യുക്തിവാദികൾ ആത്മഹത്യയിൽ അഭയം തേടുന്നത് എന്തുകൊണ്ട്?
✍ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി
🏠ആമുഖം
ദൈവനിഷേധികളുടെ കൂടെപ്പിറപ്പാണോ വിഷാദരോഗം? അത് അവരെ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ടോ? പരിധികളില്ലാത്ത ആസ്വാദനങ്ങൾ അവർക്ക് ജീവിതത്തിൽ സ്ഥൈര്യമാണോ നൽകുന്നത്? അതല്ല ആത്മീയ ശൂന്യത കാരണം അതവരെ ആത്മഹത്യയിലേക്ക് നയിക്കുന്നുവോ?
മനുഷ്യജീവിതത്തിന് അർത്ഥവും ലക്ഷ്യവും നഷ്ടപ്പെടുമ്പോൾ എന്താണ് സംഭവിക്കുന്നത്? ഇത് ജീവിതം മെച്ചപ്പെടുത്തുമോ? അതല്ല ഉൽക്കണ്ഠയിലേക്കും ആധിയിലേക്കും വിഷാദത്തിലേക്കുമാണോ അവരെ തള്ളിവിടുന്നത്. ഒരു യുക്തിവാദി താൻ നേരിടുന്ന ആത്മീയ ശൂന്യതയെ എങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്?
യുക്തിവാദികൾക്കിടയിൽ സാമൂഹിക ബന്ധം നിലനിൽക്കുന്നുണ്ടോ? മരവിച്ച വികാരങ്ങളും ശിഥിലമായ ബന്ധങ്ങളും അവരെ എങ്ങനെയെല്ലാമാണ് ബാധിക്കുന്നത്? എന്തുകൊണ്ടാണ് ദൈവനിഷേധികൾക്കിടയിൽ തീരെ അഭിപ്രായ ഐക്യം നിലനിൽക്കാത്തത്. അവരുടെ ഇരു നേതാക്കൾക്ക് ഇടയിൽ പോലും ഒരു കാര്യത്തിൽ യോജിപ്പില്ലാത്തത്. (ഉദാ: രവിചന്ദ്രൻ - ജബ്ബാർ). ഭയപ്പെടുത്തപ്പെട്ട മാർജാര വ്യൂഹം എന്നാണവരുടെ അപോസ്തലനായ റിച്ചാർഡ് ഡോക്കിൻസ് അവരെ വിശേഷിപ്പിക്കുന്നത്. ഈ ചോദ്യങ്ങളുടെ ഉത്തരം അമേരിക്കൻ യുക്തി ചിന്തകൻ 'സ്റ്റാക്ക് റോഷ്'ന്റെ ലേഖനത്തിൽ നിന്ന് നമുക്ക് ലഭിക്കും.
സ്റ്റാക്സ് റോഷ് (Staks Rosch)
ദൈവനിഷേധിയായ എഴുത്തുകാരനാണെന്നാണ് തന്നെ പരിചയപ്പെടുത്തുന്നത്. ഫിലാഡെൽഫിയയിൽ താമസിക്കുന്നയാൾ, മാനവിക, ദൈവനിഷേധം, യുക്തിചിന്ത എന്നീ ആശയങ്ങളെ പ്രതിരോധിക്കുകയും ഫിലാഡെൽഫിയ ധൈഷണിക കൂട്ടായ്മയുടെ അധ്യക്ഷനുമാണ്. West Chester സർവ്വകലാശാലയിൽ നിന്നും എം.ഫിൽ നേടിയ ബ്ലോഗെഴുത്തുകാരനുമാണ്. ഇനി സ്റ്റാക്ക് റോഷ് പറയട്ടെ:
*** *** *** *** *** ***
"വിഷാദം യുക്തിവാദികൾക്കിടയിൽ വളരെ ഗുരുതരമായ ഒരു പ്രശ്നമാണ്. അത് ചിലപ്പോൾ അവരെ ആത്മഹത്യയിൽ കൊണ്ടെത്തിക്കും. ഇത് എന്റെ പല യുക്തിവാദി സുഹൃത്തുക്കളും സമ്മതിച്ചു തരാറില്ല. എന്നാൽ അതൊരു യാഥാർത്ഥ്യമാണ്."
യുക്തിവാദികൾ മതവിശ്വാസികളെക്കാൾ സന്തോഷമുള്ളവരാണെന്ന് വിശ്വസിക്കുന്ന ധാരാളം യുക്തിവാദികളെ - ഞാനും അവരിൽ ഒരാളാണ് - എനിക്കറിയാം. നാം പല രംഗത്തും അങ്ങനെയാണ്. (ദേഹേച്ഛകളിൽ മുഴുകി തോന്നിയപോലെ ജീവിക്കുന്നതിനെ കുറിച്ചാണ് ഇയാൾ ഇവിടെ ഉദ്ദേശിക്കുന്നത്). എങ്കിലും ചില പ്രധാന മേഖലകളിൽ നാം അങ്ങനെയല്ലെന്ന യഥാർത്ഥ്യം നാം അംഗീകരിക്കേണ്ടതുണ്ട്.
മതവിശ്വാസികളെക്കാൾ കൂടുതലായി യുക്തിവാദികളിൽ എന്തുകൊണ്ടാണ് ആത്മഹത്യാ പ്രവണത കൂടുതലായി കാണപ്പെടുന്നത് എന്നതിനുള്ള യുക്തിപരമായ ന്യായങ്ങൾ ഉണ്ടായേക്കാം. അതിൽ ഒന്ന് വിശ്വാസികൾ തന്നെയാണെന്നത് ശ്രദ്ധേയമാണ്. പ്രാചീന അന്ധവിശ്വാസങ്ങളിൽ രമിക്കുന്ന ഒരു സമൂഹം ആധിപത്യം പുലർത്തുന്ന ലോകത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. അത്തരം കെട്ടുകഥകൾ വിശ്വസിക്കാത്തവരെ അവർ പൈശാചികവൽക്കരിക്കുകയും പ്രയാസപ്പെടുത്തുകയും ഭ്രഷ്ട് കൽപിക്കുകയും ചെയ്യുക പതിവാണ്. ഇത്തരം പെരുമാറ്റങ്ങൾ കാരണമായി ദൈവനിഷേധികൾ, സമ്മർദ്ദത്തിലാവുകയും ഒറ്റപ്പെടുകയും അവസാനം വിഷാദ രോഗികളായി മാറുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, ദൈവം മിഥ്യയാണെന്ന് തിരിച്ചറിഞ്ഞ ഒരു യുവാവാണ് നിങ്ങളെന്ന് വിചാരിക്കുക. നിങ്ങളുടെ മത പശ്ചാത്തലത്തിൽ നിന്നും പൈതൃകമായും ലഭിച്ച എല്ലാ കാര്യങ്ങളും പറഞ്ഞുകേട്ട വിശ്വാസമാണെന്ന് നിങ്ങൾക്കിപ്പോൾ മനസ്സിലായിരിക്കുന്നു. ഞൊടിയിടയിൽ നിങ്ങളുടെ ലോകം മുഴുവനും ഒരു സൃഷ്ടാവില്ലാത്ത ലോകമായി മാറിയിരിക്കുന്നു. ജീവിതസംബന്ധിയായ ദൈവാസ്ഥിക്യപരമായ വലിയ ചോദ്യങ്ങളെ ഒറ്റക്ക് ആരുടെയും സഹായമില്ലാതെ നിങ്ങൾ നേരിടാൻ നിർബന്ധിതനായിരിക്കുന്നു.
അതിഭൗതികമായ ഒരു ദൈവത്തിന്റെ സാന്നിധ്യമില്ലാതെ, അർത്ഥവത്തായ ഒരു ജീവിതം ജീവിക്കുക എന്നാൽ എന്താണ്? മറ്റൊരു ജീവത (പരലോകം)ത്തിന് വേണ്ടിയല്ലാത്ത ജീവിതം; ജീവിതത്തിന്റെ ലക്ഷ്യം എന്താണ്?
ഈ യുവാവിന് ദൈവാസ്ഥിക്യപരമായ ചോദ്യങ്ങളെ അഭിമുഖീകരിച്ചാൽ മാത്രം മതിയാവില്ല. ഭയത്തിന്റെ - ഭീതിയുടെയും - നിഴലിൽ അതെല്ലാ കുടുംബത്തോടും കൂട്ടുകാരോടും തുറന്നു പറയുകയും വേണ്ടി വരും. അതൊക്കെ ചെയ്തത് കാരണം കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും രൂപതയിൽ നിന്നും ഭൃഷ്ട്ടും ഒറ്റപ്പെടുത്തലും നേരിട്ടിട്ടുണ്ടാവും, വിശ്വാസികളായ തന്റെ സമൂഹത്തിൽ നിന്നും ആട്ടും തുപ്പും ഏറ്റുവാങ്ങിയിരിക്കും.
ദൈവനിഷേധവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രശ്നങ്ങളെക്കുറിച്ച് ഞാൻ മുമ്പ് എഴുതിയപ്പോൾ ഒരു പറ്റം മറുപടികൾ എനിക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. അടിസ്ഥാനപരമായി പ്രശ്നങ്ങളുണ്ടെന്ന് സ്ഥിതിവിവരണ കണക്കുകൾ വെളിവാക്കിയിട്ടില്ലല്ലോയെന്ന് ചില യുക്തിവാദികൾ ചോദിച്ചു. എന്നാൽ യഥാർത്ഥത്തിൽ പ്രശ്നമുണ്ട്. തെളിവുകളും ന്യായങ്ങളും നിരത്തിക്കൊണ്ട് എനിക്ക് അത് സ്ഥാപിക്കാൻ കഴിയുമെന്ന് ഞാൻ അറിയിക്കട്ടെ. ഞാൻ മുൻ ലേഖനത്തിൽ പറഞ്ഞതുപോലെ, ശരിക്കും മരണപ്പെട്ട, ശരിക്കു പറഞ്ഞാൽ ആത്മഹത്യ ചെയ്ത സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. അതിനുശേഷം ജീവിതം അവസാനിപ്പിച്ച കൂടുതൽ യുക്തിവാദികളെ എനിക്കറിയാം. എന്നാൽ യുക്തിവാദികളിലെ ആത്മഹത്യാ നിരക്ക് മതവിശ്വാസികളിൽ നിന്ന് തുല്യമാണെങ്കിൽ പോലും ആ എണ്ണം കുറച്ചു കൊണ്ടുവരാൻ നാം ശ്രമിക്കേണ്ടതില്ലെന്ന് വരുന്നില്ല. കാരണം ആത്യന്തികമായി ഈ ഒരു ജീവിതം മാത്രമാണുള്ളത്.
എന്റെ മുൻ ലേഖനത്തോട് രഹസ്യമായും പരസ്യമായും പ്രതികരിച്ച ക്രിസ്ത്യാനികളുണ്ട്. ദൈവനിഷേധം ആത്മഹത്യയിലേക്ക് നയിക്കും തുടങ്ങിയ ആക്ഷേപങ്ങൾ തൊടുത്തുവിടുന്നതിൽ അവർ ധൃതി കാണിച്ചു. "ആത്മഹത്യാ നിരക്ക് കൂടുതൽ യുക്തിവാദികളിലാണ്. കാരണം ദൈവത്തെ കൂടാതെയുള്ള തങ്ങളുടെ ജീവിതത്തിന് യാതൊരു അർത്ഥവുമില്ലെന്ന് അവർക്കറിയാം. എന്നാൽ തങ്ങളുടെ പാപങ്ങൾ പൊറുക്കാൻ അവനെ ആശ്രയിക്കാതെ അവർ അഹങ്കരിക്കുകയാണ്. എന്നാൽ അവരുടെ അന്തരാളങ്ങളിൽ തങ്ങൾ കുറ്റവാളികളാണെന്ന ബോധ്യം അവർക്കുണ്ട്. അതിനാലവർ പാപങ്ങളോട് കൂടി എന്നെന്നേക്കുമായി ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു." അതെ, യഥാർത്ഥ വിശ്വാസികളിൽ നിന്നുണ്ടായ യഥാർത്ഥ പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നു. ക്രൈസ്തവ സ്നേഹം എന്ന് വിളിക്കപ്പെടുന്നത് ഇതിനെയാണ്! കാത്തോലിക്കാ സമൂഹത്തിൽ വെറുക്കപ്പെട്ടവനായ 'ബേൽ ഡോണോ ഹിയോ' പോലും 'കാത്തോലിക്കരുടെ സവിശേഷത' എന്ന പുസ്തകത്തിൽ ഈ വിഷയത്തിലിടപെട്ടു കൊണ്ട് പറഞ്ഞു. എന്തുകൊണ്ടാണ് ആരോഗ്യവും സൗഭാഗ്യവും ആകാശവും വിശ്വാസികളെ കാത്തിരിക്കുന്നത്. അദ്ദേഹം എന്നെ പേരെടുത്തു പറഞ്ഞു അനുസ്മരിക്കുകയുണ്ടായി. എന്റെ മുൻ ലേഖനത്തിലെ വാക്കുകൾ വളച്ചൊടിക്കുകയും അതിൽ ഇല്ലാത്തത് ഉണ്ടാക്കി പറയുകയും ചെയ്തു. കാരണം തന്റെ വിഷയത്തിന് അതിനെ അവലംബമാക്കി ഉപയോഗിക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ. അവരുടെ മറുപടികൾ പൂർണമായും ആശയക്കുഴപ്പമുണ്ടാക്കുകയാണുണ്ടായത്. എന്നാൽ നിങ്ങൾ കാര്യം വിശദീകരിക്കാൻ എന്നെ അനുവദിക്കുക. ഭൂരിപക്ഷ വിശ്വാസി സമൂഹങ്ങളിൽ നിന്ന് അവർ നേരിടുന്ന മോശമായ പെരുമാറ്റങ്ങൾ കാരണം മറ്റ് പല പാർശ്വവൽക്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങളെ പോലെ യുക്തിവാദികൾ തീർച്ചയായും ഏറ്റവും കൂടുതലായി വിഷാദരോഗികളും ആത്മഹത്യയിൽ അഭയം തേടുന്നവരുമാണ്.
മരണശേഷമുള്ള "ഭാവനാ സ്വർഗ"ത്തിൽ വിശ്വസിക്കുന്നത് കൊണ്ട് ജനങ്ങൾ സൗഭാഗ്യം നേടുന്നുവെന്നതും അങ്ങനെ അതവന് യഥാർത്ഥത്തിൽ അനുഗ്രഹമായി തീരുകയും ചെയ്യുന്നു എന്ന് ഞാൻ അംഗീകരിക്കുന്നു. എന്നാൽ അവർ യാഥാർത്ഥ്യം ഗ്രഹിക്കുമ്പോൾ തനിക്കും തനിക്കു ചുറ്റുമുള്ളവർക്കും ഏറ്റവും ശരിയായ രീതിയിലുള്ള യഥാർത്ഥ സന്തോഷം പകരാൻ സാധിക്കുന്നവരാകും, യഥാർത്ഥ ജീവിതം ആസ്വദിക്കുന്നതും മയക്കുമരുന്നുകളുടെ സ്വാധീനത്തിൽ ആനന്ദിക്കുന്നതും തമ്മിലുള്ള വ്യത്യാസം പോലെയാണിത്. അല്ലെങ്കിൽ യേശുവിന്റെ സ്വാധീനത്തിൽ പെട്ട് ആനന്ദിക്കുന്നതും പ്രപഞ്ചത്തിന്റെ അതിമഹത്തായ അതിശയങ്ങളിൽ ആശ്ചര്യപ്പെടുന്നതും ഇതുപോലെയാണ് ജീവിതം ആസ്വദിക്കുന്നതാണ് യഥാർത്ഥ സൗഭാഗ്യമെന്ന് ഞാൻ വിചാരിക്കുന്നു. ഇത് എന്റെ മാത്രം അഭിപ്രായമാണ്. ഒരു സമൂഹമെന്ന നിലയിൽ, യുക്തിവാദികൾ പരസ്പരം ഈ പ്രാപഞ്ചിക അത്ഭുതങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തണം. നമ്മുടെ ദൈനംദിന സംഘർഷങ്ങളിലും പ്രശ്നങ്ങളിലും പെട്ട് ജീവിതം പാഴായിപ്പോകാൻ സാധ്യതയുണ്ട്. "ഫേരിസ് ബ്യൂള്ളർ" പറഞ്ഞതുപോലെ: "ജീവിതം ചിലപ്പോൾ അതിദ്രുതം കടന്നുപോകും. സാവധാനം നിന്ന് നമുക്ക് ചുറ്റും കണ്ണോടിച്ചില്ലെങ്കിൽ അത് പലപ്പോഴും നമുക്ക് നഷ്ടപ്പെടുന്നതായി കാണാം."
നമുക്ക് ഒരു ജീവിതമാണുള്ളത്. മരണത്തിന് ശേഷം നമ്മെ കാത്തിരിക്കുന്ന മാസ്മരിക ലോകമോ രണ്ടാമതൊരു അവസരമോ ഇല്ല. ആകപ്പാടെയുള്ളത് ഈ ജീവിതം മാത്രം?! പാഴാക്കിക്കളയാൻ ഇല്ലാത്തവണ്ണം ചെറുതാണ് ജീവിതം. നിങ്ങളുടെ ജീവിതം മോശമാണെങ്കിൽ അത് ഏറ്റവും നല്ലതാക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് വേണ്ടിയല്ലെങ്കിൽ ആർക്ക് വേണ്ടിയാണത് തിരിച്ചുവരിക. നമുക്ക് പുറത്ത് വിശാലമായ പ്രപഞ്ചം ഉണ്ട്. മാനവിക വിജയ ശൃംഖലയിലെ ചങ്ങലകളാണ് നാം.
ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു, അഥവാ ഒരാൾ ആത്മഹത്യ ചെയ്യുമ്പോൾ വലിയ സഹതാപവും തരംഗവും പിന്തുണയും അയാളെ തേടിവരുന്നത് കാണാം. ആ പിന്തുണ, കുറച്ച് നേരത്തെ വന്നിരുന്നെങ്കിൽ നന്നായിരുന്നു. ഇത് സംഭവിക്കാൻ സാധ്യതയുണ്ട്. (അവർക്കല്ല അവർക്ക് ശേഷം വരുന്നവർക്ക്). നമ്മുടെ കുടുംബങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെ വർത്തമാന കാലത്ത് കൂടെയുണ്ടാകാൻ നമുക്ക് കഴിയണം. അവരെ കുറിച്ച് നല്ലത് പറയാൻ, അവർ ആത്മാഹുതി ചെയ്യുന്നത് വരെ കാത്തിരിക്കുന്നത് നല്ലതല്ല. ഒരാൾ പ്രശ്നത്തിലാണെന്ന് മനസ്സിലാക്കാൻ അയാൾ മരിക്കുന്നത് വരേക്ക് നാം കാത്തിരിക്കരുത്. ജനങ്ങളുടെ വർത്തമാനത്തിൽ അവരോടൊപ്പം ഉണ്ടാകാൻ നമുക്ക് കഴിയണം. ഇതാണ് യഥാർത്ഥത്തിൽ മതം സവിശേഷത പുലർത്തുന്ന രംഗങ്ങളിൽ ഒന്ന്, അവരുടെ പക്കൽ സമൂഹത്തെ സഹായിക്കാനുള്ള സംവിധാനങ്ങളുണ്ട്. ഇത് നേടിയെടുക്കാൻ യുക്തിവാദികൾക്കും സാധിക്കും. പരസ്പരം സഹായിക്കാൻ താൽപര്യമുള്ള ഒരു സമൂഹത്തെ ഉണ്ടാക്കാൻ, മതിയായ തെളിവുകളില്ലാത്ത കെട്ടുകഥകളിൽ വിശ്വസിക്കേണ്ട ആവശ്യം നമുക്കില്ല. നമുക്ക് അത് ചെയ്യാൻ സാധിക്കും.
ദൈവനിഷേധികൾ പരസ്പരം വൈരുദ്ധ്യം പുലർത്തുന്നവരാണെന്ന കാര്യം പ്രസിദ്ധരാണ്. അവർ എപ്പോഴും ഭിന്നിച്ചു കഴിയുന്നവരും ഐക്യം പുലർത്താത്തവരുമാണ്.
മൂന്ന് ദൈവനിഷേധികളെ നിങ്ങൾ ഒരു മുറിയിൽ ഒരുമിച്ചു കൂട്ടിയാൽ അൽപസമയം കഴിയുമ്പോൾ തന്നെ അവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന ഒരു അപ്രധാന വിഷയം പൊന്തിവരും! 'സൗത് പാർക്ക്' അതിലെ പരിഹാസ്യത കൊണ്ട് പ്രസിദ്ധമാണ്. കഴിഞ്ഞ ഏതാനും ചുരുങ്ങിയ വർഷങ്ങൾക്കിടെ നമ്മുടെ പ്രാദേശികവും ദേശീയവുമായ പരിപാടികളിലും കൂട്ടായ്മകളിലും നാമത് കണ്ടതാണ്.
എന്നാൽ, മതം എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുണ്ടെങ്കിൽ ജനങ്ങൾക്ക് ഒരുമിച്ചു നിൽക്കാനും അവരുടെ പ്രശ്നങ്ങളിൽ പങ്കാളികളാകാനുമുള്ള ശരിയായ സാമൂഹിക കൂട്ടായ്മയെ സൃഷ്ടിച്ചു എന്നതാണ് നമുക്ക് എല്ലാ വിഷയത്തിലും യോജിപ്പിലെത്താൻ കഴിയില്ല. യുക്തിവാദികൾക്കിടയിൽ പരസ്പരം ചെറുതും വലുതുമായ പല പ്രശ്നങ്ങളുമുണ്ടാകും, എന്ത് തന്നെയായാലും ആ "ചെറിയ മരതകക്കുന്നി"ൽ നമുക്ക് ഒന്നായി ജീവിക്കാം. നാം പരസ്പരം മറ്റുള്ളവർക്ക് വേണ്ടി ജീവിക്കണം. കാരണം നമ്മെ സഹായിക്കാൻ ഒരു അത്ഭുത ദൈവമോ ഒരു മാതൃകാ പുരുഷനോ ഇല്ല!
എന്നാൽ ഇതിന് മറ്റൊരു വശമുണ്ട്. പരസ്പരം സഹായിക്കാനുള്ള സാധ്യത മാത്രമല്ല നമുക്കുള്ളത്. പ്രത്യുത നമ്മുടെ പ്രശ്നങ്ങളിൽ പരസ്പരം സഹകരിക്കാനും സഹായം തേടാനുമുള്ള സാധ്യത കൂടി നമുക്കുണ്ട്. നമ്മുടെ ആത്മാവുകളെ ശിക്ഷിക്കുന്ന നരകമേ എന്ന് വിലപിക്കേണ്ടി വരുന്ന ഒരു മാസ്മരിക ദൈവം ഇല്ല. യഥാർത്ഥത്തിൽ നോക്കാൻ പറ്റുന്ന ഒരു ആത്മാവ് തന്നെയില്ല. ഞാൻ ഇപ്പോൾ "നരകമേ" എന്ന് പറഞ്ഞോ? ഇത് പോലും അതിന്റെ സന്ദർഭമല്ല, പക്ഷേ സാന്ദർഭികമായി പറഞ്ഞുവെന്ന് മാത്രം?!
എന്തായാലും, നാം പരസ്പരം സഹായ സഹകരണങ്ങൾ ചെയ്യണമെന്നതാണ് എന്റെ ഉദ്ദേശ്യം. ഇപ്പോൾ സഹായം തേടുകയും വേണം. അത് നമ്മുടെ ബാധ്യതയാണ്. നാം സഹായം ആവശ്യമുള്ളവരാണെന്ന് സമ്മതിക്കുന്നതിൽ ഒരു ലജ്ജയുമില്ല.
*** *** *** *** *** ***
പാവം യുക്തിവാദിയുടെ ആത്മനൊമ്പരങ്ങളാണ് നാമിവിടെ വായിച്ചത്.
മൃഗതുല്ല്യമായി ആസ്വാദനങ്ങളിലും ദേഹേഛകളിലും മുഴുകി തിമിർത്തു കഴിയുന്നതിനെയാണ് പാവം വിശ്വാസികളെക്കാൾ, ദൈവനിഷേധികളാണ് ജീവിതം ആസ്വദിക്കുന്നതെന്ന് പറയുന്നത്. എന്നാൽ മറിച്ചാണ് ശരി. യഥാർത്ഥ വിശ്വാസം കൂടാതെ ആത്മസംതൃപ്തി നേടാനുള്ള യജ്ഞം, മനോദുഃഖങ്ങളിൽ നിന്ന് ഒളിച്ചോടാൻ ലഹരി ഉപയോഗിക്കുന്നത് പോലെയാണ്. ഇവർ മാനസിക ഉല്ലാസത്തിന് അഭയം തേടുന്ന ലഹരി വസ്തുക്കൾ, സംഗീതം, അതിഭാവുകത്വം നിറഞ്ഞ സാഹിത്യങ്ങൾ, വീഡിയോകൾ, സീരിയലുകൾ, നിഷിദ്ധ ലൈംഗികത, അന്നപാനീയങ്ങൾ എന്നിവയൊന്നും ഇവർക്ക് മനസ്സമാധാനം നൽകുന്നില്ല. നിമിഷനേരത്തേക്ക് അതെല്ലാം ആഹ്ലാദം പ്രധാനം ചെയ്യുമെങ്കിലും അതിന്റെ നിമിഷ നേരത്തേക്കുള്ള ആഹ്ലാദം നഷ്ടപ്പെടുമ്പോൾ മനുഷ്യന് കൂടുതലായി നിരാശയും ദുഃഖവും ആത്മീയ ശൂന്യതയും അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് അവനെ വീണ്ടും വീണ്ടും മേൽപറഞ്ഞ ആസ്വാദനങ്ങൾ തേടാൻ പ്രേരിപ്പിക്കുകയും അവസാനം ആത്മനാശത്തിന്റെ തീരാക്കയത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുക.
ദൈവനിഷേധികൾക്കിടയിൽ കാണുന്ന വർധിത തോതിലുള്ള ആത്മഹത്യക്ക് കാരണം ദൈവവിശ്വാസികളിൽ വെച്ചു കെട്ടുന്നത്, പ്രശ്നത്തിന്റെ യഥാർത്ഥ കാരണങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള ശ്രമമായിട്ടു വേണം മനസ്സിലാക്കാൻ. മാനം കാക്കാൻ തങ്ങൾ വിശ്വാസികളുടെ അതിക്രമങ്ങളുടെ ബലിയാടാണെന്ന് വിളിച്ചു കൂവുകയാണിയാൾ. ഞങ്ങളല്ല കുഴപ്പക്കാർ നിങ്ങളാണ് പ്രശ്നമുണ്ടാക്കുന്നത്. അഥവാ ഞങ്ങൾ മർദ്ദിതരാണ് മറ്റുള്ളവർ ഞങ്ങളെ വേട്ടയാടുകയാണ്. ഈ പീഢിത പരിവേഷത്തിലൂടെ രാഷ്ട്രീയ സാമൂഹ്യരംഗത്ത് പിടിവള്ളികൾ നേടാനുള്ള ശ്രമമാണ് നടത്തുന്നത്.
ജീവിതപ്രശ്നങ്ങൾ യുക്തിവാദികളെ തളർത്തുകയും തകർക്കുകയും ചെയ്യുന്നതെന്തു കൊണ്ടാണ്? മക്കയിലെ മുസ്ലിംകൾ ഇസ്ലാമിന്റെ പ്രാരംഭ ദശയിൽ കഠിന പരീക്ഷണങ്ങൾക്ക് വിധേയമായിട്ടും തകരാതെ, തളരാതെ വിജയത്തിലെത്തിച്ചേർന്ന കഥ നമുക്കറിയാം. ചരിത്രത്തിൽ വിശ്വാസികൾ കഠിന പീഡനങ്ങൾക്കും പരീക്ഷണങ്ങൾക്കും വിധേയമായി പരലോക വിജയത്തിലും അല്ലാഹുവിന്റെ സഹായത്തിലും പ്രതീക്ഷ പുലർത്തി ജീവിതം ഹോമിക്കാതെ പിടിച്ചുനിന്ന എത്രയെത്ര സംഭവങ്ങൾ നമുക്ക് ഖുർആനിലും ചരിത്രഗ്രന്ഥങ്ങളിലും കാണാൻ സാധിക്കും. അഗ്നികുണ്ഠങ്ങളോ ചമ്മട്ടി പ്രവഹരങ്ങളോ ക്രൂശിക്കുന്നതും ഈർച്ചവാൾ പ്രയോഗങ്ങളും ജീവനോടെ വന്യമൃഗങ്ങൾക്കെറിഞ്ഞു കൊടുത്തതുമായ എത്ര സംഭവങ്ങളെയാണ് വിശ്വാസികൾ തങ്ങളുടെ ഈമാനിന്റെ പിൻബലം കൊണ്ട് ചെറുത്ത് തോൽപ്പിച്ചത്. എല്ലാ ഭൗതിക സൗകര്യങ്ങളുമുള്ള ഭൗതികത അടക്കി ഭരിക്കുന്ന വർത്തമാന കാലത്ത് യുക്തിവാദികൾക്ക് ചെറിയ ജീവിതപരീക്ഷണങ്ങൾക്ക് മുമ്പിൽ പോലും പിടിച്ചു നിൽക്കനാവാത്തത് എന്തുകൊണ്ടാണ്? ബഹിഷ്ക്കരണവും ഭ്രഷ്ടും വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടാൻ മാത്രം ഗൗരവതരമായ കാര്യമാണോ? യുക്തിവാദികളുടെ മനസ്സ് ഇത്ര ലോലമായതെന്ത് കൊണ്ടാണ്. അതിരുകളില്ലാത്ത ആസ്വാദനത്തിന്റെ മുന്തിരിച്ചാറ് മാത്രമാണോ അവർക്ക് ജീവിതം?
ഞങ്ങളുടെ പ്രശ്നത്തിന് കാരണക്കാർ നിങ്ങളാണ് എന്ന് പറയുമ്പോൾ ആത്മനിരാസമാണിവിടെ വെളിവാകുന്നത്. യുക്തിഭദ്രമല്ലാത്ത ന്യായീകരണമാണത്. സാമൂഹിക രാഷ്ട്രീയ നൈതിക പിന്തുണ ലഭിക്കാനുള്ള കേവല ന്യൂനീകരണമാണിവിടെ ദർശിക്കുന്നത്. ദൈവനിഷേധികളോടുള്ള ദൈവവിശ്വാസികളുടെ പെരുമാറ്റം അവരുടെ നിലപാടുകളുടെയും രചനകളുടെയും പ്രതികരണം മാത്രമാണ്. കേരളത്തിൽ നടക്കുന്ന വിശ്വാസികളും യുക്തിവാദികളും തമ്മിൽ നടക്കുന്ന ചർച്ചകൾ തന്നെയെടുത്താൽ, എത്ര നീചവും സംസ്കാരശൂന്യവുമായ ശൈലിയിലാണ് യുക്തിവാദികൾ വിശ്വാസികളുടെ വേദഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയും സമീപിക്കുന്നതെന്ന് കാണാൻ സാധിക്കും. എന്നാൽ വിശ്വാസി സമൂഹം ഒരിക്കലും അതേ ഭാഷയിൽ തിരിച്ചടിക്കുന്നത് നമുക്ക് കാണാൻ സാധിക്കാറില്ല.
ആസ്ഥിക്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, ജീവിതലക്ഷ്യം, വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വ്യത്യാസങ്ങൾ, പ്രപഞ്ചത്തിലെ അത്ഭുതങ്ങൾ, യുക്തിവാദികൾ നേരിടുന്ന ആത്മീയ ശൂന്യത, വിശ്വാസികൾ തമ്മിലുള്ള സാമൂഹിക ബന്ധങ്ങളും സാഹോദര്യവും സഹകരണ മനോഭാവവും എല്ലാം ഈ യുക്തിവാദിക്ക് സമ്മതിക്കേണ്ടി വരുന്നു എന്നത് എത്ര വിചിത്രമാണ്. മതത്തിൽ വ്യക്തികൾക്കിടയിൽ സഹകരണത്തിനും സഹജീവനത്തിനും കഴിയുമ്പോൾ യുക്തിവാദികൾക്കിടയിൽ അതിന് സാധിക്കാത്തത് എന്തുകൊണ്ട്? ലിംഗമാറ്റത്തെയും സ്വവർഗരതിയെയും പ്രോത്സാഹിപ്പിക്കുന്നവർ, ജീവിതത്തിന്റെ ഓരങ്ങളിൽ ആത്മഹത്യയിലഭയം തേടുന്നത് എന്തുകൊണ്ടാണ്. ഇതിനെയെല്ലാം അതിരില്ലാതെ പ്രോത്സാഹിപ്പിക്കുന്നവർ അത്തരം ഘട്ടങ്ങളിൽ രംഗം വിടുന്നതെന്തുകൊണ്ടാണ്?
അവലംബം: http://www.huffpost.com
No comments:
Post a Comment