّ اللَّهَ بَرِيءٌ مِّنَ الْمُشْرِكِينَ ۙ وَرَسُولُهُ ۚ فَإِن تُبْتُمْ فَهُوَ خَيْرٌ لَّكُمْ ۖ وَإِن تَوَلَّيْتُمْ فَاعْلَمُوا أَنَّكُمْ غَيْرُ مُعْجِزِي اللَّهِ ۗ وَبَشِّرِ الَّذِينَ كَفَرُوا بِعَذَابٍ أَلِيمٍ 

"അങ്ങനെ യുദ്ധം വിലക്കപ്പെട്ട മാസങ്ങൾ കഴിഞ്ഞാൽ അല്ലാഹു ദൈവവിശ്വാസികളെ നിങ്ങൾ കണ്ടുമുട്ടുന്നിടത്തുവെച്ച് കൊന്നു കളയുക. അവരെ പിടുകൂടുകയും വളയുകയും അവർക്ക് വേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവർ പശ്ചാത്തപിക്കുകയും നമസ്കാരം മുറ പോലെ നിർവ്വഹിക്കുകയും സക്കാത്ത് നൽകുകയും ചെയ്യുന്ന പക്ഷം നിങ്ങൾ അവരുടെ വഴി ഒഴിവാക്കി കൊടുക്കുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്."

ധാരാളം മുസ്ലിംകളെ കൊലപ്പെടുത്തിയ മക്കയിലെ അവിശ്വാസികളെ സംബന്ധിച്ച് അവതരിച്ച സൂക്തമാണിത്. മുന്നിൽ കണ്ടാൽ ബന്ദികളാക്കുന്ന അവർ ധാരാളം വിശ്വാസികളെ ബന്ധികളാക്കി വെച്ചു. ധാരാളം പേരെ കൊലപ്പെടുത്തുകയും കൊലയാളികൾക്ക് വിൽക്കുകയോ ചെയ്തു. ഈ സന്ദർഭത്തിൽ ഖുബൈബ്(റ)വിന്റെ ചരിത്രം ഓർക്കുന്നത് വളരെ പ്രസക്തമായിരിക്കും. സത്യനിഷേധികൾ പിടിച്ചുവെച്ച അദ്ദേഹത്തെ മക്കയിലെ അവിശ്വാസികൾക്ക് വിൽക്കപ്പെട്ടു. ബദ്റിൽ കൊല്ലപ്പെട്ടവർക്ക് പകരമായി അവർ അദ്ദേഹത്തെ വധിച്ചുകളഞ്ഞു. ഈ ഹീനവൃത്തിക്ക് പകരം സത്യനിഷേധികളെ വകവരുത്താനാണ് ഖുർആൻ ഈ സൂക്തത്തിൽ ആഹ്വാനം ചെയ്യുന്നത്. ഈ സൂക്തവും അതിന്റെ മുമ്പും ശേഷവുമുള്ള സൂക്തങ്ങളും ശ്രദ്ധിക്കുന്നവർക്ക്, കരാർ ലംഘിക്കുകയും മുസ്ലിംകളെ നാട്ടിൽ നിന്ന് പുറത്താക്കാൻ സർവ്വ വിധേനയും ശ്രമിക്കുകയും സകലമാർഗ്ഗവും ഉപയോഗിച്ച് അവരെ ദ്രോഹിക്കുകയും യുദ്ധത്തിന് മുൻകൈ എടുക്കുകയും ചെയ്ത സത്യനിഷേധികളിൽപെട്ട ഒരു വിഭാഗത്തെയാണ് ഈ സൂക്തത്തിൽ പരാമർശിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ്. അത്തൗബ എന്ന അധ്യായത്തിൽ പതിമൂന്നാമത്തെ സൂക്തത്തിൽ, ആത്മപ്രതിരോധത്തിന് വേണ്ടി സത്യനിഷേധികളോട് പോരാടാനാണ് ഖുർആൻ വിശ്വാസികളോട് ആവശ്യപ്പെടുന്നത്. കാരണം, ആദ്യമായി യുദ്ധത്തിലേക്ക് എടുത്ത് ചാടിയത് സത്യനിഷേധികളായിരുന്നു. സത്യത്തിൽ അത്തൗബ എന്ന അധ്യായത്തിലെ അഞ്ചാമത്തെ ഈ സൂക്തം മക്കാവിജയത്തിന് മുമ്പ് അവതരിച്ചതാണ്. സത്യനിഷേധികൾ വിശ്വാസികളെ തങ്ങളുടെ നാട്ടിൽ നിന്ന് പുറത്താക്കുകയും ബദ്ർ, ഉഹ്ദ്, ഖൻദഖ് തുടങ്ങിയ മൂന്ന് യുദ്ധങ്ങളിലേക്ക് അവരെ വലിച്ചിഴക്കുകയും ചെയ്തിരുന്നു. ഇതിൽ ആദ്യത്തേത് ഹിജ്റ ഒന്നാം വർഷവും രണ്ടാമത്തേത് ഹിജ്റ രണ്ടാം വർഷവും മൂന്നാമത്തേത് ഹിജ്റ അഞ്ചാം വർഷവുമാണ് നടന്നത്. മുസ്ലിംകളെ മദീനയിൽ നിന്ന് പുറത്താക്കുകയായിരുന്നു മൂന്നാമത്തെ യുദ്ധത്തിന്റെ ലക്ഷ്യം. മക്കയിലെ അവിശ്വാസികൾ മുന്നോട്ടുവെച്ച് ഉപാധികൾ അംഗീകരിച്ച് ഹിജ്റ ആറാം വർഷത്തിൽ മുസ്ലിംകളും മക്കക്കാരും തമ്മിൽ ഹുദൈബിയയിൽ വെച്ച് സന്ധിയിലേർപ്പെട്ടു, എന്നാൽ ഒരു വർഷത്തിനകം സത്യനിഷേധികൾ ഈ സന്ധിയും ലംഘിക്കുകയാണുണ്ടായത്. മറ്റ് മതങ്ങളെ പോലെ തന്നെ ഇസ്ലാമും അതിന്റെ അനുയായികൾക്ക് ആത്മപ്രതിരോധത്തിനും അതിക്രമങ്ങളോട് പ്രതികരിക്കാനുമുള്ള അവകാശം നൽകുന്നു. കൗരവരോട് യുദ്ധം ചെയ്യുവാൻ അറച്ചു നിൽക്കുന്ന തന്റെ ശിഷ്യനായ അർജുനനെ കൃഷ്ണൻ ഇങ്ങനെ ഉപദേശിക്കുന്നത് കാണാം: അർജുനാ നിന്നെ ആക്രമിക്കുന്നവർക്ക് - അവർ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരാണ് - നീ കീഴടങ്ങുകയാണെങ്കിൽ നിന്റെ സൽപ്പേരിന് അത് കളങ്കം ചാർത്തും. നീ ചെയ്യുന്നത് മഹാപാതകമായിരിക്കും, പിന്നീട് നിനക്ക് മോക്ഷം ലഭിക്കുകയില്ല. (ഗീത - 2: 23-344)


സൂക്തം നാല് (അത്തൗബ 14)

قَاتِلُوهُمْ يُعَذِّبْهُمُ اللَّهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ

"നിങ്ങൾ അവരോട് പോരാടുക. നിങ്ങളുടെ കൈകളിൽ അല്ലാഹു അവരെ ശിക്ഷിക്കുകയും അവൻ അവരെ അപമാനിക്കുകയും ചെയ്യും. അവർക്കെതിരെ അവൻ നിങ്ങളെ സഹായിക്കും. വിശ്വാസികളായ ആളുകളുടെ ഹൃദയങ്ങൾക്ക് അവൻ ശമനം നൽകുകയും ചെയ്യുന്നതാണ്."

ഈ സൂക്തത്തിന് മുമ്പ് മുസ്ലിംകളുമായി നടത്തിയ ഉടമ്പടി ലംഘിച്ച സത്യനിഷേധികളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. മുസ്ലിംകൾക്കെതിരിൽ ആദ്യമായി ആക്രമണം അഴിച്ചുവിട്ടത് അവരായിരുന്നു, അവരുടെ ചെയ്തിയെക്കുറിച്ചാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്. മുസ്ലിംകളെക്കൊണ്ട് അല്ലാഹു അവരെ ശിക്ഷിക്കുക എന്നതാണ് അവരുടെ പരിണതിയെന്നും ഈ സൂക്തം വ്യക്തമാക്കുന്നു. മുസ്ലിംകൾക്ക് അവരിൽ നിന്ന് നേരിട്ട ഉപദ്രവങ്ങൾക്കും വേദനകൾക്കും പകരമായി അല്ലാഹു അവരെ സഹായിക്കുമെന്നും പ്രഖ്യാപിക്കുന്നു. കാരണം ഒരാൾ തന്നെ ആക്രമിച്ചാൽ തപ്തഹൃദയനായി തീരുന്നവനാണ് മനുഷ്യൻ. അല്ലാഹു അവർക്ക് അവരിൽ നിന്ന് രക്ഷപ്പെട്ടു ആശ്വാസത്തിന്റെ വഴികൾ സൗകര്യപ്പെടുത്തുമെന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നു. അക്രമികളോട് പ്രതികാരം ചെയ്യുന്നതിനെക്കുറിച്ചാണിവിടെ ഖുർആൻ പ്രതിപാദിക്കുന്നത്. അത് നീതിയുടെയും ന്യായത്തിന്റെയും താൽപര്യത്തിൽ പെട്ടതുമാണല്ലോ? "വിശ്വാസികളിൽപെട്ട ഒരു വിഭാഗത്തിന്റെ മനസ്സുകൾക്ക് ശമനം ലഭിക്കാൻ" എന്ന വചനത്തിന്റെ വിവക്ഷ ഖുസാഅ ഗോത്രമാണെന്നാണ് പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവ് ഖുർതുബി പറയുന്നത്. നബിയുടെ സഖ്യകക്ഷിയായിരുന്ന ഖുസാഅ ഗോത്രത്തിനെതിരിൽ സത്യനിഷേധികൾ ബകർ ഗോത്രത്തെ സഹായിച്ചിരുന്നു. ബകർ ഗോത്രത്തിൽപെട്ട ഒരാൾ നബിയെ ആക്ഷേപിച്ചുകൊണ്ട് ഒരു കവിത ആലപിച്ചു. അപ്പോൾ, താനിത് ആവർത്തിച്ചാൽ ഞാൻ നിന്റെ വായ അടിച്ചു പൊട്ടിക്കുമെന്ന് ഖുസാഅ ഗോത്രത്തിൽ പെട്ട ആൾ പറഞ്ഞു. അപ്പോൾ അയാളത് ആവർത്തിച്ചുരുവിടുകയും മറ്റേയാൾ അയാളുടെ വായ അടിച്ച് പൊട്ടിക്കുകയും ചെയ്തു. അങ്ങനെ അവർ തമ്മിൽ കലാപമുണ്ടാവുകയും ഖുസാഅ ഗോത്രത്തിൽപെട്ട ധാരാളമാളുകളെ അവർ വക വരുത്തുകയും ചെയ്തു. അപ്പോൾ ഖുസാഅ ഗോത്രത്തിൽപെട്ട അംറ് ബിൻ സാലിം എന്ന ആൾ ഒരു സംഘത്തെയും കൂട്ടി നബിയുടെ അടുത്ത് ചെന്ന് അക്കാര്യം നബിയെ അറിയിച്ചു. അപ്പോൾ നബി(സ) ഭാര്യ മൈമൂനയുടെ അടുത്ത് പ്രവേശിച്ചു വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെടുകയും കുളിക്കുകയും ചെയ്തു. കഅ്ബ് ഗോത്രത്തെ സഹായിച്ചില്ലെങ്കിൽ പിന്നെ ഞാൻ ആരെയും സഹായിച്ചിട്ടില്ല എന്നദ്ദേഹം ഉരുവിടുന്നുണ്ടായിരുന്നു. പിന്നീട് സൈന്യത്തോട് മക്കയിലേക്ക് പുറപ്പെടാൻ ഒരുങ്ങുവാൻ കൽപിച്ചു. അങ്ങനെയാണ് മക്കാ വിജയം നടന്നത്.

കരാർ ലംഘിക്കുകയും യുദ്ധത്തിലേക്ക് എടുത്ത് ചാടുകയും ചെയ്ത സത്യനിഷേധികളോട് തിരിച്ചടിക്കൽ അന്യായമായിരുന്നുവെന്ന് തലക്ക് വെളിവുള്ളവർ ആരും പറയുകയില്ല. അത്തരം സന്ദർഭത്തിൽ, ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം മുസ്ലിംകളെയും അവരുടെ സഖ്യകക്ഷികളെയും കൊന്നൊടുക്കുന്നത് നോക്കി നിൽക്കുവാനും പ്രതിരോധിക്കാനുള്ള അവരുടെ അവകാശം കവർന്നെടുക്കാനും സാധിക്കുമായിരുന്നില്ല. ഖുർആൻ വിശ്വാസികളോട് മർദ്ദിതരെ സഹായിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. ഇതൊരു പുതിയ കാര്യമല്ല. സത്യവും നീതിയും മുറുകെ പിടിക്കാനും അധർമത്തെയും അന്യായത്തെയും ചെറുത്ത് തോൽപ്പിക്കാനുമാണ് എല്ലാ മതങ്ങളും താൽപര്യപ്പെടുന്നത്. ഉദാഹരണത്തിന് ഋഗ്വേദത്തിലെ ചില പ്രസ്താവനകൾ നമുക്ക് നോക്കാം.

1. ശുദ്ധ എണ്ണ ഒഴിച്ച് ജ്വലിപ്പിക്കപ്പെടുന്ന അഗ്നി, അശുദ്ധാത്മാക്കൾ സംരക്ഷിക്കുന്ന നമ്മുടെ ശത്രുക്കളെ കരിച്ചു കളയുക. (ഋഗ്വേദം 1; 12:5)

2. ആര്യന്മാരെയും ഒരു ധർമത്തിലും വിശ്വസിക്കാത്ത വൈശ്യന്മാരെയും തമ്മിൽ വേർതിരിക്കുക. അവരെ കഠിനമായി ശിക്ഷിക്കുക. (ഋഗ്വേദം 1; 15:8)

3. ഇന്ദ്രാ. എനിക്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്നതും സമൂഹങ്ങളെ അതിജയിക്കുന്നതുമായ ശക്തി നൽകിയാലും നമ്മുടെ സമ്പന്നരായ സുഹൃത്തുക്കളെയും രാജാക്കന്മാരെയും സംരക്ഷിച്ചാലും നല്ല സന്താനത്തെയും ഉപജീവനത്തെയും നൽകിയാലും. (ഋഗ്വേദം 1: 54:11)


സത്യനിഷേധികളെക്കുറിച്ച് പഴയ നിയമത്തിൽ പ്രസ്താവിച്ച പ്രയോഗം ശ്രദ്ധിക്കുക. ഇസ്രായീൽ മക്കളോട് ഉപദേശിക്കുക അവരോട് ഇങ്ങനെ പറയുക: നിങ്ങൾ കാനാൻ ദേശത്തേക്ക് പോകാൻ ജോർദാൻ നദി മുറിച്ചു കടക്കുക. നിങ്ങളുടെ മുമ്പിൽപെട്ട മുഴുവൻ ഭൂനിവാസികളെയും ആട്ടിയോടിക്കുക. അവരുടെ കൊത്തിയുണ്ടാക്കിയ പ്രതിമകൾ തകർക്കുകയും വാർത്തെടുക്കപ്പെട്ട വിഗ്രഹങ്ങൾ തരിപ്പണമാക്കുകയും ചെയ്യുക, അവരുടെ എല്ലാ കുന്നുകളും നിരപ്പാക്കുക, അവർ അധിവസിക്കുന്ന പ്രദേശങ്ങൾ സ്വന്തമാക്കുക. എന്തെന്നാൽ ഭൂമിയെ ഞാൻ നിങ്ങൾക്ക് അനന്തര സ്വത്താക്കി നൽകിയിരിക്കുന്നു. (പഴയ നിയമ പുസ്തകം 33: 51-53)

വീണ്ടു പറയുന്നത് കാണുക: "ദൈവം അവരെ നിങ്ങൾക്ക് ഏൽപിച്ചു തരികയും നിങ്ങൾ അവരെ തോൽപിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ അവർക്ക് അവകാശങ്ങൾ നിഷേധിക്കുക, അവരോടുള്ള ഉടമ്പടികൾ പാലിക്കാതിരിക്കുക, അവരോട് കരുണ കാണിക്കുകയോ, വിവാഹബന്ധങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുത്. നിങ്ങളുടെ പുത്രന്മാരെ കൊണ്ട് അവരുടെ പെൺമക്കളെയോ അവരുടെ പുത്രന്മാരെ കൊണ്ട് നിങ്ങളുടെ പെൺമക്കളെയോ വിവാഹം കഴിപ്പിക്കരുത്. കാരണം അവർ നിങ്ങളുടെ മക്കളെ എന്നെ ആരാധിക്കുന്നതിൽ നിന്നും തടയുകയും മറ്റു ദൈവങ്ങളെ ആരാധിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യും. അപ്പോൾ നാഥന്റെ കോപം നിങ്ങളിൽ പതിക്കുകയും നിങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതാണ്. അവരുടെ ബലിപീഠങ്ങൾ തകർക്കുക, അവരുടെ വിഗ്രഹങ്ങളെ തരിപ്പണമാക്കുക, അവരുടെ സ്തൂപങ്ങൾ പൊളിക്കുകയും അവരുടെ രൂപങ്ങളെ ദഹിപ്പിക്കുകയം ചെയ്യുക എന്നിങ്ങനെയാണ് നിങ്ങൾ അവരോട് വർത്തിക്കേണ്ടത്. (ആവർത്തന പുസ്തകം 2-5)

മറ്റൊരിടത്ത് പറയുന്നത് കാണുക: നിങ്ങളുടെ കൈവശമുള്ള മറ്റു ജനതകൾ അവരുടെ ദൈവങ്ങളെ ആരാധിച്ച മുഴുവൻ പ്രദേശങ്ങളും തകർക്കുക. അത് ഉയർന്ന മലകളിലാകട്ടെ, കുന്നുകളിലാകട്ടെ, അതല്ല പച്ച പിടിച്ചു നിൽക്കുന്ന വൃക്ഷങ്ങളുടെ ചുവട്ടിലാവട്ടെ, എല്ലാം തകർക്കുക. അവരുടെ ബലി പീഠങ്ങളും പ്രതിഷ്ഠകളും തകർക്കുകയും അവരുടെ സ്തൂപങ്ങൾ കത്തിക്കുകയും ചെയ്യുക. അവരുടെ ദൈവങ്ങളുടെ രൂപങ്ങൾ ഒടിക്കുകയും അവരുടെ നാമങ്ങൾ ആ സ്ഥലങ്ങളിൽ നിന്ന് മായ്ച്ചു കളയുകയും ചെയ്യുക. (ആവർത്തന പുസ്തകം 12: 2-3).

എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത് ദൈവം മർദ്ദിതരെ സഹായിക്കുന്നവനും അക്രമിയെ അവന്റെ ചെയ്തികളിൽ നിന്ന് തടയുന്നവനുമാണെന്നാണ്. മാനവ സമൂഹത്തോടുള്ള നീതിയുടെ താൽപര്യം ഇതാണ്. ദൈവം അക്രമികളെ പിന്തുണക്കുകയാണെങ്കിൽ മർദ്ദിതന് എവിടെ നിന്ന് നീതി ലഭിക്കും. മർദ്ദകന് തന്റെ അക്രമത്തിന് പ്രതിഫലം ലഭിക്കുന്ന മർദ്ദിതന് തന്റെ മനസിന്റെ മുറിവുണക്കുന്ന നീതിയുടെ ഗേഹം എവിടെയാണ് സ്ഥാപിക്കപ്പെടുക.


സൂക്തം അഞ്ച് (അത്തൗബ 123)

يَا أَيُّهَا الَّذِينَ آمَنُوا قَاتِلُوا الَّذِينَ يَلُونَكُم مِّنَ الْكُفَّارِ وَلْيَجِدُوا فِيكُمْ غِلْظَةً ۚ وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ

"സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ പരുഷത കാണട്ടെ, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങൾ അറിയുക."

തങ്ങളുടെ സമീപത്തായി ജീവിക്കുന്ന സത്യനിഷേധികളോട് യുദ്ധം ചെയ്യാനാണ് ഈ സൂക്തത്തിൽ അല്ലാഹു കൽപിക്കുന്നത്. മക്കാവാസികളും അവരുടെ സഖ്യകക്ഷികളുമാണ് ഇതുകൊണ്ടുള്ള വിവക്ഷ. മക്കക്കാരുടെ സമീപനം നാം മുമ്പ് പറഞ്ഞിട്ടുണ്ട്. മുഴുവൻ അവിശ്വാസികളോടും യുദ്ധം ചെയ്യാനാണ് കൽപനയെങ്കിൽ തങ്ങളുടെ അടുത്ത് താമസിക്കുന്നവരെന്നോ അകന്ന് താമസിക്കുന്നവരെന്നോ പ്രത്യേകം എടുത്ത് പറയില്ലായിരുന്നു. യമനിൽ നിന്നും സിറിയയിൽ നിന്നുമുള്ള കച്ചവടക്കാരുടെയും യാത്രക്കാരുടെയും സംഗമകേന്ദ്രമായിരുന്നു മദീന. മദീനയുടെ സമീപത്തു കൂടെയായിരുന്നു വിവിധ കച്ചവട സംഘങ്ങൾ സഞ്ചരിച്ചിരുന്നത്. ശത്രുപക്ഷത്തുള്ളവരെ ആക്രമിക്കാനുള്ള പൊതുവായ ആഹ്വാനമായിരുന്നു അതെങ്കിൽ വിവിധ ദേശങ്ങളിൽ നിന്നും വരുന്ന അവിശ്വാസികളുടെ എല്ലാ വ്യാപാരസംഘങ്ങളെയും ആക്രമിക്കുവാൻ കൽപിക്കുമായിരുന്നു. എന്നാൽ ഇസ്ലാമിന്റെ നീതിബോധം അതനുവദിക്കുന്നില്ല. അതിനാൽ കരാറുകളും ബന്ധങ്ങളും പരിഗണിക്കാതെ മുസ്ലിംകളെ ആക്രമിക്കുന്ന ദൈവനിഷേധികളോട് യുദ്ധം ചെയ്യാനാണ് ഈ സൂക്തത്തിന്റെ താൽപര്യമെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഈ സൂക്തം ഉദ്ദേശിക്കുന്നത് അത് അവതരിച്ച സന്ദർഭത്തിലെ അറബികളെയാണെന്ന് ഇബ്നുസൈദിനെ ഉദ്ധരിച്ചു 'ഖുർതുബി' പറയുന്നത് കാണാം. പാരുഷ്യം പ്രകടിപ്പിക്കുക എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ശക്തിയും ആവേശവും കാണിക്കുക എന്നതത്രെ.


സൂക്തം ആറ് - (അത്തൗബ 111)

 ۞ إِنَّ اللَّهَ اشْتَرَىٰ مِنَ الْمُؤْمِنِينَ أَنفُسَهُمْ وَأَمْوَالَهُم بِأَنَّ لَهُمُ الْجَنَّةَ ۚ يُقَاتِلُونَ فِي سَبِيلِ اللَّهِ فَيَقْتُلُونَ وَيُقْتَلُونَ ۖ وَعْدًا عَلَيْهِ حَقًّا فِي التَّوْرَاةِ وَالْإِنجِيلِ وَالْقُرْآنِ ۚ وَمَنْ أَوْفَىٰ بِعَهْدِهِ مِنَ اللَّهِ ۚ فَاسْتَبْشِرُوا بِبَيْعِكُمُ الَّذِي بَايَعْتُم بِهِ ۚ وَذَٰلِكَ هُوَ الْفَوْزُ الْعَظِيمُ

"തീർച്ചയായും സത്യവിശ്വാസികളുടെ പക്കൽ നിന്ന് അവർക്ക് സ്വർഗം ഉണ്ടാവും എന്നതിനു പകരമായി അവരുടെ ദേഹങ്ങളും ശരീരങ്ങളും അല്ലാഹു വാങ്ങിയിരിക്കുന്നു. അവർ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നു. അങ്ങനെ അവർ കൊല്ലപ്പെടുകയും ചെയ്യുന്നു." 

ഈ ഖുർആൻ സൂക്തം അതിന്റെ അനുയായികളെ കൊലക്കും കൊള്ളിവെപ്പിനും പ്രേരിപ്പിക്കുന്നുവെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചില തീവ്ര ഹൈന്ദവ കക്ഷികളുടെ ആക്ഷേപം. എന്നാൽ ഈ സൂക്തത്തെ അതിന്റെ അവതരണ പശ്ചാത്തലത്തിൽ മനസ്സിലാക്കാൻ ഇക്കൂട്ടർ ശ്രമിച്ചില്ലെന്നതാണ് വസ്തുത. യഥാർത്ഥത്തിൽ അൻസാറുകളും മുഹാജിറുകളും ഒന്നിച്ച് കഴിയുന്ന മദീനയിലെ സമൂഹത്തെക്കുറിച്ചാണ് മുൻ അധ്യായത്തിൽ വിശദീകരിച്ചത്. മക്കയിലെ നാടും വീടും ഉപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്തവരാണ് മുഹാജിറുകൾ. മക്കയിൽ നിന്ന് വന്ന തങ്ങളുടെ സഹോദരങ്ങൾക്ക് എല്ലാവിധ സൗകര്യവും ഒത്താശയും ചെയ്തു കൊടുത്തവരാണ് മദീന നിവാസികളായ അൻസാറുകൾ അതുകൊണ്ടവർക്ക് അല്ലാഹു സ്വർഗം വാഗ്ദാനം ചെയ്തു. പിന്നീട് കപടവിശ്വാസികളെ സംബന്ധിച്ച് പരാമർശിക്കുന്ന ഖുർആൻ അവരുടെ ദുഷ്ചെയ്തികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് കഠിനമായി താക്കീത് ചെയ്യുന്നു.

മുകളിൽ പരാമർശിക്കപ്പെട്ട ഖുർആൻ സൂക്തം, കാപട്യത്തിന്റെ കളങ്കമേൽക്കാത്ത വിശ്വാസികളെ പരിചയപ്പെടുത്തുകയാണ്. അല്ലാഹുവും അവന്റെ സജ്ജനങ്ങളായ അടിമകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് അതിൽ പ്രതിപാദിക്കുന്നത്. അല്ലാഹുവിൽ വിശ്വസിക്കുന്ന ഏതൊരാളും ഇഹലോകത്ത് അവന്റെ കൽപനകൾ ശിരസാവഹിച്ചുകൊണ്ട് ജീവിക്കണമെന്ന് അത് താൽപര്യപ്പെടുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ ആത്മത്യാഗം ചെയ്യുന്നതും മരിക്കുന്നതും അയാൾ ഭയക്കരുത്. മറിച്ച് സന്തോഷത്തിലും സന്താപത്തിലും അയാൾ സർവാത്മനാ അല്ലാഹുവിനെ അനുസരിക്കേണ്ടതാണ്. മുസ്ലിംകളോട് സമരസജ്ജരാകാൻ ആഹ്വാനം ചെയ്യുകയല്ല ഇതിന്റെ ഉദ്ദേശ്യം, പ്രത്യുത അവരിൽ നിന്ന് അല്ലാഹു താൽപര്യപ്പെടുന്ന വിശ്വാസ ദാർഢ്യതയെ വിശദീകരിച്ചു കൊടുക്കുകയാണിതിൽ, തങ്ങളുടെ വിശ്വാസത്തിൽ ആത്മാർത്ഥതയും സത്യസന്ധതയും പുലർത്തുന്നവർ അതിക്രമികളോട് സമരം ചെയ്യുന്നതിനും അവരുടെ കരങ്ങളാൽ കൊല്ലപ്പെടുന്നതിലും ആശങ്കപ്പെടുകയില്ല എന്ന് ഉണർത്തുകയാണ് ഇതിലൂടെ വിശുദ്ധ ഖുർആൻ.

ന്യായത്തിന് നിരക്കാത്ത ഒന്നും ഖുർആനിന്റെ വിശദീകരണത്തിൽ കാണാൻ സാധിക്കില്ല, മാതൃരാജ്യത്തെ സംരക്ഷിക്കാൻ ജീവത്യാഗം ചെയ്യൽ നമ്മുടെ ബാധ്യതയാണെന്ന് നാം പറയാറുണ്ടല്ലോ? രാഷ്ട്രസംരക്ഷണം എന്താണ്, ആരുടെ കരങ്ങൾ കൊണ്ടാണ് നമ്മുടെ ജീവൻ ത്യജിക്കുക? രാഷ്ട്രത്തിന്റെ അകത്തു നിന്നും പുറത്തു നിന്നും കലാപമുണ്ടാക്കുന്ന രാജ്യത്തെ അക്രമിക്കുന്നവരെയാണ് നാം ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരും പൗരന്മാരുടെ മാനം കവർന്നെടുക്കുന്നവരും ഇതിൽ പെടും. നാം രാജ്യത്തോട് കൂറ് പുലർത്തുന്ന പൗരന്മാരാണെങ്കിൽ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യുന്നത് രാജ്യസ്നേഹത്തിന്റെ താൽപര്യമാണ്. ഇത് തന്നെയാണ് കൃഷ്ണൻ തന്റെ ശിഷ്യൻ അർജുനനെ ഉപദേശിച്ചതും. കൗരവരും പാണ്ഡവരും തമ്മിൽ നടന്ന മഹാഭാരത യുദ്ധത്തെ സംബന്ധിച്ച് ഭഗവത്ഗീത വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ യുദ്ധം ധർമ്മവും അധർമ്മവും തമ്മിൽ വേർതിരിക്കുന്ന യുദ്ധമാണ്, അതിനാൽ കൗരവരെ കൊലപ്പെടുത്തുക കാരണം പാണ്ഡവർക്ക് ദൈവം വിജയം വാഗ്ദാനം ചെയ്തിരിക്കുന്നു എന്നാണ് കൃഷ്ണൻ അർജുനനോട് ഉപദേശിക്കുന്നത്.

മനുവിന്റെ അനുശാസനകൾക്ക് ഹിന്ദു മതത്തിൽ വലിയ പ്രധാന്യമുണ്ട്. അദ്ദേഹം പറയുന്നത് കാണുക: ഇതരരാജാക്കന്മാരെ നിന്ദ്യരാക്കാൻ കഴിവിന്റെ പരമാവധി ശക്തി സംഭരിച്ച് രാജാവ് യുദ്ധം ചെയ്യേണ്ടതാണ്. അവർ പിന്തിരിഞ്ഞോടരുത് എന്നാൽ അവർ മരണശേഷം താമസംവിനാ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. (മനുസ്മൃതി 7: 89)

വിശുദ്ധ ഖുർആനിന്റെ ആഹ്വാനവും മനു ശാസ്ത്രിയുടെ ആഹ്വാനവും തമ്മിൽ ഇവിടെ വലിയ അന്തരം കാണാൻ സാധിക്കും. ഖുർആൻ അതിക്രമകാരികളായ ശത്രുക്കളെ നേരിടുന്നവർക്ക് സ്വർഗ്ഗം വാഗ്ദാനം ചെയ്യുമ്പോൾ മനുസ്മൃതി ഇതരരാജാക്കന്മാരെ നിന്ദിക്കാനും സാമ്രാജ്യം വികസിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് യുദ്ധം ചെയ്യുന്ന രാജാക്കന്മാർക്ക് സ്വർഗലബ്ധി വാഗ്ദാനം ചെയ്യുകയാണ്. ഇവിടെ ഭൗതികമായ ലക്ഷ്യസാക്ഷാൽക്കാരത്തിനാണ് യുദ്ധം ചെയ്യുന്നത്. എന്നാൽ ഭൂമിയിൽ നിന്ന് അധർമം തുടച്ചു നീക്കാനാണ് ഖുർആൻ യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്യുന്നത്. അധർമങ്ങൾക്ക് വിവിധ മുഖങ്ങളുണ്ട്, അക്രമം, അന്യായ അതിക്രമം, അധാർമികത എന്നിവയെല്ലാം സമാധാനത്തെയും സുരക്ഷയെയും ബാധിക്കുന്ന അധർമങ്ങളിൽ പെടുന്നതാണ്. തീവ്രഹിന്ദുത്വ വിഭാഗങ്ങൾ ഈ സൂക്തത്തിനെ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ വായിക്കുമ്പോൾ വായനക്കാർ അമ്പരന്നുപോകും. ഖുർആനിന്റെ മഹത്തം ഇടിച്ചു താഴ്ത്തുക മാത്രമാണ് ഇതിന്റെ പിറകിലുള്ള ലക്ഷ്യം എന്ന് മനസ്സിലാക്കാവുന്നതാണ്. ഇസ്ലാമിനെയും മുസ്ലിംകളെയും വികലമായി ചിത്രീകരിക്കാൻ നടത്തുന്ന ഇത്തരം ശ്രമങ്ങൾ പാഴ്ശ്രമങ്ങളാണെന്ന് മാത്രമേ പറയാൻ കഴിയൂ.


സൂക്തം ഏഴ് (അൽ അഹ്സാബ് 61)

مَّلْعُونِينَ ۖ أَيْنَمَا ثُقِفُوا أُخِذُوا وَقُتِّلُوا تَقْتِيلً

"അവർ ശപിക്കപ്പെട്ടവരായിരിക്കും. എവിടെ വെച്ച് കണ്ടുമുട്ടിയാലും അവർ പിടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും."

ഈ സൂക്തത്തിന്റെ മുമ്പും ശേഷവുമുള്ള സൂക്തങ്ങൾ ശ്രദ്ധിച്ചാൽ ഇതിന്റെ വിവക്ഷ എളുപ്പത്തിൽ ഗ്രഹിക്കാൻ സാധിക്കും. ഇതിന്റെ തൊട്ടുമുമ്പുള്ള സൂക്തം ഇതാണ്. "കപടവിശ്വാസികളും തങ്ങളുടെ ഹൃദയങ്ങളിൽ രോഗമുള്ളവരും നുണ പ്രചരിപ്പിച്ച് മദീനയിൽ കുഴപ്പം ഇളക്കിവിടുന്നവരും അതിൽ നിന്ന് വിരമിക്കാത്തപക്ഷം അവർക്ക് നേരെ നിങ്ങളെ നാം തിരിച്ചുവിടുക തന്നെ ചെയ്യും. പിന്നെ, അവർക്ക് നിങ്ങളുടെ അയൽവാസികളായി അൽപം മാത്രമേ അവിടെ കഴിയാൻ സാധിക്കൂ."

ശേഷമാണ് പറയുന്നത് "അവർ ശപിക്കപ്പെട്ടവരായിരിക്കും. എവിടെ വെച്ച് കണ്ടുമുട്ടിയാലും അവർ പിടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും എന്നത്, ഇതിന് ശേഷം പറയുന്നത് കാണുക. "മുമ്പ് കഴിഞ്ഞുപോയ സമൂഹങ്ങളുടെ കാര്യത്തിൽ അല്ലാഹു സ്വീകരിച്ച നടപടിക്രമമത്രെ ഇത്. അല്ലാഹുവിന്റെ നടപടി ക്രമത്തിൽ യാതൊരു മാറ്റവും നിങ്ങൾ കാണുകയില്ല."

ഖുർആനിലെ അൽ അഹ്സാബ് സൂറയിലെ മേൽപറയപ്പെട്ട സൂക്തങ്ങളും മറ്റു സൂക്തങ്ങളും ഹിജ്റ അഞ്ചാം വർഷത്തിൽ നടന്ന സംഭവങ്ങൾ, അൽ അഹ്സാബ് യുദ്ധം, ബനൂഖുറൈള യുദ്ധം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. മുസ്ലിംകൾ തങ്ങളുടെ അയൽക്കാരായ ജൂതന്മാരിൽ നിന്ന് ഒരിക്കലും മാപ്പർഹിക്കാത്ത രീതിയിൽ ചതിക്കപ്പെട്ടിരുന്നു. ശത്രുക്കൾ മദീനയെ ആക്രമിച്ചാൽ ഒന്നിച്ച് നേരിടാമെന്ന് മുസ്ലിംകളും ജൂതന്മാരും തമ്മിൽ ധാരണയിലെത്തിയിരുന്നു. അഹ്സാബ് യുദ്ധത്തിൽ മുസ്ലിംകൾക്കെതിരിൽ മക്കക്കാർ മാത്രമായിരുന്നില്ല അണി നിരന്നിരുന്നത്. മറിച്ച് സമീപപ്രദേശങ്ങളിലെ വിവിധ ഗോത്രങ്ങളും അവരോടൊപ്പമുണ്ടായിരുന്നു, ആത്മപ്രതിരോധത്തിനായി ശത്രുസൈന്യത്തിന് ചാടിക്കടക്കാൻ കഴിയാത്ത തരം വലിയ കിടങ്ങുകൾ കുഴിക്കേണ്ടി വന്നു മുസ്ലിംകൾക്ക്. ശത്രുപക്ഷത്തിന്റെ ആൾബലവും ആയുധബലവും അത്രയധികമുണ്ടായിരുന്നു. മുസ്ലിംകളുമായി നടത്തിയ ഉടമ്പടി പ്രകാരം മദീനയെ ശത്രുക്കളിൽ നിന്ന് രക്ഷിക്കാൻ യഹൂദികൾ മുന്നോട്ടുവന്നില്ല എന്ന് മാത്രമല്ല അവർ മുസ്ലിംകളുടെ ശത്രുക്കളുമായി സഹകരിക്കുകയാണുണ്ടായത്. എന്നാൽ അവരിൽ പലരും തങ്ങൾ വിശ്വാസികളാണ് എന്ന് പറഞ്ഞ് നടന്നിരുന്ന കപടന്മാരായിരുന്നു. എന്നാൽ അവരുടെ ഉള്ളിൽ എപ്പോഴും ഇസ്ലാമിന്റെ ശത്രുക്കളോട് വിധേയത്വം പുലർത്തുന്നവരായിരുന്നു. അല്ലാഹുവിലുള്ള ഉറച്ചവിശ്വാസവും ആത്മധൈര്യവും മാത്രമായിരുന്നു മുസ്ലിംകളുടെ കൈമുതൽ. കുപ്രചരണങ്ങളിലൂടെ മുസ്ലിം മനസ്സുകളിൽ ഭീതിയും ഭീരുത്വവും നിറച്ച് അവരിൽ നിരാശാബോധം പടർത്താൻ ലഭിക്കുന്ന ഏതവസരങ്ങളും കപടവിശ്വാസികൾ പാഴാക്കിയിരുന്നില്ല. വിവിധ മാർഗങ്ങളിലൂടെ മുസ്ലിംകൾക്ക് പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്ന ഈ വിഭാഗമാണ് "മുനാഫിഖുകൾ" എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. പതിവൃതകളായ മുസ്ലിം സ്ത്രീകൾക്കെതിരിൽ ദുരാരോപണങ്ങൾ എയ്തുവിടൽ ഇവരുടെ പ്രധാന അജണ്ടയായിരുന്നു. ഇവരെക്കുറിച്ചാണ് അവരെ നിങ്ങൾ ആത്മമിത്രങ്ങളാക്കുകയോ അയൽപക്ക ബന്ധം പുലർത്തുകയോ ചെയ്യരുത് എന്ന് വിശുദ്ധ ഖുർആൻ എടുത്ത് പറഞ്ഞത്. കാരണം മിത്രത്തിന്റെ വേഷം ധരിച്ച ശത്രു ഏറെ അപകടകാരിയാണല്ലോ?

രാജ്യത്ത് വിമതപ്രവർത്തനം നടത്തുന്നവരെ അടിച്ചൊതുക്കുന്നത് കേൾക്കുമ്പോൾ ആരും അത്ഭുതപ്പെടാറില്ല, രാജ്യവിരുദ്ധ പ്രവർത്തനത്തിന് പിടിക്കപ്പെടുന്നവരെ ആജീവനാന്തം തടവിന് ശിക്ഷിക്കുന്നതോ തൂക്കിലേറ്റുന്നതോ ആരും തെറ്റായി കാണാറില്ല. ഏതൊരു നാഗരിക സമൂഹങ്ങളിലും നടക്കുന്ന കാര്യങ്ങളാണിതൊക്കെ. പിന്നെയെന്തിനാണ് മേൽ പറയപ്പെട്ട വിശുദ്ധ ഖുർആൻ സൂക്തങ്ങൾക്കെതിരെ മാത്രം ഉറഞ്ഞുതുള്ളുന്നത്. എന്നാൽ കേവലം വിശ്വാസസംഹിതകളുടെ മാത്രം പേരല്ല ഇസ്ലാം എന്നോർക്കണം, സിവിൽ ക്രിമിനൽ നിയമങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു നിയമവ്യവസ്ഥ അതിനുണ്ട്.

മുസ്ലിംകൾ ഈ രാജ്യത്തെ പൗരന്മാരും മാതൃരാജ്യത്തെ സ്നേഹിക്കുന്നവരുമാണെന്ന് സംഘ്പരിവാരും കൂട്ടരും ഓർക്കേണ്ടതുണ്ട്. രാജ്യത്തിന്റെ വെള്ളവും വായുവും നുകർന്ന് അതിന്റെ മുഴുവൻ നന്മകളും ആസ്വദിച്ച് ജീവിക്കുമ്പോൾ അതിനെതിരിൽ ഗൂഢാലോചന നടത്തുകയും ശത്രുപാളയത്തിൽ അണിനിരക്കുകയും ചാരപ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യുന്നവർക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത്. "ദുരാർത്തനായ രാക്ഷസന്മാരെ (ശത്രുക്കൾ) ഇവിടെ നിന്ന് ആട്ടിയോടിക്കുകയും അവന് ആരാലും അഭയവും സംരക്ഷണവും ലഭിക്കരുത് അവരെല്ലാവരും മരണത്തിന്റെ വായയിൽ അകപ്പെടുത്തേണമേ" എന്ന് ദേവന്മാരോട് പ്രാർത്ഥിക്കുന്ന ശ്ലോകം അഥർവവേദത്തിൽ കാണാം (6: 32: 3) 

മറ്റൊരിടത്ത് അഥർവവേദം പറയുന്നു: അവരെയെല്ലാം കരങ്ങൾ നഷ്ടപ്പെട്ടവരാക്കണം അവരുടെ മടിപിടിച്ച കരങ്ങളുടെ കരുത്ത് നശിപ്പിക്കാനും അവരുടെ സമ്പത്ത് വീതിച്ചെടുക്കാനും ഞങ്ങൾക്ക് ശക്തി നൽകേണമേ (6: 66: 3). അഗ്നിദേവാ നിന്റെ നേരെ ഉയർത്തുന്ന അവരുടെ കരങ്ങളെ നീ പൊട്ടിക്കുകയും ഈ അസുരന്മാരെ ദഹിപ്പിച്ച് അവരെ നശിപ്പിക്കുകയും ചെയ്താലും. (7: 3: 6)

ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണിവിടെ നാം എടുത്ത് പറയുന്നത്. ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നും പഴയ നിയമപുസ്തകത്തിൽ നിന്നും തങ്ങളുടെ അനുയായികളെ കേവല ശത്രുവിനെതിരിൽ പുണ്യയുദ്ധത്തിൽ അണി ചേരാൻ പ്രേരിപ്പിച്ചു കൊണ്ടുള്ള ധാരാളം ഉദാഹരണങ്ങൾ എടുത്തുദ്ധരിക്കാൻ സാധിക്കും. എന്നാൽ തങ്ങളെ നാട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ച ആക്രമണോത്സുകരായ ആ പ്രതിയോഗികളോട് യുദ്ധം ചെയ്യാൻ മാത്രമേ ഇസ്ലാം ആഹ്വാനം ചെയ്യുന്നുള്ളൂ. മുസ്ലിംകളുടെ സമ്പത്ത് കൊള്ളയടിക്കുകയും മാനം പിച്ചിച്ചീന്തുകയും ചെയ്തവരാണവർ. അവരുടെ സാന്നിധ്യം ഭൂമിയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനും കലാപങ്ങൾ ഇളക്കിവിടാനും സമാധാന ജീവിതത്തിന് ഭംഗം വരുത്താനും മാത്രമാണ് ഉപകരിക്കുക.

(തുടർ ഭാഗം)


No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal