സർവ്വമത സത്യവാദത്തിന്റെ കാണാപുറങ്ങൾ
- ഡോ. അബ്ദുർറഹ്മാൻ ആദൃശ്ശേരി
ഇപ്പോൾ പല മുസ്ലിം രാഷ്ട്രങ്ങളും ഇസ്ലാമിക സംഘടനകളും പരസ്പര സഹവർത്തിത്വം എന്ന ലേബലിൽ പ്രചരിപ്പിക്കുന്ന ആശയം ഇബ്നു അറബിയുടെ ചിന്തകളാണെന്ന് കാണാം. പൗരസ്ത്യ പാശ്ചാത്യ ദർശനങ്ങളുടെ സമന്വയം കൊണ്ടിവരർത്ഥമാക്കുന്നത്. ഇസ്ലാമിക ഭാരതീയ പേർഷ്യൻ ചിന്തകളുടെയും ക്രൈസ്തവ - യഹൂദ ചിന്തകളുടെയും സമ്മിശ്രമായ ഒരു ആദർശത്തെയാണ് ഇസ്ലാമിക ചരിത്രത്തിൽ, സർവമത സത്യവാദത്തിന്റെ ഏറ്റവും വലിയ താത്വികാചാര്യനായ ഇബ്നു അറബി, തന്റെ അദ്വൈതവാദ ചിന്തയിലധിഷ്ഠിതമായ സിദ്ധാന്തങ്ങൾ മെനഞ്ഞെടുത്തത് പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളിലും ദൈവിക സാന്നിധ്യം (തജല്ലിഇലാഹി വാദം), പ്രപഞ്ചത്തിലെ ദൈവിക നിശ്ചയം (ഇറാദഇലാഹിയ്യ) തുടങ്ങിയ സൂഫിവാദങ്ങൾ വ്യാഖ്യാനിച്ചു കൊണ്ടാണ്. ഈ പ്രപഞ്ചത്തിൽ ഒരേ ഒരു ആരാധ്യൻ മാത്രമാണുള്ളതെന്നും അതിനാൽ ആര് ഏത് വസ്തുവിനെ ആരാധിച്ചാലും അവർ യഥാർത്ഥത്തിൽ ആരാധിക്കുന്നത് അല്ലാഹുവിനെ തന്നെയാണെന്നും ഇയാൾ സിദ്ധാന്തിക്കുകയുണ്ടായി. അല്ലാഹുവിനെ മാത്രമേ നിങ്ങൾ ആരാധിക്കാവൂ എന്ന് അവൻ വിധിച്ചിരിക്കുന്നു. (അൽ ഇസ്റാഅ്: 24) എന്ന സൂക്തത്തെ അല്ലാഹുവിനെയല്ലാതെ നിങ്ങൾ ആരാധിക്കുകയില്ലെന്നാണ് തന്റെ അകംപൊരുൾ (ബാഥിനി) തഫ്സീറിൽ വ്യാഖ്യാനിച്ചിരിക്കുന്നത്. അഥവാ നിങ്ങൾ ഏത് ആരാധ്യന്മാർക്ക് ആരാധനകൾ അർപ്പിച്ചാലും നിങ്ങൾ അല്ലാഹുവിനെ തന്നെയാണ് ആരാധിക്കുന്നതെന്നർത്ഥം. ശിർക്ക് അഥവാ ബഹുദൈവാരാധന എന്ന വസ്തുതയെ തന്നെ നിരാകരിക്കുകയും സർവ്വമത സത്യവാദത്തിന് സൈദ്ധാന്തിക അടിത്തറ പാകുകയുമാണ് ഇതിലൂടെ ഇബ്നു അറബി ലക്ഷ്യം വെക്കുന്നത്.
അദ്ദേഹം പറയുന്നത് കാണുക: "ഇലാഹി വിശേഷണമായ, സൗന്ദര്യത്തോടുള്ള സ്നേഹം ഇതിൽപെടും; അല്ലാഹു സുന്ദരനും അവൻ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നവനുമാണ്" എന്നത് ഹദീസിൽ സ്ഥിരപ്പെട്ടതാണ്. സുന്ദരൻ എന്ന പ്രയോഗത്തിന്റെ താൽപര്യം നാം അവനെ ഇഷ്ടപ്പെടണമെന്നാണ്. അത് രണ്ട് വിധമാണ്. ഒന്ന്; സമ്പൂർണതയുടെ സൗന്ദര്യം. (ജമാലുൽ കമാൽ) യുക്തിഭദ്രതയോടുള്ള ഇഷ്ടമാണത്. അപ്പോൾ അവനോടുള്ള സ്നേഹം എല്ലാ വസ്തുക്കളിലും കണ്ടെത്തുവാൻ കഴിയണം. പ്രപഞ്ചത്തിലെ എല്ലാം യുക്തിഭദ്രമായ നിർമിതികളാണ് അവ യുക്തമാനായ (ഹകീം) അല്ലാഹുവിന്റെ നിർമിതികളാണ്. ഈ ഉന്നതമായ ആരാധനയുടെ അവസ്ഥയിൽ എത്തിച്ചേരാൻ കഴിയാത്തവന്, പരിമിതമായ സൗന്ദര്യബോധം മാത്രമാണുള്ളത് അഥവാ അത് ലക്ഷ്യാധിഷ്ഠിതമാണ്. "നീ അല്ലാഹുവിനെ കാണുന്നത് പോലെ ആരാധിക്കുക" എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഇതാണ്. ഈ അവസ്ഥയിൽ പരിമിതമായ ഇലാഹി സൗന്ദര്യത്തെ മാത്രമേ അവന് ഗ്രഹിക്കാൻ കഴിയൂ എന്നത് കൊണ്ടാണ് 'പോലെ' എന്ന പദംകൊണ്ട് അതിനെ പ്രകാശിപ്പിക്കാൻ കാരണം. അതിനാൽ 'പോലെ' എന്ന പദം കൊണ്ട് ഇത്തരക്കാരുടെ സ്നേഹ പ്രകടനത്തെ (ഇബാദത്ത്) പരിമിതപ്പെടുത്തി. ചിലർക്ക് ഖിബ്‌ലയെ മുൻനിർത്തി മാത്രമേ ദൈവികസ്നേഹം പ്രകടിപ്പിക്കാൻ (ആരാധനക്ക്) കഴിയൂ. അവർ അവന്റെ സൗന്ദര്യ ആസ്വാദനത്തെ ഇത്തരം ഉപാധികളിലൂടെ പ്രകാശിപ്പിക്കുന്നു. അവരെ പോലുള്ളവർക്ക് ഇലാഹി സ്നേഹത്തിന്റെ പ്രകാശനത്തിന് അത് മതി, ഓരോരുത്തരുടെയും കഴിവനുസരിച്ചാണ് അവർക്ക് നിയമങ്ങൾ അനുശാസിച്ചിട്ടുള്ളത്. ഒരാളോടും അവരുടെ കഴിവിൽ പെട്ടതല്ലാതെ, കീർത്തിക്കുകയില്ല. (അൽഫുതൂഹാതുൽ മകിയ്യ 2/345). എല്ലാറ്റിലും അല്ലാഹുവിന്റെ സ്നേഹം കണ്ടെത്തുന്നവനെയും ഖിബ്‌ലയിലേക്ക് മാത്രം തിരിഞ്ഞു പ്രാർത്ഥിക്കുന്ന പരിമിതികളില്ലാതെ എല്ലാറ്റിനെയും ആരാധിക്കുന്നവൻ അല്ലാഹുവിനെ അറിഞ്ഞ ജ്ഞാനികളിൽ (ആരിഫ്) ഉന്നതസ്ഥാനീയരാണെന്ന് സമർത്ഥിക്കുകയാണ് ഈ വരികളിലൂടെ ഇബ്നു അറബി ചെയ്യുന്നത്.
മുഴുവൻ വസ്തുക്കളെയും ആരാധിക്കാതെ, തന്റെ ആരാധന ഇലാഹിൽ മാത്രം പരിമിതപ്പെടുത്തുന്നവനും തന്റെ ആരാധനാ വിഗ്രഹങ്ങൾ, സ്തൂപങ്ങൾ, ബിംബങ്ങൾ തുടങ്ങി എല്ലാ ആരാധനാമൂർത്തികൾക്കും സമർപ്പിക്കാതെ ഖിബ്‌ലയുടെ ദിശയിലേക്ക് തിരിഞ്ഞു മാത്രം നിർവ്വഹിക്കുന്നവൻ പരിമിതിക്കകത്തുനിന്ന് ഇലാഹി സൗന്ദര്യത്തെ (ഇബാദത്ത്) നുകരുന്നവരാണ്. സ്നേഹേസ്വാദനത്തിന്റെ താഴ്ന്ന അവസ്ഥയിലുള്ളവരായാണ് അവരെ ഇബ്നു അറബി വിലയിരുത്തുന്നത്. അവർ ധിഷണയും ഗ്രാഹ്യശേഷിയും കുറഞ്ഞവരുമാണ്. ജ്ഞാനവും യാഥാർത്ഥ്യ ബോധവുമില്ലാത്ത സന്ദേഹവാദികളുമാണവർ!. എന്നാൽ തങ്ങളുടെ പരിമിതമായ യുക്തിബോധത്തിനുള്ളിൽ നിന്ന് ചിന്തിക്കുന്നവരായതു കൊണ്ട് അവരുടെ ചെയ്തികളിൽ അവർ വിട്ടുവീഴ്ചകൾക്കർഹരാണ്. ഏത് ഒരു സാധകനും അല്ലാഹുവിനെയല്ലാതെ ഒന്നിനെയും ആരാധിക്കുന്നില്ല അവൻ ഏതു രൂപത്തിലും പ്രത്യക്ഷപ്പെടും. (തജല്ലിഅൻ ഇലാഹി). ഈ യാഥാർത്ഥ്യം അറിഞ്ഞവനാണ് ആത്മജ്ഞാനി അഥവാ അൽ ആരിഫ് ബില്ലാ! ഇത് ഗ്രഹിക്കാത്ത പരിമിത ഗ്രാഹ്യശേഷിയുള്ളവർ, അജ്ഞതയുടെ തിരശ്ശീലക്കു പിന്നിൽ കഴിയുന്ന സാധാരണക്കാരനാണ്.
അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന് നിന്റെ റബ്ബ് വിധിച്ചിരിക്കുന്നു എന്ന സൂക്തത്തിന്റെ വ്യാഖ്യാനമായി അദ്ദേഹം പറയുന്നത് കാണുക: "ലോകം മുഴുവനും ഇഷ്ടജനങ്ങളും ഇഷ്ടഭാജനങ്ങളുമാണ്. അതെല്ലാം അവനിലേക്ക് എത്തുന്നതാണ്. അവനല്ലാതെ ആരും ആരാധിക്കപ്പെട്ടിട്ടില്ല. അവന് ദിവ്യത്വം കൽപിക്കാതെ ഒരാളും ഒന്നിനെയും ആരാധിച്ചിട്ടില്ല. അല്ലാത്തപക്ഷം അതൊരിക്കലും ആരാധിക്കപ്പെടുകയില്ല." (അൽഫുതൂഹാതുൽ മക്കിയ്യ 2/326). തന്റെ വാദത്തിന്റെ രത്നച്ചുരുക്കം അദ്ദേഹം മറ്റൊരിടത്ത് പറയുന്നത് ഇങ്ങനെയാണ്: നേർമാർഗത്തിൽ (സ്വിറാത്തുൽ മുസ്തഖീം) അല്ലാത്ത ഒരാളും ലോകത്തിലില്ല. (ഫുസൂസുൽ ഹികം 2/158)
ആരാധ്യർ വ്യത്യസ്തമാണെങ്കിലും ആരാധ്യൻ ഒന്നു തന്നെയാണ്. മതങ്ങൾ വ്യത്യസ്തമാണെങ്കിലും വിശ്വാസം ഒന്നു തന്നെയാണ് എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ഏത് മതമനുസരിച്ചും അഥവാ എല്ലാ മതമനുസരിച്ചും ജീവിക്കാവുന്നതാണ്. മനുഷ്യൻ തന്റെ മതവിശ്വാസം ഒന്നിൽ പരിമിതപ്പെടുത്തുന്നത് ശരിയല്ല, മറിച്ച് അവയെല്ലാം സ്വീകരിക്കുക എന്നതാണ് ശരിയായ വഴി. അതാണ് തൗഹീദിന്റെ യാഥാർത്ഥ്യം അല്ലാത്ത വഴിയാണ് ശിർക്ക്!?
ഇബ്നു അറബി പറയുന്നു: “എന്റെ മനസ്സ് എല്ലാ രൂപവും സ്വീകരിക്കുവാൻ ഒരുക്കമാണ്. മാൻപേടുകളുടെ മേച്ചിൽപുറവും പാതിരിമാരുടെ സന്യാസിമഠങ്ങളും, വിഗ്രഹാരാധനാലയങ്ങളും ത്വവാഫ് ചെയ്യുന്നവന്റെ കഅ്ബയും തൗറാത്തിന്റെ ഫലകങ്ങളും ഖുർആനിന്റെ ഏടുകളും, അത് ഉൾവഹിക്കും. സ്നേഹത്തിന്റെ വാഹനവ്യൂഹം എങ്ങോട്ടു തിരിഞ്ഞാലും അതിന്റെ മതമാണ് എന്റെ മതം. സ്നേഹമാണെന്റെ മതം, സ്നേഹമാണെന്റെ വിശ്വാസം” (തർജുമാനുൽ അശ്‌വാഖ് 43).
തന്റെ മനസ്സിന് കരണീയമായി തോന്നുന്നതാണ് ഓരോരുത്തരുടെയും വിശ്വാസം. അങ്ങനെ തോന്നുന്ന വിശ്വാസം പിൻപറ്റിയ വൻ ശരിയായ ദിശയിലാണ്, ഏക ധർമ്മത്തിൽ മാത്രം തന്റെ വിശ്വാസത്തെ പരിമിതപ്പെടുത്തുന്നവൻ ജാഗ്രതൈ. വിവേചനം കൂടാതെ സകല ധർമ്മങ്ങളും മതവിശ്വാസങ്ങളും സ്വീകരിക്കുന്നതിൽ ധാരാളം നന്മയുണ്ട്. കാരണം, അല്ലാഹുവിനെ ആരാധിക്കുക എന്നത് ഏതെങ്കിലും ഒരു മതവിശ്വാസത്തിൽ മാത്രം അധിഷ്ഠിതമല്ല എന്നാണ് ഇബ്നു അറബി സിദ്ധാന്തിക്കുന്നത്.
"നിങ്ങൾ എവിടേക്ക് തിരിഞ്ഞ് നിന്ന് പ്രാർത്ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖം ഉണ്ടായിരിക്കും." (അൽബഖറ 115) എന്ന സൂക്തം തന്റെ സർവ്വമത സത്യവാദത്തിന് തെളിവായി ഇയാൾ അവതരിപ്പിക്കുന്നത് കാണാം. എല്ലാ വിശ്വാസ ദർശനങ്ങളുടെയും സൂക്ഷ്മ തന്മാത്രകൾ മനസ്സിൽ സൂക്ഷിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. മനുഷ്യരെ രണ്ട് വിഭാഗമായി തരംതിരിച്ച് ഒരു വിഭാഗം സ്വർഗാവകാശികളും മറ്റൊരു വിഭാഗം നരകാവകാശികളുമാണെന്ന് അല്ലാഹുവിന്റെ നിശ്ചയത്തെ അദ്ദേഹം മറികടക്കുന്നത് കാണാം. നരകത്തിലെ ശിക്ഷ (അദാബ്) പീഡനം എന്ന അർത്ഥത്തിലല്ല. കുളിർമ എന്ന അർത്ഥത്തിലുള്ള ‘അദൂബ്’ എന്ന ക്രിയാധാതുവിൽ നിന്നുള്ളതാണ് നരകത്തിലെ ‘അദാബി’ന്റെ താൽപര്യമെന്നാണ് തന്റെ സമർത്ഥനം. (അൽഫുതുഹാത് 2/362).
നരകവാസികൾ നരകത്തിലെ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നവരാണ്, ശിക്ഷാകാലം കഴിഞ്ഞാൽ നരകവാസികൾക്ക് നരകാഗ്നി തണുപ്പും ശാന്തിയുമായി മാറും. മൻസൂർ അൽ ഹല്ലാജ്, ജലാലുദ്ധീൻ റൂമി, ഇബ്നുൽ ഫാരിസ്, ഇബ്നു സബ്ഈൻ, അഫീഫ് തലീംസാനി, അബുദുൽ കരീം ജീലി തുടങ്ങിയ പല സൂഫികളും ഈ വഴിയേ സഞ്ചരിച്ചവരാണ്. ലേഖന വിസ്താരം ഭയന്ന് അതിന്റെ വിശദാംശങ്ങൾ ഇവിടെ പ്രതിപാദിക്കുന്നില്ല.
പ്രവാചക ദൗത്യകാലത്ത് തന്നെ മുസ്ലിംകളെ ഇസ്ലാമിൽ നിന്ന് അടർത്തി മാറ്റുവാനുള്ള പല ശ്രമങ്ങളും നടന്നതായി കാണുവാൻ സാധിക്കും. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക. "സത്യം ബോധ്യപ്പെട്ടതിനു ശേഷം അസൂയ കാരണം സത്യവിശ്വാസം സ്വീകരിച്ചതിനു ശേഷം നിങ്ങളെ സത്യനിഷേധത്തിലേക്ക് തിരിച്ചു കൊണ്ടുപോകാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് വേദക്കാരിൽ പെട്ട പലരും കൊതിക്കുന്നുണ്ട്." (അൽബഖറ 109). ഇത്തരത്തിൽ വിശ്വാസികളെ സന്മാർഗത്തിൽ നിന്ന് വ്യതിചലിപ്പിക്കുവാനുള്ള ശ്രമങ്ങളെ കുറിച്ചുള്ള ബഹുദൈവ വിശ്വാസികളുടെ ശ്രമങ്ങളെക്കുറിച്ച് ഖുർആൻ പലയിടത്തും പ്രതിപാദിക്കുന്നത് കാണാം.
മുസ്ലിം ലോകത്ത് പാശ്ചാത്യ അധിനിവേശ ശക്തികൾ പിടിമുറുക്കിയ ശേഷമാണ് സർവ്വമത സത്യവാദ ചിന്തകൾ വ്യാപകമായി പ്രചരിച്ചത്. മുസ്ലിംകൾക്കിടയിൽ തങ്ങളുടെ ആദർശത്തെ കുറിച്ച് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുക, ഇസ്ലാമിക അധ്യാപനങ്ങളിൽ അവിശ്വാസം ജനിപ്പിക്കുക. അതിനെ സംശയത്തോടെ വീക്ഷിക്കുന്ന വിശ്വാസം നഷ്ടപ്പെട്ട തലമുറകളെ സൃഷ്ടിക്കുക എന്നതെല്ലാമാണ് ഇതിന്റെ പിന്നിലുള്ള അജണ്ടകൾ. ഇസ്ലാമിക സഹോദര്യം എന്നതിന് പകരം മാനവിക സാഹോദര്യം എന്ന ആശയം പ്രചരിക്കുന്നതോടെ ബഹുദൈവ വിശ്വാസങ്ങളെയും ദൈവനിഷേധ ചിന്തകളെയും നിരാകരിക്കാൻ കൂട്ടാക്കാത്ത പുതിയ ലിബറൽ വിശ്വാസിസമൂഹം രൂപപ്പെടുന്നതാണ്.
എല്ലാ പ്രവാചകന്മാരും ഒരേ ആദർശവുമായി അഥവാ തൗഹീദിന്റെ സംസ്ഥാപനവുമായി നിയോഗിക്കപ്പെട്ടവരാണ്. അവരുടെ നിയമവ്യവസ്ഥകളിൽ (ശരീഅത്ത്) മാത്രമാണ് വൈവിധ്യമുണ്ടായിരുന്നത്. തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നീ മൂന്ന് അടിസ്ഥാന ആശയത്തിലേക്കായിരുന്നു അവരെല്ലാം പ്രബോധനം ചെയ്തത്. ‘വ്യത്യസ്ത മാതാപിതാക്കൾക്ക് ജനിച്ച സഹോദരങ്ങളാണ് ഞങ്ങൾ പ്രവാചകന്മാർ’ എന്ന നബിവചനത്തിന്റെ വിവക്ഷ ഇതാണ്. ഇതിനെ വിശുദ്ധ ഖുർആൻ നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്റെ ആദർശം എന്നാണ് പരിചയപ്പെടുത്തുന്നത്.
യഹൂദികളും ക്രൈസ്തവരും ഇബ്രാഹീം നബിയുടെ പാത (മില്ലത്ത്) സ്വീകരിച്ചവരാണെന്ന അവകാശവാദത്തെ ഖുർആൻ നിരാകരിക്കുന്നത് കാണാം. അല്ലാഹു പറയുന്നു. ഇബ്രാഹീം, ഇസ്മായിൽ, ഇസ്ഹാഖ്, യഅ്ഖൂബ് അവരുടെ സന്താനപരമ്പരകൾ എന്നിവർ യഹൂദികളും ക്രൈസ്തവരുമാണെന്നാണോ നിങ്ങൾ പറയുന്നത്. (അൽബഖറ 140). തൗറാത്തും ഇഞ്ചീലും ഇബ്രാഹീമിന്(അ) ശേഷമാണ് അവതരിച്ചിരിക്കുന്നത് എന്നിരിക്കെ നിങ്ങൾ ഇബ്രാഹീം നബിയുടെ പേരിൽ തർക്കിക്കുന്നത് എന്തിനാണെന്നാണ് ഖുർആൻ ചോദിക്കുന്നത്. ഇബ്രാഹീം യഹൂദിയോ ക്രൈസ്തവനോ ആയിരുന്നില്ല. പ്രത്യുത ബഹുദൈവാരാധകനല്ലാത്ത, ശുദ്ധ മുസ്ലിമായിരുന്നു എന്ന് തുടർന്ന് പറയുന്നത് കാണാം.
ജൂതരും ക്രൈസ്തവരുമായാൽ സന്മാർഗത്തിലാകുമെന്ന അവരുടെ അവകാശവാദത്തെ ഖുർആൻ തള്ളിക്കളയുന്നത് കാണാം. ഇബ്രാഹീം നബിയുടെയും വംശപരമ്പരയുടെയും കലർപ്പില്ലാത്ത പാത സ്വീകരിക്കുക എന്നാണ് ഖുർആൻ ആഹ്വാനം ചെയ്യുന്നത്?
എല്ലാ പ്രവാചകന്മാരുടെ മാർഗവും ഇസ്ലാമാണെന്ന് പൊതുവായി വിവക്ഷിക്കാം, തൗറാത്തിന്റെയും ഇഞ്ചീലിന്റെയും വക്താക്കൾ അതിനെ ഭേദഗതി വരുത്തുന്നതിന് മുമ്പ് മുസ്ലിംകളായിരുന്നു. ഈസാ നബിയുടെ നിയോഗത്തോടെ അദ്ദേഹത്തിൽ വിശ്വസിച്ച യഹൂദികൾ ഇബ്രാഹീമി മാർഗത്തിലുള്ള ശരിയായ മുസ്ലിംകളാണ്. നബി(സ്വ)യുടെ നിയോഗത്തോടെ തന്റെ ആദർശത്തെ പിന്തുടർന്ന ക്രൈസ്തവരും മുസ്ലിംകൾ തന്നെ. "തീർച്ചയായും ഇബ്രാഹീമിനോട് ഏറ്റവും അടുപ്പമുള്ളവർ അദ്ദേഹത്തെ പിന്തുടർന്നവരും ഈ പ്രവാചകനും (മുഹമ്മദ് നബി) അദ്ദേഹത്തെ വിശ്വാസിച്ചവരുമാണ്" എന്ന ഖുർആൻ വചനം ഈ ആശയത്തെയാണ് സൂചിപ്പിക്കുന്നത്.
യഹൂദികളും ക്രൈസ്തവരും ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് വ്യതിചലിച്ചതിന്റെ ഉദാഹരണങ്ങൾ ഖുർആൻ നിരത്തുന്നത് കാണാം.
ഉസൈർ ദൈവപുത്രനാണെന്ന് യഹൂദികൾ പറഞ്ഞു. (അത്തൗബ 30)
മർയമിന്റെ പുത്രൻ യേശു അല്ലാഹുവാണെന്നു പറഞ്ഞ ക്രൈസ്തവർ സത്യനിഷേധികളത്രെ. (അൽമാഇദ 73)
നബി(സ)യുടെ രിസാലത്ത് അംഗീകരിക്കാതെ തന്റെ ശരീഅത്ത് അനുധാവനം ചെയ്യാതെ, തന്റെ ശരീഅത്ത് അതിന് മുമ്പുള്ളതിനെ ദുർബലപ്പെടുത്തിയിരിക്കുന്നുവെന്ന് അംഗീകരിക്കാത്ത കാലത്തോളം പൂർവ്വവേദക്കാർ വിശ്വാസികളായിത്തീരുകയില്ല.
ഇസ്ലാം അല്ലാത്തവയെ ദീനായി സ്വീകരിക്കുന്നപക്ഷം അത് അവനിൽ നിന്ന് സ്വീകരിക്കുകയില്ല. പരലോകത്ത് അവൻ പരാജിതരിൽ പെട്ടവനാണ്. (ആലുഇംറാൻ 85). സർവ്വമത സത്യവാദത്തിന്റെ പൊള്ളത്തരങ്ങൾ ഇതിൽ നിന്നും വളരെ വ്യക്തമാണ്. തൗഹീദ് മുഖമുദ്രയാക്കിയ ഇസ്ലാമും ബഹുൈദവ വീക്ഷണങ്ങൾ വെച്ചു പുലർത്തുന്ന ആദർശങ്ങളും തമ്മിൽ യോജിപ്പിക്കാനുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്തു നിന്നുണ്ടായാലും അത് ഇസ്ലാമിക പ്രമാണങ്ങൾക്ക് നിരക്കാത്തതാണ്. തോറയും ബൈബിളും ഖുർആനും ഒറ്റ പുസ്തകമായി അടിച്ചിറക്കിയും ഒരേ കാമ്പസിൽ മസ്ജിദും ചർച്ചും സിനഗോഗും നിർമ്മിച്ചും മതാന്തര സംവാദങ്ങൾ എന്ന പേരിൽ ഇതര മതവിശ്വാസികളുടെ ആചാരങ്ങൾ വാരിപ്പുണർന്നും നടത്തുന്ന സർവ്വമത സമീകരണ ശ്രമങ്ങൾ മധ്യ പൗരസ്ത്യ ദേശങ്ങളിലടക്കം കൊഴുത്തു കൊണ്ടിരിക്കുകയാണ്.
പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ പാശ്ചാത്യർ മുസ്ലിംകളെ സർവ്വമത സത്യവാദത്തിലേക്ക് നയിക്കാൻ ബാബിയ, ബഹാഇയ തുടങ്ങിയ പുതിയ മതങ്ങൾ തന്നെ സൃഷ്ടിച്ചു. ഇറാനിലെ ശീഈ വേരുകളുള്ള മൗലാനമാരെയാണ് അവർ ഇതിന് തെരഞ്ഞെടുത്തത്. സൂഫിസത്തിന്റെ മറവിൽ ഇസ്ലാമിക സമൂഹത്തിൽ സർവ്വമത സത്യവാദചിന്ത പ്രചരിപ്പിച്ച ഇബ്നു അറബി, ഹല്ലാജ്, ജലാലുദ്ദീൻ റൂമി എന്നിവരുടെ ചിന്തകളിലും കടുത്ത ശീഈ സ്വാധീനം ദർശിക്കാനാവും. കേരളത്തിൽ പുതുതായി അവതരിച്ച ശ്രീനാരായണീയ ഖുർആൻ വ്യാഖ്യാന ഗ്രന്ഥ കർത്താവും കേരളത്തിലേക്ക് ശീഈ ചിന്തകൾ ഇറക്കുമതി ചെയ്യുന്ന ഏജന്റുമാരിൽ പ്രധാനിയാണെന്ന കാര്യം നമ്മിൽ എത്ര പേർക്കറിയാം?
No comments:
Post a Comment